• Sitemap
  • Advance Search
Social Welfare

ഓരോ ഇന്ത്യനും കുറഞ്ഞ നിരക്കിൽ പോഷകാഹാരം: ജൻ ഔഷധി ന്യൂട്രാസ്യൂട്ടിക്കലുകൾ

Posted On: 30 JUL 2026 11:00AM

ജനങ്ങൾക്കിടയിലെ ആരോഗ്യബോധം വർധിച്ചുവരുന്ന ഇന്ത്യയിൽ സമഗ്ര ക്ഷേമത്തിനുള്ള അനിവാര്യ ഘടകമായി ന്യൂട്രാസ്യൂട്ടിക്കലുകൾ അംഗീകാരം നേടുന്നു. സ്‌കൂളിൽ പോകുന്ന കുട്ടികളാകട്ടെ, മുതിർന്ന പൗരന്മാരാകട്ടെ വിറ്റാമിനുകൾ, ധാതുക്കൾ, സസ്യ ഉൽപ്പന്നങ്ങൾ, പ്രോബയോട്ടിക്കുകൾ തുടങ്ങിയവ അടങ്ങിയ ഡയറ്ററി സപ്ലിമെന്റുകൾക്കും ഹെർബൽ ഉൽപ്പന്നങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എങ്കിലും പോഷക സപ്ലിമെന്റുകൾ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് അവ കുറഞ്ഞ നിരക്കിൽ ലഭ്യമാവുകവെന്നത് ഒരു വെല്ലുവിളിയായി തുടരുന്നു. പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന(PMBJP)യുടെ ന്യൂട്രാസ്യൂട്ടിക്കൽ ശേഖരത്തിലൂടെ ഈ പോരായ്മ പരിഹരിക്കുന്നു. ന്യൂട്രീഷൻ ബാറുകൾ മുതൽ രോഗനിർണ്ണയാനുസൃതമായ കൂട്ടുകൾ വരെയുള്ള ജൻ ഔഷധി ന്യൂട്രാസ്യൂട്ടിക്കൽ ശേഖരം ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് പോഷക സപ്ലിമെന്റുകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നു.

പോഷകാഹാരം വിവിധ ആവശ്യങ്ങൾക്ക് വേണ്ടി

യുവാക്കൾ, മുതിർന്നവർ, സ്ത്രീകൾ, വിവിധ ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരുടെ വ്യത്യസ്തമായ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് ജൻ ഔഷധി ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രോട്ടീൻ സപ്ലിമെന്റുകൾ, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ, പോഷകാഹാരങ്ങൾ, പ്രത്യേക ഭക്ഷണക്രമം ആവശ്യമുള്ള വ്യക്തികൾക്കുള്ള പ്രത്യേക ഫോർമുലേഷനുകൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചുനിർമ്മിക്കുന്നതും ലഭ്യമാക്കുന്നതുമായ ഈ ഉൽപ്പന്നങ്ങൾ, കുടുംബ ബജറ്റിന് അമിതഭാരമാകാതെ ദൈനംദിന പോഷകാഹാര പിന്തുണ എല്ലാവർക്കും ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.

കർമ്മനിരതമായ ജീവിതശൈലിക്ക് അനുയോജ്യമായ പോഷകാഹാരം

പോഷക സമൃദ്ധമായ ജൻ ഔഷധി പ്രോട്ടീൻ ബാറും ജൻ ഔഷധി ഇമ്മ്യൂണിറ്റി ബാറും കുട്ടികൾക്കും ജോലി ചെയ്യുന്നവർക്കും ഫിറ്റ്നസ് പ്രേമികൾക്കും എളുപ്പത്തിൽ കൈയ്യിൽ കരുതാനും ഉപയോഗിക്കാനും കഴിയുന്ന പോഷകാഹാര സ്രോതസ്സാണ്. 35 ഗ്രാമിന്റെ പാക്കിൽ ചോക്ലേറ്റ് ഫ്ലേവറിൽ ലഭ്യമായ പ്രോട്ടീൻ ബാർ, യാത്ര വേളകളിലും മറ്റും പ്രതിദിന പ്രോട്ടീൻ ഉപഭോഗം എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങളാൽ സമ്പന്നവും സ്വാദിഷ്ടവുമായ ഇമ്മ്യൂണിറ്റി ബാർ ഊർജ്ജം നൽകുകയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പെട്ടെന്ന് എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ ജങ്ക് ഫുഡുകൾ ഒഴിവാക്കാൻ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് ഈ ന്യൂട്രീഷൻ ബാറുകൾ ലാഭകരമായ ഒരു ബദൽ മാർഗ്ഗം നൽകുന്നു.

വലിയ അളവിലുള്ള പ്രോട്ടീൻ ആവശ്യങ്ങൾക്കായി 100% വെ പ്രോട്ടീൻ പൗഡറും ജൻ ഔഷധി പ്രോട്ടീൻ പൗഡറും പ്രതിദിന പ്രോട്ടീൻ ലഭ്യതയ്ക്കും പേശികളുടെ വീണ്ടെടുപ്പിനും സഹായിക്കുന്നു, ഇത് ഫിറ്റ്നസ് പ്രേമികൾക്ക് ഏറെ അനുയോജ്യമാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പ് സാധ്യമാക്കിക്കൊണ്ട് പ്രോട്ടീൻ പൗഡർ വാനില, കേസർ പിസ്ത ഫ്ലേവറുകളിൽ ലഭ്യമാണ്.

സ്ത്രീകളുടെ പോഷകാഹാര ആവശ്യങ്ങൾക്കുള്ള പിന്തുണ

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്ത്രീകൾക്ക് വ്യത്യസ്തമായ പോഷകാഹാര ആവശ്യങ്ങളാണുള്ളത്. പ്രതിദിന പ്രോട്ടീൻ ലഭ്യത, ഊർജ്ജ നില, കരുത്തുറ്റ അസ്ഥികളും പേശികളും എന്നിവ ഉറപ്പാക്കുന്നതിനാണ് ജൻ ഔഷധി വുമൺ പ്രോട്ടീൻ ബൂസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ചോക്ലേറ്റ്, വാനില ഫ്ലേവറുകളിൽ ലഭ്യമായ 250 ഗ്രാം പാക്കിന് 204.66 രൂപയാണ് വില. കുറഞ്ഞ നിരക്കിൽ സവിശേഷ പോഷകാഹാരം ലഭ്യമാക്കുന്നതിലൂടെ കൂടുതൽ സ്ത്രീകൾക്ക് അവരുടെ ദൈനംദിന ജീവിതചര്യയിൽ പോഷക സപ്ലിമെന്റുകൾ ഉൾപ്പെടുത്തുന്നത് എളുപ്പമാക്കാൻ ഈ ഉൽപ്പന്നം ലക്ഷ്യമിടുന്നു.

പ്രത്യേക ആരോഗ്യ ആവശ്യങ്ങൾക്കായി തയ്യാറാക്കിയ പോഷകാഹാരം

പ്രമേഹം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ പ്രത്യേക ആരോഗ്യസ്ഥിതികൾ നേരിടുന്ന വ്യക്തികൾക്ക് ഭക്ഷണക്രമത്തിലെ ആവശ്യകതകൾ കൂടുതൽ സങ്കീർണ്ണമായിരിക്കും. ജൻ ഔഷധിയുടെ ഡയബറ്റിസ് കെയർ പ്രോട്ടീൻ പൗഡർ പ്രമേഹമുള്ള വ്യക്തികളുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. വൃക്കസംബന്ധമായ രോഗങ്ങളുള്ളവർക്കായി ലോ പ്രോട്ടീൻ, ഹൈ പ്രോട്ടീൻ എന്നീ രണ്ട് തരങ്ങളിൽ റെനൽ കെയർ പ്രോട്ടീൻ പൗഡർ ലഭ്യമാണ്. ഇത് വൈദ്യനിർദ്ദേശത്തിനും വ്യക്തിഗത ഭക്ഷണ ആവശ്യങ്ങൾക്കും അനുസരിച്ച് തിരഞ്ഞെടുക്കാൻ സാധിക്കും.

ജൻ ഔഷധി പോഷൺ: കുടുംബങ്ങൾക്കുള്ള ദൈനംദിന പോഷകാഹാരം

കുടുംബത്തിലെ എല്ലാവർക്കും കുറഞ്ഞ നിരക്കിലുള്ള ദൈനംദിന പോഷകാഹാര പിന്തുണയ്ക്കായി അനിവാര്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മാൾട്ട് അധിഷ്ഠിത പോഷകാഹാര ശ്രേണിയാണ് ജൻ ഔഷധി പോഷൺ വാഗ്ദാനം ചെയ്യുന്നത്.

റഗുലർ മാൾട്ട്, കൊക്കോ ഫ്ലേവറുകളിൽ ലഭ്യമായ ഈ ശ്രേണിയിൽ ഉൾപ്പെടുന്നവ:

· മാൾട്ട് ബേസ്ഡ് ഫുഡ്, 500 ഗ്രാം: ₹160.17

· മാൾട്ട് ബേസ്ഡ് ഫുഡ് വിത്ത് കൊക്കോ, 500 ഗ്രാം: ₹164.62

· മാൾട്ട് ബേസ്ഡ് ഫുഡ് വിത്ത് കൊക്കോ സാഷേ, 30 ഗ്രാം: ₹8.90

വ്യത്യസ്തമായ ഉപയോഗ ആവശ്യങ്ങൾക്കും ബജറ്റുകൾക്കും അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഈ വിവിധ പാക്കറ്റുകൾ നൽകുന്നു. തയ്യാറാക്കാൻ എളുപ്പമുള്ളതും ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായതുമായ പോഷൺ ശ്രേണി, കുടുംബങ്ങൾക്ക് ദിവസേനയുള്ള ഉപയോഗത്തിനായി എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു പോഷക സപ്ലിമെന്റ് നൽകുന്നു.

ഗുണനിലവാരമുള്ള പോഷകാഹാരം കൂടുതൽ ലഭ്യമാക്കുന്നു

ആരോഗ്യ സംരക്ഷണത്തിന്റെ വിശാലമായ കാഴ്ചപ്പാടിൽ പോഷകാഹാരത്തിനുള്ള വർധിച്ചുവരുന്ന പ്രാധാന്യത്തെയാണ് ഈ ഉൽപ്പന്നങ്ങൾ എടുത്തുകാണിക്കുന്നത്. പ്രത്യേക പോഷകാഹാര ഉൽപ്പന്നങ്ങൾ വിദഗ്ധരായ ഡോക്ടർമാരുടെയോ ഡയറ്റീഷ്യന്മാരുടെയോ നിർദ്ദേശാനുസരണം ഉപയോഗിക്കേണ്ടതാണെങ്കിലും ഇവ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത് കുടുംബങ്ങൾക്ക് അനുയോജ്യമായ പോഷകാഹാര പിന്തുണ ഉറപ്പാക്കാൻ സഹായിക്കും. സമഗ്ര ക്ഷേമത്തിന് ഗുണനിലവാരമുള്ള പോഷകാഹാരം ഉൾപ്പെടുന്ന ജീവിതശൈലീ തിരഞ്ഞെടുപ്പുകളുടെ പ്രാധാന്യം എത്ര പറഞ്ഞാലും അധികമാവില്ല. ഭക്ഷണത്തിന്റെയും പോഷക സപ്ലിമെന്റുകളുടെയും കാര്യത്തിൽ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ കുടുംബങ്ങൾ ഇന്ന് കൂടുതൽ താല്പര്യം കാണിക്കുന്നുണ്ട്. വിലകൂടിയ ബ്രാൻഡഡ് ന്യൂട്രീഷൻ സപ്ലിമെന്റുകൾക്ക് പകരം കുറഞ്ഞ നിരക്കിലുള്ള ബദലുകൾ ജൻ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖലയിലൂടെ ലഭ്യമാക്കുന്നതിലൂടെ ഗുണനിലവാരമുള്ള പോഷകാഹാര പിന്തുണ വരുമാന പരിധിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ലെന്ന് PMBJP ഉറപ്പാക്കുന്നു.

കുറഞ്ഞ നിരക്കിലുള്ള മരുന്നുകൾ തന്നെയാണ് PMBJP-യുടെ പ്രധാന ലക്ഷ്യം എന്നാൽ പോഷകാഹാരവും വലിയ ആരോഗ്യ യാത്രയുടെ അവിഭാജ്യ ഘടകമാണ്. എളുപ്പത്തിൽ കഴിക്കാവുന്ന പോഷകാഹാരം തിരയുന്ന ഒരു വിദ്യാർത്ഥിയാകട്ടെ, തിരക്കുപിടിച്ച ജീവിതശൈലി നയിക്കുന്ന ഒരു ഉദ്യോഗസ്ഥനാകട്ടെ, കുടുംബത്തിന്റെ പോഷകാഹാരം ഉറപ്പാക്കുന്ന ഒരു വീട്ടമ്മയാകട്ടെ, പ്രത്യേക ഭക്ഷണ ആവശ്യങ്ങളുള്ള ഒരു മുതിർന്ന പൗരനാകട്ടെ അല്ലെങ്കിൽ ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഒരു വ്യക്തിയാകട്ടെ അനുയോജ്യമായ പോഷകാഹാരം ലഭ്യമാകുന്നത് ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.

ഗുണനിലവാരം, കുറഞ്ഞ വില, എളുപ്പത്തിലുള്ള ലഭ്യത എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ജൻ ഔഷധി ന്യൂട്രാസ്യൂട്ടിക്കൽ ശ്രേണി ഇന്ത്യൻ കുടുംബങ്ങൾക്ക് പോഷകാഹാരം കൂടുതൽ പ്രാപ്യമായ ഒരു തിരഞ്ഞെടുപ്പാക്കി മാറ്റാൻ സഹായിക്കുന്നു. ഇത് "എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണവും പോഷകാഹാരവും" എന്ന കാഴ്ചപ്പാടിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

അവലംബം

 

Ministry of Chemicals & Fertilizers

See in PDF

***

SK

(Features ID: 159377) आगंतुक पटल : 9
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Kannada