Economy
തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളിലേക്ക് ആസ്പയറിന്റെ കഥ
Posted On:
26 JUN 2026 2:37PM
ആസ്പയർ: ഗ്രാമീണ അഭിലാഷങ്ങളെ സംരംഭമാക്കി മാറ്റുന്നു
മേഘാലയയിലെ മൗസിൻറാമിലെ മഴ നനഞ്ഞ ഒരു പ്രഭാതത്തിൽ ബൻഷൈലാങ് മർബനിയാങ് കുന്നുകൾക്ക് മുകളിലൂടെ കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുന്നത് നോക്കിനിൽക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഈ സ്ഥലത്ത് പതിവുള്ളതുപോലെ മഴ പെയ്തുകൊണ്ടേയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ചിന്തകളിൽ നിറഞ്ഞത് കാലാവസ്ഥയായിരുന്നില്ല, മറിച്ച് വർഷങ്ങളായി അദ്ദേഹത്തെ പിന്തുടരുന്ന ഒരു ചോദ്യമായിരുന്നു. രാജ്യത്തിന്റെ ഏറ്റവും വിദൂരമായ ഒരു കോണിൽ നിന്നുള്ള ഒരു യുവാവ് അവസരങ്ങൾ അത്രമേൽ അപൂർവമായിരിക്കുമ്പോൾ എങ്ങനെയാണ് ഒരു ഭാവി കെട്ടിപ്പടുക്കുക?
വർഷങ്ങളായി സുഹൃത്തുക്കളും അയൽക്കാരും ജോലി തേടി മൗസിൻറാം വിട്ട് മറ്റെവിടെയെങ്കിലും പോകുന്നത് മർബനിയാങ് കാണുന്നുണ്ടായിരുന്നു. വിഭവങ്ങൾ പരിമിതമായിരുന്നു. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുക എന്നത് കൈയെത്താ ദൂരത്താണെന്ന് തോന്നിച്ചിരുന്നു. സാമ്പത്തിക പരാധീനതകൾ ആ സ്വപ്നത്തെ കൂടുതൽ വിദൂരമാക്കി മാറ്റി. എന്നിട്ടും ആ ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ നിന്ന് വിട്ടുപോയില്ല. ആ പ്രദേശത്തെ സമ്പന്നമായ കാർഷിക വിളകളാൽ ചുറ്റപ്പെട്ടിരുന്ന അദ്ദേഹം ഈ പ്രാദേശിക വിഭവങ്ങൾ ഒരു സംരംഭത്തിന്റെ അടിസ്ഥാനമാക്കി മാറ്റാൻ കഴിയുമോയെന്ന് ചിന്തിച്ചു.
ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒന്റർപ്രണർഷിപ്പ് (IIE) നൽകുന്ന സംരംഭകത്വ പരിശീലനത്തെക്കുറിച്ചും നൈപുണ്യ വികസന സഹായത്തെക്കുറിച്ചും അറിഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിലുള്ള 'ആസ്പയർ' പദ്ധതിയുടെ (നവീനാശയവും ഗ്രാമീണ വ്യവസായങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി) കീഴിൽ പ്രവർത്തിക്കുന്ന ഒരു മെന്റർ ഇൻസ്റ്റിറ്റ്യൂട്ടാണ് IIE. ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റാൻ ആവശ്യമായ കഴിവുകളും ആത്മവിശ്വാസവും ബിസിനസ്സ് അറിവും നേടിയെടുക്കാൻ ഇത് വളർന്നുവരുന്ന സംരംഭകരെ സഹായിക്കുന്നു.

മർബനിയാങ്ങിന് ഈ പരിശീലനം പുതിയ സാധ്യതകൾ തുറന്നുനൽകി. സാങ്കേതിക ജ്ഞാനവും സംരംഭകത്വ നൈപുണ്യവും കൈമുതലാക്കി അദ്ദേഹം ഒരു ഭക്ഷ്യസംസ്കരണ സംരംഭം ആരംഭിച്ചു. ഇത് പ്രാദേശികമായി ലഭ്യമായ വിഭവങ്ങളെ സാമ്പത്തിക അവസരങ്ങളാക്കി മാറ്റുകയും ശരിയായ മാർഗ്ഗനിർദ്ദേശവും നൈപുണ്യവുമുണ്ടെങ്കിൽ എവിടെയും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിക്കുകയും ചെയ്തു.
സ്വന്തം നാട്ടിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു
മർബനിയാങ്ങിന്റെ കഥ ഗ്രാമീണ ഇന്ത്യയിലുടനീളം നടക്കുന്ന വലിയൊരു മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
ബിസിനസ്സ് വികസന സേവനങ്ങൾ, സാങ്കേതിക സഹായം, സംരംഭകത്വ പ്രോത്സാഹനം എന്നിവയിലേക്കുള്ള പ്രവേശനം ഭൂരിഭാഗവും ചില നഗര കേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങിനിന്നിരുന്നു. ഗ്രാമീണ ഇന്ത്യയിൽ പ്രതിഭയും നൈപുണ്യവും വിഭവങ്ങളും ഉണ്ടായിരുന്നിട്ടും ആശയങ്ങളെ സുസ്ഥിരമായ സംരംഭങ്ങളാക്കി മാറ്റുന്നതിന് ആവശ്യമായ പരിശീലനമോ മാർഗ്ഗനിർദ്ദേശമോ സ്ഥാപനപരമായ പിന്തുണയോ വളർന്നുവരുന്ന സംരംഭകർക്ക് പലപ്പോഴും ലഭിച്ചിരുന്നില്ല.
ഈ കുറവ് തിരിച്ചറിഞ്ഞ് പ്രത്യേകിച്ച് ഗ്രാമീണ-കാർഷിക മേഖലകളിൽ സംരംഭകത്വവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകത്വ മന്ത്രാലയം 2015-ൽ ആസ്പയർ (ASPIRE) പദ്ധതി ആരംഭിച്ചു.
വർഷങ്ങൾ കടന്നുപോയപ്പോൾ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഈ പദ്ധതിയും വികസിച്ചു.
2018-ൽ പുറപ്പെടുവിച്ച പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ ബിസിനസ്സ് ഇൻകുബേഷൻ സംവിധാനത്തെ കൂടുതൽ ശക്തമാക്കി. 2023-ലെ പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉപജീവനമാർഗ്ഗം സൃഷ്ടിക്കൽ, സംരംഭകത്വ വികസനം, അളക്കാവുന്ന ഫലങ്ങൾ എന്നിവയ്ക്ക് കൂടുതൽ മുൻഗണന നൽകി. ഇന്ന് ആളുകളെ നൈപുണ്യം നേടുന്നതിലൂടെ സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുന്ന ലൈവ്‍ലിഹുഡ് ബിസിനസ്സ് ഇൻകുബേറ്ററുകളുടെ (LBI) വളർന്നുവരുന്ന ഒരു ശൃംഖലയെ കേന്ദ്രീകരിച്ചാണ് ആസ്പയർ പ്രവർത്തിക്കുന്നത്.
പരിശീലനം, മാർഗ്ഗനിർദ്ദേശം, ഇൻകുബേഷൻ പിന്തുണ എന്നിവ നൽകുന്നതിലൂടെ, കാർഷിക-ഗ്രാമീണ മേഖലകളിലെ വളർന്നുവരുന്ന സംരംഭകരെ ആസ്പയർ പ്രാപ്തരാക്കുകയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകത്വ മേഖലയിലെ മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിനുള്ള നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സംരംഭങ്ങൾ രൂപം കൊള്ളുന്ന ഇടം
ആസ്പയറിന്റെ വിജയത്തിന്റെ കേന്ദ്രബിന്ദു അതിൻ്റെ എൽ.ബി.ഐ അഥവാ ലൈവ്‍ലിഹുഡ് ബിസിനസ്സ് ഇൻകുബേറ്ററുകളാണ്. കേവലം നൈപുണ്യ വികസനം മാത്രമല്ല, ഉപജീവനമാർഗ്ഗങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ഔദ്യോഗികവും വിപുലീകരിക്കാൻ കഴിയുന്നതുമായ സൂക്ഷ്മ സംരംഭങ്ങൾ രൂപീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഈ ഇൻകുബേറ്ററുകൾ ആധുനിക ഉപകരണങ്ങൾ, ബിസിനസ്സ് മാർഗ്ഗനിർദ്ദേശങ്ങൾ, സാങ്കേതിക സഹായം എന്നിവ ലഭ്യമാക്കുന്നു. സംരംഭകരെ ഒരു ആശയത്തിൽ നിന്ന് വ്യവസായത്തിലേക്കുള്ള യാത്രയിൽ സഹായിക്കുന്നതിനായി ഉൽപ്പന്ന വികസനം, ബ്രാൻഡിംഗ്, അക്രഡിറ്റേഷൻ, നിയമപരമായ അനുമതികൾ, വിപണി ബന്ധങ്ങൾ, സാമ്പത്തിക സഹായം എന്നിവയിലും പിന്തുണ നൽകുന്നു.
ആസ്പയറിന്റെ സ്ഥാപനപരമായ ഘടന, സംരംഭകർക്ക് അവരുടെ പരിശീലനം പൂർത്തിയായ ശേഷവും ദീർഘകാലത്തേക്ക് സുസ്ഥിര പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. സ്കീം സ്റ്റിയറിംഗ് കമ്മിറ്റി, നിശ്ചയിക്കപ്പെട്ട മെന്റർ ഇൻസ്റ്റിറ്റ്യൂട്ടുകൾ, എൽ.ബി.ഐ-കൾ നടത്തുന്ന ഹോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ അടങ്ങുന്ന മൂന്ന് തലങ്ങളുള്ള ഒരു ഘടനയിലൂടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. ഇൻകുബേറ്ററുകളെ കണ്ടെത്തുക, പ്രോജക്ട് പ്ലാനുകൾ തയ്യാറാക്കുക, ഇൻകുബേഷൻ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്യുക, നടത്തിപ്പ് ശക്തമാക്കുക, ഫലങ്ങൾ നിരീക്ഷിക്കുക എന്നിവയിൽ മെന്റർ ഇൻസ്റ്റിറ്റ്യൂട്ടുകൾ നിർണ്ണായക പങ്ക് വഹിക്കുന്നു.
ഈ ഇൻകുബേഷൻ വ്യവസ്ഥിതി ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒന്റർപ്രണർഷിപ്പ് (IIE), കാർഷിക സർവ്വകലാശാലകൾ, സാങ്കേതിക സ്ഥാപനങ്ങൾ, ഐ.ഐ.ടി ജോധ്പൂർ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന സ്ഥാപനങ്ങളെ ഒന്നിപ്പിക്കുന്നു. ഈ കേന്ദ്രങ്ങൾ കാർഷിക വ്യവസായ മേഖലയിൽ സംരംഭകത്വം വളർത്തുന്നതിനും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളവ കൂടിയാണ്.
രാജ്യത്തുടനീളം ഭക്ഷ്യസംസ്കരണം, തേൻ ഉത്പാദനം, മുള ഉൽപ്പന്നങ്ങൾ, കൂൺ കൃഷി, സുഗന്ധവ്യഞ്ജന സംസ്കരണം, കരകൗശലവസ്തുക്കൾ, കയർ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളെ എൽ.ബി.ഐ-കൾ പിന്തുണയ്ക്കുന്നു. ഈ സമീപനത്തിന്റെ പ്രാധാന്യം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് മൂല്യവർധിത ഗ്രാമീണ വ്യവസായങ്ങൾ നൽകുന്ന വർധിച്ചുവരുന്ന സംഭാവനകളിൽ പ്രതിഫലിക്കുന്നു. പല ഗ്രാമീണ ജനവിഭാഗങ്ങൾക്കും ഒരു സംരംഭം ആരംഭിക്കുക എന്നത് വരുമാനം ഉണ്ടാക്കാൻ മാത്രമല്ല, വലിയ മൂല്യ ശൃംഖലകളുടെ ഭാഗമാകാനുള്ള ഒരു അവസരം കൂടിയാണ് നൽകുന്നത്. കാർഷിക മേഖലയുമായും പ്രാദേശിക വിഭവങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന മേഖലകളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, പ്രാഥമിക ഉത്പാദനത്തിനപ്പുറം സംസ്കരണം, നിർമ്മാണം, മൂല്യവർധനവ് എന്നിവയിലേക്ക് നീങ്ങാൻ ആസ്പയർ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു.
വർഷങ്ങളായി ഈ ശൃംഖല ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. 2026 ജൂൺ വരെയുള്ള കണക്കനുസരിച്ച് 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 109 എൽ.ബി.ഐ-കൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഈ ഇൻകുബേറ്ററുകളെല്ലാം ചേർന്ന് 1.23 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് പരിശീലനം നൽകി. 2022-23 സാമ്പത്തിക വർഷത്തിൽ ചിട്ടയായ നിരീക്ഷണം ആരംഭിച്ചതുമുതൽ ആസ്പയറിന്റെ പിന്തുണയോടെയുള്ള ഇൻകുബേറ്ററുകൾ രാജ്യത്തുടനീളം 1,200-ലധികം സൂക്ഷ്മ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സഹായം നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ വളർന്നുവരുന്ന സംരംഭകരെ ശാക്തീകരിക്കുന്നു
ആസ്പയറിന്റെ വിജയം അളക്കേണ്ടത് അത് പിന്തുണയ്ക്കുന്ന ഇൻകുബേറ്ററുകളുടെ എണ്ണം നോക്കിയല്ല, മറിച്ച് അത് മാറ്റം വരുത്താൻ സഹായിച്ച മനുഷ്യരുടെ ജീവിതങ്ങൾ നോക്കിയാണ്.
2022-23 സാമ്പത്തിക വർഷം മുതൽ ഈ പദ്ധതി രാജ്യത്തുടനീളമുള്ള 28,500-ലധികം സ്ത്രീകൾക്ക് സംരംഭകത്വ അവസരങ്ങൾ ഒരുക്കിനൽകിയിട്ടുണ്ട്, ഇത് സംരംഭങ്ങൾ രൂപീകരിക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ ഈ പദ്ധതിയ്ക്കുള്ള വളർന്നുവരുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നു.

അതോടൊപ്പം തന്നെ ആസ്പയർ 8,700-ലധികം പട്ടികജാതി (SC) ഗുണഭോക്താക്കളിലേക്കും 9,600-ലധികം പട്ടികവർഗ്ഗ (ST) ഗുണഭോക്താക്കളിലേക്കും 17,600-ലധികം മറ്റ് പിന്നാക്ക വിഭാഗ (OBC) ഗുണഭോക്താക്കളിലേക്കും എത്തിച്ചേർന്നിട്ടുണ്ട്. ഇത് സംരംഭകത്വത്തെ എല്ലാവരെയും ഉൾക്കൊള്ളുന്നതും എളുപ്പത്തിൽ പ്രാപ്യമാകുന്നതുമാക്കി മാറ്റാൻ സഹായിക്കുന്നു.
ഈ അക്കങ്ങൾ കേവലം സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ല സൂചിപ്പിക്കുന്നത്. വൈവിധ്യമാർന്ന സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിലേക്ക് സംരംഭകത്വ പിന്തുണ വ്യാപിപ്പിക്കുന്നതിലൂടെ സംരംഭങ്ങളുടെ രൂപീകരണം ഇനിമുതൽ വൻനഗരങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ആസ്പയർ സഹായിക്കുന്നു. പകരം ഇത് ഇന്ത്യയിലുടനീളമുള്ള ഗ്രാമങ്ങളിലും ചെറുകിട പട്ടണങ്ങളിലും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലും വളർച്ചയിലേക്കും സ്വയംപര്യാപ്തതയിലേക്കും ഉപജീവനമാർഗ്ഗം സൃഷ്ടിക്കുന്നതിലേക്കുമുള്ള ഒരു മാർഗ്ഗമായി കൂടുതലായി ഉയർന്നുവരുന്നു.
മൗസിൻറാമിൽ നിന്ന് കർത്തവ്യ പഥിലേക്ക്
വർഷങ്ങൾക്ക് ശേഷം മർബനിയാങ്ങിന്റെ യാത്രയ്ക്ക് ദേശീയ വേദിയിൽ അംഗീകാരം ലഭിച്ചു.
ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രത്യേക അതിഥികളായി ക്ഷണം ലഭിച്ച വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള പത്ത് സംരംഭകരിൽ ഒരാളായിരുന്നു അദ്ദേഹം. വിവിധ മേഖലകളെ പ്രതിനിധീകരിച്ച അവർ ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നും ചെറുകിട പട്ടണങ്ങളിൽ നിന്നും വിദൂര പ്രദേശങ്ങളിൽ നിന്നും ഉയർന്നുവരുന്ന പുതിയൊരു തലമുറ സംരംഭകരുടെ പ്രതീകങ്ങളായിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ പരിപാടികളിലൊന്നിൽ അവർ പങ്കെടുത്തത് വ്യക്തിപരമായ ഒരു ബഹുമതിയേക്കാളുമുപരിയായിരുന്നു. തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളായും പ്രാദേശിക അഭിലാഷങ്ങളെ അഭിവൃദ്ധി പ്രാപിക്കുന്ന സംരംഭങ്ങളായും മാറ്റാൻ സഹായിക്കുന്ന പദ്ധതികളുടെ വർധിച്ചുവരുന്ന വിജയത്തെയാണ് അത് പ്രതിഫലിപ്പിച്ചത്.

മഴ നനഞ്ഞ മൗസിൻറാം കുന്നുകളിൽ നിന്ന് കർത്തവ്യ പഥിലേക്കുള്ള ദൂരം കിലോമീറ്ററുകളിലാണ് അളക്കുന്നതെങ്കിലും, അനിശ്ചിതത്വത്തിൽ നിന്ന് സംരംഭകത്വത്തിലേക്കുള്ള യാത്ര അളക്കുന്നത് അവർക്ക് ലഭിച്ച അവസരങ്ങളിലൂടെയാണ്. ആസ്പയർ പദ്ധതിയിലൂടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് തങ്ങളുടെ അഭിലാഷങ്ങളെ സംരംഭങ്ങളാക്കി മാറ്റാൻ ആവശ്യമായ പിന്തുണയും നൈപുണ്യവും വിഭവങ്ങളും ലഭ്യമാകുന്നു. നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിലൂടെയും ആശയങ്ങൾ ബിസിനസ്സുകളായും കഴിവുകൾ ഉപജീവനമാർഗ്ഗങ്ങളായും ലക്ഷ്യങ്ങൾ സാമ്പത്തിക അവസരങ്ങളായും മാറുന്നു.
ഇതിലൂടെ ആസ്പയർ സംരംഭങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, സമൂഹങ്ങളെ ശാക്തീകരിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കൂടുതൽ ഉൾക്കൊള്ളുന്നതും സ്വയംപര്യാപ്തവുമായ ഒരു ഇന്ത്യയുടെ നിർമ്മാണത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.
അവലംബം
MINISTRY OF SKILL DEVELOPMENT AND ENTREPRENEURSHIP
https://iie.gov.in/news-and-events/iie-trained-ne-entrepreneurs-invited-to-republic-day-parade-as-symbol-of-skill-development-push467#gsc.tab=0
https://iie.gov.in/pr/projects/a-scheme-for-promotion-of-innovation--rural-industries---entrepreneurship---aspire-#gsc.tab=0
MINISTRY OF MICRO, SMALL, MEDIUM ENTERPRISES
https://aspire.msme.gov.in/ASPIRE/AFHome.aspx
https://dashboard.msme.gov.in/aspire.aspx
https://www.pib.gov.in/newsite/PrintRelease.aspx?relid=133532®=48&lang=2
https://aspire.msme.gov.in/WriteReadData/DocumentFile/New_Operational_Guidelines_ASPIRE_2018.pdf
https://aspire.msme.gov.in/WriteReadData/DocumentFile/ASPIRE_New_21112023.pdf
https://aspire.msme.gov.in/WriteReadData/DocumentFile/Annexure-I.pdf
LOK SABHA
https://sansad.in/getFile/loksabhaquestions/annex/187/AS550_07VFJm.pdf?source=pqals
INDIAN INSTITUTE OF ENTREPRENEURSHIP
https://www.iie.gov.in/pdf/IIE-Annual-Report-2024-25.pdf
Click here to see in PDF
PIB RESEARCH
***
SK
(Features ID: 159068)
आगंतुक पटल : 4
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें:
English