• Sitemap
  • Advance Search
Social Welfare

വനങ്ങളിൽ നിന്ന് ഫാഷനിലേക്ക്

ആഗോള മൂല്യശൃംഖലയിലേക്ക് ചുവടുവെച്ച് ഗോത്ര ഇന്ത്യ

Posted On: 27 MAR 2026 10:37AM

ഇന്ത്യയുടെ ഗോത്രമേഖലകളിലെ നിശബ്ദ വിപ്ലവം

ആഗോള സമ്പദ്‌വ്യവസ്ഥയിൽ തങ്ങളുടെ സ്ഥാനം പുനർനിർവചിക്കുകയാണ് ഇന്ത്യയിലെ ഗോത്രസമൂഹങ്ങൾ. ആധുനിക ഉപഭോക്താക്കളെ ആകർഷിക്കുന്ന സുസ്ഥിരവും ഉയർന്ന മൂല്യമുള്ളതുമായ ഉത്പന്നങ്ങളാക്കി വനത്തെ ആശ്രയിച്ചുള്ള ഉപജീവനമാർഗ്ഗങ്ങളെ അവർ മാറ്റുന്നു. ഉപജീവനത്തിൽ നിന്ന് സംരംഭകത്വത്തിലേക്കുള്ളതാണ് ഈ മാറ്റം. ഇവിടെ ഗോത്ര സമ്പദ്‌വ്യവസ്ഥകൾ ഒറ്റപ്പെട്ടതല്ല, മറിച്ച് ദേശീയ-ആഗോള വിപണികളുമായി സംയോജിപ്പിക്കപ്പെട്ട ഒന്നായി മാറുന്നു.

ഈ പരിവർത്തനത്തിന്റെ ഉജ്ജ്വലമായ കാഴ്ചകൾ 2026 മാർച്ച് 18 മുതൽ 30 വരെ ന്യൂഡൽഹിയിലെ സുന്ദർ നഴ്സറിയിൽ നടക്കുന്ന 'ഭാരത് ട്രൈബ്സ് ഫെസ്റ്റ് 2026'- പ്രദർശിപ്പിക്കുന്നു. ട്രൈബൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്‌മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ (TRIFED), കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവുമായി ചേർന്നാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഗോത്ര പൈതൃകം അതിന്റെ ഏറ്റവും ചടുലമായ രൂപത്തിൽ ആവിഷ്കരിക്കപ്പെടുന്ന ഒരു ദേശീയ വേദിയായി ഈ ഉത്സവം വർത്തിക്കുന്നു. കരകൗശലം, സംസ്കാരം, സംരംഭകത്വം, ഉപജീവനമാർഗ്ഗങ്ങൾ എന്നിവ ആഘോഷിക്കുന്ന ഈ മേള, രാജ്യത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ മേഖലകളിൽ ഗോത്ര പാരമ്പര്യങ്ങളെ മുൻനിരയിലേക്ക് എത്തിക്കുന്നു.

'റിസ' (RISA) പോലുള്ള പ്രീമിയം ഗോത്രവർഗ്ഗ ബ്രാൻഡുകളും വൻ ധൻ യോജന, ട്രൈബ്സ് ഇന്ത്യ നെറ്റ്‌വർക്ക് തുടങ്ങിയ പദ്ധതികളും ഉൾപ്പെടെയുള്ള ലക്ഷ്യബോധമുള്ള നയപരമായ ഇടപെടലുകളാണ് ഈ മാറ്റത്തിന് കരുത്തേകുന്നത്. ഗോത്രവർഗ്ഗ കരകൗശല വിദഗ്ധർ വനത്തെ അടിസ്ഥാനമാക്കിയുള്ള ഉപജീവന സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ആഗോള മൂല്യശൃംഖലയിലെ സജീവ പങ്കാളിത്തത്തിലേക്ക് മാറുകയാണ്. ഇവിടെ പൈതൃകവും അഭിലാഷവും ഒരുപോലെ ഒത്തുചേരുന്നു. വനങ്ങൾ ഫാഷനെ കണ്ടുമുട്ടുകയും പാരമ്പര്യ കഴിവുകൾക്ക് അവയുടെ യഥാർത്ഥ വിപണിമൂല്യം ലഭിക്കുകയും ചെയ്യുന്ന ഒരു കാഴ്ചയാണ് ഇവിടെ രൂപപ്പെടുന്നത്.

മേളയുടെ പ്രധാന ആകർഷണങ്ങൾ

  • 75 വൻ ധൻ വികാസ് കേന്ദ്രങ്ങൾ
  • 400-ലധികം ഗോത്രവർഗ്ഗ കലാകാരന്മാർ
  • 17 തത്സമയ പ്രദർശനങ്ങൾ
  • 310 കല-കരകൗശല പങ്കാളികൾ
  • 120 ഗോത്ര ഭക്ഷണവിഭവ പങ്കാളികൾ

ട്രൈബ്സ് ഇന്ത്യ മോഡൽ: വൻ ധൻ മുതൽ മൂല്യശൃംഖല വരെ

ഉപജീവന സുരക്ഷയും വിപണിപ്രവേശനവും സംയോജിപ്പിക്കുന്ന സ്ഥാപനപരമായ ചട്ടക്കൂടുകളിലൂടെ ഇന്ത്യയുടെ ഗോത്ര സമ്പദ്‌വ്യവസ്ഥ ക്രമാനുഗതമായി പുനർനിർമ്മിക്കപ്പെടുന്നു. രാജ്യത്തെ ഏറ്റവും മികച്ച വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധരായ ഗോത്രസമൂഹങ്ങൾക്ക് കേവലം പിന്തുണയേക്കാൾ ഉപരിയായി ശാക്തീകരണമാണ് ആവശ്യമെന്ന് ​ഗവൺമെന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിതരണക്കാരിൽ നിന്ന് ആഗോള വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന ബ്രാൻഡുകളുടെ സ്രഷ്ടാക്കളായും ഉടമകളായും അവരെ മാറ്റുന്ന ഒരു ഘടനാപരമായ പരിവർത്തനം സാധ്യമാക്കുക എന്നതാണ് ഇതിനർത്ഥം.

ട്രൈഫെഡിന്റെ (TRIFED) നേതൃത്വത്തിലുള്ള ട്രൈബ്സ് ഇന്ത്യ നെറ്റ്‌വർക്ക് ഗോത്രവർഗ്ഗ ഉത്പാദകരെ നഗരങ്ങളിലെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുകയും ഇടനിലക്കാരുടെ ശൃംഖല ഒഴിവാക്കുകയും ചെയ്യുന്നു. ഗോത്രവർഗ്ഗ ഉത്പന്നങ്ങൾ സംഭരിക്കുന്നവർക്ക് സുസ്ഥിരമായ ഉപജീവനമാർഗ്ഗം ഉറപ്പാക്കുന്നതിനായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവും ട്രൈഫെഡും ചേർന്ന് ആരംഭിച്ച കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളാണ് വൻ ധൻ വികാസ് കേന്ദ്രങ്ങൾ (VDVK). ഗോത്രവർഗ്ഗക്കാരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ചെറുകിട വനവിഭവങ്ങളുടെ (MFP) മൂല്യവർദ്ധന, സംസ്‌കരണം, ബ്രാൻഡിംഗ് എന്നിവയിൽ ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഓരോ വൻ ധൻ വികാസ് കേന്ദ്രം ക്ലസ്റ്ററും 15 ഗോത്രവർഗ്ഗ സ്വയം സഹായ സംഘങ്ങളുടെ (SHG) ഒരു ഫെഡറേഷനായിട്ടാണ് രൂപീകരിച്ചിരിക്കുന്നത്. ഇവ വൻ ധൻ കേന്ദ്രങ്ങളെന്നും അറിയപ്പെടുന്നു. ഓരോ സ്വയം സഹായ സംഘത്തിലും 20 വരെ ഗോത്രവർഗ്ഗ വനവിഭവങ്ങൾ സംഭരിക്കുന്നവരോ കരകൗശല വിദഗ്ധരോ ഉണ്ടാകും. ഇത് ഒരു ക്ലസ്റ്ററിനുള്ളിൽ ഏകദേശം 300 ഗുണഭോക്താക്കളെ ഒരുമിച്ച് കൊണ്ടുവരികയും കൂട്ടായ സംരംഭകത്വ വികസനം സാധ്യമാക്കുകയും ചെയ്യുന്നു.

ഈ മാതൃക കൂട്ടായ സംഭരണം, പങ്കിട്ട സംസ്‌കരണ സംവിധാനങ്ങൾ, നൈപുണ്യ വികസനം, ശക്തമായ വിപണിബന്ധങ്ങൾ എന്നിവ സാധ്യമാക്കുന്നു. അതിലൂടെ കാര്യക്ഷമതയും വിലപേശൽ ശേഷിയും വർദ്ധിപ്പിക്കുന്നു. ബസ്തറിൽ മഹുവാ (ഇലിപ്പ) അല്ലെങ്കിൽ പുളി സംസ്‌കരിക്കുന്ന സ്ത്രീകൾ ഇപ്പോൾ കർഷകർ മാത്രമല്ല. അവർ ഔദ്യോഗിക മൂല്യശൃംഖലകളുടെ ഭാഗമായ ചെറുകിട സംരംഭകരായി ഉയർന്നുവരുകയാണ്. അതേസമയം, 'റിസ' (RISA) ഗോത്രവർഗ്ഗ കരകൗശല വിദ്യയെ ആഗോള വിപണിയിൽ ഒരു പ്രീമിയം ഉൽപ്പന്നമായി പുനഃപ്രതിഷ്ഠിച്ചുകൊണ്ട് അതിന്റെ മൂല്യം ഉയർത്തുന്നു.

ഗോത്രവർഗ്ഗ ഉത്പാദകർ വനവിഭവങ്ങളും ചെറുകിട വനവിഭവങ്ങളും കരകൗശല വസ്തുക്കളും ഈ വൻ ധൻ വികാസ് കേന്ദ്രങ്ങളിൽ എത്തിക്കുന്നു. അവിടെ ഗുണനിലവാരം അനുസരിച്ചുള്ള തരംതിരിക്കൽ, മൂല്യവർദ്ധന, പാക്കേജിംഗ്, ഡോക്യുമെന്റേഷൻ എന്നിവ നടക്കുന്നു. അവിടെനിന്ന് ഉത്പന്നങ്ങൾ ട്രൈബ്സ് ഇന്ത്യയുടെ റീട്ടെയിൽ ശൃംഖലയിലൂടെ അഥവാ പ്രധാന വിമാനത്താവളങ്ങളിലെയും പ്രീമിയം മാളുകളിലെയും സ്റ്റോറുകൾ വഴിയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും അന്താരാഷ്ട്ര വ്യാപാരികളിലേക്കും വ്യാപാര വിപണികളിലേക്കും എത്തുന്നു.

സാംസ്കാരികത്തനിമ ഒട്ടും ചോർന്നുപോകാതെ തന്നെ പരമ്പരാഗത കരകൗശല വസ്തുക്കളെ ആധുനിക ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കനുസൃതമായി മാറ്റിയെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) ഉൾപ്പെടെയുള്ള ഡിസൈൻ സ്ഥാപനങ്ങളുമായി ട്രൈഫെഡ് (TRIFED) പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിൽ നിന്നുള്ള ഒരു ഡോക്ര പെൻഡന്റ് പണ്ട് പ്രാദേശിക ഇടനിലക്കാർക്ക് തുച്ഛമായ തുകയ്ക്ക് വിറ്റിരുന്നതെങ്കിൽ ഇപ്പോൾ അതിന്റെ അംഗീകൃത സ്വത്വത്തിന് കീഴിൽ അതിന്റെ പലമടങ്ങ് മൂല്യം നേടുന്നു.

റിസ (RISA): ടൈംലെസ് ട്രൈബൽ ഒരു പ്രീമിയം ഗോത്രവർഗ്ഗ ബ്രാൻഡ്

ഗോത്രവർഗ്ഗ കരകൗശല വസ്തുക്കളെ പ്രീമിയം ആഭ്യന്തര-ആഗോള വിപണികളിൽ എത്തിക്കുന്നതിനായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഒരു മുൻനിര പദ്ധതിയാണ് റിസ (RISA). ത്രിപുരയിലെ പരമ്പരാഗത 'റിസ' തുണിത്തരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ബ്രാൻഡ് പൈതൃകത്തെ ആധുനിക രൂപകൽപ്പനയോടും ബ്രാൻഡിംഗിനോടും സമന്വയിപ്പിക്കുന്നു.

പ്രധാന സവിശേഷതകൾ

  • ആധുനികവും വിപണിക്ക് അനുയോജ്യവുമായ വസ്തുക്കൾക്കായി ഡിസൈനർമാരും കരകൗശല വിദഗ്ധരും തമ്മിലുള്ള സഹകരണം.
  • നവീനത, ഗുണനിലവാരം, ആഗോളതലത്തിലുള്ള സ്ഥാനം എന്നിവയിൽ ഊന്നൽ.
  • ഗോത്രവർഗ്ഗ കരകൗശല ക്ലസ്റ്ററുകളുടെ വികസനവും ശാക്തീകരണവും.

പ്രദർശിപ്പിക്കുന്ന കരകൗശല വസ്തുക്കൾ

  • എറി & മൂഗ സിൽക്ക് അസം
  • കോട്ട്പാഡ് കോട്ടൺ ഒഡീഷ
  • ചാങ്‌പ പഷ്മിന ലഡാക്ക്
  • ടോഡ എംബ്രോയ്ഡറി തമിഴ്‌നാട്
  • ഡോക്ര കലഛത്തീസ്ഗഢ്
  • ലോംഗ്പി പോട്ടറി (മൺപാത്ര നിർമ്മാണം) മണിപ്പൂർ
  • ടർട്ടുക് ബ്രാസ് കട്ട്‌ലറി (പിത്തള ഉപകരണങ്ങൾ) ലഡാക്ക്
  • ഡോക്ര കല ഛത്തീസ്ഗഢ്

ഗോത്ര സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന സ്ത്രീകൾ

ഈ കഥയിലെ ഏറ്റവും വിപ്ലവകരമായ ഘടകം ലിംഗപദവിയാണ്. സ്ത്രീകൾ ഇവിടെ വെറും നിഷ്ക്രിയരായ ഗുണഭോക്താക്കളല്ല, മറിച്ച് മാറ്റത്തിന് നേതൃത്വം നൽകുന്ന ഉത്പാദകരും നേതാക്കളും ഗുണനിലവാരത്തിന്റെ കാവൽക്കാരുമാണ്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾ സാമ്പത്തിക ശാക്തീകരണത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഇത് കൂട്ടായ സമ്പാദ്യം, മൈക്രോ ലെൻഡിംഗ് (ചെറുകിട വായ്പകൾ), അസംസ്കൃത വസ്തുക്കളിലെ പങ്കിട്ടുള്ള നിക്ഷേപം എന്നിവ സാധ്യമാക്കുന്നു. പലരെയും സംബന്ധിച്ചിടത്തോളം ട്രൈഫെഡ് (TRIFED) അവർക്ക് ആദ്യമായി ഔദ്യോഗിക സാമ്പത്തിക സ്വത്വം നൽകി. മുമ്പ് അംഗീകരിക്കപ്പെടാതിരുന്ന ഉപജീവന പ്രവർത്തനങ്ങളെ രേഖപ്പെടുത്തപ്പെട്ട തൊഴിലായി മാറ്റി.

ഭാരത് ട്രൈബ്സ് ഫെസ്റ്റ് 2026-ൽ ഈ പരിവർത്തനങ്ങൾ അളക്കാവുന്ന ഫലങ്ങളിൽ മാത്രമല്ല ദൃശ്യമാകുന്നത്, മറിച്ച് സ്ത്രീകളുടെ തന്നെ ജീവിതയാഥാർത്ഥ്യങ്ങളിലും കഥകളിലും പ്രതിഫലിക്കുന്നുണ്ട്. ഇത് അവരുടെ ശബ്ദങ്ങളിലേക്കും അനുഭവങ്ങളിലേക്കും ആകർഷകമായ ഒരു ജാലകം തുറന്നുതരുന്നു.

പാരമ്പര്യത്തെ നാളെയുടെ വിപണിയിലേക്ക് നെയ്യുന്ന മാറ്റത്തിന്റെ വക്താക്കൾ

 

മിസോറാമിലെ ലാംഗ്‌ത്‌ലായ് ജില്ലയിലെ കമലാ നഗറിൽ നിന്നുള്ള 24 വയസ്സുകാരിയായ ദേബോങ്ഷി ചക്മ ചക്മ ഗോത്രത്തിൽ നിന്നുള്ള ഒരു യുവ സംരംഭകയാണ്. പാരമ്പര്യങ്ങളെ കൈവിടാതെ അവയെ ആഗോള വിപണിയിലേക്ക് എത്തിക്കുന്ന മാറ്റത്തിന്റെ ശക്തമായ ഒരു കഥയാണ് അവർ നിശബ്ദമായി എഴുതിക്കൊണ്ടിരിക്കുന്നത്. ചക്മ സാംസ്കാരിക പൈതൃകത്തിൽ ആഴത്തിൽ വേരൂന്നിയ അവർ തദ്ദേശീയമായ അറിവുകളെ മാന്യതയിലേക്കും സ്വത്വത്തിലേക്കും സാമ്പത്തിക ശാക്തീകരണത്തിലേക്കുമുള്ള പാതകളായി പുനർവിഭാവനം ചെയ്യുന്നു.

ബോധിബ്ലൂം സൊസൈറ്റിയുടെ സ്ഥാപക എന്ന നിലയിൽ 500-ലധികം അംഗങ്ങളുള്ള ഊർജ്ജസ്വലമായ ഒരു കൂട്ടായ്മയെ ദേബോങ്ഷി നയിക്കുന്നു. വിവാഹമോചിതരായ സ്ത്രീകൾ ഉൾപ്പെടെയുള്ള സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളെ ശാക്തീകരിക്കുന്നതിന് അവർ ശക്തവും ബോധപൂർവ്വവുമായ പ്രാധാന്യം നൽകുന്നു. അവരുടെ ഈ സംരംഭം കേവലം കരകൗശല വിദ്യയിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് വൈവിധ്യപൂർണ്ണവും കമ്മ്യൂണിറ്റി അധിഷ്ഠിതവുമായ ഒരു ഉപജീവന മാതൃകയെ അത് ഉൾക്കൊള്ളുന്നു. കൈത്തറി തുണിത്തരങ്ങൾ, പരമ്പരാഗത ഭക്ഷണ രീതികൾ എന്നിവ മുതൽ ഝൂം (മാറിമാറിയുള്ള) കൃഷി, മുള അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ എന്നിവ വരെ ഉൾപ്പെടുന്ന അവരുടെ പ്രവർത്തനം പരിസ്ഥിതിയെയും സംസ്കാരത്തെയും സംരംഭകത്വത്തെയും തടസ്സമില്ലാതെ സമന്വയിപ്പിക്കുന്നു.

ഒരു സ്ത്രീയും കഷ്ടപ്പെടുന്നതോ തൊഴിലില്ലാതെ ഇരിക്കുന്നതോ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ കമ്മ്യൂണിറ്റിയിലെ ഓരോ സ്ത്രീയും സ്വയംപര്യാപ്തരും ശാക്തീകരിക്കപ്പെട്ടവരും ആകാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് എന്റെ കാഴ്ചപ്പാട്. നമ്മുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കാനും ആഗോള തലത്തിൽ നമ്മുടെ സംസ്കാരത്തെ അഭിമാനപൂർവ്വം പ്രതിനിധീകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

യന്ത്രവൽകൃതമായ അടിസ്ഥാന സൗകര്യങ്ങൾ കുറവായ ഒരു മേഖലയിൽ പ്രവർത്തിക്കുന്ന ദേബോങ്ഷിയുടെ യാത്ര, ഗോത്രസമൂഹങ്ങളുടെ അതിജീവന ശേഷിയും നൈപുണ്യവും എടുത്തുക്കാട്ടുന്നു. ട്രൈഫെഡുമായുള്ള (TRIFED) സഹകരണത്തിലൂടെ അവരുടെ ഉത്പന്നങ്ങൾ ഇപ്പോൾ പ്രാദേശിക വിപണികൾക്ക് അപ്പുറമുള്ള ഉപഭോക്താക്കളിലേക്ക് എത്തുന്നു. ഇത് സാംസ്കാരികത്തനിമ നിലനിർത്തിക്കൊണ്ട് തന്നെ പരമ്പരാഗത രീതികളെ സുസ്ഥിരമായ വരുമാനമാക്കി മാറ്റുന്നു. കൈകൊണ്ട് നിർമ്മിച്ചതും പരിസ്ഥിതി സൗഹൃദവുമായ ഉൽപ്പന്നങ്ങളിലേക്ക് ആഗോള ഉപഭോക്താക്കൾ ആകർഷിക്കപ്പെടുമ്പോൾ അവരുടെ പ്രവർത്തനം സുസ്ഥിരതയുടെയും പൈതൃകത്തിന്റെയും സംഗമസ്ഥാനത്ത് നിലകൊള്ളുന്നു.

പൈതൃകത്തെ കൈത്തറിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നു

 

ജാർഖണ്ഡിലെ കജ്രി ഗ്രാമത്തിൽ നിന്നുള്ള 23 വയസ്സുകാരിയായ ഊർമ്മിള സോൺവാർ എന്ന സാന്താൾ കരകൗശല വിദഗ്ധ, തന്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ ചുറ്റുപാടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു യുവ ഡിസൈനറായി ഉയർന്നുവരികയാണ്. പ്രാദേശികമായ പവിത്രമായ ചടങ്ങായ "ബാര ഖണ്ഡ്" തന്റെ ഗ്രാമത്തിലെ മലനിരകൾ എന്നിവയിൽ നിന്നാണ് അവർ ആശയങ്ങൾ ഉൾക്കൊള്ളുന്നത്. ഈ ഘടകങ്ങളെ കാഴ്ചയിൽ ആകർഷകവും എന്നാൽ സ്വത്വത്തിൽ ആഴത്തിൽ വേരൂന്നിയതുമായ കൈത്തറി സാരികളിലേക്ക് അവർ മാറ്റിയെടുക്കുന്നു.

പന്ത്രണ്ടാം ക്ലാസ് വരെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഊർമ്മിള നെയ്ത്തിനായി സ്വയം സമർപ്പിച്ചു. തദ്ദേശീയ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം തന്നെ പൈതൃകത്തെ ഒരു ഉപജീവനമാർഗ്ഗമാക്കി മാറ്റുകയും ചെയ്തു. അവരുടെ ഡിസൈനുകൾ അവരെ സാമ്പത്തികമായി നിലനിർത്തുക മാത്രമല്ല, സാന്താൾ സംസ്‌കാരത്തിന് വ്യാപകമായ അംഗീകാരം നേടിക്കൊടുക്കുകയും പ്രാദേശിക കരകൗശല വസ്തുക്കളെ ദേശീയ-ആഗോള വിപണികളിൽ എത്തിക്കുകയും ചെയ്യുന്നു. തന്റെ പ്രവർത്തനത്തിലൂടെ സർഗ്ഗാത്മകതയോടും ലക്ഷ്യബോധത്തോടും കൂടി സ്വന്തം കമ്മ്യൂണിറ്റിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന സാംസ്കാരിക സ്ഥാനപതികളായ ഒരു പുതിയ തലമുറ കരകൗശല വിദഗ്ധരെ അവർ പ്രതിനിധീകരിക്കുന്നു.

എന്റെ പ്രവർത്തനത്തിലൂടെ നമ്മുടെ ഗ്രാമവും അതിന്റെ പാരമ്പര്യങ്ങളും തിരിച്ചറിയപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരെങ്കിലും എന്റെ സാരി കാണുമ്പോൾ അത് കജ്രിയിൽ നിന്നുള്ളതാണെന്ന് അവർക്ക് ഉടൻ മനസ്സിലാകണം. കൈത്തറിയിലൂടെ നമ്മുടെ തദ്ദേശീയ സംസ്കാരത്തിന് ഒരു സ്വത്വവും ദൃശ്യപരതയും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

 

നൂലിനെ മുറുകെ പിടിക്കുന്നവർ

 

തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകളിൽ നിന്നുള്ള 42 വയസ്സുകാരിയായ സംഗീത എന്ന തോഡ കരകൗശല വിദഗ്ധയെ സംബന്ധിച്ചിടത്തോളം എംബ്രോയ്ഡറിയെന്നത് പഠിച്ചെടുത്ത ഒരു നൈപുണ്യമല്ല, മറിച്ച് ജീവിതകാലം മുഴുവൻ കൂടെയുള്ള ഒരു പാരമ്പര്യമാണ്. പരുക്കൻ വെള്ള പരുത്തിത്തുണിയിൽ ചുവപ്പും കറുപ്പും നൂലുകൾ ഉപയോഗിച്ച്, തലമുറകളായി സ്ത്രീകൾ കൈമാറി വന്ന സങ്കീർണ്ണമായ ജ്യാമിതീയ രൂപങ്ങൾ അവർ സൃഷ്ടിക്കുന്നു.

തോഡ കമ്മ്യൂണിറ്റിയിലെ അംഗസംഖ്യ വെറും ആയിരത്തിനടുത്തായതിനാൽ ഈ പാരമ്പര്യം അതീവ ദുർബലമായി തുടരുന്നു. നീലഗിരിക്ക് പുറത്ത് കാണപ്പെടുന്ന മിക്ക ഉത്പന്നങ്ങളും കൗമാരപ്രായത്തിൽ തന്നെ തുടങ്ങിയ പതിറ്റാണ്ടുകളുടെ പരിശീലനത്തിന്റെ ഫലമാണ്. ഈ കലയെ കൂടുതൽ വിശാലമായ വേദികളിലേക്ക് എത്തിക്കുന്നതോടൊപ്പം തന്നെ ഇതിനെ നിലനിർത്തുന്ന സ്ത്രീകൾക്ക് അർഹമായ അംഗീകാരവും പ്രതിഫലവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു കണ്ണിയായും സംഗീത പ്രവർത്തിക്കുന്നു.

മാലിന്യത്തിൽ നിന്ന് മൂല്യത്തിലേക്ക്: ഒരു സുസ്ഥിര കരകൗശല യാത്ര

 

ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലുള്ള താരു ഗോത്രവിഭാഗത്തിൽ നിന്നുള്ള 45 വയസ്സുകാരിയായ അനിത റാണ പരമ്പരാഗത പാരിസ്ഥിതിക അറിവുകൾക്ക് എങ്ങനെ സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾക്ക് കരുത്തുപകരാമെന്ന് തെളിയിക്കുന്നു. 300-ലധികം അംഗങ്ങളുള്ള ഒരു വനിതാ കൂട്ടായ്മയുടെ ഭാഗമായ അവർക്ക് മികച്ച വിപണി പ്രവേശനവും അർഹമായ വിലയും സരസ് മേള, ഗോത്ര മേളകൾ തുടങ്ങിയ വേദികളിൽ തന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള അവസരങ്ങളും ലഭിച്ചിട്ടുണ്ട്.

അവരുടെ കരകൗശലവിദ്യ 'മുൻജ' പുല്ല് കൊണ്ടുള്ള നെയ്ത്താണ്. പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന, പരിസ്ഥിതി സൗഹൃദമായ ഒരു ബദലായി, സീസണനുസരിച്ച് ലഭിക്കുന്നതും മണ്ണിൽ ലയിച്ചുചേരുന്നതുമായ ഈ പുല്ലിനെ റോട്ടി ഹോട്ട് കെയ്‌സുകൾ പോലുള്ള ഉപയോഗപ്രദമായ വസ്തുക്കളാക്കി അവർ മാറ്റുന്നു. യുവതികൾക്ക് പരിശീലനം നൽകുന്നതിലൂടെ അനിത ഈ തദ്ദേശീയ പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ തന്റെ കമ്മ്യൂണിറ്റിക്കുള്ളിൽ മാന്യമായ ഉപജീവനമാർഗ്ഗങ്ങൾ സാധ്യമാക്കുകയും ചെയ്യുന്നു. സുസ്ഥിരതയും പാരമ്പര്യവും സംരംഭകത്വവും എങ്ങനെ ഒത്തുചേർന്ന് ശാശ്വതമായ സ്വാധീനം ചെലുത്താമെന്നതിനെ അവരുടെ യാത്ര പ്രതിഫലിപ്പിക്കുന്നു.

മുൻജ പുല്ല് കൊണ്ടുള്ള നെയ്ത്ത് ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ്, ഒപ്പം പരിസ്ഥിതിക്ക് നല്ലതുമാണ്. ഞങ്ങൾ നിർമ്മിക്കുന്നത് പൂർണ്ണമായും പ്രകൃതിദത്തമാണ്. അത് പ്രകൃതിയെ ദോഷകരമായി ബാധിക്കില്ല. ഈ പാരമ്പര്യം നിലനിൽക്കുന്നതിനും കൂടുതൽ സ്ത്രീകൾക്ക് മാന്യമായി സമ്പാദിക്കാനുമായി യുവതലമുറ ഇത് പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

 

സ്വത്വത്തിൽ വേരൂന്നിയ വളർച്ച

ഇന്ത്യയിലെ ഗോത്രസമൂഹങ്ങൾ ആഗോള മൂല്യശൃംഖലയിലേക്ക് ചുവടുവെക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്- ഗോത്രവർഗ്ഗ കരകൗശല വിദഗ്ധർ സൃഷ്ടിക്കുന്നവ യന്ത്രങ്ങൾക്ക് അനുകരിക്കാനാവില്ല. വൻതോതിലുള്ള ഉത്പാദനം നടക്കുന്ന ഈ കാലഘട്ടത്തിൽ ആ സവിശേഷത തന്നെയാണ് അവരുടെ ഏറ്റവും വലിയ കരുത്തായി മാറിയിരിക്കുന്നത്. ട്രൈഫെഡ് (TRIFED), റിസ (RISA) തുടങ്ങിയ സംരംഭങ്ങൾ ഈ കരുത്തിനെ സ്ഥിര വരുമാനമായും അന്തസ്സുറ്റ ജീവിതമായും മാറ്റാൻ സഹായിക്കുന്നു.

വൻ ധൻ വികാസ് കേന്ദ്രങ്ങളുടെ വിപുലീകരണത്തിലൂടെയും ട്രൈബ്സ് ഇന്ത്യയുടെ ഇ-കൊമേഴ്‌സ് സാന്നിധ്യത്തിലൂടെയും ഭാരത് ട്രൈബ്സ് ഫെസ്റ്റ് 2026 പോലുള്ള വേദികളിലെ വർദ്ധിച്ചുവരുന്ന ദൃശ്യപരതയിലൂടെയും വിവിധ പ്രദേശങ്ങളിലെ കരകൗശല വിദഗ്ധർക്ക് ഗുണഭോക്താക്കൾ എന്നതിലുപരി സ്രഷ്ടാക്കൾ എന്ന നിലയിൽ സ്വന്തം നിലയിൽ വിപണിയുമായി ഇടപഴകാൻ സാധിക്കുന്നു.

വനവിഭവങ്ങൾ മുതൽ ആഗോള ഡിസൈൻ ഇടങ്ങൾ വരെ ഗോത്ര ഇന്ത്യ ഉത്പന്നങ്ങൾ നിർമ്മിക്കുക മാത്രമല്ല, അത് സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആഴത്തിൽ വേരൂന്നിയതുമായ ഒരു വികസന മാതൃകയ്ക്ക് രൂപം നൽകുക കൂടി ചെയ്യുന്നു.

 

References

https://www.pib.gov.in/PressReleasePage.aspx?PRID=2241924&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2242221&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2106121&reg=3&lang=2

 

Click here to see in pdf

***

SK

 

(Features ID: 158527) आगंतुक पटल : 17
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil , Telugu