• Sitemap
  • Advance Search
Infrastructure

മാലിന്യത്തിൽ നിന്ന് ലക്ഷ്യത്തിലേക്ക്: ഇന്ത്യൻ നഗരങ്ങൾ പ്ലാസ്റ്റിക്കിന്റെ കഥ തിരുത്തിയെഴുതുന്നു

Posted On: 25 SEP 2026 2:25PM

ഒരു പതിറ്റാണ്ടിലേറെ മുമ്പ് ഒരു ഇന്ത്യൻ വിപണിയിലൂടെ നടക്കുമ്പോൾ വാങ്ങുന്ന സാധനങ്ങൾക്കൊപ്പം ഒരു പ്ലാസ്റ്റിക് കവർ (സാധാരണയായി പോളിത്തീൻ എന്നുവിളിക്കുന്നു) ലഭിക്കുന്നത് പതിവായിരുന്നു.

പച്ചക്കറികളും വസ്ത്രങ്ങളും ഭക്ഷണവും മറ്റ് എണ്ണമറ്റ സാധനങ്ങളും ഈ കവറുകളിലാണ് കൊണ്ടുപോയിരുന്നത്. ഇന്ന് രാജ്യത്തുടനീളമുള്ള വിപണികൾ കൂടുതൽ പ്ലാസ്റ്റിക് രഹിതമായി മാറിക്കൊണ്ടിരിക്കുകയാണ്. സാധനങ്ങൾ വാങ്ങാൻ എത്തുന്ന പലരും വീട്ടിൽ നിന്ന് തുണിസഞ്ചി കരുതുന്നു. കടയുടമകൾ വീണ്ടും ഉപയോഗിക്കാവുന്ന ബദൽ മാർഗ്ഗങ്ങൾ നൽകുന്നു. വീട്ടിൽ തന്നെ ഉണങ്ങിയതും ഈർപ്പമുള്ളതുമായ മാലിന്യങ്ങൾ തരംതിരിക്കുന്നു. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്ന സ്ഥലങ്ങൾക്ക് പകരം ഒരു റിക്കവറി സെന്ററിലേക്കാണ് പോകുന്നത്. അതിൽ ചിലത് ഒടുവിൽ ഒരു പുതിയ ഉൽപ്പന്നമായി തിരികെ എത്തിയേക്കാം. കർശനമായ നിയമങ്ങളും മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള കഥ മാറ്റിമറിക്കാൻ തുടങ്ങി. 2014 ഒക്ടോബർ 2-ന് ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ, മാലിന്യ ശേഖരണം, തരംതിരിക്കൽ, റിക്കവറി എന്നിവയ്ക്കുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തി. തിരിച്ചറിഞ്ഞ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ 2022 ജൂലൈ 1 മുതൽ നിരോധിച്ചിട്ടുണ്ട്.

എന്നാൽ ഈ മാറ്റം ഒറ്റരാത്രികൊണ്ട് സംഭവിച്ചതോ നിയമങ്ങളിൽ നിന്ന് മാത്രം ഉണ്ടായതോ അല്ല. അവബോധം, പ്രാദേശിക ഇടപെടലുകൾ, സമൂഹത്തിന്റെ പങ്കാളിത്തം എന്നിവയുടെ പിന്തുണയോടെയുള്ള ചെറിയ ശീലങ്ങളിലൂടെയാണ് ഇത് വളർന്നുവന്നത്. ചെറിയ മാറ്റങ്ങൾക്ക് പ്ലാസ്റ്റിക്കിന്റെ സഞ്ചാരവഴിയെ എങ്ങനെ പുനർനിർമ്മിക്കാൻ കഴിയുമെന്ന് വിവിധ നഗരങ്ങളിലൂടനീളവും ജനസമൂഹങ്ങൾക്കിടയിലും അവ കാണിച്ചുതരുന്നു. അവ ഒന്നിച്ചുചേർന്ന് പ്ലാസ്റ്റിക്കിന്റെ പ്രധാന ഘട്ടങ്ങളെ ഉൾക്കൊള്ളുന്നു: ഉപയോഗം കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, തിരികെ നൽകുക, വീണ്ടെടുക്കുക, പുനർനിർമ്മിക്കുക.

ഉപയോഗം കുറയ്ക്കുക: വിപണിയെ പരിഹാരത്തിന്റെ ഭാഗമാക്കുന്നു

ഓരോ പ്രഭാതത്തിലും ഒരു ചെറിയ ശീലം നൂറുകണക്കിന് തവണ ആവർത്തിക്കപ്പെടുന്ന ഇടമാണ് ഒരു വിപണി. വിപണികളിലെ തുടർച്ചയായ ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെ നേരിടാൻ 2022-ൽ തിരുച്ചിറപ്പള്ളി സിറ്റി കോർപ്പറേഷൻ ഒരു പ്രചാരണത്തിന് തുടക്കമിട്ടു.

തെന്നൂർ, കെ.കെ. നഗർ, ഉറൈയൂർ എന്നീ മൂന്ന് കാർഷിക ചന്തകളും അവിടുത്തെ 220 കച്ചവടക്കാരെയുമാണ് തീവ്രമായ ഇടപെടലുകൾക്കായി തിരഞ്ഞെടുത്തത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് തിരുച്ചിറപ്പള്ളി സിറ്റി കോർപ്പറേഷൻ കച്ചവടക്കാർക്ക് വിശദീകരിച്ചുനൽകുകയും സുസ്ഥിരമായ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. "തുണിപ്പൈ തിരുവിഴ" (തുണിസഞ്ചി മഹോത്സവം) എന്ന സംരംഭം, വീണ്ടും ഉപയോഗിക്കാവുന്ന തുണിസഞ്ചികൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ കൂടുതൽ പ്രോത്സാഹിപ്പിച്ചു. ഇതിന്റെ ഫലങ്ങൾ പ്രകടമായിരുന്നു. തെന്നൂർ വിപണി ഒരു വർഷത്തിനിടെ 2,200 കിലോഗ്രാം ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഒഴിവാക്കിയപ്പോൾ കെ.കെ. നഗർ നാല് മാസത്തിനിടെ 620 കിലോഗ്രാമും ഉറൈയൂർ ആറ് മാസത്തിനിടെ 300 കിലോഗ്രാമും ഒഴിവാക്കി.

പുനരുപയോഗിക്കുക: തൈല എ.ടി.എം -പുനരുപയോഗിക്കാവുന്ന ബദലുകളെ കൂടുതൽ എളുപ്പമുള്ളതാക്കുന്നു

പ്ലാസ്റ്റിക് സഞ്ചിക്ക് ഒരു ലളിതമായ ബദലാണ് തുണിസഞ്ചി, എന്നാൽ അത് ദൈനംദിന സാധനങ്ങൾ വാങ്ങുന്നതിന്റെ ഭാഗമാക്കണമെങ്കിൽ അത് എളുപ്പത്തിൽ ലഭ്യമാക്കേണ്ടതുണ്ട്. മഹാരാഷ്ട്രയിലെ വിടാ നഗരത്തിൽ ഉപഭോക്താക്കൾക്ക് പുനരുപയോഗിക്കാവുന്ന കോട്ടൺ സഞ്ചികൾ ലഭ്യമാക്കുന്നതിനായി നഗർ പരിഷത്ത് തിരക്കേറിയ അഞ്ച് സ്ഥലങ്ങളിൽ തൈല എ.ടി.എം സ്ഥാപിച്ചിട്ടുണ്ട്.

ഈ യന്ത്രങ്ങൾ വെൻഡിംഗ് മെഷീനുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾ ഒരു നാണയമോ നോട്ടോ ഇടുകയും ഒരു തുണിസഞ്ചി കൈപ്പറ്റുകയും ചെയ്യുന്നു. ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻസ് (GSM) സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ യന്ത്രങ്ങൾ, സഞ്ചികളുടെ ലഭ്യത വിദൂരമായി നിരീക്ഷിക്കുകയും സ്റ്റോക്ക് ഒരു നിശ്ചിത അളവിൽ താഴെയാകുമ്പോൾ കൗൺസിലിന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഈ സംരംഭം ഉപജീവനത്തിനുള്ള അവസരങ്ങളും സൃഷ്ടിക്കുന്നു. പ്രാദേശിക സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകളാണ് ഈ യന്ത്രങ്ങൾ വഴി വിതരണം ചെയ്യുന്ന സഞ്ചികൾ തുന്നിയെടുക്കുന്നത്. ഇതുവരെ 6,000-ത്തോളം സഞ്ചികൾ വിറ്റഴിക്കപ്പെട്ടു. ആഴ്ചച്ചന്തയുള്ള ദിവസങ്ങളിൽ ഒരു ദിവസം മാത്രം 200-ഓളം സഞ്ചികൾ വരെ വിറ്റഴിയുന്നുണ്ട്.

വിടായിലെ താമസക്കാരിയായ മുംതാസ് രാജു സയ്യിദിന് ഈ മാറ്റം ഏറെ പ്രായോഗികമാണ്: "തൈല എ.ടി.എം ഉള്ളതിനാൽ എനിക്കിപ്പോൾ എളുപ്പത്തിൽ തുണിസഞ്ചി ലഭിക്കുന്നുണ്ട്, ഇത് സാധനങ്ങൾ കൊണ്ടുപോകുന്നത് എളുപ്പമാക്കുന്നു."

മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി നടക്കുന്ന വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് തൈല എ.ടി.എം. മാർക്കറ്റുകളിലെ പരിശോധനകൾ, പിഴ ചുമത്തൽ, തെരുവു നാടകങ്ങൾ, പൊതുജനപ്രചാരണങ്ങൾ എന്നിവയിലൂടെ അവബോധവും നിയമ നിർവ്വഹണവും നഗരങ്ങൾ സംയോജിപ്പിക്കുന്നു. ഇന്ദാപൂരിൽ അധികൃതർ 25 കിലോഗ്രാം പ്ലാസ്റ്റിക് സഞ്ചികൾ പിടിച്ചെടുക്കുകയും ₹90,000 പിഴ ഈടാക്കുകയും ചെയ്തു. അതേസമയം ജനസമൂഹങ്ങൾ പ്രായോഗികമായ ബദലുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. വർധയിൽ ഒരു സ്വയംസഹായ സംഘം 17,000 പേപ്പർ സഞ്ചികൾ വിതരണം ചെയ്തു. ഒപ്പം തുണി, ചണ സഞ്ചികൾ വീണ്ടും ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഈ ശ്രമങ്ങളെല്ലാം ചേർന്ന് ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് രഹിത തിരഞ്ഞെടുപ്പുകൾ കൂടുതൽ പ്രാപ്യമാക്കാൻ സഹായിക്കുന്നു.

തിരികെ നൽകുക: ഉപയോഗിച്ച പാൽ കവറുകൾ തിരികെ നൽകി പണം നേടാം

ഉപയോഗിച്ച ഒരു ശൂന്യമായ പാൽക്കവർ വീടുകളിലേക്ക് എന്തെങ്കിലും തിരികെ എത്തിച്ചാലോ? ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഉപയോഗിച്ച പ്ലാസ്റ്റിക് പാൽ കവറുകൾ വലിച്ചെറിയുന്നതിന് പകരം തിരികെ നൽകാൻ പ്രദേശവാസികളെ ഒരു ബൈ-ബാക്ക് (Buy-back) സംരംഭം പ്രോത്സാഹിപ്പിക്കുന്നു.

ഉപയോഗിച്ച പാൽ കവറുകൾ നൽകി പകരം പുതിയ പാലും ഇളവുകളും ഉൾപ്പെടെയുള്ള പ്രതിഫലങ്ങൾ കൈപ്പറ്റാൻ ഉപഭോക്താക്കൾക്കായി ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിച്ചു. വീട്ടുകാരെ ഇതിൽ പങ്കാളികളാക്കാൻ പ്രോത്സാഹിപ്പിക്കുകയും പുനരുപയോഗത്തിന്റെയും ഉത്തരവാദിത്തമുള്ള മാലിന്യ നിർമ്മാർജ്ജനത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന അവബോധ പരിപാടികൾ നടത്തുകയും ചെയ്തു. ആൻഡമാൻ ആന്റ് നിക്കോബാർ ഐലൻഡ്സ് ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡും (ANIIDCO) ശ്രീ വിജയപുരം മുനിസിപ്പൽ കൗൺസിലും (SVPMC) സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

ഒരു ക്രമീകൃത സംവിധാനത്തിലൂടെ പ്ലാസ്റ്റിക് തിരികെ നൽകാൻ ആളുകൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം ഈ സംരംഭം പ്ലാസ്റ്റിക് മാലിന്യത്തിന് ഒരു മൂല്യം കൂടി നൽകുന്നു. 2024 നവംബറോടെ 17,600 പാൽ കവറുകൾ ശേഖരിക്കുകയും പ്രതിഫലമായി പ്രദേശവാസികൾക്ക് 352 ലിറ്റർ പാൽ നൽകുകയും ചെയ്തു. ഒരു ചെറിയ പ്രോത്സാഹനത്തിന് ഉത്തരവാദിത്തമുള്ള മാലിന്യ സംസ്കരണത്തെ എങ്ങനെ ഒരു സാമൂഹിക ശീലമാക്കി മാറ്റാൻ കഴിയുമെന്ന് ഈ മാതൃക കാണിച്ചുതരുന്നു.

വീണ്ടെടുക്കുക: പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് രണ്ടാം ജന്മം ലഭിക്കുന്ന ഇടം

പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗം ചെയ്തുകൊണ്ട് ബെംഗളൂരുവിനെ കൂടുതൽ ഹരിതാഭമാക്കുകയാണ്. കർണാടക സ്റ്റേറ്റ് പ്ലാസ്റ്റിക് അസോസിയേഷന്റെ കണക്കുപ്രകാരം ഈ നഗരത്തിൽ ഒരാൾ പ്രതിമാസം ശരാശരി 16 കിലോഗ്രാം പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയായ (UNDP) പ്രൊജക്ട് പൃഥ്വി ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കുകൾക്ക് രണ്ടാം ജന്മം നൽകാൻ സഹായിക്കുന്നു.

ഈ പദ്ധതിക്ക് കീഴിൽ സഫായി സാഥികൾക്കായി (ശുചീകരണ തൊഴിലാളികൾ) 'സ്വച്ഛതാ കേന്ദ്ര' എന്ന പേരിൽ ഒരു മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി 2019-ൽ സ്ഥാപിച്ചു. ഈ കേന്ദ്രം പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുകയും പൊടിച്ചും ബെയ്‌ലുകളാക്കി അടിച്ചമർത്തിയും സംസ്കരിക്കുകയും ചെയ്യുന്നു. ഇത് സംസ്കരിച്ച വസ്തുക്കളെ റീസൈക്കിൾ ചെയ്യുന്നവർക്ക് അനുയോജ്യമായ രീതിയിലാക്കുന്നു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് 76 സഫായി സാഥികൾക്ക് തൊഴിൽ നൽകാനും ഈ കേന്ദ്രത്തിന് കഴിഞ്ഞു. ഹസിരു ദള എന്ന സാമൂഹിക സംഘടന കൈകാര്യം ചെയ്യുന്ന ഈ കേന്ദ്രം, മാലിന്യങ്ങൾ വീണ്ടെടുക്കുന്നതിനെ ആളുകളുടെ ഉപജീവനമാർഗ്ഗവുമായി ബന്ധിപ്പിക്കുന്നു.

സംസ്കരിച്ച പ്ലാസ്റ്റിക് റോഡുകൾ, കാർഷിക ജലസേചന പൈപ്പുകൾ, ഫർണിച്ചറുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഈ സംരംഭം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കുകയും നഗരങ്ങളെ കൂടുതൽ ശുചിത്വമുള്ള ഇടങ്ങളാക്കി മാറ്റുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നു. ഒരുകാലത്ത് വലിച്ചെറിഞ്ഞിരുന്നവ ഉപകാരപ്രദമായ ഒരു വസ്തുവായി സമ്പദ്‌വ്യവസ്ഥയിലേക്ക് വീണ്ടും എത്തിച്ചേരുന്നു. ഇത് ദൈനംദിന മാലിന്യ സംസ്കരണത്തിൽ ചാക്രിക സമ്പദ്‌വ്യവസ്ഥ എന്ന ആശയത്തെ കൂടുതൽ അടുപ്പിക്കുന്നു.

പുനർനിർമ്മിക്കുക: മൾട്ടി-ലെയർ പ്ലാസ്റ്റിക്കുകളെ ഈടുനിൽക്കുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റുന്നു

ചോക്ലേറ്റ് റാപ്പറുകൾ, ബിസ്‌ക്കറ്റ് പാക്കറ്റുകൾ മുതൽ ചിപ്‌സ്, ഷാംപൂ സാഷെകൾ വരെ മൾട്ടിലെയർ പ്ലാസ്റ്റിക്കുകൾ (MLP) ദൈനംദിന പാക്കേജിംഗിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പ്ലാസ്റ്റിക്, പേപ്പർ, അലുമിനിയം തുടങ്ങിയ വസ്തുക്കളുടെ പാളികൾ സംയോജിപ്പിച്ചാണ് ഇവ നിർമ്മിക്കുന്നത്. അതിനാൽ ഇവ വേർതിരിച്ചെടുക്കാനും റീസൈക്കിൾ ചെയ്യാനും പ്രയാസമാണ്. വർഷങ്ങളായി ഈ മാലിന്യങ്ങളിൽ ഭൂരിഭാഗത്തിനും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളല്ലാതെ മറ്റ് വഴികളൊന്നുമില്ലായിരുന്നു. എന്നാൽ ഒരു പ്ലാസ്റ്റിക് റീസൈക്ലിംഗ് ഫെസിലിറ്റി (PRF) വഴി റീസൈക്കിൾ ചെയ്യാൻ പ്രയാസമുള്ള ഈ മാലിന്യങ്ങൾക്ക് ഒരു പുതിയ ലക്ഷ്യസ്ഥാനം കണ്ടെത്താൻ പട്യാലയ്ക്ക് കഴിഞ്ഞു.

നഗരത്തിലെ ഒരു CSR സഹായത്തോടെ പ്രവർത്തിക്കുന്ന റീസൈക്ലിംഗ് കേന്ദ്രത്തിൽ മൂല്യം കുറഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുകയും വൃത്തിയാക്കുകയും ചെറിയ കഷണങ്ങളായി (flakes) പൊടിച്ചെടുക്കുകയും ചെയ്യുന്നു. തുടർന്ന് ഹോട്ട് ആൻഡ് കോൾഡ് പ്രസ്സിംഗ് വഴി ഈ കഷണങ്ങളെ പ്ലൈവുഡിന് പരിസ്ഥിതിസൗഹൃദ ബദലായ ചിപ്പ് ബോർഡുകളാക്കി മാറ്റുന്നു. ഈ ഉൽപ്പന്നത്തിന് വെള്ളത്തെയും ചിതലുകളെയും പ്രതിരോധിക്കാൻ കഴിയുന്നതിനോടൊപ്പം ഫർണിച്ചറുകൾ, മേൽക്കൂരകൾ, താൽക്കാലിക ഷെൽട്ടറുകൾ എന്നിവയ്ക്ക് ആവശ്യമായ കരുത്തുമുണ്ട്. പ്രതിദിനം 10 ടൺ ശേഷിയുള്ള ഈ കേന്ദ്രത്തിൽ 75 മുതൽ 100 വരെയുള്ള ചിപ്പ് ബോർഡുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഈ സംരംഭം റീസൈക്കിൾ ചെയ്യാൻ പ്രയാസമുള്ള പ്ലാസ്റ്റിക്കിന് ഒരു പുതിയ ഉപയോഗം നൽകുന്നതോടൊപ്പം ചാക്രിക സമ്പദ്‍വ്യവസ്ഥയെ പിന്തുണയ്ക്കുകയും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലെ മാലിന്യം കുറയ്ക്കുകയും ചെയ്യുന്നു.

മുന്നോട്ടുള്ള പാത

ഉറവിടത്തിൽ തന്നെ തരംതിരിക്കൽ, വീടുവീടാന്തരമുള്ള ശേഖരണം, ശാസ്ത്രീയ മാലിന്യ സംസ്കരണം, മെറ്റീരിയൽ റിക്കവറി എന്നിവയിലാണ് സ്വച്ഛ് ഭാരത് മിഷൻ (SBM) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാദേശികതലത്തിൽ എങ്ങനെ മാറ്റങ്ങൾ ആരംഭിക്കാമെന്നും വിപണികൾക്ക് എങ്ങനെ ആളുകളുടെ ശീലങ്ങളെ മാറ്റാൻ കഴിയുമെന്നും ഈ അനുഭവങ്ങൾ കാണിച്ചുതരുന്നു. ഒക്ടോബർ 2-ന് സ്വച്ഛ് ഭാരത് മിഷൻ പന്ത്രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ പ്രാദേശികമായ ഇടപെടലുകൾക്ക് പ്ലാസ്റ്റിക്കിന്റെ സഞ്ചാരവഴിയെ എങ്ങനെ മാറ്റാൻ കഴിയുമെന്ന് ഈ അനുഭവങ്ങൾ വ്യക്തമാക്കുന്നു. അളവുകൾ വ്യത്യസ്തമായിരിക്കാം - കിലോഗ്രാമുകൾ, സഞ്ചികൾ, പാൽക്കവറുകൾ, ചിപ്പ് ബോർഡുകൾ; എന്നാൽ ലക്ഷ്യം ഒന്നുതന്നെയാണ്: ദൈനംദിന തിരഞ്ഞെടുപ്പുകളെ ശാശ്വത മാറ്റമാക്കി മാറ്റുക.

അവലംബം

 

Ministry of Housing and Urban Affairs

Click here to see PDF

***

SK

(Features ID: 160191) आगंतुक पटल : 5
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Assamese , Bengali , Kannada