• Sitemap
  • Advance Search
Farmer's Welfare

PKVY: ഇന്ത്യയിൽ ജൈവകൃഷി പരിപോഷിപ്പിക്കൽ

ജൈവകൃഷി പരിപോഷിപ്പിക്കൽ, കർഷകരെ ശാക്തീകരിക്കൽ, ഗ്രാമീണ ഇന്ത്യയെ ശക്തിപ്പെടുത്തൽ

Posted On: 06 OCT 2025 6:43PM

പ്രധാന കാര്യങ്ങൾ

30.01.2025 വരെ, PKVY (2015–25) പ്രകാരം ₹2,265.86 കോടി അനുവദിച്ചു.

2024–25 സാമ്പത്തിക വർഷത്തിൽ RKVY പ്രകാരം PKVY-യ്ക്ക് ₹205.46 കോടി അനുവദിച്ചു.

ഏകദേശം 15 ലക്ഷം ഹെക്ടർ സ്ഥലത്ത് ജൈവകൃഷി; 52,289 ക്ലസ്റ്ററുകൾ രൂപീകരിച്ചു; 25.30 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു (2025 ഫെബ്രുവരി വരെ).

2024 ഡിസംബർ വരെ ജൈവിക് ഖേതി പോർട്ടലിൽ 6.23 ലക്ഷം കർഷകർ, 19,016 പ്രാദേശിക ഗ്രൂപ്പുകൾ, 89 വിതരണക്കാർ, 8,676 ഉപഭോക്താക്കൾ എന്നിവർ രജിസ്റ്റർ ചെയ്തു.

ആമുഖം

പരമ്പരാഗത അറിവുകളിൽ നിന്നും സുസ്ഥിരമായ രീതികളിൽ നിന്നുമാണ് ഇന്ത്യൻ കാർഷികവൃത്തി എപ്പോഴും ശക്തി നേടിയിട്ടുള്ളത്. എങ്കിലും ഇൻപുട്ട്-ഇന്റൻസീവ് കൃഷിയുടെ ദ്രുതഗതിയിലുള്ള വളർച്ചയോടെ, മണ്ണിന്റെ ശോഷണം, ജലത്തിന്റെ ഗുണനിലവാരം, ഭക്ഷ്യസുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ രൂക്ഷമായിരിക്കുന്നു. കർഷകരുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, സുസ്ഥിര കൃഷിക്കായുള്ള ദേശീയ ദൗത്യത്തിന് കീഴിൽ, 2015 ൽ ഇന്ത്യാ ഗവൺമെന്റ് പരമ്പരാഗത് കൃഷി വികാസ് യോജന (PKVY) ആരംഭിച്ചു.

കഴിഞ്ഞ ദശകത്തോടെ PKVY ഇന്ത്യൻ ജൈവകൃഷി പ്രസ്ഥാനത്തിന്റെ ആണിക്കല്ലായി മാറി. ഇത് പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കാനും ഓർ​ഗാനിക് സർട്ടിഫിക്കേഷൻ ‌ലഭിക്കാനും സുസ്ഥിര ഉൽപ്പാദനത്തിന് പ്രതിഫലം നൽകുന്ന വിപണികളുമായി ബന്ധിപ്പിക്കാനുമുള്ള ഒരു സംഘടിത വേദി കർഷകർക്ക് നൽകി. ക്ലസ്റ്റർ അധിഷ്ഠിത സംരംഭമായി ആരംഭിച്ചത് ഇപ്പോൾ പരിശീലനം, സർട്ടിഫിക്കേഷൻ, വിപണി വികസനം എന്നിവയ്ക്കായുള്ള ഒരു സംവിധാനമായി മാറി. ഇത് സുസ്ഥിര കൃഷിക്കായുള്ള ഇന്ത്യയുടെ ദീർഘകാല കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്നു.

അടിത്തറ കെട്ടിപ്പടുക്കൽ: ക്ലസ്റ്റർ അധിഷ്ഠിത ജൈവകൃഷി

PKVY യുടെ കാതൽ ക്ലസ്റ്റർ സമീപനമാണ്. ജൈവകൃഷി രീതികൾ കൂട്ടായി സ്വീകരിക്കുന്നതിനായി കർഷകരെ 20 ഹെക്ടർ വീതമുള്ള ഗ്രൂപ്പുകളായി ഒരുമിപ്പിക്കുന്നു. ഈ മാതൃക ഏകീകൃത മാനദണ്ഡങ്ങൾ ഉറപ്പാക്കുക മാത്രമല്ല, വിഭവങ്ങളുടെ പങ്കിടൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.

തുടക്കം മുതൽ തന്നെ സംസ്ഥാനങ്ങളിലുടനീളം ആയിരക്കണക്കിന് ഇത്തരം ക്ലസ്റ്ററുകൾ രൂപീകരിച്ചിട്ടുണ്ട്, ഇത് രാസകീടനാശിനികൾ, രാസവളങ്ങൾ, കളനാശിനികൾ ഉൾപ്പെടെയുള്ളവയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ജൈവ പരിഷ്കാരങ്ങളിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താനും വൈവിധ്യമാർന്ന കൃഷി സമ്പ്രദായങ്ങൾ സ്വീകരിക്കാനും കർഷകരെ സഹായിക്കുന്നു. പരിശീലനവും ശേഷി വർദ്ധിപ്പിക്കൽ സെഷനുകളും ഈ പ്രക്രിയയുടെ കേന്ദ്രബിന്ദുവാണ്. ജൈവകൃഷിയിലേക്കുള്ള മാറ്റത്തിനായി പ്രായോഗിക കഴിവുകളും ആത്മവിശ്വാസവും പകർന്ന് കർഷകരെ സജ്ജമാക്കുന്നു.

കുറഞ്ഞ ചെലവിലുള്ളതും രാസവസ്തുക്കളില്ലാത്തതുമായ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച്, കർഷക കൂട്ടായ്‌മകളുമായി ചേർന്ന് ഭക്ഷ്യ സുരക്ഷ, വരുമാന ഉൽപ്പാദനം, പരിസ്ഥിതി സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്ന പരിസ്ഥിതി സൗഹൃദമായ ഒരു കാർഷിക മാതൃക മുന്നോട്ട് കൊണ്ടുപോകാൻ PKVY ലക്ഷ്യമിടുന്നു. 

മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന പരിസ്ഥിതി സൗഹൃദ കൃഷി പ്രോത്സാഹിപ്പിക്കുക.

രാസവസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും പ്രകൃതിദത്ത രീതികൾ ഉപയോഗിച്ച് വിളകൾ വളർത്താൻ കർഷകരെ പ്രാപ്തരാക്കുകയും ചെയ്യുക.

കൃഷിച്ചെലവ് കുറയ്ക്കുകയും ജൈവ രീതികളിലൂടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുക.

​ഗുണഭോക്താക്കൾക്കായി ആരോഗ്യകരവും രാസവസ്തുക്കൾ ചേർക്കാത്തതുമായ ഭക്ഷണം ഉത്പാദിപ്പിക്കുക.

പരമ്പരാഗതവും ചെലവുകുറഞ്ഞതുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷിക്കുക.

കൃഷി, സംസ്കരണം, സർട്ടിഫിക്കേഷൻ എന്നിവയ്ക്കായി കർഷക കൂട്ടായ്മകളെ പിന്തുണയ്ക്കുക.

കർഷകരെ പ്രാദേശികതലത്തിലും ദേശീയതലത്തിലുമുള്ള വിപണികളുമായി നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് സംരംഭകത്വം വളർത്തിയെടുക്കുക.

പ്രധാന നേട്ടങ്ങൾ

പരമ്പരാഗത് കൃഷി വികാസ് യോജന (PKVY) പ്രകാരം, ജൈവ കൃഷി രീതികൾ സ്വീകരിക്കുന്ന കർഷകർക്ക് മൂന്ന് വർഷത്തേക്ക് ഹെക്ടറിന് ₹31,500 സഹായം നൽകുന്നു. ധനസഹായം ഇപ്രകാരമാണ്:

കൃഷിയിടത്തിലും പുറത്തും ജൈവ നിക്ഷേപങ്ങൾ: ₹15,000 (DBT)
മാർക്കറ്റിംഗ്, പാക്കേജിംഗ് & ബ്രാൻഡിംഗ്: ₹4,500
സർട്ടിഫിക്കേഷനും മിച്ച വിശകലനവും: ₹3,000
പരിശീലനവും ശേഷി വർദ്ധിപ്പിക്കലും: ₹9,000

ഈ സമഗ്ര പിന്തുണ കർഷകർക്ക് ജൈവ കൃഷി രീതികൾ സ്വീകരിക്കുക മാത്രമല്ല, മികച്ച വരുമാനമുണ്ടാക്കുന്നതിനായി സർട്ടിഫിക്കേഷൻ, ബ്രാൻഡിംഗ്, വിപണി ബന്ധങ്ങൾ എന്നിവയ്ക്കായി സഹായം ലഭിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു.

നടപ്പിലാക്കൽ പദ്ധതി

പരമ്പരാഗത് കൃഷി വികാസ് യോജന (PKVY) നടപ്പിലാക്കാൻ ഘടനാപരവും കർഷക കേന്ദ്രീകൃതവുമായ ഒരു സമീപനമാണ് പിന്തുടരുന്നത്. എല്ലാ കർഷകരും സ്ഥാപനങ്ങളും പരമാവധി രണ്ട് ഹെക്ടർ ഭൂവുടമാ പരിധിക്ക് വിധേയമായി, പദ്ധതിക്ക് കീഴിൽ അപേക്ഷിക്കാൻ യോഗ്യരാണ്.

എൻറോൾമെന്റിലൂടെയും സർട്ടിഫിക്കേഷനിലൂടെയും തങ്ങളെ നയിക്കാൻ ഉത്തരവാദിത്തമുള്ള പ്രാദേശിക കൗൺസിലുകളെ സമീപിച്ചാണ് കർഷകർ പ്രക്രിയ ആരംഭിക്കുന്നത്. ഈ കൗൺസിലുകൾ വ്യക്തിഗത അപേക്ഷകൾ ഒരു വാർഷിക കർമ പദ്ധതിയിലേക്ക് കൂട്ടിച്ചേർക്കുന്നു. തുടർന്ന് അംഗീകാരത്തിനായി കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന് സമർപ്പിക്കുന്നു.

വാർഷിക കർമ പദ്ധതി അംഗീകരിച്ചുകഴിഞ്ഞാൽ, കേന്ദ്ര ​ഗവൺമെന്റ് സംസ്ഥാന ​ഗവൺമെന്റിന് ഫണ്ട് വിട്ടുകൊടുക്കുകയും, അത് പ്രാദേശിക കൗൺസിലുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കൗൺസിലുകൾ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനം വഴി കർഷകർക്ക് നേരിട്ട് സഹായം വിതരണം ചെയ്യുന്നു. പികെവിവൈയുടെ സാമ്പത്തിക സഹായം സുതാര്യമായും സമയബന്ധിതമായും ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

ഈ ഘടനാപരമായ ചട്ടക്കൂടിലൂടെ, നടപ്പാക്കലിന്റെ ഓരോ ഘട്ടത്തിലും ഉത്തരവാദിത്തം നിലനിർത്തിക്കൊണ്ട്, ഇന്ത്യയിലുടനീളമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് ജൈവകൃഷിക്കുള്ള സഹായം തടസ്സമില്ലാതെ ലഭ്യമാകുമെന്ന് PKVY ഉറപ്പാക്കുന്നു.

ഓർ​ഗാനിക് സർട്ടിഫിക്കേഷൻ

വിശ്വസനീയമായ സർട്ടിഫിക്കേഷന്റെ അഭാവമായിരുന്നു മുമ്പ് ജൈവ കർഷകരുടെ ഒരു പ്രധാന വെല്ലുവിളി. രണ്ട് വ്യത്യസ്ത സംവിധാനങ്ങളിലൂടെയാണ് PKVY ഇത് പരിഹരിച്ചത്:

1. തേർഡ്-പാർട്ടി സർട്ടിഫിക്കേഷൻ (NPOP): വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (NPOP) പ്രകാരം അംഗീകൃത സർട്ടിഫിക്കേഷൻ ഏജൻസി നടപ്പിലാക്കുന്ന ഈ സംവിധാനം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഉൽ‌പാദനവും സംസ്കരണവും മുതൽ വ്യാപാരവും കയറ്റുമതിയും വരെയുള്ള മുഴുവൻ മൂല്യ ശൃംഖലയും ഇത് ഉൾക്കൊള്ളുന്നു - ഇത് ഇന്ത്യൻ കർഷകർക്ക് ആഗോള ജൈവ വിപണികളിൽ പ്രവേശിക്കാനും വികസിപ്പിക്കാനും പ്രാപ്തമാക്കുന്നു.

2. ഇന്ത്യയ്‌ക്കുള്ള പങ്കാളിത്ത ഗ്യാരണ്ടി സിസ്റ്റം (PGS-ഇന്ത്യ): കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇത് കർഷക കേന്ദ്രീകൃതവും സമൂഹാധിഷ്ഠിതവുമായ ഒരു സർട്ടിഫിക്കേഷനാണ്. തീരുമാനമെടുക്കൽ, പിയർ പരിശോധനകൾ, രീതികളുടെ പരസ്പര പരിശോധന എന്നിവയിൽ കർഷകരും ഉൽ‌പാദകരും കൂട്ടായി പങ്കെടുക്കുന്നു, ഒടുവിൽ ഉൽ‌പ്പന്നം ജൈവമാണെന്ന് പ്രഖ്യാപിക്കുന്നു. പി‌ജി‌എസ്-ഇന്ത്യ പ്രധാനമായും ആഭ്യന്തര വിപണിയെ ലക്ഷ്യം വെച്ചുള്ളതാണ്, ചെറുകിട, നാമമാത്ര കർഷകർക്ക് താങ്ങാനാവുന്നതും ഉൾക്കൊള്ളുന്നതുമായ സർട്ടിഫിക്കേഷൻ സാധ്യമാക്കുന്നു.

2020–21 ൽ, രാസകൃഷി ഒരിക്കലും നടപ്പിലാക്കിയിട്ടില്ലാത്ത പ്രദേശങ്ങളിൽ (ഗോത്ര മേഖലകൾ, ദ്വീപുകൾ, പരിസ്ഥിതി സംരക്ഷിത മേഖലകൾ) സർട്ടിഫിക്കേഷൻ വേഗത്തിലാക്കുന്നതിനായി ​ഗവൺമെന്റ് ലാർജ് ഏരിയ സർട്ടിഫിക്കേഷൻ (LAC) പരിപാടി ആരംഭിച്ചു. പരിവർത്തന കാലയളവ് 2–3 വർഷത്തിൽ നിന്ന് കുറച്ച് മാസങ്ങളായി LAC കുറയ്ക്കുന്നു, ഇത് വേഗത്തിലുള്ള സർട്ടിഫിക്കേഷൻ, ഉയർന്ന വരുമാനം, ഇന്ത്യയുടെ ജൈവ മേഖലയ്ക്ക് ആഗോള മത്സരശേഷി എന്നിവ പ്രാപ്തമാക്കുന്നു.

ഈ സംവിധാനങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ, ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഇന്ത്യൻ ജൈവ ഉൽപ്പന്നങ്ങൾക്ക് വിശ്വാസ്യത ലഭിച്ചു. കൂടുതൽ വില ലഭിക്കുന്നതിനും പ്രത്യേക ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും ജൈവ സ്വത്വത്തിൽ വേരൂന്നിയ പ്രാദേശിക ബ്രാൻഡുകളെ ശക്തിപ്പെടുത്തുന്നതിനും കർഷകർ ഇപ്പോൾ മികച്ചുനിൽക്കുന്നു.

നേട്ടങ്ങൾ (2015-2025)

കഴിഞ്ഞ ദശകത്തിൽ, PKVY ജൈവകൃഷിയെ ഒരു പ്രത്യേക രീതിയിലുള്ള കൃഷിയിൽ നിന്ന് ഒരു മുഖ്യധാരാ കാർഷിക പ്രസ്ഥാനത്തിലേക്ക് മാറ്റി, ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നിവയുമായി സംയോജിപ്പിച്ച് സുസ്ഥിര കൃഷി, ഗ്രാമീണ ഡിജിറ്റലൈസേഷൻ, എല്ലാവരെയും ഉൾക്കൊള്ളുന്ന വിപണി പ്രവേശനം എന്നിവയ്ക്ക് സഹായകമായി.

30.01.2025 ലെ കണക്കനുസരിച്ച്, PKVY (2015–25) പ്രകാരം ₹2,265.86 കോടി അനുവദിച്ചു.

2024–25 സാമ്പത്തിക വർഷത്തിൽ RKVY പ്രകാരം ₹205.46 കോടി അനുവദിച്ചു.

ജൈവകൃഷിക്ക് കീഴിൽ ഏകദേശം 15 ലക്ഷം ഹെക്ടർ; 52,289 ക്ലസ്റ്ററുകൾ രൂപീകരിച്ചു; 25.30 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു (ഫെബ്രുവരി 2025 വരെ).

2023–24 ൽ ഏറ്റെടുത്ത നിലവിലുള്ള 1.26 ലക്ഷം ഹെക്ടർ സ്ഥലത്ത് പ്രവർത്തനം തുടരുന്നു; 2024–25ലെ മൂന്ന് വർഷത്തെ പരിവർത്തനത്തിന് 1.98 ലക്ഷം ഹെക്ടർ പുതിയ പ്രദേശം.

2023–2024 ൽ, ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 50,279 ഹെക്ടറും പശ്ചിമ ബംഗാളിൽ 4,000 ഹെക്ടറും LAC പ്രകാരം ഏറ്റെടുത്തു.

31.12.2024 വരെ, "10,000 എഫ്‌പി‌ഒകളുടെ രൂപീകരണത്തിനും പ്രോത്സാഹനത്തിനുമായി" കേന്ദ്ര മേഖലാ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തത് 9,268 എഫ്‌പി‌ഒകൾ.

കാർ നിക്കോബാർ, നാൻകോറി ദ്വീപുകളിലെ 14,491 ഹെക്ടർ LAC പ്രകാരം സർട്ടിഫൈഡ് ഓർഗാനിക് ആയി പ്രഖ്യാപിച്ചു.

ലക്ഷദ്വീപിലെ മുഴുവൻ 2,700 ഹെക്ടർ കൃഷിഭൂമിയും സർട്ടിഫൈഡ് ഓർഗാനിക് ആയി.

സിക്കിമിലെ 60,000 ഹെക്ടറിന് LAC പ്രകാരം ₹96.39 ലക്ഷം അനുവദിച്ചു, ഇപ്പോൾ LAC പ്രകാരം ലോകത്തിലെ ഏക 100 ശതമാനം ജൈവ സംസ്ഥാനമായി സിക്കിം മാറി.

LAC പ്രകാരം ലഡാക്കിൽ നിന്ന് ‌5,000 ഹെക്ടർ ഭൂമിക്ക് വേണ്ടിയുള്ള ഒരു നിർദ്ദേശത്തിന് 11.475 ലക്ഷം രൂപ സഹായം നൽകി. 2024 ഡിസംബർ ആയപ്പോഴേക്കും 6.23 ലക്ഷം കർഷകരും 19,016 പ്രാദേശിക ഗ്രൂപ്പുകളും 89 വിതരണക്കാരും 8,676 ഉപഭോക്താക്കളും ജൈവിക് ഖേതി പോർട്ടലിൽ രജിസ്റ്റർ ചെയ്തു.

ഉപസംഹാരം

കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയിലെ സുസ്ഥിര കൃഷിയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു പ്രധാന സംരംഭമായി പരമ്പരാഗത് കൃഷി വികാസ് യോജന (PKVY) ഉയർന്നുവന്നിട്ടുണ്ട്. ക്ലസ്റ്റർ അധിഷ്ഠിത സമീപനം വഴി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ലക്ഷക്കണക്കിന് കർഷകരെ രാസവസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിനും ഈ പദ്ധതി ശാക്തീകരിച്ചിട്ടുണ്ട്. സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ, ജൈവിക് ഖേതി പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, വിപണി ബന്ധങ്ങൾ എന്നിവയിലൂടെ, ആഭ്യന്തര ഉപഭോഗത്തിനും ജൈവ ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര വ്യാപാരത്തിനും പ്രാപ്തമാക്കുന്ന സംവിധാനം PKVY സൃഷ്ടിച്ചു.

ലാർജ് ഏരിയ സർട്ടിഫിക്കേഷനിലേക്കുള്ള (LAC) പദ്ധതിയുടെ വ്യാപനവും നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗുമായി (NMNF) സംയോജിപ്പിക്കലും പരിസ്ഥിതി സൗഹൃദവും കുറഞ്ഞ ചെലവിലുള്ളതുമായ കൃഷി മാതൃകകളോടുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു. പരിശീലനം, സർട്ടിഫിക്കേഷൻ, സംരംഭകത്വം എന്നിവയിൽ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, PKVY ഗ്രാമീണ വരുമാനം ശക്തിപ്പെടുത്തുക മാത്രമല്ല, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം, ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം എന്നിവയ്ക്കും സംഭാവന നൽകുന്നു.

ഇന്ത്യ അതിന്റെ കാർഷിക പരിവർത്തനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചുവടുവെക്കുമ്പോൾ, പരമ്പരാഗത രീതികൾ ആധുനിക സംവിധാനങ്ങളുമായും ഡിജിറ്റൽ ഉപകരണങ്ങളുമായും സംയോജിപ്പിക്കുമ്പോൾ, കൂടുതൽ ഹരിതാഭവും ആരോഗ്യകരവും സമൃദ്ധവുമായ ഭാവിയിലേക്ക് എങ്ങനെ വഴിയൊരുക്കുമെന്നതിന്റെ തെളിവായി PKVY നിലകൊള്ളുന്നു.

References:

§ Press Information Bureau (PIB) Releases

  1. https://www.pib.gov.in/PressReleasePage.aspx?PRID=2045560
  2. https://www.pib.gov.in/PressReleasePage.aspx?PRID=2099756
  3. https://www.pib.gov.in/PressReleasePage.aspx?PRID=2146939
  4. https://www.pib.gov.in/PressReleaseIframePage.aspx?PRID=1946809
  5. https://www.pib.gov.in/PressReleaseIframePage.aspx?PRID=2100761
  6. https://www.pib.gov.in/PressReleaseIframePage.aspx?PRID=1739994

§ Ministry of Agriculture & Farmers Welfare Documents

  1. https://agriwelfare.gov.in/Documents/AR_Eng_2024_25.pdf
  2. https://agriwelfare.gov.in/Documents/Revised_PKVY_Guidelines_022-2023_PUB_1FEB2022.pdf

§ Mission Organic Value Chain Development (MOVCDNER) - https://movcd.dac.gov.in/about

§ Parliament Questions (Lok Sabha)

  1. https://sansad.in/getFile/loksabhaquestions/annex/183/AU2315_sWTC0p.pdf?source=pqals
  2. https://sansad.in/getFile/loksabhaquestions/annex/182/AU2474_HV55PI.pdf?source=pqals

§ myScheme Portal - https://www.myscheme.gov.in/schemes/pkvy

Click here to see pdf

****

SK 

(Explainer ID: 155368) आगंतुक पटल : 52
Provide suggestions / comments