Farmer's Welfare

കൂണുകൾ മുളയ്ക്കുന്നിടത്ത് രൂപപ്പെടുന്നത് ഉപജീവനമാർഗ്ഗങ്ങൾ

Posted On: 10 NOV 2026 10:25AM

ആരോഗ്യകരമായ ഭക്ഷണശീലങ്ങളോടുള്ള താൽപ്പര്യം വർദ്ധിച്ചുവരികയാണ് ഇക്കാലത്ത്. ഈ സാഹചര്യത്തിൽ, ഇന്ത്യയിലെ ഹോർട്ടികൾച്ചർ മേഖലയിൽ കൂൺ കൃഷിക്ക് വലിയ പ്രാധാന്യം ലഭിക്കുകയും മേഖല കൂടുതൽ വളർച്ചയ്ക്കുള്ള സാധ്യതകൾ തുറക്കുകയും ചെയ്യുന്നു. പൊതുവെ കുറഞ്ഞ കലോറിയും കൊഴുപ്പും കാർബോഹൈഡ്രേറ്റും അടങ്ങിയ കൂണുകൾ, പ്രോട്ടീൻ, ഭക്ഷ്യനാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയായതിനാൽ പോഷകസമൃദ്ധമായ ഭക്ഷണമായി ഏറെ വിലമതിക്കപ്പെടുന്നു. പരിമിതമായ സ്ഥലത്തും ഗ്രാമീണ, നഗര, നഗരപ്രാന്ത പ്രദേശങ്ങളിലും കൂൺ കൃഷി ചെയ്യാനാകും.

മാലിന്യ ശേഖരണത്തിൽ നിന്ന് വളരുന്ന അവസരങ്ങളിലേക്ക്

കുറച്ച് സ്ഥലവും കൂൺ കൃഷിക്കുള്ള ഏതാനും ബാഗുകളും ഒരു പുതിയ നൈപുണ്യവും ഉപയോഗിച്ച് വൈവിധ്യമാർന്ന ഉപജീവനമാർഗ്ഗങ്ങളിലേക്കുള്ള വഴികൾ തുറക്കാൻ സാധിക്കും. ഇന്ത്യയിലുടനീളം കർഷകർക്കും സ്ത്രീകൾക്കും ഗ്രാമീണ യുവജനങ്ങൾക്കും പ്രായോഗികമായ ഒരു ഉപജീവനമാർഗ്ഗമായി കൂൺ കൃഷി ഉയർന്നുവരികയാണ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ഇപ്പട്ടം ഗ്രാമത്തിൽ നിന്നുള്ള ഋതുവിനെ സംബന്ധിച്ചിടത്തോളം, മറ്റൊരു ഉപജീവനമാർഗ്ഗം കണ്ടെത്താനുള്ള അന്വേഷണത്തോടെയാണ് ഈ യാത്ര ആരംഭിച്ചത്. ഇരുപതാം വയസ്സിൽ മാലിന്യം ശേഖരിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്ന അവർ, സ്വതന്ത്രമായ ഒരു ഉപജീവനമാർഗ്ഗം കെട്ടിപ്പടുക്കാൻ ആഗ്രഹിച്ചു.

 

 

ഗ്രാമീണ യുവജനങ്ങൾക്കായുള്ള നൈപുണ്യ പരിശീലന (എസ്.ടി.ആർ.വൈ) സംരംഭത്തിന് കീഴിൽ സംഘടിപ്പിച്ച ഹ്രസ്വകാല പരിശീലന പരിപാടിയിലൂടെയാണ് ഈ അവസരത്തിന് വഴിയൊരുങ്ങിയത്. ഗുണ്ടൂരിലെ കൃഷി വിജ്ഞാൻ കേന്ദ്രം (കെ.വി.കെ) കൂൺ ഉൽപ്പാദനത്തിൽ സമഗ്രമായ പരിശീലനം നൽകി. കമ്പോസ്റ്റ് തയ്യാറാക്കൽ, കൂൺവിത്ത് ചേർക്കൽ, കേസിംഗ് മണ്ണ് വിതറൽ, കൂണിൻ്റെ മൊട്ടുകൾ രൂപപ്പെടൽ, കൂൺ വളർത്തൽ, വിളവെടുപ്പ് തുടങ്ങിയ പ്രധാന ഘട്ടങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ സ്റ്റേറ്റ് അഗ്രികൾച്ചറൽ മാനേജ്‌മെൻ്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (SAMETI), ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്‌മെൻ്റ് (MANAGE) എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


സ്പോണിംഗ്: കമ്പോസ്റ്റിൽ കൂൺവിത്ത് (സ്പോൺ) ചേർക്കുന്ന പ്രക്രിയയാണിത്.

കേസിംഗ്: കൂൺവിത്ത് കമ്പോസ്റ്റിൽ പടർന്നുപിടിച്ചശേഷം, കൂൺ രൂപപ്പെടുന്നത് ഉത്തേജിപ്പിക്കുന്നതിനായി കമ്പോസ്റ്റിന് മുകളിൽ കേസിംഗ് മണ്ണിൻ്റെ ഒരു പാളി വിതറുന്ന പ്രക്രിയയാണിത്. ഈ മണ്ണ് ഒരു ഈർപ്പസംഭരണിയായി പ്രവർത്തിക്കുകയും ഈർപ്പം നിലനിർത്തി കൂൺ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.

പിന്നിംഗ്: കേസിംഗ് മണ്ണിൻ്റെ ഉപരിതലത്തിലോ സമീപത്തോ കൂണിൻ്റെ ചെറിയ മുകുളങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്ന ഘട്ടമാണിത്.

ഇന്ത്യയിൽ, പരിമിതമായ മൂലധനവും ചെറുതും നാമമാത്രവുമായ കൃഷിയിടങ്ങളുമുള്ള നിരവധി കർഷകർക്ക് കൂൺ കൃഷി പ്രായോഗികമായൊരു മാർഗ്ഗമാണ്. കാർഷിക അവശിഷ്ടങ്ങൾ നടീൽ മാധ്യമമായി ഉപയോഗിക്കാമെന്നതും പരമ്പരാഗത കൃഷിരീതികളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലവും വെള്ളവും സാമ്പത്തിക നിക്ഷേപവും മാത്രം മതിയെന്നതുമാണ് ഇതിന് കാരണം. കൂടാതെ, വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സുസ്ഥിരത, പോഷകാഹാര സുരക്ഷ തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന കാർഷിക സംരംഭമെന്ന നിലയിലും കൂൺ കൃഷിക്ക് വലിയ സാധ്യതകളുണ്ട്.

 

പരിശീലനത്തിലൂടെ സ്വായത്തമാക്കിയ നൈപുണ്യം പ്രയോജനപ്പെടുത്തി ഋതു മിൽക്കി കൂൺ കൃഷി ആരംഭിച്ച് പ്രാദേശിക വിപണിയിലേക്ക് സ്ഥിരമായി കൂൺ വിതരണം ചെയ്തു. പ്രതിദിന ഉൽപ്പാദനം ഏകദേശം 8 കിലോഗ്രാമിലെത്തുകയും, ഇതിലൂടെ പ്രതിമാസം 35,000 രൂപയോളം വരുമാനം നേടാൻ അവർക്ക് സാധിക്കുകയും ചെയ്യുന്നുണ്ട്. രോഗബാധയില്ലാത്ത വൃത്തിയുള്ള വൈക്കോലും മികച്ച ഗുണനിലവാരമുള്ള കൂൺവിത്തും ഉപയോഗിക്കുന്നതിൻ്റെയും, കൃഷി ചെയ്യുന്ന വേളയിൽ കൃത്യമായ താപനിലയും ഈർപ്പവും നിലനിർത്തുന്നതിൻ്റെയും പ്രാധാന്യം അവർ മനസ്സിലാക്കി. ഋതുവിൻ്റെ അറിവുകളും അനുഭവങ്ങളും അവരുടെ കൂട്ടായ്മയിലെ മൂന്നോ നാലോ അംഗങ്ങൾക്ക് ചെറിയ തോതിൽ കൂൺ കൃഷി ആരംഭിക്കാൻ പ്രചോദനമായി. അവർക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും പിന്തുണയും ഋതു നൽകിവരുന്നു.


ലക്ഷ്യബോധത്തോടെയുള്ള നൈപുണ്യ വികസനം പ്രായോഗികമായി നടപ്പാക്കുമ്പോൾ, ഉപജീവനമാർഗ്ഗങ്ങളുടെ വൈവിധ്യവൽക്കരണത്തിനും പ്രാദേശിക വിജ്ഞാനത്തിൻ്റെ വ്യാപനത്തിനും എങ്ങനെ വഴിയൊരുക്കാനാകുമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഋതുവിൻ്റെ അനുഭവം. ഒരു ഹ്രസ്വകാല പരിശീലന പരിപാടിയായി തുടങ്ങിയ സംരംഭം, വരുമാനം നേടുന്നതിനുള്ള ശക്തമായ അടിത്തറയായി മാറുകയും, സമൂഹത്തിലെ മറ്റ് അംഗങ്ങൾക്ക് ഉപജീവനമാർഗ്ഗമെന്ന നിലയിൽ കൂൺ കൃഷി തെരഞ്ഞെടുക്കാൻ പ്രചോദനമാകുകയും ചെയ്തു.

 

ഒരു വനിത, നിരവധി ഉപജീവനമാർഗ്ഗങ്ങൾ: ഒരു കൂൺ ഗ്രാമത്തിൻ്റെ പിറവി

വ്യക്തിഗത സംരംഭങ്ങൾ കൂട്ടായ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമ്പോൾ, ഒരു ഉപജീവന സംരംഭത്തിന് ദൂരവ്യാപകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. അനന്ത്പൂർ ഗ്രാമത്തിൽ അനിതാ ദേവി കൂൺ കൃഷിയിൽ നിന്ന് സാമൂഹിക നേതൃത്വത്തിലേക്ക് വളർന്നുവന്ന യാത്ര, പ്രാദേശിക സാഹചര്യങ്ങളുമായി ഇണങ്ങിച്ചേർന്ന ഒരു ഉപജീവന സംരംഭത്തിന് ഗ്രാമീണ വനിതകൾക്ക് എങ്ങനെ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനും സമൂഹാധിഷ്ഠിത സംരംഭങ്ങളെ ശക്തിപ്പെടുത്താനും കഴിയുമെന്ന് വ്യക്തമാക്കുന്നു. അനിതയെ സംബന്ധിച്ചിടത്തോളം, സ്വന്തമായി വരുമാനമാർഗ്ഗം നേടണമെന്ന ആഗ്രഹത്തോടെയാണ് കൂൺ കൃഷി ആരംഭിക്കുന്നത്. ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്ര കാർഷിക സർവകലാശാലയിലും ജി.ബി പന്ത് സർവകലാശാലയിലും ലഭിച്ച പരിശീലനം അവരുടെ അറിവ് വർദ്ധിപ്പിക്കാൻ സഹായിച്ചു. തുടർന്ന് 2010-ൽ ബിഹാറിലെ നളന്ദ ജില്ലയിലെ ഹർനൗട്ട് ബ്ലോക്കിലുള്ള കൃഷി വിജ്ഞാൻ കേന്ദ്രവുമായുള്ള (കെ.വി.കെ) ബന്ധം അവരുടെ സംരംഭക യാത്രയ്ക്ക് കൃത്യമായ ദിശാബോധം നൽകി. കെ.വി.കെ ഉദ്യോഗസ്ഥരുടെ പ്രോത്സാഹനത്തോടെ അവർ ചിപ്പി കൂണും മിൽക്കി വൈറ്റ് കൂണും കൃഷി ചെയ്യാൻ തുടങ്ങി. പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യവും കാർഷിക അവശിഷ്ടങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യാവുന്നതുമായ ഇനങ്ങളായിരുന്നു ഇവ.

 



 

അവരുടെ ഈ സംരംഭം അനന്ത്പൂർ ഗ്രാമത്തിലെ മറ്റ് സ്ത്രീകളെയും കൂൺ കൃഷിയിലേക്ക് ആകർഷിച്ചു. ഈ കൃഷിരീതി അയൽ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. തുടർന്ന് 2012-ൽ സംസ്ഥാന കൃഷി വകുപ്പ് അനന്ത്പൂരിനെ 'കൂൺ ഗ്രാമം' ആയി പ്രഖ്യാപിച്ചു. സമൂഹത്തിൽ ഈ ഉപജീവനമാർഗ്ഗം പ്രോത്സാഹിപ്പിക്കുന്നതിൽ അനിത വഹിച്ച പങ്ക് പരിഗണിച്ച്  അവർ "കൂൺ മഹിള" (മഷ്‌റൂം മഹിള) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കൃഷി വ്യാപിച്ചതോടെ ഗുണമേന്മയുള്ള കൂൺവിത്തുകളുടെ ലഭ്യത ഒരു പ്രധാന ആവശ്യമായി മാറി. ദേശീയ ഹോർട്ടികൾച്ചർ മിഷൻ്റെ പിന്തുണയോടെ 15 ലക്ഷം രൂപയുടെ സബ്‌സിഡി സഹായത്തോടെ അനിത കൂൺ വിത്തുൽപ്പാദന ലബോറട്ടറി സ്ഥാപിച്ചു. കൃഷിക്കാവശ്യമായ നിർണായക ഉൽപ്പാദന ഘടകത്തിൻ്റെ ലഭ്യത ഉറപ്പാക്കാൻ ഇത് സഹായിച്ചു. കൂൺ ഉൽപ്പാദകരെയും വിൽപനക്കാരെയും ഒരുമിപ്പിച്ചുകൊണ്ട് അവർ മാധോപൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം രൂപീകരിച്ചു. ഇതിലൂടെ കൂട്ടായ സംരംഭം കൂടുതൽ ശക്തിപ്പെടുകയും സ്ത്രീകൾക്ക് ഗവണ്മെൻ്റ് പദ്ധതികളുമായും വിപണികളുമായും ബന്ധപ്പെടാൻ അവസരം ലഭിക്കുകയും ചെയ്തു.

2023-ഓടെ നളന്ദയിലെ ജീവിക സ്വയംസഹായ സംഘങ്ങളിൽ നിന്നുള്ള 250-ലധികം വനിതകൾ കൂൺ കൃഷി അധിഷ്ഠിത ഉപജീവന പ്രവർത്തനങ്ങളിൽ പങ്കാളികളായി. ബിഹാറിലെ കൂൺ ഗ്രാമമെന്ന നിലയിൽ അനന്ത്പൂരിന് ലഭിച്ച അംഗീകാരം, ഒരു സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള ശ്രമത്തിൽനിന്ന് ആരംഭിച്ച് പിന്നീട് ഒരു വലിയ സമൂഹം ഏറ്റെടുത്ത സംരംഭത്തിൻ്റെ വിജയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നൈപുണ്യ വികസനം, സ്ഥാപനപരമായ പിന്തുണ, നിർണായക ഉൽപ്പാദന ഘടകങ്ങളുടെ ലഭ്യത, കൂട്ടായ സംരംഭങ്ങൾ എന്നിവ പരസ്പരം ശക്തിപ്പെടുന്നതിലൂടെ ഉപജീവന അവസരങ്ങൾ എങ്ങനെ വിപുലീകരിക്കാനാകുമെന്ന് അനിതാ ദേവിയുടെ ജീവിതയാത്ര വ്യക്തമാക്കുന്നു.

 

ഒരു എൻജിനീയർ കൂൺ കൃഷി തെരഞ്ഞെടുത്തപ്പോൾ

പരമ്പരാഗത കൃഷിരീതികൾക്കപ്പുറം, കുറഞ്ഞ സ്ഥലത്ത് ചെയ്യാവുന്ന സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർക്ക് കൂൺ കൃഷി വലിയ തോതിൽ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഗുജറാത്തിലെ താപി സ്വദേശിനിയും സിവിൽ എൻജിനീയറുമായ അഞ്ജനാബെൻ ഗാമിത്, 'അഗ്രോ-സന്ദേശ്' പ്രസിദ്ധീകരണത്തിൽ താപി കൃഷി വിജ്ഞാൻ കേന്ദ്രം (കെ.വി.കെ) ചിപ്പി കൂൺ കൃഷിയെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം വായിച്ചതിനെ തുടർന്നാണ് ഈ സാധ്യതയെക്കുറിച്ച് അന്വേഷിക്കുന്നത്. വലിയ കൃഷിഭൂമിയുടെ ആവശ്യമില്ലാതെ തന്നെ കൂൺ കൃഷി ചെയ്യാനുള്ള സാധ്യത തിരിച്ചറിഞ്ഞ അവർ താപിയിലെ കൃഷി വിജ്ഞാൻ കേന്ദ്രം (കെ.വി.കെ) സന്ദർശിക്കുകയും "കൂൺ കൃഷിയിലൂടെ സംരംഭകത്വ വികസനം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച നാല് ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. കെ.വി.കെ ശാസ്ത്രജ്ഞരുടെ സാങ്കേതിക മാർഗ്ഗനിർദ്ദേശത്തോടെ, ലഭ്യമായ വിഭവങ്ങൾ പ്രയോജനപ്പെടുത്തി 2017-ൽ അവർ ചിപ്പി കൂൺ കൃഷി ആരംഭിച്ചു.

 



 

മുളയും പച്ച നിറത്തിലുള്ള തണൽവലയും ഉപയോഗിച്ച് നിർമ്മിച്ച 15 X 10 അടി വലുപ്പമുള്ള ചെറിയൊരു ഷെഡിലാണ് അവർ പ്രാഥമിക കൃഷി യൂണിറ്റ് ആരംഭിച്ചത്. കൂൺവിത്ത് (സ്പോൺ), പോളിത്തീൻ ബാഗുകൾ, മറ്റ് ഉൽപ്പാദന സാമഗ്രികൾ എന്നിവ ലഭ്യമാക്കിയും തുടർ സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും കെ.വി.കെ അവരെ പിന്തുണച്ചു. രണ്ടര മാസത്തിനുള്ളിൽ ആദ്യ വിളവെടുപ്പിലൂടെ ഏകദേശം 140 കിലോഗ്രാം കൂൺ ലഭിക്കുകയും, 11,000 രൂപയുടെ ഉൽപ്പാദനച്ചെലവിൽ നിന്ന് 28,000 രൂപ വരുമാനം നേടുകയും ചെയ്തു. ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 2019-ൽ 1.72 ലക്ഷം രൂപ കൂടി അധികമായി നിക്ഷേപിച്ച് കൂൺ കൃഷിക്കുള്ള ഷെഡിൻ്റെ  വലുപ്പം 23 X 80 അടിയായി വിപുലീകരിച്ചു. ആ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 250 കിലോഗ്രാം കൂൺവിത്ത് ഉപയോഗിച്ച് അവർ 1,234 കിലോഗ്രാം കൂൺ ഉൽപ്പാദിപ്പിച്ചു. ഈ വിളവെടുപ്പിലൂടെ 3.09 ലക്ഷം രൂപ മൊത്ത വരുമാനവും, ഉൽപ്പാദനച്ചെലവുകൾ കഴിച്ച് 2.20 ലക്ഷം രൂപ അറ്റാദായവും ലഭിച്ചു.

 



 

ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനായി അഞ്ജനാബെൻ പ്രാദേശിക വിപണികളുമായും ബന്ധം സ്ഥാപിച്ചു. 100-200 ഗ്രാം വീതമുള്ള പാക്കറ്റുകളിലാക്കി വ്യാരയിലെ അങ്കണവാടി പ്രവർത്തകർ, ചില്ലറ വിൽപ്പനക്കാർ, പച്ചക്കറി വ്യാപാരികൾ എന്നിവരിലൂടെ കൂൺ വിതരണം ചെയ്തു. ഫോൺ മുഖേനയുള്ള ബുക്കിംഗുകൾ വിൽപ്പന എളുപ്പമാക്കാൻ സഹായിച്ചപ്പോൾ, ജില്ലയിലെ ജൈവ വിപണിയിലൂടെ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുന്നതിനുള്ള മറ്റൊരു അവസരവും ലഭിച്ചു. ലക്ഷ്യബോധത്തോടെയുള്ള പരിശീലനം, സ്ഥാപനപരമായ പിന്തുണ, ലളിതമായ അടിസ്ഥാന സൗകര്യങ്ങൾ, പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ വിപണന തന്ത്രങ്ങൾ എന്നിവ കൂൺ കൃഷിയിലൂടെയുള്ള സംരംഭകത്വത്തെ എങ്ങനെ പിന്തുണയ്ക്കുമെന്ന് അഞ്ജനാബെന്നിൻ്റെ അനുഭവം വ്യക്തമാക്കുന്നു.

 

25 ബാഗുകളിൽ നിന്ന് ഒരു കൂൺ സംരംഭത്തിലേക്ക്

ഉത്തരാഖണ്ഡിൽ കൂൺ കൃഷിയിൽ നടത്തിയ ലളിതമായ ഒരു പരീക്ഷണം, സാമ്പത്തികമായും സാമൂഹികമായും വളർന്നുവരുന്ന സ്വാധീനമുള്ള വൈവിധ്യമാർന്ന ഒരു സംരംഭമായി വികസിച്ചു. ഡെറാഡൂണിലെ ചർബ ഗ്രാമത്തിൽ നിന്നുള്ള ഐ.ടി പ്രൊഫഷണലായ ഹിരേഷ വർമ്മ, 2013-ൽ ഒരു സെർവൻ്റ് ക്വാർട്ടേഴ്സിൽ വെറും 25 കൂൺ കൃഷി ബാഗുകൾ ഉപയോഗിച്ച് ചിപ്പി കൂൺ കൃഷി ആരംഭിച്ചു. 2,000 രൂപയുടെ പ്രാരംഭ നിക്ഷേപത്തിലൂടെ ഏകദേശം 5,000 രൂപ വരുമാനം ലഭിച്ചത്, കൂൺ കൃഷി ഒരു സംരംഭമായി മുന്നോട്ടുകൊണ്ടുപോകാൻ അവർക്ക് പ്രചോദനമായി. തുടർന്ന്, ഡെറാഡൂൺ ആസ്ഥാനമാക്കി "ഹാൻ അഗ്രോകെയർ" എന്ന കൂൺ സംരംഭം അവർ സ്ഥാപിച്ചു.

 



 

ഡെറാഡൂണിലെ കൃഷി വിജ്ഞാൻ കേന്ദ്രത്തിലും (കെ.വി.കെ), സോളനിലെ ഐ.സി.എ.ആർ-ഡയറക്ടറേറ്റ് ഓഫ് മഷ്‌റൂം റിസർച്ചിലും (ഡി.എം.ആർ) ലഭിച്ച പരിശീലനം അവരുടെ സംരംഭക യാത്രയ്ക്ക് കൂടുതൽ കരുത്തേകി. കൂൺ ഇനങ്ങളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും അറിവ് നേടാൻ ഈ പരിശീലനം അവരെ സഹായിച്ചു. കമ്പോസ്റ്റും കൂൺവിത്തും ലഭ്യമാക്കുന്നതിനായി ഡെറാഡൂണിലെ കൂൺ വകുപ്പുമായി അവർ ബന്ധപ്പെടുകയും, ദേശീയ ഹോർട്ടികൾച്ചർ മിഷൻ, ദേശീയ ഹോർട്ടികൾച്ചർ ബോർഡ് എന്നിവ വഴി സാമ്പത്തിക സഹായം തേടുകയും ചെയ്തു. പരീക്ഷണാടിസ്ഥാനത്തിൽ, 500 കൂൺ ബാഗുകൾ വീതം ഉൾക്കൊള്ളാൻ കഴിയുന്ന മൂന്ന് മുള ഷെഡുകൾ അവർ നിർമ്മിച്ചു. ഇത് സംരംഭത്തിൻ്റെ വിപുലീകരണത്തിന് അടിത്തറയിട്ടു.

ഇന്ന്, പ്രതിദിനം ഏകദേശം ഒരു ടൺ കൂൺ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഹാൻ അഗ്രോകെയർ 15 പേർക്ക് തൊഴിലും നൽകുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനപ്പുറം, ഹിരേഷ തൻ്റെ അനുഭവത്തിൻ്റെ ഗുണഫലങ്ങൾ മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിച്ചു. മലയോര മേഖലകളിലെ 2,000-ലധികം വനിതകൾക്കും കർഷകർക്കും അവർ പരിശീലനം നൽകി.

സീസണിൽ പ്രതിദിനം വെറും 20 കിലോഗ്രാം കൂൺ ഉൽപ്പാദിപ്പിച്ചുകൊണ്ടാണ് അവർ ആരംഭിച്ചത്. അവിടെനിന്ന് വർഷം മുഴുവൻ ഉൽപ്പാദനം നടത്തുന്ന വിജയകരമായ ഒരു സംരംഭം കെട്ടിപ്പടുക്കാൻ അവർക്ക് കഴിഞ്ഞു. അവരുടെ യൂണിറ്റിൽ 10 ശീതീകരിച്ച മുറികളും പ്രതിദിനം 1,000 കിലോഗ്രാം കൂൺ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ആധുനിക സാങ്കേതികവിദ്യകൾ സജ്ജീകരിച്ച പ്ലാൻ്റുമുണ്ട്.

ഷിറ്റാക്കെ, ഗാനോഡെർമ തുടങ്ങിയ സവിശേഷമായ കൂൺ ഇനങ്ങളിലേക്കും, ഒപ്പം അച്ചാറുകൾ, കുക്കികൾ, നഗ്ഗറ്റ്സ്, സൂപ്പ്, പ്രോട്ടീൻ പൗഡർ, ചായ, പപ്പടം തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ  നിർമ്മാണത്തിലേക്കും അവരുടെ സംരംഭം വൈവിധ്യവൽക്കരിക്കപ്പെട്ടു. അവരുടെ സംഭാവനകൾ വെറും ഉൽപ്പാദനത്തിലും ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലും മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. തെഹ്‌രി, പൗരി, ഗഡ്‌വാൾ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർക്ക് സാങ്കേതിക സഹായം നൽകിക്കൊണ്ട്, ഒരു ഉപജീവനമാർഗ്ഗമെന്ന നിലയിൽ കൂൺ കൃഷി ഏറ്റെടുക്കാൻ മറ്റ് കർഷകരെയും അവർ സഹായിച്ചു.

 

മലനിരകളിൽ കൂൺ മുളച്ചുതുടങ്ങിയപ്പോൾ

ബാഗേശ്വറിലെ ഉദർഖാനി ഗ്രാമത്തിൽ നടന്ന കർഷക സമ്പർക്ക യോഗത്തിൽ പങ്കെടുത്ത മദൻ മോഹൻ, പുതിയൊരു സംരംഭം പരീക്ഷിക്കാനുള്ള അവസരം അവിടെ കണ്ടെത്തി. സംരക്ഷിത സാഹചര്യങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനും കൂൺ കൃഷി നടത്തുന്നതിനും അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചു. എന്നാൽ, ഈ രണ്ട് കൃഷിരീതികളിലും അദ്ദേഹത്തിന് മുൻപരിചയമുണ്ടായിരുന്നില്ല.

 



 

2020–21 കാലയളവിൽ പട്ടികജാതി ഉപപദ്ധതിയുടെ (എസ്.സി.എസ്.പി) ഭാഗമായി ഐ.സി.എ.ആർ-ഡി.എം.ആർ അൽമോറ ഗ്രാമത്തിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ഈ അവസരമൊരുങ്ങിയത്. കൂൺ കൃഷി ആരംഭിക്കാൻ മദൻ മോഹന് വലിയ താൽപ്പര്യമുണ്ടായിരുന്നെങ്കിലും, സാമ്പത്തിക പരിമിതികൾ അതിന് തടസ്സമായി. എന്നാൽ, പദ്ധതിയിലൂടെ ലഭിച്ച പിന്തുണ ഈ പ്രതിസന്ധി മറികടക്കാൻ സഹായിച്ചു. 2022-ൽ അദ്ദേഹത്തിൻ്റെ കൃഷിയിടത്തിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന പോർട്ടബിൾ പോളിഹൗസ് സ്ഥാപിക്കുകയും കൂൺ കൃഷിക്കായി അഞ്ച് ക്വിൻ്റൽ പാസ്ചറൈസ് ചെയ്ത കമ്പോസ്റ്റ് ലഭ്യമാക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ കെ.വി.കെ കാഫ്‌ലിഗെയർ പരിശീലനവും തുടർച്ചയായ സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങളും നൽകിയതോടെ, സ്ഥാപനപരമായ പിന്തുണയോടെ കൂൺ കൃഷി ആരംഭിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

മലയോര മേഖലകളിലെയും ചെറുകിട കർഷകരുടെയും കൃഷി സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വികസിപ്പിച്ചെടുത്ത, ചെലവുകുറഞ്ഞതും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാവുന്നതുമായ സംരക്ഷിത കൃഷി സംവിധാനമാണ് പോർട്ടബിൾ പോളിഹൗസ്.

ശുപാർശ ചെയ്ത കൃഷിരീതികൾ കൃത്യമായി പിന്തുടരുകയും കെ.വി.കെ വിദഗ്ദ്ധരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്തതിലൂടെ, വിപണനയോഗ്യമായ ഒരു ക്വിൻ്റൽ ബട്ടൺ കൂൺ വിളവെടുക്കാൻ മദൻ മോഹന് സാധിച്ചു. കൂടാതെ, 62.4 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പോളിഹൗസിൽ നിന്ന് തക്കാളി, കാപ്സിക്കം, കാബേജ്, കോളിഫ്ലവർ, ഫ്രഞ്ച് ബീൻസ് എന്നിവയുൾപ്പെടെ 7.5 ക്വിൻ്റൽ പച്ചക്കറികളും ലഭിച്ചു. ഓഫ്-സീസണിൽ വിളവെടുക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന് വിപണിയിൽ അധിക നേട്ടമായി. ഈ സമയത്ത് ഹൽദ്വാനി മണ്ഡിയിൽനിന്നുള്ള പച്ചക്കറി വരവ് പരിമിതമായിരുന്നു എന്നതായിരുന്നു ഇതിന് കാരണം. കൂൺ, പച്ചക്കറി കൃഷികളിലൂടെ അദ്ദേഹത്തിന് 41,250 രൂപ വരുമാനം നേടാനായി. ഇത് അദ്ദേഹത്തിൻ്റെ മുൻകാല കാർഷിക വരുമാനത്തിൻ്റെ ഇരട്ടിയോളമായിരുന്നു. അദ്ദേഹത്തിൻ്റെ ഈ പുരോഗതി സമാനമായ ഉപജീവന അവസരങ്ങൾ കണ്ടെത്താൻ സഹകർഷകർക്കും പ്രചോദനമായി. അദ്ദേഹത്തിൻ്റെ ഈ ശ്രമങ്ങളെ മാനിച്ച് അൽമോറയിലെ ഐ.സി.എ.ആർ.-ഡി.എം.ആർ കിസാൻ മേളയിൽ അദ്ദേഹത്തെ ആദരിച്ചു.

കൂൺ കൃഷി കേവലമൊരു അധിക കാർഷിക പ്രവർത്തനം എന്നതിലുപരി, ഉപജീവനമാർഗ്ഗങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനും സംരംഭകത്വം വളർത്തുന്നതിനുമുള്ള മികച്ച വഴിയായി മാറുമെന്ന് ഇത്തരം അനുഭവങ്ങൾ വ്യക്തമാക്കുന്നു. അനുയോജ്യമായ പരിശീലനം, സാങ്കേതിക മാർഗ്ഗനിർദ്ദേശം, ഉൽപ്പാദനക്ഷമമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പിന്തുണ ലഭിക്കുമ്പോൾ, പരിമിതമായ ഭൂമിയും വിഭവങ്ങളും കൂടുതൽ ഫലപ്രദമായി വിനിയോഗിച്ച് അധിക വരുമാനം നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ ഇത് കർഷകരെ സഹായിക്കും.

അവലംബം 

Ministry of Agriculture & Farmers Welfare

https://icar.gov.in/en/node/5810

https://icar.gov.in/sites/default/files/2025-04/ICAR%20Annual%20Report%202023-24-english.pdf

https://icar.gov.in/en/node/5684

https://www.manage.gov.in/publications/reports/internreports/Documentation%20of%20Women%20Leaders.pdf

https://www.manage.gov.in/publications/SuccessStories/SuccessStories-STRY100.pdf

https://icaratariguwahati.org.in/sites/default/files/Technical/Natural%20Resource%20Managment%20.pdf

https://nhb.gov.in/pdf/Cultivation.pdf

https://agritech.tnau.ac.in/farm_enterprises/Farm%20enterprises\_%20Mushroom_button_mushroom_spawning.html

https://epubs.icar.org.in/index.php/MR/article/view/162741/59036

https://epubs.icar.org.in/index.php/MR/article/view/146647/53511

Ministry of Development of North Eastern Region (DoNER)

https://necouncil.gov.in/sites/default/files/2026-07/nec-journal-new-1.pdf

***

(Features ID: 160773) आगंतुक पटल : 11
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Telugu , Kannada