• Skip to Content
  • Sitemap
  • Advance Search
Social Welfare

ഇന്ത്യയിലെ കുഷ്ഠരോഗം: രോഗമുക്തഭാവിയിലേക്കുള്ള പാത

Posted On: 05 OCT 2025 11:02AM

പ്രധാന വസ്തുതകൾ

 

1981-10,000 പേരിൽ 57.2 ആയിരുന്ന ഇന്ത്യയിലെ കുഷ്ഠരോഗ വ്യാപനനിരക്ക് 2025-ൽ കേവലം 0.57 ആയി കുറഞ്ഞു.

പുതുതായി കണ്ടെത്തിയ കേസുകളിൽ, കുട്ടികളുടെ എണ്ണം 2014-15-9.04% ആയിരുന്നത് 2024-25-4.68% ആയി കുറഞ്ഞു.

2025 മാർച്ച് വരെ, 31 സംസ്ഥാനങ്ങളും 638 ജില്ലകളും 10,000 പേരിൽ ഒന്നിൽത്താഴെ എന്ന വ്യാപനനിരക്കു കൈവരിച്ചു. ഇതു ദേശീയതലത്തിൽ ഇന്ത്യയുടെ രോഗനിർമാർജനനില നിലനിർത്താൻ സഹായിച്ചു.

 

 

എന്താണു കുഷ്ഠരോഗം?

 

മൈക്കോബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയയാലുണ്ടാകുന്ന വിട്ടുമാറാത്ത പകർച്ചവ്യാധിയാണു കുഷ്ഠം അഥവാ ഹാൻസെൻസ് രോഗം. ഈ അണുബാധ നാഡികൾ, ശ്വസനവ്യവസ്ഥ, ചർമം, കണ്ണുകൾ എന്നിവയെ ബാധിക്കാൻ കാരണമാകും. ചർമത്തിലെ നിറവ്യത്യാസം, സ്പർശനം, മർദം, വേദന, ചൂട്, തണുപ്പ് എന്നിവ തിരിച്ചറിയാനുള്ള ശേഷിക്കുറവ്, പേശികളുടെ ബലഹീനത, ഉണങ്ങാത്ത വ്രണങ്ങൾ, കൈകാലുകളിലെയും മുഖത്തെയും വൈകല്യങ്ങൾ, കണ്ണുകൾ അടയ്ക്കാൻ കഴിയാത്ത അവസ്ഥ, കാഴ്ചക്കുറവ് എന്നിവയാണു ലക്ഷണങ്ങൾ. ചികിത്സ ലഭിക്കാത്ത രോഗികളുമായി അടുത്തിടപഴകുകയും പതിവായി സമ്പർക്കം പുലർത്തുകയും ചെയ്യുമ്പോൾ മൂക്കിൽനിന്നും വായിൽനിന്നുമുള്ള സ്രവങ്ങളിലൂടെയുള്ള കണികകൾവഴിയാണു കുഷ്ഠം പകരുന്നത്. വൈകല്യത്തിലേക്കു നയിച്ചേക്കാമെന്നതിനാലാണ് ഈ രോഗത്തെ ഭയപ്പെടുന്നത്. രോഗബാധിതർക്കു സമൂഹത്തിലുണ്ടാകുന്ന അവഗണനയ്ക്കു കാരണവും ഇതാണ്. കുഷ്ഠം മൾട്ടിബാസിലറി (multibacillary) അല്ലെങ്കിൽ പോസിബാസിലറി (paucibacillary) ആകാം. സ്ലിറ്റ്-സ്കിൻ സ്മിയർ പരിശോധനയിൽ മൾട്ടിബാസിലറി കുഷ്ഠരോഗ കേസുകൾ ബസിലൈ(bacilli)യുടെ ഉയർന്ന സാന്ദ്രത കാണിക്കുമ്പോൾ, പോസിബാസിലറി കുഷ്ഠരോഗ കേസുകൾ സ്ലിറ്റ്-സ്കിൻ സ്മിയർ പരിശോധനയിൽ കുറഞ്ഞ അളവിലോ അല്ലെങ്കിൽ ബസിലൈ ഇല്ലാത്തതോ ആയ അവസ്ഥയായിരിക്കും. 1983-ൽ ഇന്ത്യയിൽ മൾട്ടിഡ്രഗ് തെറാപ്പി (MDT) അവതരിപ്പിച്ചതു കുഷ്ഠരോഗ ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ചു. ലോകാരോഗ്യ സംഘടന (WHO) വഴി രോഗികൾക്ക് MDT ചികിത്സ സൗജന്യമായി നൽകിവരുന്നു. കാലേക്കൂട്ടിയുള്ള രോഗനിർണയവും MDT ഉപയോഗിച്ചുള്ള ചികിത്സയും, വൈകല്യങ്ങളും രൂപവൈകൃതങ്ങളും തടയാൻ സഹായിക്കും. MDT അവതരിപ്പിച്ചശേഷം, രോഗബാധയും വ്യാപനവും ഗണ്യമായി കുറഞ്ഞു. (ലോകാരോഗ്യ സംഘടന [WHO], 2024).

 

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ സ്ഥിതി

 

1951-ലെ ദശാബ്ദ ജനസംഖ്യാകണക്കെടുപ്പിൽ 13,74,000 കേസും 10,000 പേരിൽ 38.1 എന്ന വ്യാപനനിരക്കും രേഖപ്പെടുത്തി. കേന്ദ്രഗവണ്മെന്റ് കുഷ്ഠരോഗത്തെ ദേശീയ ആരോഗ്യപ്രശ്നമായി അംഗീകരിക്കുകയും 1954-55ൽ ദേശീയ കുഷ്ഠരോഗ നിയന്ത്രണ പരിപാടി ആരംഭിക്കുകയും ചെയ്തു. നാലാം പഞ്ചവത്സരപദ്ധതി കാലയളവിൽ (1969-1974) ഇതു കേന്ദ്രാവിഷ്കൃത പദ്ധതിയാക്കി മാറ്റിയശേഷം ഈ പരിപാടിക്കു കൂടുതൽ ശ്രദ്ധ ലഭിച്ചു. ആവശ്യമായ മുൻഗണനയും ധനസഹായവും ലഭിച്ചു. ഈ സമയത്തു ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും കൂടുതൽ ജനങ്ങളെ ഉൾപ്പെടുത്തുന്നതിനായി പരിപാടി വിപുലീകരിച്ചു. പരിധി വർധിപ്പിക്കുന്നതിനായി, സന്നദ്ധസംഘടനകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തി. ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ കുഷ്ഠരോഗ പരിപാടിയുടെ പ്രധാന ഘടകമായി മാറി. 1983-ൽ അവതരിപ്പിച്ച പദ്ധതിയിലൂടെ അനുവദിച്ച പ്രദേശങ്ങളിലെ SET (സർവേ വിദ്യാഭ്യാസവും ചികിത്സയും) പ്രവർത്തനങ്ങളിൽ സന്നദ്ധസംഘടനകളുടെ പങ്കാളിത്തവും ഗവണ്മെന്റ് പ്രോത്സാഹിപ്പിച്ചു. ഇടത്തരം/കുറഞ്ഞ വ്യാപനമുള്ള പ്രദേശങ്ങളിൽ SET കേന്ദ്രങ്ങളും നഗരപ്രദേശങ്ങളിൽ നഗര കുഷ്ഠരോഗകേന്ദ്രങ്ങളും സ്ഥാപിച്ചു. ഒരു സെക്ടർ എന്ന നിലയിൽ ഈ കേന്ദ്രങ്ങളിൽ 25,000 പേർക്ക് ഒരു പാരാമെഡിക്കൽ ജീവനക്കാരൻ എന്ന നിലയിലായിരുന്നു പ്രവർത്തനം. കൂടാതെ, അഞ്ചു പാരാമെഡിക്കൽ ജീവനക്കാർക്ക് ഒരു മെഡിക്കൽ ഇതര സൂപ്പർവൈസറുമുണ്ടായിരുന്നു. പാരാമെഡിക്കൽ ജീവനക്കാരൻ കുഷ്ഠരോഗികളെ കണ്ടെത്താൻ വീടുതോറും പരിശോധന നടത്തി. രണ്ടുവർഷത്തെ പരിവൃത്തിയിൽ മുഴുവൻ ജനങ്ങളിലും “സർവേ” നടത്തി. രോഗനിർണയം നടത്താൻ സങ്കീർണമായ സ്ലിറ്റ് സ്മിയർ ടെക്നിക്കുകൾ ഉപയോഗിച്ചിരുന്നു. സ്ഥിരീകരിച്ച കേസുകൾക്ക് 10 വർഷം മുതൽ  ആജീവനാന്തം വരെയായിരുന്നു ചികിത്സാ കാലാവധി.

 

കുഷ്ഠരോഗ നിയന്ത്രണപരിപാടി ഉയർന്ന വ്യാപനമുള്ള ജില്ലകളിൽ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ മുഖേന സ്ഥിരമായ കുഷ്ഠരോഗ നിയന്ത്രണ യൂണിറ്റുകളിലൂടെ സൗജന്യ ഭവനചികിത്സ നൽകിയിരുന്നു. മിതമായതുമുതൽ കുറഞ്ഞ വ്യാപനംവരെയുള്ള ജില്ലകളിൽ, മൊബൈൽ കുഷ്ഠരോഗ ചികിത്സ യൂണിറ്റുകൾ വഴിയാണു ചികിത്സ നൽകിയത്. ഗ്രാമത്തിലെ നിശ്ചിതസ്ഥലത്തു നടക്കുന്ന പ്രതിമാസ കുഷ്ഠരോഗ ക്ലിനിക്കുകളിൽ കേസുകൾ ചികിത്സിച്ചു. ഇതു രോഗികൾ ചികിത്സയുമായി സഹകരിക്കുന്നതു മെച്ചപ്പെടുത്താനും ഓരോ രോഗിക്കും കൗൺസിലിങ് നൽകാനും അവസരം ഒരുക്കി. രോഗികളെ അവരുടെ കുടുംബത്തോടൊപ്പം ക്ലിനിക്കുകളിൽ വരാൻ പ്രോത്സാഹിപ്പിച്ചു. ഇതു സാമൂഹ്യ അവഗണന എന്ന പ്രശ്നം പരിഹരിക്കാൻ സഹായിച്ചു. SET പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ വീടുതോറുമുള്ള സന്ദർശനങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു കുഷ്ഠരോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളും സൂചനകളും തിരിച്ചറിയാൻ വിവിധ സമൂഹങ്ങളെ ബോധവൽക്കരിക്കുന്നത്. ഒരുപക്ഷേ പരിപാടിയിലെ IEC (വിവര-വിദ്യാഭ്യാസ-വിനിമയ) ഘടകത്തിന്റെ ഉത്ഭവം ഇതായിരിക്കാം. 1955-ൽ ഇന്ത്യയുടെ ദേശീയ കുഷ്ഠരോഗ നിയന്ത്രണ ശ്രമങ്ങൾ ആരംഭിച്ചത് ദേശീയ കുഷ്ഠരോഗ നിയന്ത്രണ പരിപാടി(NLCP)യിലൂടെയാണ്. കുഷ്ഠരോഗികൾക്കു വീട്ടിൽത്തന്നെ ചികിത്സ നൽകുന്നതിനായി ഡാപ്‌സൺ ഏകചികിത്സാരീതിയെ ആശ്രയിച്ചിരുന്ന പ്രത്യേക പരിപാടിയായിരുന്നു ഇത്.

 

1982-, ഡാപ്‌സണിനു പുറമേ, ബാക്റ്റീരിയയെ നശിപ്പിക്കുന്ന മരുന്നായ റിഫാംപിസിൻ, ബാക്റ്റീരിയയുടെ വളർച്ച തടയുന്ന ക്ലോഫസിമിൻ എന്നിവ അടങ്ങിയ മൾട്ടി ഡ്രഗ് തെറാപ്പി (MDT) കുഷ്ഠരോഗത്തിനുള്ള നിർണായക ചികിത്സയായി WHO അംഗീകരിച്ചു. 1983-MDT ചികിത്സാസമ്പ്രദായങ്ങൾ അവതരിപ്പിച്ചതോടെ ദേശീയ കുഷ്ഠരോഗ നിർമാർജനപരിപാടിയുടെ (NLEP) തുടക്കമായി.

 

 

കുഷ്ഠരോഗം ബാധിച്ചവരോടുള്ള മഹാത്മാഗാന്ധിയുടെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിച്ച്, ഇന്ത്യയുടെ പൊതുജനാരോഗ്യ ശ്രമങ്ങൾ ചികിത്സയിൽ മാത്രമല്ല, രോഗബാധിതരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. നേരത്തെയുള്ള രോഗനിർണയവും സൗജന്യചികിത്സയും പ്രധാന തന്ത്രങ്ങളാണ്. കാരണം, വൈകിയുള്ള പരിചരണം സ്ഥിരമായ വൈകല്യത്തിനു കാരണമാകും.

 

നിർമാർജന ശ്രമങ്ങൾ

 

ദേശീയ ആരോഗ്യ ദൗത്യത്തിനു (NHM) കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് NLEP. പ്രാദേശിക ആവശ്യങ്ങൾ, മുൻഗണനകൾ, ശേഷി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രത്യേക പദ്ധതിനിർവഹണ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും തുക അനുവദിക്കുന്നത്. MDT യുടെ അവതരണം, കരുത്തുറ്റ രാഷ്ട്രീയ പ്രതിജ്ഞാബദ്ധത, വികേന്ദ്രീകൃത നടത്തിപ്പ്, കരുത്തുറ്റ വിവര-വിദ്യാഭ്യാസ-ആശയവിനിമയ (IEC) തന്ത്രം എന്നിവ കുഷ്ഠരോഗ നിയന്ത്രണത്തിൽ വലിയ വിജയം കൊണ്ടുവന്നു. 1981-10,000 പേരിൽ 57.2 ആയിരുന്ന കുഷ്ഠരോഗ വ്യാപനനിരക്ക് 1984 മാർച്ചിൽ 44.8 ആയും 2004 മാർച്ചിൽ 10,000-2.4 ആയും കുറഞ്ഞു. 1981-ൽ പുതിയ രോഗികളിൽ ഗ്രേഡ് II വൈകല്യനിരക്ക് (ദൃശ്യമായ വൈകല്യങ്ങൾ) 20 ശതമാനമായിരുന്നു; 2004 ആയപ്പോഴേക്കും ഇത് 1.5 ശതമാനം മാത്രമായി.

 

ലോകബാങ്കിന്റെ രണ്ടു പദ്ധതികളിലൂടെ (1993–2000, 2001–2004) സാമൂഹ്യപങ്കാളിത്തത്തിന് ഊന്നൽ നൽകുകയും IEC നവീകരണങ്ങൾക്കു ധനസഹായം നൽകുകയും ചെയ്തു. സന്നദ്ധസംഘടനകൾ, WHO, ഡനീഡ, മാധ്യമ ഏജൻസികളായ BBC WST, SOMAC: Lintas എന്നിവയുമായുള്ള പങ്കാളിത്തം, വിവരങ്ങൾ എത്തിക്കുന്നതിനും സന്ദേശങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനും സഹായിച്ചു. സ്ത്രീകൾ, ഗോത്രവർഗക്കാർ, നഗരത്തിലെ ദരിദ്രർ എന്നിവർക്കു പ്രത്യേക ശ്രദ്ധ നൽകി. പ്രവേശനം, അവഗണന എന്നിവയുടെ തടസ്സങ്ങൾ പരിഹരിച്ചു. ഓക്സിലറി നഴ്‌സ് മിഡ്‌വൈവ്സിനും (ANM) അങ്കണവാടി പ്രവർത്തകർക്കും (AWW) പ്രധാന പങ്കു നൽകി, പൊതുജനാരോഗ്യ സംവിധാനവുമായുള്ള സംയോജനപദ്ധതിയുടെ വ്യാപ്തി വർധിപ്പിച്ചു.

 

 

2004 മാർച്ചിൽ, 17 സംസ്ഥാനങ്ങളും 250 ജില്ലകളും കുഷ്ഠരോഗ നിർമാർജനം എന്ന ലക്ഷ്യം (10,000 പേരിൽ ഒന്നിൽത്താഴെ എന്ന വ്യാപന നിരക്ക്) കൈവരിച്ചു. കൂടാതെ 7 സംസ്ഥാനങ്ങൾ ലക്ഷ്യത്തോടടുത്തു. കുഷ്ഠരോഗബാധിതരെ കാലേക്കൂട്ടി കണ്ടെത്തുന്നതിനുള്ള ദൃഢനിശ്ചയത്തോടെയുള്ള പ്രചാരണങ്ങൾ നടത്തിയതോടെ, ഈ രൂപത്തിലുള്ള രോഗങ്ങൾ പ്രകടിപ്പിക്കുന്ന കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. നിലവിലെ ലോകബാങ്ക് പിന്തുണയുള്ള പദ്ധതിയുടെ (2001-04) അവസാനത്തോടെ വൈകല്യനിരക്ക് 2 ശതമാനത്തിൽ താഴെയാക്കുക എന്ന ലക്ഷ്യം കൈവരിക്കാനായി. 2005 ഡിസംബറോടെ ഇന്ത്യ മൊത്തത്തിൽ ദേശീയ കുഷ്ഠരോഗ നിർമാർജനം എന്ന ലക്ഷ്യം കൈവരിച്ചു. NLEP പ്രകാരമുള്ള ഇന്ത്യയുടെ കുഷ്ഠരോഗ പ്രതികരണത്തിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:

 

a.    NLEP പ്രകാരമുള്ള എല്ലാ രോഗികൾക്കും സൗജന്യ രോഗനിർണയം, MDT ചികിത്സ എന്നിവ നൽകുന്നു. രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന ആരോഗ്യമുള്ള വ്യക്തികൾക്ക് ഒറ്റ ഡോസ് റിഫാംപിസിൻ (SDR) ഉപയോഗിച്ചുള്ള പോസ്റ്റ് എക്സ്പോഷർ പ്രോഫിലാക്സിസ് (PEP) നൽകുന്നു. 2025-ൽ പൗസി (PB)-മൾട്ടിബാസിലറി (MB) രോഗികൾക്ക് ട്രിപ്പിൾ ഡ്രഗ് തെറാപ്പി അവതരിപ്പിച്ചു.

 

b.    കാലേക്കൂട്ടി രോഗം കണ്ടെത്താൻ ഇനി പറയുന്ന യജ്ഞങ്ങൾ നടത്തുന്നു- (i) കുഷ്ഠരോഗബാധിതരെ കണ്ടെത്തൽ യജ്ഞം (LCDC): രോഗം കൂടുതലുള്ള പ്രദേശങ്ങളിൽ വീടുതോറുമുള്ള സർവേകൾ (ii) കേന്ദ്രീകൃത കുഷ്ഠരോഗ യജ്ഞം: ഗ്രേഡ് II വൈകല്യമോ കുട്ടികളിലെ രോഗബാധയോ കണ്ടെത്തിയ ഗ്രാമങ്ങളും നഗരപ്രദേശങ്ങളും ലക്ഷ്യമിട്ടുള്ള സർവേ (iii) എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങൾക്കും ഉയർന്ന അപായസാധ്യതയുള്ള ജനവിഭാഗങ്ങൾക്കുമുള്ള പ്രത്യേക പദ്ധതി (iv) പുതുതായി കണ്ടെത്തിയ കേസുകളുടെ ആരോഗ്യപരമായ സമ്പർക്ക പരിശോധന (v) കുറഞ്ഞത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കണ്ടെത്തിയ പുതിയ രോഗബാധിതർക്കുള്ള മുൻകാല സമ്പർക്കം കണ്ടെത്തലും പരിശോധനയും (vi) കുറഞ്ഞ രോഗവ്യാപനമുള്ള പ്രദേശങ്ങൾക്കുള്ള ABSULE.

 

c.    വൈകല്യ പ്രതിരോധവും മെഡിക്കൽ പുനരധിവാസവും (DPMR), ക്ഷേമസഹായവും: മൈക്രോ സെല്ലുലാർ റബ്ബർ (MCR) പാദരക്ഷകൾ, സ്വയം പരിചരണ കിറ്റുകൾ, സ്‌പ്ലിന്റ്സ്, ഊന്നുവടികൾ തുടങ്ങിയ സഹായങ്ങളും ഉപകരണങ്ങളും നൽകുന്നതിനു രോഗികൾക്കു വിദ്യാഭ്യാസവും കൗൺസിലിങ്ങും. വ്രണങ്ങളുടെയും കുഷ്ഠരോഗ പ്രതികരണങ്ങളുടെയും ഫലപ്രദമായ ചികിത്സ, പുനർനിർമാണ ശസ്ത്രക്രിയകൾ (ശസ്ത്രക്രിയ ചെയ്യുന്നവർക്ക് വേതനനഷ്ടത്തിന് നഷ്ടപരിഹാരമായി ₹12,000 നൽകുന്നു).

 

d.    ശേഷിവികസനം: സേവനദാതാക്കളായ മെഡിക്കൽ ഓഫീസർമാർ, ലബോറട്ടറി ടെക്നീഷ്യൻമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ആരോഗ്യ സൂപ്പർവൈസർമാർ, ആരോഗ്യപ്രവർത്തകർ, അംഗീകൃത സാമൂഹ്യാരോഗ്യ പ്രവർത്തകർ (ASHA) എന്നിവർക്കുള്ള പരിശീലനം.

 

e.    സ്വമേധയാ രോഗവിവരം അറിയിക്കുന്നതിനും അവഗണനയും വിവേചനവും തടയുന്നതിനുമുള്ള സാമൂഹ്യാവബോധം: അവഗണന കുറയ്ക്കുന്നതിനും കാലേക്കൂട്ടിയുള്ള രോഗനിർണയം പ്രോത്സാഹിപ്പിക്കുന്നതിനുമായി, LCDC യജ്ഞത്തിന്റെ ഭാഗമായി കുഷ്ഠരോഗവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പർശ് കുഷ്ഠരോഗ ബോധവൽക്കരണ യജ്ഞവും IECയും വർഷംതോറും നടത്തുന്നു.

 

f.     വിവേചനപരമായ നിയമങ്ങൾ നിർത്തലാക്കൽ: കുഷ്ഠരോഗത്തിനെതിരായി നിലവിലുള്ള വിവേചനപരമായ എല്ലാ നിയമങ്ങളും നിർത്തലാക്കാൻ NLEP സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.

 

g.    കുഷ്ഠരോഗത്തെക്കുറിച്ചുള്ള മെച്ചപ്പെട്ട നിരീക്ഷണവും അറിയിപ്പും:

 

(i) 2025 മുതൽ ഗവണ്മെന്റ്, സ്വകാര്യമേഖല, സന്നദ്ധസംഘടനകൾ, മെഡിക്കൽ കോളേജുകൾ മുതലായ എല്ലാ ആരോഗ്യ മേഖലകളും കുഷ്ഠരോഗ കേസുകൾ നിർബന്ധമായും അറിയിക്കണം എന്ന നിബന്ധന വന്നു.

 

(ii) കുഷ്ഠരോഗം സംശയിക്കപ്പെടുന്നവർക്കായുള്ള ആശ അടിസ്ഥാനത്തിലുള്ള നിരീക്ഷണം (ABSULS) താഴേത്തട്ടിൽ രോഗബാധിതരെ കണ്ടെത്തൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

h.    റിപ്പോർട്ടിങ് സംവിധാനങ്ങളുടെ ഡിജിറ്റൽവൽക്കരണം – രോഗികളുടെ രേഖകൾക്കും മരുന്നുകളുടെ സ്റ്റോക്ക് കൈകാര്യം ചെയ്യലിനുമായി 2023-ൽ ഡിജിറ്റൽ റിപ്പോർട്ടിങ് സിസ്റ്റം നികുഷ്ഠ് 2.0 അവതരിപ്പിച്ചു.

 

 

2015 മുതൽ, NLEP-യുടെ കീഴിലുള്ള നിരന്തരമായ ശ്രമങ്ങൾ, കാലേക്കൂട്ടിയുള്ള ഇടപെടലിലൂടെയും വിപുലീകരിച്ച നിരീക്ഷണസംവിധാനങ്ങളിലൂടെയും വൈകല്യം ഗണ്യമായി തടയുന്നതിനു കാരണമായിട്ടുണ്ട്.

 

 

 

കുഷ്ഠരോഗ നിയന്ത്രണത്തിനായുള്ള 2023-2027-ലെ ദേശീയ തന്ത്രപ്രധാനപദ്ധതിയും (NSP) മാർഗരേഖയും

 

കോവിഡ് മഹാമാരിയുടെ ആഘാതം മറികടക്കുന്നതിനും കുഷ്ഠരോഗ നിയന്ത്രണത്തിനായുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി NLEP തന്ത്രപ്രധാനമായ പുതിയ രേഖ വികസിപ്പിക്കാൻ തുടങ്ങി. 2030-ഓടെ കുഷ്ഠരോഗ വ്യാപനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ആഗോള കുഷ്ഠരോഗ തന്ത്രം 2021-2030, അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങൾക്കായുള്ള WHO മാർഗരേഖ 2021-2030 എന്നിവയുമായി ഈ തന്ത്രം യോജിപ്പിച്ചിരിക്കുന്നു. രോഗം കൂടുതലുള്ള ജില്ലകളിൽ കേസ് കണ്ടെത്തൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിലൂടെയും രോഗം കുറഞ്ഞ പ്രാദേശിക ജില്ലകളിൽ ശക്തമായ നിരീക്ഷണ സംവിധാനം നിലനിർത്തുന്നതിലൂടെയും സംക്രമണം തടസ്സപ്പെടുത്തുന്നതിലും തദ്ദേശീയ കേസുകൾ പൂജ്യത്തിൽ എത്തിക്കുന്നതിലും തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

സ്വീകരിക്കേണ്ട തന്ത്രങ്ങൾ ഇവയാണ്: (i) ലക്ഷ്യബോധമുള്ള സമീപനത്തിലൂടെ പുതിയ കേസ് കണ്ടെത്തൽ ത്വരിതപ്പെടുത്തൽ; (ii) നിരീക്ഷണ സംവിധാനങ്ങൾ തീവ്രമാക്കൽ; (iii) ഡിജിറ്റൽവൽക്കരണം; (iv) കാലേക്കൂട്ടിയുള്ള രോഗനിർണയത്തിനു നൂതനോപകരണങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കൽ; (v) രോഗികളുമായി സമ്പർക്കം പുലർത്തുന്ന ഏവർക്കും ഉടനടി കീമോപ്രൊഫിലാക്സിസ് (chemoprophylaxis) നൽകൽ; (vi) സുരക്ഷിതവും ഫലപ്രദവും സാധ്യതയുള്ളതുമായ വാക്സിൻ അവതരിപ്പിക്കൽ; (vii) ആന്റിമൈക്രോബയൽ പ്രതിരോധത്തിന്റെയും പ്രതികൂല മരുന്നു പ്രതികരണങ്ങളുടെയും നിരീക്ഷണം ആരംഭിക്കൽ; (viii)  രോഗികൾക്കു ചികിത്സാനന്തര നിരീക്ഷണം നൽകലും രോഗശമനത്തിനുശേഷം അവർക്കു വേണ്ട പരിചരണം നൽകലും; (ix) കുഷ്ഠരോഗ വിദഗ്ധരെ നിലനിർത്തുകയും വിവിധ രോഗങ്ങൾക്കായുള്ള സേവനങ്ങൾ സംയോജിപ്പിക്കുന്നതിലേക്കു നീങ്ങുകയും ചെയ്യൽ; (x) പുതിയ ചികിത്സാരീതികൾ അവതരിപ്പിച്ച് ചികിത്സാഫലങ്ങൾ മെച്ചപ്പെടുത്തൽ; (xi) സ്വാധീനമുള്ള പെരുമാറ്റവ്യതിയാന ആശയവിനിമയ രീതികളിലൂടെ വ്യാപകമായ അവബോധം സൃഷ്ടിക്കൽ.

 

കൂടാതെ, നിലവിലുള്ള പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തൽ, കൂടുതൽ പങ്കാളികളെ ചേർക്കൽ, കുഷ്ഠരോഗത്തിനെതിരെ നിലവിലുള്ള വിവേചനപരമായ നിയമങ്ങൾ റദ്ദാക്കൽ എന്നിവയും ആവശ്യമാണ്. കുഷ്ഠരോഗത്തിനായുള്ള തന്ത്രപരമായ ദേശീയ പദ്ധതിയും മാർഗരേഖയും 2023-2027 നടപ്പാക്കുന്നത് ലക്ഷ്യമിടുന്നത് ജില്ലാതലത്തിൽ കുഷ്ഠരോഗ വ്യാപനം തടസ്സപ്പെടുത്തുക, കുറഞ്ഞത് അഞ്ചുവർഷത്തേക്ക് പുതുതായി കുട്ടികൾക്കു രോഗമൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല എന്നുറപ്പാക്കുക എന്നിവയാണ്. സംക്രമണം തടസ്സപ്പെടുത്തിയശേഷം, കുറഞ്ഞത് മൂന്ന് വർഷത്തേക്ക് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്നുറപ്പാക്കുന്നതിലൂടെ കുഷ്ഠരോഗത്തെ രോഗമെന്ന നിലയിൽ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കു നീങ്ങും. പരിശോധനയ്ക്കായി ആ ജില്ലകളുടെ തുടർച്ചയായ നിരീക്ഷണം സമാന്തരമായി നടത്തും.

 

 

 

 

ലക്ഷ്യം കൈവരിക്കുന്നതിനായി “ഗവണ്മെന്റിന്റെ സർവതോമുഖ”-“സമൂഹത്തിന്റെ സർവതോമുഖ” സമീപനങ്ങൾ, ഡിജിറ്റൽ നിരീക്ഷണ ഉപകരണങ്ങൾ, ശക്തമായ സ്ഥാപനപരമായ വിവര ശേഖരം എന്നിവ ഉപയോഗപ്പെടുത്തുന്നു.

 

NLEP-ക്കു കീഴിലുള്ള സുപ്രധാന ഉദ്യമങ്ങൾ

 

1.      കുഷ്ഠരോഗനിർമാർജനത്തിനായുള്ള  2023-27ലെ ദേശീയ തന്ത്രപ്രധാന പദ്ധതിയും മാർഗരേഖയും: കുഷ്ഠരോഗ വ്യാപനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യം 2027-ഓടെ കൈവരിക്കുന്നതിനുള്ള തന്ത്രപരമായ ഇടപെടലുകളുടെ രൂപരേഖയും വ്യക്തമായ മാർഗരേഖയും ഈ തന്ത്രപ്രധാന രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

2.    പകർച്ചവ്യാധി ശൃംഖല തടസ്സപ്പെടുത്തുന്നതിനായി, രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവരിൽ ആവശ്യമുള്ളവർക്കു പോസ്റ്റ് എക്സ്പോഷർ പ്രോഫിലാക്സിസ് (PEP) നൽകുന്നു.

 

3.    30 വയസ്സിനു മുകളിലുള്ളവരെ പരിശോധിക്കുന്നതിനായി ആയുഷ്മാൻ ഭാരത് യോജനയ്ക്കു കീഴിലുള്ള സമഗ്ര പ്രാഥമികാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുമായി കുഷ്ഠരോഗ പരിശോധന സംയോജിപ്പിച്ചു.

 

4.    0-18 വയസ്സ് പ്രായമുള്ള കുട്ടികളെ പരിശോധിക്കുന്നതിനായി രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം (RBSK), രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രമം (RKSK) എന്നിവയുമായി കുഷ്ഠരോഗ പരിശോധന സംയോജിപ്പിച്ചു.

 

5.    വൈകല്യപ്രതിരോധത്തിനും മെഡിക്കൽ പുനരധിവാസത്തിനും (DPMR) കീഴിൽ വിവിധ സേവനങ്ങൾ നൽകുന്നു. പ്രതികരണം കൈകാര്യം ചെയ്യൽ, മൈക്രോസെല്ലുലാർ റബ്ബർ (MCR) പാദരക്ഷകൾ നൽകൽ, സഹായ ഉപകരണങ്ങളും സ്വയം പരിചരണ കിറ്റുകളും നൽകൽ.

 

6.    നികുഷ്ഠ് 2.0: കുഷ്ഠരോഗികളുടെ രോഗനിർണയം, ചികിത്സ, തുടർനടപടികൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും റിപ്പോർട്ടു ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടിയുള്ള നവീകരിച്ച വെബ് അധിഷ്ഠിത ICT പോർട്ടലാണിത്. 2023 ജനുവരി 30-ന് (ദേശീയ കുഷ്ഠരോഗ നിർമാർജന ദിനം) കേന്ദ്ര ആരോഗ്യ മന്ത്രിയാണ് ഇതിനു തുടക്കംകുറിച്ചത്.

 

7.    2023-ലെ ദേശീയ കുഷ്ഠരോഗ നിർമാർജന ദിനത്തിൽ, പ്രതിരോധശേഷിയുള്ള കുഷ്ഠരോഗ കേസുകളുടെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി കുഷ്ഠരോഗത്തിനായുള്ള ദേശീയ ആൻ്റി- മൈക്രോബിയൽ പ്രതിരോധ നിരീക്ഷണ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

 

8.    കുഷ്ഠരോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും മാനസികാരോഗ്യ സേവനങ്ങളുടെ സംയോജനത്തിനുള്ള ദേശീയ ചട്ടക്കൂട്.

 

9.    ഇന്ത്യാഗവണ്മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകരിച്ച, പൗസിബാസിലറി (PB), മൾട്ടിബാസിലറി (MB) കേസുകൾക്കായുള്ള പരിഷ്കരിച്ച കുഷ്ഠരോഗ വർഗീകരണവും ചികിത്സാക്രമവും 2024 ജനുവരി 17-ന് കേന്ദ്ര കുഷ്ഠരോഗ വിഭാഗം അവതരിപ്പിച്ചു. 2025 ഏപ്രിൽ 1 മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇതു നടപ്പാക്കുന്നു. 2027-ഓടെ ഇന്ത്യയിൽ കുഷ്ഠരോഗം ഇല്ലാതാക്കാനുള്ള നമ്മുടെ കൂട്ടായ ശ്രമങ്ങളിൽ കുഷ്ഠരോഗികൾക്കുള്ള ഈ ചികിത്സാ രീതി സുപ്രധാന ചുവടുവയ്പ്പായിരിക്കും.

 

10. പിഎം-ജൻമൻ പദ്ധതിക്കുകീഴിൽ, പ്രത്യേക കരുതൽവേണ്ട ഗോത്രവർഗ വിഭാഗങ്ങൾ (PVTG) ഉള്ളതായി തിരിച്ചറിഞ്ഞിട്ടുള്ള, ഗോത്ര സെല്ലിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 17 സംസ്ഥാനങ്ങളിൽ നികുഷ്ഠ് 2.0 പോർട്ടലിലെ PVTG-കൾക്കായി ടാഗിങ് സംവിധാനം നടപ്പിലാക്കൽ.

 

11.    കുഷ്ഠരോഗ വിജ്ഞാപനത്തെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമുള്ള മന്ത്രാലയത്തിന്റെ നിർദേശങ്ങൾ.

 

12.  10,000 പേരിൽ ഒന്നിൽ കൂടുതൽ വ്യാപനനിരക്കുള്ള (PR) 121 ജില്ലകൾക്കുള്ള പ്രത്യേക നിരീക്ഷണ ചട്ടക്കൂട്.

 

13.  PR > 1, കുട്ടികളിൽ കൂടുതൽ വ്യാപനം, വലിയ തോതിൽ വൈകല്യങ്ങൾ എന്നിവയുള്ള ജില്ലകൾക്കായി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തന്ത്രങ്ങൾ.

 

NLEP-ക്കു കീഴിലുള്ള പ്രധാന നേട്ടങ്ങളും പരിപാടിയുടെ പരിണതഫലങ്ങളും

 

10,000 പേരിൽ ഒന്നിൽ താഴെ രോഗവ്യാപനനിരക്ക് എന്ന നിലയിലുള്ള ദേശീയ നിർമാർജന നില 2005 മാർച്ച് മുതൽ ഇന്ത്യ നിലനിർത്തുന്നു. അതിനുശേഷം, ഉപദേശീയ തലത്തിൽ ഈ ലക്ഷ്യം കൈവരിക്കുന്നതിനായാണു പരിപാടി പ്രവർത്തിക്കുന്നത്.

 

2025 മാർച്ച് വരെ, 31 സംസ്ഥാനങ്ങളും 638 ജില്ലകളും 10,000 പേരിൽ ഒന്നിൽ താഴെ എന്ന നിലയിൽ രോഗവ്യാപനനിരക്കു കൈവരിച്ചു.

 

വർഷങ്ങളായി ഇന്ത്യയിലെ കുഷ്ഠരോഗവ്യാപന നിരക്ക്, 1981-10,000 പേരിൽ 57.2 ഉം 2014-15-10,000-ന് 0.69 ഉം ആയിരുന്നത് 2024-25-0.57 ആയി കുറഞ്ഞു.

 

പുതിയ രോഗബാധിതരെ കണ്ടെത്തൽ നിരക്ക് 2014-15-ലെ 1,00,000-ന് 9.73 ൽ നിന്ന് 2024-25-7.0 ആയി കുറഞ്ഞു.

 

2014-15-ൽ പുതിയ കേസുകളിൽ കുട്ടികളുടെ എണ്ണം 9.04% ആയിരുന്നു. എന്നാൽ, 2024-25-4.68% ആയി ക്രമേണ കുറഞ്ഞു. ഇതു സമൂഹത്തിലെ സജീവമായ കുഷ്ഠരോഗ സംക്രമണം കുറയ്ക്കുന്നതിൽ പരിപാടിയുടെ ശ്രമങ്ങൾ ഫലം കണ്ടു എന്നതിലേക്കു വിരൽ ചൂണ്ടുന്നു.

 

ദശലക്ഷം ജനസംഖ്യയിൽ ഗ്രേഡ് 2 വൈകല്യം, 2014-15-ലെ ദശലക്ഷം ജനസംഖ്യയിൽ 4.68 കേസുകൾ എന്നതിൽനിന്ന് 2024-25-1.88 കേസുകളായി കുറഞ്ഞു. ഒളിഞ്ഞിരിക്കുന്ന കേസുകൾ കണ്ടെത്താൻ പരിപാടി നടത്തുന്ന ശ്രമങ്ങളെ ഇതു പ്രതിഫലിപ്പിക്കുന്നു.

 

കുഷ്ഠരോഗികളുമായി സമ്പർക്കത്തിൽവരുന്ന ആരോഗ്യമുള്ള വ്യക്തികൾക്ക് റിഫാംപിസിൻ (PEP-SDR) ഒറ്റ ഡോസ് ഉപയോഗിച്ചുള്ള പോസ്റ്റ് എക്സ്പോഷർ പ്രോഫിലാക്സിസിന്റെ പ്രതിരോധ നടപടികൾ നൽകുന്നു. രോഗവ്യാപന ശൃംഖല തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി, സമ്പർക്കമുള്ളവരിൽ പ്രതിരോധ ചികിത്സയ്ക്ക് അർഹരായവരുടെ ശതമാനം 2019–20-ലെ 71%-ൽ നിന്ന് 2024–25-92% ആയി വർധിച്ചു.

 

രോഗം കൂടുതലുള്ള സംസ്ഥാനങ്ങളിൽ LCDC പോലുള്ള തീവ്രമായ കേസ് തിരയൽ പ്രവർത്തനങ്ങൾ വർഷത്തിൽ രണ്ടുതവണ നടത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ തന്നെ കേസുകൾ തിരിച്ചറിയാൻ ഇതു സഹായിക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ, LCDC വഴി മൊത്തം 27,428 പുതിയ കേസുകൾ സ്ഥിരീകരിച്ചു.

 

 

രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (RBSK), രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം (RKSK), ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളുമായി കുഷ്ഠരോഗനിർണയം സംയോജിപ്പിച്ചതിലൂടെ എല്ലാ പ്രായക്കാർക്കും പരിശോധന ഉറപ്പാക്കുന്നു.

 

 

 

2025 മാർച്ച് വരെ സംസ്ഥാനാടിസ്ഥാനത്തിലുള്ള NLEP വ്യാപന നിരക്ക് (10,000 പേരിൽ)

 

സംസ്ഥാനം/കേന്ദ്രഭരണപ്രദേശം

 

PR/10,000

 

 

സംസ്ഥാനം/കേന്ദ്രഭരണപ്രദേശം

 

PR/10,000

 

ആന്ധ്രാപ്രദേശ്

0.46

 

നാഗാലാൻഡ്

0.11

 

അരുണാചൽ പ്രദേശ്

 

0.15

 

ഒഡിഷ

 

1.37

 

അസം

 

 

0.26

 

പഞ്ചാബ്

 

0.14

 

 

 

 

 

 

 

 

 

 

 

 

 

ബിഹാർ

 

0.85

 

രാജസ്ഥാൻ

 

 

0.14

 

ഛത്തീസ്‌ഗഢ്

 

1.80

 

സിക്കിം

0.17

 

ഗോവ

 

0.45

 

തമിഴ്‌നാട്

 

0.26

 

ഗുജറാത്ത്

0.38

 

തെലങ്കാന

 

0.46

 

ഹരിയാണ

 

0.13

 

ത്രിപുര

 

0.02

 

ഹിമാചൽ പ്രദേശ്

 

0.14

 

ഉത്തർപ്രദേശ്

 

0.37

 

ഝാർഖണ്ഡ്

1.46

ഉത്തരാഖണ്ഡ്

 

0.22

 

ജമ്മു കശ്മീർ

0.07

പശ്ചിമ ബംഗാൾ

 

0.46

 

കർണാടക

0.27

 

A & N ദ്വീപുകൾ

 

0.19

 

 

കേരളം

 

0.11

 

 

ചണ്ഡീഗഢ്

 

1.35

 

മധ്യപ്രദേശ്

 

0.82

 

DD & DNH

 

0.63

 

മഹാരാഷ്ട്ര

 

1.12

 

ഡൽഹി

 

0.71

 

മണിപ്പുർ

 

0.05

 

ലക്ഷദ്വീപ്

 

0.14

 

മേഘാലയ

 

0.03

 

ലഡാഖ്

 

0.33

 

മിസോറം

 

0.10

 

പുതുച്ചേരി

 

0.11

 

 

 

 

അന്താരാഷ്ട്ര അംഗീകാരവും പങ്കാളിത്തവും

 

സൗജന്യ MDT മരുന്നുകൾ വിതരണം ചെയ്യുന്നതിനും, സാങ്കേതിക പിന്തുണ നൽകുന്നതിനും, പദ്ധതിയുടെ സ്വതന്ത്ര വിലയിരുത്തലിനും, ശേഷി വർധിപ്പിക്കലിനും പദ്ധതിനിരീക്ഷണത്തിനും മേൽനോട്ടത്തിനും ഇന്ത്യ WHO-യുമായി സഹകരിച്ചു. 1991-ലെ ലോകാരോഗ്യ അസംബ്ലി പ്രതിജ്ഞാബദ്ധതയിൽ, 2000 ആകുമ്പോഴേക്കും പൊതുജനാരോഗ്യ പ്രശ്നമെന്ന നിലയിൽ കുഷ്ഠരോഗം ഇല്ലാതാക്കുക എന്ന ലോകാരോഗ്യ അസംബ്ലിയുടെ ലക്ഷ്യത്തോട് ഇന്ത്യ പ്രതിജ്ഞാബദ്ധമായിരുന്നു. ദേശീയ ലക്ഷ്യം 2005 വരെ നീട്ടേണ്ടിവന്നെങ്കിലും, 2004-ഓടെ 17 സംസ്ഥാനങ്ങളും 250 ജില്ലകളും നിർമാർജന ലക്ഷ്യം കൈവരിച്ചതോടെ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി നേടി.

 

ഇന്ത്യയുടെ പരിഷ്കരിച്ച കുഷ്ഠരോഗ നിർമാർജന യജ്ഞങ്ങൾ (MLEC), രോഗനിർണയ നടപടിക്രമങ്ങളിലെ മാറ്റങ്ങൾ, എത്തിച്ചേരാൻ പ്രയാസമുള്ള ജനവിഭാഗങ്ങൾക്കായുള്ള പ്രത്യേക കർമപദ്ധതികൾ എന്നിവയെ WHO പിന്തുണച്ചു. ബിഹാറിൽ സ്വഭാവമാറ്റത്തിനായുള്ള ആശയവിനിമയ തന്ത്രമായ COMBI തന്ത്രവും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി.

 

ആഗോള കുഷ്ഠരോഗ തന്ത്രങ്ങളും ആഗോള സാങ്കേതിക മാർഗനിർദേശ രേഖകളും വികസിപ്പിക്കുന്നതിൽ ഇന്ത്യ സജീവമായി പങ്കെടുത്തു. കുഷ്ഠരോഗം ബാധിച്ചവർ ഇപ്പോഴും നേരിടുന്ന അനീതിപരമായ വിവേചനം അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിനും അവബോധം വളർത്താനുമായി 2006 മുതൽ ‘ദ ഗ്ലോബൽ അപ്പീലി’ന്റെ ഭാഗമായി ഇന്ത്യ വാർഷിക സന്ദേശം പങ്കുവയ്ക്കുന്നു. NTD നിയന്ത്രണത്തിനും നിർമാർജനത്തിനും കീഴിലുള്ള WHO ഇന്ത്യ കൺട്രി കോ-ഓപ്പറേഷൻ സ്ട്രാറ്റജിയിൽ, കുഷ്ഠരോഗം ഇപ്പോഴും WHO-യുടെ സാങ്കേതിക പിന്തുണ ആവശ്യമുള്ള മുൻഗണനാ മേഖലയായി തുടരുന്നു. നിരീക്ഷണവും കേസ് കണ്ടെത്തലും ശക്തിപ്പെടുത്തുക, പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് (PEP) പിന്തുണയ്ക്കുക, അവഗണനയും വിവേചനവും കുറയ്ക്കുക, ചികിത്സയിലേക്കും പുനരധിവാസത്തിലേക്കുമുള്ള പ്രവേശനം വർധിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2006-ലെ ആഗോള കുഷ്ഠരോഗ സാഹചര്യം സംബന്ധിച്ച പ്രതിവാര എപ്പിഡെമിയോളജിക്കൽ റിപ്പോർട്ടിൽ, പൊതുജനാരോഗ്യ പ്രശ്നം എന്ന നിലയിൽ കുഷ്ഠരോഗം നിർമാർജനം ചെയ്യാത്ത രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കി.

 

2023-, ലോകാരോഗ്യ സംഘടന (WHO), കുഷ്ഠരോഗത്തെ പൊതുജനാരോഗ്യ പ്രശ്നമെന്ന നിലയിൽ ഇന്ത്യ 2005-ൽ നിർമാർജനം ചെയ്ത ചരിത്രനേട്ടത്തെ പ്രത്യേകം എടുത്തുപറഞ്ഞ് അംഗീകരിച്ചു.  ഇതു രോഗ നിയന്ത്രണത്തിൽ രാജ്യത്തിന്റെ പുരോഗതി അടിവരയിടുന്നു. കൂടാതെ, ഇന്ത്യയുടെ കുഷ്ഠരോഗ നിർമാർജന സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിന് സാങ്കേതികവൈദഗ്ധ്യവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്ന WHO, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ആന്റി-ലെപ്രസി അസോസിയേഷൻസ് (ILEP), വിവിധ സന്നദ്ധ സംഘടനകൾ (NGO) എന്നിവയുൾപ്പെടെയുള്ള ആഗോള പങ്കാളികളുമായി ഇന്ത്യയിപ്പോഴും സജീവമായി സഹകരിക്കുകയാണ്. ILEPയും മറ്റു സന്നദ്ധ സഖ്യസംഘടനകളും: സാമൂഹ്യാവബോധവും ഗുണനിലവാരമുള്ള രോഗനിർണയ-ചികിത്സ-പുനരധിവാസ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി ILEP സംഘടനകൾ, സസകാവ ഹെൽത്ത് ഫൗണ്ടേഷൻ, ലോക ബാങ്ക്, ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ സീറോ ലെപ്രസി (GPZL), ഹിന്ദ് കുഷ്ഠ് നിവാരൺ സംഘ്, ALERT ഇന്ത്യ, IAL, IADVL, BLP, ഷീഫെലിൻ ഇൻസ്റ്റിറ്റ്യൂട്ട് കരിഗിരി, ഇന്റർനാഷണൽ ലെപ്രസി യൂണിയൻ തുടങ്ങിയ മറ്റ് NGO പങ്കാളികളുമായി NLEP സഹകരിച്ച് പ്രവർത്തിക്കുന്നു. കുഷ്ഠരോഗത്തിനെതിരെ പോരാടുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ശ്രദ്ധേയമായ അന്താരാഷ്ട്ര അംഗീകാരവും പിന്തുണയും ലഭിച്ചു.

 

 

ഉപസംഹാരം

 

കുഷ്ഠരോഗ നിയന്ത്രണത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര വിജയകരമായ രോഗനിയന്ത്രണത്തിന്റെ ശ്രദ്ധേയമായ ഗാഥയാണ്. 10,000 പേരിൽ 57.2 എന്ന വ്യാപനനിരക്കും ചികിത്സയിലുള്ള 39.19 ലക്ഷം രോഗികളും എന്ന നിലയിൽനിന്ന്, 2025-ൽ ഇന്ത്യയിൽ 0.57 എന്ന വ്യാപനനിരക്കിലേക്കും ചികിത്സയിലുള്ള 0.82 ലക്ഷം രോഗികളിലേക്കും കുറവുണ്ടായി. 44 വർഷത്തിനിടെ വ്യാപനനിരക്കിൽ 99% ഉം ചികിത്സയിലുള്ള കേസുകളിൽ 98% ഉം കുറവുണ്ടായതായി ഇതു വരച്ചുകാട്ടുന്നു. 10,000-1-ൽ താഴെ (0.84) എന്ന രോഗവ്യാപന നിരക്ക് സ്ഥിരീകരിച്ച 2006 മാർച്ചിന് ശേഷം, പുതിയ കേസുകൾ കണ്ടെത്തുന്നത് 37% കുറഞ്ഞു.

 

രാഷ്ട്രീയ ഇച്ഛാശക്തി, പ്രതിജ്ഞാബദ്ധത, പുതിയ കേസുകൾ കണ്ടെത്തുന്നതിനുള്ള സുസ്ഥിരമായ ശ്രമങ്ങൾ, MDT മരുന്നുകളുടെ സൗജന്യവും തടസ്സമില്ലാത്തതുമായ വിതരണം, പങ്കാളികളുടെ പിന്തുണ, ഒന്നിൽ മാത്രം ശ്രദ്ധ എന്നതിൽനിന്ന് സംയോജിത സേവന വിതരണ തന്ത്രത്തിലേക്കുള്ള മാറ്റം, ആഗോള മാർഗനിർദേശത്തിന്റെ സമയബന്ധിതമായ സ്വീകാര്യത, പരിഷ്കരിച്ച ചികിത്സാസമ്പ്രദായങ്ങളുടെ സമയബന്ധിതമായ അവതരണം, പോസ്റ്റ് എക്സ്പോഷർ പ്രൊഫൈലാക്സിസ്, നൂതനാശയങ്ങളുടെയും സമൂഹ ഇടപെടലിന്റെയും വികാസം എന്നിവയിൽ അധിഷ്ഠിതമായ പൊതുജനാരോഗ്യ വിജയം NLEP പ്രകടമാക്കുന്നു. എന്നിരുന്നാലും, പൊതുജനാരോഗ്യ പ്രശ്‌നമെന്ന നിലയിൽ കുഷ്ഠരോഗം ഇല്ലാതാക്കുക എന്നതു സമ്പൂർണ ഉന്മൂലനമല്ല. കുഷ്ഠരോഗത്തിന്റെ പുതിയ കേസുകൾ തുടർന്നും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വൈകല്യങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനായി രോഗം ഏറ്റവും നേരത്തെ തന്നെ കണ്ടെത്തുക, സംക്രമണ ശൃംഖല തടസ്സപ്പെടുത്തുക, അതിലൂടെ പുതിയ അണുബാധകൾ ഉണ്ടാകാതിരിക്കുക, കുട്ടികളിൽ കുഷ്ഠരോഗം ഇല്ലാതിരിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ട്.

 

ഇതു തിരിച്ചറിഞ്ഞ്, സുസ്ഥിരമായ നിരീക്ഷണം, പുതുക്കിയ ബോധവൽക്കരണ സംരംഭങ്ങൾ, മെച്ചപ്പെട്ട സമൂഹ സമ്പർക്കം എന്നിവയിലൂടെ ശേഷിക്കുന്ന വെല്ലുവിളികളെ ഗവണ്മെന്റ് മുൻകൈയെടുത്ത് അഭിസംബോധന ചെയ്യുന്നു. പ്രത്യേകിച്ച് ഗ്രാമീണ-ഗോത്ര-പിന്നാക്ക ജനവിഭാഗങ്ങളിൽ, പരിശീലന പരിപാടികൾ പുനരുജ്ജീവിപ്പിക്കുന്നതിനും നേരത്തെയുള്ള കണ്ടെത്തൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുകയോ ചികിത്സിക്കപ്പെടാതെ പോകുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നു.

 

 

നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, സാമൂഹ്യ ഇടപെടൽ വിപുലീകരിക്കുക, കുഷ്ഠരോഗ പരിചരണം പൊതുജനാരോഗ്യ സേവനങ്ങളുമായി സംയോജിപ്പിക്കുക എന്നിവയിലൂടെ കുഷ്ഠരോഗരഹിതമായ ഭാവിക്കുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യ ഉറപ്പിക്കുന്നു. നികുഷ്ഠ് 2.0 പോലുള്ള സാങ്കേതിക ഉപകരണങ്ങൾ, ശക്തമായ നയപരമായ പിന്തുണ, പോസ്റ്റ് എക്സ്പോഷർ പ്രോഫിലാക്സിസ്, വർധിച്ച സാമൂഹ്യപങ്കാളിത്തം, സ്വയം റിപ്പോർട്ടിങ് എന്നിവ ഈ ശ്രമങ്ങൾക്കു കരുത്തു പകരുന്നു. 2030-ഓടെ കുഷ്ഠരോഗ വ്യാപനം തടസ്സപ്പെടുത്തുക എന്ന ആഗോള ലക്ഷ്യവുമായി യോജിപ്പിച്ച് സമഗ്രമായ ചട്ടക്കൂട് എൻ‌എസ്‌പിയും മാർഗരേഖയും നൽകുന്നു. ത്വരിതപ്പെടുത്തിയ കേസ് കണ്ടെത്തൽ, ഡിജിറ്റൽ നിരീക്ഷണം, മെച്ചപ്പെട്ട ചികിത്സ, പ്രതിരോധ തന്ത്രങ്ങൾ, ശക്തമായ പങ്കാളിത്തങ്ങൾ എന്നിവയിലൂടെ, ഇന്ത്യയിൽ കുഷ്ഠരോഗം ഇല്ലാതാക്കുക എന്നതാണു ലക്ഷ്യം. ഇന്ത്യ സംക്രമണരഹിതം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ, തുടർച്ചയായ രാഷ്ട്രീയ ഇച്ഛാശക്തി, മതിയായ ധനസഹായം, സജീവമായ പൊതുജന പങ്കാളിത്തം എന്നിവ പ്രധാനമാണ്. ഇവയെല്ലാം നടപ്പാക്കുന്നതോടെ, വൈദ്യശാസ്ത്ര നാഴികക്കല്ല് മാത്രമല്ല, ശാശ്വതമായ മാനുഷിക നേട്ടവും കൂടിയാണു രാജ്യം കൈവരിക്കുക.

 

അവലംബം

 

 

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

 

Ministry of Health and Family Welfare

https://dghs.mohfw.gov.in/nlep.php

https://dghs.mohfw.gov.in/nlep.php

https://nhm.gov.in/index4.php?lang=1&level=0&linkid=281&lid=348

https://nlrindia.org/wp-content/uploads/2024/03/NSP-Roadmap-for-Leprosy-2023-2027.pdf

 

Press Information Bureau

https://www.pib.gov.in/PressReleasePage.aspx?PRID=1738154

 

World Health Oganization

https://www.who.int/activities/monitoring-the-global-leprosy-situation

 

Other Links

https://documents1.worldbank.org/curated/en/428771468033300814/pdf/320410MukherjiLeprosyFinal.pdf

https://www.who.int/publications/i/item/who-wer8132

Click here to see PDF

മറ്റു ലിങ്കുകൾ

***

 

(Backgrounder ID: 155352) Visitor Counter : 16
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate