• Sitemap
  • Advance Search
Social Welfare

ഭാവിയുടെ ഫ്രെയിമുകൾ

സിനിമയും സർഗ്ഗാത്മകതയും എ.ഐ എന്ന ചോദ്യവും

Posted On: 09 MAR 2026 9:58AM

കാതലായ ചോദ്യം

ഭാരത് മണ്ഡപത്തിലെ ഹാളുകളിൽ നടന്ന 'ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ' നിർമിത  ബുദ്ധിയെക്കുറിച്ചുള്ള ചർച്ചകൾ അൽഗോരിതങ്ങൾക്കും കമ്പ്യൂട്ടിംഗ് കരുത്തിനും അപ്പുറത്തേക്ക് വളർന്നു. അത് കലയുടെ ലോകത്തേക്ക് കടന്നുചെന്നു. ചലച്ചിത്ര പ്രവർത്തകരും എഴുത്തുകാരും സാങ്കേതിക വിദഗ്ധരും നയരൂപീകരണ കർത്താക്കളും അടിയന്തിരവും എന്നാൽ ആഴത്തിലുള്ളതുമായ ഒരു ചോദ്യത്തിന് ചുറ്റും ഒത്തുകൂടി - യന്ത്രങ്ങൾക്ക് ഇപ്പോൾ രംഗങ്ങൾ എഴുതാനും ദൃശ്യങ്ങൾ രൂപകൽപ്പന ചെയ്യാനും പ്രേക്ഷക പ്രതികരണങ്ങൾ മുൻകൂട്ടി പ്രവചിക്കാനും കഴിയുമെങ്കിൽ സിനിമയിൽ ഇനി മനുഷ്യന്റേത്  മാത്രമായി എന്ത് അവശേഷിക്കുന്നു?

ഈ സംവാദം ഒരിക്കലും ഭയാനകമായ രീതിയിലല്ല അവതരിപ്പിക്കപ്പെട്ടത്. എങ്കിലും ജനറേറ്റീവ് ടൂളുകളെയും ഇന്റലിജന്റ് സിസ്റ്റങ്ങളെയും കുറിച്ചുള്ള ആവേശങ്ങൾക്കിടയിൽ തികച്ചും ശാന്തമായ ഒരു ആശങ്ക നിലനിന്നിരുന്നു. സിനിമ എന്നത് എപ്പോഴും വെറുമൊരു നിർമാണ ക്ഷമത മാത്രമല്ല. അത് ചലിക്കുന്ന ദൃശ്യങ്ങളിലേക്ക് മാറ്റപ്പെട്ട ഓർമ്മകളും വെല്ലുവിളികളും വ്യക്തിത്വവും ജീവിതാനുഭവങ്ങളുമാണ്. ആ പ്രക്രിയയിൽ  നിർമിത ബുദ്ധി (AI) പങ്കുചേരാൻ തുടങ്ങുമ്പോൾ അത് കേവലം യന്ത്രവൽക്കരണത്തെ  കുറിച്ചുള്ള തർക്കമല്ലാതായി മാറുന്നു. മറിച്ച് അത് സൃഷ്ടിപരമായ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള ചോദ്യമായി പരിണമിക്കുന്നു.

ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് മനുഷ്യന്റെ സർഗ്ഗാത്മകതയും യന്ത്രബുദ്ധിയും തമ്മിലുള്ള ഒരു മത്സരമല്ല. മറിച്ച്, സിനിമ നിർമിക്കപ്പെടുന്ന രീതിയിലുണ്ടാകുന്ന ഒരു പരിവർത്തനമാണ്. സിനിമയുടെ ഘടന വിശകലനം ചെയ്യാനും ദൃശ്യവൽക്കരണത്തിനും എഡിറ്റിംഗിനും ഡാറ്റാധിഷ്ഠിതമായ ഉൾക്കാഴ്ചകൾ നൽകുന്നതിനും നിർമിത  ബുദ്ധി  ഇന്ന് ഉപയോഗിക്കപ്പെടുന്നു. ഇത് സിനിമാ നിർമാണത്തിന്റെ വേഗതയെയും രീതിയെയും മാറ്റിമറിക്കുന്നു. എങ്കിലും കഥപറച്ചിൽ ഇപ്പോഴും ഓർമകളിൽ നിന്നും സംസ്കാരത്തിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നുമാണ് ഉടലെടുക്കുന്നത്സാങ്കേതികവിദ്യയ്ക്ക് സഹായിക്കാൻ കഴിയുമെങ്കിലും പകർന്നുനൽകാൻ കഴിയാത്ത ഗുണങ്ങളാണിവ. ഈ ഉച്ചകോടിയിൽ നടന്ന ചർച്ചകളും വികസിച്ചുകൊണ്ടിരിക്കുന്ന ഈ സന്തുലിതാവസ്ഥയെയാണ് പ്രതിഫലിപ്പിച്ചത്. അത് സിനിമ ഇല്ലാതാകുമെന്ന ഭയമല്ല, മറിച്ച് വരും വർഷങ്ങളിൽ സൃഷ്ടിപരമായ ഉടമസ്ഥാവകാശവും സിനിമയുടെ വ്യാപ്തിയും ഉത്തരവാദിത്തങ്ങളും എങ്ങനെ പുനർനിർമ്മിക്കപ്പെടും എന്നതിനെക്കുറിച്ചുള്ള ജിജ്ഞാസയാണ്.

തടസ്സങ്ങളിൽ നിന്ന് പുനർനിർമാണത്തിലേക്ക്

സിനിമ എപ്പോഴും സാങ്കേതികവിദ്യയ്‌ക്കൊപ്പം വളർന്നിട്ടുള്ള ഒന്നാണ്, ഓരോ വലിയ മാറ്റവും കടന്നുവന്നത് സംശയങ്ങളോടെയുമായിരുന്നു. ശബ്ദത്തിന്റെ വരവ് നിശബ്ദ സിനിമകളുടെ കലാവൈഭവം ഇല്ലാതാക്കുമെന്ന് ഒരുകാലത്ത് കരുതപ്പെട്ടിരുന്നു. വർണ്ണച്ചിത്രങ്ങൾ വെറും കാഴ്ചാപ്രകടനം മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. ഡിജിറ്റൽ ക്യാമറകൾക്ക് സിനിമയുടെ തനിമ ഇല്ലെന്ന് വിമർശനമുയർന്നു. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ തിയേറ്ററുകളെ എന്നെന്നേക്കുമായി തകർക്കുമെന്ന് പ്രവചിക്കപ്പെട്ടു. എന്നിട്ടും ഓരോ മാറ്റവും കഥപറച്ചിലിന്റെ വ്യാകരണം വികസിപ്പിക്കുകയാണ് ചെയ്തത്. സ്രഷ്ടാക്കൾ അതിനോട് പൊരുത്തപ്പെട്ടു, ആ മാധ്യമം പരിണമിച്ചു.

നിർമിത ബുദ്ധി ഈ യാത്രയിലെ അടുത്ത വഴിത്തിരിവാണ്. ഫോർമാറ്റിലോ വിതരണത്തിലോ മാത്രം മാറ്റം വരുത്തിയ മുൻകാല പരിവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി, AI കടന്നുവരുന്നത് സിനിമയുടെ സർഗ്ഗാത്മകമായ പ്രവർത്തനങ്ങളിലേക്കാണ്. ആവർത്തന സ്വഭാവമുള്ളതോ കൂടുതൽ സമയമെടുക്കുന്നതോ സാങ്കേതികമായി സങ്കീർണ്ണമോ ആയ ജോലികളിലാണ് ഇതിന്റെ ഏറ്റവും വലിയ സ്വാധീനം ഇന്ന് പ്രകടമാകുന്നത്. സിനിമ-ടെലിവിഷൻ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ, പ്രത്യേകിച്ച് പ്രീ-പ്രൊഡക്ഷനിലും പോസ്റ്റ്-പ്രൊഡക്ഷനിലും, കാര്യക്ഷമത വർദ്ധിപ്പിക്കാനും സർഗ്ഗാത്മകമായ തീരുമാനങ്ങൾ എടുക്കുന്നതിനെ പിന്തുണയ്ക്കാനും ജനറേറ്റീവ് AI-ക്ക് കഴിയുമെന്ന് സിനിമാ മേഖലയിലെ പഠനങ്ങൾ സൂചിപ്പിക്കുന്നു.

പ്രായോഗികമായി ഇതിന്റെ അർത്ഥമെന്താണ്?

  • തിരക്കഥാ സഹായവും കഥയുടെ രൂപകൽപ്പനയും: ധാരാളം തിരക്കഥകൾ ഉപയോഗിച്ച് പരിശീലിപ്പിച്ച മെഷീൻ ലേണിംഗ് സിസ്റ്റങ്ങൾക്ക് കഥയുടെ ഘടന, അതിന്റെ വേഗത, ജനപ്രിയമായ പ്രവണതകൾ എന്നിവ വിശകലനം ചെയ്യാൻ കഴിയും. തിരക്കഥകൾ വിശകലനം ചെയ്യുന്നതിലൂടെ അത് പ്രേക്ഷകർക്ക് എത്രത്തോളം ഇഷ്ടപ്പെടുമെന്നും അതിൽ നിന്ന് ലഭിക്കാനിടയുള്ള വരുമാനം എത്രയാണെന്നും മുൻകൂട്ടി കണക്കാക്കാൻ സ്റ്റുഡിയോകൾ ഇപ്പോൾ AI ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, സിനിമാ നിർമാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ആശയങ്ങൾ പരീക്ഷിച്ചു നോക്കാൻ AI, സിനിമ നിർമാതാക്കളെ സഹായിക്കുന്നു. ഈ പ്രക്രിയ പ്രീ-വിഷ്വലൈസേഷൻ എന്ന് അറിയപ്പെടുന്നു. ഇത് നിർമാണ വേളയിലെ അനിശ്ചിതത്വങ്ങളും ചെലവും ഗണ്യമായി കുറയ്ക്കാൻ ചലച്ചിത്ര പ്രവർത്തകരെ സഹായിക്കുന്നു.
  • പ്രീ-പ്രൊഡക്ഷൻ ഇന്റലിജൻസ്: സിനിമയുടെ ഷെഡ്യൂളിംഗ്, ലൊക്കേഷൻ പ്ലാനിംഗ്, മറ്റ് ലോജിസ്റ്റിക്കൽ ഏകോപനങ്ങൾ എന്നിവയിൽ AI വലിയ പിന്തുണ നൽകുന്നു. ഇത് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാൻ സഹായിക്കുന്നു.
  • കാസ്റ്റിംഗ്, സെലക്ഷൻ ടൂളുകൾ: കൃത്യമായ മാനദണ്ഡങ്ങളും വിവരങ്ങളും ഉപയോഗിച്ച് അഭിനേതാക്കളുടെ ഡാറ്റാബേസുകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കാൻ AI പ്ലാറ്റ്‌ഫോമുകൾക്ക് കഴിയും. അന്തിമ തീരുമാനങ്ങൾ മനുഷ്യർ തന്നെയാണ് എടുക്കുന്നതെങ്കിലും, തിരച്ചിൽ പ്രക്രിയ കൂടുതൽ വേഗമേറിയതും ക്രമബദ്ധവുമാകുന്നു.
  • വിഎഫ്എക്സ് (VFX), പോസ്റ്റ്-പ്രൊഡക്ഷൻ വേഗത: വിഷ്വൽ ഇഫക്റ്റുകൾ മെച്ചപ്പെടുത്താനും ചെറിയ എഡിറ്റുകൾ സ്വയം ചെയ്യാനും കളർ കറക്ഷൻ വേഗത്തിലാക്കാനും AI സഹായിക്കുന്നു. ആഗോള സിനിമകളിൽ അഭിനേതാക്കളുടെ ഡിജിറ്റൽ രൂപങ്ങൾ സൃഷ്ടിക്കാൻ AI അധിഷ്ഠിത CGI ഉപയോഗിക്കുന്നുണ്ട്. ഇത് സാങ്കേതികമായ കഴിവിനൊപ്പം തന്നെ ധാർമ്മികമായ വെല്ലുവിളികളും ഉയർത്തുന്നു.
  • ബഹുഭാഷാ ഡബ്ബിംഗും പ്രാദേശികവൽക്കരണവും: വിവർത്തനം ചെയ്ത ഓഡിയോയുമായി ചുണ്ടുകളുടെ ചലനം പൊരുത്തപ്പെടുത്തുന്ന AI സംവിധാനങ്ങൾ സിനിമകളെ മറ്റ് ഭാഷകളിലേക്ക് എളുപ്പത്തിൽ മാറ്റാൻ സഹായിക്കുന്നു. ഇന്ത്യൻ ഗവേഷണ രംഗത്തുനിന്നുള്ള പുതിയ കണ്ടെത്തലുകൾ പ്രാദേശിക സിനിമകളുടെ ആഗോള വ്യാപനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്.
  • നിർദേശങ്ങളും കണ്ടന്റ് ഡിസ്കവറിയും: സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രധാനമായും ആശ്രയിക്കുന്നത് AI നിർദേശങ്ങളെയാണ്. മുൻനിര പ്ലാറ്റ്‌ഫോമുകളിലെ ഭൂരിഭാഗം കാഴ്ചക്കാരും ഇത്തരം അൽഗോരിതങ്ങൾ നിർദ്ദേശിക്കുന്ന സിനിമകളാണ് കാണുന്നത്. ലഘുചിത്രങ്ങൾ  തിരഞ്ഞെടുക്കാനും പ്രിവ്യൂകൾ തയ്യാറാക്കാനും നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗിലൂടെ തിരച്ചിൽ എളുപ്പമാക്കാനും AI ഉപയോഗിക്കുന്നു.

ഈ പ്രയോഗങ്ങളിലെല്ലാം ഒരു പൊതുവായ രീതി പ്രകടമാണ്. AI പ്രവർത്തനങ്ങളുടെ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും സിനിമയുടെ വ്യാപ്തി കൂട്ടുകയും ചെയ്യുന്നു. ഇത് പാറ്റേണുകൾ വിശകലനം ചെയ്യുകയും ആവർത്തന സ്വഭാവമുള്ള ജോലികൾ സ്വയം നിർവ്വഹിക്കുകയും വിതരണ രീതികൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

യന്ത്രങ്ങൾക്ക് ജീവിതാനുഭവങ്ങളോ സാംസ്കാരികമായ സൂക്ഷ്മതകളോ  വൈകാരികമായ ഓർമകളോ സ്വയം സൃഷ്ടിക്കാൻ കഴിയില്ല.

AI-യും പൈതൃകവും ഒന്നിക്കുന്നു: മഹാഭാരതം പുനരാവിഷ്കരിക്കപ്പെടുന്നു

A poster for a movieAI-generated content may be incorrect.

ഇന്ത്യയുടെ ഇതിഹാസമായ മഹാഭാരതത്തിന് ഒരിക്കൽ കൂടി ജീവൻ പ്രാപിച്ചു ഇത്തവണ അത്യാധുനിക AI ടൂളുകളുടെ പിന്തുണയോടെ. പ്രസാർ ഭാരതിയും കളക്റ്റീവ് മീഡിയ നെറ്റ്‌വർക്കും ചേർന്നുള്ള ഈ സംരംഭത്തിൽ കഥയുടെ ആത്മാവ് ചോർന്നുപോകാതെ തന്നെ ദൃശ്യങ്ങൾ മെച്ചപ്പെടുത്താനും വൻതോതിലുള്ള യുദ്ധരംഗങ്ങൾ പുനർനിർമ്മിക്കാനും കഥാപാത്രങ്ങൾക്ക് കൂടുതൽ ആഴം നൽകാനും ഇന്റലിജന്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചു.

 

ഈ പരമ്പര ആദ്യം WAVES OTT-യിലാണ് പ്രദർശിപ്പിച്ചത്. പിന്നീട് ദൂരദർശനിലും സംപ്രേക്ഷണം ചെയ്തു. പാരമ്പര്യത്തെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് ഇന്നത്തെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാനാണ് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതെന്ന് ഇത് തെളിയിച്ചു.

സിനിമാ നിർമാണത്തിന്റെ ഘടനയിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഹൈ-റെസല്യൂഷൻ ക്യാമറകളും കണ്ടന്റ് സോഫ്റ്റ്‌വെയറുകളും AI ടൂളുകളും ഇന്ന് എല്ലാവർക്കും ലഭ്യമാണ്. അതുകൊണ്ടുതന്നെ വലിയ സ്റ്റുഡിയോകൾക്ക് മാത്രം സാധ്യമായിരുന്ന അത്യാധുനിക നിർമാണ രീതികൾ ഇന്ന് സാധാരണക്കാർക്കും പ്രാപ്യമായിരിക്കുന്നു. AI അധിഷ്ഠിത പ്ലാനിംഗ്, വിഷ്വലൈസേഷൻ ടൂളുകൾ എന്നിവ ഈ മേഖലയിലേക്കുള്ള കടമ്പകൾ കുറയ്ക്കുകയും സ്വതന്ത്ര സ്രഷ്ടാക്കൾക്ക് വലിയ രീതിയിൽ പരീക്ഷണങ്ങൾ നടത്താനും മത്സരരംഗത്ത് വരാനും അവസരമൊരുക്കുന്നു.

ചുരുക്കത്തിൽ, ഈ പുനർനിർമാണം കഥാകാരനെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് കഥപറച്ചിലിന് ചുറ്റുമുള്ള സംവിധാനങ്ങളെ പരിഷ്കരിക്കാനാണ് സഹായിക്കുന്നത്.

ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയും നിർമിത ബുദ്ധിയും ഒന്നിക്കുന്നു

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിനിമയിലെ നിർമിത ബുദ്ധിയെക്കുറിച്ചുള്ള ചർച്ചകൾ ഒറ്റപ്പെട്ട ഒന്നല്ല. രാജ്യത്തിന്റെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയിൽ നടന്നുകൊണ്ടിരിക്കുന്ന വലിയൊരു പരിവർത്തനത്തിന്റെ ഭാഗമാണത്. പ്രാദേശിക സിനിമാ വ്യവസായങ്ങൾ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ, ആഗോള പ്രേക്ഷകർ എന്നിങ്ങനെ വ്യാപിച്ചുകിടക്കുന്ന വൈവിധ്യമാർന്ന ഒരു സിനിമാ ലോകമാണ് ഇന്ത്യയിലുള്ളത്. കഥപറച്ചിൽ വിവിധ ഭാഷകളിലേക്കും രൂപങ്ങളിലേക്കും വളരുമ്പോൾ, സാങ്കേതികവിദ്യ എന്നത് വെറുമൊരു സഹായി മാത്രമല്ല, മറിച്ച് ഒരു അടിസ്ഥാന സൗകര്യമായി മാറുന്നു.

അതുകൊണ്ടുതന്നെ, നിർമിത ബുദ്ധിയെ കേവലം ഒരു നിർമാണ ഉപകരണം മാത്രമായല്ല കാണുന്നത്. മറിച്ച്, ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചാ ചരിത്രത്തിലെ ഒരു സുപ്രധാന ഘടകമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇവിടെ ചോദ്യങ്ങൾ മാറുകയാണ്. AI മാധ്യമ മേഖലയിലെ തൊഴിലുകളെ ബാധിക്കുമോ എന്നതിൽ മാത്രം ചർച്ചകൾ ഒതുങ്ങുന്നില്ല. മറിച്ച്, സർഗ്ഗാത്മകമായ കഴിവുകൾ വർദ്ധിപ്പിക്കാനും, എല്ലാവർക്കും അവസരങ്ങൾ ലഭ്യമാക്കാനും, അതിവേഗം വളരുന്ന വിനോദ മേഖലയിൽ ഉത്തരവാദിത്തത്തോടെയുള്ള സാങ്കേതിക വിന്യാസം ഉറപ്പാക്കാനും ഇന്ത്യ ഇതിനെ എങ്ങനെ രൂപപ്പെടുത്തും എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ഗൗരവകരമായ ആലോചനകൾ നടക്കുന്നത്.

സുപ്രധാന  അടിസ്ഥാന സൗകര്യങ്ങൾ എന്ന നിലയിൽ ഇന്ത്യAI മിഷനും നാഷണൽ AI സ്ട്രാറ്റജിയും

ഇന്ത്യയുടെ നിർമിത ബുദ്ധി സമീപനം വ്യക്തമായ ഒരു അടിത്തറയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. 'നാഷണൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' മുന്നോട്ടുവെക്കുന്ന "AI ഫോർ ഓൾ" (എല്ലാവർക്കും വേണ്ടിയുള്ള AI) എന്ന കാഴ്ചപ്പാട് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും നവീകരണത്തിനും ആഗോളതലത്തിലുള്ള മത്സരക്ഷമതയ്ക്കും വേണ്ടിയുള്ള ഒരു പ്രേരകശക്തിയായി AI-യെ മാറ്റുന്നു. ഇന്ത്യAI മിഷൻ ഈ കാഴ്ചപ്പാടിനെ പ്രായോഗികമായ അടിസ്ഥാന സൗകര്യങ്ങളിലേക്ക് മാറ്റുന്നു കമ്പ്യൂട്ടിംഗ് ശേഷി വർദ്ധിപ്പിക്കുക, ഡാറ്റാസെറ്റുകൾ ലഭ്യമാക്കുക, സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക, അത്യാധുനിക നൈപുണ്യ വികസനം ശക്തിപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ സ്ട്രാറ്റജിയും മിഷനും ചേർന്നാണ് ഇന്ത്യയുടെ AI ആവാസവ്യവസ്ഥയുടെ അടിത്തറ രൂപീകരിക്കുന്നത്. സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം സിനിമയിലെയും മാധ്യമങ്ങളിലെയും പരീക്ഷണങ്ങൾക്ക് ദേശീയ കമ്പ്യൂട്ട് ഇൻഫ്രാസ്ട്രക്ചർ, നവീകരണത്തിനുള്ള ഫണ്ടിംഗ്, ഭരണപരമായ ഫ്രെയിംവർക്കുകൾ  എന്നിവയുടെ പിന്തുണ ലഭിക്കുന്നു എന്നാണ് ഇതിനർത്ഥം. അതിനാൽ, സിനിമയിലെ AI എന്നത് കേവലം ചില ഉപകരണങ്ങൾ സ്വീകരിക്കുന്നതല്ല. മറിച്ച്, ഉത്തരവാദിത്തത്തോടെ വളരാൻ രൂപകൽപ്പന ചെയ്ത ഒരു സംഘടിത ഡിജിറ്റൽ ആർക്കിടെക്ചറിനുള്ളിലാണ് ഇത് വികസിച്ചുവരുന്നത്.

AVGC, ഗെയിമിംഗ് മേഖലകൾക്കുള്ള ഉത്തേജനം

അനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ് (AVGC) എന്നീ മേഖലകളുടെ ബോധപൂർവ്വമായ വിപുലീകരണത്തിലൂടെ സിനിമയിലെ ഇന്ത്യയുടെ AI ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്ത് ലഭിക്കുന്നു. ഏകദേശം 66,000 പ്രൊഫഷണലുകൾ ജോലി ചെയ്യുന്ന 1,900-ലധികം ഗെയിം ഡെവലപ്‌മെന്റ് കമ്പനികൾ ഇന്ന് ഇന്ത്യയിലുണ്ട്. കൂടാതെ 48.8 കോടി ഓൺലൈൻ ഗെയിമർമാരുടെ ശക്തമായ ഒരു ആഭ്യന്തര അടിത്തറയും ഇതിനുണ്ട്.

ഏകദേശം 2.6 ലക്ഷം സ്രഷ്ടാക്കളും എഞ്ചിനീയർമാരും അടങ്ങുന്ന തൊഴിൽ സേനയുടെ പിന്തുണയോടെ, ആഗോള വി.എഫ്.എക്സ് (VFX), അനിമേഷൻ രംഗങ്ങളിൽ 40 മുതൽ 60 ശതമാനം വരെ കുറഞ്ഞ ചിലവിൽ മികച്ച സേവനങ്ങൾ നൽകാൻ ഇന്ത്യൻ സ്റ്റുഡിയോകൾക്ക് സാധിക്കുന്നു.

15,000 സ്കൂളുകളിലും 500 കോളേജുകളിലും 'AVGC കണ്ടന്റ് ക്രിയേറ്റർ ലാബുകൾ' സ്ഥാപിക്കുന്നത് ഈ മേഖലയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണ്. ഇത് ഡിജിറ്റൽ കഥപറച്ചിലും AI അധിഷ്ഠിത സർഗ്ഗാത്മക ഉപകരണങ്ങളും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തുടക്കം മുതൽ തന്നെ ഉൾപ്പെടുത്താൻ സഹായിക്കുന്നു. അനിമേഷൻ, ഇമ്മേഴ്‌സീവ് മീഡിയ, ഗെയിമിംഗ് എഞ്ചിനുകൾ എന്നിവയിൽ ഇന്റലിജന്റ് വർക്ക്ഫ്ലോകൾ അവിഭാജ്യമാകുമ്പോൾ സാങ്കേതിക വിദ്യയ്ക്കൊപ്പം തന്നെ ഇന്ത്യയുടെ ഉൽപ്പാദന അടിത്തറയും പരിണമിക്കുന്നുണ്ടെന്ന് ഈ നീക്കം ഉറപ്പാക്കുന്നു.

വളർന്നുവരുന്ന മാധ്യമ സാങ്കേതികവിദ്യകളിലെ നൈപുണ്യ വികസന പദ്ധതികൾ

കഥകൾ എങ്ങനെ നിർമ്മിക്കപ്പെടുന്നുവെന്ന് AI പുനർനിർണ്ണയിക്കുമ്പോൾ ആര് അവ നിർമ്മിക്കണമെന്ന് തീരുമാനിക്കുന്നത് നൈപുണ്യ വികസനമാണ്. ഇന്ത്യയുടെ ക്രിയേറ്റീവ്-ടെക് പ്രതിഭകളുടെ ഘടനയിൽ 37-ലധികം വി.എഫ്.എക്സ് (VFX) ഇൻസ്റ്റിറ്റ്യൂട്ടുകളും 16-ലധികം ഗെയിമിംഗ് കോളേജുകളും 20-ലധികം എക്സ്.ആർ (XR) അധിഷ്ഠിത അക്കാദമിക് പ്രോഗ്രാമുകളും ഉൾപ്പെടുന്നു.

AVGC-XR മേഖലയിലെ ദേശീയ മികവിന്റെ കേന്ദ്രമായ IICT, ആഗോള നിലവാരത്തിലുള്ള അത്യാധുനിക ഗവേഷണം, വ്യവസായ സഹകരണം, പ്രത്യേക പരിശീലനം എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ഇത് കേവലം തൊഴിൽസേനയുടെ വിപുലീകരണം മാത്രമല്ല, മറിച്ച് കഴിവിന്റെ നവീകരണം കൂടിയാണ്. എഡിറ്റിംഗ്, റെൻഡറിംഗ്, ലോക്കലൈസേഷൻ എന്നിവ AI വേഗത്തിലാക്കുമ്പോൾ ഇത്തരം ഇന്റലിജന്റ് പ്രൊഡക്ഷൻ പൈപ്പ് ലൈനുകൾ രൂപകൽപ്പന ചെയ്യാനും മേൽനോട്ടം വഹിക്കാനും നവീകരിക്കാനും കഴിയുന്ന സ്രഷ്ടാക്കളെ വാർത്തെടുക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വ്യാപ്തി വർദ്ധിപ്പിക്കുന്ന ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ

AI ടൂളുകൾ വലിയ തോതിൽ വിന്യസിക്കപ്പെടുമ്പോൾ മാത്രമാണ് അവയുടെ യഥാർത്ഥ മൂല്യം ലഭിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റൽ നട്ടെല്ല് ആ മൂല്യത്തെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. 90 കോടിയിലധികം ബ്രോഡ്‌ബാൻഡ് കണക്ഷനുകളും 56.2 കോടി സജീവ സ്മാർട്ട്‌ഫോണുകളുമുള്ള ഇന്ത്യ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ കണ്ടന്റ് ആവാസവ്യവസ്ഥകളിൽ ഒന്നാണ്.

2024- മീഡിയ ആൻഡ് എന്റർടൈൻമെന്റ് മേഖലയിലെ വരുമാനത്തിന്റെ 32 ശതമാനവും ഡിജിറ്റൽ മീഡിയയിൽ നിന്നായിരുന്നു, ഇത് ആ മേഖലയിലെ ഏറ്റവും വലിയ വിഭാഗമായി മാറി.

ഈ വ്യാപ്തി എല്ലാവർക്കും തുല്യമായ പങ്കാളിത്തം ഉറപ്പാക്കുന്നു. ചെറിയ സ്റ്റുഡിയോകൾക്കും സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കും പ്രാദേശിക സ്രഷ്ടാക്കൾക്കും തങ്ങളുടെ സൃഷ്ടികൾ വേഗത്തിൽ വിതരണം ചെയ്യാനും വരുമാനമുണ്ടാക്കാനും മാറ്റങ്ങൾ വരുത്താനും ഇത് സഹായിക്കുന്നു. ഇത്തരം ഒരു ആവാസവ്യവസ്ഥയിൽ എഡിറ്റിംഗ്, ലോക്കലൈസേഷൻ, ഓഡിയൻസ് അനലിറ്റിക്സ് എന്നിവയ്ക്കായുള്ള AI അധിഷ്ഠിത ടൂളുകൾ വെറുമൊരു അപ്‌ഗ്രേഡുകളല്ല. അവ അതിവേഗം വളരുന്ന ഒരു സർഗ്ഗാത്മക വിപണിയുടെ അവിഭാജ്യ ഘടകങ്ങളായി മാറുന്നു.

സ്റ്റാർട്ടപ്പുകളുടെയും ഇന്നൊവേഷൻ ലാബുകളുടെയും പങ്ക്

ഇന്ത്യയുടെ സർഗ്ഗാത്മക പരിവർത്തനം ഇന്ന് പ്രധാനമായും സംരംഭകത്വത്തിലൂടെയാണ് മുന്നേറുന്നത്. മീഡിയ-കണ്ടൻ്റ് മേഖലയിലുള്ള ക്ലസ്റ്ററുകൾ ഉൾപ്പെടെ 1,580-ലധികം ആഗോള കാപ്പബിലിറ്റി സെന്ററുകൾക്ക്  ഇന്ത്യ ഇന്ന് ആതിഥേയത്വം വഹിക്കുന്നു.

സ്റ്റുഡിയോകളും സ്റ്റാർട്ടപ്പുകളും തങ്ങളുടെ പ്രധാന പ്രവർത്തനങ്ങളിൽ AI അധിഷ്ഠിത പ്രൊഡക്ഷൻ വർക്ക്ഫ്ലോകളും റിയൽ-ടൈം റെൻഡറിംഗ് എഞ്ചിനുകളും ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിവരുന്നു. ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ ഈ മുന്നേറ്റം പ്രകടമായിരുന്നു. അവിടെ അനിമേഷൻ, എക്സ്ആർ (XR), പ്രാദേശികവൽക്കരണം, ഡിജിറ്റൽ കഥപറച്ചിൽ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഡസൻ കണക്കിന് ക്രിയേറ്റീവ്-ടെക് സ്റ്റാർട്ടപ്പുകൾ തങ്ങളുടെ AI ആപ്ലിക്കേഷനുകൾ പ്രദർശിപ്പിച്ചു. ഇത് നവീനമായ ആശയങ്ങൾ പരീക്ഷണഘട്ടം പിന്നിട്ട് വ്യവസായ അടിസ്ഥാനത്തിൽ നടപ്പിലാക്കപ്പെടുന്നുവെന്നതിന്റെ സൂചനയാണ്.

ഗവൺമെന്റ് പിന്തുണയുള്ള ഇൻകുബേഷൻ സെന്ററുകളും സ്റ്റാർട്ടപ്പ് ചട്ടക്കൂടുകളും പുതിയ ക്രിയേറ്റീവ്-ടെക് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള തടസ്സങ്ങൾ കുറയ്ക്കുകയും അവയെ പ്രോട്ടോടൈപ്പുകളിൽ നിന്ന് വിന്യാസത്തിലേക്ക് വേഗത്തിൽ എത്തിക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ, നവീകരണം എന്നത് സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയുടെ വെറുമൊരു അനുബന്ധമല്ല. അത് വ്യവസ്ഥാപിതമായി മാറിക്കഴിഞ്ഞു. അതിനാൽ, ഇന്ത്യൻ സിനിമയിലെ AI എന്നത് ഒറ്റപ്പെട്ട ഒന്നല്ല. അത് മേഖലയുടെ വ്യാപ്തി, പ്രതിഭകളുടെ ലഭ്യത, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സംരംഭകത്വത്തിന്റെ കരുത്ത് എന്നിവയാൽ പിന്തുണയ്ക്കപ്പെടുന്നു. ഇന്റലിജന്റ് മീഡിയ ടെക്നോളജികളെ വെറുതെ സ്വീകരിക്കുന്നതിന് പകരം, അവയെ രൂപപ്പെടുത്താൻ ശേഷിയുള്ള ഒരു ആവാസവ്യവസ്ഥയാണ് ഇവിടെ രൂപപ്പെടുന്നത്.

ഹ്യൂമൻ പ്രീമിയം

നിർമിത ബുദ്ധിക്ക് നിമിഷങ്ങൾക്കുള്ളിൽ ഒരു രംഗം എഴുതാൻ കഴിയും. പശ്ചാത്തല സംഗീതം ഒരുക്കാനും മുഖങ്ങൾ സൃഷ്ടിക്കാനും ശബ്ദങ്ങൾ പുനർനിർമ്മിക്കാനും വെറും നിർദ്ദേശങ്ങളിലൂടെ ദൃശ്യലോകങ്ങൾ കെട്ടിപ്പടുക്കാനും അതിന് സാധിക്കും. ആയിരക്കണക്കിന് തിരക്കഥകൾ വിശകലനം ചെയ്ത് സാധാരണയായി എന്താണ് വിജയിക്കുക എന്ന് പറഞ്ഞുതരാനും അതിന് കഴിയും.

എന്നാൽ സിനിമ ഒരിക്കലും 'സാധാരണഗതിയിൽ വിജയിക്കുന്ന കാര്യങ്ങളെ' കുറിച്ചുള്ളതായിരുന്നില്ല.

പ്രതീക്ഷകളെ തകിടംമറിച്ചാണെങ്കിൽ പോലും തനിക്ക് ശരിയെന്ന് തോന്നുന്ന ഒരു ക്ലൈമാക്സ് തിരഞ്ഞെടുക്കുന്ന സംവിധായകനെക്കുറിച്ചാണ് സിനിമ. സംഭാഷണങ്ങളേക്കാൾ അർത്ഥം നൽകുന്ന നിശബ്ദതയുടെ നിമിഷങ്ങൾ സമ്മാനിക്കുന്ന അഭിനേതാവിനെക്കുറിച്ചാണ് സിനിമ. വെറും പാറ്റേണുകൾ തിരിച്ചറിയുന്നതിന് പകരം സ്വന്തം ഓർമ്മകളിൽ നിന്നും വികാരങ്ങളിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും കഥകൾ നെയ്യുന്ന എഴുത്തുകാരനെക്കുറിച്ചാണ് സിനിമ. AI സാധ്യതകൾ സൃഷ്ടിക്കുന്നു. എന്നാൽ അതിൽ ഏതാണ് നിലനിർത്തേണ്ടതെന്ന് തീരുമാനിക്കുന്നത് മനുഷ്യനാണ്.

യന്ത്രങ്ങൾ ഭൂതകാലത്തിലെ പാറ്റേണുകളെ കൂട്ടിയോജിപ്പിക്കുന്നു. കലാകാരന്മാർ ഭാവിയിലേക്ക് വേണ്ടി വെല്ലുവിളികൾ ഏറ്റെടുക്കുന്നു.

അതുകൊണ്ട് തന്നെ, സർഗ്ഗാത്മകത ഇല്ലാതാകുമെന്നതല്ല യഥാർത്ഥ ആശങ്ക. മറിച്ച്, അത് പ്രവചനീയമായി മാറിയേക്കാം എന്നതാണ്. മുൻകാല വിജയങ്ങളെ അടിസ്ഥാനമാക്കിയുള്ള അൽഗോരിതങ്ങൾ മാത്രം കഥകളെ രൂപപ്പെടുത്തിയാൽ ഫലം സാങ്കേതികമായി തികവുള്ളതാകുമെങ്കിലും വൈകാരികമായി ശൂന്യമായിരിക്കും. സിനിമ നിലനിൽക്കുന്നത് അത് നമ്മെ അത്ഭുതപ്പെടുത്തുന്നതുകൊണ്ടാണ്, അസ്വസ്ഥമാക്കുന്നതുകൊണ്ടാണ്, സ്ക്രീൻ ഇരുണ്ടുപോയതിന് ശേഷവും അത് മനസ്സിൽ തങ്ങിനിൽക്കുന്നതുകൊണ്ടാണ്.

അതേസമയം, ഇതിലെ അവസരങ്ങൾ നിഷേധിക്കാനാവില്ല. സർഗ്ഗാത്മക പ്രക്രിയയിലെ തടസ്സങ്ങൾ നീക്കാൻ AI-ക്ക് കഴിയും. നിർമാണ സമയം കുറയ്ക്കാനും സാങ്കേതികമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും അത്യാധുനിക ഉപകരണങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. വലിയ സ്റ്റുഡിയോകളുടെ പിന്തുണയില്ലാത്ത ഒരു ചലച്ചിത്രകാരന് പോലും ഇന്ന് തന്റെ വലിയ സ്വപ്നങ്ങൾ ദൃശ്യവൽക്കരിക്കാൻ കഴിയും. ബുദ്ധിപരമായ പ്രാദേശികവൽക്കരണത്തിലൂടെ  ഒരു പ്രാദേശിക കഥയ്ക്ക് പുതിയ പ്രേക്ഷകരിലേക്ക് എത്താൻ കഴിയും. ഇത് പകരക്കാരനാകലല്ല, മറിച്ച് കഴിവുകളെ വർദ്ധിപ്പിക്കലാണ്.

അതുകൊണ്ട്, ഇന്ത്യ AI-യെ ചെറുക്കണമോ എന്നതല്ല ചോദ്യം. മറിച്ച് ഇന്ത്യൻ സിനിമ അതിനെ എങ്ങനെ രൂപപ്പെടുത്തും എന്നതാണ്. കഥാകൃത്തുക്കൾ എങ്ങനെയാണ് തങ്ങളുടെ ലക്ഷ്യങ്ങൾ ഈ സംവിധാനങ്ങളിൽ ഉൾച്ചേർക്കുന്നത്? സാങ്കേതികവിദ്യ സർഗ്ഗാത്മകമായ ആവിഷ്കാരങ്ങളെ ഏകീകരിക്കുന്നതിന്  പകരം ശക്തിപ്പെടുത്തുന്നു എന്ന് സംവിധായകരും എഴുത്തുകാരും എങ്ങനെ ഉറപ്പാക്കും?

ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിലെ ചർച്ചകൾ തുടങ്ങിയത് ഒരു അനിശ്ചിതത്വത്തോടെയായിരുന്നു: AI സർഗ്ഗാത്മക മേഖലയിലെ തൊഴിലുകൾ ഇല്ലാതാക്കുമോ? എന്നാൽ ഇതിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ പാഠം ഇതാണ് ഉത്തരവാദിത്തം നവീനതയെ തടയുന്നതിലല്ല, മറിച്ച് അതിനെ ശരിയായ ദിശയിൽ നയിക്കുന്നതിലാണ്.

ഇന്ത്യൻ സിനിമയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് നിർമിത ബുദ്ധിയെ ചെറുക്കുന്നതിലൂടെയല്ല. മറിച്ച്, മനുഷ്യന്റെ കാഴ്ചപ്പാടുകളെ ഈ ബുദ്ധിപരമായ സംവിധാനങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നതിലൂടെയാണ്.

കാരണം, തിയേറ്ററിലെ വിളക്കുകൾ അണയുകയും ആദ്യ ദൃശ്യം തെളിയുകയും ചെയ്യുമ്പോൾ ഒരു പ്രേക്ഷകനെ സ്പർശിക്കുന്നത് കണക്കുകൂട്ടലുകളല്ല.

അത് ഹൃദയബന്ധമാണ്.

A person with headphones and a cameraAI-generated content may be incorrect.

അവലംബം:

 

Click here to see PDF

***

SK

(Features ID: 158523) आगंतुक पटल : 27
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Tamil , Kannada