• Sitemap
  • Advance Search
Others

പ്രാദേശിക രുചികൾ മുതൽ ഭക്ഷ്യമേഖലയിലെ നൂതനാശയങ്ങൾ വരെ: ആഹാർ 2026-ൽ നിന്നുള്ള സംരംഭക കഥകൾ

Posted On: 12 MAR 2026 3:09PM

ന്യൂഡൽഹിയിൽ നടക്കുന്ന ആഹാർ 2026-ന്റെ 40-ാമത് പതിപ്പ് ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി മേഖലയിലെ വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നു. 2026 മാർച്ച് 10 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന അഞ്ച് ദിവസത്തെ ഈ അന്താരാഷ്ട്ര പ്രദർശനം ഉത്പാദകർക്കും കയറ്റുമതിക്കാർക്കും ഹോസ്പിറ്റാലിറ്റി സംരംഭകർക്കും സാങ്കേതിക വിദ്യാ ദാതാക്കൾക്കും പരസ്പരം ബന്ധപ്പെടാനും പുതിയ അവസരങ്ങൾ തേടാനുമുള്ള ഒരു വേദിയൊരുക്കുന്നു. വർഷങ്ങളായി ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി മേഖലയിൽ ഏഷ്യയിലെ മുൻനിര വ്യാപാര പ്രദർശനങ്ങളിൽ ഒന്നായി ആഹാർ മാറിയിരിക്കുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി ഏകദേശം 1,800 പ്രദർശകർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ സംസ്കരിച്ച ഭക്ഷണങ്ങൾ, പാനീയങ്ങൾ, പാലുൽപ്പന്നങ്ങൾ, ബേക്കറി ഇനങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങി വിപുലമായ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു.

ഭാരത് മണ്ഡപത്തിലെ വിവിധ ഹാളുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദർശനം പരമ്പരാഗത രുചികളെയും ആധുനിക ഭക്ഷ്യസംസ്കരണ നൂതനാശയങ്ങളെയും ഒരുപോലെ ഉയർത്തിക്കാട്ടുന്നു. ഒപ്പം ഉത്പാദകർ, കയറ്റുമതിക്കാർ, ഉപഭോക്താക്കൾ, ഹോസ്പിറ്റാലിറ്റി സംരംഭകർ എന്നിവർക്കിടയിൽ ബിസിനസ്-ടു-ബിസിനസ് (B2B) ഇടപാടുകൾ സുഗമമാക്കുകയും ചെയ്യുന്നു. ഉത്പന്നങ്ങളുടെ പ്രദർശനത്തിനപ്പുറം ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് രൂപം നൽകുന്ന സംരംഭകരുടെയും സംരംഭങ്ങളുടെയും കഥകളും ആഹാർ മുന്നോട്ടുവെക്കുന്നു.

സിക്കിമിൽ നിന്ന് ദേശീയ വേദിയിലേക്ക്

ഒരു ജില്ല ഒരു ഉത്പന്നം (ODOP) പദ്ധതിയുടെ സജീവമായ സ്റ്റാളുകൾക്കിടയിൽ സിക്കിം സംസ്ഥാന പവലിയൻ ഹിമാലയൻ സംസ്ഥാനത്തിന്റെ സവിശേഷമായ രുചികൾ പ്രദർശിപ്പിക്കുകയും സന്ദർശകരെയും വ്യാപാരികളെയും ഒരുപോലെ ആകർഷിക്കുകയും ചെയ്യുന്നു.

പങ്കെടുക്കുന്നവരിൽ ഒരാൾ സിക്കിമിലെ ഗാങ്ടോക്കിൽ നിന്നുള്ള സംരംഭകയായ സംഗിദോമ ബൂട്ടിയയാണ്. ചെറുകിട ഭക്ഷ്യ സംരംഭങ്ങളുടെ വളർച്ചയ്ക്ക് ​ഗവൺമെന്റ് പിന്തുണ എങ്ങനെ സഹായിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ് അവരുടെ യാത്ര. ഏകദേശം 16 വർഷം മുമ്പാണ് സംഗിദോമ തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചത്. ചെറിയ തോതിൽ പരമ്പരാഗത സിക്കിമീസ് ഭക്ഷ്യ ഉത്പന്നങ്ങൾ നിർമ്മിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യ വർഷങ്ങളിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ അവർ പൂർണ്ണമായും തന്റെ സ്വന്തം സമ്പാദ്യത്തെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോൾ അവർ പരമ്പരാഗത അച്ചാറുകൾക്ക് പേരുകേട്ട "ടേസ്റ്റ് ഓഫ് സിക്കിം" എന്ന ബ്രാൻഡ് നടത്തുന്നു. അച്ചാറുകൾ നിർമ്മിക്കുന്നതിനോടൊപ്പം ഒരു മാസ്റ്റർ ട്രെയിനർ എന്ന നിലയിൽ അവർ ഗ്രാമീണ സ്ത്രീകൾക്ക് ഭക്ഷ്യസംസ്കരണത്തിൽ പരിശീലനവും നൽകുന്നു. ഇത് സ്ത്രീകൾക്ക് വരുമാനം കണ്ടെത്താനും സ്വയംപര്യാപ്തരാകാനുമുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.

ചെറുകിട ഭക്ഷ്യസംസ്കരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന കേന്ദ്ര ​ഗവൺമെന്റിന്റെ പ്രധാന പദ്ധതിയായ പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ് (PMFME) പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തിയതോടെയാണ് അവരുടെ യാത്രയിൽ വലിയൊരു വഴിത്തിരിവുണ്ടായത്. അവർ 10 ലക്ഷം രൂപ വായ്പയെടുത്തു. ഇത് ആധുനിക സംസ്കരണ ഉപകരണങ്ങളിൽ നിക്ഷേപിക്കാനും ഉത്പാദന ശേഷി വർദ്ധിപ്പിക്കാനും അവരെ സഹായിച്ചു. കൂടാതെ 3.5 ലക്ഷം രൂപ സബ്സിഡിയും ലഭിച്ചു. ഇത് വായ്പ തിരിച്ചടയ്ക്കാനും ആത്മവിശ്വാസത്തോടെ സംരംഭം മുന്നോട്ട് കൊണ്ടുപോകാനും സഹായിച്ചു.

തന്റെ ബിസിനസ്സ് വളരെ ചെറിയ രീതിയിലാണ് ആരംഭിച്ചതെന്ന് തന്റെ യാത്രയെക്കുറിച്ച് ഓർത്തുകൊണ്ട് സംഗിദോമ പറഞ്ഞു. വായ്പ ലഭിച്ചതിനുശേഷം എനിക്ക് യന്ത്രസാമഗ്രികളിൽ നിക്ഷേപിക്കാനും എന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും സാധിച്ചു. ഈ പദ്ധതി എന്നെപ്പോലുള്ള സംരംഭകർക്ക്, പ്രത്യേകിച്ച് സാമ്പത്തിക സ്രോതസ്സുകൾ കുറവുള്ള സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകി.

 

ഭൗമസൂചിക (GI) പദവിയുള്ള സിക്കിമിലെ പ്രശസ്തമായ 'ദല്ലെ ഖുർസാനി' എന്ന ജൈവ മുളകിൽ നിന്ന് നിർമ്മിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളിലാണ് അവരുടെ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന മുളകുകൾ സംസ്കരിച്ച് ഫെർമെന്റഡ് ചില്ലി അച്ചാറുകൾ, മസാലക്കൂട്ടുകൾ തുടങ്ങിയ ഉത്പന്നങ്ങളാക്കി മാറ്റുന്നു. സിക്കിമിലെ തനതായ പ്രാദേശിക വിഭവങ്ങൾ തയ്യാറാക്കുന്നതിനായി ലാപ്‌സി (പ്ലം) പോലുള്ള പ്രാദേശിക പഴങ്ങളും ദല്ലെ മുളകിന്റെ സവിശേഷമായ രുചിയുമായി ഇവിടെ സംയോജിപ്പിക്കുന്നു. അവർ വിശദീകരിക്കുന്നു:

ഞങ്ങളുടെ ഉത്പന്നങ്ങൾ സിക്കിമിൻ്റെ മാത്രം സവിശേഷതയാണ്. വൻനഗരങ്ങളിലെ ആളുകൾക്ക് ഇവ പരീക്ഷിക്കാനും ഇതിന്റെ തനതായ രുചിയെ അഭിനന്ദിക്കാനും വലിയ താൽപ്പര്യമാണ്.

നയപരമായ പിന്തുണയോടെ ഡൽഹി, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ പല നഗരങ്ങളിലും അവർ തന്റെ ഉത്പന്നങ്ങൾ എത്തിച്ചു. ആഹാർ 2026-ൽ സംഗിദോമ ആദ്യമായാണ് പങ്കെടുക്കുന്നത്. അടുത്ത വർഷവും വരാൻ അവർ ആഗ്രഹിക്കുന്നു.

ഇന്ത്യയിലെ തേയില മൂല്യവർദ്ധിത ശൃംഖലയിലെ ഉറവിടം കണ്ടെത്തലും ഗുണനിലവാര നൂതനത്വവും

കർണാടകയിൽ നിന്നുള്ള തേയില ബ്രാൻഡായ അയൺ കെറ്റിലിന്റെ പ്രതിനിധി ധീരജ് അർജുൻ കെ.എസുമായി നടത്തിയ സംഭാഷണത്തിൽ തേയില വിതരണ ശൃംഖലയിലെ സുതാര്യത, ഉറവിടം കണ്ടെത്തൽ (ട്രേസബിലിറ്റി), ഗുണമേന്മയുള്ള സംഭരണം എന്നിവയിൽ കമ്പനി നൽകുന്ന ശ്രദ്ധയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ അദ്ദേഹം പങ്കുവെച്ചു. അയൺ കെറ്റിൽ പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായി വിപണിയിൽ തേയില എത്തിക്കുന്നു. അസമിൽ നിന്ന് ശേഖരിക്കുന്ന സി.ടി.സി (CTC) തേയില, വിവിധ ഫ്ലേവറുകളുള്ള ചായകൾ, ഗ്രീൻ ടീ, സഞ്ജീവനി എന്ന സവിശേഷ ഗ്രീൻ ടീ എന്നിവയാണവ. ഗുണമേന്മയുള്ള സംഭരണമാണ് കമ്പനിയുടെ കേന്ദ്രബിന്ദു. കർണാടകയിലെ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ, പ്രോസസ്സിംഗ് യൂണിറ്റുകൾ അസമിലും തമിഴ്‌നാട്ടിലെ നീലഗിരിയിലും തേയില ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങൾക്ക് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. റെയിൻഫോറസ്റ്റ് അലയൻസ്, എച്ച്.എ.സി.സി.പി (HACCP), ഐ.എസ്.ഒ (ISO) എന്നിങ്ങനെ നിരവധി സർട്ടിഫിക്കേഷനുകൾ ഈ ബ്രാൻഡിനുണ്ട്.

രണ്ട് ഇലകളും ഒരു മൊട്ടും കൈകൊണ്ട് നുള്ളിയെടുക്കുന്നത് കൂടുതൽ പരിശ്രമം ആവശ്യമുള്ളതും വിളവ് കുറയ്ക്കുന്നതുമായ കാര്യമാണ്, എന്നാൽ ഇത് വളരെ മികച്ച ചായ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു,” ധീരജ് അർജുൻ കെ.എസ് പറയുന്നു. അതുകൊണ്ടാണ് ഉയർന്ന ഗുണമേന്മയുള്ള ഇലകൾ നൽകുന്ന കർഷകർക്ക് ഞങ്ങൾ പ്രീമിയം വില നൽകുന്നത്.

ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി അസമിലും നീലഗിരിയിലും കമ്പനി അഗ്രോണമി ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ കർഷകരുമായി നേരിട്ട് ബന്ധപ്പെടുകയും കൃഷി രീതികൾ, കീടനാശിനി ഉപയോഗം, ഇലകൾ നുള്ളുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ അവർക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. ശൃംഖലയിൽ ചേരുന്ന പുതിയ കർഷകർക്ക് ഗുണനിലവാര പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒന്നോ രണ്ടോ മാസത്തെ മാർഗനിർദ്ദേശവും നിരീക്ഷണവും നൽകുന്നു.

തേയില വിതരണ ശൃംഖലയിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി അയൺ കെറ്റിൽ ഒരു ക്യുആർ കോഡ് അധിഷ്ഠിത ട്രേസബിലിറ്റി സംവിധാനം അവതരിപ്പിച്ചു. ഓരോ തേയില പാക്കറ്റിലും ഒരു പ്രത്യേക ക്യുആർ കോഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉപഭോക്താക്കൾക്ക് തോട്ടം മുതൽ കപ്പ് വരെ തങ്ങളുടെ ചായയുടെ യാത്ര കണ്ടെത്താൻ സൗകര്യമൊരുക്കുന്നു. കോഡ് സ്കാൻ ചെയ്യുന്നതിലൂടെ, താഴെ പറയുന്നവ ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും:

  • കർഷകന്റെ പേര്
  • തോട്ടത്തിന്റെ ജിയോ ടാഗ് ചെയ്ത ലൊക്കേഷൻ
  • ഇലകൾ നുള്ളിയെടുത്ത കൃത്യമായ തീയതിയും സമയവും
  • ഇലകൾ ഫാക്ടറിയിൽ എത്തിയ സമയം
  • കീടനാശിനി ഉപയോഗം പോലുള്ള കൃഷി രീതികളുടെ വിശദാംശങ്ങൾ

ഈ ഡിജിറ്റൽ ട്രേസബിലിറ്റി മാതൃക ഉപഭോക്തൃ വിശ്വാസം ശക്തിപ്പെടുത്തുകയും മൂല്യവർദ്ധിത ശൃംഖലയിലുടനീളം ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ആഹാർ 2026-ൽ ആദ്യമായി പങ്കെടുക്കുന്ന ഈ കമ്പനി തങ്ങളുടെ ട്രേസബിൾ ടീ മോഡൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ഒരു അവസരമായാണ് ഈ പ്രദർശനത്തെ കാണുന്നത്. ഡിജിറ്റൽ ട്രേസബിലിറ്റി, കർഷക കേന്ദ്രീകൃതമായ സംഭരണം, ഗുണമേന്മ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയം എന്നിവയ്ക്ക് എങ്ങനെ കാർഷിക മൂല്യവർദ്ധിത ശൃംഖലകളെ പുനർരൂപകൽപ്പന ചെയ്യാനും ശക്തമായ ഉപഭോക്തൃ വിശ്വാസം കെട്ടിപ്പടുക്കാനും കഴിയുമെന്ന് ഈ അർപ്പണബോധത്തോടെയുള്ള പരിശ്രമങ്ങൾ എടുത്തുകാണിക്കുന്നു.

കാൺപൂരിൽ നിന്നുള്ള ഒരു സുഗന്ധവ്യഞ്ജന സംരംഭത്തിൻ്റെ വിപുലീകരണം

ഉത്തർപ്രദേശിലെ കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുഭാഷ് അഗ്രോ ഇൻഡസ്ട്രി പ്രൈവറ്റ് ലിമിറ്റഡ് എന്ന സുഗന്ധവ്യഞ്ജന നിർമ്മാണ കമ്പനി ഇന്ത്യയിലെ ചെറുകിട-ഇടത്തരം ഭക്ഷ്യസംസ്കരണ സംരംഭങ്ങളുടെ യാത്രയെയും സ്ഥിര വളർച്ചയെയും പ്രതിഫലിപ്പിക്കുന്നു. 1992-ൽ സ്ഥാപിതമായ ഈ സംരംഭം ഇന്ത്യൻ അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്ന അവശ്യ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കമ്പനി അതിന്റെ പ്രവർത്തനങ്ങൾ ക്രമേണ വിപുലീകരിക്കുകയും നിരവധി സംസ്ഥാനങ്ങളിലായി വിതരണക്കാരുടെയും റീട്ടെയിൽ പങ്കാളികളുടെയും ശക്തമായ ഒരു ശൃംഖല കെട്ടിപ്പടുക്കുകയും ചെയ്തു. ഇന്ന് മഞ്ഞൾ, മല്ലി, മുളക്, മസാലക്കൂട്ടുകൾ എന്നിവയുൾപ്പെടെ അടുക്കളയിലെ ഒട്ടുമിക്ക അവശ്യസാധനങ്ങളും കമ്പനി ഉത്പാദിപ്പിക്കുന്നു. സുഭാഷ് അഗ്രോ ഇൻഡസ്ട്രി പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധിയായ ജിതേന്ദ്ര മോഹൻ തിവാരി പറയുന്നതനുസരിച്ച് കമ്പനി ലഘുഭക്ഷണ നിർമ്മാതാക്കൾക്ക് പ്രത്യേകിച്ച് 'നംകീൻ' പോലുള്ള ഉത്പന്നങ്ങൾക്കായി സീസണിംഗ് മിശ്രിതങ്ങളും വിതരണം ചെയ്യുന്നുണ്ട്. കാലക്രമേണ ഈ സംരംഭം സുഗന്ധവ്യഞ്ജനങ്ങൾക്ക് പുറമെ പപ്പടം, അച്ചാറുകൾ, അഗർബത്തി, ധൂപം, കായം, സോയ നഗറ്റ്‌സ് എന്നിവയുൾപ്പെടെ ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന നിര തന്നെ വികസിപ്പിച്ചെടുത്തു.

ഇന്ന് ഓരോ പാക്കറ്റിലും സുഗന്ധം, പരിശുദ്ധി, പുതുമ എന്നിവയുടെ ഉയർന്ന നിലവാരം പുലർത്തിക്കൊണ്ട് ഞങ്ങൾ 100-ലധികം ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു,” ജിതേന്ദ്ര മോഹൻ തിവാരി പറയുന്നു.

വിതരണക്കാരുടെയും ചില്ലറ വ്യാപാരികളുടെയും ഒരു സ്ഥാപിത ശൃംഖലയിലൂടെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഇവരുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യപ്പെടുന്നു. ആഹാർ 2026-ലെ പങ്കാളിത്തം കമ്പനിക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും സാധ്യതയുള്ള ഉപഭോക്താക്കളുമായി ബന്ധപ്പെടാനും ഇന്ത്യയിലെ വളരുന്ന ഭക്ഷ്യസംസ്കരണ മേഖലയിൽ പുതിയ വിപണി അവസരങ്ങൾ തേടാനുമുള്ള അവസരം നൽകുന്നു.

ഫ്രഷ് ഫ്രൂട്ടുകൾ മുതൽ ഫ്രോസൺ ഇന്നൊവേഷനുകൾ വരെ

ആഹാർ 2026-ൽ ശ്രദ്ധ ആകർഷിക്കുന്ന സംരംഭങ്ങളിൽ ഒന്നാണ് നാഗ്പൂർ ആസ്ഥാനമായുള്ള ഗണപതി ഫ്രോസൺ വേൾഡ്. ഭക്ഷ്യസംസ്കരണ, ഹോസ്പിറ്റാലിറ്റി മേഖലകൾക്കായി മൂല്യവർദ്ധിത ഫ്രൂട്ട് ചേരുവകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വളർന്നുവരുന്ന ബിസിനസ്സ് വിഭാഗത്തെയാണ് തങ്ങളുടെ കമ്പനി പ്രതിനിധീകരിക്കുന്നതെന്ന് സ്ഥാപനത്തിൻ്റെ പ്രതിനിധിയായ ഗൗരവ് ചൂണ്ടിക്കാട്ടി. ഏകദേശം എട്ട് വർഷം മുമ്പ് സ്ഥാപിതമായ ഈ സംരംഭം തുടക്കത്തിൽ സീസണൽ പഴങ്ങൾ സംസ്കരിക്കുകയും കച്ചവടത്തിനായി അവ ഉപയോഗിക്കാൻ എളുപ്പമുള്ള ചേരുവകളാക്കി മാറ്റുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

കാലക്രമേണ ഫ്രോസൺ ഫ്രൂട്ട് പൾപ്പുകൾ, ഫ്രൂട്ട് ഷോട്ടുകൾ, കുൾഫി പ്രീമിക്സുകൾ, ഫ്രോസൺ ബെറികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ കമ്പനി വികസിപ്പിച്ചെടുത്തു. ഇവ പാനീയങ്ങളിലും മധുരപലഹാരങ്ങളിലും സംസ്കരിച്ച ഭക്ഷണ ഉത്പന്നങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഫ്രഷ് ഫ്രൂട്ടുകളെ ഫ്രോസൺ പൾപ്പുകളായും ചേരുവകളായും മാറ്റുന്നതിലൂടെ സീസണൽ ലഭ്യത നോക്കാതെ തന്നെ വർഷം മുഴുവനും ഫ്രൂട്ട് ഫ്ലേവറുകൾ ഉപയോഗിക്കാൻ ഭക്ഷ്യ നിർമ്മാതാക്കളെ കമ്പനി പ്രാപ്തരാക്കുന്നു.

അൽഫോൻസോ മാമ്പഴ പൾപ്പ്, സീതാപ്പഴം പൾപ്പ്, ഞാവൽപ്പഴം പൾപ്പ് തുടങ്ങിയ ഉത്പന്നങ്ങൾ മിൽക്ക് ഷേക്കുകൾ, ഐസ്ക്രീമുകൾ, മധുരപലഹാരങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി സാധാരണയായി ഉപയോഗിക്കുന്നു. ഇവ ഏകദേശം -18 °C താപനിലയിൽ സൂക്ഷിക്കുന്നു. ഇത് ഉത്പന്നങ്ങളുടെ പുതുമയും രുചിയും ഷെൽഫ് സ്ഥിരതയും നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം വാണിജ്യ ഉപയോക്താക്കൾക്ക് ഇവ സംഭരിക്കുന്നതും കൊണ്ടുപോകുന്നതും ലളിതമാക്കുന്നു.

പ്രധാനമായും ബിസിനസ്-ടു-ബിസിനസ് (B2B) മേഖലയിൽ പ്രവർത്തിക്കുന്ന ഗണപതി ഫ്രോസൺ വേൾഡ്, മിൽക്ക് ഷേക്കുകൾ, പാനീയങ്ങൾ, മധുരപലഹാരങ്ങൾ, മറ്റ് ഫ്രൂട്ട് അധിഷ്ഠിത ഉത്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നവർക്കായി ഫ്രൂട്ട് ചേരുവകൾ വിതരണം ചെയ്യുന്നു. കൂടാതെ, ഹോട്ടൽ, റെസ്റ്റോറൻ്റ്, കാറ്ററിങ് മേഖലയ്ക്കും കമ്പനി സേവനം നൽകുന്നു. വലിയ തോതിലുള്ള ഭക്ഷണ തയ്യാറെടുപ്പുകൾ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന ചേരുവകളാണ് ഇവർ നൽകുന്നത്.

2023 മുതൽ മൂന്ന് തവണ ഈ പ്രദർശനത്തിൽ പങ്കെടുത്ത ഗണപതി ഫ്രോസൺ വേൾഡ്, തങ്ങളുടെ ഉത്പന്ന നിര പ്രദർശിപ്പിക്കാനും രാജ്യത്തുടനീളമുള്ള ഭക്ഷ്യ സംസ്കരണ തൊഴിലാളികൾ, ഹോസ്പിറ്റാലിറ്റി ബിസിനസ്സുകൾ, വിതരണക്കാർ എന്നിവരുമായി ബന്ധപ്പെടാനുമുള്ള വേദിയായി ആഹാർ 2026-നെ തുടർന്നും ഉപയോഗിക്കുന്നു.

ഗൗരവ് പറയുന്നു: ഞങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനും ആഹാർ ഞങ്ങൾക്ക് ഒരു പ്രധാന വേദിയാണ്. ഓരോ വർഷവും പുതിയ അവസരങ്ങളും പങ്കാളിത്തങ്ങളും ഇവിടെ ഉടലെടുക്കുന്നത് ഞങ്ങൾ കാണുന്നു.

ഗുജറാത്തിൽ നിന്നുള്ള നിർജ്ജലീകരിച്ച ഭക്ഷ്യ നൂതനത്വങ്ങൾ

കാർഷിക ഉത്പന്നങ്ങൾ എങ്ങനെ സംസ്കരിക്കപ്പെടുന്നുവെന്നതിലും ഉപയോഗിക്കപ്പെടുന്നുവെന്നതിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന നൂതന സ്റ്റാർട്ടപ്പുകളുടെ ആവിർഭാവത്തിന് ഇന്ത്യയുടെ വളരുന്ന ഭക്ഷ്യസംസ്കരണ മേഖല സാക്ഷ്യം വഹിക്കുന്നു. ഇതിനൊരു ഉദാഹരണമാണ് ആഹാർ 2026-ൽ തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന, മാനേജിംഗ് ഡയറക്ടർ ധ്രുവ് ഭലാരിയ പ്രതിനിധീകരിക്കുന്ന ആരംഭ് ഫുഡ് എക്‌സ്‌പോർട്ട്. ഗുജറാത്തിലെ ഭാവ്‌നഗർ ആസ്ഥാനമായി 2021-ഓടെ സ്ഥാപിതമായ ഈ കമ്പനി, വീടുകളിലെ അടുക്കളകളിലേക്കും ഭക്ഷ്യസംസ്കരണ വ്യവസായത്തിലേക്കും ആവശ്യമായ റെഡി-ടു-യൂസ് നിർജ്ജലീകരിച്ച വസ്തുക്കൾ (നിർജ്ജലീകരിച്ച പഴങ്ങൾ, പച്ചക്കറികൾ, ഫ്ലേവറിംഗ് പൗഡറുകൾ) നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പ്രദർശന സ്റ്റാളിൽ തക്കാളി, നാരങ്ങ, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ഉള്ളി ഫ്ലേക്സുകൾ എന്നിവയും ആപ്പിൾ, നാരങ്ങ തുടങ്ങിയ ഫ്രൂട്ട് പൗഡറുകളും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ കമ്പനി പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ സീസണിംഗ് മിശ്രിതങ്ങൾ, ഇൻസ്റ്റന്റ് ഫുഡ്സ്, ബേക്കറി ഉത്പന്നങ്ങൾ, പാനീയങ്ങൾ, സ്മൂത്തികൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന പുതിന, കറിവേപ്പില, കസൂരി മേത്തി തുടങ്ങിയ ഉണങ്ങിയ ഇലകളും ഇവരുടെ ഉത്പന്ന നിരയിലുണ്ട്. ഭക്ഷ്യസംസ്കരണത്തിൽ നിർജ്ജലീകരണ സാങ്കേതികവിദ്യയുടെ വളർന്നുവരുന്ന പ്രാധാന്യത്തെ കമ്പനിയുടെ ഈ സമീപനം എടുത്തുകാണിക്കുന്നു. പുതിയ ഉത്പന്നങ്ങളെ ദീർഘകാലം കേടുകൂടാതെയിരിക്കുന്ന പൊടികളായും ഫ്ലേക്സുകളായും മാറ്റുന്നതിലൂടെ, ഇത്തരം സംരംഭങ്ങൾ വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനൊപ്പം കാർഷിക ഉത്പന്നങ്ങൾക്ക് മൂല്യവർദ്ധനവ് നൽകുകയും ചെയ്യുന്നു.

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യസംസ്കരണ ആവാസവ്യവസ്ഥയുടെ പ്രദർശനം

ആഹാർ 2026-ൽ നിന്ന് ഉയർന്നുവരുന്ന വൈവിധ്യമാർന്ന കഥകൾ ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മേഖലയുടെ വർദ്ധിച്ചുവരുന്ന ചലനാത്മകതയെ എടുത്തുകാണിക്കുന്നു. പ്രാദേശിക രുചികളെ പ്രോത്സാഹിപ്പിക്കുന്ന ചെറുകിട സംരംഭകർ മുതൽ നൂതന സാങ്കേതിക വിദ്യകളും മൂല്യവർദ്ധിത ഉത്പന്നങ്ങളും അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾ വരെ, രാജ്യത്തുടനീളമുള്ള ബിസിനസ്സുകൾ എങ്ങനെയാണ് പുതിയ അവസരങ്ങൾ തേടുന്നതെന്ന് ഈ പ്രദർശനം പ്രതിഫലിപ്പിക്കുന്നു. സംരംഭകരെയും വ്യവസായ പങ്കാളികളെയും ഉപഭോക്താക്കളെയും ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിലൂടെ ആഹാർ പോലുള്ള വേദികൾ ഭക്ഷ്യ മൂല്യവർദ്ധിത ശൃംഖലയിലുടനീളമുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഒപ്പം ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ ആവാസവ്യവസ്ഥയിലെ വൈവിധ്യവും നവീകരണവും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

 

References

Ministry of Commerce & Industry

https://www.itpo.gov.in/aahar-2026-delhi

Click here for pdf file. 

 

***

SK

(Features ID: 158524) आगंतुक पटल : 30
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Tamil , Kannada