Farmer's Welfare
പച്ചത്തണ്ടുകളിൽ നിന്ന് ഹരിത സംരംഭങ്ങളിലേക്ക്
പരമ്പരാഗത മുള വിഭവം എങ്ങനെ പുതിയ ഉപജീവനമാർഗ്ഗങ്ങളും സംരംഭങ്ങളും അവസരങ്ങളും സൃഷ്ടിക്കുന്നു
Posted On:
12 SEP 2026 11:07AM
ഒരു നഗരച്ചന്തയിൽ കാണുന്ന മുള ബാഗുകൾ ഒരു സാധാരണ കാഴ്‌ചയായി തോന്നാം. എന്നാൽ അതിന്റെ യാത്ര ഒരു ചെറിയ ഗ്രാമീണ സംരംഭത്തിൽ നിന്ന് തുടങ്ങി ദേശീയ നയത്തിൽ തന്നെ മാറ്റം വരുത്തിയ കഥയാണ് പറയുന്നത്. ഗുരുഗ്രാമിൽ നടന്ന സരസ് ആജീവിക മേള 2026-ൽ ഇത്തരമൊരു കഥ പ്രദർശിപ്പിക്കപ്പെടുകയുണ്ടായി: അസ്സമിൽ നിന്നുള്ള വിശാഖ ദീദി നിർമ്മിച്ച മുള ബാഗുകൾ. 2014-ൽ അവർ ഒരു അയൽക്കൂട്ടത്തിൽ ചേരുകയും തന്റെ ഭർതൃപിതാവിന്റെ മുളയധിഷ്ഠിത കരകൗശല സംരംഭത്തിന് പുതിയ ഡിസൈനുകളിലൂടെ പുതുജീവൻ നൽകുകയും ചെയ്തു. ഗവൺമെൻറ് പിന്തുണയും പ്രദർശനങ്ങളും കൂടുതൽ വിശാലമായ വിപണികളിലേക്ക് എത്തിച്ചേരാൻ അവരെ സഹായിച്ചു. 2025-ലെ ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ പങ്കെടുത്ത അവർക്ക് തങ്ങളുടെ മുള ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ 2 ലക്ഷം രൂപ വരുമാനം ലഭിച്ചു. വീട്ടുമുറ്റത്തു നിന്നുള്ള ഒരു കരകൗശല വിദ്യ എങ്ങനെ അഭിവൃദ്ധി പ്രാപിച്ച ഒരു സംരംഭമായി മാറി എന്നതിന്റെ ഒരു നേർക്കാഴ്ചയാണ് അവരുടെ ഈ യാത്ര.

തലമുറകളായി വിവിധ സമൂഹങ്ങളുടെ പരമ്പരാഗത ഉപജീവനമാർഗ്ഗങ്ങളുമായി ചേർന്നുനിൽക്കുന്ന ഒന്നായിരുന്നു മുള. എന്നാൽ കാലഹരണപ്പെട്ട ഒരു നിയന്ത്രണ തടസ്സം അതിന്റെ യഥാർത്ഥ സാമ്പത്തിക സാധ്യതകളെ തടഞ്ഞുനിർത്തിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ നിയമപ്രകാരം മുളയെ ഒരു മരമായാണ് തരംതിരിച്ചിരുന്നത്. അതിനെ ആശ്രയിച്ചുജീവിച്ചിരുന്ന മനുഷ്യർക്ക് മുള വെട്ടുന്നതിനും കൊണ്ടുപോകുന്നതിനും ഇത് അനാവശ്യ പ്രയാസം സൃഷ്ടിച്ചു. 2017-ൽ ഈ തരംതിരിവിൽ നിന്ന് മുളയെ ഒഴിവാക്കിക്കൊണ്ട് ഗവൺമെന്റ് ഒരു ചരിത്രപരമായ ചുവടുവെപ്പ് നടത്തി. കടുപ്പമേറിയ വനനിയന്ത്രണങ്ങളിൽ നിന്ന് അതിനെ സ്വതന്ത്രമാക്കി. ഈ ദീർഘവീക്ഷണമുള്ള പരിഷ്കാരം മുള മേഖലയിൽ കൂടുതൽ നവീനാശയത്തിനും സംരംഭകത്വത്തിനും മൂല്യവർദ്ധനവിനും വഴിയൊരുക്കി. ഈ നടപടിയുടെ പ്രാധാന്യം ഇന്ന് രാജ്യത്തുടനീളം, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദൃശ്യമാണ്. അവിടെ മുളയാണ് തൊഴിലവസരങ്ങൾക്കും ബിസിനസ്സിനും നവീനാശയത്തിനും ഇന്ധനമേകുന്നത്.

സിക്കിമിലെ ഗാങ്‌ടോക്കിനടുത്തുള്ള ഫാഷൻ ഡിസൈനറും സുസ്ഥിര നവീനാശയ വിദഗ്ധയുമായ ചിമി ഓങ്മു ഭൂട്ടിയയുടെ 'ലാഗ്സ്റ്റാൾ ഡിസൈൻ സ്റ്റുഡിയോ' ഇതിനൊരു ഉദാഹരണമാണ്. വനിതകളുടെ നേതൃത്വത്തിലുള്ള ഈ നിർമ്മാണ സംരംഭം മുളകൊണ്ടുള്ള കരകൗശല വസ്തുക്കൾ, അഗർബത്തികൾ, ഫർണിച്ചറുകൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവ നിർമ്മിക്കുന്നു. ഇവിടെ മുള പരമ്പരാഗത കരകൗശലത്തിൽ നിന്ന് മാറി ആധുനിക ഡിസൈനിലേക്കും സംരംഭകത്വത്തിലേക്കും വഴിമാറുന്നു. ചിമിയുടെ കഥ ഒരു വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ്. ത്രിപുരയിൽ ബിജോയ് സൂത്രധാർ മുള ഉൽപ്പന്നങ്ങളുടെ നിർമ്മാണം മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യ സ്വീകരിച്ചു. നാഗാലാൻഡിൽ ദിമാപ്പൂരിന് ചുറ്റുമുള്ള അയൽക്കൂട്ടങ്ങൾ മുളയധിഷ്ഠിത ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് മൂല്യവർദ്ധനവ് വരുത്തുന്നു. അതോടൊപ്പം ഫർണിച്ചറുകളും കരകൗശല വസ്തുക്കളും നിർമ്മിക്കുന്ന 'ഖോറോളോ ക്രിയേറ്റീവ് ക്രാഫ്റ്റ്‌സ്' പോലെയുള്ള പ്രാദേശിക സംരംഭങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. അതേസമയം മിസോറാമിലെ മമിത് ജില്ലയിൽ മുള ടിഷ്യൂ കൾച്ചറിലൂടെയും പോളി-ഹൗസ് മാനേജ്‌മെന്റിലൂടെയും ശാസ്ത്രീയ കൃഷിരീതികൾ സംഘങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു. മുള മേഖല കൂടുതൽ വൈവിധ്യമാർന്നതും നവീനവും മൂല്യാധിഷ്ഠിതവുമായി മാറുന്നതിലേക്കാണ് ഈ ഉദാഹരണങ്ങൾ വിരൽ ചൂണ്ടുന്നത്.

ഇത്രയും വലിയൊരു പരിവർത്തനത്തിന് കാര്യക്ഷമമായ കൈകൾ മാത്രം പോരാ. അതിന് സാങ്കേതികവിദ്യ, സംസ്‌കരണ സൗകര്യങ്ങൾ, പരിശീലനം, കൂടുതൽ ശക്തമായ വിപണി ബന്ധങ്ങൾ എന്നിവ ആവശ്യമാണ്. ഇവിടെയാണ് ഗവൺമെന്റിന്റെ പിന്തുണ പ്രധാനമാകുന്നത്. നാഷണൽ ബാംബൂ മിഷൻ മുള കർഷകർക്കും നിർമ്മാതാക്കൾക്കും വിൽപ്പനക്കാർക്കും ആവശ്യമായ കൃഷി, സംസ്‌കരണം, വിപണി ലഭ്യത എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗുണനിലവാരമുള്ള തൈകൾ ലഭ്യമാക്കുന്നതിനായി നഴ്‌സറികൾക്കും ഇത് പിന്തുണ നൽകുന്നു. ഫാം തലത്തിൽ ഈ ഗവൺമെന്റ് പദ്ധതിയുടെ സ്വാധീനം മനസ്സിലാക്കാൻ ഒരു ഉദാഹരണം പരിശോധിക്കാം. മധ്യപ്രദേശിൽ 2019-ൽ പരമ്പരാഗത കൃഷിയിൽ നിന്ന് തുടർച്ചയായ നഷ്ടം നേരിട്ടതിനെ തുടർന്ന് വിജയ് പതിദാർ മുളകൃഷിയിലേക്ക് തിരിഞ്ഞു. ബാംബൂ മിഷന്റെ പിന്തുണയോടെ അദ്ദേഹം 4,000-ത്തോളം മുളന്തൈകൾ നട്ടു. രണ്ട് വർഷത്തിനുള്ളിൽ മുളങ്കമ്പുകൾ വിറ്റതിലൂടെ അദ്ദേഹം ഏകദേശം 75,000 രൂപ സമ്പാദിച്ചു. അതോടൊപ്പം മുളയ്ക്കൊപ്പം മുളക്, കാപ്സിക്കം, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇടവിളയായി കൃഷി ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു. മുള എങ്ങനെ ഒരു വിളയായും ദീർഘകാല ഉപജീവന വസ്തുവായും മാറുന്നുവെന്ന് അദ്ദേഹത്തിന്റെ അനുഭവം കാണിച്ചുതരുന്നു.

കൂടാതെ നോർത്ത് ഈസ്റ്റ് സെന്റർ ഫോർ ടെക്നോളജി ആപ്ലിക്കേഷൻ & റീച്ച് (NECTAR) നിരവധി വാണിജ്യ ആവശ്യങ്ങളിലുടനീളം മുള അധിഷ്ഠിത സാങ്കേതികവിദ്യകളെ പിന്തുണച്ചിട്ടുണ്ട്. ഭക്ഷ്യ-കാർഷിക സംസ്‌കരണം, നിർമ്മാണ സാമഗ്രികൾ, ഉൽപ്പാദന യന്ത്രങ്ങൾ, പുനരുപയോഗ ഊർജ്ജം, വ്യാവസായിക ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ ഇടപെടലുകൾ പ്രതിവർഷം 3 കോടിയോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അവ മുള ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവ് 10 ശതമാനത്തിൽ നിന്ന് 70 ശതമാനം വരെയായി ഉയർത്തുകയും ചെയ്തു. ഉദാഹരണത്തിന് 'എഞ്ചിനീയേഡ് ബാംബൂ' നിർമ്മാണ മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുന്നു. മുള നാരുകൾ, ചീളുകൾ അല്ലെങ്കിൽ കഷണങ്ങൾ എന്നിവ കൂട്ടിയിണക്കി, കംപ്രസ് ചെയ്ത് നിർമിക്കുന്ന ഒരു സംയോജിത വസ്തുവാണ് 'എഞ്ചിനീയേഡ് ബാംബൂ'. പുതിയ ഡിസൈനുകളിലും എഞ്ചിനീയേഡ് ബാംബൂവിലും നിർമ്മിക്കുന്ന ഫർണിച്ചറുകൾ ജനപ്രീതി നേടുകയും ആർക്കിടെക്റ്റുകൾ, ഡിസൈനർമാർ, ഇന്റീരിയർ ഡെക്കറേറ്റർമാർ എന്നിവരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു. തത്‌ഫലമായി, ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനുമായി 42 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ എഞ്ചിനീയേഡ് ബാംബൂ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഛത്തീസ്ഗഢിൽ എഞ്ചിനീയേഡ് ബാംബൂ ഉപയോഗിച്ച് 576 സ്കൂൾ മുറികൾ നിർമ്മിച്ചു. ഏകദേശം 20,000 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പരമ്പരാഗത വ്യാവസായിക സാമഗ്രികളുമായി മാത്രം മുമ്പ് ബന്ധപ്പെട്ടിരുന്ന മുള, നിർമ്മാണ മേഖലയിലേക്ക് എങ്ങനെ കടന്നുചെല്ലുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
മുളയുടെ മൂല്യശൃംഖല ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിനപ്പുറമുള്ള ദിശകളിലേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്. ഈ വളർന്നുവരുന്ന മൂല്യ ശൃംഖലയിലുടനീളം വനിതാ സംഘങ്ങൾ സുപ്രധാന പങ്കാളികളായി മാറുകയാണ്. സ്ത്രീകളുടെ ഉപജീവനമാർഗ്ഗങ്ങളുടെ ഇത്തരമൊരു കഥ മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളിയിൽ വളരെ വ്യക്തമായി കാണാൻ സാധിക്കും. ഗഡ്‌ചിറോളി അഗർബത്തി പ്രോജക്റ്റ് (GAP) എന്ന് പേരിട്ടിരിക്കുന്ന ഒരു മുള അധിഷ്ഠിത അഗർബത്തി സംരംഭം 2012-ൽ ജില്ലയിലുടനീളം ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിച്ചു. 2020 ആയപ്പോഴേക്കും അവർക്ക് 32 കേന്ദ്രങ്ങളിലായി 1,100-ഓളം ആളുകൾക്ക് തൊഴിൽ നൽകാൻ സാധിച്ചു. ഈ തൊഴിലാളികളിൽ 90 ശതമാനവും വനിതകളായിരുന്നു. ഓരോ വനിതയ്ക്കും പ്രതിമാസം ഏകദേശം 5,000 രൂപയോളം വരുമാനം ലഭിക്കാൻ തുടങ്ങി. കൂടാതെ തൊഴിൽ ദിനങ്ങൾ പ്രതിവർഷം 45-60 ദിവസങ്ങളിൽ നിന്ന് 225 ദിവസത്തിലധികമായി വർധിക്കുകയും ചെയ്തു. ജോലി വീടിന് അടുത്തേക്ക് മാറുകയും ശാരീരിക അധ്വാനം കുറഞ്ഞ ഒന്നായി അത് മാറുകയും ചെയ്തു. ഇതിലൂടെ വനിതകൾക്ക് പുതിയ നൈപുണ്യങ്ങളും ആത്മവിശ്വാസവും നേതൃത്വത്തിനുള്ള അവസരങ്ങളും കൈവന്നു. വരുമാനത്തിനായി വനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ സംരംഭം സഹായിച്ചു.

ശേഷി വികസനത്തിനും പരിശീലനത്തിനുമായി ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള നിരന്തര ശ്രമങ്ങൾ കാരണമാണ് ഇത്തരം സംരംഭങ്ങൾ യാഥാർത്ഥ്യമായത്. നാഗ്പൂരിലെ സി.എസ്.ഐ.ആർ-നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSIR-NEERI) 2026 ജൂണിൽ വനിതാ സ്വയം സഹായസംഘങ്ങൾക്കായി (SHG) മുളകൊണ്ടുള്ള കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നതിൽ അഞ്ചുദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. "ഫ്ലൈ ആഷ് നിക്ഷേപ കേന്ദ്രങ്ങളിൽ വളർത്തുന്ന മുളകളിൽ നിന്നുള്ള കരകൗശല നിർമ്മാണത്തിലൂടെ വനിതാ സ്വയം സഹായസംഘങ്ങളെ ശാക്തീകരിക്കുക" എന്നതായിരുന്നു ഈ പരിശീലന പരിപാടിയുടെ പ്രമേയം.
മുള വെട്ടിയെടുക്കൽ, അവയുടെ സംസ്കരണം, കരകൗശല ഉൽപ്പന്ന നിർമ്മാണം, മൂല്യവർദ്ധിത ഉൽപ്പന്ന വികസനം, സംരംഭകത്വം, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, പ്രൊഡക്റ്റ് ഡിസൈൻ എന്നിവയിൽ ഈ പരിശീലനം പ്രായോഗിക നൈപുണ്യം നൽകി. ഉപയോഗശൂന്യമായ ഫ്ലൈ ആഷ് നിക്ഷേപ കേന്ദ്രങ്ങളെ എങ്ങനെ ഉൽപ്പാദനക്ഷമമായ ഭൂപ്രദേശങ്ങളാക്കി മാറ്റാമെന്നും അതുവഴി പ്രാദേശിക സമൂഹങ്ങൾക്ക് പാരിസ്ഥിതിക ഗുണങ്ങളെ കൂടാതെ സാമൂഹികവും-സാമ്പത്തികവുമായ ഗുണങ്ങൾ കൂടി എങ്ങനെ സൃഷ്ടിക്കാമെന്നും ഈ സംരംഭം തെളിയിച്ചു.
മുളയുടെ കഥ ഇന്ന് മനുഷ്യരുടെയും സാധ്യതകളുടെയും പരിവർത്തനത്തിന്റെയും കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലുടനീളം മുള ഉപജീവനമാർഗ്ഗങ്ങളും സംരംഭങ്ങളും സുസ്ഥിരമായ അവസരങ്ങളും സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മുളയുടെ കഥ എന്നത് ഇനി കേവലം മുളയ്ക്ക് എന്തായി മാറാൻ കഴിയും എന്നതിനെക്കുറിച്ച് മാത്രമല്ല, മറിച്ച് പരമ്പരാഗതമായ ഒരു വിഭവത്തെ സാങ്കേതികവിദ്യയുമായും സംരംഭകത്വവുമായും അവസരങ്ങളുമായും ബന്ധിപ്പിക്കുമ്പോൾ നമ്മുടെ സമൂഹങ്ങൾക്ക് എന്തായി മാറാൻ കഴിയും എന്നതിനെക്കുറിച്ച് കൂടിയാണ്.
അവലംബം
Ministry of Agriculture & Farmers Welfare
https://nbm.da.gov.in/Success-Stories
Prime Minister’s Office
https://www.pib.gov.in/PressReleasePage.aspx?PRID=2255656&lang=2®=48
Ministry of Information & Broadcasting
https://www.pib.gov.in/PressReleasePage.aspx?PRID=2255645®=48&lang=2
Ministry of Science & Technology
https://dst.gov.in/development-bamboo-based-technology-value-added-products-improving-life-and-livelihood-ne
https://www.pib.gov.in/PressReleasePage.aspx?PRID=2273722&lang=1®=1
PIB Backgrounders
https://www.pib.gov.in/FeaturesDeatils.aspx?ModuleId=2&NoteId=157507&lang=1®=6
https://www.pib.gov.in/PressNoteDetails.aspx?NoteId=155112&ModuleId=3®=48&lang=2
Click here to see pdf
***
SK
(Features ID: 159980)
आगंतुक पटल : 10
Provide suggestions / comments