Rural Prosperity

ശുചിത്വത്തിനുമപ്പുറം: സ്വച്ഛതയിലെ മാറ്റത്തിന് പിന്നിലെ സ്ത്രീകളും ട്രാൻസ്‌ജെൻഡർ സമൂഹവും

Posted On: 30 SEP 2026 1:10PM

കണ്ണിൽപ്പെടാത്ത കാര്യങ്ങളിലൂടെയാണ് ഒരു വൃത്തിയുള്ള നഗരം പലപ്പോഴും തിരിച്ചറിയപ്പെടുന്നത്. തെരുവുകളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നില്ല. ഓടകൾ അടഞ്ഞുകിടക്കുന്നില്ല. ആവശ്യമുള്ളപ്പോൾ ശുചിത്വ സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ ഈ പ്രകടമായ മാറ്റത്തിന് പിന്നിൽ കാണേണ്ട ചില യാത്രകളുമുണ്ട്. മാലിന്യത്തിൽ നിന്ന് ഉപജീവനം കണ്ടെത്തുകയും തങ്ങളുടെ കമ്മ്യൂണിറ്റികളിൽ ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ദൈനംദിന വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യുന്ന സ്ത്രീകളുടെ യാത്രകളാണവ. അവർക്കൊപ്പം ശുചിത്വ സേവനങ്ങളിൽ പ്രൊഫഷണൽ പദവികളും അംഗീകാരവും കണ്ടെത്തുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിലെ അംഗങ്ങളുമുണ്ട്. നഗരങ്ങളിലുടനീളം സ്വച്ഛത ഒരു പൊതുസേവനമെന്നതിലുപരിയായി മാറിക്കൊണ്ടിരിക്കുകയാണ്. അത് അന്തസ്സിന്റെയും സംരംഭകത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും അവസരങ്ങളുടെയും ഇടമായി മാറുന്നു.

പങ്കാളിത്തത്തിന്റെ ഈ മനോഭാവത്തിന് 2026 സെപ്റ്റംബർ 17-ന് ആരംഭിച്ച സ്വച്ഛത ഹി സേവ 2026-ൽ ഒരു ദേശീയ പ്ലാറ്റ്‌ഫോം ലഭിക്കുന്നു. എല്ലാ വർഷവും സ്വച്ഛതയ്ക്കായുള്ള സന്നദ്ധപ്രവർത്തനവും കൂട്ടായ പ്രവർത്തനവും ശക്തിപ്പെടുത്തുന്നതിന് ഈ പ്രചാരണം പൗരന്മാരെയും സ്ഥാപനങ്ങളെയും നേതൃത്വത്തെയും ഒന്നിച്ചുകൊണ്ടുവരുന്നു.

“സ്വച്ഛത മേം സഹഭാഗ്; സ്വച്ഛ് ഭാരത്, വികസിത് ഭാരത്” (ശുചിത്വത്തിൽ പങ്കാളിത്തം; സ്വച്ഛ ഭാരതം, വികസിത ഭാരതം) എന്ന പ്രമേയത്തോടെ സ്വച്ഛത ഹി സേവ 2026 പങ്കിടുന്ന ഉത്തരവാദിത്തത്തെ ശുചിത്വ പ്രസ്ഥാനത്തിന്റെ കാതലായ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. സമഗ്ര ഗവൺമെന്റിന്റെയും മുഴുവൻ സമൂഹത്തിന്റെയും കൂട്ടായ സമീപനമാണ് ഒരു ശുചിത്വ വികസിത ഭാരതമെന്ന ലക്ഷ്യത്തിന് ആവശ്യമെന്ന് ഇത് അടിവരയിടുന്നു.

ഉത്തർപ്രദേശിലെ ലോണിയിൽ ഇത്തരം ഒരു കൂട്ടായ മനോഭാവത്തിന് അർത്ഥവത്തായ ഒരു ഭാവം കൈവരുന്നു. അവിടെ ഒരുകാലത്ത് മാലിന്യമായി കരുതിയിരുന്ന ഒന്ന് ഉപജീവനത്തിന്റെ ഉറവിടമായി മാറുകയാണ്.

മാലിന്യം ഉപജീവനമാർഗ്ഗമാകുമ്പോൾ

ഗോശാലകൾക്കും ഡയറികൾക്കും ചുറ്റുമുള്ള അഴുക്കുചാലുകളെയും മലിനജല ചാനലുകളെയും അടച്ചുകൊണ്ട് മാലിന്യ പരിപാലനത്തിൽ കടുപ്പമേറിയ വെല്ലുവിളിയായി ചാണകം മാറിയേക്കാം. എന്നാൽ ലോണിയിലെ കൃഷ്ണ വിഹാർ കോളനിയിലെ ഒരു കൂട്ടം സ്ത്രീകൾ മുന്നോട്ട് വേറൊരു വഴി കണ്ടു. സാമ്പ്രാണി തിരികളും ലോബാൻ കപ്പുകളും ഉണ്ടാക്കാൻ അവർ ചാണകം ഉപയോഗിക്കാൻ തുടങ്ങി.

വെറും 8-10 സ്ത്രീകളിൽ ആരംഭിച്ചത് മറ്റു പലർക്കും ഒരു ഉപജീവന അവസരമായി വളർന്നു. ലോണി നഗർ പാലിക പരീഷദിലെ ഒരു വനിതാ ഉദ്യോഗസ്ഥ അവരുടെ ജോലി സാധ്യതകൾ കാണുകയും ചാണകം നിരന്തരമായി ലഭ്യമാക്കുന്നതിനും ഉപയോഗിക്കുന്നതിനുമായി നിർമ്മാതാക്കളെ ഗോശാല ഉടമകളുമായി ബന്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്തു. ലളിതമായ ഒരു ആശയം വേരൂന്നാൻ തുടങ്ങി - മാലിന്യമായി കരുതിയിരുന്ന ഒന്നിലേക്ക് മറ്റൊരു ജീവൻ നൽകിയാൽ എന്തായിരിക്കും സ്ഥിതി?

സാമ്പ്രാണി ഉത്പാദനം പരമാവധിയിലെത്തുന്ന വേനൽക്കാലത്ത് ഈ പദ്ധതി ഏകദേശം 40-50 സ്ത്രീകൾക്ക് തൊഴിൽ നൽകുന്നു. ഈ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ ജോലി ഒരു ഉൽപ്പന്നം ഉണ്ടാക്കുന്നതിനേക്കാൾ ഉപരിയാണ്. ഇത് ഉപജീവനത്തെയും അന്തസ്സിനെയും മാലിന്യത്തെ ഉപകാരപ്രദമായ ഒന്നാക്കി മാറ്റുന്നതിലെ സംതൃപ്തിയെയും ഒന്നിച്ചുകൊണ്ടുവരുന്നു. ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ നിന്ന് നഗർ പാലിക പരീഷദ് 25 ശതമാനം വരെ വരുമാനവും നേടുന്നു. ഇത് മാലിന്യ പരിപാലനം, പ്രാദേശിക സംരംഭകത്വം, നഗരസഭാ വരുമാനം എന്നിവ തമ്മിൽ ഒരു ബന്ധം സൃഷ്ടിക്കുന്നു.

ഉൽപ്പന്നങ്ങൾ തന്നെ പുനരുപയോഗത്തിന്റെ കഥ പേറുന്നവയാണ്. പരമ്പരാഗതമായി സാമ്പ്രാണി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് അടിസ്ഥാന വസ്തുവായി മരപ്പൊടി ആവശ്യമാണ്. ഏകദേശം 30-35 ശതമാനം ഉണങ്ങിയ ചാണകപ്പൊടി കലർത്തുന്നത് ആവശ്യമായ മരപ്പൊടിയുടെ അളവ് കുറയ്ക്കുന്നു. ഇത് പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഒരു പരിഹാരമായി ഉയർന്നുവന്നിട്ടുണ്ട്. അതോടൊപ്പം ശുചിത്വം ഉറപ്പാക്കുകയും ചെയ്യുന്നു.

ഒരു കോളനിയിൽ ആരംഭിച്ചത് ഇതിലും വളരെ ദൂരേക്ക് സഞ്ചരിച്ചിരിക്കുന്നു. ഡൽഹി, മുംബൈ, പഞ്ചാബ്, ഗുജറാത്ത്, ഹൈദരാബാദ് എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. കോവിഡ് കാലഘട്ടത്തിൽ പ്രധാന ബ്രാൻഡുകൾക്കായും ഇവ നിർമ്മിക്കപ്പെട്ടു. അതോടൊപ്പം ഓർഡറുകൾ മൊറീഷ്യസിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും വരെയെത്തി.

സ്ത്രീകൾ അവിടംകൊണ്ടും നിർത്തിയില്ല. ശ്മശാനങ്ങൾ, ഹോമകുണ്ഡങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലെ ഉപയോഗത്തിനായി ചാണകത്തിൽ നിന്ന് ഇന്ധനമായി കത്തിക്കാവുന്ന മരം നിർമ്മിക്കാനുള്ള പദ്ധതികളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. വളമായി മണ്ണിലേക്ക് തന്നെ മടങ്ങാൻ കഴിയുന്ന ചാണക പൂച്ചട്ടികളും ഈ പദ്ധതിയിലൂടെ പരിശോധിക്കപ്പെടുന്നു.

ഇവിടെ ശുചിത്വം എന്ന ആശയം മാലിന്യം നീക്കം ചെയ്യുന്നതിനും അപ്പുറത്തേക്ക് വ്യാപിക്കുന്നു. ആ മാലിന്യത്തിന് ഇനി എന്തൊക്കെയായി മാറാൻ കഴിയുമെന്ന് ചോദിക്കുക എന്നാണ് ഇതിനർത്ഥം.

മാലിന്യം ശേഖരിക്കുന്നവരിൽ നിന്ന് മാലിന്യ സംസ്‌കരണ നേതാക്കളിലേക്ക്

സമാനമായ ഒരു മനോഭാവം ബിഹാറിലെ പട്‌നയിലും കാണാം. അവിടെ സ്ത്രീകൾ പഴയ അനാചാരങ്ങളെ തകർക്കുകയും ശുചിത്വത്തിന് പുതിയതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു മുഖം നൽകുകയും ചെയ്യുന്നു. നഗരത്തിലെ പിങ്ക് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയിൽ (MRF) സ്ത്രീകൾ മാലിന്യ പരിപാലന പ്രക്രിയയുടെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നു. പ്രധാനമായും സ്ത്രീകൾ പ്രവർത്തിപ്പിക്കുന്നതും ഒരു വനിതാ സൂപ്പർവൈസർ നേതൃത്വം നൽകുന്നതുമായ ഈ കേന്ദ്രം ഉണങ്ങിയതും ഈർപ്പമുള്ളതുമായ മാലിന്യങ്ങൾ സംസ്കരിക്കുന്നു. ഇതിന് പ്രതിദിനം 2 ടൺ ഉണങ്ങിയ മാലിന്യവും 1.5 ടൺ ഈർപ്പമുള്ള മാലിന്യവും സംസ്കരിക്കാൻ കഴിയും.

പിങ്ക് MRF എന്ന ആശയം രൂപപ്പെട്ടത് മാലിന്യ പരിപാലന മേഖലയിൽ സ്ത്രീകൾക്ക് അവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിൽ നിന്നാണ്. പദ്ധതി സംഘം പിങ്ക് MRF സ്ഥാപിക്കുക എന്ന ആശയവുമായി പട്ന മുൻസിപ്പൽ കോർപ്പറേഷനെ (PMC) സമീപിച്ചു. പി.എം.സി ഈ ആശയത്തെ പിന്തുണയ്ക്കുകയും വെറും മൂന്ന് മാസത്തിനുള്ളിൽ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ സവിശേഷമായ നിറവും രൂപകൽപ്പനയും പ്രാദേശിക ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ഇത് ഈ സംരംഭത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ സഹായിച്ചു.

‘ക്യാഷ് ഫോർ വേസ്റ്റ്’ സംരംഭത്തിലൂടെ ഈ ആശയം ജനങ്ങളിലേക്ക് എത്തുന്നു. പൗരന്മാർക്ക് ഉണങ്ങിയ മാലിന്യങ്ങൾ കൊണ്ടുക്കൊടുക്കാനും നിർദ്ദിഷ്ട നിരക്കിൽ പണം കൈപ്പറ്റാനും സാധിക്കും. മാലിന്യത്തിന് മൂല്യം ലഭിക്കുന്നു, ജനങ്ങൾക്ക് പങ്കാളികളാകാൻ പ്രോത്സാഹനം ലഭിക്കുന്നു, കൂടാതെ നഗരത്തിന് അതിന്റെ ശുചിത്വ യാത്രയിൽ കൂടുതൽ സഹായഹസ്തങ്ങൾ ലഭിക്കുകയും ചെയ്യുന്നു.

പട്നയുടെ സ്വച്ഛതാ യാത്ര പിന്നീട് കൗതുകകരമായ ഒരു വഴിത്തിരിവിലേക്ക് കടക്കുന്നു. പഴയതും ഉപയോഗശൂന്യവുമായ വാഹനങ്ങൾക്ക് മൊബൈൽ പിങ്ക് ടോയ്‌ലറ്റുകളായി പുനർജ്ജന്മം നൽകിയിരിക്കുന്നു. ഒരുകാലത്ത് ആക്രിയായിരുന്നവ ഇപ്പോൾ സുപ്രധാനമായ ശുചിത്വ ആവശ്യത്തിന് ഉപയോഗപ്പെടുന്നു. കുറയ്ക്കുക, പുനരുപയോഗിക്കുക, പുനരുൽപ്പാദിപ്പിക്കുക എന്നീ 3R തത്വങ്ങളുടെ മനോഭാവമാണ് തെരുവുകളിൽ ദൃശ്യമാകുന്നത്.

പിങ്ക് എം.ആർ.എഫും മൊബൈൽ പിങ്ക് ടോയ്‌ലറ്റുകളും ചേർന്ന് സാമൂഹിക നീതി, പരിസ്ഥിതി അവബോധം, സാമ്പത്തിക അവസരങ്ങൾ എന്നിവയെ പ്രതിഫലിപ്പിക്കുന്നു. എല്ലാറ്റിനുമുപരിയായി അവ ലളിതമായ ഒരു സന്ദേശം നൽകുന്നു: സ്വച്ഛതയിൽ സ്ത്രീകൾക്ക് ഇടം നൽകുമ്പോൾ അവർ വ്യവസ്ഥയുടെ ഭാഗമാകുക മാത്രമല്ല ചെയ്യുന്നത്. അവർ അതിനെ പുനർനിർമ്മിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.

തങ്ങളുടെ കമ്മ്യൂണിറ്റികളിലേക്ക് ശുചിത്വം എത്തിക്കുന്ന സ്ത്രീകൾ

സ്ത്രീകളുടെയും സ്വച്ഛതയുടെയും കഥ അവർ കൈകാര്യം ചെയ്യുന്ന മാലിന്യങ്ങൾ കൊണ്ട് അവസാനിക്കുന്നില്ല. അവർ സ്പർശിക്കുന്ന സമുദായങ്ങളിലൂടെ അത് വളരുന്നു. ഭോപ്പാലിൽ 250 വനിതാ ബ്രാൻഡ് അംബാസഡർമാരുടെ ഒരു സംഘം ശുചിത്വത്തിലും മാലിന്യ പരിപാലനത്തിലും മുൻസിപ്പൽ കോർപ്പറേഷനുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാൻ ഈ സംഘത്തിലെ അംഗങ്ങൾ 25 വാർഡുകളിലായി പാത്ര ബാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. സമുദായ ചടങ്ങുകൾക്കും പരിപാടികൾക്കും പുനരുപയോഗിക്കാവുന്ന പാത്രങ്ങളുടെ സെറ്റുകൾ നൽകുന്നതിലൂടെ, പ്രാദേശിക കൂട്ടായ്മകൾ സീറോ-വേസ്റ്റ് (മാലിന്യരഹിത) തത്വങ്ങൾക്ക് കീഴിലാണ് സംഘടിപ്പിക്കുന്നതെന്ന് ഈ ബാങ്കുകൾ ഉറപ്പാക്കുന്നു.

60 അംഗങ്ങളുള്ള സ്വച്ഛത കിറ്റി ഗ്രൂപ്പ് ഒത്തുചേരലിനെ പ്രവർത്തനമാക്കി മാറ്റാൻ മറ്റൊരു വഴി കണ്ടെത്തി. ഓരോ സ്ത്രീയും പ്രതിമാസം 100 രൂപ വീതം സംഭാവന ചെയ്യുന്നു; ഇത് സാമൂഹിക ശുചിത്വ പ്രവർത്തനങ്ങൾക്കായി ഒരു പങ്കാളിത്ത നിധി സൃഷ്ടിക്കുന്നു. നിരവധി കൈകൾ ചേർന്ന് നൽകുന്ന ചെറിയ സംഭാവനകൾ, കൂടുതൽ ശുചിത്വമുള്ള ഒരു അയൽപക്കത്തിനായുള്ള കൂട്ടായ പ്രതിജ്ഞാബദ്ധതയായി മാറുന്നു.

ഉത്തരാഖണ്ഡിൽ ഈ മനോഭാവം 'ബൈന്നി സേന' (സഹോദരിമാരുടെ സേന) എന്ന പേര് സ്വീകരിച്ചു. 57 ഗ്രൂപ്പുകളിലായി 570 സ്ത്രീകൾ തങ്ങളുടെ വാർഡുകളിലെ ശുചിത്വ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. അവർ പൗരന്മാരുമായി സംവദിക്കുകയും പരാതികൾ അറിയിക്കാൻ സഹായിക്കുകയും അവബോധ പരിപാടികൾ നടത്തുകയും മുൻസിപ്പൽ ഭരണകൂടവും ശുചിത്വ തൊഴിലാളികളും തമ്മിലുള്ള ഏകോപനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒരു നഗരത്തിന്റെ ശുചിത്വം യഥാർത്ഥത്തിൽ തീരുമാനിക്കപ്പെടുന്നിടത്താണ് അവരുടെ പ്രവർത്തനം നടക്കുന്നത്. അയൽപക്കങ്ങളിലും സംഭാഷണങ്ങളിലും ആരെങ്കിലും കരുതൽ കാണിക്കാൻ തിരഞ്ഞെടുക്കുന്ന ചെറിയ നിമിഷങ്ങളിലുമാണ് അത് രൂപപ്പെടുന്നത്.

ഷില്ലോങ്ങിൽ 'ഐൻ‌‌നെസ്ഖെം സ്വയംസഹായ സംഘം' (Iynnehskhem Self-Help Group) മാലിന്യത്തിലൂടെ ഉപജീവനത്തിന്റെ ഒരു പുതിയ പാത കണ്ടെത്തി. സ്ത്രീകൾ വീടുകളിൽ നിന്ന് ഈർപ്പമുള്ള മാലിന്യങ്ങൾ ശേഖരിക്കുകയും ജൈവമാലിന്യങ്ങളെ കമ്പോസ്റ്റാക്കി മാറ്റുകയും ചെയ്യുന്നു. ഒരുകാലത്ത് മാലിന്യം പെറുക്കുന്നതിൽ ഏർപ്പെട്ടിരുന്ന ഇവർ, ഒരു പുനരധിവാസ പദ്ധതിയിലൂടെ പരിശീലനം നേടുകയും കമ്പോസ്റ്റിംഗിന് ചുറ്റും ഒരു പുതിയ ഉപജീവനമാർഗ്ഗം കെട്ടിപ്പടുക്കുകയും ചെയ്തു. അവരുടെ ഐക്യം അവർക്ക് മേരി മെയ്ഡൻസ് ഓഫ് മാർട്ടൺ' (Meri Maidens of Marton) എന്ന സ്നേഹനിർഭരമായ പേര് നേടിക്കൊടുത്തു.

തങ്ങളുടെ ദൈനംദിന ശ്രമങ്ങളിലൂടെ സ്ത്രീകൾ സ്വച്ഛതയെ ഒരു ഉത്തരവാദിത്തത്തിൽ നിന്ന് കരുതലിന്റെ പങ്കാളിത്ത സംസ്കാരമാക്കി മാറ്റുകയാണ്.

ഉൾച്ചേർക്കൽ ശുചിത്വത്തിന്റെ മുഖം മാറ്റുമ്പോൾ

ഒഡീഷയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾ നഗര ശുചിത്വ സംവിധാനങ്ങളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ചുമതലകൾ ഏറ്റെടുക്കുകയാണ്. കട്ടക്കിലാണ് ഈ മാറ്റം ആരംഭിച്ചത്. അവിടെ മുൻസിപ്പൽ കോർപ്പറേഷൻ ട്രാൻസ്‌‌ജെൻഡർ വ്യക്തികളെ ഒരു സ്വയംസഹായ സംഘമായി സംഘടിപ്പിച്ചു. അവർക്ക് പരിശീലനം നൽകുകയും ഒരു സെപ്റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവർത്തനവും പരിപാലനവും ഏൽപ്പിക്കുകയും ചെയ്തു.

അത് കാര്യമായ ഒരു മാറ്റമായിരുന്നു. ഔപചാരിക അവസരങ്ങളിൽ നിന്ന് പലപ്പോഴും പാർശ്വവത്കരിക്കപ്പെട്ടിരുന്ന ഒരു സമൂഹം ഇപ്പോൾ സാങ്കേതികപരമായ ഒരു ശുചിത്വ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

ഈ മാതൃക പിന്നീട് ഒഡീഷയിലുടനീളം വ്യാപിപ്പിച്ചു. നഗര പ്രാദേശിക ഭരണകൂടങ്ങൾ ഫീക്കൽ സ്ലഡ്ജ് ആൻഡ് സെപ്റ്റേജ് മാനേജ്‌മെന്റിലും (FSSM) ഖരമാലിന്യ പരിപാലനത്തിലും സ്വയംസഹായ സംഘങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെടാൻ തുടങ്ങി.

ഭുവനേശ്വറിൽ സ്വീകൃതി സ്വയംസഹായ സംഘം ബാസുവഘായിലെ 75-KLD ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ (FSTP) പ്രവർത്തനവും പരിപാലനവും ഏറ്റെടുത്തു. ചുമതലകൾ ഏറ്റെടുക്കുന്നതിന് മുമ്പ് അംഗങ്ങൾക്ക് ദിശാബോധവും സാങ്കേതികവും മാനേജർതലത്തിലുമുള്ള പരിശീലനവും ലഭിച്ചു.

സ്വീകൃതിയുടെ അധ്യക്ഷയായ മേഘ്‌ന സാഹുവിനെ സംബന്ധിച്ചിടത്തോളം ഈ മാറ്റം വ്യക്തിപരമായി ഏറെ പ്രാധാന്യമുള്ളതാണ്. “ഇപ്പോൾ ഞങ്ങൾക്ക് അഭിമാനത്തോടെ ഞങ്ങളുടെ സ്വത്വത്തെ നെഞ്ചോടുചേർക്കാനും തൊഴിൽ മേഖലയിൽ പങ്കാളികളാകാനും കഴിയുന്നു” അവർ പറയുന്നു. ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും സന്ദർശകർക്കും തങ്ങളുടെ സംഘത്തിലെ അംഗങ്ങൾ അവരുടെ ജോലിയെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുമ്പോൾ തോന്നുന്ന അഭിമാനത്തെക്കുറിച്ച് അവർ സംസാരിക്കുന്നു. പ്രാധാന്യം ജോലിയിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ആ ജോലി എന്തൊക്കെ സാധ്യമാക്കുന്നുവെന്നതിലാണ്. പ്രൊഫഷണൽ ഐഡന്റിറ്റി, ആത്മവിശ്വാസം, അംഗീകാരം എന്നിവയാണവ.

ഭുവനേശ്വർ മുൻസിപ്പൽ കോർപ്പറേഷൻ ഏഴ് സെസ്‌പൂൾ വാഹനങ്ങളുടെ പ്രവർത്തനത്തിലും പരിപാലനത്തിലും ട്രാൻസ്‌ജെൻഡർ ഗ്രൂപ്പുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ബാധകമായ കുറഞ്ഞ വേതനം നൽകി നിയമിക്കും. ആരോഗ്യം, ശുചിത്വം, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE), ഡിസ്ലഡ്ജിംഗ് പ്രോട്ടോക്കോളുകൾ എന്നിവയിൽ അവർക്ക് പരിശീലനവും ലഭിക്കും. ട്രാൻസ്‌ജെൻഡറുകളിലേക്ക് ഉപജീവന മാർഗ്ഗങ്ങൾ വ്യാപിപ്പിക്കാനുള്ള ഒഡീഷയുടെ മുൻകൈയെടുത്തുള്ള നീക്കം നിരവധി പ്രശംസകൾ പിടിച്ചുപറ്റിയിട്ടുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന പങ്കാളിത്തത്തിന് എങ്ങനെ മെച്ചപ്പെട്ട ശുചിത്വത്തിന് വഴിതെളിക്കാമെന്ന് കാണിച്ചുകൊടുത്തുകൊണ്ട് മറ്റുള്ളവർക്ക് പിന്തുടരാനുള്ള വഴിയൊരുക്കുകയാണ് ഇത് ചെയ്തത്.

സ്വച്ഛതയുടെ ഗഹനമായ അർത്ഥം

ഈ കഥകൾ കാണിക്കുന്നത് സ്വച്ഛതയ്ക്ക് കൂടുതൽ വൃത്തിയുള്ള ചുറ്റുപാടുകൾ സൃഷ്ടിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ്. ഇതിന് ഉപജീവനമാർഗ്ഗങ്ങളിലേക്കും പങ്കാളിത്തത്തിലേക്കും അംഗീകാരത്തിലേക്കുമുള്ള വാതിലുകൾ തുറക്കാൻ കഴിയും. യഥാർത്ഥ മാറ്റം മാലിന്യത്തിന് എന്തു സംഭവിക്കുന്നുവെന്നതിൽ മാത്രമല്ല, അത് കൈകാര്യം ചെയ്യുന്ന ആളുകൾക്ക് എന്തൊക്കെ സാധ്യമാകുന്നുവെന്നതിലുമാണ്. ഒരുകാലത്ത് പാർശ്വവത്കരിക്കപ്പെട്ട ആളുകൾ സ്വച്ഛതയുടെ കേന്ദ്രസ്ഥാനത്ത് ഇടം കണ്ടെത്തുമ്പോൾ ശുചിത്വത്തിന് ഗഹനമായ ഒരു അർത്ഥം കൈവരുന്നു. അത് അന്തസ്സ്, അവസരം, ആത്മബന്ധം എന്നിവയാൽ രൂപപ്പെട്ട ഒരു കൂട്ടായ പരിശ്രമമായി മാറുന്നു.

അവലംബം

 

Ministry of Jal Shakti

https://www.pib.gov.in/newsite/erelcontent.aspx?lang=2&reg=48&relid=294881

Click here to see pdf 

***

SK

(Features ID: 160267) आगंतुक पटल : 39
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Kannada