Technology
ക്യൂവിൽ നിന്ന് ക്യുആർ കോഡുകളിലേക്ക്: ഇന്ത്യയുടെ പണമിടപാട് വിപ്ലവം
ഓരോ പൗരനും വേഗതയേറിയതും ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പണമിടപാടുകൾ
Posted On:
11 APR 2026 9:05AM

അധിക കാലം മുമ്പുവരെ ഒരു സാധാരണ സാമ്പത്തിക ഇടപാടിന് പോലും സമയവും അധ്വാനവും ക്ഷമയും ആവശ്യമായിരുന്നു. ബില്ലുകൾ അടയ്ക്കുക എന്നതിനർത്ഥം നീണ്ട ക്യൂകളിൽ നിൽക്കുക എന്നതായിരുന്നു. പണം അയക്കുന്നതിന് ബാങ്ക് സന്ദർശിക്കുകയും ഫോമുകൾ പൂരിപ്പിക്കുകയും സ്ഥിരീകരണത്തിനായി ദിവസങ്ങളോളം കാത്തിരിക്കുകയും വേണമായിരുന്നു. ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്കിത് സാമ്പത്തിക വ്യവസ്ഥയിൽ നിന്നുള്ള പുറന്തള്ളലായിരുന്നു. എന്നാൽ ആ ഇന്ത്യ ഇപ്പോൾ പഴങ്കഥയാണ്.
ഇന്ത്യയുടെ സാമ്പത്തികയാത്ര നൂറ്റാണ്ടുകളിലൂടെ ബാർട്ടർ സമ്പ്രദായത്തിൽ നിന്നും കവടിമുത്തുകളിൽ നിന്നും നാണയങ്ങളിലേക്കും കടലാസ് കറൻസികളിലേക്കും ചെക്കുകളിലേക്കും പരിണമിച്ചു. ആധുനിക ചരിത്രത്തിലും പണമിടപാടുകളുടെ പ്രധാന മാർഗ്ഗം കറൻസിനോട്ടുകൾ തന്നെയായിരുന്നു. ചെക്കുകളും ഡിമാൻഡ് ഡ്രാഫ്റ്റുകളും പണമിടപാടുകളെ ഔദ്യോഗികമാക്കിയെങ്കിലും അവ മന്ദഗതിയിലുള്ളതും ഒരു ചെറിയ വിഭാഗത്തിന് മാത്രം പ്രാപ്യമായതുമായിരുന്നു. ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങൾ പ്രധാനമായും നഗരകേന്ദ്രീകൃതമായിരുന്നു. ഇത് ഗ്രാമീണമേഖലയിലെയും ഉൾപ്രദേശങ്ങളിലെയും ജനങ്ങൾക്ക് സേവനങ്ങൾ വേണ്ടത്ര ലഭിക്കാത്ത സാഹചര്യമുണ്ടാക്കി.
രണ്ടായിരങ്ങളുടെ തുടക്കം പണമിടപാടുകളിലെ ഡിജിറ്റൽ പരിവർത്തനത്തിന്റെ തുടക്കമായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2004-ൽ റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS), 2010-ൽ ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (IMPS) തുടങ്ങിയ സംവിധാനങ്ങൾ അവതരിപ്പിച്ചു, ഇത് വേഗതയേറിയതും 24 മണിക്കൂറും ലഭ്യമാകുന്നതുമായ പണമിടപാടുകൾ സാധ്യമാക്കി. ഇവ സുപ്രധാന നാഴികക്കല്ലുകളായിരുന്നു, എന്നാൽ അവയുടെ വ്യാപ്തി ബാങ്കിംഗ് വ്യവസ്ഥയ്ക്കുള്ളിലുള്ളവരിലേക്ക് മാത്രമായി പരിമിതപ്പെട്ടിരുന്നു. കൂടാതെ ഔദ്യോഗിക സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം പലർക്കും പരിമിതമായി തുടർന്നു.
ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം വായ്പ, ഇൻഷുറൻസ് അല്ലെങ്കിൽ സുരക്ഷിതമായ സമ്പാദ്യം എന്നിവ ലഭ്യമല്ലാതെ ഔദ്യോഗിക സാമ്പത്തികമേഖലയ്ക്ക് പുറത്തായിരുന്നു. വിപുലീകരിക്കാൻ കഴിയുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും തത്സമയ ലഭ്യമാകുന്നതുമായ ഒരു ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തിന്റെ അഭാവം കാരണം സാമ്പത്തിക വളർച്ചയുടെ ഗുണങ്ങൾ പൂർണ്ണമായി എല്ലാവരിലേക്കും എത്തിയില്ല. ഒരു പരിവർത്തനാത്മക മാറ്റത്തിന്റെ ആവശ്യകത വ്യക്തമായിരുന്നു. ആ ആവശ്യമാണ് ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് വിപ്ലവത്തിന് വേദിയൊരുക്കിയത്.
JAM ത്രയം: ഡിജിറ്റൽ ബാങ്കിംഗിലെ ഒരു ഘടനാപരമായ മുന്നേറ്റം
ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് പരിവർത്തനം കെട്ടിപ്പടുത്തിരിക്കുന്നത് മൂന്ന് പ്രധാന സ്തംഭങ്ങൾ ഉൾക്കൊള്ളുന്ന ഒരു അടിസ്ഥാന ഘടനയിലാണ്: പ്രധാൻമന്ത്രി ജൻ-ധൻ യോജന (ജൻ ധൻ), ആധാർ, മൊബൈൽ കണക്റ്റിവിറ്റി എന്നിവയാണവ. ഇവയെ സംയുക്തമായി 'ജാം (JAM) ത്രയം' എന്നുവിളിക്കുന്നു. ഓരോ സ്തംഭവും വ്യത്യസ്തമായ ലക്ഷ്യങ്ങളാണ് നിറവേറ്റുന്നതെങ്കിലും ഒത്തുചേർന്ന് അവ ചോർച്ചകൾ കുറയ്ക്കുകയും ഔദ്യോഗിക ബാങ്കിംഗിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയും ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നതിന് പൗരന്മാരെ സജ്ജരാക്കുകയും ചെയ്തുകൊണ്ട് സാമ്പത്തിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തി.
“JAM ത്രയം നമ്മുടെ ബാങ്കിംഗിനെ തീർത്തും വ്യത്യസ്തമായ ഒരു തലത്തിലേക്ക് എത്തിച്ചു."
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ
സീറോ ബാലൻസ് അക്കൗണ്ടുകൾ വൻതോതിൽ തുടങ്ങാൻ സൗകര്യമൊരുക്കിയതിലൂടെ പ്രധാൻമന്ത്രി ജൻ-ധൻ യോജന ദശലക്ഷക്കണക്കിന് ആളുകളെ ഔദ്യോഗിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവന്നു. ഇത് ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ പോലും സാമ്പത്തികമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു. വിശ്വസനീയമായ ഒരു ഡിജിറ്റൽ ഐഡന്റിറ്റി നൽകിക്കൊണ്ട് ആധാർ ഈ അടിത്തറയെ ശക്തിപ്പെടുത്തി. ഇത് കൃത്യമായ ലക്ഷ്യനിർണ്ണയവും തടസ്സമില്ലാത്ത സേവന വിതരണവും സാധ്യമാക്കി. ഇവ രണ്ടിനും പൂരകമായി മൊബൈൽ കണക്റ്റിവിറ്റിയുടെയും ഇന്റർനെറ്റ് ലഭ്യതയുടെയും ദ്രുതഗതിയിലുള്ള വിപുലീകരണം ആശയവിനിമയം, ആധികാരികത ഉറപ്പാക്കൽ, പണമിടപാടുകൾ എന്നിവയ്ക്കായി സൗകര്യപ്രദവും തത്സമയവുമായ ഒരു മാധ്യമം പൗരന്മാർക്ക് നൽകി അവരെ ശാക്തീകരിച്ചു.
ഈ സംയോജിത ചട്ടക്കൂടിന്റെ പൂർണ്ണരൂപം വെളിവായത് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലൂടെയാണ്. ഇത് ഗവൺമെന്റ് ആനുകൂല്യങ്ങൾ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്നത് ലളിതമാക്കി. ഇടനിലക്കാരെ ഒഴിവാക്കിയും സുതാര്യത വർദ്ധിപ്പിച്ചും ഡിബിടി (DBT) കാര്യക്ഷമത മെച്ചപ്പെടുത്തുന്നതോടൊപ്പം ഡിജിറ്റൽ സംവിധാനങ്ങളിൽ വിശ്വാസം വളർത്തുകയും ചെയ്തു.
പ്രധാനമായും ഈ പരിവർത്തനം കേവലം സേവനങ്ങൾ ലഭ്യമാക്കുന്നതിൽ മാത്രം ഒതുങ്ങിനിന്നില്ല, മറിച്ച് പങ്കാളിത്തം കൂടി സാധ്യമാക്കി. പൗരന്മാർ ഡിബിടിയുമായി (DBT) സഹകരിച്ചതോടെ അവർ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിചിതരായി. ഇത് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ വ്യാപകമായ സ്വീകാര്യതയ്ക്ക് വഴിയൊരുക്കി.
യുപിഐ (UPI): ഒരു സമൂലമായ നവീകരണം

2016-ൽ, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 'യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്' (UPI) ആരംഭിച്ചു. ഇന്ത്യയിൽ പണം കൈമാറ്റം ചെയ്യപ്പെടുന്ന രീതിയെ മൗലികമായി ലളിതമാക്കിയ ഒരു സംവിധാനമാണിത്. യുപിഐയുടെ കാതൽ എന്നത്, വിശദമായ ബാങ്കിംഗ് വിവരങ്ങൾ പങ്കുവെക്കേണ്ട ആവശ്യമില്ലാതെ തന്നെ ഒരു 'വെർച്വൽ പേയ്‌മെന്റ് അഡ്രസ്' വഴി ഏത് ബാങ്ക് അക്കൗണ്ടിനെയും മറ്റൊന്നുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നുവെന്നതാണ്.
യുപിഐ എന്ന ആശയം അതിന്റെ ലാളിത്യം കൊണ്ട് വിപ്ലവകരമായിരുന്നു. ഓർത്തുവെക്കാൻ അക്കൗണ്ട് നമ്പറുകൾ ഇല്ല. അക്കൗണ്ട് നമ്പറുകൾ, IFSC കോഡുകൾ തുടങ്ങിയ സങ്കീർണ്ണമായ വിവരങ്ങൾക്ക് പകരം ലളിതമായ ഒരു ഇന്റർഫേസ് ഇത് നൽകുന്നു. ഉടനടിയുള്ള പണമിടപാടുകൾ ആരംഭിക്കുന്നതിന് ഉപയോക്താക്കൾക്ക് ഒരു മൊബൈൽ നമ്പറും യുപിഐ ഐഡിയും സുരക്ഷിതമായ ആധികാരികത ഉറപ്പാക്കലും മാത്രം മതി. ഇടപാടുകൾ തത്സമയം നടക്കുന്നു. കൂടാതെ 24 മണിക്കൂറും ലഭ്യവും വിവിധ ബാങ്കുകൾക്കും ആപ്ലിക്കേഷനുകൾക്കുമിടയിൽ തടസ്സമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നു.
യുപിഐയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ഈ പരസ്പര പ്രവർത്തനക്ഷമത നിർണ്ണായകമായിട്ടുണ്ട്. 2021-ലെ 216 ബാങ്കുകളിൽ നിന്ന് 2026 ജനുവരിയോടെ 691 ബാങ്കുകളിലേക്ക് ഈ ശൃംഖല വളർന്നു. ഇത് ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കോ പ്ലാറ്റ്‌ഫോമോ ഏതായാലും സുഗമമായി ഇടപാടുകൾ നടത്താൻ കഴിയുന്ന ഒരു ഏകീകൃത പണമിടപാട് ഇൻഫ്രാസ്ട്രക്ചറായി മാറി. സമാന്തരമായി ഇതിന്റെ കുറഞ്ഞ ചെലവിലുള്ള ഘടന വ്യക്തികൾക്കും വ്യാപാരികൾക്കും ഒരുപോലെ തടസ്സങ്ങൾ കുറച്ചു. ഒപ്പം ബാങ്കുകൾക്കും ഫിൻടെക് സംരംഭകർക്കും ഇടയിൽ നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
യുപിഐയുടെ വ്യാപ്തി വർദ്ധിച്ചതോടെ അതിന്റെ സ്വാധീനം പണമിടപാടുകളുടെ ലാളിത്യത്തിനും അപ്പുറത്തേക്ക് വ്യാപിച്ചു. വ്യക്തികളും ചെറുകിട ബിസിനസ്സുകാരും അസംഘടിത മേഖലയിലെ തൊഴിലാളികളും സാമ്പത്തിക വ്യവസ്ഥയിൽ പങ്കുചേരുന്ന രീതിയെ ഇത് പുനർനിർമ്മിക്കാൻ തുടങ്ങി. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ പ്രാപ്യവും വിശ്വസനീയവുമായി മാറുകയും വിവിധ പ്രദേശങ്ങളിലും വരുമാന വിഭാഗങ്ങളിലും ഉടനീളം വ്യാപകമായി സ്വീകരിക്കപ്പെടുകയും ചെയ്തു.
UPI കണക്കുകളിൽ: വ്യാപ്തി, വേഗത, ആഗോള നേതൃത്വം
|
21.70 ബില്യൺ
2026 ജനുവരിയിൽ മാത്രം നടന്ന ഇടപാടുകൾ
|
₹28.33 ലക്ഷം കോടി
2026 ജനുവരിയിൽ കൈമാറ്റം ചെയ്യപ്പെട്ട തുക
|
81%
ഇന്ത്യയിലെ ആകെ റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളിലെ വിഹിതം
|
|
49%
ആഗോള തത്സമയ പണമിടപാടുകളിൽ ഇന്ത്യയുടെ വിഹിതം
|
യുപിഐ: ഇടപാടുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനം (IMF)
|
10 വർഷത്തിൽ താഴെ
ലോകത്തെ നയിക്കുന്ന ഒരു പണമിടപാട് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ എടുത്ത സമയം
|
സൗകര്യങ്ങൾക്കും അപ്പുറം: സാമ്പത്തിക പ്രാപ്യതയുടെ വിപുലീകരണം
പണമിടപാടുകൾ ലളിതമാക്കുന്നതിനപ്പുറം സാമ്പത്തിക വ്യവസ്ഥയിലെ പങ്കാളിത്തത്തെ പുനർനിർമ്മിക്കുന്ന തലത്തിലേക്ക് യുപിഐ (UPI) വളർന്നിരിക്കുന്നു. തൽക്ഷണവും കുറഞ്ഞ ചെലവിലുള്ളതുമായ ഇടപാടുകൾ സാധ്യമാക്കിയതിലൂടെ ഇത് പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് ഔദ്യോഗിക സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തു. ചെറുകിട വ്യാപാരികളെയും അസംഘടിത മേഖലയിലെ തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം ഈ മാറ്റം സവിശേഷമാണ്. ഇത് വായ്പ, ഇൻഷുറൻസ്, സമ്പാദ്യം എന്നിവയിലേക്കുള്ള പുതിയ വഴികൾ തുറന്നുനൽകുന്നു.
യഥാർത്ഥ കഥ നിലനിൽക്കുന്നത് ഇടപാടുകളുടെ എണ്ണത്തിലല്ല, മറിച്ച് ആരാണ് ഇടപാടുകൾ നടത്തുന്നത് എന്നതിലാണ്. ഓട്ടോറിക്ഷാ ഡ്രൈവർമാർ ക്യുആർ കോഡുകൾ വഴി പണം സ്വീകരിക്കുന്നു. ഗ്രാമീണ ഇടനിലക്കാരുടെ പണമിടപാടുകൾ തൽക്ഷണം തീർപ്പാക്കുന്നു. തെരുവുകച്ചവടക്കാർക്ക് ഇനി ചില്ലറ പൈസയ്ക്കായി ബുദ്ധിമുട്ടേണ്ടിവരുന്നില്ല. ഒരു സാധാരണ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് സെക്കന്റുകൾക്കുള്ളിൽ ഒരു വീട്ടുജോലിക്കാരിക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് പണം അയക്കാൻ കഴിയുന്നു. ഈ സംവിധാനത്തിലൂടെ നഗരവും ഗ്രാമവും തമ്മിലുള്ളതോ ഔദ്യോഗികവും അനൗദ്യോഗികവും തമ്മിലുള്ളതോ ആയ വ്യത്യാസങ്ങൾ ക്രമേണ ഇല്ലാതാകുന്നു. ഇത് സാമ്പത്തിക ഉൾപ്പെടുത്തലിലേക്കുള്ള നിർണ്ണായകമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു.
അതേസമയം തന്നെ, യുപിഐ കൂടുതൽ വിപുലമായ ഒരു സാമ്പത്തിക പ്ലാറ്റ്‌ഫോമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. യുപിഐ ലൈറ്റ് വേഗത്തിലുള്ളതും ചെറിയ തുകയിലുള്ളതുമായ പണമിടപാടുകളെ പിന്തുണയ്ക്കുമ്പോൾ യുപിഐ ഓട്ടോപേ യൂട്ടിലിറ്റി ബില്ലുകളും സബ്‌സ്‌ക്രിപ്‌ഷനുകളും പോലുള്ള ആവർത്തിച്ചുള്ള ചെലവുകൾ ലളിതമാക്കുന്നു. മുൻകൂട്ടി അംഗീകരിച്ച ക്രെഡിറ്റ് ലൈനുകൾ ലഭ്യമാക്കുന്നതിലൂടെ 'ക്രെഡിറ്റ് ഓൺ യുപിഐ' അതിന്റെ വ്യാപ്തി കൂടുതൽ വർദ്ധിപ്പിക്കുന്നു. ഈ ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി എൻബിഎഫ്‌സികളും (NBFC) ഫിൻടെക് കമ്പനികളും വായ്പകൾ നൽകുകയും തിരിച്ചടവ് സാധ്യമാക്കുകയും അനുയോജ്യമായ സാമ്പത്തിക ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ രാജ്യത്തുടനീളം ഔദ്യോഗിക സാമ്പത്തിക സേവനങ്ങളുടെ ലഭ്യത വർദ്ധിക്കുന്നു.
ഡിജിറ്റൽ പണമിടപാടുകൾ: പ്രാപ്യത, കാര്യക്ഷമത, സുരക്ഷ, വിശ്വാസം എന്നിവ വർദ്ധിപ്പിക്കുന്നു
വികസിച്ചുകൊണ്ടിരിക്കുന്ന ഈ ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കി യുപിഐ ഇപ്പോൾ രാജ്യത്തിന്റെ ദൈനംദിന സാമ്പത്തിക ഘടനയുടെ ഭാഗമായി മാറിയിരിക്കുന്നു. സൗകര്യത്തിനായുള്ള ഒരു ഉപകരണമായി തുടങ്ങിയത് ഇന്ന് വ്യക്തികൾക്കും ബിസിനസ്സുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും ഒരുപോലെ പിന്തുണ നൽകുന്ന വിശ്വസനീയമായ ഒരു സംവിധാനമായി പരിണമിച്ചിരിക്കുന്നു.
ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ലാളിത്യവും വിശ്വാസവുമാണ് ഈ അനുഭവത്തെ നിർവചിക്കുന്നത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരൊറ്റ ആപ്ലിക്കേഷനിലൂടെ എപ്പോൾ വേണമെങ്കിലും എവിടെനിന്നും ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും. രഹസ്യസ്വഭാവമുള്ള ബാങ്കിംഗ് വിവരങ്ങൾ പങ്കിടേണ്ട ആവശ്യമില്ല, കൂടാതെ അന്തർനിർമ്മിതമായ സുരക്ഷാ സംവിധാനങ്ങൾ പണമിടപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു. ആപ്പുകൾക്കുള്ളിലെ പിന്തുണാ സംവിധാനങ്ങൾ പരാതി പരിഹാരം കൂടുതൽ ലളിതമാക്കുന്നു, ഇത് ആദ്യമായി ഉപയോഗിക്കുന്നവർക്ക് പോലും ഈ സംവിധാനം പ്രാപ്യമാക്കുന്നു.
ഈ വിശ്വാസത്തെ കൂടുതൽ ദൃഢമാക്കിക്കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ പണമിടപാടുകൾക്കായി പരിഷ്കരിച്ച ആധികാരികത ഉറപ്പാക്കൽ സംവിധാനങ്ങൾ 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ കൊണ്ടുവന്നു. 'ടു-ഫാക്ടർ ഓതന്റിക്കേഷൻ' നിർബന്ധമാക്കിയതോടെ ഓരോ ഇടപാടും പിൻ, ബയോമെട്രിക്സ് അല്ലെങ്കിൽ സുരക്ഷിതമായ ടോക്കണുകൾക്കൊപ്പം OTP എന്നിങ്ങനെ ഒന്നിലധികം തലങ്ങളിലൂടെ പരിശോധിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു. ഇത് തട്ടിപ്പുകൾക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നതോടൊപ്പം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വ്യാപാരികൾക്ക് കറൻസി കൈകാര്യം ചെയ്യാതെ തന്നെ വേഗത്തിലും കാര്യക്ഷമമായും പണം സ്വീകരിക്കാനുള്ള വഴി ഇത് വാഗ്ദാനം ചെയ്യുന്നു. കാർഡുകളോ പണമോ നൽകുന്നതിനേക്കാൾ മൊബൈൽ വഴിയുള്ള പേയ്‌മെന്റുകൾ ഇഷ്ടപ്പെടുന്നവർ ഉൾപ്പെടെയുള്ള വിശാലമായ ഒരു ഉപഭോക്തൃനിരയെ സേവിക്കാൻ ഇത് ബിസിനസ്സുകളെ പ്രാപ്തരാക്കുന്നു. ചെറിയ കടകളിലായാലും തെരുവുവിപണികളിലായാലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലായാലും പണമിടപാടുകൾ തൽക്ഷണം പൂർത്തിയാകുന്നു. ഇത് കാലതാമസവും പണം കൈകാര്യം ചെയ്യൽ അല്ലെങ്കിൽ ബാക്കി നൽകൽ തുടങ്ങിയ പ്രവർത്തനപരമായ വെല്ലുവിളികളും കുറയ്ക്കുന്നു.
ബാങ്കുകളെയും സാമ്പത്തിക സ്ഥാപനങ്ങളെയും സംബന്ധിച്ചിടത്തോളം സുരക്ഷിതമായ തത്സമയ ഇടപാടുകൾ സാധ്യമാക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് സേവന വിതരണം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ വലിയ തോതിലുള്ള വ്യക്തിഗത ഇടപാടുകളെയും വ്യാപാര ഇടപാടുകളെയും ഇവ പിന്തുണയ്ക്കുന്നു. ഇത് കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഔദ്യോഗിക സാമ്പത്തിക സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ നവീകരണം: ഒരു ആഗോള സ്വാധീനം സൃഷ്ടിക്കുന്നു
ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് ആവാസവ്യവസ്ഥ ആഭ്യന്തര ആവശ്യങ്ങൾ പരിഹരിക്കുക മാത്രമല്ല, ആഗോളതലത്തിൽ ഒരു മാതൃകയായി ഉയർന്നുവരികയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധി (IMF), ലോകബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിന്റെ വ്യാപ്തിയെയും കാര്യക്ഷമതയെയും ഉൾക്കൊള്ളുന്ന സ്വഭാവത്തെയും അംഗീകരിച്ചിട്ടുണ്ട്.
യുപിഐ വഴി പ്രതിമാസം 2,000 കോടിയിലധികം ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്ന ഇന്ത്യയുടെ നേട്ടം മറ്റ് തത്സമയ പണമിടപാട് സംവിധാനങ്ങൾക്കൊന്നും അവകാശപ്പെടാനില്ലാത്ത പ്രവർത്തന വ്യാപ്തിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള ലോക നേതാക്കൾ നിരീക്ഷിച്ചിട്ടുണ്ട്.
യുപിഐ ദേശീയ അതിർത്തികൾക്കും അപ്പുറത്തേക്ക് വ്യാപിച്ചു. ഇപ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ്, ഖത്തർ തുടങ്ങി നിരവധി രാജ്യങ്ങളിലെ പണമിടപാട് സംവിധാനങ്ങളുമായി ഇത് പ്രവർത്തിക്കുകയോ ബന്ധിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. വളർന്നുവരുന്ന ഈ അന്താരാഷ്ട്ര സാന്നിധ്യം അതിർത്തി കടന്നുള്ള ഇടപാടുകൾ സുഗമമാക്കുകയും വിദേശത്തുനിന്നുള്ള പണമയക്കലിനെ പിന്തുണയ്ക്കുകയും സാമ്പത്തിക ഉൾപ്പെടുത്തലിന് സംഭാവന നൽകുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ആഗോള ഫിൻടെക് രംഗത്ത് ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
യുപിഐ: ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകൾക്ക് ഒരു അനുഗ്രഹം
സാമ്പത്തിക സേവനങ്ങൾ ലഭിക്കുന്നവരും സാമ്പത്തികമായി അവഗണിക്കപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം യുപിഐ ഇല്ലാതാക്കി. ഗ്രാമീണ-അർദ്ധ നഗര ഇന്ത്യ ഇപ്പോൾ മെട്രോപൊളിറ്റൻ നഗരങ്ങളെപ്പോലെ തന്നെ വേഗത്തിലും അനായാസമായും ഇടപാടുകൾ നടത്തുന്നു.
പത്ത് വർഷത്തിനുള്ളിൽ നിർമ്മിച്ച ഈ തദ്ദേശീയ സംവിധാനം ഇപ്പോൾ ലോകത്തെ നയിക്കുന്നു. ബാങ്കിംഗ് സേവനമില്ലാത്തവരെ ഉൾപ്പെടുത്താനുള്ള ശ്രമമായി തുടങ്ങിയത് ഇന്ന് തത്സമയ പണമിടപാടുകളുടെ ആഗോള മാനദണ്ഡമായി മാറിയിരിക്കുന്നു. ക്യൂവിൽ നിന്ന് ക്യുആർ കോഡുകളിലേക്കുള്ള ഇന്ത്യയുടെ യാത്ര, എല്ലാവരെയും ഉൾക്കൊള്ളുന്ന നവീകരണത്തിന്റെ കരുത്തിനെ പ്രതിഫലിപ്പിക്കുന്നു.
യുപിഐ ഒരു പണമിടപാട് സംവിധാനം മാത്രമല്ല; അതൊരു ജനകീയ പ്ലാറ്റ്‌ഫോമാണ്. ഇത് സാമ്പത്തിക ഇടപാടുകളെ കൂടുതൽ വേഗമേറിയതും ലളിതവും സുതാര്യവും യഥാർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതുമാക്കി മാറ്റി. അതിലൂടെ ഇന്ത്യ എങ്ങനെ പണമടയ്ക്കുന്നുവെന്ന് മാത്രമല്ല, ഇന്ത്യ എങ്ങനെ പുരോഗമിക്കുന്നുവെന്നതിനെയും ഇത് മാറ്റിമറിച്ചിരിക്കുന്നു.
References:
Ministry of Finance:
Ministry of Electronics & IT:
National Payments Corporation of India (UPI):
Reserve Bank of India:
PIB Backgrounders:
Click here to see pdf
***
SK
(Features ID: 158581)
आगंतुक पटल : 31
Provide suggestions / comments