Infrastructure
അവബോധത്തിൽ നിന്ന് ഉടമസ്ഥാവകാശത്തിലേക്ക്
Posted On:
01 SEP 2026 5:09PM
നദീസംരക്ഷണത്തിനായി ഒരു ജനകീയ മുന്നേറ്റം കെട്ടിപ്പടുക്കുന്നു
ഇന്ത്യയുടെ സംസ്‌കാരം, നാഗരികത, ദൈനംദിന ജീവിതം എന്നിവയുമായി ഗംഗ വേർപ്പെടുത്താനാവാത്തവിധം നൂറ്റാണ്ടുകളായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. തലമുറകളിലുടനീളം അത് സമൂഹങ്ങളെ പരിപോഷിപ്പിക്കുകയും ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയും പാരമ്പര്യങ്ങൾക്ക് പ്രചോദനമാകുകയും ചെയ്തു. എന്നാൽ കാലക്രമേണ, വികസിക്കുന്ന നഗരങ്ങളും മലിനീകരണവും ആസൂത്രിതമല്ലാത്ത നഗരവൽക്കരണവും ഗംഗാ നദിയ്ക്ക് കൂടുതൽ സമ്മർദ്ദം ചെലുത്തി. ഇത് നദിയുടെ പാരിസ്ഥിതിക ആരോഗ്യവും നദിയുമായുള്ള ജനങ്ങളുടെ ബന്ധവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടി. അതിനാൽ ഗംഗയുടെ പുനരുജ്ജീവനം എന്നത് അതിലെ വെള്ളം ശുദ്ധീകരിക്കുന്നതിനും അപ്പുറമുള്ള ഒന്നാണ്. ഈ വിപുലമായ കാഴ്ചപ്പാടാണ് 2014-ൽ ആരംഭിച്ച നമാമി ഗംഗെ പദ്ധതിക്ക് (NGP) രൂപം നൽകിയത്.
ഗംഗയെയും അതിന്റെ പോഷകനദികളെയും സംരക്ഷിക്കുന്നതിനുള്ള ഒരു സംയോജിത ദൗത്യമാണ് ഈ പദ്ധതി. മലിനീകരണം തടയൽ, സംരക്ഷണം, നദീപുനരുജ്ജീവനം എന്നിവയെ ഇത് ഒരുമിച്ച് കൊണ്ടുവരുന്നു. NGP-യുടെ പ്രവർത്തനങ്ങൾ മലിനജല സംസ്‌കരണം, നദീതീര വികസനം, വനവൽക്കരണം തുടങ്ങിയവയിലേക്ക് വ്യാപിച്ചുകിടക്കുന്നു. ശാസ്ത്രീയ നിരീക്ഷണവും പൊതുജന അവബോധവും ഈ സംയോജിത ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. എന്നിരുന്നാലും ശാശ്വത മാറ്റം എന്നത് ഏതൊരു പദ്ധതിക്കും ഒഴിച്ചുകൂടാനാവാത്ത ഒരു പങ്കാളിയെ ആശ്രയിച്ചിരിക്കുന്നു. ആ പങ്കാളി സമൂഹം തന്നെയാണ്. ഈ വിശ്വാസമാണ് നമാമി ഗംഗെയുടെ പൊതുജന പങ്കാളിത്ത സ്തംഭമായ ജൻ ഗംഗയ്ക്ക് ജന്മം നൽകിയത്. ജന പങ്കാളിത്തം (Jan Bhagidari) എന്ന കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇത് നദീസംരക്ഷണത്തിന്റെ കേന്ദ്രസ്ഥാനത്ത് ജനങ്ങളെ പ്രതിഷ്ഠിക്കുന്നു. ഇവിടെയാണ് നമാമി ഗംഗെ ജനങ്ങളുടെ കഥയായി മാറുന്നത്. അവബോധത്തിൽ നിന്ന് പങ്കാളിത്തത്തിലേക്കും ഒടുവിൽ ഉടമസ്ഥാവകാശത്തിലേക്കും നീങ്ങുന്ന കഥ.
നദിയാൽ ഒന്നിച്ചവർ: പങ്കാളിത്തത്തിന്റെ കഥകൾ ആഘോഷിക്കുന്നു
പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് അപ്പുറത്തേക്ക് ജനങ്ങളെ ഒന്നിച്ചുകൊണ്ടുവരാൻ ഒരു നദിക്ക് സാധിക്കും. അതിന്റെ തീരങ്ങൾ സമൂഹങ്ങൾക്ക് പരസ്പരം കണ്ടുമുട്ടാനും പങ്കാളികളാകാനും പരസ്പര ബന്ധം ആഘോഷിക്കാനുമുള്ള ഇടങ്ങളായി മാറുന്നു. ശുചീകരണ ഡ്രൈവുകൾ, മരത്തൈ നടൽ പ്രചാരണങ്ങൾ, ബോധവൽക്കരണ സംരംഭങ്ങൾ എന്നിവയിലൂടെ ജന ഗംഗാ ഇത്തരം അവസരങ്ങൾ സൃഷ്ടിക്കുന്നു. ഈ പ്രവർത്തനങ്ങൾ സംരക്ഷണത്തെ ഒരു ഒറ്റപ്പെട്ട ഉത്തരവാദിത്തമെന്നതിനേക്കാൾ ഒരു കൂട്ടായ അനുഭവമാക്കി മാറ്റുന്നു.
NGP-യ്ക്ക് കീഴിലുള്ള ഈ പങ്കാളിത്തത്തിന്റെ ഏറ്റവും വ്യക്തമായ പ്രകടനങ്ങളിലൊന്ന് നദീശുചിത്വമാണ്. ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി 'ഗംഗാ സ്വച്ഛത പഖ്‍വാഡ' മാറിയിരിക്കുന്നു. എല്ലാ വർഷവും മാർച്ച് 16 മുതൽ 31 വരെ ആചരിക്കുന്ന ഇത്, അഞ്ച് പ്രധാന ഗംഗാ നദീതട സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണ്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയെയും ഗംഗയുടെ പോഷകനദികളുടെ തീരത്തുള്ള നഗരങ്ങളെയും ഇത് ഉൾക്കൊള്ളുന്നു. നദീസംരക്ഷണത്തിൽ പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും മറ്റ് പങ്കാളികളും ഏകോപിപ്പിച്ച ശ്രമങ്ങളിൽ പങ്കാളികളാകുന്നു.
ഡൽഹിയിലെ യമുനാനദിയുടെ തീരത്ത് കൃത്യമായി നടക്കുന്ന പ്രതിവാര ശുചീകരണ ഡ്രൈവുകളിലൂടെ ഈ ഗതിവേഗം നിലനിർത്തുന്നു. ഈ ഡ്രൈവുകൾ നദീതീരങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളും ശുചിയാക്കുന്നതിന് നേരിട്ട് സംഭാവന നൽകുന്നു. ഇത്തരം ശ്രമങ്ങളെല്ലാം നദീസംരക്ഷണത്തെ നിർദ്ദിഷ്ട സന്ദർഭങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രവർത്തനമെന്നതിനേക്കാൾ ഒരു പതിവ് പൗരധർമ്മമാക്കി മാറ്റാൻ സഹായിക്കുന്നു.

സമൂഹങ്ങൾ കൂടുതൽ ശുചിത്വമുള്ള നദീതീരങ്ങൾക്കായി ഊന്നൽ നൽകുമ്പോൾ അവരുടെ ശ്രദ്ധ നദീതീരങ്ങളിലേക്കും നീളുന്നു. തൽഫലമായി നമാമി ഗംഗെയ്ക്ക് കീഴിലുള്ള പൊതുജന പങ്കാളിത്തത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മരത്തൈകൾ നടുന്നത് മാറിയിരിക്കുന്നു. ആരോഗ്യകരമായ സസ്യജാലങ്ങൾ നദീതീരങ്ങളെ സുസ്ഥിരമാക്കാനും മണ്ണൊലിപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഈ പാരിസ്ഥിതിക നേട്ടങ്ങൾ നദികളുടെയും അവയുടെ ചുറ്റുമുള്ള വാസസ്ഥലങ്ങളുടെയും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു.
ഇതിന് പൂരകമായി 'ഏക് പേഡ് മാ കേ നാം' (അമ്മയുടെ പേരിൽ ഒരു മരം) പ്രചാരണം മരത്തൈ നടീൽ പ്രവർത്തനങ്ങളിലെ പങ്കാളിത്തത്തെ കൂടുതൽ ആഴമുള്ളതാക്കി. അമ്മമാർക്കുള്ള ഹൃദയംഗമമായ പ്രണാമമായി മരങ്ങൾ നടാൻ ഈ ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നു. അത് വ്യക്തിപരമായ വികാരങ്ങളെ പരിസ്ഥിതിസംരക്ഷണത്തോടുള്ള പങ്കിട്ട ഉത്തരവാദിത്തവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഈ കരുത്തുറ്റ ബന്ധം വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും പുതുക്കിയ ലക്ഷ്യത്തോടെ പങ്കാളികളാകാൻ പ്രേരിപ്പിച്ചു. ലോക പരിസ്ഥിതി ദിനം പൗരന്മാരെ ഒന്നിച്ചുകൊണ്ടുവരുന്ന രീതിയിലും ഈ മനോഭാവം പ്രതിഫലിക്കുന്നു. മരത്തൈ നടീൽ ഡ്രൈവുകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി സംരംഭങ്ങൾ എന്നിവയിലൂടെ ഈ സന്ദർഭം പരിസ്ഥിതിസംരക്ഷണത്തിലെ പൊതുജന പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഒരു പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ അടുത്ത തലമുറയിലേക്ക് എത്തുമ്പോൾ അത് കൂടുതൽ ശക്തമാകുന്നു. ഇത് യുവാക്കളുടെ പങ്കാളിത്തത്തെ ജൻ ഗംഗയുടെ ഒരു പ്രധാന ഭാഗമാക്കുന്നു. സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും ഇപ്പോൾ പാരിസ്ഥിതിക പഠനത്തിനും സർഗ്ഗാത്മക ആവിഷ്കാരത്തിനുമായി വിവിധ മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഉപന്യാസങ്ങൾ, ചിത്രരചനകൾ, പോസ്റ്ററുകൾ, സംവാദങ്ങൾ, സംവേദനാത്മക ബോധവൽക്കരണ പരിപാടികൾ എന്നിവയിലൂടെ വിദ്യാർത്ഥികൾ നദിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പര്യവേക്ഷണം ചെയ്യുന്നു.

പരീക്ഷണാത്മകവും പ്രായോഗികവുമായ പ്രവർത്തനങ്ങൾ ക്ലാസ് മുറിയിലെ അറിവുകളെ യഥാർത്ഥ ലോകത്തിലെ പാരിസ്ഥിതിക വെല്ലുവിളികളുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ നൽകുന്നു. പ്രഭാഷണങ്ങൾ, ഫീൽഡ് സന്ദർശനങ്ങൾ, സന്നദ്ധസേവനം, ബോധവൽക്കരണ സംരംഭങ്ങൾ എന്നിവയിലൂടെ യൂണിവേഴ്സിറ്റി ഗംഗാ ക്ലബ്ബുകൾ ഈ പങ്കാളിത്തം കൂടുതൽ വ്യാപിപ്പിക്കുന്നു. ഇക്കോ ക്ലബ്ബുകൾ, NCC യൂണിറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ നിരന്തര പങ്കാളിത്തത്തിന് കൂടുതൽ വേദികൾ ഒരുക്കുന്നു. ഈ ശ്രമങ്ങളെല്ലാം പാഠപുസ്തകങ്ങൾക്കും ക്ലാസ് മുറികൾക്കും അപ്പുറത്തേക്ക് നദികളെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ വിവരമുള്ള യുവപൗരന്മാരെ വളർത്തിയെടുക്കുന്നു.

നമാമി ഗംഗെ പദ്ധതി നദീസംരക്ഷണത്തെ നിരവധി വാർഷികാഘോഷങ്ങളുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഈ സന്ദർഭങ്ങൾ വർഷം മുഴുവനും ആളുകളെ നദികളുമായി ബന്ധപ്പെടുത്തി നിർത്തുന്നു. അവയിൽ കമ്മ്യൂണിറ്റി പങ്കാളിത്തത്തിനായുള്ള ഒരു പ്രധാന വേദിയായി 'ഗംഗാ ഉത്സവ്' വേറിട്ടുനിൽക്കുന്നു. ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി അംഗീകരിച്ചതിന്റെ ഓർമ്മപുതുക്കലാണ് ഇത്. ഇത് കലാപ്രകടനങ്ങൾ, പ്രദർശനങ്ങൾ, കലാമത്സരങ്ങൾ, പൊതു സംവാദങ്ങൾ എന്നിവയെ ഒന്നിച്ചുകൊണ്ടുവരികയും പങ്കാളിത്തത്തിനും കൂട്ടായ ആവിഷ്കാരത്തിനുമുള്ള ഇടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്വച്ഛതാ ഹി സേവ, അന്താരാഷ്ട്ര യോഗാ ദിനം എന്നിവയുൾപ്പെടെയുള്ള മറ്റ് ആചരണങ്ങൾ പൊതുജന പങ്കാളിത്തത്തിനുള്ള അവസരങ്ങളെ കൂടുതൽ വിപുലമാക്കുന്നു. അവ മനുഷ്യരും നദികളും തമ്മിലുള്ള ശാശ്വതമായ സാംസ്കാരിക ബന്ധത്തെ ശക്തിപ്പെടുത്തുന്നു.

അവബോധം കൊണ്ട് മാത്രം ഉണ്ടാകുന്നതിനേക്കാൾ ആഴത്തിലുള്ള ഒരു ബന്ധം നദികളുമായി ഉണ്ടാകുന്നത് നേരിട്ടുള്ള അനുഭവങ്ങളിലൂടെയാണ്. നദീസംരക്ഷണത്തിന്റെ മനോഭാവം പൊതുജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി നമാമി ഗംഗെ പദ്ധതി നൂതനമായ സംരംഭങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഗംഗയിലൂടെയുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (BSF) സമ്പൂർണ വനിതാ റിവർ റാഫ്റ്റിംഗ് എക്സ്പെഡിഷൻ ശ്രദ്ധേയമായ ഒരു ഉദാഹരണമായിരുന്നു. ഈ യാത്ര നദിയുടെ ഉപരിഭാഗം മുതൽ കടൽ വരെയുള്ള ഭാഗങ്ങളെ ഉൾക്കൊള്ളുകയും ധൈര്യം, സഹകരണം, പാരിസ്ഥിതിക പ്രതിജ്ഞാബദ്ധത എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് ഗംഗയെ ഒരു പ്രകൃതിവിഭവം എന്നതിലുപരിയായി അവതരിപ്പിച്ചു. വിദ്യാർത്ഥികൾ, പ്രദേശവാസികൾ, യുവ സന്നദ്ധപ്രവർത്തകർ എന്നിവരുമായുള്ള ആശയവിനിമയങ്ങൾ സംഭാഷണങ്ങൾക്കുള്ള ഇടങ്ങൾ സൃഷ്ടിച്ചു.

ഗംഗാ നദീതടത്തിലുടനീളം ഗംഗാ പ്രഹാരികൾ താഴേത്തട്ടിലുള്ള സംരക്ഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന പ്രതിജ്ഞാബദ്ധരായ കമ്മ്യൂണിറ്റി വോളണ്ടിയർമാരായി മാറിയിരിക്കുന്നു. പരിസ്ഥിതി ബോധവൽക്കരണം പ്രചരിപ്പിക്കുന്നതിനും ഉത്തരവാദിത്തമുള്ള ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമായി അവർ പ്രദേശവാസികളുമായി ചേർന്ന് പ്രവർത്തിക്കുന്നു. സ്കൂളുകളിലും സ്ഥാപനങ്ങളിലും അയൽപക്കങ്ങളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ വിപുലീകരിച്ചുകൊണ്ട് ഗംഗാ സേവാ ദൂതുകൾ ഈ ശ്രമങ്ങൾക്ക് പൂരകമായി പ്രവർത്തിക്കുന്നു. ബോധവൽക്കരണ പ്രചാരണങ്ങളിലൂടെയും പ്രാദേശിക സംരംഭങ്ങളിലൂടെയും നദീസംരക്ഷണത്തെ ദൈനംദിന സാമൂഹിക ജീവിതത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ അവർ സഹായിക്കുന്നു. ജലജീവികളെ സംരക്ഷിക്കൽ, വാസസ്ഥലങ്ങൾ പുനഃസ്ഥാപിക്കൽ, പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിർത്തൽ എന്നിവ നദിയുമായുള്ള ജനങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഒന്നിച്ച് നോക്കുമ്പോൾ ഈ വോളണ്ടിയർ ശൃംഖലകൾ പൗരന്മാരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ജന പങ്കാളിത്തം എന്ന മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ബോധവാന്മാരായ സമൂഹങ്ങൾക്ക് എങ്ങനെ നദികളുടെയും അവയുടെ ചുറ്റുമുള്ള ആവാസവ്യവസ്ഥകളുടെയും ദീർഘകാല സംരക്ഷകരാകാൻ കഴിയുമെന്ന് ഇവരുടെ ശ്രമങ്ങൾ തെളിയിക്കുന്നു.

നദീസംരക്ഷണത്തിന്റെ സംസ്‌കാരം സൃഷ്ടിക്കുന്നു
നദീപുനരുജ്ജീവനത്തിന്റെ ദീർഘകാല പാരമ്പര്യം ആരോഗ്യകരമായ ഒരു നദി മാത്രമല്ല, അതിനുമപ്പുറം നദിയുമായുള്ള ശക്തമായ ബന്ധം കൂടിയാണ്. ഇൻഫ്രാസ്ട്രക്ചറുകൾക്ക് നദിയുടെ ആരോഗ്യം പുനഃസ്ഥാപിക്കാനും ശാസ്ത്രീയ ഇടപെടലുകൾക്ക് ആവാസവ്യവസ്ഥ ശക്തിപ്പെടുത്താനും സാങ്കേതികവിദ്യയ്ക്ക് മേൽനോട്ടവും മാനേജ്‌മെന്റും മെച്ചപ്പെടുത്താനും കഴിയും. എന്നിരുന്നാലും നദികളുടെ ദീർഘകാല ഭാവിയെന്നത് എഞ്ചിനീയറിംഗിലൂടെ മാത്രം സൃഷ്ടിക്കാൻ കഴിയാത്തയൊന്നിനെയാണ് ആശ്രയിച്ചിരിക്കുന്നത്. ജൻ ഗംഗയിലൂടെ ഓരോ ഉദ്യമവും ഒരു വലിയ മാറ്റത്തിന് സംഭാവന നൽകുന്നുവെന്ന് നമാമി ഗംഗെ പദ്ധതി തെളിയിച്ചിട്ടുണ്ട്. ഇത് ഒരു പാരിസ്ഥിതിക ദൗത്യത്തേക്കാൾ വളരെ വലുതാണ്. ജനപങ്കാളിത്തം എന്ന കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കൂട്ടായ പ്രവർത്തനങ്ങൾക്ക് എങ്ങനെ സുസ്ഥിര വികസനത്തിന്റെ അടിത്തറയാകാൻ കഴിയുമെന്ന് ഇത് കാണിച്ചുതരുന്നു.
അവലംബം
Ministry of Jal Shakti
https://www.jalshakti-dowr.gov.in/offerings/schemes-and-services/details/namami-gange-AO5ATNtQWa
https://www.pib.gov.in/PressReleasePage.aspx?PRID=2109118®=48&lang=2
Ministry of Culture
https://amritkaal.nic.in/event-campaign-detail?98
Click here to see PDF
***
SK
(Features ID: 159816)
आगंतुक पटल : 3
Provide suggestions / comments