Infrastructure
വിളക്കുമാടങ്ങളിൽ നിന്ന് ചരിത്രസ്മാരകങ്ങളിലേക്ക്: ഇന്ത്യയുടെ മാറുന്ന ലൈറ്റ്‌ഹൗസ് കഥ
Posted On:
10 OCT 2026 3:17PM
തലമുറകളായി ഇന്ത്യയിലെ ലൈറ്റ്‌ഹൗസുകൾ ആളുകൾ അകലെ നിന്ന് മാത്രം കണ്ടിരുന്ന സ്ഥലങ്ങളായിരുന്നു. കടലിന്റെ തീരത്ത് നിലകൊണ്ട അവ, അപകടകരമായ തീരപ്രദേശങ്ങളെ അടയാളപ്പെടുത്തുകയും ഇരുട്ടിലൂടെ കപ്പലുകൾക്കും മറ്റ് ജലയാനങ്ങൾക്കും വഴികാട്ടുകയും ചെയ്തു. അവയുടെ വെളിച്ചം നാവികർക്കുള്ളതായിരുന്നു. അവയുടെ ഗോപുരങ്ങൾ ആ പ്രദേശത്തിന്റെ ഭാഗമായിരുന്നു.
11,000 കിലോമീറ്ററിലധികം നീളുന്ന കടൽത്തീരവും 205 ലൈറ്റ്‌ഹൗസുകളുമുള്ള ഇന്ത്യ, ചരിത്രപ്രധാനമായ ഈ സമുദ്ര സംരക്ഷകരെ ഇപ്പോൾ പുനർനിർമ്മിക്കുകയാണ്. ഇന്ന് ലൈറ്റ്‌ഹൗസ് എന്നത് അകലെ കാണുന്ന ഒരു അടയാളം എന്നതിലുപരിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ തീരങ്ങളിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ വഴികാട്ടുക എന്നതിന്റെ പ്രാഥമിക ലക്ഷ്യം മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും നിലനിൽക്കുന്ന ആ ദൗത്യത്തിന് ചുറ്റും പുതിയൊരു അധ്യായം രൂപപ്പെടുകയാണ്. ലൈറ്റ്‌ഹൗസ് സ്റ്റേഷനുകൾ നവീകരിക്കുകയും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്യുന്നു. അവയുടെ സമുദ്രചരിത്ര കഥകൾ മ്യൂസിയങ്ങളിൽ ഇടംപിടിക്കുമ്പോൾ നടപ്പാതകൾ, പൂന്തോട്ടങ്ങൾ, ആംഫി തിയേറ്ററുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയോടെ അവയുടെ പരിസരങ്ങൾ വികസിപ്പിച്ചെടുക്കുന്നു. ആധുനിക സംവിധാനങ്ങൾ അവയുടെ വെളിച്ചം തടസ്സമില്ലാതെ കൃത്യമായി നിലനിർത്തുന്ന അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്നു.
ലൈറ്റ്‌ഹൗസ് ടൂറിസം 2014-ലെ ഏകദേശം 4 ലക്ഷം സന്ദർശകരിൽ നിന്ന് 2024–25-ൽ 18.63 ലക്ഷമായി ഉയർന്നു. അവയുടെ ചരിത്രപരവും വാസ്തുവിദ്യാപരവുമായ പ്രാധാന്യം നിലനിർത്തുന്നതിനായി രാജ്യത്തുടനീളമുള്ള 75 ലൈറ്റ്‌ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ മാണ്ഡ്‍വി ലൈറ്റ്‌ഹൗസും ദ്വാരക ലൈറ്റ്‌ഹൗസും കർണാടകയിലെ താദ്രി ലൈറ്റ്‌ഹൗസും തമിഴ്‌നാട്ടിലെ പാമ്പൻ ലൈറ്റ്‌ഹൗസും കേരളത്തിലെ വിഴിഞ്ഞം ലൈറ്റ്‌ഹൗസും ഇതിൽ ചിലതാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്‌ഹൗസസ് ആൻഡ് ലൈറ്റ്‌ഷിപ്സിന്റെ കീഴിൽ ഒരു ഡിജിറ്റൽ ടിക്കറ്റിംഗ് പോർട്ടലും ആരംഭിച്ചിട്ടുണ്ട്. ഇത് സന്ദർശകരുടെ അനുഭവത്തെ ഒരു പൊതു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നു. ലൈറ്റ്‌ഹൗസ് ടൂറിസത്തോടുള്ള വർധിച്ചുവരുന്ന താല്പര്യം ഇന്ത്യയുടെ സമുദ്ര പാരമ്പര്യം പ്രദർശിപ്പിക്കുന്നതിന് പുതിയ ഇടങ്ങൾ സൃഷ്ടിക്കുന്നു. ഈ വികസനങ്ങൾ സമീപത്തുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ടൂർ ഓപ്പറേറ്റർമാർ, ഗതാഗത സേവനങ്ങൾ, പ്രാദേശിക കടകൾ, കരകൗശല വിദഗ്ധർ എന്നിവർക്കിടയിൽ തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
വെളിച്ചം ഇന്നും വഴികാട്ടുന്നു
അകലെ നിന്ന് നോക്കുമ്പോൾ ലൈറ്റ്‌ഹൗസ് പഴയതുപോലെ തന്നെ തോന്നാമെങ്കിലും അതിന്റെ പരിചിത വെളിച്ചത്തിന് പിന്നിലെ സാങ്കേതികവിദ്യ കാര്യമായി മാറിയിരിക്കുന്നു. ഒരുകാലത്ത് തീയെയും എണ്ണയെയും ആശ്രയിച്ചിരുന്നവ ഇന്ന് സൗരോർജ്ജത്താൽ പ്രവർത്തിക്കുകയും ആധുനിക സാങ്കേതികവിദ്യയാൽ ശക്തിപ്പെടുകയും ചെയ്തിരിക്കുന്നു. രാജ്യത്തെ എല്ലാ ലൈറ്റ്‌ഹൗസുകളും സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് നാവിക വെളിച്ചങ്ങളെ പ്രവർത്തനക്ഷമമായി നിലനിർത്തുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി പുനരുപയോഗ ഊർജ്ജത്തെ മാറ്റുന്നു.
ഈ മാറ്റം ഓരോ ലൈറ്റ്‌ഹൗസ് സ്റ്റേഷനിലൂടെയും മനസ്സിലാക്കാൻ സാധിക്കും. ഗുജറാത്തിലെ സാമിയാനി ദ്വീപിൽ ഒരു എണ്ണവിളക്കിന് പകരം സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഫ്ലാഷറും തുടർന്ന് 2016-ൽ എൽ.ഇ.ഡി വിളക്കും വന്നു. ജോഡിയയിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു ഫ്ലാഷിംഗ് ലൈറ്റ് അവതരിപ്പിക്കുകയും 2021-ൽ അത് ഉയർന്ന ശേഷിയുള്ള എൽ.ഇ.ഡി ലൈറ്റാക്കി ഉയർത്തുകയും ചെയ്തു. ഇന്ത്യയുടെ വിപുലമായ സമുദ്ര വിവര ശൃംഖലയുടെ ഭാഗമായി ലൈറ്റ്‌ഹൗസുകൾ മാറിയിരിക്കുന്നു. തീരദേശത്തെ ലൈറ്റ്‌ഹൗസുകളിൽ 87 ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എ.ഐ.എസ്) തീരദേശ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് വെളിച്ചം വിശ്വസനീയവും പെട്ടെന്ന് പ്രതികരിക്കുന്നതും ജലയാനങ്ങളെ സുരക്ഷിതമായി നയിക്കാൻ പ്രാപ്തവുമാണെന്ന് ഉറപ്പാക്കുന്നു. കടലിലെ ജീവന്റെ സുരക്ഷയ്ക്കായുള്ള അന്താരാഷ്ട്ര കൺവെൻഷൻ (SOLAS) മാനദണ്ഡങ്ങൾ അനുസരിച്ചുള്ള, കപ്പലുകളിലും തീരത്തുമുള്ള വിവരങ്ങൾ കൈമാറുന്ന സംവിധാനമാണ് എ.ഐ.എസ്. ഇത് ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു ഉപകരണമാണ്, അതുവഴി നാവിക സുരക്ഷയ്ക്കും കപ്പൽ ഗതാഗത മാനേജ്‌മെന്റിന്റെ കാര്യക്ഷമതയ്ക്കും സംഭാവന നൽകുന്നു.
ലൈറ്റ്‌ഹൗസ് മ്യൂസിയങ്ങൾ: സമുദ്ര ചരിത്രത്തെ കൂടുതൽ അടുപ്പിക്കുന്നു
സാങ്കേതികവിദ്യ ലൈറ്റ്‌ഹൗസിന്റെ പ്രവർത്തനപരമായ പങ്കിനെ ശക്തിപ്പെടുത്തുമ്പോൾ അതിന്റെ പഴയ കഥകൾക്ക് സ്വന്തമായൊരു ഇടം ലഭിക്കുന്നു. ചെന്നൈ, മഹാബലിപുരം, ആലപ്പുഴ, കണ്ണൂർ, മുട്ടം, ദ്വാരക, ഗോപ്നാഥ് എന്നിവിടങ്ങളിൽ ഇന്ത്യയ്ക്ക് പ്രത്യേക ലൈറ്റ്‌ഹൗസ് മ്യൂസിയങ്ങളുണ്ട്.

മാമല്ലപുരം എന്നറിയപ്പെടുന്ന മഹാബലിപുരം തമിഴ്‌നാട് തീരത്തെ നൂറ്റാണ്ടുകളായുള്ള സമുദ്ര പ്രവർത്തനങ്ങളാൽ സമ്പന്നമായ ഒരു ചരിത്രം വാഗ്ദാനം ചെയ്യുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും മെഡിറ്ററേനിയൻ രാജ്യങ്ങളുമായും സമുദ്രവ്യാപാരം നടത്തുന്നതിനായി ഏഴാം നൂറ്റാണ്ടിൽ പല്ലവന്മാർ ഇതിനെ ഒരു പ്രധാന തുറമുഖമായി വികസിപ്പിച്ചു. തീരത്തേക്ക് അടുക്കുന്ന ജലയാനങ്ങൾക്കുള്ള വഴികാട്ടിയായി ഒരുകാലത്ത് മരത്തടി കത്തിച്ചാണ് ഉപയോഗിച്ചിരുന്നത്. നാലാം നിരയിലുള്ള ഒപ്റ്റിക്സിനും ലാന്റണിനും ഉള്ളിൽ ഒരു തിരിവിളക്ക് വെച്ചുകൊണ്ട് 1887-ൽ ഒളക്കണ്ണേശ്വര ക്ഷേത്രത്തിന്റെ മേൽക്കൂരയിലാണ് ആദ്യത്തെ പരമ്പരാഗത ലൈറ്റ്‌ഹൗസ് സ്ഥാപിച്ചത്. പ്രധാന വെളിച്ചവും അടിയന്തര വെളിച്ച സ്രോതസ്സും 2004-ൽ മൂന്ന് 150 വാട്ട്, 230 വോൾട്ട് മെറ്റൽ ഹാലൈഡ് ലാമ്പുകളുടെ കൂട്ടമായി മാറ്റിസ്ഥാപിച്ചു.
പ്രസ്തുത ലൈറ്റ്‌ഹൗസ് കല്ലിൽ നിർമ്മിച്ച 26 മീറ്റർ ഉയരമുള്ള ഒരു വൃത്താകൃതിയിലുള്ള ഗോപുരമാണ്. അത് സൂക്ഷിക്കുന്ന ചരിത്രത്തോടൊപ്പം ഈ ഗോപുരവും വികസിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ പ്രധാന വെളിച്ചം 2020-ൽ 236 വാട്ടിന്റെ എൽ.ഇ.ഡി ശ്രേണിയായി ഉയർത്തി, ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായിരുന്നു ഇത്. ജീവസ്സുറ്റ പാരമ്പര്യത്തിന്റെയും പ്രവർത്തനക്ഷമമായ സാങ്കേതികവിദ്യയുടെയും ഒരു സംയോജനമാണ് ഇതിന്റെ ഫലം. ആകർഷകമായ പ്രദർശനങ്ങൾ, അപൂർവ്വ പുരാവസ്തുക്കൾ എന്നിവയിലൂടെ ഈ മ്യൂസിയം ലൈറ്റ്‌ഹൗസുകളുടെ ചരിത്രം പ്രദർശിപ്പിക്കുന്നു. ഇവിടുത്തെ നാഷണൽ ഹെറിറ്റേജ് ആൻഡ് മറൈൻ മ്യൂസിയം സന്ദർശകർക്ക് ഈ പ്രദേശത്തിന്റെ ഭൂതകാലത്തെ അനുഭവിച്ചറിയാനുള്ള അവസരം നൽകുന്നു.
മ്യൂസിയം കേന്ദ്രീകൃതമായ ഈ സമീപനം മറ്റ് വലിയ പദ്ധതികളിലേക്കും വ്യാപിപ്പിക്കുന്നു.
ഗുജറാത്തിലെ ലോഥലിൽ നാഷണൽ മറൈൻ ഹെറിറ്റേജ് കോംപ്ലക്സിൽ (എൻ.എം.എച്ച്.സി) 77 മീറ്റർ ഉയരമുള്ള ലൈറ്റ്‌ഹൗസ് മ്യൂസിയം നിർമ്മിക്കാൻ ഒരുങ്ങുന്നു. ഏകദേശം 266.11 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ്‌ഹൗസ് മ്യൂസിയമായും ഏറ്റവും വലിയ സമുദ്ര മ്യൂസിയങ്ങളിൽ ഒന്നായുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സമുദ്ര സംരംഭങ്ങളിൽ ഒന്നാണ് എൻ.എം.എച്ച്.സി. അഞ്ച് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇന്ത്യയുടെ സമുദ്ര പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാനും പ്രദർശിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുമായി (IMU) ചേർന്ന് വികസിപ്പിക്കുന്ന 5D ഡോം തിയേറ്റർ, തീരദേശ സംസ്ഥാനങ്ങളുടെ പവിലിയൻ, മ്യൂസിയോട്ടൽ, ഇക്കോ റിസോർട്ട്, മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (MRI) എന്നിവയും ഇതിൽ ഉണ്ടാകും. ഈ ലൈറ്റ്‌ഹൗസ് മ്യൂസിയം സമുച്ചയത്തിന്റെ മുഴുവൻ കാഴ്ചകളും നൽകിക്കൊണ്ട് സന്ദർശകരെ ആകർഷിക്കും. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ലൈറ്റ്‌ഹൗസുകളിലൊന്നായ മഹാബലിപുരം ലൈറ്റ്‌ഹൗസിൽ നിന്നാണ് ഇതിന്റെ രൂപകല്പന പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. കല്ലുകളുടെ വിപുലമായ ഉപയോഗത്തോടെ, ഈ മ്യൂസിയം അതിന്റെ വ്യതിരിക്തമായ വാസ്തുവിദ്യ നിലനിർത്തും. ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ വെർച്വൽ റിയാലിറ്റി (വി.ആർ) ദൃശ്യങ്ങൾ, വിശാലമായ കടൽത്തീരത്തുള്ള ഇന്ത്യൻ ലൈറ്റ്‌ഹൗസുകളുടെ ചരിത്രത്തിലേക്ക് ഒരു കാഴ്ച സന്ദർശകർക്ക് നൽകും. പ്രൊജക്ഷൻ മാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക ശബ്ദ-വെളിച്ച പ്രദർശനം ലൈറ്റ്‌ഹൗസിനെ പ്രകാശിപ്പിക്കും.
പ്രാചീന സമുദ്രവ്യാപാരവുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങളിൽ ഒന്നാണ് ലോഥൽ. ഇത്തരമൊരു ലൈറ്റ്‌ഹൗസ് മ്യൂസിയം കടൽയാത്രയുടെ ഏറ്റവും പഴയ പാരമ്പര്യങ്ങളെ ആധുനിക നാവിക സഹായങ്ങളുടെ വികാസവുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയുടെ കിഴക്കൻ തീരത്തും ഈ മാറ്റം വ്യാപിപ്പിക്കുന്നു. വിശാഖപട്ടണത്തെ പഴയ ലൈറ്റ്‌ഹൗസ് പ്രദേശത്ത് ഒരു പുതിയ ലൈറ്റ്‌ഹൗസ് മ്യൂസിയം ആസൂത്രണം ചെയ്തിട്ടുണ്ട്, പദ്ധതിക്കായി 3,156 ചതുരശ്ര മീറ്റർ ഭൂമി നീക്കിവെച്ചിരിക്കുന്നു.
ലൈറ്റ്‌ഹൗസ് ഒരു ആഘോഷമായി മാറുമ്പോൾ
ഈ മാറ്റം സാധാരണ പദ്ധതികൾ അപൂർവ്വമായി മാത്രം സൃഷ്ടിക്കുന്നയൊന്നിന് വഴിയൊരുക്കി. ലൈറ്റ്‌ഹൗസിനെ ചുറ്റിപ്പറ്റിയുള്ള ഒരു ഉത്സവം. ഇതിന്റെ ആദ്യ പതിപ്പ് 2023-ൽ ഗോവയിലെ ഫോർട്ട് അഗ്വാഡയിൽ വെച്ചാണ് നടന്നത്. രണ്ടാം പതിപ്പ് 2024-ൽ ഒഡീഷയിലെ പുരിയിലേക്കും മൂന്നാം പതിപ്പ് 2026-ൽ വിശാഖപട്ടണത്തേക്കും മാറി. ഈ ഉത്സവങ്ങൾ ബോധപൂർവ്വം ലൈറ്റ്‌ഹൗസുകളെ വിശാലമായ ഒരു സാംസ്കാരിക പശ്ചാത്തലത്തിൽ പ്രതിഷ്ഠിച്ചു. ആദ്യത്തെ ഇന്ത്യൻ ലൈറ്റ്‌ഹൗസ് ഫെസ്റ്റിവൽ സാംസ്കാരിക പ്രദർശനങ്ങൾ, സമുദ്ര ചരിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ, ശാസ്ത്രീയ കലാപ്രകടനങ്ങൾ, പ്രശസ്ത ഗായകർ അണിനിരന്ന സംഗീത സന്ധ്യകൾ, തീരദേശ വിഭവങ്ങൾ എന്നിവയിലൂടെ സമുദ്ര പാരമ്പര്യത്തിന് ജീവൻ നൽകി.

ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തിന് പ്രത്യേക ഊന്നൽ നൽകി. പുരിയിൽ നടന്ന പരിപാടി, ലൈറ്റ്‌ഹൗസ് പാരമ്പര്യത്തെ മണൽശില്പകല, ബോട്ട് ആർട്ട്, യോഗ, നാടൻ കലകൾ, സംഗീതം എന്നിവയുമായി സംയോജിപ്പിച്ചു. ഒഡീഷയിലെ വിനോദസഞ്ചാരത്തിനായി വികസിപ്പിച്ച ഗോപാൽപൂർ, പുരി, ചന്ദ്രഭാഗ, പാരദീപ്, ഫാൾസ് പോയിന്റ് എന്നീ അഞ്ച് ലൈറ്റ്‌ഹൗസുകളെയും ഈ പരിപാടി എടുത്തുകാട്ടി. ലൈറ്റ്‌ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തീരദേശ ജനങ്ങളെ ഉൾപ്പെടുത്താനുള്ള പദ്ധതി ഗവൺമെന്റ് പ്രഖ്യാപിച്ചു.
വിശാഖപട്ടണത്ത് നടന്ന മൂന്നാമത് ഇന്ത്യൻ ലൈറ്റ്‌ഹൗസ് ഫെസ്റ്റിവലിനിടയിൽ തീരദേശ സ്വത്വത്തിന്റെ വിശാലമായ ഒരു ആഘോഷത്തിന്റെ കേന്ദ്രമായി ലൈറ്റ്‌ഹൗസ് മാറി. പ്രാദേശിക കരകൗശല വസ്തുക്കൾ, തീരദേശ ഭക്ഷണങ്ങൾ, രാത്രിയിലെ ദീപാലങ്കാരങ്ങൾ എന്നിവ പരിപാടിക്ക് കൂടുതൽ നിറം പകർന്നു. അതേസമയം കുടുംബങ്ങൾ, യുവാക്കൾ, കലാകാരന്മാർ, സംരംഭകർ, വിദ്യാർത്ഥികൾ, സന്ദർശകർ എന്നിവർ ആഘോഷങ്ങൾക്ക് ജീവൻ നൽകി. അവരുടെ ആവേശകരമായ പങ്കാളിത്തം ഈ ആഘോഷത്തെ കൂടുതൽ സജീവവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ലൈറ്റ്‌ഹൗസിന് ചുറ്റുമുള്ള സമൂഹവുമായി അടുപ്പിച്ചതുമാക്കി മാറ്റി.
ഗോവയിലെ അഗ്വാടയിൽ ഈ പുതിയ സമീപനം തികച്ചും ആധുനികമായ ഒരു രൂപം കൈക്കൊണ്ടിരിക്കുന്നു. പഴയൊരു അടയാളത്തിന് ചുറ്റും പുതിയൊരു കഥ പറയാൻ ആ ഘടനയെത്തന്നെ ഒരു കാൻവാസാക്കിക്കൊണ്ട് ചരിത്രപ്രധാനമായ ലൈറ്റ്‌ഹൗസിൽ വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും പ്രൊജക്ഷൻ മാപ്പിംഗ് ഷോ അവതരിപ്പിച്ചിട്ടുണ്ട്.

ലൈറ്റ്‌ഹൗസിനായി ഒരു പുതിയ പാത
ഈ ആശയം ഇപ്പോൾ ഇന്ത്യയിലെ തീരദേശ ഗോപുരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. നിലവിലുള്ള ലൈറ്റ്‌ഹൗസ് കേന്ദ്രങ്ങൾക്ക്
പൊതുജീവിതത്തിൽ വലിയ പങ്ക് നൽകിക്കൊണ്ട് പുതിയ സ്ഥലങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇതുവരെ സന്ദർശകർക്കായി തുറന്നുകൊടുത്ത 75 കേന്ദ്രങ്ങൾക്ക് പുറമെ അധികമായി 25 ലൈറ്റ്‌ഹൗസുകൾ കൂടി വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പാണ്ഡു, ബോഗിബീൽ, സിൽഘട്ട്, ബിശ്വനാഥ് ഘട്ട് എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദിക്കരയിൽ നാല് ലൈറ്റ്‌ഹൗസുകൾ സ്ഥാപിക്കുന്നുണ്ട്.
ഏകദേശം 84 കോടി രൂപ ചെലവിൽ ഉൾനാടൻ ജലപാതയിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ്‌ഹൗസ് അടിസ്ഥാന സൗകര്യമായിരിക്കും ഇത്. ഓരോ ലൈറ്റ്‌ഹൗസും 20 മീറ്റർ ഉയരത്തിൽ ഉയർന്നുവരും. സൗരോർജ്ജവും കാലാവസ്ഥാ നിരീക്ഷണ സെൻസറുകളും നാവിഗേഷൻ അടിസ്ഥാന സൗകര്യങ്ങൾക്ക് ആധുനിക ശേഷി നൽകും.
എന്നിരുന്നാലും, ഈ ലൈറ്റ്‌ഹൗസുകൾ നാവിഗേഷന് വേണ്ടിയുള്ളത് മാത്രമല്ല. ഓരോ പ്രദേശത്തും ഒരു മ്യൂസിയം, ആംഫി തിയേറ്റർ, കഫെറ്റീരിയ, കുട്ടികളുടെ കളിസ്ഥലം, സോവനീർ ഷോപ്പ്, മനോഹരമായി രൂപകൽപ്പന ചെയ്ത പൊതുസ്ഥലങ്ങൾ എന്നിവ ഉണ്ടായിരിക്കും. ആശയം ലളിതവും എന്നാൽ പ്രധാനപ്പെട്ടതുമാണ് - ഒരു ലൈറ്റ്‌ഹൗസ് ഇനി അകലെ നിന്ന് ഒരു ജലയാനത്തിന്റെ സഞ്ചാരപാത അടയാളപ്പെടുത്തുന്ന കാര്യം മാത്രമായിരിക്കണമെന്നില്ല. ജനങ്ങളെ വെള്ളത്തോടും അതിന്റെ ചരിത്രത്തോടും മാറിക്കൊണ്ടിരിക്കുന്ന സാധ്യതകളോടും അടുപ്പിക്കുന്ന ഒരിടമായി അത് മാറുകയും ചെയ്യാം. തലമുറകളായി നിലകൊണ്ടിരുന്ന തീരദേശ ഗോപുരങ്ങൾ മുതൽ ബ്രഹ്മപുത്രയിലൂടെ ഉയരുന്ന പുതിയ വെളിച്ചങ്ങൾ വരെ ഇന്ത്യയുടെ ലൈറ്റ്‌ഹൗസ് കഥ പുതിയൊരു യാത്രയിലേക്ക് നീങ്ങുകയാണ്. വെളിച്ചം അതിന്റെ ലക്ഷ്യം തുടരുമ്പോൾ തന്നെ ലൈറ്റ്‌ഹൗസ് സ്വയം ഒരടയാളകേന്ദ്രമായി മാറുന്നു.
അവലംബം
Ministry of Ports, Shipping and Waterways
https://dgll.nic.in/DGLL-light-house-location/about-chennai/mahabalipuram-lighthouse
https://dgll.nic.in/about-DGLL/Service-reminders/nais
https://www.dgll.nic.in/DGLL-light-house-location/about-vts-gandhi-dham/samiyani-island-lighthouse-station
https://nmhc.in/about-us/
https://www.dgll.nic.in/DGLL-light-house-location/about-vts-gandhi-dham/jodiya-lighthouse
https://www.pib.gov.in/PressReleasePage.aspx?PRID=2066548®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2297603®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2213361&lang=1®=3
https://x.com/shipmin_india/status/2009198735956566313
https://www.pib.gov.in/PressReleasePage.aspx?PRID=2063453&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2200943&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2235574®=3&lang=1
Ministry of Culture
https://culture.gov.in/photo-gallery/mamallapuram-lighthouse
Please See PDF
***
SK
(Features ID: 160425)
आगंतुक पटल : 12
Provide suggestions / comments