Social Welfare

ചലച്ചിത്രപ്രദർശനമെന്നതിനപ്പുറം

ഇന്ത്യൻ സിനിമയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ IFFI-യുടെ പങ്ക്

Posted On: 19 NOV 2026 3:24PM

ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI)


 

അവലംബം: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

 മനുഷ്യരെ ഒന്നിപ്പിക്കാനുള്ള സവിശേഷമായ ഒരു ശക്തി സിനിമയ്ക്കുണ്ട്. ഒരു വിദൂര ഗ്രാമത്തിൽ പിറന്ന കഥയ്ക്ക്, ആയിരക്കണക്കിന് മൈലുകൾക്കപ്പുറമുള്ള ഒരാളുടെ ഹൃദയത്തെ സ്പർശിക്കാനാകും. അപരിചിതമായ ഭാഷയിലുള്ള ഒരു സിനിമയ്ക്ക്, എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന വികാരങ്ങൾ ഉണർത്താൻ കഴിയും. ഭൂമിശാസ്ത്രപരമായ അതിരുകൾക്കും സാംസ്കാരിക വൈവിധ്യങ്ങൾക്കും അപ്പുറം, കഥകൾ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ചലച്ചിത്രമേളകൾ ഇത്തരം ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനൊപ്പം, വ്യത്യസ്ത ശബ്ദങ്ങളെയും നൂതനകാഴ്ചപ്പാടുകളെയും പുതുപ്രതിഭകളെയും ഒരേ വേദിയിൽ സംഗമിപ്പിക്കുന്നു.

കഥാകഥനത്തിൻ്റെ   ഈ ചൈതന്യം 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) മുഖ്യപ്രമേയമായി മാറുന്നു. 2026 നവംബർ 20 മുതൽ 28 വരെ ഗോവയിൽ അരങ്ങേറുന്ന മേളയുടെ പ്രമേയം 'അതിരുകളില്ലാത്ത കഥകൾ' (Stories Without Borders) എന്നതാണ്. രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കാനുള്ള സിനിമയുടെ അതുല്യമായ ശേഷിയെയാണ് ഈ പ്രമേയം ആഘോഷിക്കുന്നത്.ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന ഈ മേളയിൽ, ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരും, വളർന്നുവരുന്ന പ്രതിഭകളും, സിനിമാ പ്രേമികളും ഒത്തുചേരും.

എന്നാൽ, പ്രേക്ഷകർക്ക് മുന്നിലെ ചലച്ചിത്ര പ്രദർശനത്തിനപ്പുറത്തേക്ക്  IFFI-യുടെ പ്രസക്തി വ്യാപിക്കുന്നു. ഒരു യുവ ചലച്ചിത്ര പ്രവർത്തകനെ സംബന്ധിച്ചിടത്തോളം, ആഗോള ചലച്ചിത്ര വ്യവസായവുമായി പരിചയപ്പെടാനും പുതിയ സാധ്യതകൾ കണ്ടെത്താനുമുള്ള ആദ്യ അവസരമായിരിക്കാം ഈ മേള. പ്രാദേശികമായി കഥകൾ പറയുന്ന ഒരാൾക്ക്, സ്വന്തം ഭാഷയുടെയും സംസ്കാരത്തിൻ്റെയും അതിരുകൾക്കപ്പുറമുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള വേദിയാകാനും ഇതിന് കഴിയും. സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക് പുതിയ സഹകരണങ്ങളും സർഗാത്മക സാധ്യതകളും ആരായാനും IFFI സഹായിക്കുന്നു. വിവിധങ്ങളായ സംരംഭങ്ങളിലൂടെ പ്രതിഭകളെ പരിപോഷിപ്പിക്കാനും, ഇന്ത്യയുടെ ചലച്ചിത്ര വൈവിധ്യത്തെ ആഘോഷിക്കാനും, ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്താനും IFFI നിരന്തരം പ്രവർത്തിക്കുന്നു.

പുതുതലമുറയിലെ കഥാകാരന്മാരെ പരിപോഷിപ്പിക്കുന്നു

ഓരോ ചലച്ചിത്ര പ്രവർത്തകൻ്റെയും യാത്ര ആരംഭിക്കുന്നത് ഒരു ചെറിയ ആശയത്തിൽ നിന്നായിരിക്കാം; ആ ആശയത്തിന് ചലച്ചിത്രരൂപം നൽകണമെന്ന ദൃഢനിശ്ചയമാണ് പലപ്പോഴും അതിന് വഴികാട്ടുന്നത്. എന്നാൽ, ഒരു ആശയത്തെ പൂർണമായ ചലച്ചിത്രാനുഭവമാക്കി മാറ്റാൻ സർഗാത്മകത മാത്രം മതിയാകില്ല. അതിന് സാങ്കേതിക മികവും കൂട്ടായ പ്രവർത്തനവും ചലച്ചിത്രമേഖലയെക്കുറിച്ചുള്ള അറിവും കഴിവുകൾ തെളിയിക്കാനുള്ള അവസരങ്ങളും അനിവാര്യമാണ്. ചലച്ചിത്രരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് ഇത്തരം അവസരങ്ങൾ ഒരുക്കുകയും അവരുടെ സ്വപ്നങ്ങൾക്ക് കൂടുതൽ വിശാലമായ ആകാശം തുറന്നുകൊടുക്കുകയും ചെയ്യുന്ന വേദിയാണ് IFFI.
 
2021-ൽ ആരംഭിച്ച 'ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോ' (CMOT) ആണ് ഈ ഉദ്യമത്തിൻ്റെ   കേന്ദ്രബിന്ദു. IFFI 2026-ൽ ആറാം പതിപ്പിലെത്തുന്ന ഈ സംരംഭം, ചലച്ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ട 13 വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 100 യുവപ്രതിഭകളെ ഒരേ വേദിയിൽ അണിനിരത്തുന്നു. സംവിധാനം, ഛായാഗ്രഹണം, തിരക്കഥാരചന, ശബ്ദലേഖനം, വസ്ത്രാലങ്കാരം, വിഷ്വൽ ഇഫക്റ്റുകൾ വരെയുള്ള മേഖലകളിൽ നിന്നുള്ള പ്രതിഭകൾ ഇതിൻ്റെ   ഭാഗമാകും.. ചലച്ചിത്ര നിർമ്മാണം എന്നത് പല സർഗ്ഗാത്മക മേഖലകളുടെയും കൂട്ടായ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു എന്ന തിരിച്ചറിവാണ് ഈ സംരംഭത്തിൻ്റെ   ആധാരമായി വർത്തിക്കുന്നത്.
 
പങ്കെടുക്കുന്നവർക്ക് മാസ്റ്റർക്ലാസുകൾ, ശിൽപ്പശാലകൾ, പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകരുമായുള്ള സംവാദങ്ങൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരമൊരുങ്ങും.48 മണിക്കൂർ നീളുന്ന ഫിലിം മേക്കിംഗ് ചലഞ്ചിലൂടെ, ആശയങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളിൽ മൂർത്തമായ ചലച്ചിത്രങ്ങളാക്കി മാറ്റാനുള്ള അവരുടെ സർഗാത്മകതയും പ്രായോഗിക മികവും പരീക്ഷിക്കപ്പെടും. CMOT ടാലൻ്റ്  ക്യാമ്പും പരിപാടിയിൽ ഉൾപ്പെടുന്നു. ഇവിടെ പങ്കെടുക്കുന്നവർക്ക് സർഗ്ഗാത്മക ആശയങ്ങൾ അവതരിപ്പിക്കാനും മാധ്യമ-വിനോദ വ്യവസായ മേഖലകളിലെ വിവിധ സാധ്യതകൾ കണ്ടെത്താനും അവസരമുണ്ടാകും. ഈ പ്രവർത്തനങ്ങളിലൂടെ കേവലമായ സൈദ്ധാന്തിക പഠനത്തിനപ്പുറം, നേരിട്ടുള്ള അനുഭവവും പ്രായോഗിക പരിശീലനവും വ്യവസായ രംഗത്തെ പ്രമുഖരുമായി ഇടപഴകാനുള്ള അവസരവും യുവപ്രതിഭകൾക്ക് ലഭിക്കുന്നു.


 


 

അവലംബം: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

യുവ ചലച്ചിത്ര പ്രവർത്തകർക്ക് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള വേദിയായി ഈ സംരംഭം മാറിയിട്ടുണ്ട്. 2022-ൽ സി.എം.ഒ.ടി.യിൽ പങ്കെടുത്ത ചിദാനന്ദ എസ്. നായിക്കിൻ്റെ   നേട്ടം ഇതിന് മികച്ച ഉദാഹരണമാണ്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ (എഫ്.ടി.ഐ.ഐ.) വിദ്യാർത്ഥിയായിരിക്കെ അദ്ദേഹം സംവിധാനം ചെയ്ത "സൺഫ്ലവേഴ്‌സ് വേർ ദി ഫസ്റ്റ് വൺസ് ടു നോ"എന്ന ഹ്രസ്വചിത്രം 2024-ൽ കാൻ ചലച്ചിത്രമേളയിലെ ലാ സിനിഫ് പുരസ്കാരം നേടി. ഇന്ത്യൻ നാടോടിക്കഥകളിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കന്നഡ ഭാഷയിൽ ഒരുക്കിയ ഈ ചിത്രം, പ്രാദേശിക സംസ്കാരത്തിലും പാരമ്പര്യത്തിലും വേരൂന്നിയ കഥകൾക്ക് ആഗോളതലത്തിൽ എത്രത്തോളം സ്വീകാര്യത നേടാനാകുമെന്ന് തെളിയിച്ചു. ചിദാനന്ദിൻ്റെ   ഈ നേട്ടം വളർന്നുവരുന്ന ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അന്താരാഷ്ട്ര വേദികളിൽ സ്വന്തം കഴിവും സർഗാത്മകതയും തെളിയിക്കാൻ ഇത്തരം സംരംഭങ്ങൾ നൽകുന്ന അവസരങ്ങളുടെ പ്രാധാന്യം അടിവരയിടുന്നു.

2026-ലെ ചലച്ചിത്രമേള, തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൂടെ നവാഗതരും വളർന്നുവരുന്നതുമായ ചലച്ചിത്രപ്രവർത്തകരുടെ സർഗാത്മക സംഭാവനകൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 52 വനിതാ ചലച്ചിത്രപ്രവർത്തകരും, ആദ്യമായി സംവിധാനരംഗത്തേക്ക് കടന്നുവരുന്ന 62 പേരും ഈ വർഷത്തെ മേളയിൽ  ഇടം നേടിയിട്ടുണ്ട്. ഇവരിൽ 10 വനിതാ സംവിധായകരും 12 നവാഗത സംവിധായകരും വിവിധ മത്സര വിഭാഗങ്ങളിൽ മാറ്റുരയ്ക്കും. ഇന്ത്യയിൽ നിന്നുള്ള  'ദി സ്ലെഡ്ജ്' (The Sledge), 'ബേർഡ്‌സ് ഓൺ ഐസ്' (Birds on Ice) എന്നീ ചിത്രങ്ങളുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ചിത്രങ്ങളാണ് മികച്ച നവാഗത ഫീച്ചർ ചിത്രത്തിനുള്ള (Best Debut Feature Films) മത്സരവിഭാഗത്തിൽ പങ്കെടുക്കുന്നത്. ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നവർക്ക്, പ്രശസ്തരായ ചലച്ചിത്രപ്രവർത്തകർക്കൊപ്പം തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിക്കാനുള്ള അവസരം ഇത്തരം വേദികൾ പ്രദാനം ചെയ്യുന്നു.

ചലച്ചിത്രനിർമ്മാണത്തിൻ്റെ   വിവിധ ഘട്ടങ്ങളിലുള്ള പ്രതിഭകൾക്ക് തുല്യമായ ഇടം നൽകുന്ന വേദിയാണ് IFFI. ചലച്ചിത്രനിർമ്മാണത്തിൻ്റെ   ആദ്യപാഠങ്ങൾ അഭ്യസിക്കുന്ന വിദ്യാർഥികൾ മുതൽ തങ്ങളുടെ ആദ്യ ചിത്രങ്ങളിലൂടെ അംഗീകാരം നേടാൻ ശ്രമിക്കുന്ന നവാഗത സംവിധായകർ വരെ ഇവിടെ ഒത്തുചേരുന്നു. ഈ ചലച്ചിത്രമേള അവരെ ഒന്നിപ്പിക്കുകയും, അതുവഴി പുതിയ ആശയങ്ങൾക്കും വളർന്നുവരുന്ന സർഗാത്മക ശബ്ദങ്ങൾക്കും  കൂടുതൽ വിശാലമായ പ്രേക്ഷകവൃന്ദത്തെ കണ്ടെത്താൻ അവസരമൊരുക്കുകയും ചെയ്യുന്നു.  

ഇന്ത്യൻ പനോരമ: വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ചലച്ചിത്രങ്ങൾ

ഇന്ത്യയുടെ ചലച്ചിത്രലോകം, അതിന് രൂപം നൽകുന്ന ജനവിഭാഗങ്ങളുടെയും സംസ്കാരങ്ങളുടെയും വൈവിധ്യം പോലെ തന്നെ ബഹുസ്വരമാണ്. മുഖ്യധാരാ സിനിമകൾക്ക് അപ്പുറം, രാജ്യത്തെ പ്രാദേശിക ഭാഷകളിൽ നിന്നും ചലച്ചിത്ര നിർമ്മാണ പാരമ്പര്യങ്ങളിൽ നിന്നും എണ്ണമറ്റ കഥകൾ ഉയർന്നുവരുന്നുണ്ട്. ചിലത് പരിചിതമായ മാനുഷിക അനുഭവങ്ങളെ ആവിഷ്കരിക്കുമ്പോൾ, മറ്റു ചിലത് വെള്ളിത്തിരയിൽ അപൂർവ്വമായി മാത്രം കാണാറുള്ള ജീവിതങ്ങളെ വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളെ ഒന്നിപ്പിക്കുക എന്നത്, ദീർഘകാലമായി IFFI-യുടെ പ്രധാന ദൗത്യങ്ങളിലൊന്നാണ്.

1978-ൽ ആരംഭിച്ച 'ഇന്ത്യൻ പനോരമ' ഈ ഉദ്യമത്തിൽ നിർണായക പങ്കുവഹിക്കുന്നു.  IFFI-യിലെ ഈ പ്രധാന വിഭാഗം, സസമകാലിക ഇന്ത്യൻ സിനിമയിലെ മികച്ച ഫീച്ചർ, നോൺ-ഫീച്ചർ ചിത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനുള്ള വേദിയൊരുക്കുന്നു.

  

അവലംബം: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വർഷങ്ങളായി, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന പ്രാദേശിക ആഖ്യാനങ്ങളെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ഇന്ത്യൻ പനോരമ നിർണായക പങ്കുവഹിച്ചുവരുന്നു. IFFI 2023-ൽ, മണിപ്പൂരി ഡോക്യുമെൻ്ററി ആൻഡ്രോ ഡ്രീംസ് നോൺ-ഫീച്ചർ വിഭാഗത്തിലെ പ്രദർശനങ്ങൾക്ക് തുടക്കമിട്ടു. മീന ലോങ്‌ജാം സംവിധാനം ചെയ്ത ഈ ചിത്രം, മണിപ്പൂരിലെ ഒരു ഗ്രാമത്തിൽ പെൺകുട്ടികൾ മാത്രമായി പ്രവർത്തിക്കുന്ന ഫുട്ബോൾ ക്ലബ്ബിൻ്റെ   കഥയാണ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധികളും ആഴത്തിൽ വേരൂന്നിയ സാമൂഹിക വിലക്കുകളും മറികടന്ന് മുന്നേറാൻ ശ്രമിക്കുന്ന പെൺകുട്ടികളുടെ നിശ്ചയദാർഢ്യവും അതിജീവനശേഷിയുമാണ് ചിത്രം ആവിഷ്കരിക്കുന്നത്. 2024-ൽ, ഘർ ജൈസ കുച്ച് എന്ന ലഡാക്കി ഹ്രസ്വചിത്രം മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. ഇന്ത്യൻ പനോരമയുടെ നോൺ-ഫീച്ചർ വിഭാഗത്തിന് തുടക്കമിട്ട ആദ്യ ലഡാക്കി ചിത്രമെന്ന നേട്ടമാണ് ഇത് കൈവരിച്ചത്. ഹർഷ് സംഗാനി സംവിധാനം ചെയ്ത ചിത്രം, സ്ഥാനചലനം, സ്വന്തമെന്ന ബോധം, വീടിനോടുള്ള വൈകാരികമായ അടുപ്പം, മടങ്ങിച്ചെല്ലാനുള്ള ആഗ്രഹം തുടങ്ങിയ പ്രമേയങ്ങളാണ് അന്വേഷിക്കുന്നത്.  
 
2025-ലും ഈ വൈവിധ്യപൂർണമായ ചലച്ചിത്രാവിഷ്കാരങ്ങൾക്ക് ഇന്ത്യൻ പനോരമയിൽ പ്രാധാന്യം ലഭിച്ചു. സുസ്ഥാപിതമായ സിനിമാ പാരമ്പര്യങ്ങൾക്കൊപ്പം ദേശീയതലത്തിൽ വേണ്ടത്ര ശ്രദ്ധയും പ്രാതിനിധ്യവും ലഭിക്കാത്ത ഭാഷകളിൽ നിന്നുള്ള ചിത്രങ്ങളും തിരഞ്ഞെടുപ്പിൽ ഇടം നേടി. ഫീച്ചർ വിഭാഗം ഉദ്ഘാടനം ചെയ്യാൻ തമിഴ് ചിത്രമായ 'അമരൻ' തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, നോൺ-ഫീച്ചർ വിഭാഗത്തിനായി ഹിന്ദി ചിത്രമായ 'കക്കോരി' തിരഞ്ഞെടുക്കപ്പെട്ടു. ബ്രജ് ഭാഷയിലുള്ള 'വിമുക്ത്', തുളു ഭാഷയിലുള്ള 'ഇമ്പു', മണിപ്പൂരി ഭാഷയിലുള്ള 'ഒയ്താരെയ്' എന്നിവയും തിരഞ്ഞെടുക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. 'ഇന്ത്യൻ പനോരമ'യിലൂടെ അവതരിപ്പിക്കപ്പെടുന്ന കഥകളുടെ ഭാഷാപരമായ വൈവിധ്യം വർധിച്ചുവരുന്നതിനെയാണ് ഈ ചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
 
57-ാമത് ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI), ഈ വൈവിധ്യപൂർണമായ ചലച്ചിത്രപാരമ്പര്യത്തെ കൂടുതൽ വിപുലമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നു. 404 ഫീച്ചർ ചിത്രങ്ങളിൽ നിന്നും 358 നോൺ-ഫീച്ചർ ചിത്രങ്ങളിൽ നിന്നുമുള്ള തിരഞ്ഞെടുപ്പിലൂടെ യഥാക്രമം 25 ഫീച്ചർ ചിത്രങ്ങളും 20 നോൺ-ഫീച്ചർ ചിത്രങ്ങളും മേളയുടെ മത്സരവിഭാഗങ്ങളിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമ വിഭാഗത്തിൽ 18 ഭാഷകളിലായി ആകെ 76 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' (Dhurandhar) ഫീച്ചർ വിഭാഗത്തിൻ്റെയും ലീന യാദവ് സംവിധാനം ചെയ്ത ലഡാക്കി ചിത്രമായ  'ബികമിംഗ്' (Becoming) നോൺ-ഫീച്ചർ വിഭാഗത്തിൻ്റെയും ഉദ്ഘാടന ചിത്രങ്ങളാകും. നിഷി ഭാഷയിലുള്ള 'ഉരും' (Urum), തുളു ഭാഷയിലുള്ള  'പിലി ചന്നേ' (Pili Channe) ലഡാക്കി ഭാഷയിലുള്ള 'ബേർഡ്‌സ് ഓൺ ഐസ്' (Birds on Ice)എന്നിവയും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, മറാഠി, മലയാളം സിനിമകളുടെ സമ്പന്നമായ ചലച്ചിത്രപാരമ്പര്യത്തെയും സമകാലിക ആഖ്യാനങ്ങളെയും ആഘോഷിക്കുന്നതിനും മേള പ്രത്യേക പ്രാധാന്യം നൽകുന്നു.  

 


 

'പിലി ചന്നേ' (Pili Channe)



 

'ബേർഡ്‌സ് ഓൺ ഐസ്' (Birds on Ice)

ഇത്തരം തിരഞ്ഞെടുപ്പുകൾ ഇന്ത്യൻ സിനിമയിൽ വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിൻ്റെ   പ്രാധാന്യമാണ് അടിവരയിടുന്നത്. പ്രാദേശിക സിനിമകൾക്ക് പ്രേക്ഷകർക്ക് അപരിചിതമായ ഭൂപ്രകൃതികളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും ജീവിതാനുഭവങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം, ഭാഷയുടെയും ദേശത്തിൻ്റെയും അതിരുകൾ മറികടന്ന് എല്ലാവരെയും ഒരുപോലെ സ്പർശിക്കുന്ന സാർവത്രികമായ മാനുഷിക വികാരങ്ങളും അനുഭവങ്ങളും ആവിഷ്കരിക്കാനാകും. ഇത്തരം വൈവിധ്യമാർന്ന ആഖ്യാനങ്ങളെ ഒരേ വേദിയിൽ കോർത്തിണക്കുന്നതിലൂടെ, ഇന്ത്യൻ സിനിമയുടെ സ്വത്വത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ വിശാലവും ബഹുസ്വരവുമാക്കാൻ ഇന്ത്യൻ പനോരമയ്ക്ക് കഴിയുന്നു. അതോടൊപ്പം, പ്രാദേശികമായ പരിമിതികൾക്കപ്പുറം വിശാലമായ പ്രേക്ഷകസമൂഹവുമായി സംവദിക്കാനും ചലച്ചിത്രപ്രവർത്തകർക്ക് ഈ വേദി അവസരമൊരുക്കുന്നു.
 
വേവ്‌സ് ഫിലിം ബസാറും ബ്രിക്‌സ് ഷോക്കേസും

ഒരു സിനിമയുടെ യാത്ര അതിൻ്റെ   അവസാന രംഗം ചിത്രീകരിക്കുന്നതോടെ അവസാനിക്കുന്നില്ല; മറിച്ച്, അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുള്ള  സാമ്പത്തിക പിന്തുണ, ചലച്ചിത്രമേഖലയിലെ ബന്ധങ്ങൾ, പരിചിതമായ വിപണികൾക്കപ്പുറമുള്ള വിതരണ-പ്രദർശന സാധ്യതകൾ എന്നിവ അനിവാര്യമാണ്.  സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരെ സംബന്ധിച്ചിടത്തോളം, ഇത്തരം അവസരങ്ങൾ കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്.  കാലക്രമേണ, ഇത്തരത്തിലുള്ള ബന്ധങ്ങൾ രൂപപ്പെടാൻ സഹായിക്കുന്ന ഒരു വേദിയായി IFFI പരിണമിച്ചിരിക്കുന്നു.

ഇത്തരത്തിലുള്ള ഒരു വേദിയാണ് 'വേവ്സ് ഫിലിം ബസാർ' (WAVES Film Bazaar); 2026-ൽ ഇരുപതാം പതിപ്പിൻ്റെ   നിറവിലാണ് ഇത്. 2007-ൽ ആരംഭിച്ച ഈ സംരംഭം, ഗോവയിൽ നടക്കുന്ന ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടൊപ്പം (IFFI) സംഘടിപ്പിക്കപ്പെടുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വിപണിയാണ്. പരമ്പരാഗത ചലച്ചിത്ര മേളകളിൽ നിന്ന് വ്യത്യസ്തമായി, സിനിമയുടെ വാണിജ്യപരമായ വശങ്ങളിലും വികസനത്തിലുമാണ് ഫിലിം ബസാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർ, നിർമ്മാതാക്കൾ, ധനസഹായം നൽകുന്നവർ, വിതരണക്കാർ, സിനിമാ മേഖലയിലെ മറ്റ് വിദഗ്ധർ എന്നിവരെ ഇത് ഒരേ വേദിയിൽ അണിനിരത്തുന്നു.

പരമ്പരാഗത ചലച്ചിത്രമേളകളിൽ നിന്ന് വ്യത്യസ്തമായി, സിനിമയുടെ കലാപരമായ വശങ്ങൾക്കൊപ്പം അതിൻ്റെ   വാണിജ്യ സാധ്യതകൾക്കും വികസന പ്രക്രിയയ്ക്കുമാണ് ഫിലിം ബസാർ പ്രാധാന്യം നൽകുന്നത്. ലോകത്തിൻ്റെ   വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകർ, നിർമാതാക്കൾ, നിക്ഷേപകർ, വിതരണക്കാർ, ചലച്ചിത്രമേഖലയിലെ മറ്റ് വിദഗ്ധർ എന്നിവരെ ഒരേ വേദിയിൽ കൊണ്ടുവരുന്നതിലൂടെ പുതിയ സഹകരണങ്ങൾക്കും ബിസിനസ് പങ്കാളിത്തങ്ങൾക്കും ഇത് വഴിയൊരുക്കുന്നു. മികച്ച ചലച്ചിത്ര ആശയങ്ങൾക്കും പൂർത്തീകരണത്തിലിരിക്കുന്ന സിനിമകൾക്കും ആവശ്യമായ സാമ്പത്തികവും സാങ്കേതികവും വ്യവസായപരവുമായ പിന്തുണ കണ്ടെത്തി, മികച്ച ചലച്ചിത്ര പദ്ധതികളെ വിശാലമായ പ്രേക്ഷകസമൂഹത്തിലേക്ക് എത്തിക്കാൻ സഹായിക്കുക എന്നതാണ് ഫിലിം ബസാറിൻ്റെ   പ്രധാന ലക്ഷ്യം.

മികച്ചൊരു തിരക്കഥയ്ക്ക് അനുയോജ്യമായ നിർമാതാവിനെയോ സാമ്പത്തിക പിന്തുണയെയോ കണ്ടെത്തേണ്ടിവരുമ്പോൾ, നിർമാണം പുരോഗമിക്കുന്ന ഒരു ചിത്രത്തിന് വിദഗ്ധ മാർഗനിർദേശവും സാങ്കേതിക സഹായവും ആവശ്യമായി വന്നേക്കാം. അതേസമയം, പൂർത്തിയായ ഒരു സിനിമയ്ക്ക് അന്താരാഷ്ട്ര വിതരണക്കാരിലേക്കും സാധ്യതയുള്ള വാങ്ങുന്നവരിലേക്കും എത്തിച്ചേരാനുള്ള അവസരങ്ങളാണ് വേണ്ടത്. ചലച്ചിത്രനിർമാണത്തിൻ്റെ   ഈ വ്യത്യസ്ത ആവശ്യങ്ങൾ പരിഗണിച്ച് രൂപകൽപ്പന ചെയ്ത പ്രത്യേക പരിപാടികളിലൂടെയാണ് ഫിലിം ബസാർ പ്രവർത്തിക്കുന്നത്. ഇതിൻ്റെ   സഹനിർമാണ വിപണി (Co-Production Market) ചലച്ചിത്ര പദ്ധതികളെ സാധ്യതയുള്ള സഹനിർമാതാക്കളുമായും സാമ്പത്തിക പങ്കാളികളുമായും ബന്ധിപ്പിക്കുന്നു. തിരക്കഥാ ലാബ് (Screenwriters' Lab) എഴുത്തുകാർക്ക് തിരക്കഥ വികസിപ്പിക്കുന്നതിനുള്ള മാർഗനിർദേശവും പിന്തുണയും നൽകുമ്പോൾ, വർക്ക്-ഇൻ-പ്രോഗ്രസ് ലാബ് (Work-in-Progress Lab) നിർമാണത്തിലിരിക്കുന്ന ചിത്രങ്ങളുടെ മികവ് മെച്ചപ്പെടുത്താൻ ചലച്ചിത്രപ്രവർത്തകരെ സഹായിക്കുന്നു. ഇതിനുപുറമെ, വ്യൂവിംഗ് റൂം (Viewing Room), മാർക്കറ്റ് സ്ക്രീനിംഗുകൾ (Market Screenings), പ്രൊഡ്യൂസേഴ്‌സ് ലാബ് (Producers' Lab) തുടങ്ങിയ സംവിധാനങ്ങൾ സിനിമകളെ വാങ്ങാൻ താത്പര്യമുള്ളവർക്കും വിതരണക്കാർക്കും മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമൊരുക്കുന്നു.  

ഈ ഉദ്യമങ്ങളുടെ സ്വാധീനം, ഈ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങളിലൂടെ മനസ്സിലാക്കാം. 'ദി ലഞ്ച്‌ബോക്‌സ്', 'കോർട്ട്', 'ന്യൂട്ടൺ', 'ഗേൾസ് വിൽ ബി ഗേൾസ്' തുടങ്ങിയ, ഏറെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ വളർച്ചയിൽ ഈ പ്ലാറ്റ്‌ഫോം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 'ഫിലിം ബസാർ' (Film Bazaar) രണ്ട് പതിറ്റാണ്ടുകൾ പൂർത്തിയാക്കുമ്പോൾ, അതിൻ്റെ പ്രാധാന്യം കേവലം ചില സിനിമകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. അന്താരാഷ്ട്ര സഹകരണങ്ങളും പ്രേക്ഷകരെയും തേടുന്ന ഇന്ത്യൻ കഥാകാരന്മാർക്ക്, അവസരങ്ങളുടെ വിപുലമായ ഒരു ശൃംഖലയായി ഇത് നിലകൊള്ളുന്നു.

പുതിയ വിപണികളിലേക്ക് സിനിമകൾ എത്തിക്കാൻ 'ഫിലിം ബസാർ' (Film Bazaar) സഹായിക്കുമ്പോൾ തന്നെ,  സമാനമായ മാനുഷിക അനുഭവങ്ങളിലൂടെ വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനും സിനിമയ്ക്ക് കഴിയുന്നു. ഈ സാംസ്കാരിക വിനിമയത്തിൻ്റെ   പ്രാധാന്യം വ്യക്തമാക്കുന്നതാണ് 2026-ലെ IFFI-യിൽ 21 ചിത്രങ്ങളുമായി അവതരിപ്പിക്കുന്ന 'ബ്രിക്സ്' (BRICS) ചലച്ചിത്ര പ്രദർശനം. ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള സിനിമകളെ ഒരേ വേദിയിൽ അണിനിരത്തുന്ന ഈ വിഭാഗം, വ്യത്യസ്ത രാജ്യങ്ങളുടെ ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങൾ, സാമൂഹിക യാഥാർത്ഥ്യങ്ങൾ, സമകാലിക ജീവിതാനുഭവങ്ങൾ എന്നിവയെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു.

ഈ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ്, ഓരോ സമൂഹത്തിൻ്റെയും സവിശേഷമായ ചരിത്ര-സാംസ്കാരിക അനുഭവങ്ങളെയും അവയ്ക്കിടയിൽ നിലനിൽക്കുന്ന പൊതുവായ ആശങ്കകളെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു. ബ്രസീലിൽ നിന്നുള്ള 'അമാഡിയോ ആൻഡ് ദി ഹൈപ്പോതെറ്റിക്കൽ ന്യൂ വേൾഡ്' (Amadeo and the Hypothetical New World) അടിമത്തത്തിനെതിരായ പോരാട്ടത്തെ പുനഃപരിശോധിക്കുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള 'ദി സീ സ്പീക്ക്‌സ് ഹിസ് നെയിം' (The Sea Speaks His Name), 1998-ലെ ജനകീയ പ്രക്ഷോഭത്തിനിടെ അപ്രത്യക്ഷനായ ഒരു വിദ്യാർത്ഥി പ്രവർത്തകൻ്റെ   കഥ പറയുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 'ദി ട്രെക്ക്' (The Trek) ആകട്ടെ, കൊളോണിയൽ അതിർത്തി പ്രദേശങ്ങളിലെ അനീതികളെ വിശകലനം ചെയ്യുന്നു. വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിൽ വേരൂന്നിയ ഈ സിനിമകൾ സ്വാതന്ത്ര്യം, വ്യക്തിത്വം, സ്വത്വബോധം, ഒരു സമൂഹത്തോടും ദേശത്തോടുമുള്ള ചേർച്ച തുടങ്ങിയ പൊതുവായ മാനുഷിക പ്രമേയങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.  

മറ്റ് ചില സിനിമകൾ ദൈനംദിന ജീവിതത്തോട് അടുത്തുനിൽക്കുന്ന അനുഭവങ്ങളിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്. ഉഗാണ്ട-യുകെ ഡോക്യുമെൻ്ററിയായ 'ഡ്രീമിംഗ് ഓഫ് സെറെനാഡ' (Dreaming of Serenada), ഒരു പിതാവും മകളും തമ്മിലുള്ള ബന്ധത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ സമീപിക്കുന്നു. ചൈനീസ് ചിത്രമായ 'എംബേഴ്സ്' (Embers), ദുഃഖം, നഷ്ടം, മരണം എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. വ്യക്തിപരമായ അനുഭവങ്ങൾക്ക് എങ്ങനെ വിശാലമായ സാമൂഹിക വിഷയങ്ങളിലേക്ക് വെളിച്ചം വീശാൻ കഴിയുമെന്ന് ഇത്തരം ആഖ്യാനങ്ങൾ കാണിച്ചുതരുന്നു. വ്യത്യസ്ത സമൂഹങ്ങളിൽ നിന്നുള്ള കഥകൾക്ക് എങ്ങനെ പൊതുവായ വൈകാരിക തലങ്ങൾ കണ്ടെത്താൻ കഴിയുമെന്നും ഇവ വെളിപ്പെടുത്തുന്നു.

 



 

'ഡ്രീമിംഗ് ഓഫ് സെറെനാഡ' (Dreaming of Serenada)


 

'എംബേഴ്സ്' (Embers)

രാഷ്ട്രങ്ങൾക്കിടയിൽ സാംസ്കാരിക ധാരണയും സംവാദവും വളർത്തുന്നതിൽ സിനിമയ്ക്കുള്ള പങ്കിനെയാണ് 'ബ്രിക്സ് ഷോക്കേസ്' (BRICS showcase) പ്രതിഫലിപ്പിക്കുന്നത്. അന്താരാഷ്ട്ര പ്രേക്ഷകർക്ക് അജ്ഞാതമായേക്കാവുന്ന കഥകൾക്ക് ഇതൊരു വേദി ഒരുക്കുന്നു. 'ഫിലിം ബസാറി'നൊപ്പം (Film Bazaar), IFFI-യുടെ ആഗോളതലത്തിലുള്ള ഇടപെടലുകൾക്ക് ഇതൊരു പുതിയ മാനം കൂടി നൽകുന്നു. 'ഫിലിം ബസാർ' തൊഴിൽപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുമ്പോൾ, 'ബ്രിക്സ് ഷോക്കേസ്' സിനിമകളിലൂടെയും കഥാഖ്യാനങ്ങളിലൂടെയും സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

ഈ വിവിധ വേദികളും സംരംഭങ്ങളും സംയുക്തമായി, IFFI-യുടെ സ്വാധീനം ഒമ്പത് ദിവസത്തെ ചലച്ചിത്രമേളയുടെ കാലയളവിനപ്പുറത്തേക്കും വ്യാപിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ഇവ ചലച്ചിത്രപ്രവർത്തകർക്ക് പുതിയ സാധ്യതകളും പ്രേക്ഷകർക്ക് പുതുമയാർന്ന കാഴ്ചപ്പാടുകളും നൽകുന്നു. അതിലുപരിയായി, സഹകരണത്തിലൂടെയും സമാന അനുഭവങ്ങളിലൂടെയും സിനിമയ്ക്ക് എങ്ങനെ ആളുകളെ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുമെന്ന് ഇവ തെളിയിക്കുന്നു.

കഥകൾ പുതിയ പ്രയാണങ്ങൾക്ക് തുടക്കമിടുന്ന ഒരു ഉത്സവം

ഒരു ചലച്ചിത്രമേളയുടെ പ്രാധാന്യം സിനിമകളുടെ പ്രദർശനത്തിലും പുരസ്‌കാരങ്ങളിലും ആഘോഷങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. മേളയ്ക്ക് തിരശ്ശീല വീണ ശേഷവും തുടരുന്ന ബന്ധങ്ങളും സഹകരണങ്ങളും പുതിയ അവസരങ്ങളും സൃഷ്ടിക്കുന്നതിലാണ് അതിൻ്റെ   യഥാർഥ പ്രസക്തി. വളർന്നുവരുന്ന ചലച്ചിത്രപ്രവർത്തകർക്ക് ഇത്തരം വേദികളും കൂടിക്കാഴ്ചകളും പുതിയ സാധ്യതകളിലേക്കുള്ള വാതിലുകൾ തുറക്കുമ്പോൾ, പ്രാദേശികവും സ്വതന്ത്രവുമായ സിനിമകൾക്ക് കൂടുതൽ വിശാലമായ പ്രേക്ഷകസമൂഹത്തിലേക്ക് എത്തിച്ചേരാനുള്ള അവസരങ്ങളും ലഭിക്കുന്നു. ഇത്തരത്തിലുള്ള സംരംഭങ്ങളും ഇടപെടലുകളും ഒത്തുചേരുമ്പോൾ, വൈവിധ്യമാർന്ന ശബ്ദങ്ങൾക്കും ആഖ്യാനങ്ങൾക്കും അർഹമായ ഇടം നൽകുന്ന, ആഗോള ചലച്ചിത്രമേഖലയുമായി ശക്തമായി ബന്ധപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൻ്റെ   വളർച്ചയ്ക്ക് അരങ്ങൊരുങ്ങുന്നു.

'അതിരുകളില്ലാത്ത കഥകൾ' (Stories Without Borders) എന്ന പ്രമേയം, പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമകളിലൂടെയും അവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ചലച്ചിത്രപ്രതിഭകളിലൂടെയും കൂടുതൽ അർഥവത്താകുന്നു. 57-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI), വിവിധ സംസ്കാരങ്ങളെയും സർഗാത്മക കാഴ്ചപ്പാടുകളെയും ചലച്ചിത്രപ്രതിഭകളെയും ഒരേ വേദിയിൽ കോർത്തിണക്കുന്നതിലൂടെ, മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കാനുള്ള സിനിമയുടെ അനന്തമായ ശക്തി വീണ്ടും ഉയർത്തിക്കാട്ടുന്നു. ഒരു ചലച്ചിത്രമേളയുടെ ദീർഘകാല സംഭാവന എന്നത്, അത് പ്രദർശിപ്പിക്കുന്ന സിനിമകളിലും, ആ സിനിമകളും അവയുടെ സ്രഷ്ടാക്കളും പിന്നീട് കൈവരിക്കുന്ന നേട്ടങ്ങളിലുമാണ് അന്തർലീനമായിരിക്കുന്നത്.

സൂചനകൾ

 

Ministry of Information and Broadcasting

https://www.pib.gov.in/PressReleasePage.aspx?PRID=2335780

https://www.iffigoa.org/pdfs/catalogue-57.pdf

https://www.iffigoa.org/cmot/about-cmot

https://www.pib.gov.in/PressReleasePage.aspx?PRID=2021475

https://www.pib.gov.in/PressReleasePage.aspx?PRID=2070656

https://www.iffigoa.org/index.php/indian-panorama/about-ip

https://www.pib.gov.in/PressReleasePage.aspx?PRID=1978678

https://www.pib.gov.in/PressReleasePage.aspx?PRID=2075681

https://www.pib.gov.in/PressReleasePage.aspx?PRID=2187868

https://www.pib.gov.in/PressReleasePage.aspx?PRID=2336235

https://www.pib.gov.in/PressReleasePage.aspx?PRID=2337040

https://www.pib.gov.in/PressReleasePage.aspx?PRID=2336497

https://www.pib.gov.in/PressReleasePage.aspx?PRID=2336493

https://www.pib.gov.in/PressReleasePage.aspx?PRID=2174755

https://www.pib.gov.in/PressReleasePage.aspx?PRID=2336218

Click here to see pdf

***

(Features ID: 160877) आगंतुक पटल : 10
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi