Infrastructure
ജൽ സഞ്ചയ് ജൻ ഭാഗീദാരി: പ്രാദേശിക പ്രവർത്തനങ്ങളിൽ നിന്ന് ജലസുരക്ഷയിലേക്ക്
Posted On:
03 SEP 2026 3:14PM
നൂറ്റാണ്ടുകളായി ഇന്ത്യയിലുടനീളമുള്ള സമൂഹങ്ങൾ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് വെള്ളം ശേഖരിക്കാനും സംഭരിക്കാനും പങ്കുവെക്കാനുമുള്ള മാർഗങ്ങൾ വികസിപ്പിച്ചെടുത്തു.
വഴിയമ്പല കിണറുകൾ, തടാകങ്ങൾ, കുളങ്ങൾ, ജോഹാദുകൾ (johads), പാരമ്പര്യ ജലസേചന സംവിധാനങ്ങൾ എന്നിവ ജലസുരക്ഷ എന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമായിരുന്നു എന്ന ലളിതമായ ഒരു തിരിച്ചറിവിനെയാണ് പ്രതിഫലിപ്പിച്ചത്.
വർധിച്ചുവരുന്ന ജനസംഖ്യ, വികസിച്ചുകൊണ്ടിരിക്കുന്ന കൃഷി, ദ്രുതഗതിയിലുള്ള നഗരവൽക്കരണം എന്നിവ ജല പരിപാലനത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുന്നു. പുതിയ സാങ്കേതികവിദ്യകളും അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും അനിവാര്യമായി തീർന്നിരിക്കുന്നു. എന്നിരുന്നാലും സുസ്ഥിര ജല പരിപാലനത്തിന് ജനപങ്കാളിത്തം ഇപ്പോഴും കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്നു.
കൂട്ടായ പ്രവർത്തനങ്ങളുടെ ഈ പാരമ്പര്യം ജൽ സഞ്ചയ് ജൻ ഭാഗീദാരി (JSJB) എന്ന പദ്ധതിയിലൂടെ ഒരു പുതിയ ആവിഷ്കാരം കണ്ടെത്തി. 2024 സെപ്റ്റംബർ 6-ന് ആരംഭിച്ച ഈ ഉദ്യമം ജലസംരക്ഷണത്തിൽ ജനകീയ പങ്കാളിത്തത്തെയും ഉടമസ്ഥതയെയും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചു. ചെലവ് കുറഞ്ഞ ഭൂഗർഭജല റീചാർജും ജലസംഭരണികളും നിർമ്മിക്കുന്നതിലും പ്രവർത്തനരഹിതമായ കുഴൽക്കിണറുകൾ പുനരുജ്ജീവിപ്പിക്കുന്നതിലുമാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും സമഗ്ര സമീപനത്തിലൂടെ ശാസ്ത്രീയമായി രൂപകൽപ്പന ചെയ്തതും പ്രാദേശികമായി അനുയോജ്യവുമായ പരിഹാരങ്ങളെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. കമ്മ്യൂണിറ്റി, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ), കോസ്റ്റ് (ചെലവ്) എന്നീ മൂന്ന് ഘടകങ്ങളാണ് ജൽ സഞ്ചയ് ജൻ ഭാഗീദാരിയെ മുന്നോട്ടുനയിക്കുന്നത്.
ഈ സമീപനത്തെ അടിസ്ഥാനമാക്കി മഴവെള്ളം ശേഖരിക്കുന്നതിനും ഭൂഗർഭജലം വർധിപ്പിക്കുന്നതിനുമായി ജൽ സഞ്ചയ് ജൻ ഭാഗീദാരി 1.0-ന് കീഴിൽ 2025 മേയ് മാസത്തോടെ രാജ്യത്തുടനീളം 27 ലക്ഷത്തിലധികം നിർമ്മിതികൾ പൂർത്തിയാക്കി. കൂടാതെ 2025 ജൂണിൽ ആരംഭിച്ച ജൽ സഞ്ചയ് ജൻ ഭാഗീദാരി 2.0-ന് കീഴിൽ 2026 മേയ് മാസത്തോടെ 1.5 കോടിയിലധികം ഭൂഗർഭജല റീചാർജ് നിർമ്മിതികൾ നിർമ്മിച്ചു. 2026 ജൂണിൽ ജൽ സഞ്ചയ് ജൻ ഭാഗീദാരി (JSJB) പദ്ധതിയുടെ വ്യാപ്തി കൂടുതൽ വിപുലീകരിച്ചു. ജൽ സഞ്ചയ് ജൻ ഭാഗീദാരി പദ്ധതിയെ 'ജൽശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ' (JSA: CTR) ക്യാമ്പയിനുമായി സംയോജിപ്പിച്ച് 'ജൽ സഞ്ചയ് ജൻ ഭാഗീദാരി: ക്യാച്ച് ദി റെയിൻ' (JSJB: CTR) ആക്കി മാറ്റി. 2026 സെപ്റ്റംബർ 3-ലെ കണക്കനുസരിച്ച് 1.58 കോടിയിലധികം കൃത്രിമ ഭൂഗർഭജല റീചാർജ് നിർമ്മിതികൾ നിർമ്മിച്ചു.
|
ജലസംരക്ഷണത്തിലും സഹകരണത്തിലും ദേശീയ ശ്രദ്ധ
ജൽ ശക്തി മന്ത്രാലയത്തിന്റെ വകുപ്പുതല ഉച്ചകോടി 2026 സെപ്റ്റംബർ 1, 2 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ച് നടന്നു. സഹകരണ ഫെഡറലിസവും കേന്ദ്ര-സംസ്ഥാന പങ്കാളിത്തവും കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള വകുപ്പുതല ഉച്ചകോടികളുടെ പരമ്പരയിലെ ആദ്യത്തേതായിരുന്നു ഇത്. ജല അടിസ്ഥാന സൗകര്യ പദ്ധതികൾ, കുടിവെള്ള സംവിധാന സ്രോതസ്സിന്റെ സുസ്ഥിരത, ജൽ ജീവൻ മിഷൻ 2.0-ന് കീഴിലുള്ള ഗ്രാമീണ കുടിവെള്ള വിതരണം എന്നിവയ്‌ക്കൊപ്പം 'ജൽ സഞ്ചയ് ജൻ ഭാഗീദാരി: ക്യാച്ച് ദി റെയിൻ' പദ്ധതിയും ഉച്ചകോടിയുടെ നാല് പ്രധാന വിഷയാധിഷ്ഠിത സ്തംഭങ്ങളിലൊന്നായിരുന്നു.
ജൻ ഭാഗീദാരിക്ക് (ജനപങ്കാളിത്തം) പ്രാധാന്യം നൽകിക്കൊണ്ട് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി "ജൽ ഉത്സവ്" പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജല പരിപാലനത്തെയും ഭരണനിർവഹണത്തെയും കുറിച്ചുള്ള അറിവും ശേഷിയും ശക്തിപ്പെടുത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പ്രായോഗിക പഠനത്തിനും വിജയകരമായ ഇടപെടലുകൾ മാതൃകയാക്കുന്നതിനുമായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ എന്നിവരെ ഉൾപ്പെടുത്തി വ്യവസ്ഥാപിതമായ അന്തർസംസ്ഥാന പഠന സന്ദർശനങ്ങൾ നടത്താൻ അദ്ദേഹം നിർദ്ദേശിച്ചു.
ജലമേഖലയിലെ വിവരങ്ങൾ ഒരുമിച്ച് കൊണ്ടുവരികയും വ്യവസ്ഥാപിതമായി കൈകാര്യം ചെയ്യുകയും വിശകലനം ചെയ്യുകയും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്ന ശക്തമായ ജല ഡാറ്റാ ഭരണനിർവഹണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ ഉച്ചകോടി ജലഭരണനിർവഹണത്തിന്റെ പ്രധാന വശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഒരുമിച്ച് കൊണ്ടുവരുകയും ജലസുരക്ഷിത ഭാരതം, വികസിത ഭാരതം 2047 എന്നീ കാഴ്ചപ്പാടുകൾ യാഥാർത്ഥ്യമാക്കുന്നതിലേക്കുള്ള ഒരു ചുവടുവെപ്പ് അടയാളപ്പെടുത്തുകയും ചെയ്തു.
|

രാജ്യത്തുടനീളം ഈ തത്ത്വങ്ങൾ പ്രാദേശിക പ്രവർത്തനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളും സ്ഥാപനങ്ങളും പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ജലസംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു.
ഛത്തീസ്ഗഢ്: കർഷകർ വെള്ളത്തിനായി ഇടം കണ്ടെത്തിയപ്പോൾ
ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ കർഷകർ തങ്ങളുടെ സ്വന്തം കൃഷിഭൂമിയുടെ ഒരു ഭാഗം ജലസംരക്ഷണത്തിനായി മാറ്റിവെച്ചു. 'ആവാ പാനി ഝോക്കി' പ്രസ്ഥാനത്തിന് കീഴിൽ കർഷകർ തങ്ങളുടെ കൃഷിഭൂമിയുടെ 5 ശതമാനം റീചാർജ് കുളങ്ങൾക്കും തട്ടുതട്ടുകളായ കുഴികൾക്കും നൽകി. സുസ്ഥിര ജല പരിപാലനത്തിന് വൻതോതിലുള്ള കുടിയൊഴിപ്പിക്കലോ വലിയ മൂലധന നിക്ഷേപമോ ആവശ്യമില്ലെന്ന് ഈ മാതൃക കാണിക്കുന്നു. ഇതിന് കൂട്ടായ ഇച്ഛാശക്തിയാണ് ആവശ്യം.
1,260-ലധികം കർഷകർ ഈ മാതൃക സ്വീകരിച്ചു. കൂടാതെ ജില്ലയിലുടനീളം 2,000-ത്തിലധികം മഴക്കുഴികൾ നിർമ്മിക്കുകയും ചെയ്തു. പല ഗ്രാമങ്ങളിലും ഭൂഗർഭജലനിരപ്പ് 3 മുതൽ 4 മീറ്റർ വരെ ഉയർന്നു. 17 വിദൂര ഗോത്രവർഗ്ഗ ഗ്രാമങ്ങളിൽ നീരുറവകൾ പുനരുജ്ജീവിപ്പിക്കപ്പെട്ടു. മൈക്രോ വാട്ടർഷെഡ് മാപ്പിംഗ്, ഹൈഡ്രോജിയോളജിക്കൽ വിലയിരുത്തലുകൾ, സാങ്കേതിക മാർഗ്ഗനിർദ്ദേശം എന്നിവയിലൂടെ ഗവൺമെന്റ് ഈ ശ്രമങ്ങളെ പിന്തുണച്ചു. കർഷകരുടെ ഉടമസ്ഥത തന്നെയായിരുന്നു ഈ ഉദ്യമത്തിന്റെ കേന്ദ്രബിന്ദു.

കോറിയ ജില്ല, ഛത്തീസ്ഗഢ്
ആന്ധ്രാപ്രദേശ്: ജലത്തിന്റെ ഉത്തരവാദിത്തം ഗ്രാമങ്ങൾ ഏറ്റെടുക്കുന്നു
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ മുരുഗുമ്മി, മരെല്ല, തങ്കെല്ല തുടങ്ങിയ ഗ്രാമങ്ങൾ ഒരുകാലത്ത് പ്രവചനാതീതമായ മഴ, താഴ്ന്ന ഭൂഗർഭജലനിരപ്പ്, കുഴൽക്കിണറുകളുടെ പരാജയം എന്നിവ നേരിട്ടിരുന്നു. ഈ വെല്ലുവിളികൾ കൃഷിയെയും ഉപജീവനമാർഗ്ഗങ്ങളെയും പ്രതികൂലമായി ബാധിച്ചു.
ജൽ സഞ്ചയ് ജൻ ഭാഗീദാരി (JSJB) പദ്ധതിക്ക് കീഴിൽ പ്രാദേശിക തലത്തിലാണ് നടപടികൾ ആരംഭിച്ചത്. ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ഗ്രാമസഭകൾ, വീടുവീടാന്തരമുള്ള പ്രചാരണങ്ങൾ, കലാജാഥകൾ (പരമ്പരാഗത നാടോടി നാടകാവതരണങ്ങൾ), ശില്പശാലകൾ എന്നിവ സംഘടിപ്പിച്ചു. ഈ ശ്രമങ്ങൾ വാട്ടർ ബജറ്റിംഗ്, വിള ആസൂത്രണം, ഭൂഗർഭജലം പങ്കുവെക്കൽ തുടങ്ങിയ നടപടികൾ ആസൂത്രണം ചെയ്യുന്നതിനായി കർഷകർ, സ്ത്രീകൾ, യുവാക്കൾ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു.
പ്രകാശം ജില്ല, ആന്ധ്രാപ്രദേശ്
റിഡ്ജ്-ടു-വാലി സമീപനം സ്വീകരിച്ചുകൊണ്ട് മഴവെള്ളം ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും ഭൂഗർഭജല റീചാർജിനുമുള്ള നടപടികൾ ഗ്രാമങ്ങൾ നടപ്പിലാക്കി. ഉയർന്ന കുന്നിൻ പ്രദേശങ്ങളിൽ നിന്ന് താഴ്‌വരയിലേക്ക് ഒഴുകുന്ന മഴവെള്ളത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതാണ് റിഡ്ജ്-ടു-വാലി സമീപനം. ഇത് മണ്ണൊലിപ്പ് തടയുകയും ജലസംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
മുരുഗുമ്മിയിൽ 71 ജലസംരക്ഷണ നിർമ്മിതികൾ ചേർന്ന് ഏകദേശം 8.11 ലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷി നൽകി. ഇവ 264.5 ഹെക്ടർ കൃഷിഭൂമിയിലെ സംരക്ഷിത ജലസേചനത്തിന് പിന്തുണ നൽകുന്നു.
മരെല്ലയിൽ 53 നിർമ്മിതികളിലായി ഏകദേശം 10.04 ലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷി ഉണ്ടായിരുന്നു. കൂടാതെ പൊതു കുളങ്ങളുടെയും തടാകങ്ങളുടെയും നവീകരണം ഏകദേശം 5.95 ലക്ഷം ക്യുബിക് മീറ്റർ അധിക സംഭരണശേഷി നൽകാനും സഹായിച്ചു.
തങ്കെല്ലയിൽ 71 നിർമ്മിതികളിലായി ഏകദേശം 5.89 ലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷി ഉണ്ടായിരുന്നു. പാരമ്പര്യ ജലാശയങ്ങളുടെ പുനരുദ്ധാരണം സംഭരണശേഷി വീണ്ടും ഏകദേശം 3.98 ലക്ഷം ക്യുബിക് മീറ്റർ വർധിപ്പിച്ചു.
ഒറ്റക്കെട്ടായുള്ള ഈ ശ്രമങ്ങൾ ഏകദേശം 5,900 ആളുകൾക്ക് ഭൂഗർഭജല ലഭ്യത മെച്ചപ്പെടുത്തുകയും കാർഷിക-ക്ഷീര ഉപജീവനമാർഗ്ഗങ്ങളെ ശക്തിപ്പെടുത്തുകയും മണ്ണിലെ ഈർപ്പം നിലനിർത്തുകയും ഉപജീവനത്തിനായുള്ള നിർബന്ധിത കുടിയേറ്റം കുറയ്ക്കാൻ സഹായിക്കുകയും ചെയ്തു.

പ്രകാശം ജില്ല, ആന്ധ്രാപ്രദേശ്
ഒഡിഷ: മേൽക്കൂരകളിലും കുളങ്ങളിലും നിന്ന് ഭൂഗർഭ ജലസ്രോതസ്സുകളിലേക്ക്
ഒഡിഷയിൽ ജൽ സഞ്ചയ് ജൻ ഭാഗീദാരി (JSJB) പദ്ധതി സ്കൂളുകൾ, കോളേജുകൾ, ഗവൺമെന്റ് ഓഫീസുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയെ ഒന്നിപ്പിക്കുന്നു. ഇവ മഴവെള്ളം വീഴുന്നയിടങ്ങളിൽ തന്നെ ശേഖരിക്കുകയും ഭൂഗർഭ ജലസ്രോതസ്സുകളിലേക്ക് അത് ഇറങ്ങുന്നത് സുഗമമാക്കുകയും ചെയ്യുന്നു. 'ഛാത' (CHHATA) പദ്ധതിയിലൂടെ മേൽക്കൂരകളിൽ നിന്നുള്ള മഴവെള്ളം ശേഖരിക്കുമ്പോൾ 'അറുവ' (ARUA) പദ്ധതി ജലാശയങ്ങളിൽ നിന്ന് ഭൂഗർഭ ജലസ്രോതസ്സുകളിലേക്ക് വെള്ളം ഇറങ്ങാൻ സഹായിക്കുന്നു. ഒറ്റക്കെട്ടായുള്ള ഈ ഇടപെടലുകൾ പൊതു അടിസ്ഥാന സൗകര്യങ്ങൾ, പ്രാദേശിക ജലാശയങ്ങൾ, ജനപങ്കാളിത്തം എന്നിവയെ ബന്ധിപ്പിച്ച് ഭൂഗർഭജല സംരക്ഷണവും ജലസുരക്ഷയും ശക്തിപ്പെടുത്തുന്നു.
ജാജ്‍പൂർ ജില്ലയിൽ 2022–23-നും 2025–26-നും ഇടയിൽ 'അറുവ' പദ്ധതിക്ക് കീഴിൽ 117 റീചാർജ് ഷാഫ്റ്റുകളും 'ഛാത' പദ്ധതിക്ക് കീഴിൽ 114 പുരപ്പുറ മഴവെള്ളക്കൊയ്ത്ത് സംവിധാനങ്ങളും നിർമ്മിച്ചു. ഗവൺമെന്റ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ ക്യാമ്പസുകളിലുമുള്ള ഈ വികസനങ്ങൾ കോറെയ്, ബിൻഝാർപൂർ, ബാരി, റസൂൽപൂർ, ദശരഥ്പൂർ, ജാജ്‍പൂർ എന്നിവയുൾപ്പെടെയുള്ള മുൻഗണനാ ബ്ലോക്കുകളെ ഉൾക്കൊള്ളുന്നു. ഈ ശ്രമം സുസ്ഥിര ജലവിതരണത്തിനും ഉയർന്ന കാർഷിക പ്രതിരോധശേഷിക്കും കുടുംബങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ, വെള്ളം ശേഖരിക്കാൻ ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നതിനും സംഭാവന നൽകി.
ഈ സമീപനം ജാജ്‍പൂരിനും അപ്പുറത്തേക്ക് വ്യാപിക്കുന്നു.
കട്ടക്ക് ജില്ലയിൽ ഗവൺമെന്റ് ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവയിലുടനീളം 'ഛാത' പദ്ധതിക്ക് കീഴിൽ 57 പുരപ്പുറ മഴവെള്ളക്കൊയ്ത്ത് സംവിധാനങ്ങൾ സ്ഥാപിച്ചു. ആഴത്തിലുള്ള ഭൂഗർഭ ജലസ്രോതസ്സുകളിലേക്ക് വെള്ളം എത്തിക്കുന്നതിനായി 'അറുവ' പദ്ധതിക്ക് കീഴിൽ കുളങ്ങളിലും ജലാശയങ്ങളിലുമായി 35 റീചാർജ് ഷാഫ്റ്റുകൾ നിർമ്മിച്ചു. സ്വയം സഹായ സംഘങ്ങൾ, വിദ്യാർത്ഥികൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി തെരുവ് നാടകങ്ങൾ, സെമിനാറുകൾ, ശില്പശാലകൾ എന്നിവയിലൂടെ ഈ ശ്രമങ്ങൾക്ക് പിന്തുണ നൽകി.
അതുപോലെ, ഗഞ്ചാം ജില്ലയിലെ ദിഗപഹാണ്ടിയിൽ 2020-നും 2022-നും ഇടയിൽ ഭൂഗർഭജലനിരപ്പ് 1 മുതൽ 3 മീറ്റർ വരെ താഴ്ന്നിരുന്നു. ഗവൺമെന്റ് ഓഫീസുകളിലെയും സ്കൂളുകളിലെയും റൂഫ്‌ടോപ്പ് മഴവെള്ളക്കൊയ്ത്ത് സംവിധാനങ്ങൾ മഴവെള്ളത്തെ റീചാർജ് ബോർവെല്ലുകളിലേക്ക് തിരിച്ചുവിടുന്നു. ഇത്തരം ഇടപെടലുകൾ നടന്ന സ്ഥലങ്ങൾക്ക് ചുറ്റും മൺസൂണിന് ശേഷം ഭൂഗർഭജലനിരപ്പിൽ മികച്ച വീണ്ടെടുക്കൽ ഉണ്ടായതായി വിലയിരുത്തലുകൾ വ്യക്തമാക്കുന്നു.

ദിഗപഹാണ്ടി, ഗഞ്ചാം ജില്ല, ഒഡിഷ
ജലസുരക്ഷയ്ക്കായി വളർന്നുവരുന്ന പ്രസ്ഥാനം
ജലസംരക്ഷണത്തിനായി നിർമ്മിതികൾ ഉണ്ടാക്കുക എന്നത് മാത്രമല്ല ഗവൺമെന്റ് സമീപനം. ജലത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്തമുള്ള ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നത് കൂടിയാണ്. ജൽ സഞ്ചയ് ജൻ ഭാഗീദാരി (JSJB) പദ്ധതി ജനപങ്കാളിത്തത്തെ ജല പരിപാലനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ഇത് ഗ്രാമപഞ്ചായത്തുകൾ, മറ്റ് സ്ഥാപനങ്ങൾ, വിവിധ പങ്കാളികൾ, പ്രദേശവാസികൾ എന്നിവരെ പ്രാദേശികമായി അനുയോജ്യമായ പരിഹാരമാർഗ്ഗങ്ങൾക്കായി ഒന്നിപ്പിക്കുന്നു. പരമ്പരാഗത അറിവുകളെ ശാസ്ത്രീയ ആസൂത്രണവുമായും പ്രാദേശിക പങ്കാളിത്തത്തെ ഔദ്യോഗിക പിന്തുണയുമായും വ്യക്തിഗത ശ്രമങ്ങളെ കൂട്ടായ നേട്ടങ്ങളുമായും ബന്ധിപ്പിക്കുന്നു എന്നതിലാണ് ഇതിന്റെ പ്രാധാന്യം. സംരക്ഷിക്കപ്പെടുന്ന ഓരോ തുള്ളി വെള്ളവും പ്രതിരോധശേഷിയുള്ള സമൂഹങ്ങളെ വാർത്തെടുക്കുന്നതിനും ഇന്ത്യയുടെ ദീർഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനുമുള്ള ബൃഹദ് ശ്രമങ്ങളുടെ ഭാഗമായി മാറുന്നു.
അവലംബം
Prime Minister’s Office
https://www.pib.gov.in/PressReleasePage.aspx?PRID=2052494®=3&lang=2#:~:text=To%20further%20the%20Prime%20Minister's,whole%2Dof%2Dgovernment%20approach®=3&lang=2
https://www.pib.gov.in/PressReleaseDetail.aspx?PRID=2306122®=48&lang=1
Ministry of Jal Shakti
https://www.pib.gov.in/PressReleasePage.aspx?PRID=2271660&lang=1®=48
https://www.pib.gov.in/PressReleasePage.aspx?PRID=2250425®=48&lang=2
https://jsjb.mowr.gov.in/
https://www.pib.gov.in/PressReleasePage.aspx?PRID=2235468®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2292604®=48&lang=1
PIB Backgrounder
https://www.pib.gov.in/PressReleasePage.aspx?PRID=2286237®=22&lang=1
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=152136®=3&lang=2
Click to see pdf
***
SK
(Features ID: 159876)
आगंतुक पटल : 21
Provide suggestions / comments