Infrastructure
മാലിന്യത്തിൽ നിന്നും ഊർജ്ജം
സ്വച്ഛ് ഭാരത് മിഷന്റെ 'വേസ്റ്റ് ടു എനർജി' കഥയ്ക്കുള്ളിൽ
Posted On:
27 SEP 2026 11:49AM
ഇന്ത്യയിലുടനീളം ജൈവമാലിന്യങ്ങൾ ഇന്ധനമായും വൈദ്യുതിയായും വിലയേറിയ ജൈവവളമായും പുതുജീവൻ കണ്ടെത്തുകയാണ്. 2014 ഒക്ടോബറിൽ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ നഗരങ്ങളിലെ ഖരമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം ഒരു പ്രധാന ലക്ഷ്യമായി തുടരുന്നു. മിഷൻ വികസിച്ചതോടെ ജൈവമാലിന്യങ്ങളെ ശുദ്ധോർജ്ജം ഉൽപ്പാദിപ്പിക്കാനുള്ള മൂല്യവത്തായ വിഭവമായി തിരിച്ചറിഞ്ഞു. ജൈവമാലിന്യങ്ങളുടെ അനാറോബിക് വിഘടനത്തിലൂടെ (ഓക്സിജന്റെ അസാന്നിധ്യത്തിലുള്ള ജീർണ്ണിക്കൽ) ഉൽപ്പാദിപ്പിക്കുന്ന ബയോ ഗ്യാസ് ലഭ്യമായതിൽ വെച്ച് ഏറ്റവും പ്രായോഗികവും സാമ്പത്തിക ലാഭമുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ പാചക ഇന്ധനങ്ങളിലൊന്നാണ്. ഇതിന്റെ ഉപോൽപ്പന്നമായ സ്ലറി നൈട്രജനാൽ സമൃദ്ധവും ഫലപ്രദമായ ജൈവവളമായി പ്രവർത്തിക്കുന്നതുമാണ്. ഇത് രാസവസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെലവ് കുറയ്ക്കുകയും മണ്ണിന്റെ ശേഷി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ഒറ്റ സംരംഭത്തിലൂടെ ഇരട്ട നേട്ടം നൽകുന്നു.
സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 യുടെ കീഴിലുള്ള 'വേസ്റ്റ് ടു എനർജി' (മാലിന്യത്തിൽ നിന്ന് ഊർജ്ജം) ലഭ്യമായ മാലിന്യവും സമൂഹത്തിന്റെ ആവശ്യകതകളും അനുസരിച്ച് ഇന്ത്യയിലുടനീളം വിവിധ രൂപങ്ങൾ കൈക്കൊള്ളുന്നു. ഹൈദരാബാദിലെ ഒരു പച്ചക്കറി മാർക്കറ്റ് ചീഞ്ഞ പച്ചക്കറികൾ ഉപയോഗിച്ച് സ്വന്തം തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നു. പ്രയാഗ്‌രാജിൽ ഒരു മൾട്ടി-ഫീഡ്‌സ്റ്റോക്ക് ബയോ-സിഎൻജി പ്ലാന്റ് വിവിധ തരത്തിലുള്ള ജൈവമാലിന്യങ്ങളെ ശുദ്ധമായ ഇന്ധനമായും കമ്പോസ്റ്റായും മാറ്റുന്നു. ഗാന്ധിനഗറിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം LPG സിലിണ്ടറുകളെ ആശ്രയിക്കാതെ പ്രതിദിനം 500-ലധികം ആളുകൾക്ക് പാചകം ചെയ്യുന്നു. ഗ്വാളിയോറിലെ ഒരു ഗോശാല ചാണകം കംപ്രസ്ഡ് ബയോഗ്യാസാക്കി മാറ്റുന്നു. വ്യത്യസ്ത അസംസ്കൃത വസ്തുക്കൾ, വ്യത്യസ്ത അളവുകൾ, എന്നാൽ അടിസ്ഥാനപരമായ മാറ്റം ഒന്നുതന്നെ. നഗരങ്ങളും സ്ഥാപനങ്ങളും സുസ്ഥിരതയിലേക്കുള്ള യാത്രയിൽ എങ്ങനെ മുൻനിരക്കാരായി ഉയർന്നുവരുന്നുവെന്ന് ഈ സംരംഭങ്ങൾ എടുത്തുകാണിക്കുന്നു. മാലിന്യ സംസ്കരണത്തിൽ നൂതനവും ചാക്രികവുമായ സമീപനങ്ങൾ സ്വീകരിക്കുന്നതിലൂടെ അവ പരിസ്ഥിതി ആഘാതം കുറയ്ക്കുകയും ഒരു വിഭവം എന്ന നിലയിൽ മാലിന്യത്തിന്റെ മൂല്യം തുറന്നുനൽകുകയും ചെയ്യുന്നു.
ഗാന്ധിനഗർ: LPG ആശ്രിതത്വം ഒഴിവാക്കുന്ന ഒരു വിദ്യാഭ്യാസ ക്യാമ്പസ്
ഗുജറാത്തിലെ ഗാന്ധിനഗറിലെ അദാലജിന് സമീപമുള്ള ശ്രീമതി മാനെക്ബ വിനയ് വിഹാർ എഡ്യൂക്കേഷണൽ കോംപ്ലക്സിലെ അടുക്കളയിൽ ദിവസവും 500-ലധികം ആളുകൾക്ക് ഭക്ഷണം പാകം ചെയ്യുന്നു. ക്യാമ്പസിൽ താമസിക്കുന്ന 15 സ്റ്റാഫ് കുടുംബങ്ങൾക്കൊപ്പം ഹോസ്റ്റലിലെ 250 ഓളം വിദ്യാർത്ഥികൾക്ക് പ്രതിദിനം രണ്ടു നേരം ഭക്ഷണം ലഭിക്കുന്നു. എങ്കിലും അടുക്കള എൽപിജിയെ ആശ്രയിക്കുന്നത് പൂർണ്ണമായി ഒഴിവാക്കുകയും ബയോഗ്യാസ് അധിഷ്ഠിത പാചക രീതിയിലേക്ക് മാറുകയും ചെയ്തു.
ക്യാമ്പസ് നോക്കിനടത്തുന്ന വസുമതി ചാരിറ്റബിൾ ട്രസ്റ്റ് പ്രതിദിനം ആകെ 90 ക്യൂബിക് മീറ്റർ ശേഷിയുള്ള രണ്ട് ബയോഗ്യാസ് പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നു. ട്രസ്റ്റിന്റെ പശുത്തൊഴുത്തിൽ പാർപ്പിച്ചിരിക്കുന്ന 222 പശുക്കളുടെ ചാണകം ഇതിനുള്ള അസംസ്കൃത വസ്തുക്കളിൽ ഉൾപ്പെടുന്നു. സമീപത്തെ പാടങ്ങളിൽ നിന്നുള്ള കാർഷിക അവശിഷ്ടങ്ങളും അടുക്കള മാലിന്യങ്ങളും ഇതിനുവേണ്ടി നൽകുന്നു. ഈ വാതകം ക്യാമ്പസിന്റെ മുഴുവൻ പാചക ഇന്ധനാവശ്യവും നിറവേറ്റുന്നു, ഇത് ഇല്ലായിരുന്നുവെങ്കിൽ പ്രതിമാസം 30 LPG സിലിണ്ടറുകൾ ആവശ്യമായി വരുമായിരുന്നു.
നൂതനവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണത്തിന് ഊർജ്ജസ്വയംപര്യാപ്തതയും സുസ്ഥിരതയും എങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഈ സ്ഥാപനം തെളിയിക്കുന്നു. ഗുജറാത്ത് ഗവൺമെന്റിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ബയോഗ്യാസ് പ്ലാന്റ് സ്കീം, ഗുജറാത്ത് എനർജി ഡെവലപ്‌മെന്റ് ഏജൻസി (GEDA) തുടങ്ങിയ ഭരണഘടനാപരമായ സംവിധാനങ്ങൾ ഈ മാറ്റം സാധ്യമാക്കുന്നതിന് നയപരമായ സാമ്പത്തിക പിന്തുണ നൽകി.

ചിത്രം 1: ഗുജറാത്തിലെ അദാലജിലുള്ള ശ്രീമതി മാനെക്ബ വിനയ് വിഹാർ എഡ്യൂക്കേഷണൽ കോംപ്ലക്സിലെ ബയോഗ്യാസ് പ്ലാന്റുകൾ
മലിനീകരണം കുറയ്ക്കുകയും ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്തുകൊണ്ട് ഗുജറാത്ത് ബദൽ ഊർജ്ജത്തിലും സുസ്ഥിര വികസനത്തിലും മുന്നേറുന്നത് തുടരുന്നു. ഇത് ഗോശാലകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും വഴിയൊരുക്കുന്നു.
പ്രയാഗ്‌രാജ്: ഒരു പ്ലാന്റ്, നാല് അസംസ്‌കൃത വിഭവങ്ങൾ
വിവിധ രൂപത്തിലുള്ള ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു വേസ്റ്റ് ടു എനർജി പ്ലാന്റാണ് പ്രയാഗ്‌രാജിലെ ബയോ-സിഎൻജി പ്ലാന്റ്.

ചിത്രം 2: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള ബയോ-സിഎൻജി പ്ലാന്റ്
പ്ലാന്റിന്റെ ഉദ്ഘാടനത്തോടെ ഹരിത ഊർജ്ജത്തിലും മാലിന്യ സംസ്കരണത്തിലും ഉത്തർപ്രദേശ് ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചു. മാലിന്യത്തെ വിലയേറിയ ഒരു വിഭവമാക്കി മാറ്റാനുള്ള ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള ഭാവി വീക്ഷണത്തോടെയുള്ള ഒരു ചുവടുവെപ്പിനെ ഈ പദ്ധതി പ്രതിനിധീകരിക്കുന്നു.
ഈ പ്ലാന്റിന് പ്രതിദിനം 343 ടൺ ജൈവമാലിന്യങ്ങൾ സംസ്കരിക്കാനും ഏകദേശം 21 ടൺ ബയോ-സിഎൻജി ഉൽപ്പാദിപ്പിക്കാനും കഴിയും. ഇതിന്റെ മൾട്ടി-ഫീഡ്‌സ്റ്റോക്ക് മോഡൽ ഈർപ്പമുള്ള മാലിന്യങ്ങൾ, വൈക്കോൽ, കന്നുകാലി ചാണകം, കോഴിക്കാഷ്ടം എന്നിവ ഉപയോഗിക്കുന്നു, ഇത് വൈക്കോൽ കത്തിക്കുന്ന പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നതോടൊപ്പം കാർഷികാവശിഷ്ടങ്ങൾക്ക് ഉൽപ്പാദനക്ഷമമായ ഉപയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഈ പ്ലാന്റ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വൻതോതിലുള്ള ജൈവമാലിന്യങ്ങൾ സംസ്കരിക്കുകയും ചെയ്യുന്നു. പ്രതിദിന ഈർപ്പമുള്ള മാലിന്യ വിതരണം തുടക്കത്തിൽ വെറും 7–8 ടണ്ണിൽ നിന്ന് ഏകദേശം 125 ടണ്ണായി വർധിച്ചു. ഇത് നഗരത്തിലെ മാലിന്യ വിനിയോഗത്തെ ശക്തിപ്പെടുത്തുന്നു. ഉൽപ്പാദിപ്പിക്കുന്ന ബയോ-സിഎൻജി, കംപ്രസ്ഡ് ബയോ-ഗ്യാസ് (CBG) - സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) സിൻക്രൊണൈസേഷൻ സ്കീമിന് കീഴിൽ വിൽക്കപ്പെടുകയും ഫ്യുവൽ കാസ്കേഡ് റൂട്ട് വഴി ഉപയോക്താക്കളിലേക്ക് എത്തുകയും നിലവിൽ നഗര ഗതാഗതത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഈ പ്രക്രിയ പ്രതിദിനം 28 ടൺ ഉയർന്ന ഗുണമേന്മയുള്ള കമ്പോസ്റ്റും ഉൽപ്പാദിപ്പിക്കുന്നു, ഇത് പ്രാദേശിക കർഷകർക്ക് ലഭ്യമാക്കുകയും പുനരുജ്ജീവന കൃഷിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഭാവിയിലേക്ക് നോക്കുമ്പോൾ ഈ പദ്ധതി പൈപ്പ് ലൈൻ ഗ്യാസ് വഴി ഏകദേശം 45,000 വീടുകളിലേക്ക് ശുദ്ധമായ ഊർജ്ജ ലഭ്യത വ്യാപിപ്പിക്കുമെന്നും പ്രതിവർഷം ഏകദേശം 57,000 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഗ്വാളിയോർ: ഒരു പ്രാദേശിക വൈദ്യുത നിലയമായി മാറിയ ഗോശാല
ഗ്വാളിയോറിലെ ഏറ്റവും വലിയ പശുത്തൊഴുത്തായ ലാൽടിപരായിലെ ആദർശ് ഗോശാലയിൽ 10,000-ത്തിലധികം കന്നുകാലികളുണ്ട്. 2024 ഒക്ടോബറിൽ പ്രതിദിനം 100 ടൺ ശേഷിയുള്ള (TPD) കംപ്രസ്ഡ് ബയോ-ഗ്യാസ് (CBG) പ്ലാന്റിന്റെ ഉദ്ഘാടനത്തോടെ ഈ ഗോശാല പ്രതിദിന ചാണകത്തിന് ഒരു പുതിയ ലക്ഷ്യം നൽകി. അത്യാധുനിക സിബിജി പ്ലാന്റിന് ചുറ്റും നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ആധുനികവും സ്വയംപര്യാപ്തവുമായ ഗോശാലയായി ഈ സൗകര്യം ആദർശ് ഗോശാലയെ മാറ്റി.

ചിത്രം 3: മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ലാൽതിപ്പാറയിലെ കന്നുകാലി ചാണകം അധിഷ്ഠിതമായ കംപ്രസ്ഡ് ബയോ-ഗ്യാസ് (CBG) പ്ലാന്റ്
ഈ പ്ലാന്റിന്റെ രൂപകൽപ്പന കന്നുകാലി ചാണകത്തിൽ മാത്രം ഒതുങ്ങുന്നില്ല. വിപണികളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറി, പഴവർഗ്ഗ മാലിന്യങ്ങൾ കൂടി സംസ്കരിക്കാൻ തക്കവണ്ണം നിർമ്മിച്ച മധ്യപ്രദേശിലെ ആദ്യത്തെ സിബിജി പ്ലാന്റാണിത്. 5 ഏക്കറിൽ പരന്നുകിടക്കുന്ന 31 കോടി രൂപയുടെ ഈ പദ്ധതി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ചാണ് വികസിപ്പിച്ചെടുത്തത്. ഇത് ദിവസവും 100 ടൺ കന്നുകാലി ചാണകത്തെ രണ്ട് ടൺ കംപ്രസ്ഡ് ബയോഗ്യാസാക്കി മാറ്റുന്നു. ഇത് പ്രതിദിനം 10–15 ടൺ ഉണങ്ങിയ ജൈവ വളവും ഉൽപ്പാദിപ്പിക്കുന്നു. ഇത് സമീപ ജില്ലകളിലെ കർഷകർക്ക് താങ്ങാനാവുന്ന വിലയിലുള്ള ഒരു അസംസ്കൃത വസ്തു നൽകുകയും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇതിന്റെ നേട്ടങ്ങൾ ഗോശാലയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നു. സിബിജി ഫോസിൽ ഇന്ധനങ്ങൾക്കായുള്ള കൂടുതൽ ശുദ്ധവും പരിസ്ഥിതിസൗഹൃദവുമായ ബദൽ നൽകുന്നു. അതേസമയം ചാണകത്തെ ഊർജ്ജമാക്കി മാറ്റുന്നത് കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുകയും കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നു. ഈ പദ്ധതി പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഹരിത ഊർജ്ജത്തിലും സുസ്ഥിര രീതികളിലുമുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.
ഈ സിബിജി പ്ലാന്റ് ഒരു വ്യവസായ സൗകര്യത്തേക്കാൾ ഉപരിയാണ്. ഇത് സമൂഹവും ഗവൺമെന്റും തമ്മിലുള്ള സഹകരണത്തെ പ്രതിനിധീകരിക്കുകയും മാലിന്യങ്ങളെ എങ്ങനെ ഉപയോഗപ്രദമായ വിഭവങ്ങളാക്കി മാറ്റാമെന്ന് തെളിയിക്കുകയും ചെയ്യുന്നു.
ബോവെൻപള്ളി: ഒരു പച്ചക്കറി മാർക്കറ്റിന് എന്തൊക്കെ പ്രവർത്തിപ്പിക്കാൻ കഴിയും
ഈ നാല് കഥകളിൽ ബോവെൻപള്ളിയിലെ പച്ചക്കറി മാർക്കറ്റ് കഥ ഏറ്റവും നൂതനമായ മാലിന്യ സംസ്കരണ സംവിധാനങ്ങളിലൊന്നിനെക്കുറിച്ചാണ് പറയുന്നത്. ഹൈദരാബാദിലെ ബോവെൻപള്ളി പച്ചക്കറി മാർക്കറ്റിൽ നിന്ന് പ്രതിദിനം ഏകദേശം 10 ടൺ പച്ചക്കറി, പഴവർഗ്ഗ മാലിന്യങ്ങൾ ശേഖരിക്കുന്നു. ഈ മാലിന്യങ്ങൾ നേരത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലേക്കാണ് പോയിരുന്നത്. ഇവിടെ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതുമുതൽ മാർക്കറ്റിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ മിക്കവാറും മുഴുവനായും ഉപയോഗപ്പെടുത്തുന്നു. ഇത് പ്രതിദിനം 400–500 യൂണിറ്റ് വൈദ്യുതിയും 30 കിലോഗ്രാം ജൈവ ഇന്ധനവും ഉൽപ്പാദിപ്പിക്കുന്നു. മാർക്കറ്റിലെ തെരുവ് വിളക്കുകൾ, സ്റ്റാളുകൾ, ഭരണനിർവ്വഹണ കെട്ടിടം, കുടിവെള്ള വിതരണ ശൃംഖല എന്നിവ പ്രവർത്തിപ്പിക്കാൻ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നു. ജൈവ ഇന്ധനം മാർക്കറ്റിലെ വാണിജ്യ അടുക്കളയിലേക്ക് വിതരണം ചെയ്യുന്നു. ഇത് വിപണി ശുചിത്വമുള്ളതും മാലിന്യമുക്തവുമായി സൂക്ഷിക്കാൻ സഹായിക്കുന്നു.

ചിത്രം 4: ബോവെൻപള്ളി പച്ചക്കറി മാർക്കറ്റും ബോവെൻപള്ളിയിലെ ബയോഗ്യാസ് പ്ലാന്റും, ഹൈദരാബാദ്
ബയോഗ്യാസ് പ്ലാന്റിനുള്ളിൽ പച്ചക്കറികൾ കഷ്ണങ്ങളാക്കി മുറിച്ച്, ചെറുതാക്കി പൊടിച്ച് സ്ലറിയാക്കി (കുഴമ്പുരൂപം) മാറ്റുന്നു. ഈ സ്ലറി പിന്നീട് അനാറോബിക് ഡൈജസ്റ്ററുകളിലേക്ക് നൽകുന്നു. അതേസമയം ഉണ്ടാകുന്ന വാതകം തുടർന്നുള്ള ഉപയോഗം വരെ ബലൂണുകളിൽ സൂക്ഷിക്കുന്നു. ബാക്കി വരുന്ന സ്ലറി ദ്രാവക ജൈവ വളം ഉൽപ്പാദിപ്പിക്കുന്നു. ഇത് കർഷകർ വളമായി ഉപയോഗിക്കുന്നു. ബയോഗ്യാസ് വേറൊരു ടാങ്കിൽ ശേഖരിക്കുകയും പാചക ആവശ്യത്തിനായി പൈപ്പ് ലൈൻ സംവിധാനം വഴി അയക്കുകയും ചെയ്യുന്നു. ജൈവ ഇന്ധനം 100% ബയോഗ്യാസ് ജനറേറ്ററിലേക്ക് നൽകുന്നു, ഇത് കോൾഡ് സ്റ്റോറേജ് മുറികൾ, വാട്ടർ പമ്പുകൾ, കടകൾ, തെരുവു വിളക്കുകൾ എന്നിവയ്ക്ക് വൈദ്യുതി നൽകുന്നു.
ഈ പ്ലാന്റ് മാർക്കറ്റിലെ വൈദ്യുതി ബിൽ പകുതിയോളം കുറച്ചു, നേരത്തെ പ്രതിമാസം ശരാശരി 3 ലക്ഷം രൂപയായിരുന്നു വൈദ്യുതി ബിൽ. ഇതിന്റെ സ്വാധീനത്തെത്തുടർന്ന് മറ്റ് മാർക്കറ്റ് യാർഡുകളിലായി ഇത്തരം അഞ്ച് പ്ലാന്റുകൾക്ക് കൂടി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഗുഡിമൽകാപൂർ, ഗഡ്ഡിയണ്ണാരം, എറഗഡ്ഡ, അൽവാൽ, സരൂർനഗർ എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഓരോ യാർഡിലും ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന് അനുയോജ്യമായ ശേഷിയോടെയാണ് ഇവ സ്ഥാപിക്കുന്നത്.

ചിത്രം 5: ബോവെൻപള്ളിയിലെ ബയോഗ്യാസ് പ്ലാന്റ്
ഈ പ്ലാന്റ് മാർക്കറ്റിലെ സ്ത്രീകൾക്ക് സ്ഥിര ജോലിയും സൃഷ്ടിച്ചു. അവർ മാലിന്യങ്ങൾ തരംതിരിക്കുകയും വേർതിരിക്കുകയും ചെയ്യുന്നു. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നു, ഭരണപരമായ ചുമതലകൾ കൈകാര്യം ചെയ്യുന്നു. ഈ പ്ലാന്റ് വനിതാ തൊഴിലാളികൾക്ക് സ്ഥിര വരുമാനവും നൈപുണ്യ വികസനവും വാഗ്ദാനം ചെയ്യുന്നു.

ചിത്രം 6: ബോവെൻപള്ളി പച്ചക്കറി മാർക്കറ്റിലെ വനിതാ ജീവനക്കാരിയായ രുക്മിണി ദേവമ്മ
ബയോഗ്യാസ് പ്ലാന്റിനെക്കുറിച്ചുള്ള രുക്മിണി ദേവമ്മയുടെ വാക്കുകൾ: “ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതിനുശേഷം ഞങ്ങളുടെ ജോലിക്ക് നല്ല വേതനം ലഭിക്കുന്നുണ്ട്. മാസ്കുകൾ, ഗംബൂട്ടുകൾ, ഗ്ലൗസുകൾ തുടങ്ങിയ ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളും ഞങ്ങൾക്ക് നൽകുന്നു. സുരക്ഷിതമായ ഒരു ജോലി അന്തരീക്ഷമുള്ളതിനാൽ ഞങ്ങളോടൊപ്പം ചേരാനും ഞങ്ങളോടൊപ്പം ജോലി ചെയ്യാനും മറ്റുള്ളവരെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.”
ഈ കഥകളെ ഒന്നിച്ചുനിർത്തുന്നതെന്ത്
ഈ നാല് കഥകളിലുടനീളം അസംസ്കൃത വസ്തുക്കൾ മാറുന്നുണ്ടെങ്കിലും തത്വം ഒന്നുതന്നെയായി തുടരുന്നു: മാലിന്യം എന്നത് ഇനി ഒരു ചക്രത്തിന്റെ അവസാനമല്ല. വിഭവങ്ങൾ വീണ്ടെടുക്കുന്നതിന് അനുയോജ്യമായ രീതിയിൽ മാലിന്യ സംസ്കരണം രൂപകൽപ്പന ചെയ്യുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഇവ തെളിയിക്കുന്നു. സ്വച്ഛ് ഭാരത് മിഷന് കീഴിൽ ഈ സമീപനം നഗര മാലിന്യ അടിസ്ഥാന സൗകര്യങ്ങളുടെ പങ്കിനെ ശേഖരണത്തിനും സംസ്കരണത്തിനുമപ്പുറം സംസ്‌കരണം, ഊർജ്ജോത്പാദനം, ഉപോൽപ്പന്നങ്ങളുടെ ഉൽപ്പാദനക്ഷമമായ ഉപയോഗം എന്നിവയിലേക്ക് വികസിപ്പിക്കുന്നു. പശുവിൻ ചാണകം, അടുക്കള മാലിന്യങ്ങൾ, വിള അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട പച്ചക്കറികൾ എന്നിവ ഇന്ധനമായും വൈദ്യുതിയായും വളമായും മാറ്റപ്പെടുന്നു. ഇന്ത്യയിലെ നഗരങ്ങൾ, ക്യാമ്പസുകൾ, ഗോശാലകൾ, വിപണികൾ എന്നിവയിലുടനീളം വളരുമ്പോൾ ഈ സമീപനം ഒറ്റപ്പെട്ട പദ്ധതികൾക്കപ്പുറത്തേക്ക് നീങ്ങുന്നു. ശുദ്ധോർജ്ജം ഉൽപ്പാദിപ്പിക്കുന്നത് മുതൽ ജൈവ രീതികൾ പ്രോത്സാഹിപ്പിക്കുന്നത് വരെ ശാസ്ത്രീയമായ മാലിന്യ സംസ്കരണവും സാമൂഹിക പങ്കാളിത്തവും ഭാവി വീക്ഷണമുള്ള നയങ്ങളും ചേർന്ന് കൂടുതൽ ശുചിത്വമുള്ളതും ഹരിതാഭമായതും സ്വയംപര്യാപ്തവുമായ നഗരങ്ങൾക്ക് വഴിയൊരുക്കുന്ന നഗര ഇന്ത്യയ്ക്കായുള്ള വ്യാപിപ്പിക്കാൻ കഴിയുന്ന ഒരു പാതയെ ഈ ശ്രമങ്ങൾ എടുത്തുകാട്ടുന്നു.
അവലംബം
Ministry of Housing and Urban Affairs
Click to see pdf
***
SK
(Features ID: 160198)
आगंतुक पटल : 10
Provide suggestions / comments