• Sitemap
Technology

നിർമ്മാണശാലയ്ക്കപ്പുറം

ഇന്ത്യയുടെ സെമികണ്ടക്ടർ അഭിലാഷത്തിന് ചുറ്റും ധോലേര എങ്ങനെയാണ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നത്

Posted On: 28 SEP 2026 3:57PM

പശ്ചാത്തലം വ്യക്തമാക്കുന്നു

ഒരു സെമികണ്ടക്ടർ നിർമ്മാണശാല എന്നത് ഒരു സെമികണ്ടക്ടർ ഹബ്ബ് കെട്ടിപ്പടുക്കാൻ ആവശ്യമായതിന്റെ ഒരു ഭാഗം മാത്രമാണ്. ക്ലീൻ റൂമുകൾക്കും ആധുനിക ഉപകരണങ്ങൾക്കും ഉൽപ്പാദന ലൈനുകൾക്കും പിന്നിൽ കമ്പനികൾക്കും അവയുടെ തൊഴിലാളികൾക്കും ദീർഘകാലത്തേക്ക് പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്ന ആശുപത്രികൾ, സ്കൂളുകൾ, വീടുകൾ, അടിയന്തര സേവനങ്ങൾ, വാണിജ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ അടങ്ങിയ വിശാലമായ ഒരു ആവാസവ്യവസ്ഥ നിലനിൽക്കുന്നുണ്ട്.

ഗുജറാത്തിലെ ധോലേരയിൽ സെമികണ്ടക്ടർ നിർമ്മാണ ക്ലസ്റ്ററിന്റെ വികസനത്തോടൊപ്പം ഈ വിശാലമായ ആവാസവ്യവസ്ഥയും രൂപപ്പെടുന്നു.

സെമികോൺ ഇന്ത്യ 1.0-യ്ക്ക് കീഴിൽ അംഗീകരിച്ച 12 സെമികണ്ടക്ടർ നിർമ്മാണ പദ്ധതികളിൽ ആറെണ്ണവും ഗുജറാത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ സെമികണ്ടക്ടർ വികസനത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ഗുജറാത്ത് ഉയർന്നുവന്നിട്ടുണ്ട്. ദേശീയതലത്തിൽ ആകെ ₹1.64 ലക്ഷം കോടിയിലധികം നിക്ഷേപ വാഗ്ദാനങ്ങളുള്ള ഈ പദ്ധതികൾ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ, കോമ്പൗണ്ട് സെമികണ്ടക്ടർ, ഡിസ്‌പ്ലേ ടെക്നോളജികൾ, അഡ്വാൻസ്ഡ് പാക്കേജിംഗ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്നു.

ഈ നിക്ഷേപങ്ങളുടെ വ്യാപ്തി ഒരു സമാന്തര വികസനത്തിനും വഴിയൊരുക്കുന്നു - സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ ഭാഗമാകാൻ പോകുന്ന ജനങ്ങളെയും വ്യവസായങ്ങളെയും പിന്തുണയ്ക്കാൻ പ്രാപ്തിയുള്ള ഒരു വ്യാവസായിക ടൗൺഷിപ്പിന്റെ നിർമ്മാണം.

സെമികോൺ ഇന്ത്യ 2026-ൽ ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷനെയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനെയും കുറിച്ച് നടന്ന പാനൽ ചർച്ചയിൽ ഗാന്ധിനഗറിലെ ഗുജറാത്ത് സ്റ്റേറ്റ് ഇലക്ട്രോണിക്സ് മിഷൻ (GSEM) മിഷൻ ഡയറക്ടറായ നേഹ കുമാരി IAS വ്യാവസായിക ക്ലസ്റ്ററിനൊപ്പം ധോലേര എങ്ങനെ ഈ പിന്തുണ നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നുവെന്ന് വിശദീകരിച്ചു.

നിർമ്മാണശാലയ്ക്ക് ശേഷം വരുന്നവ കെട്ടിപ്പടുക്കുന്നു

ഈ ആവാസവ്യവസ്ഥയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണം. ധോലേരയിൽ 200 കിടക്കകളുള്ള ഒരു ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 2026 ഡിസംബറോടെ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഈ കേന്ദ്രം ഗുജറാത്ത് ഗവൺമെന്റ് കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം അടിയന്തര സാഹചര്യങ്ങൾക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (SOPs) ബന്ധപ്പെട്ട ഏജൻസികളുമായുള്ള ഏകോപന സംവിധാനങ്ങളും തയ്യാറാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.

മറ്റൊരു പ്രധാന ഘടകമാണ് വിദ്യാഭ്യാസം. ഇന്റർനാഷണൽ ബാക്കലറേറ്റ് (IB) പാഠ്യപദ്ധതി പിന്തുടരുന്ന ഒരു സ്കൂൾ ഈ ടൗൺഷിപ്പിൽ വികസിപ്പിച്ചെടുക്കുന്നുണ്ട്. കെട്ടിടത്തിന്റെ പണി പൂർത്തിയായിക്കഴിഞ്ഞു, 2026 ഒക്ടോബറോടെ ഈ പദ്ധതി പൂർണ്ണമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം. സ്കൂൾ നടത്തുന്നതിനായി സ്വകാര്യ പങ്കാളികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

ഈ പുതിയ വ്യാവസായിക ക്ലസ്റ്ററിൽ പ്രവർത്തിക്കുന്ന വിദഗ്ധർക്കും നിക്ഷേപകർക്കുമായി താമസസൗകര്യങ്ങളും വികസിപ്പിക്കുന്നു. ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളുകളെ താമസിപ്പിക്കാനുള്ള ടൗൺഷിപ്പിന്റെ ശേഷി വർധിപ്പിച്ചുകൊണ്ട് നിക്ഷേപകർക്കായി പ്രത്യേകം തയ്യാറാക്കുന്ന താമസസൗകര്യം 2026 സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളും സമാന്തരമായി പുരോഗമിക്കുന്നു. ഒരു ഫയർ സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയായി, ഒരു ഫുഡ് കോർട്ടിന്റെ പ്രവർത്തനം 2026 ജൂലൈയിൽ പൂർത്തിയായി. പാർപ്പിട, വാണിജ്യ വികസനങ്ങളും പുരോഗമിക്കുന്നു. ഇവ 2027 മധ്യത്തിനും 2027 അവസാനത്തിനും ഇടയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു ടെന്റ് സിറ്റിയുടെ നിർമ്മാണവും പൂർത്തിയായി. പ്രവർത്തനം ആരംഭിക്കുന്നതിനായുള്ള അനുമതി നേടുന്നതിന്റെ അവസാന ഘട്ടത്തിലാണ് കരാറുകാർ. ഒപ്പം ഒരു ഹോട്ടലിന്റെ നിർമ്മാണവും പുരോഗമിക്കുന്നു.

വ്യാവസായിക പദ്ധതിയിൽ നിന്ന് വ്യാവസായിക ആവാസവ്യവസ്ഥയിലേക്ക്

വൻകിട വ്യാവസായിക നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുന്ന രീതിയിലുണ്ടായ വിശാലമായ മാറ്റത്തിലേക്കാണ് ഈ വികസനങ്ങൾ വിരൽ ചൂണ്ടുന്നത്. ഒരു സെമികണ്ടക്ടർ കേന്ദ്രത്തിന് അത്യാധുനിക നിർമ്മാണ അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, വിദഗ്ധരായ തൊഴിലാളികളെയും അവരോടൊപ്പമുള്ള കുടുംബങ്ങളെയും പിന്തുണയ്ക്കാൻ കഴിയുന്ന ഒരു അന്തരീക്ഷവും ആവശ്യമാണ്.

ധോലേരയെ സംബന്ധിച്ചിടത്തോളം നിർമ്മാണ ശേഷികൾ സ്ഥാപിക്കുന്ന അതേസമയത്തുതന്നെ വ്യാവസായിക ക്ലസ്റ്ററിന് ചുറ്റുമുള്ള സാമൂഹികവും ഭൗതികവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നാണ് ഇതിനർത്ഥം.

കഴിഞ്ഞ ഒന്നര മുതൽ രണ്ടുവർഷത്തിനിടയിൽ ഇവിടെ ഗണ്യമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഇത് സെമികണ്ടക്ടർ പദ്ധതിക്കൊപ്പം ധോലേരയുടെ അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന വേഗതയെ പ്രതിഫലിപ്പിക്കുന്നു.

ഈ സമീപനത്തിന്റെ പ്രാധാന്യം വ്യക്തിഗത സൗകര്യങ്ങൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നു. ആശുപത്രികൾ ആരോഗ്യ സംരക്ഷണം നൽകുമ്പോൾ സ്കൂളുകൾ കുടുംബങ്ങളെ പിന്തുണയ്ക്കുന്നു, താമസസൗകര്യങ്ങൾ എത്തുന്ന വിദഗ്ധർക്കും നിക്ഷേപകർക്കും സേവനം നൽകുന്നു, അടിയന്തര വാണിജ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരു വ്യാവസായിക ടൗൺഷിപ്പിന്റെ പ്രവർത്തനത്തിന് സംഭാവന നൽകുന്നു.

ഗുജറാത്തിലെ ആറു സെമികണ്ടക്ടർ നിർമ്മാണ പദ്ധതികളോടെ ഇന്ത്യയുടെ സെമികണ്ടക്ടർ നിർമ്മാണ യാത്രയിലെ ഒരു പ്രധാന ഭാഗമായി സംസ്ഥാനം മാറുകയാണ്. ധോലേരയിൽ ഫാക്ടറി പ്രദേശത്ത് ചുറ്റുമുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെയാണ് ആ യാത്ര മുന്നേറുന്നത്.

അതുകൊണ്ടുതന്നെ ഉയർന്നുവരുന്ന ഈ മാതൃക ഒരു സെമികണ്ടക്ടർ നിർമ്മാണശാല നിർമ്മിക്കുന്നതിനേക്കാൾ വലിയ ഒന്നാണ്. ഇന്ത്യയുടെ സെമികണ്ടക്ടർ അഭാലഷങ്ങളെ വൻതോതിൽ പിന്തുണയ്ക്കാൻ ആവശ്യമായ അടിത്തറ നൽകിക്കൊണ്ട്, നിർമ്മാണവും അടിസ്ഥാന സൗകര്യങ്ങളും ദൈനംദിന ജീവിതവും ഒരുമിച്ച് വികസിക്കാൻ കഴിയുന്ന സംയോജിത വ്യാവസായിക കേന്ദ്രം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് ഇത്.

അവലംബം

  • Ministry of Electronics and Information Technology

Click here to see pdf 

***

SK

 

(Features ID: 160219) आगंतुक पटल : 3
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Kannada