• Sitemap
  • Advance Search
Economy

ഇന്ത്യയുടെ മാറുന്ന തൊഴിൽശക്തിയ്ക്ക് കരുത്തേകുന്ന സ്ത്രീകൾ

Posted On: 01 MAY 2026 11:26AM

അധിക കാലം മുമ്പുവരെ ഇന്ത്യയിൽ സ്ത്രീകൾ ചെയ്തുകൊണ്ടിരുന്ന ജോലികളിൽ ഭൂരിഭാഗവും ആരുടെയും കണ്ണിൽപ്പെടാതെ കിടക്കുകയായിരുന്നു. അവ പ്രധാനമായും വീടുകളിലും കുടുംബ സംരംഭങ്ങളിലും ഔദ്യോഗിക രേഖകളിൽ അപൂർവ്വമായി ഇടംപിടിച്ചിരുന്ന അനൗദ്യോഗിക മേഖലകളിലും മാത്രമായിരുന്നു. അവരുടെ സംഭാവനകൾ സ്ഥിരതയുള്ളതായിരുന്നുവെങ്കിലും അതിനുള്ള അംഗീകാരം പരിമിതമായിരുന്നു.

ആ ചിത്രം ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്, അത് രാജ്യത്തിന്റെ തൊഴിൽമേഖലയെത്തന്നെ പുനർനിർമ്മിക്കുകയാണ്.

ഈ അന്താരാഷ്ട്ര തൊഴിൽ ദിനത്തിൽ ഇന്ത്യയിലെ തൊഴിൽശക്തിയുടെ കഥ നിർവചിക്കപ്പെടുന്നത് സ്ത്രീകളിലൂടെയാണ്. അവർ കൂടുതലായി തൊഴിൽസേനയിലേക്ക് പ്രവേശിക്കുക മാത്രമല്ല, വിവിധ മേഖലകളിലും സംവിധാനങ്ങളിലും വളർന്നുവരുന്ന അവസരങ്ങളിലും പങ്കാളിത്തം എങ്ങനെയെന്ന് പുനർനിർവചിക്കുകയും ചെയ്യുന്നു.

ഈ മാറ്റം കണക്കുകളിൽ പ്രകടമാണ്. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 2017–18-ലെ 23.3 ശതമാനത്തിൽ നിന്ന് 2025-40 ശതമാനമായി കുത്തനെ ഉയർന്നതായി പീരിയോഡിക് ലേബർ ഫോഴ്സ് സർവേ കാണിക്കുന്നു. ഗ്രാമീണ ഇന്ത്യ ഈ മാറ്റത്തിന് നേതൃത്വം നൽകുന്നത് തുടരുന്നു. ഇത് സ്ത്രീകൾ തൊഴിലുമായി എങ്ങനെ ഇടപഴകുന്നുവെന്നതിലെ ആഴത്തിലുള്ള ഘടനാപരമായ മാറ്റത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. അവർ ഇപ്പോൾ താത്കാലിക സംഭാവന നൽകുന്നവരായി മാത്രമല്ല, സ്ഥിരതയുള്ള സാമ്പത്തിക പങ്കാളികളായും മാറുന്നു. തൊഴിലവസരങ്ങളുടെ വിശാലമായ വികാസത്തെയും തൊഴിൽവിപണിയിലെ ഔദ്യോഗികവൽക്കരണത്തിലേക്കുള്ള സ്ഥിര മുന്നേറ്റത്തെയും ഈ വർധന പ്രതിഫലിപ്പിക്കുന്നു.

എന്നാൽ കണക്കുകൾ കഥയുടെ ഒരു ഭാഗം മാത്രമേ പറയുന്നുള്ളൂ.

ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലുമുടനീളം സ്ത്രീകൾ പരമ്പരാഗത റോളുകൾക്കപ്പുറത്തേക്ക് കടന്ന് അഭൂതപൂർവമായ തോതിൽ സംരംഭകത്വത്തിലേക്ക് നീങ്ങുകയാണ്. ദീൻദയാൽ അന്ത്യോദയ യോജനദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിൽ 10 കോടിയിലധികം സ്ത്രീകളുടെ കുടുംബങ്ങളെ സ്വയം സഹായ സംഘങ്ങളിലേക്ക് ചേർത്തിട്ടുണ്ട്. സാമ്പത്തിക ഉൾപ്പെടുത്തലിലേക്കുള്ള ഒരു പാതയായി ആരംഭിച്ച ഇത് പിന്നീട് സ്ത്രീകൾ ഉത്പാദിപ്പിക്കുകയും കൈകാര്യം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സൂക്ഷ്മ സംരംഭങ്ങളുടെ ഒരു ശൃംഖലയായി പരിണമിച്ചു. അങ്ങനെ അവർ പലപ്പോഴും തങ്ങളുടെ കുടുംബത്തിലെ പ്രധാന വരുമാനക്കാരായി മാറുകയും ചെയ്തു.

വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നവീകരിച്ച നയപിന്തുണ ഈ മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകരുന്നു. ലഖ്പതി ദീദി പോലുള്ള സംരംഭങ്ങൾ സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് സുസ്ഥിരമായി അവരുടെ വരുമാനം വർധിപ്പിക്കാൻ പ്രാപ്തരാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രതിവർഷം 1 ലക്ഷം രൂപയിലധികം വരുമാനമുള്ള കോടിക്കണക്കിന് വനിതാ സംരംഭകരെ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വായ്പ, വൈദഗ്ധ്യം, വിപണിബന്ധങ്ങൾ എന്നിവയിലേക്കുള്ള വിപുലമായ പ്രവേശനത്തോടൊപ്പം ചേർക്കുമ്പോൾ ഇത് തൊഴിലിലെ പങ്കാളിത്തത്തിൽ നിന്ന് വരുമാന സുരക്ഷയിലേക്കുള്ള ഒരു മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇവിടെ സ്ത്രീകൾ ജോലി ചെയ്യുക മാത്രമല്ല, കൂടുതൽ സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നു.

അദൃശ്യമായ അധ്വാനത്തിൽ നിന്ന് ദൃശ്യമായ സംരംഭകത്വത്തിലേക്കുള്ള ഈ മാറ്റം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ നിശബ്ദമായി പുനരുജ്ജീവിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഈ സംരംഭകത്വമാറ്റം ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലും പ്രതിഫലിക്കുന്നുണ്ട്. 'സ്റ്റാർട്ടപ്പ് ഇന്ത്യ' സംരംഭത്തിന് കീഴിൽ 2.2 ലക്ഷത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളോടെ രാജ്യം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഹബ്ബായി മാറിയിട്ടുണ്ട്. ഇവ 23.3 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേകം എടുത്തുപറയേണ്ട കാര്യം, 1 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളിൽ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലുമുണ്ടെന്നത് നവീകരണ-അധിഷ്ഠിത മേഖലകളിൽ സ്ത്രീകളുടെ വർധിച്ചുവരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. ഫണ്ടിംഗ്, ഇൻകുബേഷൻ പിന്തുണ, കൂടുതൽ അനുകൂലമായ നയപരമായ അന്തരീക്ഷം എന്നിവയിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനത്തിലൂടെ ഇന്ത്യയുടെ പുതിയ സമ്പദ്‌വ്യവസ്ഥയിൽ പങ്കാളിത്തത്തിൽ നിന്ന് സംരംഭകത്വത്തിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തിക്കൊണ്ട് സ്ത്രീകൾ നേതൃത്വപരമായ റോളുകളിലേക്ക് കൂടുതൽ കടന്നുവരുന്നു.

അതേസമയം, നൈപുണ്യത്തിലേക്കുള്ള പ്രവേശനം പുതിയ വഴികൾ തുറക്കുന്നു. 'സ്‌കിൽ ഇന്ത്യ മിഷൻ', ​ഗവൺമെന്റ് നേതൃത്വത്തിലുള്ള നൈപുണ്യ വികസന പരിപാടികൾ എന്നിവ പോലുള്ള സംരംഭങ്ങൾക്ക് കീഴിൽ സ്ത്രീകൾക്ക് വിവിധ മേഖലകളിൽ വ്യവസായത്തിന് അനുയോജ്യമായ കഴിവുകൾ നൽകുന്നുണ്ട്. വ്യവസായത്തിന് അനുയോജ്യമായ നൈപുണ്യത്തിന് നൽകുന്ന ഈ വർധിച്ച പ്രാധാന്യം തൊഴിൽസാധ്യതകൾ മെച്ചപ്പെടുത്താനും കൂടുതൽ സുസ്ഥിരവും ഉത്പാദനക്ഷമവുമായ ഉപജീവനമാർഗ്ഗങ്ങളിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

എന്നിരുന്നാലും പങ്കാളിത്തം എന്നാൽ ലഭ്യത മാത്രമല്ല, അത് ജോലിയിലെ സുരക്ഷയും അന്തസ്സും കൂടിയാണ്.

ഈ വിടവ് നികത്താൻ സമീപകാല തൊഴിൽ പരിഷ്കരണങ്ങൾ ശ്രമിച്ചിട്ടുണ്ട്. 29 കേന്ദ്ര തൊഴിൽ നിയമങ്ങളെ നാല് ലേബർ കോഡുകളായി ഏകീകരിച്ചത് റെഗുലേറ്ററി ചട്ടക്കൂടിനെ ലളിതമാക്കുന്നതോടൊപ്പം സംരക്ഷണത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്തു. മിനിമം വേതനം, തൊഴിൽപരമായ സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഇപ്പോൾ അനൗദ്യോഗിക, അസംഘടിത മേഖലകളിലുള്ളവർ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം തൊഴിലാളികളെ ഉൾക്കൊള്ളുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ പരിഷ്കാരങ്ങളുടെ നടപ്പാക്കലിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചതുപോലെഈ കോഡുകൾ സാർവത്രിക സാമൂഹിക സുരക്ഷ, കൃത്യമായ മിനിമം വേതന വിതരണം, സുരക്ഷിതമായ തൊഴിലിടങ്ങൾ, ജനങ്ങൾക്ക് പ്രത്യേകിച്ച് നാരീശക്തിക്കും യുവശക്തിക്കുമുള്ള പ്രതിഫലദായകമായ അവസരങ്ങൾ എന്നിവയ്ക്ക് ശക്തമായ അടിത്തറയായി വർത്തിക്കും.

സ്ത്രീകൾക്ക് ഇത് പരിമിതമായ ലഭ്യതയിൽ നിന്ന് തൊഴിൽസേനയിലെ അവരുടെ പങ്ക് തിരിച്ചറിയുകയും സുരക്ഷിതവും തുല്യവും മാന്യവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കൂടുതൽ ഘടനാപരമായ ചട്ടക്കൂടിലേക്കുള്ള ഒരു സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നു.

ഔദ്യോഗികവൽക്കരണത്തിലേക്കുള്ള തുടർച്ചയായ മുന്നേറ്റത്തിലൂടെ ഈ പരിവർത്തനത്തിന് കൂടുതൽ കരുത്ത് പകരുകയാണ്. 31 കോടിയിലധികം അസംഘടിത തൊഴിലാളികളെ രജിസ്റ്റർ ചെയ്ത ഇ-ശ്രാം പോർട്ടൽ ക്ഷേമപദ്ധതികളുടെ വിതരണം മെച്ചപ്പെടുത്തുന്നതിനായി സമഗ്രമായ ഒരു ദേശീയ ഡാറ്റാബേസ് നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ഈ രജിസ്ട്രേഷനുകളിൽ കൃഷി, നിർമ്മാണം, പരമ്പരാഗതമായി ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറത്തുനിന്നിരുന്ന മറ്റ് അനൗദ്യോഗിക തൊഴിലുകൾ തുടങ്ങിയ മേഖലകളിലെ വനിതാ തൊഴിലാളികളും ഉൾപ്പെടുന്നു.

വിശാല തലത്തിൽ ഇന്ത്യ അതിന്റെ സാമൂഹിക സംരക്ഷണ പരിരക്ഷ 2015-ലെ 19 ശതമാനത്തിൽ നിന്ന് 2025-64 ശതമാനത്തിലധികമായി വികസിപ്പിച്ചു. ഇത് പ്രൊവിഡന്റ് ഫണ്ട്, ഇൻഷുറൻസ്, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ ഗണ്യമായ വർധനവിനെ പ്രതിഫലിപ്പിക്കുന്നു. അനൗദ്യോഗിക തൊഴിലുകളിൽ ഏർപ്പെടാൻ കൂടുതൽ സാധ്യതയുള്ള സ്ത്രീകൾക്ക് ഈ വികാസം വളരെ പ്രസക്തമാണ്.

ഇന്ത്യയുടെ സാമൂഹിക സുരക്ഷാ ചട്ടക്കൂടിന്റെ പ്രധാന തൂണായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ESI) പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ സേവനങ്ങളുടെ ശക്തിപ്പെടുത്തലിലും ഈ ശ്രമങ്ങളുടെ സ്വാധീനം പ്രതിഫലിക്കുന്നുണ്ട്. ജമ്മു & കാശ്മീരിലെ ബുദ്ഗാമിൽ പുതുതായി ഉദ്ഘാടനം ചെയ്ത ഒരു ഇ.എസ്.ഐ.സി (ESIC) ആശുപത്രി, 50,000-ത്തിലധികം തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സേവനം നൽകുകയും ചികിത്സാ ലഭ്യത മെച്ചപ്പെടുത്തുകയും തൊഴിലാളിക്ഷേമമെന്ന വിശാലമായ ലക്ഷ്യത്തിന് കരുത്ത് പകരുകയും ചെയ്യും.

ഇവിടെ ഉയർന്നുവരുന്നത് ഒരൊറ്റക്കഥയല്ല, മറിച്ച് മാറ്റത്തിന്റെ വിശാലമായ ഒരു മാതൃകയാണ്.

  • സ്ത്രീകൾ കൂടുതലായി തൊഴിൽസേനയിൽ പങ്കാളികളാകുന്നു.
  • വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങളിലും പ്രാദേശിക സംരംഭങ്ങളിലും അവർ കൂടുതലായി ഏർപ്പെടുന്നു.
  • നൈപുണ്യം, സാമൂഹിക സുരക്ഷ, ഔദ്യോഗിക സംവിധാനങ്ങൾ എന്നിവ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.
  • സാമ്പത്തിക ചട്ടക്കൂടിനുള്ളിൽ അവർ കൂടുതൽ ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം ഈ വർധിച്ചുവരുന്ന സാമ്പത്തിക പങ്കാളിത്തം പ്രാതിനിധ്യത്തിന്റെയും നേതൃത്വത്തിന്റെയും വിശാലമായ ചോദ്യങ്ങളുമായി ഇടകലരാൻ തുടങ്ങിയിട്ടുണ്ട്. 'നാരീശക്തി വന്ദൻ അധിനിയം' പോലുള്ള നിയമനിർമ്മാണ നടപടികൾ തീരുമാനമെടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിലുള്ള വിശാലമായ ഊന്നലിനെ പ്രതിഫലിപ്പിക്കുന്നു.

അതിനാൽ അന്താരാഷ്ട്ര തൊഴിൽ ദിനം തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു നിമിഷം മാത്രമല്ല, തൊഴിൽസേനയിൽ നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനത്തെ തിരിച്ചറിയാനുള്ള കൂടിയാണ്. പങ്കാളിത്തം വികസിക്കുകയും സംവിധാനങ്ങൾ പരിണമിക്കുകയും ചെയ്യുമ്പോൾ തൊഴിൽ സുരക്ഷിതവും മാന്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണെന്ന് ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സ്ത്രീകൾ തൊഴിൽസേനയുടെ ഭാഗം മാത്രമല്ല, അതിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവർ കേന്ദ്രകഥാപാത്രമായി മാറുകയാണ്.

 

References:
Ministry of Labour & Employment

https://www.pib.gov.in/PressReleaseIframePage.aspx?PRID=2078530

https://www.pib.gov.in/PressReleseDetailm.aspx?PRID=2192463&reg=3&lang=2

https://static.pib.gov.in/WriteReadData/specificdocs/documents/2021/oct/doc202110531.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2222263&reg=3&lang=1

https://static.pib.gov.in/WriteReadData/specificdocs/documents/2025/jun/doc2025628577901.pdf

https://www.pib.gov.in/PressReleaseDetail.aspx?PRID=2254516&reg=3&lang=1

Ministry of Statistics & Programme Implementation

https://www.pib.gov.in/PressReleasePage.aspx?PRID=2246009&reg=3&lang=1

Ministry of Rural Development

https://nrlm.gov.in/dashboardForOuter.do?methodName=dashboard

https://www.pib.gov.in/PressReleasePage.aspx?PRID=2112203&reg=3&lang=2

https://www.pib.gov.in/PressReleseDetailm.aspx?PRID=2146870&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2149656&reg=3&lang=2

https://static.pib.gov.in/WriteReadData/specificdocs/documents/2026/mar/doc202636813101.pdf

Ministry of Skill Development and Entrepreneurship

https://www.pib.gov.in/PressReleasePage.aspx?PRID=2149339&reg=3&lang=2

PMO

https://www.pib.gov.in/PressReleseDetailm.aspx?PRID=2192540&reg=3&lang=2

Ministry of Commerce & Industry

https://www.pib.gov.in/PressReleasePage.aspx?PRID=2253019&reg=3&lang=2

https://www.pib.gov.in/PressReleseDetailm.aspx?PRID=2215334&reg=3&lang=2

https://www.startupindia.gov.in/

Click here to see pdf

***

SK

(Features ID: 158594) आगंतुक पटल : 6
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Tamil , Kannada