Infrastructure

നഗര പരിവർത്തനം: ഹരിതാഭവും സുസ്ഥിരവുമായ നഗരങ്ങൾ കെട്ടിപ്പടുക്കുന്നു

Posted On: 02 OCT 2026 12:04PM

ഒരു നഗരത്തിന്റെ വളർച്ച അതിന്റെ കെട്ടിടങ്ങളിലും റോഡുകളിലും മാത്രമല്ല, അത് ദൈനംദിന വെല്ലുവിളികളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിലും ദൃശ്യമാണ്. മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി, സമൂഹത്തിന്റെ പങ്കാളിത്തം, സേവനങ്ങളുടെ ലഭ്യത എന്നിവയ്ക്ക് നഗരജീവിതത്തിന്റെ ഗുണനിലവാരം രൂപപ്പെടുത്താൻ കഴിയും. സ്വച്ഛ് ഭാരത് മിഷൻ രാജ്യത്തുടനീളം ഈ ദൈനംദിന പരിവർത്തനത്തിന് ശക്തമായ ഒരു അടിത്തറ പാകിയിട്ടുണ്ട്. കാലക്രമേണ മാലിന്യങ്ങൾ ശേഖരിക്കുന്നതിലും നിക്ഷേപിക്കുന്നതിലും മാത്രം ഒതുങ്ങാതെ പദ്ധതിയുടെ ഊന്നൽ മുന്നോട്ടുപോയിട്ടുണ്ട്. തള്ളിക്കളയുന്ന വസ്തുക്കളിൽ നിന്ന് മൂല്യം വീണ്ടെടുക്കാനും ഉത്തരവാദിത്തമുള്ള ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും നഗരസഭാ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള വഴികൾ നഗരങ്ങൾ കണ്ടെത്തുകയാണ്. തരംതിരിക്കൽ, പുനരുപയോഗം (recycling), വീണ്ടും ഉപയോഗിക്കൽ (reuse), മൂല്യം വീണ്ടെടുക്കൽ (recovery) എന്നിവ പ്രാദേശിക സംവിധാനങ്ങളുടെ അവിഭാജ്യ ഘടകമായി മാറുന്നതോടെ ഹരിത ശീലങ്ങളും ജനശ്രദ്ധ നേടുന്നു. ഡിജിറ്റൽ നിരീക്ഷണം, ഡാറ്റാധിഷ്ഠിത സംവിധാനങ്ങൾ, മെച്ചപ്പെട്ട സേവന വിതരണം എന്നിവ കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കാൻ പ്രാദേശിക ഭരണകൂടങ്ങളെ സഹായിക്കുന്നു. ഈ ശ്രമങ്ങൾ പാരിസ്ഥിതിക ഉത്തരവാദിത്തത്തെ ദൈനംദിന ജീവിത ആവശ്യങ്ങളുമായി സന്തുലിതമാക്കുന്ന നഗര ഇടങ്ങൾ ക്രമേണ സൃഷ്ടിക്കുകയാണ്.

സുസ്ഥിര നഗര പരിവർത്തനത്തിൽ മുന്നേറുന്ന നഗരങ്ങൾ

വിവിധ പ്രദേശങ്ങളിലുടനീളം പ്രാദേശിക പരിഹാരങ്ങൾക്ക് എങ്ങനെ അർത്ഥവത്തായ പാരിസ്ഥിതിക ഫലങ്ങളിലേക്ക് മാറുവാൻ കഴിയുമെന്ന് നഗരങ്ങൾ തെളിയിക്കുകയാണ്. സുസ്ഥിര നഗര പരിവർത്തനത്തിന് പല രൂപങ്ങൾ സ്വീകരിക്കാൻ കഴിയുമെന്ന് അവയുടെ അനുഭവങ്ങൾ കാണിക്കുന്നു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെ സംയോജിത മാലിന്യ സംസ്കരണ സൗകര്യങ്ങളാക്കി മാറ്റുന്നതും സീറോ വേസ്റ്റ് (മാലിന്യരഹിത) ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. സാങ്കേതികവിദ്യ ദൈനംദിന ശുചിത്വ സേവനങ്ങളെ മെച്ചപ്പെടുത്തുകയും നഗര സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇനിപ്പറയുന്ന കഥകൾ ഈ വൈവിധ്യമാർന്ന സമീപനങ്ങളെ എടുത്തുകാട്ടുന്നു.

ഹരിതാഭമായ ഒരു ഗോവ: മാലിന്യത്തെ ഊർജ്ജമാക്കി മാറ്റുന്നു

ഗോവയിലെ സാലിഗാവോ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന സംയോജിത മാലിന്യ സംസ്കരണ കേന്ദ്രം പാരിസ്ഥിതിക സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നു. 113,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഇത് ഗോവ വേസ്റ്റ് മാനേജ്‌മെന്റ് കോർപ്പറേഷൻ (GWMC) ആണ് പ്രവർത്തിപ്പിക്കുന്നത്. ഈ കേന്ദ്രം മുമ്പ് ഒരു മാലിന്യ നിക്ഷേപ കേന്ദ്രമായി ഉപയോഗിച്ചിരുന്നതാണ്. ഇപ്പോൾ ഇത് ഗോവയ്ക്കായുള്ള ഒരു സംയോജിത, പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണ കേന്ദ്രമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ കേന്ദ്രം പ്രതിദിനം 250 മെട്രിക് ടൺ ഈർപ്പമുള്ളതും (wet) ഉണങ്ങിയതുമായ (dry) മാലിന്യങ്ങൾ സംസ്കരിക്കുന്നു. ഈ പ്ലാന്റിൽ മാലിന്യത്തിൽ നിന്ന് ജൈവവസ്തുക്കൾ വേർതിരിച്ചെടുത്ത് ബയോഗ്യാസാക്കി മാറ്റുന്നു. ഇത് വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഈ ഊർജ്ജം പ്രദേശത്തെ വൈദ്യുതക്ഷാമം പരിഹരിച്ച് പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നു.

റെസ്റ്റോറന്റുകളിൽ നിന്നുള്ള ഈർപ്പമുള്ള മാലിന്യങ്ങൾ മീഥെയ്ൻ സമ്പുഷ്ടമായ ബയോഗ്യാസ് ഉൾപ്പെടെയുള്ള മൂല്യമുള്ള ജൈവ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നു. ഈ കേന്ദ്രത്തിൽ സംസ്കരിക്കുന്ന 100 മെട്രിക് ടൺ ഉണങ്ങിയ മാലിന്യങ്ങളിൽ നിന്ന് പുനരുപയോഗിക്കാവുന്ന വസ്തുക്കൾ വേർതിരിച്ചെടുക്കുന്നു. ബാക്കിയുള്ള ഉണങ്ങിയ മാലിന്യങ്ങൾ സഹ-സംസ്കരണത്തിനായി സിമന്റ് ഫാക്ടറികളിലേക്ക് അയക്കുന്നു. കൂടാതെ ഈ കേന്ദ്രത്തിൽ ഈർപ്പമുള്ള മാലിന്യങ്ങളിൽ നിന്ന് 1.32 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ വൈദ്യുതി 35 യൂണിറ്റുകൾക്ക് ഊർജ്ജം നൽകുന്നു. ഇതിൽ പകുതി ഗോവ വൈദ്യുതി വകുപ്പിന് നൽകുന്നു. ഈ പ്ലാന്റിൽ നിന്ന് പ്രതിദിനം 7–8 ടൺ കമ്പോസ്റ്റും ഉത്പാദിപ്പിക്കുന്നുണ്ട്. പ്രാദേശിക പഞ്ചായത്തുകൾ പൂന്തോട്ടപരിപാലനത്തിനും വനവൽക്കരണ പദ്ധതികൾക്കുമായി ഈ കമ്പോസ്റ്റ് ഉപയോഗിക്കുന്നു.

സംയോജിത ഖരമാലിന്യ സംസ്കരണ കേന്ദ്രം ഗോവയുടെ മാലിന്യ സംസ്കരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇത് സംസ്ഥാനത്തെ ആകെ മാലിന്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തോളം സംസ്കരിക്കുന്നു. ഒരുകാലത്ത് മാലിന്യങ്ങൾ ശേഖരിക്കുക മാത്രം ചെയ്തിരുന്ന ആളുകൾ ഇപ്പോൾ പ്ലാന്റിലെ പരിശീലനം ലഭിച്ച തൊഴിലാളികളുടെ ഭാഗമാണ്. ഇത് പരിസ്ഥിതിക്ക് ഗുണം ചെയ്യുന്നതോടൊപ്പം പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ഉപജീവന അവസരങ്ങളും നൽകുന്നു. നഗരത്തെ "സീറോ വേസ്റ്റ്" (മാലിന്യരഹിതം) ആക്കുക എന്ന ലക്ഷ്യത്തോടെ പ്ലാന്റ് വർഷം മുഴുവൻ ഇടതടവില്ലാതെ പ്രവർത്തിക്കുന്നു.

ഗാന്ധിനഗറിന്റെ സീറോ വേസ്റ്റ് യാത്ര: മാറ്റത്തിന് നേതൃത്വം നൽകുന്ന പൗരന്മാർ

ഗുജറാത്തിലെ ഗാന്ധിനഗർ സ്വച്ഛതയുടെയും സുസ്ഥിരതയുടെയും ശക്തമായ ഒരു ഉദാഹരണമായി നിലകൊള്ളുന്നു. സ്വച്ഛ് ഭാരത് മിഷനോടുള്ള പ്രതിബദ്ധതയിലൂടെയും സ്വച്ഛ് സർവേക്ഷണിലെ പങ്കാളിത്തത്തിലൂടെയും നഗര ശുചിത്വ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നു. ആഗോള സീറോ വേസ്റ്റ് വാരാചരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ 2026 സെപ്റ്റംബർ 2 മുതൽ 7 വരെ സ്വാധീനമുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പെരുമാറ്റ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും 3R തത്വങ്ങളായ കുറയ്ക്കുക (Reduce), വീണ്ടും ഉപയോഗിക്കുക (Reuse), പുനരുപയോഗിക്കുക (Recycle) എന്നിവ പ്രചരിപ്പിക്കുന്നതിനും ഈ സംരംഭങ്ങൾ ലക്ഷ്യമിട്ടു. നഗരത്തിലുടനീളമുള്ള 25 കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും 600-ലധികം പൗരന്മാരെ നേരിട്ട് പങ്കാളികളാക്കുകയും ചെയ്തു. നിർദ്ദിഷ്ട സോഷ്യൽ മീഡിയ പ്രചാരണങ്ങളിലൂടെ ആ ആഴ്ചയിൽ 40,000-ത്തിലധികം ആളുകളിലേക്ക് എത്താനും അവരെ ബോധവൽക്കരിക്കാനും സാധിച്ചു. 'മൈ തെലി' (My Theli) സ്റ്റാളുകൾ ഗാന്ധിനഗറിലുടനീളം കമ്മ്യൂണിറ്റി പങ്കാളിത്തത്തിന്റെയും സുസ്ഥിര പ്രവർത്തനങ്ങളുടെയും സജീവമായ ഇടങ്ങളായി മാറി. ഉപയോഗിച്ച വസ്ത്രങ്ങൾ സംഭാവന ചെയ്യാൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചു. പ്രാദേശിക അയൽക്കൂട്ടങ്ങളിൽ നിന്നുള്ള നൈപുണ്യമുള്ള സ്ത്രീകൾ ഈ സംഭാവനകളെ വീണ്ടും ഉപയോഗിക്കാവുന്ന തുണിസഞ്ചികളാക്കി മാറ്റി.

സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഉത്തരവാദിത്തമുള്ള ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി "സ്വച്ഛത സേ ശുരുവത്" (Swachhata Se Shuruvat) പ്രചാരണം ആരംഭിച്ചു. പാരിസ്ഥിതിക ആശങ്കകളെക്കുറിച്ചും ഉത്തരവാദിത്തമുള്ള ശീലങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ആകർഷകവും സംവേദനാത്മകവുമായ കളികളിലൂടെ വിദ്യാർത്ഥികൾക്ക് സുസ്ഥിരതയെക്കുറിച്ച് പ്രായോഗിക ധാരണകൾ ലഭിച്ചു. പഴയ വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനായി റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ (Reduce, Reuse, Recycle) വാൻ നിവാസികളുടെ വീട്ടുപടിക്കൽ എത്തി. പങ്കെടുത്തവർക്ക് അവരുടെ സംഭാവനകൾക്ക് സമ്മാനങ്ങൾ ലഭിച്ചു. ഇത് കൂടുതൽ കമ്മ്യൂണിറ്റി പങ്കാളിത്തത്തെ പ്രോത്സാഹിപ്പിച്ചു. ഓൺലൈൻ സാക്ഷ്യപത്രങ്ങളിലൂടെ പൗരന്മാരെ അവരുടെ വ്യക്തിഗത ശ്രമങ്ങളും ദൈനംദിന ശീലങ്ങളും പങ്കുവെക്കാനും ക്ഷണിച്ചു. ഈ സംരംഭങ്ങളിലൂടെ ഗാന്ധിനഗർ അതിന്റെ സീറോ വേസ്റ്റ് കാഴ്ചപ്പാടിലേക്ക് മുന്നേറുകയാണ്. മാലിന്യരഹിത നഗരങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് പ്രവർത്തിക്കുമ്പോൾ തന്നെ വിഭവ ബോധമുള്ള ശീലങ്ങളെ ശക്തിപ്പെടുത്തുന്നത് നഗരം തുടരുന്നു.

 

കാക്കിനടയുടെ കാര്യക്ഷമമായ മാലിന്യ സംസ്കരണത്തിനുള്ള മികച്ച സമീപനം

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള മാലിന്യ സംസ്കരണത്തിന്റെ ശ്രദ്ധേയമായ ഒരു ഉദാഹരണമായി കാക്കിനട ഉയർന്നുവന്നിട്ടുണ്ട്. ഈർപ്പമുള്ളതും ഉണങ്ങിയതും അപകടകരവുമായ വസ്തുക്കൾ ഉൾപ്പെടെ പ്രതിദിനം 144 ടണ്ണോളം മാലിന്യമാണ് കാക്കിനട ഉത്പാദിപ്പിക്കുന്നത്. കാക്കിനട മുനിസിപ്പൽ കോർപ്പറേഷൻ 50 വാർഡുകളിലായി ഈ പ്രവർത്തനം കൈകാര്യം ചെയ്യുന്നു. ഇവ കൂടുതൽ കൃത്യതയ്ക്കായി 382 മൈക്രോ പോക്കറ്റുകളായി തരംതിരിച്ചിരിക്കുന്നു. ഓരോ മൈക്രോ പോക്കറ്റും 250 മുതൽ 350 വരെ കുടുംബങ്ങളെ ഉൾക്കൊള്ളുന്നു. കൂടാതെ രണ്ട് ശുചിത്വ തൊഴിലാളികൾ ഇത് കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

ഏകദേശം 112,993 കുടുംബങ്ങളുള്ള ഇവിടെ മാലിന്യ സംസ്കരണത്തിനായി 973-ലധികം ശുചിത്വ തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്. ഈ വീടുകൾ നഗരത്തിലുടനീളം തന്ത്രപരമായി 40,661 നിർദ്ദിഷ്ട മാലിന്യ ശേഖരണ കേന്ദ്രങ്ങളായി ക്രമീകരിച്ചിരിക്കുന്നു. മാലിന്യ ശേഖരണവും ഗതാഗതവും കാര്യക്ഷമമാക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഓൺലൈൻ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം (OWMS) ഈ പ്രക്രിയയെ തത്സമയം നിരീക്ഷിക്കുന്നു. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID), ഫേഷ്യൽ റെക്കഗ്നിഷൻ, ജി.പി.എസ് (GPS), ഹ്യൂമൻ റിസോഴ്‌‌സ് മാനേജ്‌മെന്റ് സിസ്റ്റം (HRMS) എന്നിവ ജീവനക്കാരുടെയും ഗതാഗതത്തിന്റെയും മാനേജ്‌മെന്റിനെ കൂടുതൽ പിന്തുണയ്ക്കുന്നു. മാലിന്യം ഉത്പാദിപ്പിക്കുന്ന ഓരോ കേന്ദ്രങ്ങളുടെയും ഗേറ്റുകളിൽ RFID ചിപ്പ് ഘടിപ്പിച്ച ടാഗുകൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്നവർ ഈ ടാഗുകൾ സ്കാൻ ചെയ്യുന്നു. സ്കാൻ ചെയ്ത വിവരങ്ങൾ OWMS-ൽ രേഖപ്പെടുത്തുന്നു. ഇത് ശേഖരണ പുരോഗതി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നു. നിരന്തര നിരീക്ഷണവും ശുചിത്വ ജീവനക്കാരും ഈ സംവിധാനത്തെ 100% വീട്ടുപടിക്കലുള്ള ശേഖരണം കൈവരിക്കാൻ സഹായിച്ചു.

മുനിസിപ്പൽ കോർപ്പറേഷൻ ജി.പി.എസ് ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ച 108 ഹോപ്പർ വാഹനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഇവ ഗതാഗതം നിരീക്ഷിക്കുകയും മാലിന്യ ശേഖരണത്തിലും സംസ്‌കരണ പ്ലാന്റുകളിലേക്കുള്ള ഗതാഗതത്തിലുമുണ്ടാകുന്ന വ്യതിയാനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. എല്ലാ സഫായി മിത്രങ്ങൾക്കുമായി ഒരു ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും (FRS) ഇത് അവതരിപ്പിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് ഇപ്പോൾ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് തങ്ങളുടെ ഹാജർ രേഖപ്പെടുത്താം. ഇത് മാനുവൽ ഹാജർ രജിസ്റ്ററുകളുടെയോ വിരലടയാള സ്‌കാനറുകളുടെയോ ആവശ്യകത ഇല്ലാതാക്കുന്നു. ഈ സാങ്കേതികവിദ്യകളെല്ലാം സൂക്ഷ്മമായ നിരീക്ഷണത്തിനായി ഒരു സെൻട്രൽ കമാൻഡ് സെന്ററുമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രദേശവാസികളിൽ ഏകദേശം 60% ആളുകളും ഇപ്പോൾ മാലിന്യങ്ങൾ അതിന്റെ ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നു. ശുചിത്വ തൊഴിലാളികളുടെയും പ്രദേശവാസികളുടെയും കൂട്ടായ പരിശ്രമം മാലിന്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള കാക്കിനടയുടെ ശേഷിയെ ശക്തിപ്പെടുത്തുന്നു.

ഗാസിയാബാദ്: മാലിന്യത്തെ കാർബൺ മൂല്യമാക്കി മാറ്റുന്നു

കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഉത്തർപ്രദേശിലെ ഗാസിയാബാദ് ശുചിത്വവും നഗരവികസനവും മുന്നോട്ട് കൊണ്ടുപോകുകയാണ്. ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (GMC) ഒരു അന്താരാഷ്ട്ര കാർബൺ ക്രെഡിറ്റ് പ്രോജക്റ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സാക്ഷ്യപ്പെടുത്തിയ ഈ സംരംഭം പരിസ്ഥിതി സംരക്ഷണത്തെ സാധ്യതയുള്ള സാമ്പത്തിക നേട്ടങ്ങളുമായി സംയോജിപ്പിക്കുന്നു. സ്വച്ഛ് ഭാരത് മിഷന് കീഴിലുള്ള മെച്ചപ്പെടുത്തിയ ഖരമാലിന്യ സംസ്കരണത്തിന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ നിന്നുള്ള മീഥെയ്ൻ പോലുള്ള ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കാൻ കഴിയും.

ശുദ്ധമായ ഇന്ധനങ്ങളുടെയും ഊർജ്ജ സ്രോതസ്സുകളുടെയും കൂടുതൽ ഉപയോഗത്തിന് ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കാർബൺ ഉദ്‌വമനം കുറയ്ക്കാനും സാധിക്കും. ഈ ശ്രമങ്ങൾക്ക് അനുസൃതമായി ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (UNFCCC) പിന്തുണയുള്ള വെരിഫൈഡ് കാർബൺ സ്റ്റാൻഡേർഡിന് (VCS) കീഴിൽ ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.

GMC നഗരത്തിലുടനീളമുള്ള പഴയ തെരുവുവിളക്കുകൾക്ക് പകരം ഊർജ്ജക്ഷമതയുള്ള LED ലൈറ്റുകൾ സ്ഥാപിച്ചു. ഈ നടപടി കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനോടൊപ്പം വൈദ്യുതി ഉപഭോഗവും കുറയ്ക്കുന്നു. ഈർപ്പമുള്ള മാലിന്യങ്ങളിൽ നിന്ന് കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനായി ഇത് വെറ്റ് വേസ്റ്റ് കമ്പോസ്റ്റിംഗും നടപ്പിലാക്കുന്നു. ഈ പ്രക്രിയ വേഗത്തിലുള്ള മാലിന്യ സംസ്കരണത്തെ പിന്തുണയ്ക്കുകയും ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. മധ്യപ്രദേശിലെ ഇൻഡോറിന് ശേഷം മാലിന്യത്തെ ഒരു പുതിയ മൂല്യസ്രോതസ്സാക്കി മാറ്റുന്ന ഉത്തർപ്രദേശിലെ ആദ്യത്തെ അർബൻ ലോക്കൽ ബോഡിയും (ULB) രാജ്യത്തെ രണ്ടാമത്തെ സമിതിയുമായി മാറുവാൻ ഗാസിയാബാദ് ഒരുങ്ങുകയാണ്.

ഈ നടപടികളെല്ലാം കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം ഏകദേശം 2.7 ലക്ഷം ടൺ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കുറവ് 2.7 ലക്ഷം കാർബൺ ക്രെഡിറ്റുകൾക്ക് തുല്യമാണ്, ഒരു ടൺ കാർബൺ ഡൈ ഓക്സൈഡ് ഒരു ക്രെഡിറ്റിന് തുല്യമാണ്. സാക്ഷ്യപ്പെടുത്തിയ ക്രെഡിറ്റുകൾ അന്താരാഷ്ട്ര കാർബൺ മാർക്കറ്റിൽ വിൽക്കുന്നതിലൂടെ വരുമാനമാക്കി മാറ്റാൻ സാധിക്കും. ഈ സംരംഭം ഗാസിയാബാദിലെ ശുചിത്വത്തെയും പരിസ്ഥിതി സംരക്ഷണത്തെയും സാമ്പത്തിക അവസരങ്ങളെയും പിന്തുണയ്ക്കുന്നു.

 

ഓരോ വിഭവത്തെയും വിലമതിക്കുന്ന നഗരങ്ങളുടെ നിർമ്മാണം

നഗരങ്ങളിലുടനീളം നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനം നഗര വിഭവങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള വിശാലമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. സാങ്കേതികവിദ്യ ദൈനംദിന ശുചിത്വ സേവനങ്ങളെ ശക്തിപ്പെടുത്തുമ്പോൾ പൗരന്മാർ സുസ്ഥിര ശീലങ്ങളിൽ സജീവ പങ്കാളികളായി മാറുകയാണ്. പ്രാദേശിക പരിഹാരങ്ങൾ ദൈനംദിന നഗരജീവിതത്തിൽ ദൃശ്യമായ മെച്ചപ്പെടുത്തലുകൾ സൃഷ്ടിക്കുന്നു. കാര്യക്ഷമമായ മാലിന്യ സംസ്കരണത്തിനായി നവീനാശയത്തെ ജനങ്ങളുടെ പരിശ്രമങ്ങളുമായി സംയോജിപ്പിക്കുന്നതിന്റെ മൂല്യവും അവ കാണിക്കുന്നു. ഈ സമീപനങ്ങളെല്ലാം കൂടുതൽ വൃത്തിയുള്ളത് മാത്രമല്ല, കൂടുതൽ ചാക്രികവും വിഭവക്ഷമതയുള്ളതുമായ നഗര സംവിധാനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

അവലംബം

 

Ministry of Housing and Urban Affairs

Click here for pdf file.

***

SK

(Features ID: 160339) आगंतुक पटल : 6
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Telugu , Kannada