• Sitemap
  • Advance Search
Social Welfare

'മഴവെള്ളം സംഭരിക്കാം'(catch the rain ): ജലസംരക്ഷണത്തിനായുള്ള നവീന ദേശീയ മുന്നേറ്റം

Posted On: 19 JUL 2026 8:52AM

2026 ജൂണ്‍ 28-ലെ 'മന്‍ കി ബാത്' പരിപാടിയുടെ 135-ാം പതിപ്പില്‍, ഓരോ തുള്ളി മഴവെള്ളവും സംരക്ഷിക്കാനും രാജ്യത്തുടനീളം ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആക്കം നിലനിര്‍ത്താനും പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു. ഈ ആഹ്വാനത്തോട് പ്രതികരിച്ചുകൊണ്ട്, മഴവെള്ള സംഭരണം, ഭൂഗര്‍ഭജല റീചാര്‍ജിംഗ്, പരമ്പരാഗത ജലാശയങ്ങളുടെ പുനരുദ്ധാരണം, വൃക്ഷത്തൈ നടീല്‍ പ്രവര്‍ത്തനങ്ങള്‍, പൊതുജന പങ്കാളിത്തം എന്നിവ ശക്തമാക്കുന്നതിനായി 2026 ജൂലൈ 4 മുതല്‍ ഓഗസ്റ്റ് 4 വരെ രാജ്യവ്യാപകമായി ഒരു പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിച്ചു.

 'മഴവെള്ളം സംഭരിക്കാം - ഈ ദൗത്യത്തിലൂടെ നാം ഒത്തുചേര്‍ന്ന് ഓരോ തുള്ളി മഴവെള്ളവും സംരക്ഷിക്കേണ്ടതുണ്ട്. ഓരോ തുള്ളിയും കൂട്ടായി സംരക്ഷിക്കാന്‍ ഞാന്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.' ~ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി.

 



 

നാം ചെയ്യേണ്ട ചുമതലകള്‍:
 * എല്ലാ വീടുകളിലും സൊസൈറ്റികളിലും ജോലിസ്ഥലങ്ങളിലും മഴവെള്ള സംഭരണ സംവിധാനം നടപ്പിലാക്കുക.
 * അനുയോജ്യമായ സ്ഥലങ്ങളില്‍ റീചാര്‍ജ് പിറ്റുകളും  ഷാഫ്റ്റുകളും സ്ഥാപിക്കുകയും, ഭൂഗര്‍ഭജല റീചാര്‍ജിംഗ് സാധ്യമാക്കുന്നതിനായി ഉപയോഗശൂന്യമായ കുഴല്‍ക്കിണറുകള്‍ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുക.
 * ബാവോലികള്‍ (Baolis - പടിക്കിണറുകള്‍), കിണറുകള്‍, പരമ്പരാഗത ജലാശയങ്ങള്‍ എന്നിവ പുനരുജ്ജീവിപ്പിക്കുകയും അവ ഉപയോഗയോഗ്യമാക്കുകയും ചെയ്യുക.
 * ഈ മണ്‍സൂണ്‍ കാലത്ത് പരമാവധി ജലസംരക്ഷണം ഉറപ്പാക്കുന്നതിനായി നിങ്ങളുടെ പ്രദേശത്തെ കുളങ്ങളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും ചെളി നീക്കം ചെയ്ത് ജലം സംഭരിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുക.
 * ജലം സംഭരിച്ചു നിര്‍ത്തുന്ന പ്രദേശങ്ങളില്‍ പച്ചപ്പ് വര്‍ദ്ധിപ്പിക്കുന്നതിനായി പരമാവധി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക.

 ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി 1.0 (2024 സെപ്റ്റംബര്‍ 6)-
ജലസംരക്ഷണത്തില്‍ സമൂഹങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, 2024 സെപ്റ്റംബര്‍ 6-ന് ഗുജറാത്തിലെ സൂററ്റില്‍ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി'ക്ക് തുടക്കം കുറിച്ചു. പ്രധാനമന്ത്രി വെര്‍ച്വലായി പങ്കെടുത്ത ഈ ചടങ്ങ്, ജലസംരക്ഷണത്തെ ഒരു ദേശീയ മുന്‍ഗണനയാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ ഉറച്ച പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.
കമ്മ്യൂണിറ്റി (Community), സി.എസ്.ആര്‍ (CSR), കോസ്റ്റ് (Cost) എന്നീ 3C തത്വങ്ങളാല്‍ നയിക്കപ്പെട്ട ഈ സംരംഭം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി പൊതുജന പങ്കാളിത്തം, സ്ഥാപനങ്ങളുടെ പിന്തുണ, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (CSR) സംഭാവനകള്‍, നിലവിലുള്ള ഗവണ്മെന്റ് പദ്ധതികളുടെ ഏകോപനം എന്നിവയെ സമന്വയിപ്പിച്ചു. കുറഞ്ഞ ചെലവിലുള്ള ഭൂഗര്‍ഭജല റീചാര്‍ജ്-ജലസംഭരണ ഘടനകളുടെ നിര്‍മ്മാണം, പ്രവര്‍ത്തനരഹിതമായ കുഴല്‍ക്കിണറുകളുടെ പുനരുജ്ജീവനം, ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്തതും പ്രാദേശികമായി അനുയോജ്യമായതുമായ പരിഹാരങ്ങള്‍ എന്നിവ 'ഗവണ്മെന്റും സമൂഹവും ഒന്നിച്ച് ' എന്ന സമീപനത്തിലൂടെ നടപ്പിലാക്കുന്നതിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2024 ഏപ്രില്‍ 1 മുതല്‍ 2025 മെയ് 31 വരെ നടപ്പിലാക്കിയ JSJB 1.0, കുറഞ്ഞത് 10 ലക്ഷം ഭൂഗര്‍ഭജല റീചാര്‍ജ് ഘടനകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തെ മറികടന്നു. രാജ്യത്തുടനീളം 27 ലക്ഷത്തിലധികം കൃത്രിമ റീചാര്‍ജ് ഘടനകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി 2.0 (2025):
മുന്‍ വിജയത്തിന്റെ അടിത്തറയില്‍, ഭൂഗര്‍ഭജലം അമിതമായി ചൂഷണം ചെയ്യപ്പെട്ടതും ജലലഭ്യത ഗുരുതരാവസ്ഥയിലുള്ളതുമായ ജില്ലകളില്‍, കുറഞ്ഞ ചെലവിലുള്ളതും പ്രാദേശികവുമായ ഇടപെടലുകളിലൂടെ ഭൂഗര്‍ഭജല റീചാര്‍ജിംഗ് വേഗത്തിലാക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെ 2025 ജൂണ്‍ 1-ന് JSJB 2.0 ആരംഭിച്ചു.
2026 മെയ് 31-നകം രാജ്യത്ത് കുറഞ്ഞത് ഒരു കോടി ഭൂഗര്‍ഭജല റീചാര്‍ജ് ഘടനകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തെ മറികടന്നു. 1.5 കോടിയിലധികം ഘടനകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് നിശ്ചയിച്ച ലക്ഷ്യത്തേക്കാള്‍ 50 ശതമാനത്തിലധികം കൂടുതലാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ ഘടനകളില്‍ ഇപ്പോള്‍ ഭൗതിക പരിശോധനയും ഫീല്‍ഡ് അവലോകനവും നടത്തിവരുന്നു .
 2025 നവംബറില്‍ നടന്ന ആറാമത് ദേശീയ ജല അവാര്‍ഡ് (6th National Water Awards) ചടങ്ങില്‍ JSJB 1.0-ന് കീഴില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരെ ഗവണ്‍മെന്റ് ആദരിച്ചു.

ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി: ക്യാച്ച് ദ റെയിന്‍ (2026)


 

ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി സംരംഭത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, അതിനെ ജല്‍ ശക്തി അഭിയാന്‍: ക്യാച്ച് ദ റെയിന്‍ (JSA: CTR) ക്യാമ്പെയ്നുമായി സമന്വയിപ്പിച്ചുകൊണ്ട് 2026 ജൂണ്‍ 1-ന് 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി: ക്യാച്ച് ദ റെയിന്‍' (JSJB: CTR) ആരംഭിച്ചു.


മഴവെള്ള സംഭരണം, ഭൂഗര്‍ഭജല റീചാര്‍ജിംഗ്, ജലസംഭരണം, പൊതുജന പങ്കാളിത്തം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, ഓരോ മഴയെയും ജലസംരക്ഷണത്തിനുള്ള അവസരമാക്കി മാറ്റാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ഇത് പ്രാദേശികമായി അനുയോജ്യമായതും ചെലവ് കുറഞ്ഞതുമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുകയും സുസ്ഥിരമായ ജല പരിപാലനത്തിലൂടെ കാലാവസ്ഥാമാറ്റ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.


ഈ പരിപാടി താഴെ പറയുന്ന നിരവധി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് പദ്ധതികളുടെ ഏകോപന സാധ്യതകളെ പ്രയോജനപ്പെടുത്തുന്നു:


* വികസിത് ഭാരത് - ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ - ഗ്രാമീണ്‍ (VB-G RAM-G)
* PMKSY-ക്ക് കീഴിലായി ഓരോ തുള്ളിയ്ക്കും കൂടുതല്‍ വിള PDMC)
* PMKSY-ക്ക് കീഴിലുള്ള ജലാശയങ്ങളുടെ അറ്റകുറ്റപ്പണി, നവീകരണം, പുനരുദ്ധാരണം (RRR)
 * കാമ്പാ (CAMPA)
 * ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്റുകള്‍
 * വിവിധ സംസ്ഥാന ഗവണ്‍മെന്റ് പദ്ധതികള്‍



 

JSJB: CTR പൊതുജന പങ്കാളിത്തം വഴിയാണ് മുന്നോട്ടുപോകുന്നത്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകാന്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, നഗര തദ്ദേശ സ്ഥാപനങ്ങള്‍, വനിതാ ഗ്രൂപ്പുകള്‍, യുവാക്കള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൗര സംഘടനകള്‍, പ്രാദേശിക ജനവിഭാഗങ്ങള്‍ എന്നിവരെ ഇത് കൂട്ടിയോജിപ്പിക്കുന്നു.

ജല്‍ ശക്തി അഭിയാന്‍: ക്യാച്ച് ദ റെയിന്‍ (JSA: CTR)-
2021 മാര്‍ച്ച് 22-ലെ ലോക ജലദിനത്തില്‍, 'മഴവെള്ളം സംഭരിക്കാം, മഴ എവിടെ പെയ്യുന്നുവോ അവിടെ, എപ്പോള്‍ പെയ്യുന്നുവോ അപ്പോള്‍' (എന്ന പ്രമേയവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയാണ് 'ജല്‍ ശക്തി അഭിയാന്‍: ക്യാച്ച് ദ റെയിന്‍' ഉദ്ഘാടനം ചെയ്തത്.


256 ജില്ലകളിലായി ജലക്ഷാമം നേരിടുന്ന 1,592 ബ്ലോക്കുകളില്‍ നടപ്പിലാക്കിയ 'ജല്‍ ശക്തി അഭിയാന്‍ 2019'-ന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ പരിപാടി കെട്ടിപ്പടുത്തിരിക്കുന്നത്. ഒരു ജനകീയ മുന്നേറ്റ സമീപനത്തിലൂടെ മഴവെള്ള സംഭരണം, ഭൂഗര്‍ഭജല റീചാര്‍ജിംഗ്, നീര്‍ത്തട വികസനം, ജലാശയങ്ങളുടെ പുനരുജ്ജീവനം, വനവല്‍ക്കരണം എന്നിവ ഇതിലൂടെ പ്രോത്സാഹിപ്പിച്ചു. അന്നുമുതല്‍, ഈ പരിപാടി വ്യത്യസ്ത പ്രമേയങ്ങളോടെയും പ്രത്യേക ഊന്നലോടെയും വര്‍ഷം തോറും നടപ്പിലാക്കിവരുന്നു.

2021 - മഴവെള്ളം സംഭരിക്കാം, മഴ എവിടെ പെയ്യുന്നുവോ അവിടെ, എപ്പോള്‍ പെയ്യുന്നുവോ അപ്പോള്‍'
 * മഴവെള്ള സംഭരണവും ജലസംരക്ഷണവും
 * ജലാശയങ്ങളുടെ ജിയോ-ടാഗിംഗ് (Geo-tagging)
 * ശാസ്ത്രീയമായ ജലസംരക്ഷണ ആസൂത്രണം
 * ജല്‍ ശക്തി കേന്ദ്രങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും

 2022 - ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം
 * പരമ്പരാഗത ജലാശയങ്ങളുടെ പുനരുദ്ധാരണം
 * ഭൂഗര്‍ഭജല റീചാര്‍ജിംഗും നീര്‍ത്തട വികസനവും
 * തണ്ണീര്‍ത്തടങ്ങളുടെയും നദികളുടെയും പുനരുജ്ജീവനം
 * സ്പ്രിംഗ്-ഷെഡ് വികസനവും നീരുറവകളുടെ സംരക്ഷണവും

 2023 - കുടിവെള്ളത്തിനായുള്ള സ്രോതസ്സ് സുസ്ഥിരത
 * ജലക്ഷാമം നേരിടുന്ന 150 ജില്ലകളില്‍ പ്രത്യേക ശ്രദ്ധ
 * കുടിവെള്ള സ്രോതസ്സുകള്‍ ശക്തിപ്പെടുത്തല്‍
 * ഭൂഗര്‍ഭജല റീചാര്‍ജിംഗും സ്രോതസ്സ് സുസ്ഥിരതയും
 * ഫീല്‍ഡ് അവലോകനവും സാമൂഹ്യ പങ്കാളിത്തവും

2024 - വനിതാ ശക്തിയിലൂടെ ജലശക്തി
* വനിതകളുടെ നേതൃത്വത്തിലുള്ള ജലസംരക്ഷണ സംരംഭങ്ങള്‍
* ജലാശയങ്ങളിലെ ചെളി നീക്കലും ശുചീകരണവും
* ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറുകള്‍ റീചാര്‍ജിംഗിനായി പുനരുജ്ജീവനം നടത്തല്‍
* വനവല്‍ക്കരണവും പ്രാദേശിക ജലസ്രോതസ്സുകളുടെ പുനരുജ്ജീവനവും

സാമൂഹ്യ അടിസ്ഥാനത്തിലുള്ള നേതൃത്വത്തിലൂടെ ജലസുരക്ഷ എങ്ങനെ ശക്തിപ്പെടുത്താം എന്ന് രാജ്യത്തുടനീളമുള്ള വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ തെളിയിച്ചു. ജലസംരക്ഷണം, ശുചിത്വം, ആരോഗ്യം എന്നിവയിലെ മാതൃകാപരമായ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് നല്‍കുന്ന 'സ്വച്ഛ് സുജല്‍ ശക്തി സമ്മാന്‍' വഴി സമൂഹങ്ങളുടെ സംഭാവനകള്‍ തുടര്‍ന്നും അംഗീകരിക്കപ്പെടുന്നു.

ജല്‍ ശക്തി കേന്ദ്രങ്ങള്‍ (JSKs):
രാജ്യത്തുടനീളമുള്ള ജില്ലകളില്‍ ജല്‍ ശക്തി കേന്ദ്രങ്ങള്‍ (JSKs) സ്ഥാപിക്കുക എന്നത് ഈ പരിപാടിയുടെ സ്ഥാപനപരമായപ്രധാന ഘടകമാണ്. ജലസംരക്ഷണത്തിനായുള്ള അറിവിന്റെയും ഏകോപനത്തിന്റെയും കേന്ദ്രങ്ങളായി ഇവ പ്രവര്‍ത്തിക്കുന്നു. മഴവെള്ള സംഭരണ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുക, പ്രാദേശിക ജനവിഭാഗങ്ങള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനും നടത്തിപ്പിനും പിന്തുണ നല്‍കുക എന്നിവയാണ് ഈ കേന്ദ്രങ്ങള്‍ ചെയ്യുന്നത്.

 



 

മഴവെള്ള സംഭരണത്തില്‍ നിന്ന് ഗ്രാമീണ പ്രതിരോധശേഷിയിലേക്ക്:

പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴില്‍, ജലസംരക്ഷണം ഒരു ദേശീയ മുന്‍ഗണനയായും ജനകീയ പ്രസ്ഥാനമായും ഉയര്‍ന്നുവന്നിട്ടുണ്ട്. 'ക്യാച്ച് ദ റെയിന്‍', 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' തുടങ്ങിയ സംരംഭങ്ങളിലൂടെ, ജലസംരക്ഷണത്തെ ഒരു പ്രത്യേക വകുപ്പിന്റെ പരിപാടി എന്നതിലുപരി, പൊതുജന പങ്കാളിത്തം, ശാസ്ത്രീയ ആസൂത്രണം, വിഭവങ്ങളുടെ ഏകോപനം എന്നിവയാല്‍ നയിക്കപ്പെടുന്ന ഒരു രാജ്യവ്യാപക 'ജനകീയ മുന്നേറ്റമാക്കി മാറ്റാന്‍ ഗവണ്മെന്റിന് വിജയകരമായി കഴിഞ്ഞു.


'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോള്‍, കൃഷിയെ ശക്തിപ്പെടുത്തുക, ഗ്രാമീണ ഉപജീവനമാര്‍ഗ്ഗങ്ങളെ പിന്തുണയ്ക്കുക, കാലാവസ്ഥാമാറ്റ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, ഭാവി തലമുറകള്‍ക്കായി ജലവിഭവങ്ങള്‍ സുരക്ഷിതമാക്കുക എന്നിവയ്ക്ക് മഴവെള്ള സംഭരണം, ഭൂഗര്‍ഭജല റീചാര്‍ജിംഗ്, ജലാശയങ്ങളുടെ പുനരുദ്ധാരണം, കാര്യക്ഷമമായ ജല ഉപയോഗം എന്നിവയിലെ നിരന്തര ശ്രമങ്ങള്‍ നിര്‍ണായകമായി തുടരും.


ശാസ്ത്രീയമായ ആസൂത്രണം, പ്രാദേശികമായ ഉടമസ്ഥത (local ownership), കൂട്ടായ പ്രവര്‍ത്തനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഈ പരിപാടി ഗ്രാമീണ ഇന്ത്യയിലുടനീളം പ്രതിരോധശേഷിയുള്ള ജലസമ്പത്തുകള്‍ സൃഷ്ടിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും ജലത്തിന്റെ ആവശ്യകതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ജലസുരക്ഷ ഉറപ്പാക്കുന്നതിന് ഓരോ തുള്ളി മഴവെള്ളവും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് കൃഷിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സുസ്ഥിരമായ ഗ്രാമീണ വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യും.


'മന്‍ കി ബാത്' പോലുള്ള വേദികളിലൂടെ, ഓരോ തുള്ളി ജലവും സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ നിരന്തരമായ ആഹ്വാനം , ജലസുരക്ഷയ്ക്കായി കൂട്ടായി പ്രവര്‍ത്തിക്കാന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും എല്ലാ തലങ്ങളിലുമുള്ള ഗവണ്മെന്റുകള്‍ക്കും പ്രചോദനമേകിയിട്ടുണ്ട്.


റഫറന്‍സ് 

Ministry of Jal Shakti

Click here to see pdf 

***

(Features ID: 159287) आगंतुक पटल : 8
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , हिन्दी , Nepali , Assamese , Telugu , Kannada