• Skip to Content
  • Sitemap
  • Advance Search
Farmer's Welfare

ഇന്ത്യയുടെ പയർവർഗ്ഗങ്ങളിലെ ആത്മനിർഭരത ദൗത്യം

ഉൽപ്പാദനവും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കൽ

Posted On: 11 OCT 2025 6:07PM

പ്രധാന വസ്തുതകൾ 

2025 ഒക്ടോബർ 11 ന് 11,440 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ പയർവർഗ്ഗങ്ങളിലെ ആത്മനിർഭരത ദൗത്യത്തിന് (2025–26 മുതൽ 2030–31 വരെ) പ്രധാനമന്ത്രി തുടക്കം കുറിച്ചു.

2030–31 ഓടെ പയർവർഗ്ഗങ്ങളുടെ ആഭ്യന്തര ഉത്പാദനം 350 ലക്ഷം ടണ്ണായി ഉയർത്താനും കൃഷിയിട വിസ്തൃതി 310 ലക്ഷം ഹെക്ടറായി വികസിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.

തുർ പരിപ്പ്, ഉഴുന്ന്, മസൂർ എന്നിവയുടെ 100 ശതമാനം സംഭരണവും നാല് വർഷത്തേക്ക് എംഎസ്പി നൽകി ഉറപ്പാക്കാൻ ഇത് ലക്ഷ്യമിടുന്നു

ആകെ 88 ലക്ഷം സൗജന്യ വിത്ത് കിറ്റുകളും 126 ലക്ഷം ക്വിന്റൽ സർട്ടിഫൈഡ് വിത്തുകളും കർഷകർക്ക് വിതരണം ചെയ്യും.

 സംഭരണം ഉറപ്പാക്കൽ, ഗുണനിലവാരമുള്ള വിത്ത് വിതരണം, മെച്ചപ്പെട്ട മൂല്യ ശൃംഖല പിന്തുണ എന്നിവയിലൂടെ ഏകദേശം 2 കോടി കർഷകർക്ക് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

ആമുഖം

പയർവർഗ്ഗങ്ങൾ ഒരു കാർഷിക ഉൽപ്പന്നം മാത്രമല്ല; ഇന്ത്യയുടെ പോഷകാഹാര സുരക്ഷ, മണ്ണിന്റെ ആരോഗ്യം, ഗ്രാമീണ ഉപജീവനമാർഗ്ഗം എന്നിവ ഉറപ്പാക്കുന്ന ഒരു പ്രധാന ഘടകവും കൂടിയാണ്. പയർവർഗ്ഗങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉൽ‌പാദക രാജ്യം ഉപഭോക്താവ്, ഇറക്കുമതിരാജ്യം എന്നീ നിലകളിൽ ഇന്ത്യയുടെ നയങ്ങൾ ഈ സുപ്രധാന മേഖലയിലെ ഉൽ‌പാദനക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിൽ നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. വർദ്ധിച്ചുവരുന്ന വരുമാനത്തിനൊപ്പം സന്തുലിത പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധവും വർദ്ധിക്കുന്നതിനനുസരിച്ച്, പയർവർഗ്ഗങ്ങളുടെ ആവശ്യം ക്രമാനുഗതമായി കൂടിയിട്ടുണ്ട്. ഇത് ആഭ്യന്തര ഉൽ‌പാദനം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു.

 

സാമ്പത്തിക, വ്യാപാര പ്രാധാന്യത്തിനപ്പുറം, പയർവർഗ്ഗങ്ങൾ ഒരു പ്രധാന പോഷക ഘടകമായി വർത്തിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ കണക്കനുസരിച്ച്, ഇന്ത്യൻ ഭക്ഷണക്രമത്തിലെ മൊത്തം പ്രോട്ടീൻ ഉപഭോഗത്തിന്റെ ഏകദേശം 20-25 ശതമാനം പയർവർഗങ്ങൾ സംഭാവന ചെയ്യുന്നു. എന്നിരുന്നാലും, പയർവർഗ്ഗങ്ങളുടെ പ്രതിശീർഷ ഉപഭോഗം പ്രതിദിനം ശുപാർശ ചെയ്യുന്ന 85 ഗ്രാമിൽ താഴെയാണ് എന്നതാണ് വസ്തുത. ഇത് രാജ്യത്തുടനീളം പ്രോട്ടീൻ-ഊർജ്ജ പോഷകാഹാരക്കുറവിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ പയർ വർഗ്ഗങ്ങളുടെ ആഭ്യന്തര ഉൽ‌പാദനം വർദ്ധിപ്പിക്കുക എന്നത് സാമ്പത്തിക ആവശ്യകത മാത്രമല്ല, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ്.

 

ഈ ഇരട്ട പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, പയർവർഗ്ഗ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ കേന്ദ്ര ഗവൺമെന്റ് ഊന്നൽ നൽകിയിട്ടുണ്ട്. 2025 ഒക്ടോബർ 11 ന് ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) ഒരു പ്രത്യേക കൃഷി പരിപാടി നടന്നു. അവിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൊത്തം 11,440 കോടി രൂപ ചെലവിൽ പയർവർഗ്ഗങ്ങളിലെ ആത്മനിർഭരത ദൗത്യം (ദാൽഹാൻ ആത്മനിർഭർത ദൗത്യം) ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ, പയർവർഗ്ഗ കർഷകരുമായി പ്രധാനമന്ത്രി സംവദിക്കുകയും കൃഷിയിലും അനുബന്ധ മേഖലകളിലും മൂല്യ ശൃംഖല അടിസ്ഥാനമാക്കിയുള്ള വളർച്ച പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു. പയർവർഗ്ഗങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കുക മാത്രമല്ല, സുസ്ഥിരവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു ഭാവി കെട്ടിപ്പടുക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം എടുത്തുപറഞ്ഞു.

 

പോഷക സുരക്ഷയും സ്വയംപര്യാപ്തതയും കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ ദൗത്യം. പയർവർഗ്ഗങ്ങളിലെ ആത്മനിർഭരത ദൗത്യം 2025–26 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കുകയും 2025 ഒക്ടോബർ 1 ന് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. 2025–26 മുതൽ 2030–31 വരെയുള്ള കാലയളവിൽ ഇത് നടപ്പിലാക്കും. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും പയർവർഗ്ഗങ്ങളുടെ കാര്യത്തിൽ "ആത്മനിർഭർ ഭാരത്" എന്ന ആശയത്തിന് വഴിയൊരുക്കാനും ഇത് ലക്ഷ്യമിടുന്നു.

 പശ്ചാത്തലം

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ പയർവർഗ്ഗ ഉൽ‌പാദനത്തിൽ ഗണ്യമായ പരിവർത്തനം നേടി. ദേശീയ ഭക്ഷ്യസുരക്ഷാ, പോഷകാഹാര ദൗത്യത്തിന് (NFSNM) കീഴിൽ ഗവൺമെന്റ് നടത്തിയ നിരന്തരമായ ശ്രമങ്ങൾ കാരണം ഉൽപാദന നിരക്ക് 2013-14 ലെ 192.6 ലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ 252.38 ലക്ഷം ടണ്ണായി ഉയർത്തി (3മത് മുൻകൂർ കണക്കുകൾ). ഇത് 31 ശതമാനത്തിലധികം ശ്രദ്ധേയമായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. ഈ പുരോഗതി പ്രശംസനീയമാണെങ്കിലും, ഉൽ‌പാദനം കൂടുതൽ വർദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഗണ്യമായ സാധ്യതകൾ ഇനിയും അവശേഷിക്കുന്നു. 2023-24 ൽ, ഇന്ത്യ 47.38 ലക്ഷം ടൺ പയർവർഗ്ഗങ്ങൾ ഇറക്കുമതി ചെയ്തു. അതേ സമയം 5.94 ലക്ഷം ടൺ കയറ്റുമതി ചെയ്തിട്ടുമുണ്ട്. ഇത്, ഘടനാപരമായ മെച്ചപ്പെടുത്തലിനുള്ള അവസരങ്ങൾ എടുത്തുകാണിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പയർവർഗ്ഗ ഉൽ‌പാദകരാജ്യങ്ങളിൽ ഒന്നാണെങ്കിലും, ഇന്ത്യയുടെ ആഭ്യന്തര ആവശ്യകത പൂർണ്ണമായും നിറവേറ്റുന്ന തോതിലേക്ക് ഇനിയും വളരേണ്ടതുണ്ട്. ഇത് ഇറക്കുമതിയെ ഒരു അവശ്യ അനുബന്ധമാക്കി മാറ്റുന്നു. 2023-24 ൽ പയർവർഗ്ഗ ഇറക്കുമതി 47.38 ലക്ഷം ടണ്ണിൽ എത്തിയതോടെ, പയർവർഗ്ഗ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നത് ഒരു പ്രധാന ദേശീയ ലക്ഷ്യമാക്കി അതിന് ഗവൺമെന്റ് മുൻഗണന നൽകിയിട്ടുണ്ട്. 

 

2027 ഡിസംബറോടെ ഇന്ത്യയെ പയർവർഗ്ഗങ്ങളിൽ, പ്രത്യേകിച്ച് തുർ (അർഹാർ), ഉറാദ്, മസൂർ എന്നിവകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പൂർണ്ണമായും സ്വയംപര്യാപ്തമാക്കുക എന്ന അഭിലാഷകരമായ ലക്ഷ്യമാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടുള്ളത്. ആഭ്യന്തര ഉൽ‌പാദനത്തിലൂടെ ഇന്ത്യയുടെ പയർവർഗ്ഗങ്ങളുടെ ഭാവി ആവശ്യകത പൂർണ്ണമായും നിറവേറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ മിഷൻ ഈ ദർശനത്തെ ശക്തിപ്പെടുത്തുന്നു. സുസ്ഥിര വളർച്ച, വൈവിധ്യമാർന്ന വിള രീതികൾ, ഉറപ്പായ വരുമാനം, നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കൽ, കാലാവസ്ഥമാറ്റത്തെ പ്രതിരോധിക്കുന്ന കാർഷിക രീതികൾ എന്നിവയിലൂടെ കർഷകരുടെ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന ഈ ദൗത്യം 'വിഷൻ 2047 'മായി പൊരുത്തപ്പെടുന്നു.

 

 വിവിധ സംരംഭങ്ങളിലൂടെ, ദശാബ്ദങ്ങളായി ഇന്ത്യാ ഗവൺമെന്റ് പയർവർഗ്ഗ ഉൽ‌പാദനത്തെ സ്ഥിരമായി പ്രോത്സാഹിപ്പിക്കുന്നു. 1966-ൽ അഖിലേന്ത്യാ ഏകോപിത പയർവർഗ്ഗ വികസന പദ്ധതിയിൽ നിന്ന് ആരംഭിച്ച് ഉൽ‌പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ദീർഘകാല സ്വാശ്രയത്വത്തിന് അടിത്തറ പാകുന്നതിനുമായി ഈ സംരംഭങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച ത്വരിതപ്പെടുത്തിയ പയർവർഗ്ഗ ഉൽ‌പാദന പരിപാടി (A3P) (2010–14) വരെ ഇതിൽ ഉൾപ്പെടുന്നു.

A blue and white text on a blue backgroundAI-generated content may be incorrect.

 ലക്ഷ്യം

 ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ചും, ഇറക്കുമതി ആശ്രയത്വം കുറച്ചും, കർഷകരുടെ വരുമാനം സുസ്ഥിരമായി മെച്ചപ്പെടുത്തിയും പയർവർഗ്ഗങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് പയർവർഗ്ഗങ്ങളിലെ ആത്മനിർഭരത ദൗത്യം (2025–31) ലക്ഷ്യമിടുന്നത്. നെൽകൃഷി നടത്തിയ ശേഷമുള്ള തരിശുഭൂമിയിലും മറ്റ് അനുയോജ്യമായ ഭൂമിയിലും ഇടവിള കൃഷിയും വിള വൈവിധ്യവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പയർവർഗ്ഗ കൃഷിയിട വിസ്തൃതി 35 ലക്ഷം ഹെക്ടറായി വികസിപ്പിക്കാൻ മിഷൻ പദ്ധതിയിടുന്നു. ശക്തമായ വിത്ത് വിതരണ സംവിധാനത്തിന്റെ പിന്തുണയോടെ ഉയർന്ന വിളവ് നൽകുന്ന, കീടങ്ങളെ പ്രതിരോധിക്കുന്ന, കാലാവസ്ഥമാറ്റത്തെ പ്രതിരോധിക്കുന്ന പയർവർഗ്ഗങ്ങളുടെ വികസനവും വ്യാപനവുമായിരിക്കും പ്രധാന ശ്രദ്ധ നൽകുന്ന പ്രവർത്തന മേഖല. ഇതിൽ 126 ലക്ഷം ക്വിന്റൽ സർട്ടിഫൈഡ് വിത്തുകളുടെ ഉൽപാദനവും വിതരണവും കർഷകർക്ക് 88 ലക്ഷം വിത്ത് കിറ്റുകൾ സൗജന്യമായി നൽകുന്നതും ഉൾപ്പെടുന്നു.

പയർവർഗ്ഗങ്ങളിലെ സ്വയം പര്യാപ്തതയ്ക്കുള്ള പ്രവർത്തന തന്ത്രം

ഫലപ്രദമായ നിർവഹണം ഉറപ്പാക്കാൻ, സംസ്ഥാനങ്ങൾ അഞ്ച് വർഷത്തെ വിത്ത് ഉൽപാദന പദ്ധതികൾ തയ്യാറാക്കും. ബ്രീഡർ വിത്ത് ഉത്പാദനം ഐസിഎആർ നിരീക്ഷിക്കുകയും സാഥി പോർട്ടൽ (seedtrace.gov.in) വഴി ഗുണനിലവാരം ഉറപ്പ് നൽകുകയും ചെയ്യും. മണ്ണിന്റെ ആരോഗ്യ പരിപാലനം, യന്ത്രവൽക്കരണം, സന്തുലിത വളപ്രയോഗം, സസ്യ സംരക്ഷണം, ഐസിഎആർ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ), സംസ്ഥാന കാർഷിക വകുപ്പുകൾ എന്നിവ വഴിയുള്ള പ്രദർശനങ്ങൾ എന്നിവ സംയോജിപ്പിച്ച് സമഗ്രമായ ഒരു സമീപനമാണ് മിഷൻ സ്വീകരിക്കുന്നത്. ഈ നടപടികളിലൂടെ, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം നിറവേറ്റുന്ന- പ്രതിരോധശേഷിയുള്ളതും സ്വാശ്രയവുമായ പയർവർഗ്ഗ ഉൽപാദന സംവിധാനം-ഈ ദൗത്യം വിഭാവനം ചെയ്യുന്നു.

 

സാഥി( Seed Authentication, Traceability & Holistic Inventory) പോർട്ടൽ

സാഥി ഒരു ഉപയോക്തൃ കേന്ദ്രീകൃത പോർട്ടലാണ്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററുമായി (NIC) സഹകരിച്ച് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം വിഭാവനം ചെയ്ത് സൃഷ്ടിച്ച സംരംഭമാണിത്. വിവിധ വിത്ത് തലമുറകളിലൂടെയുള്ള സമ്പൂർണ്ണ വിത്ത് ജീവിതചക്രം തിരിച്ചറിയുന്നതിനുള്ള ഒരു സമഗ്ര സമീപനമാണ് SATHI നൽകുന്നത്. വിത്ത് ഉത്പാദനം മുതൽ സർട്ടിഫിക്കേഷൻ, ലൈസൻസിംഗ്, വിത്ത് ഇൻവെന്ററി, സർട്ടിഫൈഡ് ഡീലർമാർ, വിത്ത് കർഷകർക്കുള്ള വിത്ത് വിൽപ്പന, കൂടാതെ വിത്തുകളുടെ കണ്ടെത്തൽ എന്നിവ വരെ വിത്ത് വിതരണ ശൃംഖലയിലെ എല്ലാ പ്രവർത്തനങ്ങളും ഇതിലൂടെ യന്ത്രവൽകൃതമായി നടപ്പാക്കപ്പെടുന്നു. 

 

പയർവർഗ്ഗ കൃഷിയിൽ കർഷകർക്ക് കൂടുതൽ വരുമാന സുരക്ഷയും ആത്മവിശ്വാസവും നൽകുന്നതിന്, പ്രധാന പയർവർഗ്ഗങ്ങളായ തുർ (അർഹാർ), ഉറദ്, മസൂർ എന്നിവയുടെ സംഭരണം, പ്രധാനമന്ത്രി അന്നദാത ആയ് സംരക്ഷൺ അഭിയാൻ (PM-AASHA) പ്രകാരം ഗവൺമെന്റ് ഉറപ്പാക്കും. നാഷണൽ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (NCCF) എന്നിവ അടുത്ത നാല് വർഷത്തിനുള്ളിൽ പദ്ധതിയുടെ ഭാഗമാകുന്ന സംസ്ഥാനങ്ങളിൽ നിന്നും 100 ശതമാനം സംഭരണം ഉറപ്പാക്കും. ന്യായമായ വില സമയബന്ധിതമായി ഉറപ്പുനൽകുന്നതിനും, വിപണിയിലെ അനിശ്ചിതത്വങ്ങൾ കുറയ്ക്കുന്നതിനും, ഉയർന്ന മൂല്യമുള്ള പയർവർഗ്ഗ വിളകൾ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും, അതുവഴി പയർവർഗ്ഗങ്ങളുടെ സ്വയംപര്യാപ്തത എന്ന പ്രധാന ലക്ഷ്യത്തിലേക്ക് എത്തുന്നതിനും ഈ സംവിധാനം സഹായിക്കുന്നു. ഈ സംയോജിത ശ്രമങ്ങളിലൂടെ, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകത നിറവേറ്റുന്നതും കർഷകരുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതുമായ സുസ്ഥിരവും, സമഗ്രവും സ്വയംപര്യാപ്തവുമായ പയർവർഗ്ഗ ഉൽപാദന സംവിധാനം ഈ പ്രത്യേക ദൗത്യം വിഭാവനം ചെയ്യുന്നു.

 

നഷ്ടം കുറയ്ക്കുന്നതിനും, മൂല്യവർദ്ധന മെച്ചപ്പെടുത്തുന്നതിനും, ഗ്രാമീണമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് 1,000 സംസ്കരണ & പാക്കേജിംഗ് യൂണിറ്റുകൾ സ്ഥാപിച്ച് വിളവെടുപ്പിനു ശേഷമുള്ള മൂല്യ ശൃംഖല ശക്തിപ്പെടുത്താനും മിഷൻ ശ്രമിക്കുന്നു. ഇതിന് യൂണിറ്റിന് ₹25 ലക്ഷം വരെ സബ്‌സിഡി പിന്തുണ നൽകും. വിഭവ വിനിയോഗം കാര്യക്ഷമമാക്കി സുഗമമാക്കുന്നതിനും, ഭൂമിശാസ്ത്രപരമായി വൈവിധ്യമുള്ള പ്രദേശങ്ങളിലും പയർ വർഗ്ഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, നിതി ആയോഗ് ശുപാർശ ചെയ്യുന്ന ഒരു ക്ലസ്റ്റർ അധിഷ്ഠിത സമീപനമായിരിക്കും പിന്തുടരുക. 2030–31 ആകുമ്പോഴേക്കും, പയർവർഗ്ഗ കൃഷി 310 ലക്ഷം ഹെക്ടറായി വികസിപ്പിക്കാനും, ഉൽപാദനം 350 ലക്ഷം ടണ്ണായി വർദ്ധിപ്പിക്കാനും, വിളവ് ഹെക്ടറിന് 1,130 കിലോഗ്രാം ആയി മെച്ചപ്പെടുത്താനും ഈ ദൗത്യം ലക്ഷ്യമിടുന്നു. ഈ ഉൽപാദന ലക്ഷ്യങ്ങൾക്ക് പുറമേ, ഇറക്കുമതി കുറച്ചുകൊണ്ട് വിദേശനാണ്യം ലാഭിക്കുക, കാലാവസ്ഥയ്ക്കും മണ്ണിന്റെ ആരോഗ്യത്തിനും അനുയോജ്യമായ രീതികൾ പ്രോത്സാഹിപ്പിക്കുക, ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അതുവഴി പയർവർഗ്ഗങ്ങളുടെ പോഷക സുരക്ഷയും ദീർഘകാല സ്വാശ്രയത്വവും ഉറപ്പാക്കുക എന്നിവയാണ് മിഷന്റെ ലക്ഷ്യം.

 

 പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷൺ അഭിയാൻ (PM-AASHA)

പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര എന്നിവയ്ക്ക് വില ഉറപ്പാക്കുന്നതിലൂടെ കർഷകർക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കൽ, വിളവെടുപ്പിനു ശേഷം നഷ്ടത്തിലുള്ള വിൽപ്പന കുറയ്ക്കുക, പയർവർഗ്ഗങ്ങളിലും എണ്ണക്കുരുക്കളിലും വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2018 സെപ്റ്റംബറിൽ പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷൺ അഭിയാൻ (PM-AASHA) ആരംഭിച്ചു. വില പിന്തുണാ പദ്ധതി (PSS), പ്രൈസ് ഡെഫിഷ്യൻസി പേയ്‌മെന്റ് പദ്ധതി (PDPS), വിപണി ഇടപെടൽ പദ്ധതി (MIS) എന്നിവ ഉൾപ്പെടുന്ന സംയോജിത പിഎം ആശ പദ്ധതിയുടെ തുടർച്ചയ്ക്ക് 2024 സെപ്റ്റംബറിൽ മന്ത്രിസഭ അംഗീകാരം നൽകി.

 

നിതി ആയോഗിൽ നിന്നുള്ള ശുപാർശകൾ

A group of men holding booksAI-generated content may be incorrect.

Launch of NITI Aayog Report on Aatmanirbharta in Pulses on September 4, 2025

 പ്രധാനമായും പയർവർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 885 കർഷകരിൽ നിന്നുള്ള ഉൾക്കാഴ്ചകളുടെ അടിസ്ഥാനത്തിൽ, പയർവർഗ്ഗ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ശുപാർശകൾ നിതി ആയോഗ് രൂപപ്പെടുത്തി. പയർവർഗകൃഷി തരിശുനിലങ്ങളിലേക്ക് വ്യാപിപ്പിക്കുക, ക്ലസ്റ്റർ അധിഷ്ഠിത സമീപനത്തിലൂടെ വിള രീതികളെ വൈവിധ്യവൽക്കരിക്കുക എന്നിവ ഇതിൽ പ്രധാനമായും ഉൾപ്പെടുന്നു. ആനുകൂല്യങ്ങൾ , ഉറപ്പായ വിലകൾ, ഉയർന്ന സാധ്യതയുള്ള സംസ്ഥാനങ്ങളിലെ പൈലറ്റ് പ്രോജക്ടുകൾ എന്നിവയും ഇതിന്റെ ഭാഗമായി നടപ്പാക്കും. വിത്ത് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്, മെച്ചപ്പെട്ട ഇനങ്ങളുടെ സമയോചിത ലഭ്യതയും ഉയർന്ന വിളവും ഉറപ്പാക്കാൻ ക്ലസ്റ്റർ അധിഷ്ഠിത വിത്ത് കേന്ദ്രങ്ങളുടെയും കർഷക-ഉൽപാദക സംഘടനകളുടെയും (FPO-കൾ) പിന്തുണയുള്ള "ഒരു ബ്ലോക്ക്- ഒരു വിത്ത് ഗ്രാമം" പോലുള്ള മാതൃകകൾ വഴി ഉയർന്ന നിലവാരമുള്ള വിത്ത് വിതരണവും കണ്ടെത്തലും നിതി ആയോഗ് നിർദ്ദേശിക്കുന്നു. പ്രാദേശിക സംഭരണ കേന്ദ്രങ്ങളിലൂടെയും സംസ്കരണ യൂണിറ്റുകളിലൂടെയും സംഭരണവും മൂല്യ ശൃംഖലകളും ശക്തിപ്പെടുത്തുന്നത് ഇടനിലക്കാരെ കുറയ്ക്കുകയും കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുകയും ഉപഭോക്തൃ വിലകൾ സ്ഥിരപ്പെടുത്തുകയും ചെയ്യും. പിഡിഎസ്, മിഡ്-ഡേ മീൽസ് തുടങ്ങിയ പോഷകാഹാര, ക്ഷേമ പരിപാടികളിൽ പയർവർഗ്ഗങ്ങൾ ഉൾപ്പെടുത്തുന്നത് ആവശ്യകത വർദ്ധിപ്പിക്കുകയും പോഷകാഹാരക്കുറവ് പരിഹരിക്കുകയും ചെയ്യും. പയർവർഗ്ഗ കൃഷി കൂടുതൽ പ്രതിരോധശേഷിയുള്ളതും പ്രതിഫലദായകവുമാക്കുന്നതിന്, സുസ്ഥിര ഉൽപ്പാദനക്ഷമതയ്ക്കായി യന്ത്രവൽക്കരണം, കാര്യക്ഷമമായ ജലസേചനം, ജൈവ വളങ്ങൾ എന്നിവയുടെ ഉപയോഗം റിപ്പോർട്ട് ഊന്നിപ്പറയുന്നു. കീടങ്ങളെ പ്രതിരോധിക്കുന്ന, ഹ്രസ്വകാല വളർച്ചയുള്ള, കാലാവസ്ഥാമാറ്റ-പ്രതിരോധശേഷിയുള്ള ഇനങ്ങൾക്കൊപ്പം, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും സാഥി പോർട്ടൽ വഴി ഡാറ്റാധിഷ്ഠിത നിരീക്ഷണവും പയർവർഗ്ഗ കൃഷിയെ കൂടുതൽ ഫലപ്രദമാക്കുന്നു.

 

ഉപസംഹാരം 

"പയർവർഗ്ഗങ്ങളിലെ ആത്മനിർഭരത ദൗത്യം" ഇന്ത്യയുടെ പോഷകാഹാര, സാമ്പത്തിക സുരക്ഷ കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. സ്വാശ്രയത്വത്തിന് മുൻഗണന നൽകിക്കൊണ്ട്, സുസ്ഥിരവും കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യവുമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സാങ്കേതികവിദ്യ സ്വീകരിക്കൽ, സംഭരണം ഉറപ്പാക്കൽ, ശേഷി വികസനം, ഗുണനിലവാരമുള്ള വിത്തുകൾ ലഭ്യമാക്കൽ എന്നിവയിലൂടെ ഈ മിഷൻ കർഷകരെ ശാക്തീകരിക്കുന്നു.

 

ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ, ക്ലസ്റ്റർ അധിഷ്ഠിത ഇടപെടലുകൾ, മെച്ചപ്പെടുത്തിയ മൂല്യ ശൃംഖലകൾ എന്നിവയുടെ സംയോജനത്തിലൂടെ, ആഭ്യന്തര പയർവർഗ്ഗങ്ങളുടെ ആവശ്യം നിറവേറ്റുക മാത്രമല്ല, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, സുസ്ഥിര പയർവർഗ്ഗ ഉൽപാദനത്തിൽ ഇന്ത്യയെ ആഗോള നേതൃനിരയിൽ എത്തിക്കുക എന്നിവയും മിഷൻ ലക്ഷ്യമിടുന്നു. പോഷകാഹാര പരിപാടികളിൽ പയർവർഗ്ഗങ്ങളെ ഉൾപ്പെടുത്തുക, വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഗ്രാമീണ തൊഴിൽ പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ ഭക്ഷ്യസുരക്ഷ, മണ്ണിന്റെ ആരോഗ്യം, ഗ്രാമീണ അഭിവൃദ്ധി എന്നിവയ്ക്കൊപ്പം വികസന ഭാരതം എന്ന ലക്ഷ്യത്തിലേക്കും മിഷന്റെ സ്വാധീനം വ്യാപിക്കുന്നു.

 

 ചുരുക്കത്തിൽ, കർഷകർക്കും ഉപഭോക്താക്കൾക്കും രാജ്യത്തിനാകെയും ദീർഘകാല നേട്ടങ്ങൾ ഉറപ്പാക്കുന്ന സ്വാശ്രയവും, പ്രതിരോധശേഷിയുള്ളതും, ഉൽപ്പാദനക്ഷമവുമായ പയർവർഗ്ഗ ഉത്പാദന മേഖലയ്ക്ക് മിഷൻ അടിത്തറ പാകുന്നു.

 

അവലംബം:

  • https://www.pib.gov.in/PressReleasePage.aspx?PRID=2173547
  • https://www.pib.gov.in/PressReleaseIframePage.aspx?PRID=2039209
  • https://www.pib.gov.in/PressReleasePage.aspx?PRID=2085530
  • https://static.pib.gov.in/WriteReadData/specificdocs/documents/2022/feb/doc202221616601.pdf
  • https://www.pib.gov.in/PressReleasePage.aspx?PRID=1993155
  • Click here to see pdf

    ****

    (Backgrounder ID: 155503) Visitor Counter : 9
    Provide suggestions / comments
    Link mygov.in
    National Portal Of India
    STQC Certificate