• Skip to Content
  • Sitemap
  • Advance Search
Social Welfare

ഹെൽമെറ്റ് - വെറും ഒരു കവചമല്ല

മികച്ചത് തിരഞ്ഞെടുക്കുക. സുരക്ഷിതമായി യാത്ര ചെയ്യുക. ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റുകൾ ഉപയോഗിക്കുക.

Posted On: 12 JUL 2025 9:13AM

പ്രധാന കാര്യങ്ങൾ

ഇന്ത്യയിലെ റോഡപകട മരണങ്ങളിൽ 44.5% ഇരുചക്രവാഹനങ്ങളാണ് ഉണ്ടാക്കുന്നത്; ഹെൽമെറ്റുകൾ നിർണായക ജീവൻ രക്ഷിക്കുന്നവയാണ്.
ലോകാരോഗ്യ സംഘടന: ശരിയായ ഹെൽമെറ്റുകൾ മരണ സാധ്യത 6 മടങ്ങ് കുറയ്ക്കുകയും തലച്ചോറിന് പരിക്കേൽക്കാനുള്ള സാധ്യത 74% ഇല്ലാതാക്കുകയും  ചെയ്തു.
2021 മുതൽ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റുകൾ (ഐഎസ് 4151:2015) മാത്രമേ നിയമപരമായി അനുവദനീയമായിട്ടുള്ളൂ.
2024–25ൽ ബിഐഎസ് മുവ്വായിരത്തിലധികം വ്യാജ ഹെൽമെറ്റുകൾ പിടിച്ചെടുത്തു, നിയമവിരുദ്ധ വിൽപ്പനയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുന്നു.

പുരാതനകാലത്ത്  തലയെ ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിന് ഉപയോഗിച്ചിരുന്ന തുണി കൊണ്ടുള്ള പൊതികൾ മുതൽ യുദ്ധത്തിൽ സൈനികരെ സംരക്ഷിക്കുന്ന 'ശിരാസ്ത്രാന' വരെ, തലയുടെ  സംരക്ഷണം എപ്പോഴും പ്രധാനമാണ്. മധ്യകാലഘട്ടത്തിൽ  സംരക്ഷണ ശിരോവസ്ത്രത്തെ വിവരിക്കാൻ ഉപയോഗിച്ചിരുന്ന"ഹെൽമിൽ"എന്ന പദത്തിൽ നിന്ന് രൂപാന്തരം പ്രാപിച്ച   "ഹെൽമെറ്റ്"  ഇപ്പോൾ റോഡുകളിലോ  കായിക ഇനങ്ങളിലോ   ജോലിസ്ഥലത്തോ  എവിടെയായാലും  തലയുടെ എല്ലാത്തരം സംരക്ഷണത്തെയും സൂചിപ്പിക്കുന്നു - 20-ാം നൂറ്റാണ്ടിൽ ആധുനിക ഹെൽമെറ്റുകൾ ഉയർന്നുവന്നെങ്കിലും, അവയുടെ ദൗത്യം ഒന്നുതന്നെയാണ്: തലയെ സംരക്ഷിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യുക.

ഇന്ത്യയിൽ, ഓരോ വർഷവും നിരവധി പേർ റോഡപകടങ്ങളിൽ മരിക്കുന്നു. ഈ മരണങ്ങളിൽ വലിയൊരു പങ്കും ഇരുചക്ര വാഹനങ്ങളാലാണ് ഉണ്ടാകുന്നത് - എന്നാൽ  ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ഗതാഗത മാർഗ്ഗമാണിത്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022-ൽ, ഇന്ത്യയിൽ നടന്ന  എല്ലാ റോഡപകട മരണങ്ങളുടെയും 44.5% വും  ഇരുചക്ര വാഹനങ്ങൾ കൊണ്ടുണ്ടായവയാണ്.

ഇന്ത്യയിൽ ഹെൽമെറ്റ് ഉപയോഗത്തിന് പിന്നിലെ പ്രേരകം പലപ്പോഴും സുരക്ഷയെക്കുറിച്ചുള്ള ആശങ്കയേക്കാൾ പിഴയെക്കുറിച്ചുള്ള ഭയമാണ് . പോലീസ് ചെക്ക്‌പോസ്റ്റുകൾ ദൃശ്യമാകുമ്പോൾ മാത്രമേ റൈഡർമാർ പലപ്പോഴും ഹെൽമെറ്റ് ധരിക്കാറുള്ളൂ, അതിനുശേഷം അവ വേഗത്തിൽ നീക്കം ചെയ്യുന്നു. ഈ രീതികൾ അവബോധത്തിലെ വിടവിനെ പ്രതിഫലിപ്പിക്കുന്നു. 21 കോടിയിലധികം ഇരുചക്രവാഹനങ്ങൾ തിരക്കേറിയ ഗതാഗതത്തിലും പ്രവചനാതീതമായ കാലാവസ്ഥയിലും സഞ്ചരിക്കുന്ന ഒരു രാജ്യത്ത്, ഒരു റൈഡറിന്  ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗം എളിമയുള്ള ഹെൽമെറ്റ് മാത്രമാണ്. 


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ശരിയായ ഹെൽമെറ്റ് ഉപയോഗം അപകട മരണ സാധ്യത 6 മടങ്ങ് കുറയ്ക്കുകയും തലച്ചോറിന് പരിക്കേൽക്കാനുള്ള സാധ്യത 74% വരെ ഇല്ലാതാക്കുകയും  ചെയ്യും.


1988-ലെ മോട്ടോർ വാഹന നിയമപ്രകാരം ഹെൽമെറ്റുകൾ നിയമപരമായി നിർബന്ധമാണെങ്കിലും, എല്ലാ ഹെൽമെറ്റുകളും യഥാർത്ഥ സംരക്ഷണം നൽകുന്നില്ല എന്നതാണ് ഇപ്പോഴും മനസ്സിലാക്കാത്തത്.വഴിയോരങ്ങളിലോ  റോഡരികിലെ കടകളിലോ വിൽക്കുന്ന നിരവധി ഹെൽമെറ്റുകൾ - പലപ്പോഴും വിലകുറഞ്ഞതും ആകർഷകമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണ് - ഏറ്റവും അടിസ്ഥാന സുരക്ഷാ സർട്ടിഫിക്കറ്റുകൾ പോലും  ഇവയ്ക്ക് ഇല്ല. നിലവാരമില്ലാത്ത ഈ ഉൽപ്പന്നങ്ങൾ ഹെൽമെറ്റുകളോട് സാമ്യമുള്ളതാകാം, പക്ഷേ അവ ജീവൻ രക്ഷിക്കുന്ന ഉപകരണങ്ങളായി പ്രവർത്തിക്കുന്നില്ല. പരീക്ഷിക്കുമ്പോൾ, ആഘാതം ആഗിരണം ചെയ്യുന്നതിൽ അവ പരാജയപ്പെടുന്നു,ചിലപ്പോൾ  സ്ട്രാപ്പ് ഉണ്ടായിരിക്കില്ല, അല്ലെങ്കിൽ വീഴ്ചയിൽ തലയോട്ടിയെ സംരക്ഷിക്കുന്നില്ല. ചുരുക്കത്തിൽ, അവ റൈഡർമാർക്ക് തെറ്റായ സുരക്ഷാ ബോധം നൽകുന്നു - ആ മിഥ്യാധാരണ മാരകമായേക്കാം.

ഈ അടിയന്തര ഭീഷണി തിരിച്ചറിഞ്ഞുകൊണ്ട്, ഉപഭോക്തൃ കാര്യ വകുപ്പും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും (BIS) ഉപഭോക്താക്കളെ BIS-സർട്ടിഫൈഡ് ഹെൽമെറ്റുകൾ മാത്രം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ദേശീയ സംരംഭം ആരംഭിച്ചു. 2021 മുതൽ പ്രാബല്യത്തിൽ വന്ന ഗുണനിലവാര നിയന്ത്രണ ഉത്തരവ് പ്രകാരം, ഓരോ ഇരുചക്ര വാഹന റൈഡറും IS 4151:2015-ന്( BIS സാക്ഷ്യപ്പെടുത്തിയ സംരക്ഷണ ഹെൽമെറ്റുകൾക്കുള്ള ഇന്ത്യയുടെ മാനദണ്ഡം)അനുസൃതമായ ഒരു ഹെൽമെറ്റ് ധരിക്കാൻ നിയമപരമായി ബാധ്യസ്ഥരാണ് - 2025 ജൂൺ വരെ, അത്തരം ഹെൽമെറ്റുകൾ നിർമ്മിക്കുന്നതിന് സാധുവായ BIS ലൈസൻസുകൾ കൈവശം വച്ചിരിക്കുന്ന 176 നിർമ്മാതാക്കൾ ഇന്ത്യയിലുടനീളമുണ്ട്. എന്നാൽ നിയമപരമായ പിന്തുണയും വർദ്ധിച്ചുവരുന്ന അവബോധവും ഉണ്ടായിരുന്നിട്ടും, സുരക്ഷിതമല്ലാത്തതും സാക്ഷ്യപ്പെടുത്താത്തതുമായ ഹെൽമെറ്റുകളുടെ ഒരു സമാന്തര വിപണി വളർന്നുവരുന്നു.


അപ്പോൾ, ഒരു സർട്ടിഫൈഡ് ഹെൽമെറ്റിനെ വ്യത്യസ്തമാക്കുന്നത് എന്താണ്? കാര്യത്തിന്റെ കാതൽ ശാസ്ത്രം പറയും .

ഒരു നല്ല ഹെൽമെറ്റ് ഒരു കാര്യം കൈകാര്യം ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് - അതായത് ആഘാതം. ഒരു അപകട സമയത്ത്, റൈഡറുടെ ഗതികോർജ്ജം (ചലിക്കുന്നതിനാൽ ഒരു വസ്തുവിന് ഉള്ള ഊർജ്ജം) പെട്ടെന്ന് നിലയ്ക്കും. ഈ പെട്ടെന്നുള്ള നിർത്തൽ തലയോട്ടിയിലേക്ക് വലിയ ശക്തി പകരും, ഇത് തലച്ചോറിന് ഗുരുതരമായ പരിക്കേൽപ്പിക്കും. തലയ്ക്കുണ്ടാകുന്ന പ്രഹരം കുറയ്ക്കുന്നതിലൂടെ ആ ശക്തി ആഗിരണം ചെയ്ത് പുനർവിതരണം ചെയ്യുക എന്നതാണ് ഹെൽമെറ്റിന്റെ ജോലി.


ബി.ഐ.എസ്-സർട്ടിഫൈഡ് ഹെൽമെറ്റുകൾ മൂന്ന് പാളികളുള്ള രൂപകൽപ്പനയിലൂടെയാണ് ഇത് ചെയ്യുന്നത്: തുളച്ചുകയറുന്നത് ചെറുക്കാൻ കട്ടിയുള്ള പ്ലാസ്റ്റിക് പുറംതോട്, ഊർജ്ജം ആഗിരണം ചെയ്യാൻ ഉള്ളിൽ ഫോമിന്റെ(കുഷ്യൻ)സംരക്ഷണ പാളി, ഘർഷണം കുറയ്ക്കുന്നതിനും ഫിറ്റ് ഉറപ്പാക്കുന്നതിനും സുഖകരമായ പാഡിംഗ്.

പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വസ്തുത, ഹെൽമെറ്റ് കഠിനമായ കൂട്ടിയിടികളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല - റൈഡർ വീഴുമ്പോഴോ ഉരുളുമ്പോഴോ അത് സ്ഥാനത്ത് തുടരണം എന്നതാണ്. അതുകൊണ്ടാണ് ബി.ഐ.എസ് ഹെൽമെറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഈ പരിശോധനകളിൽ താഴെപ്പറയുന്നവ  ഉൾപ്പെടുന്നു:

ഊർജ്ജ ആഗിരണം പരിശോധിക്കുന്നതിനായി ഭാരമുള്ള ഹെൽമെറ്റുകൾ ആൻവിലുകളിൽ(കൂടക്കല്ല്)ഇടുക, റൈഡർമാർക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ പെരിഫറൽ കാഴ്ച വിലയിരുത്തുക,

ചലനാത്മക ശക്തികളുടെ സ്വാധീനത്തിൽ ചിൻ സ്ട്രാപ്പുകൾ പരിശോധിക്കുക,

സൈഡർമാർക്ക് വാഹനങ്ങൾ സമീപിക്കുന്നത് എപ്പോഴും കേൾക്കാൻ കഴിയുന്ന തരത്തിൽ ഷെല്ലിലൂടെ എത്ര ശബ്ദം കടന്നുപോകുന്നുവെന്ന് പരിശോധിക്കുക.

ഉപയോഗിക്കുന്ന വസ്തുക്കൾ താപനിലയിലെ തീവ്രത, ഈർപ്പം, ദൈനംദിന തേയ്മാനം, നാശത്തിനും ഉരച്ചിലിനും പ്രതിരോധം എന്നിവയെ നേരിടണം.

നിർഭാഗ്യവശാൽ, വ്യാജവും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഹെൽമെറ്റുകൾ - പലപ്പോഴും വ്യാജ ISI മാർക്ക് ഉപയോഗിച്ച് വിൽക്കുന്നു -ഇതിലൂടെ ഇവ മേൽപ്പറഞ്ഞ നിർണായക പരിശോധനകൾ ഒഴിവാക്കുന്നു. ആദ്യ ആഘാതത്തിൽ തന്നെ അവ പൊട്ടുകയോ റൈഡറുടെ തലയിൽ നിന്ന് പറന്നുപോകുകയോ ചെയ്തേക്കാം.

അടുത്തിടെ നടന്ന ഒരു പരിശോധനയിൽ, ബിഐഎസ് 30 ലധികം തിരച്ചിൽ, പിടിച്ചെടുക്കൽ പ്രവർത്തനങ്ങൾ നടത്തി, 2024–25 ൽ മാത്രം 500 ലധികം ഹെൽമെറ്റുകൾ പരീക്ഷിച്ചു. ഡൽഹിയിൽ നടന്ന ഒരു ഓപ്പറേഷനിൽ കാലഹരണപ്പെട്ടതോ റദ്ദാക്കിയതോ ആയ ലൈസൻസുകളുമായി പ്രവർത്തിക്കുന്ന ഒമ്പത് നിർമ്മാതാക്കളിൽ നിന്ന് 2,500 ലധികം നിലവാരമില്ലാത്ത ഹെൽമെറ്റുകൾ കണ്ടുകെട്ടി. 17 സ്ഥലങ്ങളിലായി റോഡരികിലെ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന്, നിലവാരമില്ലാത്ത 500 ഹെൽമെറ്റുകൾ കൂടി പിടിച്ചെടുത്തു. ഇപ്പോൾ നിയമനടപടികൾ പുരോഗമിക്കുകയാണ്.


തത്സമയ ജാഗ്രത ഉറപ്പാക്കുന്നതിനായി, ഉപഭോക്താക്കൾക്ക് ഹെൽമെറ്റുകളുടെ ആധികാരികത പരിശോധിക്കാനുള്ള വഴികൾ , BIS എളുപ്പമാക്കിയിട്ടുണ്ട്.

BIS കെയർ ആപ്പ്, BIS പോർട്ടൽ എന്നിവയിലൂടെ, ഒരു നിർമ്മാതാവിന് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കാനും സംശയാസ്പദമായ ഉൽപ്പന്നങ്ങൾ റിപ്പോർട്ട് ചെയ്യാനും ഉപഭോക്താക്കൾക്ക് കഴിയും.

അതേസമയം, നിയമവിരുദ്ധ ഹെൽമെറ്റ് വിൽപ്പനയ്‌ക്കെതിരെ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങൾ ആരംഭിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുകൾക്കും കളക്ടർമാർക്കും കത്തുകൾ നൽകിയിട്ടുണ്ട്.മാത്രമല്ല  BIS ഓഫീസുകളെല്ലാം  ലോക്കൽ പോലീസുമായി അടുത്ത ബന്ധം പുലർത്തുന്നവയുമാണ്.  

ചെന്നൈ പോലുള്ള നഗരങ്ങളിൽ, പൊതു റോഡ്‌ഷോകളും ട്രാഫിക് വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന സർട്ടിഫൈഡ് ഹെൽമെറ്റുകളുടെ സൗജന്യ വിതരണവും അവബോധം വളർത്താൻ സഹായിച്ചിട്ടുണ്ട്.

നിയമനിർവ്വഹണത്തിനപ്പുറം, BIS പൊതുവിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വ്യാജ ഹെൽമെറ്റുകളുടെ അപകടങ്ങളും  ജീവൻ രക്ഷിക്കുന്നതിൽ സർട്ടിഫിക്കേഷനുള്ള  പ്രാധാന്യവും എടുത്തുകാണിക്കുന്നതിനായി, മനക് മിത്രാസ് എന്ന ഓൺ-ഗ്രൗണ്ട് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ക്വാളിറ്റി കണക്ട് പോലുള്ള കാമ്പെയ്‌നുകൾ വഴി   പ്രത്യേകിച്ച് നഗര, അർദ്ധ നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കളുമായി ഇടപഴകുന്നു.


ബിഐഎസ് സർട്ടിഫൈഡ് ഹെൽമെറ്റുകൾ ധരിക്കുക - പിഴ ഒഴിവാക്കാൻ അല്ല, മറിച്ച് ജീവൻ രക്ഷിക്കാൻ


വിശാലമായ സന്ദേശം ലളിതമാണ്, പക്ഷേ അടിയന്തിരവുമാണ്: സ്റ്റൈലിനോ വിലയ്‌ക്കോ വേണ്ടി സുരക്ഷയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഹെൽമെറ്റുകൾ വെറും പ്ലാസ്റ്റിക് കവചങ്ങളല്ല ; ജീവന് ഭീഷണിയായ ആഘാതങ്ങൾ ആഗിരണം ചെയ്യുന്ന ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത സംരക്ഷണ ഉപകരണങ്ങളാണ് അവ. ഹെൽമെറ്റുകൾ ശിക്ഷകൾക്കെതിരായ ഒരു കവചം മാത്രമല്ല - അവ മാറ്റാനാവാത്ത ആഘാതങ്ങൾക്കെതിരായ ഒരു ആവരണം കൂടിയാണ് . നിയമപരമായ ഉത്തരവുകൾ പെരുമാറ്റത്തെ നയിക്കുമെങ്കിലും, അറിവുള്ള തിരഞ്ഞെടുപ്പുകൾക്ക് ജീവൻ രക്ഷിക്കാൻ കഴിയും. പെരുമാറ്റ മാറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നതിനർത്ഥം ചെല്ലാനേക്കാൾ(പിഴ ഒടുക്കുമ്പോൾ ലഭിക്കുന്ന രസീത്)   കൂടുതൽ തങ്ങളുടെ ജീവിതത്തെ വിലമതിക്കാൻ റൈഡർമാരെ പ്രോത്സാഹിപ്പിക്കുക എന്നാണ്. ഒടുവിലായി , സാക്ഷ്യപ്പെടുത്തിയതും സാക്ഷ്യപ്പെടുത്താത്തതുമായ ഹെൽമെറ്റ് തമ്മിലുള്ള വ്യത്യാസം ഒരു സ്റ്റിക്കർ മാത്രമല്ല - റോഡുകളിലെ ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസമാണിത്.

വെറുമൊരു  ഹെൽമെറ്റല്ല  ധരിക്കേണ്ടത്.പ്രവർത്തിക്കുന്ന ഹെൽമെറ്റ് ധരിക്കുക.


അവലംബങ്ങൾ:

Ministry of Consumer Affairs, Food & Public Distribution

https://www.pib.gov.in/PressReleasePage.aspx?PRID=2142409

https://www.instagram.com/p/Csfvc4cvrai/

Ministry of Road Transport and Highways

Annual Report 2024-25: https://morth.nic.in/sites/default/files/Annual-Report-English-with-Cover.pdf (Page 82)

Bureau of Indian Standards

Helmet E-Book (March 2023): https://www.bis.gov.in/helmet-3/

World Health Organisation

https://www.who.int/news-room/fact-sheets/detail/road-traffic-injuries

Download in PDF

***

(Backgrounder ID: 155088) Visitor Counter : 9
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate