Technology
ഇന്ത്യയുടെ ഇലക്ട്രോണിക്‌സ്-സെമികണ്ടക്ടര്‍ ലക്ഷ്യങ്ങള്‍ക്ക് കരുത്തേകാന്‍ 'സമഗ്ര വ്യവസായ സമീപനം'
Posted On:
23 SEP 2026 11:38AM
ഇന്ത്യയുടെ ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖല ആവേശകരമായ പുതിയൊരു അധ്യായത്തിലേക്ക് പ്രവേശിക്കുകയാണ്. വന്‍തോതിലുള്ള നിക്ഷേപങ്ങളുടെ ഒഴുക്ക്, വികസിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണ ശേഷികള്‍, ആഗോള കമ്പനികളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം എന്നിവയാല്‍ അഭൂതപൂര്‍വമായ വേഗത്തിലാണ് ഈ മേഖല വളരുന്നത്. വ്യവസായം വിപുലീകരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഓരോ മേഖലയുടെയും കരുത്തിനെ സമഗ്ര ദേശീയ ശേഷിയാക്കി മാറ്റാന്‍ വ്യാവസായിക സംഘടനകള്‍ തമ്മില്‍ കൂടുതല്‍ കരുത്തുറ്റതും ഏകോപിതവുമായ സമീപനം വേണമെന്ന് വ്യവസായ പ്രമുഖര്‍ ശക്തമായി വാദിക്കുന്നു.
ഏതെങ്കിലും ഒരു മേഖലയ്ക്ക് മാത്രമായി വളര്‍ച്ചയുടെ അടുത്ത ഘട്ടത്തെ മുന്നോട്ട് നയിക്കാനാകില്ലെന്നതാണ് വ്യാവസായിക പ്രമുഖരില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രധാന സന്ദേശം. സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക്‌സ് നിര്‍മാണം, ഘടകങ്ങള്‍, സാമഗ്രികള്‍, രൂപകല്പന, പാക്കേജിങ്, അന്തിമ ഉപയോഗ സംവിധാനങ്ങള്‍ എന്നിവ പരസ്പരാശ്രിതമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ സാങ്കേതിക ശേഷികളിലും അടിസ്ഥാന സൗകര്യങ്ങളിലും മാത്രമല്ല, വ്യവസായ മേഖലകള്‍ക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ശേഷിയിലും കൂടിയായിരിക്കും ഇതിന്റെ വിജയം.
'ഇന്ത്യയുടെ ദേശീയ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന വ്യാവസായിക സംഘടനകള്‍' എന്ന വിഷയത്തില്‍ സെമികോണ്‍ ഇന്ത്യ 2026-ന്റെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയുടെ അന്തസ്സത്ത ഈ കൂട്ടായ്മയുടെ മനോഭാവമായിരുന്നു. ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ സി.ഇ.ഒ ശ്രീ. അമിതേഷ് കുമാര്‍ സിന്‍ഹ നിയന്ത്രിച്ച സെഷനില്‍ കൂടുതല്‍ ആഴത്തിലുള്ള സഹകരണത്തിലൂടെ ഇന്ത്യയുടെ സെമികണ്ടക്ടര്‍-ഇലക്ട്രോണിക്‌സ് ലക്ഷ്യങ്ങള്‍ എങ്ങനെ വേഗത്തിലാക്കാമെന്ന് ചര്‍ച്ച ചെയ്യുന്നതിന് പ്രമുഖ വ്യാവസായിക സംഘടനകളുടെ മുതിര്‍ന്ന പ്രതിനിധികള്‍ ഒത്തുചേര്‍ന്നു.
കൂടുതല്‍ ഏകോപിതമായ 'സമഗ്ര വ്യവസായ സമീപന'ത്തിലേക്ക് വ്യവസായ മേഖല മാറേണ്ടതുണ്ടെന്ന തരത്തില്‍ ഉയര്‍ന്നുവരുന്ന പൊതുധാരണയെ ഈ ചര്‍ച്ച പ്രതിഫലിപ്പിച്ചു. ഓരോ സംഘടനകളും ആവാസവ്യവസ്ഥയുടെ വ്യത്യസ്ത ഘടകങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും ആത്യന്തികമായി ഇന്ത്യയില്‍ ആഗോളതല മത്സരശേഷിയാര്‍ന്ന ഇലക്ട്രോണിക്‌സ്-സെമികണ്ടക്ടര്‍ മേഖല കെട്ടിപ്പടുക്കുകയെന്ന പൊതുലക്ഷ്യത്തിന് വേണ്ടിയാണ് അവയെല്ലാം നിലകൊള്ളുന്നത്.

വിവിധ സാങ്കേതിക മേഖലകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സംയോജനമായിരുന്നു ചര്‍ച്ചയില്‍ ആവര്‍ത്തിച്ച വിഷയം. ഇന്ന് ചിപ്പുകള്‍ക്ക് മൂല്യം ലഭിക്കുന്നത് ഒറ്റപ്പെട്ടു നില്‍ക്കുമ്പോഴല്ല, മറിച്ച് ഉപകരണങ്ങളിലും ഉല്പന്നങ്ങളിലും സംവിധാനങ്ങളിലും അവ സംയോജിപ്പിക്കപ്പെടുമ്പോഴാണ്. ഫാബ്രിക്കേഷനിലെ പുരോഗതി അനുബന്ധ സാമഗ്രികളെയും ഉപകരണങ്ങളെയും ആശ്രയിച്ചിരിക്കുമ്പോള്‍ പാക്കേജിങ്, പരിശോധന, വിപുലമായ ഇലക്ട്രോണിക്‌സ് ശേഷികള്‍ എന്നിവയെ ആശ്രയിച്ചാണ് നിര്‍മാണമേഖല നിലകൊള്ളുന്നത്. വ്യവസായത്തിന്റെ ഈ പരസ്പര ബന്ധിത സ്വഭാവം മൂല്യശൃംഖലയിലുടനീളം കൂടുതല്‍ ശക്തമായ ബന്ധങ്ങളും ഘടനാപരമായ സഹകരണവും അനിവാര്യമാക്കുന്നു.
ഒറ്റപ്പെട്ട സമ്മേളനങ്ങള്‍ക്കും പരിപാടികള്‍ക്കുമപ്പുറം ഈ ഇടപെടല്‍ സുസ്ഥിരമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയായിരുന്നു മറ്റൊരു ചര്‍ച്ചാ വിഷയം. നിരന്തര സംവാദം സുഗമമാക്കാനും സംഘടനകള്‍ക്കിടയിലെ ഏകോപനം പ്രോത്സാഹിപ്പിക്കാനും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ കൂട്ടായ നടപടികള്‍ക്ക് നേതൃത്വം നല്‍കാനും സാധിക്കുന്ന കൂടുതല്‍ ശാശ്വതമായ കൂട്ടായ്മ രൂപീകരിക്കുന്നതിനെക്കുറിച്ച് വ്യാവസായിക പ്രമുഖര്‍ ചിന്തകള്‍ പങ്കുവെച്ചു.
നിലവിലെ സംഘടനകളുടെ സവിശേഷമായ പങ്കിന് പകരമാവുക എന്നതല്ല ഈ നിര്‍ദേശത്തിന്റെ ലക്ഷ്യം. മറിച്ച്, മേഖലകളെയും മൂല്യശൃംഖലകളെയും ഏകോപിപ്പിക്കുന്ന പൊതുവിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന പൊതുവേദി നല്‍കി അവയുടെ കരുത്ത് വര്‍ധിപ്പിക്കാനാണ് ഇത് ശ്രമിക്കുന്നത്. കേവലം നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് സമഗ്രമായ ഒരു സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്ന തലത്തിലേക്ക് ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ വികസിക്കുമ്പോള്‍ ഇത്തരം സ്ഥാപനപരമായ സഹകരണം തന്ത്രപ്രധാനമായ ആവശ്യകതയായി വിലയിരുത്തപ്പെടുന്നു.
രൂപകല്പന, നിര്‍മാണം, പാക്കേജിങ്, ഇലക്ട്രോണിക്‌സ്, സാങ്കേതിക പരിഹാരങ്ങള്‍ എന്നിവ പരസ്പര പൂരകമായി പ്രവര്‍ത്തിച്ച് കൂടുതല്‍ ശക്തവും പ്രതിരോധശേഷിയാര്‍ന്നതുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്ന ''സിലിക്കണ്‍ മുതല്‍ സിസ്റ്റങ്ങള്‍ വരെ'' എന്ന വിപുലമായ കാഴ്ചപ്പാടിനെ ചര്‍ച്ച ഊട്ടിയുറപ്പിച്ചു. സെമികണ്ടക്ടര്‍ ലക്ഷ്യങ്ങളുമായി രാജ്യം മുന്നോട്ട് പോകുമ്പോള്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടം രൂപപ്പെടുത്തുന്നതില്‍ മൂലധന നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യ വികസനവും പോലെ ഈ സഹകരണവും നിര്‍ണായകമായി മാറുമെന്ന് വ്യവസായ പ്രമുഖര്‍ വ്യക്തമാക്കുന്നു.
ഈ മുന്നേറ്റത്തിന് ആക്കം കൂട്ടി ഏകദേശം 300 അന്താരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ 600-ലധികം പ്രദര്‍ശകരെയാണ് സെമികോണ്‍ ഇന്ത്യ 2026 ഒരൊറ്റ വേദിയില്‍ അണിനിരത്തിയത്. ഇന്ത്യയുടെ സെമികണ്ടക്ടര്‍-ഇലക്ട്രോണിക്‌സ് മേഖലയിലെ വര്‍ധിച്ചുവരുന്ന ആഗോള താല്പര്യമാണ് ഇത് എടുത്തുകാട്ടുന്നത്. കൂടാതെ നിര്‍മാണം, രൂപകല്പന, പാക്കേജിങ്, നിര്‍മിതബുദ്ധി, ഗവേഷണ-വികസനം, ലോജിസ്റ്റിക്‌സ്, നൈപുണ്യ വികസനം എന്നിവയിലുടനീളം 56 ധാരണാപത്രങ്ങള്‍ക്കും തന്ത്രപ്രധാന സംരംഭങ്ങള്‍ക്കും വ്യാവസായിക പ്രഖ്യാപനങ്ങള്‍ക്കും പരിപാടി സാക്ഷ്യം വഹിച്ചു.

ഈ പരിവര്‍ത്തനത്തില്‍ ഗവണ്‍മെന്റ് പിന്തുണ നിര്‍ണായക പങ്കുവഹിക്കുന്നത് തുടരുന്നു. ഉല്പാദന ബന്ധിത പ്രോത്സാഹന (പിഎല്‍ഐ) പദ്ധതികള്‍, ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ ആഭ്യന്തര ശേഷികള്‍ ശക്തിപ്പെടുത്താനും കരുത്തുറ്റ നിര്‍മാണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനും ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സെമികോണ്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ 12 സെമികണ്ടക്ടര്‍ പദ്ധതികള്‍ക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കിക്കഴിഞ്ഞു; 2026 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് അഞ്ച് വാണിജ്യ സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഈ മുന്നേറ്റങ്ങളെല്ലാം കൂടുതല്‍ വിപുലമായ ഒരു യാഥാര്‍ത്ഥ്യത്തെയാണ് അടിവരയിടുന്നത്: സെമികണ്ടക്ടര്‍ രംഗത്തെ ഇന്ത്യയുടെ യാത്ര കേവലം ഫാക്ടറികള്‍ സ്ഥാപിക്കുന്നത് മാത്രമല്ല; മറിച്ച്, രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ്-സെമികണ്ടക്ടര്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിന്റെ അടിത്തറയായി സഹകരണത്തെ മാറ്റി വ്യവസായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കുമിടയില്‍ ശക്തമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക എന്നതുകൂടിയാണ്.
പി.ഡി.എഫ് കാണാന്‍ ക്ലിക്ക് ചെയ്യുക
****
(Features ID: 160142)
आगंतुक पटल : 15
Provide suggestions / comments