Technology
ഡിജിറ്റൽ ഇന്ത്യയിലെ സൈബർ തട്ടിപ്പുകൾ തടയൽ
Posted On:
08 OCT 2025 12:01PM
സൈബർ സുരക്ഷ നമ്മുടെ ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമായി മാറുന്ന ഒരു ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് ഞാൻ സ്വപ്നം കാണുന്നു - പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാന വസ്തുതകൾ
86%-ത്തിലധികം വീടുകളും ഇപ്പോൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഇന്ത്യയിൽ സുരക്ഷയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത സംഭവങ്ങൾ 2022-ൽ 10.29 ലക്ഷത്തിൽ നിന്ന് 2024-ൽ 22.68 ലക്ഷമായി ഉയർന്നു.
2025-2026 ലെ കേന്ദ്ര ബജറ്റിൽ സൈബർ സുരക്ഷാ പദ്ധതികൾക്കായി ₹782 കോടി വകയിരുത്തി.
സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട 9.42 ലക്ഷത്തിലധികം സിം കാർഡുകളും 2,63,348 IMEI-കളും ബ്ലോക്ക് ചെയ്‌തു.
1930 എന്ന പ്രത്യേക ഹെൽപ്പ്‌ലൈൻ ഉടനടി സൈബർ സുരക്ഷാ സഹായം വാഗ്ദാനം ചെയ്യുന്നു.
ആമുഖം
ഇന്ത്യയുടെ സൈബർസ്‌പേസ് എക്കാലത്തേക്കാളും തിരക്കേറിയിരിക്കുന്നു. എല്ലാ ദിവസവും കോടിക്കണക്കിന് ഇടപാടുകളും ഇടപെടലുകളും നടക്കുന്നു. 86%-ത്തിലധികം വീടുകളും ഇപ്പോൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കീഴിലെ ശ്രദ്ധേയമായ പുരോഗതി വ്യക്തമാക്കുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ഇടങ്ങൾ പൗരന്മാർക്ക് അവരുടെ വിരൽത്തുമ്പിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നു. അതേസമയം, ഇത് സൈബർ തട്ടിപ്പുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും സൈബർ സുരക്ഷയെ ദേശീയ പ്രാധാന്യമുള്ളതാക്കി മാറ്റുകയും ചെയ്തു.
അനധികൃത ആക്‌സസ്, ഡാറ്റ മോഷണം അല്ലെങ്കിൽ ഓൺലൈൻ തട്ടിപ്പുകൾ പോലെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തുന്ന വഞ്ചനാപരമായ പ്രവർത്തനങ്ങളെയാണ് സൈബർ തട്ടിപ്പുകളെന്ന് പറയുന്നത്. ഇവ പലപ്പോഴും ഇരകൾക്ക് സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നു.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത സംഭവങ്ങൾ 2022-ൽ 10.29 ലക്ഷത്തിൽ നിന്ന് 2024-ൽ 22.68 ലക്ഷമായി മാറി. ഈ വർദ്ധന ഇന്ത്യയിലെ ഡിജിറ്റൽ ഭീഷണികളുടെ വർദ്ധിച്ചുവരുന്ന വ്യാപ്തിയും സങ്കീർണ്ണതയും വ്യക്തമാക്കുന്നു. അതേസമയം, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലെ (NCRP) കണക്കനുസരിച്ച് 2025 ഫെബ്രുവരി 28 വരെ റിപ്പോർട്ട് ചെയ്ത സൈബർ തട്ടിപ്പുകളിലൂടെ ആകെ 36.45 ലക്ഷം രൂപ നഷ്ടമായിട്ടുണ്ട്. സാമ്പത്തിക നഷ്ടം കൂടുതൽ പ്രകടമായിരിക്കുകയാണ്. ഈ കണക്ക് വർദ്ധിച്ചുവരുന്ന വെല്ലുവിളികളിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെങ്കിലും, രാജ്യത്തെ റിപ്പോർട്ടിംഗ് സംവിധാനങ്ങളിലും വിവര ശേഖരണത്തിലുമുള്ള ഗണ്യമായ പുരോഗതിയും എടുത്തുകാണിക്കുന്നു.

സൈബർ തട്ടിപ്പ് രീതികൾ കണ്ടെത്തൽ
തട്ടിപ്പുകൾ ഒരു പ്രത്യേക രീതിയിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് വ്യത്യസ്ത രീതികൾ സ്വീകരിക്കുന്നുവെന്നും പലപ്പോഴും പുതിയ സാങ്കേതികവിദ്യകളുമായും ഉപയോക്തൃ പെരുമാറ്റവുമായും പൊരുത്തപ്പെടുന്നുവെന്നും മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്ന സൈബർ തട്ടിപ്പ് രംഗം വ്യക്തമാക്കുന്നു. ഇതിനെതിരായ നടപടികൾ കൈക്കൊള്ളാൻ ഈ രീതികൾ പിന്തുടരുന്നത് നിർണായകമാണ്. ലോകമെമ്പാടുമുള്ള ഞെട്ടിപ്പിക്കുന്ന സാമ്പത്തിക നഷ്ടങ്ങൾ തട്ടിപ്പുകാരുടെ ആഗോള വ്യാപ്തിയും തെക്കുകിഴക്കൻ ഏഷ്യയിലെ തട്ടിപ്പ് ശൃംഖലകളുമായി പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന സംഘടിത കുറ്റകൃത്യങ്ങളുടെ പങ്കാളിത്തവും വ്യക്തമാക്കുന്നു.

വളർന്നുവരുന്ന സൈബർ ഭീഷണികൾ
വിശ്വസനീയമായ ഉറവിടങ്ങളെന്ന വ്യാജേന, കുറ്റവാളികൾ പ്രവർത്തിക്കുന്ന സ്പൂഫിംഗ് പോലുള്ള രീതികൾ പല തട്ടിപ്പ് കേസുകളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതുപോലെ, നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഡീപ്പ്ഫേക്കുകളും തെറ്റിദ്ധരിപ്പിക്കുന്ന ഇമെയിലുകൾ അല്ലെങ്കിൽ സന്ദേശങ്ങൾ വഴി സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്താൻ വ്യക്തികളെ പ്രലോഭിപ്പിക്കുന്ന ഫിഷിംഗും വർദ്ധിച്ചുവരികയാണ്. ഇത് തട്ടിപ്പുകളുടെ മൊത്തത്തിലുള്ള ആഘാതം വർദ്ധിപ്പിക്കുന്നു.
അപഹരിക്കപ്പെട്ട മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്റ് രീതിയായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (UPI) തട്ടിപ്പുകാർ ലക്ഷ്യമിടുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (FRI) ആരംഭിച്ചു. ഇത് സംശയാസ്പദമായ നമ്പറുകളെ മീഡിയം, ഹൈ, അല്ലെങ്കിൽ വെരി ഹൈ-റിസ്ക് എന്നിങ്ങനെ തരംതിരിക്കുന്നു.
ഓൺലൈൻ വാതുവെപ്പ് ആപ്പുകളുടെ രൂപത്തിലും നിയമവിരുദ്ധ ഡിജിറ്റൽ സംരംഭങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. വ്യാജ ലാഭവിഹിത വാഗ്ദാനങ്ങളോടെ അവരുടെ ഓൺലൈൻ വാലറ്റിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ഇത്തരം ഗെയിമുകൾ കളിക്കാൻ ഇവ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. ഒപ്പം ഇതുവഴി ₹400 കോടിയിലധികം വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു.
ഇന്ത്യയിൽ സൈബർ തട്ടിപ്പുകൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി 2025 ഓഗസ്റ്റ് 21-ന് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ബിൽ പാസാക്കി. ഇ-സ്പോർട്‌സും സോഷ്യൽ ഓൺലൈൻ ഗെയിമുകളും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നിയമനിർമ്മാണം. അതേസമയം ഓൺലൈൻ മണി ഗെയിമിങ്ങിനും അവയുടെ പ്രൊമോഷൻ, പരസ്യങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയ്ക്ക് ഉൾപ്പെടെ പൂർണ്ണമായ നിരോധനവും ഏർപ്പെടുത്തി.
ഇന്ത്യയുടെ സൈബർ സുരക്ഷാ ചട്ടക്കൂട്
ഓൺലൈൻ സമൂഹത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ ഇന്ത്യക്കാർ ഇന്റർനെറ്റിനെ കൂടുതലായി ആശ്രയിക്കുന്നു. ബിസിനസ് ഇടപാടുകൾ, വിദ്യാഭ്യാസം, സാമ്പത്തിക കാര്യങ്ങൾ, ഗവൺമെന്റ് സേവനങ്ങൾ തുടങ്ങിയ പ്രധാന ആവശ്യങ്ങൾക്കെല്ലാം ഇന്റർനെറ്റ് ഉപയോഗിക്കുന്നു. 1,05,796-ലധികം പോലീസ് ഉദ്യോഗസ്ഥർ നിലവിൽ 'സൈട്രെയിൻ (CyTrain) പോർട്ടലിൽ' രജിസ്റ്റർ ചെയ്തിട്ടുണ്ട്. 82,704-ലധികം സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരെ സജ്ജമാക്കിയിട്ടുണ്ട്.
സൈബർ ഇടം സുരക്ഷിതമാക്കുന്ന സൈബർ നിയമങ്ങൾ
സുരക്ഷിതമായ ഡിജിറ്റൽ ഇടങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, നിർണായക നിയമനിർമാണങ്ങൾ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ സൈബർ സുരക്ഷാ ചട്ടക്കൂട് പ്രവർത്തിക്കുന്നത് :
ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 - ഇന്ത്യയുടെ സൈബർ നിയമ ചട്ടക്കൂടിന്റെ അടിത്തറയായി പ്രവർത്തിക്കുന്നു. ഐഡന്റിറ്റി മോഷണം, ആൾമാറാട്ടം, കമ്പ്യൂട്ടർ ഉറവിടങ്ങളിലൂടെ ആൾമാറാട്ടം നടത്തിയുള്ള വഞ്ചന, അശ്ലീലമോ ദോഷകരമോ ആയ ഉള്ളടക്കത്തിന്റെ പ്രചരണം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. സാമ്പത്തിക നേട്ടത്തിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാരെ വിചാരണ ചെയ്യുന്നതിലും വ്യാജ ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും തടയാൻ അധികാരികളെ പ്രാപ്തരാക്കുന്നതിലും ഈ നിയമം നിർണായകമാണ്.
ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങൾ, 2021 - സമൂഹമാധ്യമ ഇടനിലക്കാർ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ മാർക്കറ്റ്‌പ്ലേസുകൾ എന്നിവയുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നു. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ഉയർന്നുവരുന്ന ദുരുപയോഗത്തെ ഇത് അഭിസംബോധന ചെയ്യുകയും പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു.
ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, 2023: എല്ലാ വ്യക്തിഗത ഡാറ്റയും നിയമപരവും ഉപയോക്തൃ സമ്മതത്തോടെയും കൈകാര്യം ചെയ്യണമെന്ന് അനുശാസിക്കുന്നു. ഇത് ഇന്ത്യയുടെ ഡിജിറ്റൽ ഇടങ്ങളെ സുരക്ഷിതവും കൂടുതൽ ഉത്തരവാദിത്തമുള്ളതുമാക്കുന്നു. സുരക്ഷ ഉറപ്പാക്കുന്നതിന് ഡാറ്റ രക്ഷാധികാരികൾക്ക് ഈ നിയമം കർശന ചുമതലകൾ നൽകുന്നു. അതുവഴി അനധികൃത ആക്‌സസ് അല്ലെങ്കിൽ ദുരുപയോഗത്തിന്റെ അപകടസാധ്യതകൾ കുറയ്ക്കുന്നു. ഇതുവരെ, വഞ്ചനാപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 9.42 ലക്ഷത്തിലധികം സിം കാർഡുകളും 2,63,348 IMEI-കളും (ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) ബ്ലോക്ക് ചെയ്തു.

സൈബർ സംഭവങ്ങളോടുള്ള പ്രതികരണം
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങളോട് പ്രതികരിക്കുന്നതിനുള്ള ദേശീയ ഏജൻസിയാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഇത് സൈബർ ഭീഷണികൾ നിരീക്ഷിക്കുകയും ദൗർബല്യങ്ങൾ തിരിച്ചറിയുകയും ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഡാറ്റാ ലംഘനങ്ങൾ, ഫിഷിംഗ് ക്യാമ്പയ്‌നുകൾ അല്ലെങ്കിൽ മാൽവെയർ കടന്നുകയറ്റങ്ങൾ പോലുള്ള സംഭവങ്ങൾ തിരിച്ചറിയുമ്പോൾ, CERT-In അലേർട്ടുകൾ നൽകുകയും പരിഹാര നടപടികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഈ മുൻകരുതൽ സംവിധാനം അപകടസാധ്യതകൾ തടയുന്നത് ഉറപ്പാക്കുകയും ഗവൺമെന്റ്, വ്യവസായം, നിർണായക സേവന ദാതാക്കൾ എന്നിവയിലുടനീളം പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 2025 മാർച്ച് വരെ, CERT-In 109 സൈബർ സുരക്ഷാ മോക്ക് ഡ്രില്ലുകൾ നടത്തി, വിവിധ സംസ്ഥാനങ്ങളിൽ നിന്നും മേഖലകളിൽ നിന്നുമുള്ള 1,438 ഓർഗനൈസേഷനുകളെ സൈബർ സജ്ജമാക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിച്ചു.
നിർണായക അടിസ്ഥാന സൗകര്യ സംരക്ഷണം
2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 70A പ്രകാരം പ്രവർത്തിക്കുന്ന നാഷണൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെന്റർ (NCIIPC), ഇന്ത്യയിലെ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ സംരക്ഷണത്തിനുള്ള ദേശീയ നോഡൽ ഏജൻസിയാണ്. ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും നിർണായകമായ ബാങ്കിംഗ്, ടെലികോം, വൈദ്യുതി, ഗതാഗതം തുടങ്ങിയ മേഖലകളിലെ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നു. തുടർച്ചയായ നിരീക്ഷണം, അപകടസാധ്യത വിലയിരുത്തൽ, സെക്ടർ-സ്പെസിഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കൽ എന്നിവയിലൂടെ, NCIIPC പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും സുരക്ഷാ ഭീഷണികൾ കുറയ്ക്കുകയും ചെയ്യുന്നു.
നിയമ നിർവ്വഹണ ശേഷി ശക്തിപ്പെടുത്തൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ സ്ഥാപിതമായ ഇന്ത്യൻ സൈബർ കോർഡിനേഷൻ സെന്റർ (I4C), നിയമ നിർവ്വഹണ ഏജൻസികൾക്ക് (LEAs) സംഘടിതവും ഏകോപിതവുമായ രീതിയിൽ സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സമഗ്രമായ ഒരു ചട്ടക്കൂട് നൽകുന്നു. പ്രത്യേക പരിശീലന പരിപാടികൾ, ഗവേഷണം, സാങ്കേതികവിദ്യാ ഉപകരണങ്ങളുടെ വികാസം എന്നിവയിലൂടെ ശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. സാമ്പത്തിക തട്ടിപ്പുകളിലും മറ്റ് സംഘടിത സൈബർ കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർ ഉൾപ്പെടെയുള്ള സൈബർ ക്രിമിനൽ ശൃംഖലകൾക്കെതിരെ ഫലപ്രദമായ നടപടി സാധ്യമാക്കുന്നതിന് തത്സമയ വിവരങ്ങൾ പങ്കിടുന്നതിനും ഏകോപിപ്പിച്ച അന്വേഷണങ്ങൾക്കും ഇത് സൗകര്യമൊരുക്കുന്നു. ഇതുവരെ, സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3,962 സ്കൈപ്പ് ഐഡികളും 83,668 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും I4C മുൻകൂട്ടി ബ്ലോക്ക് ചെയ്തിട്ടുണ്ട്.
സൈബർ സുരക്ഷാ സംരംഭങ്ങൾ: പ്രവർത്തനത്തിലൂടെ ഭരണം
ഇന്ത്യയുടെ സൈബർ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2025 ലെ കേന്ദ്ര ബജറ്റ് സൈബർ സുരക്ഷാ പദ്ധതികൾക്കായി ₹782 കോടി അനുവദിച്ചു. ദേശീയ സുരക്ഷയ്ക്കെതിരായ സൈബർ ഭീഷണികളിൽ ഗവൺമെന്റ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നുവെന്ന് ഈ സുപ്രധാന നീക്കം എടുത്തുകാണിക്കുന്നു. സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം (CFCFRMS) വഴി, 17.82 ലക്ഷത്തിലധികം പരാതികളിൽ നിന്നായി ₹5,489 കോടിയിലധികം സുരക്ഷിതമാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു.
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ
സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ പൗരന്മാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി, ഗവൺമെന്റ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (www.cybercrime.gov.in) ആരംഭിച്ചു. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ചുള്ള കുറ്റകൃത്യങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, വിവിധ വിഭാഗങ്ങളിലുള്ള സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യാൻ ഈ പോർട്ടൽ പൗരന്മാരെ പ്രാപ്തരാക്കുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ ഇരകൾക്ക് ഉടനടി റിപ്പോർട്ട് ചെയ്യുന്നതിനും സാധ്യമാകുന്നിടത്തെല്ലാം വഞ്ചനാപരമായ ഇടപാടുകൾ തടയുന്നതിനും സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പർ 1930 അടിയന്തര സഹായം നൽകുന്നു. ഇവയെല്ലാം പൗരന്മാർക്ക് എളുപ്പത്തിൽ ലഭ്യമായതും പ്രതികരിക്കുന്നതുമായ ഒരു പരാതി പരിഹാര സംവിധാനമായി പ്രവർത്തിക്കുന്നു.
ഇന്റർ ഡിസിപ്ലിനറി സൈബർ-ഫിസിക്കൽ സിസ്റ്റംസ് സംബന്ധിച്ച ദേശീയ മിഷൻ (NM-ICPS)
സൈബർ സുരക്ഷ, നിർമിത ബുദ്ധി മുതലായവയിൽ വിപുലമായ ഗവേഷണവും നവീന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സൈബർ തട്ടിപ്പുകളെ ചെറുക്കുന്നതിൽ NM-ICPS നിർണായക പങ്ക് വഹിക്കുന്നു. ഭീഷണി കണ്ടെത്താനുള്ള ടൂളുകൾ, പ്ലാറ്റ്‌ഫോമുകൾ, രീതികൾ എന്നിവയുടെ വികാസത്തെ പിന്തുണയ്ക്കുന്നതിലൂടെ, വ്യക്തികളെയും ബിസിനസുകളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള സൈബർ തട്ടിപ്പുകൾ തിരിച്ചറിയാനും തടയാനുമുള്ള ഇന്ത്യയുടെ കഴിവിനെ ഈ മിഷൻ ശക്തിപ്പെടുത്തുന്നു. NM-ICPS-ന് കീഴിലുള്ള അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായം, ഗവൺമെന്റ് എന്നിവ തമ്മിലുള്ള സഹകരണം സാമ്പത്തിക തട്ടിപ്പുകൾ, ഫിഷിംഗ്, ഐഡന്റിറ്റി അധിഷ്ഠിത കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ ഉയർന്നുവരുന്നതും സങ്കീർണ്ണവുമായ സൈബർ ഭീഷണികൾക്കുള്ള പരിഹാരങ്ങൾ ത്വരിതപ്പെടുത്തുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയൽ (CCPWC) പദ്ധതി
കരുതൽ വേണ്ട വിഭാഗങ്ങളായ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ചുള്ള സൈബർ തട്ടിപ്പുകൾ CCPWC പദ്ധതി കൈകാര്യം ചെയ്യുന്നു. ₹132.93 കോടിയുടെ സാമ്പത്തിക പിന്തുണയോടെ, 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സൈബർ ഫോറൻസിക്-കം-ട്രെയിനിംഗ് ലബോറട്ടറികൾ ഈ പദ്ധതിയിലൂടെ സ്ഥാപിച്ചു. സൈബർ കുറ്റകൃത്യ അന്വേഷണം, ഡിജിറ്റൽ ഫോറൻസിക്സ്, പ്രതിരോധ നടപടികൾ എന്നിവയിൽ 24,600-ലധികം പേരെ ഈ ലബോറട്ടറികൾ പരിശീലിപ്പിച്ചിട്ടുണ്ട്. മെച്ചപ്പെട്ട അവബോധം, നേരത്തെയുള്ള കണ്ടെത്തൽ, ദ്രുത പ്രതികരണ ശേഷികൾ എന്നിവയിലൂടെ, CCPWC ഓൺലൈൻ തട്ടിപ്പുകൾ, വഞ്ചന, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ചൂഷണം എന്നിവ തടയുന്നതിനും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും നിയമപാലകരുടെ ശേഷി ശക്തിപ്പെടുത്തുന്നു.
സൈബർ ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ (CCMP)
സൈബർ ആക്രമണങ്ങൾക്കും സൈബർ ഭീകരതയ്ക്കും എതിരായ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിന്, എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങൾക്കും CCMP ആരംഭിച്ചു. ഏതൊരു സൈബർ പ്രതിസന്ധിയിൽ നിന്നും ഏകോപിതമായ വീണ്ടെടുക്കൽ ഉറപ്പാക്കുന്നതിനുള്ള ഒരു തന്ത്രപ്രധാനമായ ചട്ടക്കൂടായി ഈ പദ്ധതി പ്രവർത്തിക്കുന്നു. ഇതുവരെ, രാജ്യത്തുടനീളം 205 ശില്പശാലകൾ നടത്തി.
സമന്വയ പ്ലാറ്റ്‌ഫോം
കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും വിശകലനാധിഷ്ഠിത അന്തർസംസ്ഥാന ബന്ധങ്ങൾ കണ്ടെത്തി നൽകിക്കൊണ്ട് സമന്വയ പ്ലാറ്റ്‌ഫോം സൈബർ തട്ടിപ്പ് അന്വേഷണങ്ങളെ ശക്തിപ്പെടുത്തുന്നു. ഇതിലെ 'പ്രതിബിംബ്' മൊഡ്യൂൾ കുറ്റവാളികളുടെ സ്ഥലങ്ങളും ക്രൈം ഇൻഫ്രാസ്ട്രക്ചറും കണ്ടെത്തുന്നു, ഇത് ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ സഹായിക്കുന്നു. ഇതുവരെ, ഇത് 12,987 പ്രതികളെ അറസ്റ്റ് ചെയ്യാനും 1,51,984 ക്രിമിനൽ ബന്ധങ്ങൾ കണ്ടെത്താനും 70,584 സൈബർ അന്വേഷണങ്ങൾ നടത്താനും കാരണമായി, ഇത് സംഘടിത സൈബർ തട്ടിപ്പ് ശൃംഖലകൾക്കെതിരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
സഹ്യോഗ് പോർട്ടൽ
നിയമവിരുദ്ധമായ ഓൺലൈൻ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമാണ് സഹ്യോഗ് പോർട്ടൽ. ഇടനിലക്കാർക്ക് നീക്കം ചെയ്യൽ നോട്ടീസുകൾ ഓട്ടോമേറ്റഡായി നൽകികൊണ്ട് സൈബർസ്‌പെയ്‌സിൽ പ്രചരിക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്കെതിരെ വേഗത്തിലുള്ള നടപടി ഉറപ്പാക്കുന്നു. ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത ഏജൻസികളെയും ഇത് ഒരൊറ്റ ഇന്റർഫേസിലേക്ക് കൊണ്ടുവരുന്നു, അതുവഴി നിയമവിരുദ്ധമായ ഉള്ളടക്കത്തോട് സമയബന്ധിതമായും ഫലപ്രദമായും പ്രതികരിക്കാനുള്ള ഗവൺമെന്റിന്റെ ശേഷിയെ ശക്തിപ്പെടുത്തുന്നു.

സൈബർ സുരക്ഷാ പരിശീലനങ്ങൾ
സൈബർ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് ഭാരത് നാഷണൽ സൈബർ സെക്യൂരിറ്റി എക്സസൈസ് 2025 ജൂലൈ 21 മുതൽ ഓഗസ്റ്റ് 01 വരെ നടത്തി. സൈബർ സുരക്ഷാ പ്രൊഫഷണലുകൾ, റെഗുലേറ്റർമാർ, നയരൂപകർത്താക്കൾ എന്നിവരുൾപ്പെടെ 600-ലധികം പേർ ഈ പരിശീലനത്തിൽ പങ്കെടുത്തു. തത്സമയ രീതിയിൽ ഏജൻസികൾക്കിടയിലെ ഏകോപനവും തീരുമാനമെടുക്കലും പരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത ഒരു സിമുലേറ്റഡ് നാഷണൽ സൈബർ ലംഘനമായ STRATEX ആയിരുന്നു ഇതിന്റെ പ്രധാന ആകർഷണം.
ഇന്ത്യാ മൊബൈൽ കോൺഗ്രസ് 2025-ൽ സൈബർ സുരക്ഷ ശ്രദ്ധാകേന്ദ്രമാകും
9-ാമത് ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ, സൈബർ ഭീഷണികളിൽ നിന്ന് ഡിജിറ്റൽ ശൃംഖലകളെയും സാങ്കേതികവിദ്യകളെയും സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എടുത്തുകാണിക്കുന്ന പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരിക്കും സൈബർ സുരക്ഷ. "മാറ്റത്തിനായി നൂതനാശയങ്ങൾ" എന്ന പ്രമേയത്തിൽ നടക്കുന്ന IMC 2025 ഒക്ടോബർ 8–11 തീയതികളിൽ ന്യൂഡൽഹിയിലെ യശോഭൂമിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
സൈബർ സുരക്ഷാ ഉച്ചകോടി, ഭാരത് 6G സിമ്പോസിയം എന്നിവയുൾപ്പെടെ ആറ് ആഗോള ഉച്ചകോടികൾ IMC 2025-ൽ നടക്കും. അടുത്ത തലമുറ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ വളർന്നുവരുന്ന ഇന്ത്യൻ ആധിപത്യത്തെ ഇത് എടുത്തുകാണിക്കുന്നു. 6G, സൈബർ സുരക്ഷ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്, AI, IoT, ടെലികോം നിർമ്മാണം എന്നിവയാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ.
1.5 ലക്ഷത്തിലധികം സന്ദർശകർ, 7,000+ അന്താരാഷ്ട്ര പ്രതിനിധികൾ, 400+ പ്രദർശകർ, 1,600-ലധികം ആധുനിക പ്രാവർത്തിക പരിഹാരങ്ങൾ എന്നിവ ഈ പരിപാടിയുടെ
ഭാഗമാകും. 100+ സെഷനുകളും 800+ പ്രഭാഷകരുമുള്ള IMC 2025, ആഗോള സഹകരണത്തിനും നവീന ആശയങ്ങൾക്കുമുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും.
1.2 ബില്യൺ മൊബൈൽ ഉപയോക്താക്കളും 970 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളുമുള്ള ഇന്ത്യ അതിന്റെ ദ്രുതഗതിയിലുള്ള 5G കവറേജ് ആഘോഷിക്കുമ്പോൾ, സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും വിപുലീകരിക്കാവുന്നതുമായ ഡിജിറ്റൽ ആവാസവ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വിശ്വസനീയവും പരിവർത്തനാത്മകവുമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തിനുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.
മുന്നോട്ടുള്ള പാത: സൈബർ അവബോധം
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പൊതുജനാവബോധം ശക്തിപ്പെടുത്തുന്നതിന്, ഗവൺമെന്റ് ഒരു ബഹു-പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അവബോധ മാർഗം സ്വീകരിച്ചു.

സൈബർ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി റേഡിയോ, പത്രങ്ങൾ, മെട്രോ അറിയിപ്പുകൾ എന്നിവയിലൂടെ പൗരകേന്ദ്രീകൃത പ്രചാരണ പരിപാടികൾ ഗവൺമെന്റ് ആരംഭിച്ചു.
സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ച് ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനായി CERT-In നാഷണൽ സൈബർ കോർഡിനേഷൻ സെന്റർ (NCCC) സ്ഥാപിച്ചു.
MyGov പ്ലാറ്റ്‌ഫോമിലൂടെ പൊതുജനങ്ങൾക്കായി സൈബർ സുരക്ഷയും സുരക്ഷാ അവബോധ വാരങ്ങളും സംഘടിപ്പിച്ചു
സൈബർ സുരക്ഷയെ കുറിച്ച് ബോധവാന്മാരാക്കാനായി കൗമാരക്കാർക്കും വിദ്യാർത്ഥികൾക്കുമായി ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സൈബർ അവബോധവും സുരക്ഷിത രീതികളുടെ പ്രചാരണവും.
ഉപസംഹാരം
ഡിജിറ്റൽ പരിവർത്തനത്തിന്റെയും സൈബർ ഭീഷണികളുടെയും ഒരു വഴിത്തിരിവിലാണ് ഇന്ത്യ, അത് പുരോഗതിയുടെ ഇരുമ്പ് തൂണും സൈബർ തട്ടിപ്പുകാർക്ക് ഒരു കാന്തവുമായി മാറിയിരിക്കുന്നു. ഡിജിറ്റൽ ഇന്ത്യയുടെ ലക്ഷ്യം തിരിച്ചറിഞ്ഞ്, ഗവൺമെന്റിന്റെ ബഹുതല സൈബർ റെസ്പോൺസ് ടീം തട്ടിപ്പുകൾ തടയുന്നത് സുഗമമാക്കുകയും ആയിരക്കണക്കിന് തട്ടിപ്പുപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അഡ്വാൻസ്ഡ് ഫോറൻസിക്സ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, തദ്ദേശീയ ടൂളുകൾ എന്നിവ ദേശീയ സൈബർ പ്രതിരോധശേഷി ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇന്ത്യയുടെ സൈബർ ഇടം സുരക്ഷിതമാക്കുക എന്നത് ഒരു പൊതു ഉത്തരവാദിത്തമാണ്, സൈബർ തട്ടിപ്പുകൾക്കെതിരായ ഈ പോരാട്ടത്തിൽ ഗവൺമെന്റും പൗരന്മാരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
References
Ministry of Statistics & Programme Implementation
Ministry of Electronics & IT
Ministry of Home Affairs
Ministry of Communications
Ministry of Women and Child Development
PIB Backgrounders
World Economic Forum
National Security Council Secretariat
Enforcement Directorate (ED) Annual Reports 2024-2025
India Budget
National Mission on Interdisciplinary Cyber-Physical Systems (NM-ICPS)
Indian Cybercrime Coordination Centre (I4C)
Open Government Data Platform (OGD) India
Click here to see pdf
***
(Backgrounder ID: 155408)
Visitor Counter : 35
Provide suggestions / comments