Infrastructure
ഡിസൈനിലെ നൂതനത്വം: ആത്മാഭിമാനത്തിന്റെ പ്രതീകമായി മാറുന്ന ഇന്ത്യയിലെ പൊതുശുചിമുറികൾ
Posted On:
02 OCT 2026 12:28PM
വർഷങ്ങളായി, പൊതു ശുചിത്വ പരിപാലന സൗകര്യങ്ങളിലേക്കുള്ള അഭിഗമ്യത വിപുലീകരിക്കുന്നതിൽ ഇന്ത്യയിലെ നഗരങ്ങൾ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ലഭ്യതയും വൃത്തിയും മെച്ചപ്പെടുത്തുന്നതിൽ നിന്ന് സുരക്ഷയും അഭിഗമ്യതയും വർദ്ധിപ്പിക്കുന്നതുവരെ, പൊതു ശൗചാലയങ്ങൾ കൂടുതൽ സമഗ്രവും ഉപയോക്തൃ സൗഹൃദവുമാക്കുന്നതിന് നഗരങ്ങൾ നൂതനമായ സമീപനങ്ങൾ സ്വീകരിക്കുന്നു.
ഈ ശ്രമങ്ങളെ അടിസ്ഥാനമാക്കി, 2014 ഒക്ടോബർ 2 ന് ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ (ശുചിത്വ ഭാരത ദൗത്യം-എസ്.ബി.എം) ഇന്ത്യയിലുടനീളം ശുചിത്വപരിപാലന നൂതനത്വത്തിൽ പുരോഗതി കൈവരിച്ചു. നഗരങ്ങൾ ശൗചാലയങ്ങൾ നിർമ്മിക്കുകയും അവബോധം വളർത്തുകയും വെളിയിട മലമൂത്ര വിസർജ്ജന വിമുക്ത മേഖലകൾ (ഒ.ഡി.എഫ്) ആക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്തു. പലരും അതിനപ്പുറം മുന്നോട്ട് പോയി പൊതുശൗചാലയങ്ങളുടെ വൃത്തിയും ഖര-ദ്രവ മാലിന്യ സംസ്‌കരണവും ഉറപ്പാക്കുന്ന വെളിയിട മലമൂത്ര വിസർജ്ജന വിമുക്ത മേഖല (ഒ.ഡി.എഫ് പ്ലസ്) പദവികളും, ഒ.ഡി.എഫ്, ഒ.ഡി.എഫ് പ്ലസ് പദവികളുടെ നിബന്ധനകൾ പാലിക്കുന്നതിനൊപ്പം മലമൂത്ര വിസർജ്ജ്യങ്ങളുടെയും മലിനജലത്തിന്റെയും ശാസ്ത്രീയ സംസ്‌കരണം കൂടി നടപ്പിലാക്കുന്ന മേഖലകൾ (ഒ.ഡി.എഫ് പ്ലസ് പ്ലസ്) പദവികളും നേടി. 2022-ൽ, സ്വച്ഛ് ഭാരത് മിഷൻ-അർബൻ (ശുചിത്വ ഭാരത ദൗത്യം-നഗര/ എസ്.ബി.എം-യു) പ്രകാരമുള്ള 'ടോയ്ലറ്റ്‌സ് 2.0' സംരംഭം വീണ്ടും നിലവാരം ഉയർത്തി. പൊതുശൗചാലയങ്ങൾ (കമ്മ്യൂണിറ്റി, പബ്ലിക് ടോയ്ലറ്റുകൾ/ സി.ടി, പി.ടി) സുരക്ഷിതവും വൃത്തിയുള്ളതും എല്ലാവർക്കും ആകർഷകവുമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. സ്വച്ഛത ആപ്പിലെ 'എസ്.ബി.എം ടോയ്ലറ്റ് ലൊക്കേറ്റർ' വഴി പൗരന്മാർക്ക് ഇപ്പോൾ ഏറ്റവും അടുത്തുള്ള പൊതുശൗചാലയ സൗകര്യം കണ്ടെത്താൻ കഴിയും.
ഇന്ന്, അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ മാറ്റം ദൃശ്യമാണ്. ഒരു പഴയ ബസ് സ്ത്രീകളുടെ ശൗചാലയമായി മാറിയിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാണ സാമഗ്രികളായി മാറിയിരിക്കുന്നു. തിരക്കേറിയ ഒരു വിപണിയിൽ ഇപ്പോൾ ഒരു സ്മാർട്ട് ലോഞ്ച് ഉണ്ട്. ഒരു ചെറിയ നഗരം സാനിറ്ററി മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സുരക്ഷിതമായ ഒരു മാർഗം കണ്ടെത്തി. തീർത്ഥാടന പട്ടണങ്ങൾ എല്ലാവർക്കും സൗകര്യങ്ങൾ അഭിഗമ്യമാക്കുന്നു. അടിസ്ഥാനപരമായ സൗകര്യങ്ങളിൽ നിന്ന് അന്തസ്സ്, സുരക്ഷിതത്വം, നൂതനത്വം എന്നിവ ഉറപ്പാക്കുന്നത് വരെയുള്ള ഒരു പ്രയാണത്തെയാണ് ഈ കഥകൾ ഒരുമിച്ച് അടയാളപ്പെടുത്തുന്നത്
നവയുഗ ശൗചാലയങ്ങൾ: ഉപയോഗ ശൂന്യമായ ഒരു ബസ് സ്ത്രീകൾക്ക് സുരക്ഷിത ഇടമായി മാറുന്നു
തിരക്കേറിയ ബസ് ടെർമിനലുകളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകൾ പലപ്പോഴും വൃത്തിയും സ്വകാര്യതയുമുള്ള ഒരു ശൗചാലയം കണ്ടെത്താൻ പ്രയാസപ്പെടാറുണ്ട്. കർണാടകയിലെ ബംഗളൂരുവിൽ, ഈ ആവശ്യം നിറവേറ്റുന്നതിനായി ഒരു പഴയ ബസ് പുതിയൊരു ലക്ഷ്യം കണ്ടെത്തി. കർണാടക സംസ്ഥാന റോഡ് ഗതാഗത കോർപറേഷ(കെ.എസ്.ആർ.ടി.സി)ന്റെ മജസ്റ്റിക് ബസ് ടെർമിനലിൽ സ്ത്രീകൾക്കായി ഒരു ശൗചാലയ സംവിധാനം സ്ഥാപിച്ചു. ഉപയോഗശൂന്യമായ പൊളിച്ചുമാറ്റാൻ വെച്ച ഒരു വാഹനത്തിൽ നിന്ന് നിർമ്മിച്ചിരിക്കുന്ന ഇത്, സ്ത്രീകൾക്ക് മാത്രമായി സേവനം നൽകുന്നു.

ഇന്ത്യൻ ശൈലിയിലുള്ള മൂന്ന് ക്ലോസറ്റുകളും പാശ്ചാത്യ ശൈലിയിലുള്ള രണ്ട് ക്ലോസറ്റുകളും ഈ ശൗചാലയത്തിലുണ്ട്. ഒരു സ്വയംപ്രവർത്തിത സാനിറ്ററി നാപ്കിൻ വിതരണ യന്ത്രവും ഒരു ഇൻസിനറേറ്ററും ആർത്തവ ശുചിത്വത്തെ പിന്തുണയ്ക്കുന്നു. അമ്മമാർക്ക് കുഞ്ഞുങ്ങളെ ഊട്ടാനും ഡയപ്പർ മാറ്റാനും ഒരു പ്രത്യേക സ്ഥലം ഒരുക്കുന്നു. സ്വയം ഉത്പാദിപ്പിക്കുന്ന സൗരോർജ്ജത്തിലാണ് ഇവിടെ സെൻസർ ലൈറ്റുകൾ പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻഡിലെ ഏറ്റവും അടുത്തുള്ള മലിനജല ചേമ്പറിലേക്കാണ് മാലിന്യം ഒഴുകിയെത്തുന്നത്. കൊച്ചുകുട്ടികളുമായി യാത്ര ചെയ്യുന്ന അമ്മമാർക്ക് ഈ ശൗചാലയം പ്രത്യേകിച്ചും സഹായകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
നവി മുംബൈയിലെ സുസ്ഥിര ശൗചാലയങ്ങൾ: പരിസ്ഥിതി ബോധമുള്ള നഗര രൂപകൽപ്പനയുടെ ഒരു മാതൃക
ഒരു നഗരം വലിച്ചെറിയുന്ന വസ്തുക്കളിൽ നിന്ന് ഒരു പൊതു ശൗചാലയം നിർമ്മിക്കാൻ കഴിയുമോ? അതിന് കഴിയുമെന്ന് നവി മുംബൈ തെളിയിച്ചു കഴിഞ്ഞു. നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എൻ.എം.എം.സി) കോപ്പർഖൈരാനെയിലെ സെക്ടർ 14 ൽ അഭിലാഷ ശൗചാലയങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തിരക്കേറിയ പൊതു ഇടമായ നിസാർഗുഡ്യാൻ നഗരോദ്യാനത്തിന് സമീപമാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രതിദിനം ഏകദേശം 8,000 മുതൽ 9,000 വരെ സന്ദർശകർ ഈ സൗകര്യം ഉപയോഗിക്കുന്നു.

പുനഃചംക്രമണം ചെയ്ത 426 ചതുരശ്ര മീറ്റർ പ്ലാസ്റ്റിക് ഷീറ്റുകൾ ഈ ഘടനയിൽ ഉപയോഗിച്ചിരിക്കുന്നു. ഇതിൽ 5.3 മെട്രിക് ടൺ ഒറ്റത്തവണ ഉപയോഗിച്ച് കളയാറുള്ള തരം പ്ലാസ്റ്റിക്, 11,700 പ്ലാസ്റ്റിക് കുപ്പികൾ, 35,200 കുപ്പി അടപ്പുകൾ എന്നിവ ഉൾപ്പെടുന്നു. പുനരുപയോഗത്തിനായി മാറ്റിയെടുത്ത 85 കമ്പ്യൂട്ടർ കീബോർഡുകളും 284 കിലോഗ്രാം ആക്രി ലോഹങ്ങളും നിർമ്മാതാക്കൾ വീണ്ടും ഉപയോഗിച്ചു. കുറയ്ക്കുക, പുനരുപയോഗം ചെയ്യുക, പുനഃചംക്രമണം ചെയ്യുക എന്ന തത്വം ഈ പദ്ധതി ദൈനംദിന പ്രയോഗത്തിൽ കൊണ്ടുവരുന്നു.
സുരക്ഷയും സൗകര്യവും രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വിഭാഗങ്ങൾ സ്വകാര്യത ഉറപ്പാക്കുന്നു. കുട്ടികൾക്കും വികലാംഗർക്കും വേണ്ടിയുള്ള യൂണിറ്റുകൾ, ശിശു പരിചരണ കേന്ദ്രങ്ങൾ, സാനിറ്ററി പാഡ് വെൻഡിങ് യന്ത്രങ്ങൾ എന്നിവ എല്ലാ ഉപയോക്താക്കൾക്കും സേവനം നൽകുന്നു. ശുദ്ധീകരിച്ച മലിനജലത്തിൽ പ്രവർത്തിക്കുന്ന ഒരു ജലധാര അതിന്റെ ഹരിത രൂപകൽപ്പന പൂർത്തിയാക്കുന്നു. പാരിസ്ഥിതിക നൂതനത്വത്തിന്റെയും പൗരാഭിമാനത്തിന്റെയും പ്രതീകമായി ഈ സമുച്ചയം ഇപ്പോൾ നിലകൊള്ളുന്നു.
സ്വച്ഛ് സ്മാർട്ട് ടോയ്ലറ്റുകൾ : ഭോപ്പാലിന് സൗകര്യങ്ങളേകുന്ന ശുചിമുറികൾ
ഭോപ്പാലിലെ 10ാം നമ്പർ വിപണിയിൽ എല്ലാ ദിവസവും ഉപഭോക്താക്കൾ, കച്ചവടക്കാർ, യാത്രക്കാർ എന്നിവരുടെ തിരക്ക് അനുഭവപ്പെടുന്നു. ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷൻ മികവാർന്നതും ആഡംബര പൊതു സൗകര്യങ്ങളോടു കൂടിയതുമായ 'ശുചിമുറികൾ' സ്ഥാപിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിന് (പി.പി.പി) കീഴിൽ രൂപകൽപ്പന -നിർമ്മാണം-പ്രവർത്തനം-കൈമാറ്റം (ഡിസൈൻ-ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ /ഡി.ബി.ഒ.ടി) മാതൃകയാണ് അവർ പിന്തുടരുന്നത്. വിപണിയിലെ സ്മാർട്ട് ലോഞ്ച് 800 മുതൽ 1,000 ചതുരശ്ര അടി വരെ വിസ്തൃതിയുള്ളതാണ്. ഇത് പ്രതിദിനം 500 മുതൽ 1,000 വരെ സന്ദർശകർക്ക് സേവനം നൽകുന്നു.

സാങ്കേതികവിദ്യയാണ് ഈ സൗകര്യത്തിന്റെ കാതലായ ഭാഗം. സെൻസർ അധിഷ്ഠിത ശൗചാലയങ്ങളും സ്പർശന രഹിത മൂത്രപ്പുരകളും ഇവിടെ ലഭ്യമാണ്. സന്ദർശകർക്ക് ചൂടുള്ളതും തണുത്തതുമായ ഷവറുകൾ, ലോക്കറുകൾ, വൈ-ഫൈ എന്നിവയും ഉപയോഗിക്കാം. ഒരു കഫേ, വെൻഡിംഗ് മെഷീനുകൾ, കുട്ടികളുടെ വസ്ത്രം മാറുന്നതിനുളള മുറികൾ എന്നിവയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു. ഒരു ഡിജിറ്റൽ വിവര പ്രതലം ഉപയോക്താക്കളെ വിവരങ്ങൾ അറിയിക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും വൈകല്യമുള്ളവർക്കും പ്രത്യേകവും എളുപ്പത്തിൽ അഭിഗമ്യവുമായ സൗകര്യങ്ങൾ ലഭ്യമാണ്. സാങ്കേതികവിദ്യ, സൗകര്യങ്ങൾ, സുസ്ഥിരത എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ, സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനൊപ്പം നൂതന മാതൃകൾക്ക് ലോകോത്തര ശുചിത്വം എങ്ങനെ നൽകാനാകുമെന്ന് ഈ ശുചിമുറികൾ തെളിയിക്കുന്നു.
കരാദിലെ നൂതന ശുചിത്വ പരിപാലന മാർഗ്ഗങ്ങൾ : സുരക്ഷിതമായ നിർമാർജനം, സുരക്ഷിതമായ നഗരം
വൃത്തിയുള്ള ശൗചാലയങ്ങൾ ശുചിത്വ പരിപാലന കഥയുടെ ഒരു ഭാഗമാണ്. സാനിറ്ററി മാലിന്യങ്ങളുടെ സുരക്ഷിതമായ നിർമാർജനം മറ്റൊന്നാണ്. ഉപയോഗിച്ച നാപ്കിനുകളും ഡയപ്പറുകളും പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷം ചെയ്യും. സാമൂഹികാപമാനം കാരണം ഈ പ്രശ്‌നം പലപ്പോഴും മറച്ചുവെക്കപ്പെടുന്നു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ഒരു ചെറിയ നഗരമായ കരാദ് ഈ വെല്ലുവിളിയെ നേരിടുന്നു. ഇത് സാനിറ്ററി, ബയോമെഡിക്കൽ മാലിന്യങ്ങളുടെ 100% വേർതിരിക്കൽ, ശേഖരണം, സംസ്‌കരണം എന്നിവ ഉറപ്പാക്കുന്നു. ആശുപത്രികൾ, ക്ലിനിക്കുകൾ, വീടുകൾ, മറ്റ് കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് പ്രതിദിനം ഏകദേശം 300 മുതൽ 350 കിലോഗ്രാം വരെ സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കുന്നു.

സാനിറ്ററി മാലിന്യങ്ങളെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക എന്നതായിരുന്നു ആദ്യപടി. ശിൽപ്പശാലകൾ, സമൂഹ സമ്പർക്കം, പൊതു അറിയിപ്പുകൾ എന്നിവയിലൂടെ അശ്രദ്ധമായി സംസ്‌കരിക്കുന്നതിന്റെ അപകടസാധ്യതകൾ വിശദീകരിച്ചു. കരാദ് മുനിസിപ്പൽ കൗൺസിൽ (കെ.എം.സി) താമസക്കാരായ സ്ത്രീകളുമായി ചേർന്ന് ബോധവൽക്കരണ സംഘങ്ങൾ രൂപീകരിച്ചു. ഈ സംഘങ്ങൾ ജനവാസ മേഖലകളിലുടനീളം സന്ദേശം എത്തിച്ചു. സുരക്ഷിതമായ മാലിന്യ സംസ്‌കരണം സ്ത്രീകൾക്ക് എളുപ്പമാക്കുന്നതിനായി പൊതു ശൗചാലയങ്ങളിൽ പ്രത്യേക ചുവന്ന ബിന്നുകൾ സ്ഥാപിച്ചു.

സാനിറ്ററി പാഡ് വെൻഡിങ് മെഷീനുകളും നിർമാർജ്ജന സംവിധാനങ്ങളും സ്ഥാപിക്കാൻ സ്‌കൂളുകൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. നഗരത്തിലെ വിവര-വിദ്യാഭ്യാസ ആശയവിനിമയ (ഐ.ഇ.സി) സംഘ ഉപയോക്താക്കളോട് ഉപയോഗിച്ച പാഡുകൾ പേപ്പറിൽ പൊതിയാൻ ആവശ്യപ്പെട്ടു. പല സ്‌കൂളുകളും അതിനുശേഷം ഇൻസിനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ അവശിഷ്ടങ്ങൾ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് പോകുന്നു.
മാലിന്യ ശേഖരണ വാഹനങ്ങൾ സാനിറ്ററി മാലിന്യങ്ങൾക്കായി ഒരു പ്രത്യേക ബിൻ സൂക്ഷിക്കുന്നു. അനുയോജ്യമായ വസ്തുക്കൾ മാത്രം ഇൻസിനറേറ്ററിൽ എത്തുന്ന തരത്തിൽ ജീവനക്കാർ ഈ മാലിന്യങ്ങൾ തരംതിരിക്കുന്നു.

ഈ മാലിന്യം സംസ്‌കരിക്കുന്നതിനായി കെ.എം.സി കരാദ് ആശുപത്രി അസോസിയേഷനുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണത്തിനായി കെ.എം.സി സ്ഥലം അനുവദിച്ചിട്ടുണ്ട്, അതേസമയം അസോസിയേഷൻ അതിന്റെ പ്രവർത്തനവും പരിപാലനവും നടത്തുന്നു. ഇത് പ്രതിദിനം 600 കിലോഗ്രാം ശേഷിയുള്ള ഒരു പൊതു ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ സൗകര്യമാണ് (സി.ബി.ഡബ്ലിയു.ടി.എഫ്). കൗൺസിൽ ശേഖരിക്കുന്ന സാനിറ്ററി മാലിന്യങ്ങൾ ഇത് സൗജന്യമായി സംസ്‌കരിക്കുന്നു. ഇതിന്റെ കേന്ദ്ര ഇൻസിനറേറ്റർ 1,200 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ പ്രവർത്തിക്കുന്നു. ദോഷകരമായ വസ്തുക്കൾ നീക്കം ചെയ്യുന്നതിനായി വാതകങ്ങൾ ഫിൽട്ടർ ചെയ്യുന്നു. ബഹിർഗമനം തത്സമയം നിരീക്ഷിക്കുകയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (എസ്.പി.സി.ബി) സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

ശേഖരണ, ഗതാഗത ചെലവുകൾ മാത്രമേ വഹിക്കുന്നുള്ളൂവെന്നതിനാൽ, ഈ പി.പി.പി പങ്കാളിത്തത്തിലൂടെ നഗരസഭാ ഭരണസമിതി സാമ്പത്തിക ഭാരം ലഘൂകരിച്ചു. ഉയർന്ന താപനിലയിൽ സാനിറ്ററി മാലിന്യങ്ങൾ കത്തിക്കുന്നത് ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കുകയും, മാലിന്യം കൈകാര്യം ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ സംരക്ഷിക്കുകയും ചെയ്യുന്നു. തുറന്ന സ്ഥലത്തെ മാലിന്യം തള്ളൽ ഇല്ലാതാക്കപ്പെടുകയും അതുവഴി പരിസ്ഥിതി മലിനീകരണം തടയുകയും രോഗ വ്യാപനം കുറയ്ക്കുകയും ചെയ്തു. ഇത് താമസക്കാരുടെ, പ്രത്യേകിച്ച് സാനിറ്ററി മാലിന്യ നിർമാർജന വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി.
തിരുപ്പതിയിലെ തീർത്ഥാടകർക്ക് സൗകര്യവും വൃത്തിയും പരിചരണവും
വിശ്വാസ കേന്ദ്രങ്ങളിൽ ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്നതിനാൽ, വൃത്തിയുള്ള ശൗചാലയങ്ങൾ അവിടെ ഒരു ദൈനംദിന അനിവാര്യതയായി മാറുന്നു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി. ഭക്തർക്കും വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും വേണ്ടി തിരുപ്പതി മുനിസിപ്പൽ കോർപ്പറേഷൻ ആധുനിക ശൗചാലയ സമുച്ചയങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

സ്ത്രീകൾക്കായി പ്രത്യേകം സജ്ജീകരിച്ച ഒരു പിങ്ക് ശൗചാലയ സമുച്ചയം ബസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്നു. ശ്രീനിവാസം, വിഷ്ണുവാസം, റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ തുടങ്ങിയ പ്രധാന സ്ഥലങ്ങളെ ഇത് ബന്ധിപ്പിക്കുന്നു. സ്ത്രീകൾക്ക് ഇന്ത്യൻ, പാശ്ചാത്യ ടോയ്ലറ്റുകൾ, വിശ്രമമുറികൾ, മാതൃപരിചരണം, വസ്ത്രം മാറാനുള്ള മുറികൾ എന്നിവ ഉപയോഗിക്കാം. ഇൻസിനറേറ്ററുകളും സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ആർത്തവ ശുചിത്വത്തെ പിന്തുണയ്ക്കുന്നു. ഈ സമുച്ചയം പ്രതിദിനം 12,000 മുതൽ 15,000 വരെ ഉപയോക്താക്കൾക്ക് സേവനം നൽകുന്നു. മൂന്ന് സമയക്രമങ്ങളിലായി തിരിച്ചുള്ള ഘടനാപരമായൊരു ശുചീകരണ സംവിധാനത്തിലൂടെയാണ് ഈ കേന്ദ്രത്തെ പരിപാലിക്കുന്നത്.
ഗോവിന്ദരാജസ്വാമി ക്ഷേത്ര പരിസരം ദിവസവും സന്ദർശിക്കുന്ന 20,000 മുതൽ 25,000 വരെയുള്ള ഭക്തർക്ക്, റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു പൊതുജന ശൗചാലയ സമുച്ചയം സൗകര്യമൊരുക്കുന്നു. സാർവത്രിക അഭിഗമ്യതയ്ക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇത്, പുരുഷന്മാർക്കും സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും ദിവ്യാംഗർക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങൾ നൽകുന്നു. റാമ്പുകൾ, കൈവരികൾ, ശിശുസൗഹൃദ ഉപകരണങ്ങൾ, കുളിമുറികൾ എന്നിവ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം, ശുചിത്വം, അഭിഗമ്യത എന്നിവ ഉറപ്പാക്കുന്നു.
മുന്നോട്ടുള്ള പാത
എസ്.ബി.എം-യു 2.0 പദ്ധതിയ്ക്ക് കീഴിൽ, കേവലം ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനപ്പുറത്തേക്ക് മുൻഗണന മാറിയിരിക്കുന്നു. അവ വൃത്തിയുള്ളതും സുരക്ഷിതവും സമഗ്രവും സുസ്ഥിരവുമായി നിലനിർത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. നഗരങ്ങൾ അവരുടേതായ രീതിയിൽ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നത് എങ്ങനെയെന്ന് ഈ കഥകൾ കാണിച്ചുതരുന്നു. ഉപയോഗശൂന്യമായ ബസ്, പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക്, സെൻസർ അധിഷ്ഠിത ഉപകരണങ്ങൾ, ഉയർന്ന താപനിലയിൽ പ്രവർത്തിപ്പിക്കുന്ന ഒരു ഇൻസിനറേറ്റർ എന്നിവ ഓരോന്നും ഇതിൽ പങ്കുവഹിക്കുന്നു. സ്വകാര്യ ഓപ്പറേറ്റർമാർ, ആശുപത്രികൾ, സമൂഹങ്ങൾ എന്നിവയുമായുള്ള പങ്കാളിത്തം ഈ സൗകര്യങ്ങൾ സുഗമമായി പ്രവർത്തിക്കുന്നതിന് സഹായിക്കുന്നു. സമർപ്പിതരായ തൊഴിലാളികളും മേൽനോട്ടക്കാരും അവ എല്ലാ ദിവസവും ജീവസ്സുറ്റതാക്കുന്നു. ശുചിത്വ ഭാരത ദൗത്യം പന്ത്രണ്ട് വർഷം പൂർത്തിയാക്കവെ, അതിന്റെ ദിശ സുവ്യക്തമാണ്. എല്ലാ പൗരനും, അവരുടെ ലിംഗഭേദവും, കഴിവും, സ്ഥലവും എന്ത് തന്നെയായാലും അവർ വൃത്തിയുള്ളതും അന്തസ്സുള്ളതുമായ ഒരു ശൗചാലയം അർഹിക്കുന്നു. കമ്പോളങ്ങൾ മുതൽ സ്മാരകങ്ങൾ വരെ, ഇന്ത്യൻ നഗരങ്ങൾ ആ വാഗ്ദാനം യാഥാർത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്.
അവലംബം
Ministry of Housing and Urban Affairs
Click to see pdf
****
(Features ID: 160299)
आगंतुक पटल : 9
Provide suggestions / comments