Rural Prosperity

ശുചിത്വം ഒരു പങ്കിട്ട വിശ്വാസമാകുമ്പോൾ

പുരാതന പാരമ്പര്യങ്ങളിൽ നിന്ന് പുണ്യതീർത്ഥാടനങ്ങൾ വരെ: ശുചിത്വം ഒരു കൂട്ടായ ശീലമാകുമ്പോൾ

Posted On: 29 SEP 2026 5:37PM

പ്രാചീന ഇന്ത്യയിലെ ശുചിത്വം: ദൈനംദിന ജീവിതത്തിൽ വേരൂന്നിയ ശീലം



 

ശുചിത്വവുമായുള്ള ഇന്ത്യയുടെ ബന്ധം ആധുനിക  ശുചിത്വ മുന്നേറ്റങ്ങളേക്കാൾ പഴക്കമുള്ളതാണ്. സിന്ധുനദീതട സംസ്കാരത്തിൻ്റെ പുരാവസ്തു തെളിവുകൾ, അക്കാലത്ത് അവിടെയുണ്ടായിരുന്ന സങ്കീർണ്ണവും കാര്യക്ഷമവുമായ ശുചിത്വ സംവിധാനങ്ങളെക്കുറിച്ച്  വ്യക്തമാക്കുന്നു. ഇന്നത്തെ ഗുജറാത്തിലുള്ള ലോഥൽ പോലുള്ള നഗരങ്ങൾ വിപുലമായ ഡ്രെയിനേജ് ശൃംഖലകളോടുകൂടിയ ആസൂത്രിത നഗരവിന്യാസങ്ങളാണ് പിന്തുടർന്നിരുന്നത്. പല വീടുകളിലും ഡ്രെയിനേജ് സംവിധാനവുമായി ബന്ധിപ്പിച്ച സ്വകാര്യ ശൗചാലയങ്ങൾ ഉണ്ടായിരുന്നു. ഈ സംവിധാനത്തിൽ പരിശോധനാ പോയിൻ്റുകളും ഖരമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഉൾപ്പെട്ടിരുന്നു. ശരീരശുചിത്വത്തിനും പരിസരശുചിത്വത്തിനും വേദപാരമ്പര്യം അതീവ പ്രാധാന്യം നൽകിയിരുന്നു. ശുദ്ധജലം, ശുദ്ധവായു, ആരോഗ്യകരമായ ചുറ്റുപാടുകൾ എന്നിവ ആത്മീയ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. നദികൾക്കും മറ്റ് ജലാശയങ്ങൾക്കും സമീപം മലമൂത്രവിസർജ്ജനം നടത്തുന്നത് ഒഴിവാക്കണമെന്ന് പ്രാചീന നിർദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇതേ ബന്ധം ബൗദ്ധ പാരമ്പര്യങ്ങളിലും കാണാം. ജലാശയങ്ങളിൽ  മലമൂത്രവിസർജ്ജനം ചെയ്യരുതെന്ന് ബുദ്ധ സന്യാസിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. അടുത്ത ആളുടെ ആവശ്യത്തിനായി ശൗചാലയം വൃത്തിയാക്കി സൂക്ഷിക്കണമെന്ന നിഷ്കർഷയും അവർക്കുണ്ടായിരുന്നു. ചിട്ടയായ ശുചിത്വ സംവിധാനങ്ങളുടെ ഈ പാരമ്പര്യത്തെ പുരാവസ്തു കണ്ടെത്തലുകളും സാധൂകരിക്കുന്നുണ്ട്. ബിഹാറിൽ ഗുപ്ത കാലഘട്ടത്തിലുണ്ടായിരുന്ന ഒരു ആശ്രമത്തിൽ പ്രത്യേക ശൗചാലയ മുറി ഉണ്ടായിരുന്നു എന്നത് ഇതിന് ഉദാഹരണമാണ്.

ഈ ഉദാഹരണങ്ങൾ ഒരു പ്രധാന ആശയം വ്യക്തമാക്കുന്നു. ഇന്ത്യയിൽ ശുചിത്വം എന്നത് എല്ലാക്കാലത്തും  വ്യക്തിശുദ്ധി, അച്ചടക്കം, സാമൂഹിക ജീവിതം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

ശുചിത്വ അടിസ്ഥാനസൗകര്യങ്ങളിൽ നിന്ന് സാമൂഹിക ശീലങ്ങളിലെ മാറ്റത്തിലേക്ക്

നൂറ്റാണ്ടുകൾക്കിപ്പുറം, ആധുനിക ഇന്ത്യയിൽ ശുചിത്വം ഒരു വലിയ വെല്ലുവിളിയായി ഉയർന്നുവന്നു. മതിയായ ശുചിത്വ സംവിധാനങ്ങൾ ഒരുക്കുക എന്നതുപോലെ തന്നെ പ്രധാനമായിരുന്നു അവയുടെ ശരിയായ ഉപയോഗവും തുടർച്ചയായ പരിപാലനവും ഉറപ്പാക്കുന്നതിനുള്ള ശീലങ്ങൾ വളർത്തിയെടുക്കുക എന്നത്. ഈ വെല്ലുവിളി നേരിടുന്നതിനായാണ് 2014 ഒക്ടോബർ 2-ന് സ്വച്ഛ് ഭാരത് മിഷൻ (ശുചിത്വ ഭാരത ദൗത്യം) ആരംഭിച്ചത്.  ഗവണ്മെൻ്റ്   നേതൃത്വം നൽകിയ ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വ മുന്നേറ്റങ്ങളിലൊന്നായി ഇത് മാറി. ഈ ദൗത്യത്തിന് രണ്ട് ഘടകങ്ങളുണ്ട്: സ്വച്ഛ് ഭാരത് മിഷൻ-ഗ്രാമീൺ (ഗ്രാമീണ ശുചിത്വ ഭാരത ദൗത്യം), സ്വച്ഛ് ഭാരത് മിഷൻ-അർബൻ (നഗര ശുചിത്വ ഭാരത ദൗത്യം) എന്നിവയാണവ. ഗ്രാമീണ ശുചിത്വം, ശൗചാലയങ്ങളുടെ ലഭ്യതയും ഉപയോഗവും, ഖര-ദ്രവ മാലിന്യ സംസ്കരണം എന്നിവയിലാണ് സ്വച്ഛ് ഭാരത് മിഷൻ-ഗ്രാമീൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, നഗര ശുചിത്വം, മാലിന്യ സംസ്കരണം, പൊതു ഇടങ്ങൾ, ശുചിത്വ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്കാണ് സ്വച്ഛ് ഭാരത് മിഷൻ-അർബൻ മുൻഗണന നൽകുന്നത്.

ഒരു വശത്ത്, 2014 മുതലുള്ള ഒരു പതിറ്റാണ്ടിനിടെ ശൗചാലയങ്ങൾ മുതൽ മാലിന്യ നിർമാർജന, സംസ്കരണ സംവിധാനങ്ങൾ വരെയുള്ള വിപുലമായ ശുചിത്വ അടിസ്ഥാനസൗകര്യങ്ങളുടെ നിർമ്മാണത്തിന് സാക്ഷ്യം വഹിച്ചപ്പോൾ മറുവശത്ത്, ശുചിത്വത്തെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കുന്നതിന് ജനങ്ങളുടെ പെരുമാറ്റത്തിലും ശീലങ്ങളിലും മാറ്റം കൊണ്ടുവരികയും അത് നിലനിർത്തുകയും ചെയ്യുക എന്ന അതിസങ്കീർണ്ണമായ ദൗത്യവും ഈ യാത്രയിൽ ഏറ്റെടുത്തു. സ്വച്ഛ് ഭാരത് മിഷന് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന വലിയ പരിവർത്തനവും ഇതുതന്നെയാണ്.

ഗ്രാമങ്ങളിലും നഗരങ്ങളിലും മാലിന്യ സംസ്കരണം ഇപ്പോൾ ഒരു സ്ഥിരം സംവിധാനമായി സ്ഥാപനവൽക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളിൽ ദശലക്ഷക്കണക്കിന് ആളുകൾ ഒത്തുചേരുന്ന തീർത്ഥാടന സംഗമങ്ങൾ പോലുള്ള വലിയ മതപരമായ ഒത്തുചേരലുകളിലാണ് ശുചിത്വം ദൈനംദിന ശീലമാക്കുന്നതിൻ്റെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നത്.

 

മഹാകുംഭമേള: ഒരു വൻ ഒത്തുചേരൽ ശുചിത്വ മുന്നേറ്റമായി മാറിയപ്പോൾ

 



 

2025-ലെ മഹാകുംഭമേളയോളം ഈ പരിവർത്തനത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന മറ്റ് ജനസംഗമങ്ങൾ വിരളമാണ്. അതിൻ്റെ വ്യാപ്തി തന്നെ വലിയൊരു ശുചിത്വ വെല്ലുവിളിയായിരുന്നു ഉയർത്തിയത്. ഉത്തർപ്രദേശിലെ പ്രയാഗ്‌‌രാജിൽ ദശലക്ഷക്കണക്കിന് ഭക്തരാണ് ഒത്തുചേർന്നത്. ആവശ്യത്തിന് ശുചിത്വ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ബോധവൽക്കരണവും പൊതുജനപങ്കാളിത്തവും സമന്വയിപ്പിച്ചുകൊണ്ടായിരുന്നു ഈ വെല്ലുവിളിയെ നേരിട്ടത്. മേള നടക്കുന്ന പ്രദേശങ്ങളിലുടനീളം 28,000-ലധികം ശൗചാലയങ്ങളും 20,000 പൊതു മൂത്രപ്പുരകളും സ്ഥാപിച്ചു. മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ തരംതിരിക്കുന്നതിനായി 20,000 വേസ്റ്റ് ബിന്നുകൾ ഉൾപ്പെടുന്നതായിരുന്നു മാലിന്യ സംസ്കരണ സംവിധാനം. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ ഇതിൻ്റെ ഒരു വശം മാത്രമായിരുന്നു. മേള നടക്കുന്ന ഇടങ്ങളെ പ്ലാസ്റ്റിക് മുക്ത മേഖലകളായി പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ ഭക്തരെ പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ശുചിത്വം ഉറപ്പാക്കുന്നതിൽ പൊതുജനപങ്കാളിത്തം സജീവമായി പ്രോത്സാഹിപ്പിക്കപ്പെട്ടു. പ്രയാഗ്‌രാജിലുടനീളം ഒരു 'സ്വച്ഛതാ രഥയാത്ര' കടന്നുപോയി. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുക, വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കുക, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കുക എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനും ശുചിത്വം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഒരു പൊതു ഘോഷയാത്രയായിരുന്നു ഇത്. തെരുവ് നാടകങ്ങളിലൂടെയും സംഗീത പരിപാടികളിലൂടെയും മാലിന്യം തരംതിരിക്കുന്നതിനെക്കുറിച്ചും സംസ്കരണത്തെക്കുറിച്ചും വിശദീകരിച്ചു. ഉച്ചഭാഷിണികളിലൂടെ ഘാട്ടുകളിലുടനീളം ശുചിത്വ സന്ദേശങ്ങൾ എത്തിച്ചു.

ഈ സമീപനം സമൂഹത്തിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്കും വഴിയൊരുക്കി. ഉത്തർപ്രദേശിലെ 28 ജില്ലകളിൽ നിന്നുള്ള സ്ത്രീകളും സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധരും ചേർന്ന് പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു. ഇല കൊണ്ടുള്ള പാത്രങ്ങൾ, മൺകപ്പുകൾ, ചണ സഞ്ചികൾ, തുണി സഞ്ചികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 60 കോടി പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് 300 കേന്ദ്രങ്ങളിലൂടെ വിറ്റഴിച്ചു. മാലിന്യം നീക്കം ചെയ്യുക എന്നതുമാത്രമായിരുന്നില്ല ഇതിൻ്റെ സന്ദേശം; മാലിന്യം ഉണ്ടാകുന്നത് തടയുന്നതിൽ ജനങ്ങളെ പങ്കാളികളാക്കുക എന്നതുകൂടിയായിരുന്നു. ഇതാണ് ശീലങ്ങളിലെ മാറ്റത്തിൻ്റെ കാതൽ.

ശക്തമായ പൊതു ശുചിത്വ സംവിധാനങ്ങൾക്ക് ജനങ്ങളുടെ പെരുമാറ്റത്തെയും ശീലങ്ങളെയും എങ്ങനെ കൂടുതൽ ഊട്ടിയുറപ്പിക്കാൻ സാധിക്കുമെന്ന് 2025-ലെ മഹാകുംഭമേള കാണിച്ചുതന്നു. പ്രധാന പുണ്യസ്നാന ദിവസങ്ങൾക്ക് ശേഷം, ദ്രുതകർമ്മ ശുചിത്വ സംഘങ്ങൾ മേള നടന്ന വേദികൾ പൂർവ്വസ്ഥിതിയിലാക്കി. അവർ ശൗചാലയങ്ങൾ വൃത്തിയാക്കുകയും തീർത്ഥാടകർ അവശേഷിപ്പിച്ചുപോയ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. അണുനശീകരണവും ഫോഗിംഗും പോലുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം നടപ്പിലാക്കി.

 

കൻവാർ യാത്ര: തീർത്ഥാടന പാത ശുചിത്വ ഇടമായി മാറുമ്പോൾ

പ്രയാഗ്‌രാജിലെ നദീതീരങ്ങൾ വലിയൊരു ജനസഞ്ചയത്തിൻ്റെ ഏകോപനത്തെയാണ് പരീക്ഷിച്ചതെങ്കിൽ, കൻവാർ യാത്രയുടെ നീണ്ട പാതകൾ മറ്റൊരു തരത്തിലുള്ള പ്രവർത്തനപരമായ വെല്ലുവിളിയാണ് ഉയർത്തിയത്. തീർത്ഥാടന വേളയിൽ ദശലക്ഷക്കണക്കിന് ഭക്തരാണ് ഒരേ വഴികളിലൂടെ സഞ്ചരിക്കുന്നത്. ഇത് റോഡുകൾ, ഘാട്ടുകൾ, വിശ്രമകേന്ദ്രങ്ങൾ, പൊതു സൗകര്യങ്ങൾ എന്നിവയിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നു. തീർത്ഥാടന യാത്ര നടക്കുന്ന സമയത്ത് ഡൽഹിയിൽ ഒരു പ്രത്യേക ശുചിത്വ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. പ്രധാന  പാതകളിലും വിശ്രമ കേന്ദ്രങ്ങളിലും അധിക ശുചീകരണ തൊഴിലാളികളെ വിന്യസിച്ചു. 24 മണിക്കൂറും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും മാലിന്യം ശേഖരിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. താൽക്കാലിക ശൗചാലയങ്ങളും സജ്ജമാക്കിയിരുന്നു. നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യം വേർതിരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൻ്റെ  ഉപയോഗം നിരുത്സാഹപ്പെടുത്തുകയും ചെയ്തു. വനിതാ തീർത്ഥാടകരുടെ ആവശ്യങ്ങൾക്കും ഈ പ്രചാരണ പരിപാടിയിൽ മുൻഗണന നൽകി. വനിതാ സന്നദ്ധപ്രവർത്തകർ കൈകാര്യം ചെയ്യുന്ന രണ്ട് പ്രത്യേക പിങ്ക് കൻവാർ ക്യാമ്പുകൾ ഡൽഹിയിൽ അവതരിപ്പിച്ചു. വൃത്തിയുള്ള ശൗചാലയങ്ങളും കുളിക്കാനുള്ള സൗകര്യങ്ങളും ഈ ക്യാമ്പുകളിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് ശുചിത്വത്തെ അന്തസ്സുമായും സൗകര്യങ്ങളുമായും ബന്ധിപ്പിച്ചു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പരിസ്ഥിതിസൗഹൃദ ബദലുകളായി അഞ്ച് ലക്ഷത്തിലധികം ഭക്തർക്ക് സ്റ്റീൽ ഗംഗാജല പാത്രങ്ങളും ചണ സഞ്ചികളും വിതരണം ചെയ്തു.

അമർനാഥ് യാത്ര: വിശ്വാസത്തിൽ നിന്ന് ഉത്തരവാദിത്തമുള്ള പ്രവർത്തനത്തിലേക്ക്

പൊടിപടലങ്ങൾ നിറഞ്ഞ ദേശീയപാതകളിൽ നിന്ന് കശ്മീർ ഹിമാലയത്തിൻ്റെ പരിസ്ഥിതിലോലമായ  ആവാസവ്യവസ്ഥയിലേക്ക് എത്തുമ്പോൾ, അമർനാഥ് യാത്ര ഈ ഉത്തരവാദിത്തത്തെ കൂടുതൽ ഉയർത്തുന്നു. നാല് ലക്ഷത്തിലധികം തീർത്ഥാടകരാണ് 2025-ൽ ഈ യാത്ര നടത്തിയത്. ഈ തീർത്ഥാടനത്തെ സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ 2.0 (നഗര ശുചിത്വ ഭാരത ദൗത്യം രണ്ടാം ഘട്ടം) -യുമായി ഏകോപിപ്പിച്ചിരിക്കുന്നു.
ശാസ്ത്രീയ മാലിന്യ സംസ്കരണവും പ്ലാസ്റ്റിക് രഹിത രീതികളുമാണ് ഇതിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാലിന്യം മണ്ണിൽ നിക്ഷേപിക്കാത്തതും പരിസ്ഥിതിസൗഹൃദവുമായ തീർത്ഥാടന യാത്രയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന ഗവണ്മെൻ്റ്  നിയോഗിച്ച സ്വച്ഛതാ എക്സിക്യൂട്ടീവുകളും മറ്റ് സന്നദ്ധപ്രവർത്തകരും ഈ ശ്രമങ്ങൾക്ക് പിന്തുണ നൽകി. താമസ കേന്ദ്രങ്ങൾ, സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, യാത്രാ ക്യാമ്പുകൾ എന്നിവിടങ്ങളിലുടനീളം അവർ പ്രവർത്തിച്ചു. മാലിന്യം തരംതിരിക്കുന്നത് അവർ പ്രോത്സാഹിപ്പിക്കുകയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ശുചിത്വത്തെയും ആരോഗ്യശുചിത്വത്തെയും കുറിച്ചുള്ള സന്ദേശങ്ങളും അവർ പ്രചരിപ്പിച്ചു. പ്രവർത്തനങ്ങളുടെ വ്യാപ്തി വളരെ വലുതായിരുന്നു. പ്രതിദിനം ഏകദേശം 11.67 മെട്രിക് ടൺ മാലിന്യമാണ് ഉത്പാദിപ്പിക്കപ്പെട്ടിരുന്നത്. എന്നിരുന്നാലും, ഈ മാലിന്യത്തിൻ്റെ 100 ശതമാനവും സംസ്കരിക്കപ്പെട്ടു. നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങൾക്കായി യാത്രാ പാതയിലുടനീളം 1,016 ഇരട്ട ബിൻ സ്റ്റേഷനുകൾ ഉണ്ടായിരുന്നു. സാനിറ്ററി മാലിന്യങ്ങൾക്കായി വനിതാ ശൗചാലയങ്ങൾക്ക് സമീപം പ്രത്യേക ബിന്നുകളും  സ്ഥാപിച്ചിരുന്നു. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഏകദേശം 1,300 ശുചീകരണ തൊഴിലാളികൾ (സഫായ് മിത്രങ്ങൾ) സേവനമനുഷ്ഠിച്ചു. തീർത്ഥാടന പാതയിലുടനീളം 24 മണിക്കൂറും ശുചിത്വം ഉറപ്പാക്കുന്നതിന് അവർ പിന്തുണയേകി.

 

 

ബോധവൽക്കരണ ശ്രമങ്ങൾ പരസ്പര സംവേദനക്ഷമമാക്കി. ‘പ്ലാസ്റ്റിക് തരൂ, തുണിസഞ്ചി കൊണ്ടുപോകൂ', 'മാലിന്യം ബിന്നിൽ നിക്ഷേപിക്കൂ, സമ്മാനം നേടൂ' തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രവർത്തനങ്ങൾ ആശയവിനിമയത്തെ ജനപങ്കാളിത്തവുമായി ബന്ധിപ്പിച്ചു. വിവര, വിദ്യാഭ്യാസ, ആശയവിനിമയ (IEC) കാമ്പയിനിൻ്റെ ഭാഗമായി സൈൻബോർഡുകളും തെരുവ് നാടകങ്ങളും ഉപയോഗിച്ചു. ഹരിത പ്രതിജ്ഞ കാമ്പയിൻ 70,000-ലധികം ഭക്തരെ ഒന്നിപ്പിച്ചു. ഇതിൽ പങ്കെടുത്തവർ ശുചിത്വവും സുസ്ഥിരമായ രീതികളും പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു. തീർത്ഥാടകർ സെൽഫികളും ശുചിത്വ വിജയഗാഥകളും പങ്കുവെച്ചതോടെ സമൂഹ മാധ്യമങ്ങൾ ഈ സന്ദേശത്തിന് കൂടുതൽ കരുത്തുപകർന്നു. ഇവിടെ, ആ മാറ്റം കൂടുതൽ വ്യക്തമായി ദൃശ്യമാകുന്നു.

തീർത്ഥാടകൻ ഇനി ശുചിത്വ സൗകര്യങ്ങൾ ഉപയോഗിക്കുന്ന ഒരാൾ മാത്രമല്ല. അവ പരിപാലിക്കുന്നതിൽ പങ്കാളിയാകുന്ന വ്യക്തി കൂടിയാണ്. ഇവിടെ വിശ്വാസം ഉത്തരവാദിത്തവുമായി ഇഴചേരുന്നു.

മതപരമായ ആചാരങ്ങൾ മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമാകുമ്പോൾ

 



 

പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾക്ക് പുറത്തുള്ള ആരാധനാലയങ്ങളിലേക്കും ഈ മുന്നേറ്റം വ്യാപിക്കുന്നുണ്ട്. ഹൈദരാബാദിൽ നിന്നുള്ളതാണ് ഇതിന് ശ്രദ്ധേയമായ ഒരു ഉദാഹരണം. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ 'പ്രൊജക്ട് ഉദ്വാസന' ആരംഭിച്ചു. മതപരവും പവിത്രവുമായ മാലിന്യം കൈകാര്യം ചെയ്യുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൂക്കൾ, പൂമാലകൾ, മതഗ്രന്ഥങ്ങൾ, കേടുപാടുകൾ സംഭവിച്ച വിഗ്രഹങ്ങൾ എന്നിവ ഇത്തരം മാലിന്യങ്ങളിൽ ഉൾപ്പെടുന്നു. മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കാനും ശാസ്ത്രീയമായി സംസ്കരിക്കാനുമുള്ള സംവിധാനം ഈ പദ്ധതി ഒരുക്കുന്നു. ജൂബിലി ഹിൽസിലെ ഇസ്കോൺ ക്ഷേത്രത്തിൽ പൈലറ്റ് പദ്ധതിയായാണ് ഇത് ആരംഭിച്ചത്. തുടക്കത്തിൽ ഏഴ് പേർ ചേർന്ന് 66 കിലോഗ്രാം പൂജാ സാമഗ്രികൾ നിക്ഷേപിച്ചു. രണ്ടാം ഘട്ടത്തിൽ 443 കിലോഗ്രാം മാലിന്യം ശേഖരിച്ചു. മൂന്നാം ഘട്ടം ആറ് പ്രധാന ക്ഷേത്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതിൽ 124 ഭക്തർ പങ്കാളികളായി. ഈ ഘട്ടത്തിൽ ശേഖരിച്ച മാലിന്യത്തിൻ്റെ അളവ് 753.59 കിലോഗ്രാം ആയിരുന്നു. ഈ വസ്തുക്കൾ തരംതിരിക്കുകയും രേഖപ്പെടുത്തുകയും പുനഃചംക്രമണം ചെയ്യുന്നതിനായി തയ്യാറാക്കുകയും ചെയ്തു. തുടർ സംസ്കരണത്തിനായി ഇത് അംഗീകൃത ഏജൻസിക്ക് കൈമാറി. ഉറവിടത്തിൽത്തന്നെ മാലിന്യം തരംതിരിക്കുന്നതിനെയും സുസ്ഥിര മാലിന്യ സംസ്കരണത്തെയും ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നു. ശുചിത്വ യാത്രയുടെ  സുപ്രധാനമായ ഒരു വിപുലീകരണമാണിത്. പൊതു ഇടങ്ങൾ വൃത്തിയാക്കുന്നതിൽ മാത്രമല്ല, മതപരമായ മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ മാറ്റം കൊണ്ടുവരുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ശുചിത്വം മുന്നേറ്റത്തിൻ്റെ ഭാഗമാകുമ്പോൾ

ഇന്ത്യയുടെ ശുചിത്വ യാത്ര വളരെ ദൂരം പിന്നിട്ടിരിക്കുന്നു. പ്രാചീന ജനവാസ കേന്ദ്രങ്ങൾ ജലവിതരണത്തിനും ശുചിത്വത്തിനുമായി സങ്കീർണ്ണവും കാര്യക്ഷമവുമായ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തു. മതപരമായ പാരമ്പര്യങ്ങൾ ശുചിത്വത്തെ വ്യക്തിപരവും ആത്മീയവുമായ അച്ചടക്കവുമായി ബന്ധിപ്പിച്ചു. പിന്നീട്, എല്ലാവർക്കും ശുചിത്വ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന വെല്ലുവിളിയാണ് ആധുനിക ഇന്ത്യ നേരിട്ടത്. സ്വച്ഛ് ഭാരത് മിഷൻ വിപുലമായ ശുചിത്വ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിച്ചു. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ കൊണ്ടുമാത്രം ഈ യാത്ര പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു. ശുചിത്വത്തെ ഒരു ശീലമാക്കി മാറ്റുക എന്നതായിരുന്നു അടുത്ത പടി. അതിന് ആശയവിനിമയവും ജനപങ്കാളിത്തവും തുടർച്ചയായ കൂട്ടായ പ്രവർത്തനങ്ങളും ആവശ്യമായിരുന്നു. ഇന്ന്, പ്രചാരണ ദിവസങ്ങൾക്കപ്പുറവും ആ പരിശ്രമം ദൃശ്യമാണ്. തീർത്ഥാടന പാതകളിലും മതപരമായ ഒത്തുചേരലുകളിലും അത് പ്രകടമാണ്. പൊതു ഇടങ്ങളിലും ക്ഷേത്രങ്ങളിലും ഉത്സവ വേദികളിലും അത് കാണാം. അപ്പോഴാണ് ശുചിത്വം വെറുമൊരു പ്രചാരണ പരിപാടി എന്നതിനപ്പുറത്തേക്ക് ഉയരുന്നത്. അതൊരു ശീലമായി മാറുന്നു; ഒരു ശീലം കൂട്ടായ്മയുടേതായി മാറുമ്പോൾ, അത് ഒരു സംസ്കാരമായി മാറുന്നു.


അവലംബം

കേന്ദ്ര ജൽശക്തി മന്ത്രാലയം

 

https://www.pib.gov.in/PressReleasePage.aspx?PRID=2091806&reg=48&lang=2

https://swachhbharatmission.ddws.gov.in/sites/default/files/Studies-and-surveys/Swachhata-Sanskriti-Draft-G2-Small-Review-Copy.pdf

 

Ministry of Education

http://ncert.nic.in/textbook/pdf/fees106.pdf

 

Government of Uttar Pradesh

https://x.com/MahaKumbh_2025?lang=en

 

Government of Jammu & Kashmir

https://swachh.jk.gov.in/clean-beginnings-strengthening-sanitation-for-shri-amarnath-ji-yatra-2025-at-yatri-niwas-jammu/

 

Government of Telangana

https://x.com/GHMCOnline/media

 

PIB Backgrounders

https://www.pib.gov.in/PressReleasePage.aspx?PRID=2090918&reg=48&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=160036&ModuleId=3&reg=3&lang=1

https://www.pib.gov.in/PressNoteDetails.aspx?NoteId=153694&ModuleId=3&reg=48&lang=2

When Swachhata Becomes Shared Faith

****

(Features ID: 160252) आगंतुक पटल : 7
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Telugu