• Sitemap
  • Advance Search
Social Welfare

ട്രൈബൽ ആർട്ട് ഫെയർ 2026

കലാകാരികൾ സജീവ പാരമ്പര്യങ്ങളെ മുന്നോട്ട് നയിക്കുന്നു

Posted On: 17 MAR 2026 10:19AM
ഇന്ത്യയുടെ ഗോത്ര കലാ പൈതൃകം ആഘോഷിക്കുന്നു

ട്രൈബ്സ് ആർട്ട് ഫെസ്റ്റ് (TAF) 2026-ലൂടെ ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ട്രാവൻകൂർ പാലസ് ഇന്ത്യയുടെ ഗോത്ര പാരമ്പര്യത്തിൻ്റെ വർണ്ണവും താളവും കഥകളും കൊണ്ട് സജീവമായി. 2026 മാർച്ച് 2 മുതൽ 13 വരെ സംഘടിപ്പിച്ച  ഈ മേള 75-ലധികം ഗോത്ര കലാകാരന്മാരേയും രാജ്യത്തുടനീളമുള്ള 30-ലധികം വ്യത്യസ്ത ഗോത്ര കലാരൂപങ്ങളെ പ്രതിനിധീകരിക്കുന്ന ആയിരത്തോളം കലാസൃഷ്ടികളേയും ഒരുമിച്ച് കൊണ്ടുവന്നു.
 


 
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI), നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് എന്നിവയുമായി സഹകരിച്ച് ഗോത്രകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഈ മേള, ഗോത്ര ശാക്തീകരണത്തോടുള്ള സർക്കാരിൻ്റെ വിശാലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന ഗോത്ര വിഭാഗങ്ങൾക്കായുള്ള PM JANMAN, ആനുകൂല്യങ്ങൾ എല്ലാവരിലേക്കും  എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള DAJGUA, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ വിപുലീകരണം, TRIFED വഴിയുള്ള വിപണി ബന്ധങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ പദ്ധതികളാണ് ഈ കലാമേളയുടെ നയപരമായ അടിത്തറയായി വർത്തിച്ചത്.
 
പ്രതീകാത്മകമായ ഒരു ആഘോഷം എന്നതിലുപരി, ഘടനാപരമായ വിപണി ആവാസവ്യവസ്ഥകൾ കെട്ടിപ്പടുക്കുന്നതിലേക്കാണ് ട്രൈബ്സ് ആർട്ട് ഫെസ്റ്റ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് കലാകാരന്മാരെ കലാവസ്തുക്കൾ ശേഖരിക്കുന്നവരുമായും, ഗാലറികളുമായും, കോർപ്പറേറ്റുകളുമായും, ഡിസൈൻ സ്ഥാപനങ്ങളുമായും പൗരന്മാരുമായും നേരിട്ട് ബന്ധിപ്പിച്ചു. ഇത് അവരുടെ സൃഷ്ടികൾക്ക് ന്യായമായ മൂല്യം ഉറപ്പാക്കുകയും സാംസ്കാരിക പാരമ്പര്യത്തെ സുസ്ഥിരമായ ഉപജീവനമാർഗ്ഗമാക്കി മാറ്റുകയും ചെയ്തു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗോത്ര കലാ പാരമ്പര്യങ്ങളുടെ ഊർജ്ജസ്വലമായ നിര തന്നെയാണ് പ്രദർശനത്തിൽ അവതരിപ്പിച്ചത്. മഹാരാഷ്ട്രയിലെ വാർലി, മധ്യപ്രദേശിലെ ഗോണ്ട്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ ഭീൽ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ര മെറ്റൽ ക്രാഫ്റ്റ്, ജാർഖണ്ഡിലെ സൊഹ്റായ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കോയ ആർട്ട്, തമിഴ്നാട്ടിലെ കുറുമ്പ ആർട്ട്, ഒഡീഷയിൽ നിന്നുള്ള സൗര പെയിൻ്റിംഗ്, അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബോഡോ ആർട്ട്, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഒറാവോൺ ആർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മന്ദാന, ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഗോദ്‌ന, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മുള ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി തദ്ദേശീയ പാരമ്പര്യങ്ങളും ഈ മേളയിൽ പ്രദർശിപ്പിച്ചു. ഇത് ഇന്ത്യയുടെ ശ്രദ്ധേയമായ പ്രാദേശിക വൈവിധ്യത്തേയും പ്രകൃതിയിലും ആചാരങ്ങളിലും കൂട്ടായ ഓർമ്മകളിലും വേരൂന്നിയ പങ്കിട്ട സാംസ്കാരിക തുടർച്ചയേയും പ്രതിഫലിപ്പിച്ചു.
 
 
       

 
സാംസ്കാരിക സ്മൃതികളുടെ കാവൽക്കാരായി സ്ത്രീകൾ

ഇന്ത്യയിലെ പല ഗോത്രസമൂഹങ്ങളിലും ദൃശ്യകലാരൂപങ്ങളെ നിലനിർത്തുന്നതിൽ സ്ത്രീകൾ പണ്ടുമുതലേ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉത്സവ വേളകളിൽ വീടുകളുടെ മൺചുമരുകൾ അലങ്കരിക്കുന്നത് മുതൽ പ്രകൃതി, വിളവെടുപ്പ്, ആചാരങ്ങൾ എന്നിവയെക്കുറിച്ചുള്ള കഥകൾ കലാരൂപങ്ങളിലൂടെ വിവരിക്കുന്നത് വരെ, സാംസ്കാരിക സ്മൃതികളുടേയും സർഗ്ഗാത്മകതയുടേയും കാവൽക്കാരാകാൻ സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്.

ട്രൈബ്സ് ആർട്ട് ഫെസ്റ്റ് 2026-ൽ, ഈ പാരമ്പര്യങ്ങളെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ച നിരവധി വനിതകളുടെ  കലാസൃഷ്ടികളിലൂടെ പുത്തൻ ഭാവങ്ങൾ കൈവന്നു. അവരുടെ ചിത്രങ്ങൾ പൈതൃകമായ അറിവുകളെ സംരക്ഷിക്കുക മാത്രമല്ല, സമകാലിക വേദികൾക്കായി അവയെ പുനർവ്യാഖ്യാനിക്കുകയും ചെയ്യുന്നു.

പ്രകൃതിയിൽ വേരൂന്നിയ കല

മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള 38 വയസ്സുകാരിയായ വാർലി കലാകാരി സുമിത്രാ അഹാക്കെയെ സംബന്ധിച്ചിടത്തോളം, കല എന്നത് കേവലമൊരു ആവിഷ്കാര രൂപമല്ല, മറിച്ച് ഗോത്രസമൂഹങ്ങളും പ്രകൃതിയും തമ്മിലുള്ള ആഴത്തിലുള്ള ആത്മീയ ബന്ധത്തിൻ്റെ പ്രതിഫലനമാണ്. ഏകദേശം പതിനാല് വർഷമായി വാർലി ചിത്രകല പരിശീലിക്കുന്ന അവർ, ലളിതമായ ജ്യാമിതീയ രൂപങ്ങളും താളാത്മകമായ പാറ്റേണുകളും ഉപയോഗിച്ചാണ് കൃഷി, വിളവെടുപ്പ്, നൃത്തം, സാമൂഹിക  കൂടിച്ചേരലുകൾ എന്നിവ ചിത്രീകരിക്കുന്നത്.
 
"ഞങ്ങളുടെ സമൂഹത്തിൽ പ്രകൃതി ദൈവത്തെപ്പോലെയാണ്. വിളവെടുപ്പ് പോലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, ഞങ്ങൾ ആദ്യം പ്രാർത്ഥനകൾ അർപ്പിക്കുകയും ഭൂമിയോടും വനത്തോടും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു."
 


 
ഈ ആചാരങ്ങളിൽ പലതും വാർലി പെയിൻ്റിംഗുകളിൽ പ്രതിഫലിക്കുന്നു. അവ പലപ്പോഴും പ്രകൃതി ആരാധന, സാമൂഹിക ഒത്തുചേരലുകൾ, മനുഷ്യരും അവരുടെ പരിസ്ഥിതിയും തമ്മിലുള്ള ഐക്യം ആഘോഷിക്കുന്ന ഉത്സവ നൃത്തങ്ങൾ എന്നിവയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നു. വിജയകരമായ വിളവെടുപ്പിനുശേഷം, ഗോത്രസമൂഹം അവരുടെ ആദ്യത്തെ വിളവ് പ്രാദേശിക ദൈവങ്ങൾക്ക് സമർപ്പിക്കുകയും സംഗീതവും നൃത്തവുമായി ഒത്തുചേർന്ന് ആഘോഷിക്കുകയും ചെയ്യുന്നു — ഈ പാരമ്പര്യങ്ങൾ പലപ്പോഴും ക്യാൻവാസുകളിൽ ഇടംപിടിക്കാറുണ്ട്.

ബിരുദധാരിയായ സുമിത്ര, തൻ്റെ കലാ പരിശീലനത്തോടൊപ്പം കുട്ടികളെ പഠിപ്പിക്കുകയും കല, സംഗീതം, കഥപറച്ചിൽ എന്നിവയിലൂടെ കുട്ടികൾക്ക് അവരുടെ സാംസ്കാരിക പാരമ്പര്യം പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. പ്രദർശനങ്ങൾ, കലാമേളകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ തൻ്റെ ഗ്രാമത്തിനപ്പുറമുള്ള വലിയൊരു ജനവിഭാഗത്തിലേക്ക് അവർ എത്തുന്നുണ്ടെങ്കിലും, അവരുടെ ലക്ഷ്യം ഇപ്പോഴും സമൂഹത്തിലും സാംസ്കാരികമായ തുടർച്ചയിലും ഉറച്ചുനിൽക്കുന്നു.


ഗോണ്ട് പൈതൃകത്തിൻ്റെ  തലമുറകൾ

"എൻ്റെ ചിത്രങ്ങളിലൂടെ ഗോണ്ട് പർധാൻ പാരമ്പര്യം സംരക്ഷിക്കാനും മുന്നോട്ട് കൊണ്ടുപോകാനും  സഹായിക്കാനാകുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഓരോ ചിത്രവും എൻ്റെ ജനതയുടെ സാംസ്കാരിക  സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നു."
 
 
 
ഏകദേശം നാല് പതിറ്റാണ്ടിൻ്റെ കലാപാരമ്പര്യമുള്ള 55 വയസ്സുകാരിയായ നങ്കുഷിയ ശ്യാം ഒരു ഗോണ്ട്  ചിത്രകലാ വിദഗ്ധയാണ്. പതിനെട്ടാം വയസ്സിൽ കുടുംബത്തിൽ നിന്ന് ഈ കല അഭ്യസിച്ചു തുടങ്ങിയ അവർ, വർഷങ്ങൾ കൊണ്ട് തൻ്റേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുത്തു.

മൃഗങ്ങൾ, വനങ്ങൾ, പുരാണ കഥകൾ എന്നിവയ്ക്ക് ജീവൻ നല്കുന്ന ചടുലമായ നിറങ്ങൾക്കും സങ്കീർണ്ണമായ പാറ്റേണുകൾക്കും പേരുകേട്ടതാണ് ഗോണ്ട് ചിത്രങ്ങൾ. നങ്കുഷിയയെ സംബന്ധിച്ചിടത്തോളം ചിത്രകല എന്നത് അവരുടെ വ്യക്തിപരമായ അഭിനിവേശവും ഒപ്പം സാംസ്കാരിക ഉത്തരവാദിത്തവുമാണ്.

ട്രൈബ്സ് ആർട്ട് ഫെസ്റ്റ് പോലുള്ള വേദികളിലൂടെ, വിദൂര പ്രദേശങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് തങ്ങളുടെ സമൂഹങ്ങളുടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കുന്നതിനോടൊപ്പം പാരമ്പര്യ കലകൾ വലിയൊരു ജനവിഭാഗത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഗോണ്ട് കലാ പാരമ്പര്യം കൂടുതൽ അഭിവൃദ്ധി പ്രാപിക്കണമെന്നും വരും തലമുറകളിലേക്ക് എത്തിച്ചേരണമെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് നങ്കുഷിയ ശ്യാമിനെ സംബന്ധിച്ചിടത്തോളം അവരുടെ കലാസൃഷ്ടിയുടെ ഉദ്ദേശ്യം.

പരിസ്ഥിതിക്കും പരിസ്ഥിതി ശാസ്ത്രത്തിനും വേണ്ടിയുള്ള ഒരു യുവശബ്ദം

"ഗോത്രസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം പ്രകൃതി എന്നത് ഒരു ആരാധനരീതി തന്നെയാണ്. നമ്മൾ പ്രകൃതിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്താൽ, അത് നമ്മെ തുടർന്നും നിലനിർത്തുകയും നമ്മുടെ ജീവിതം ആരോഗ്യകരവും സന്തുലിതവുമായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും."

 

 
 
ജാർഖണ്ഡിലെ ഹർദ ജില്ലയിൽ നിന്നുള്ള 26 വയസ്സുകാരിയായ സുധാ കുമാരി, പരിസ്ഥിതി അവബോധത്തിനുള്ള മാധ്യമമായി കലയെ ഉപയോഗിക്കുന്ന പുതിയ തലമുറയിലെ ഗോത്ര കലാകാരികളെ പ്രതിനിധീകരിക്കുന്നു. ജലം, ഭൂമി, വനം എന്ന ഗോത്ര തത്ത്വചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് അവരുടെ സമകാലിക ചിത്രങ്ങൾ. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ  പ്രാധാന്യം ഇവ എടുത്തുകാട്ടുന്നു.

ഇന്ന് അവർ ചിത്രരചന, ചുവർചിത്രങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങി വിവിധ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നു. അതേസമയം,ഗോത്രജീവിതത്തിലും പരിസ്ഥിതി അവബോധത്തിലും വേരൂന്നിയ പ്രമേയങ്ങൾ അവർ തൻ്റെ  കലാസൃഷ്ടികളിലൂടെ പര്യവേക്ഷണം ചെയ്യുന്നത് തുടരുന്നു

ആദ്യമായാണ് ട്രൈബ്സ് ആർട്ട് ഫെസ്റ്റിൽ പങ്കെടുക്കുന്നതെന്നും ഇതൊരു പ്രചോദനാത്മകമായ അനുഭവമാണെന്നും അവർ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള കലാകാരന്മാർ അവരുടെ വ്യത്യസ്തമായ പാരമ്പര്യങ്ങൾ ഒരൊറ്റ ദേശീയ വേദിയിൽ അവതരിപ്പിക്കുന്നത് കാണുന്നത്, ഇന്ത്യയുടെ സൃഷ്ടിപരമായ  ഭാവിയിൽ ഗോത്രകലയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ടെന്ന അവരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു.

ഇന്ത്യയുടെ ഗോത്ര വൈവിധ്യത്തിൻ്റെ ഒരു കാൻവാസ്
 


 
ട്രൈബ്സ് ആർട്ട് ഫെസ്റ്റ് ഒരു പരമ്പരാഗത പ്രദർശനത്തിനും അപ്പുറമായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ശക്തമായ പങ്കാളിത്തത്തോടെ, ഗോത്ര, സമകാലിക കലാകാരന്മാരുടെ  സമകാലിക ആവിഷ്കാരങ്ങളും സഹകരണ സൃഷ്ടികളും ഈ മേളയിൽ ഉണ്ടായിരുന്നു.

12 ദിവസം നീണ്ടുനിന്ന പരിപാടിയിൽ 'ഗോത്രകലയുടെ പുനരുജ്ജീവനവും സുസ്ഥിര ഭാവിയും', 'സമകാലിക ഇടങ്ങളിലെ ഗോത്രകല', 'ഉപജീവനമാർഗ്ഗങ്ങളും വിപണി ബന്ധങ്ങളും' തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. കലാകാരന്മാർ, ക്യൂറേറ്റർമാർ, സ്ഥാപനങ്ങൾ, നയരൂപകർത്താക്കൾ എന്നിവരെ ഇതൊരു ഘടനാപരമായ സംഭാഷണങ്ങളിലേക്ക് കൊണ്ടുവന്നു. പങ്കാളിത്ത ശില്പശാലകൾ, കഥപറച്ചിൽ സെഷനുകൾ, തത്സമയ പ്രദർശനങ്ങൾ എന്നിവ സന്ദർശകർക്ക് ഈ കലകളെ ദൂരെ നിന്ന് നിരീക്ഷിക്കുന്നതിന് പകരം നേരിട്ട് അനുഭവിക്കാൻ അവസരം നല്കി.

പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്ത സമഗ്ര ശില്പശാലകൾ സാമൂഹിക  പങ്കാളിത്തം കൂടുതൽ വിപുലമാക്കി. കൂടാതെ, എല്ലാ വൈകുന്നേരങ്ങളിലും ഗോത്ര സംഗീതവും നൃത്തവും ഉൾപ്പെടുത്തിയുള്ള സാംസ്കാരിക പരിപാടികൾ മേളയ്ക്ക് കൂടുതൽ ഉന്മേഷം നല്കി.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം ഗോത്ര കലാ വിദ്യാർത്ഥികൾക്ക് മുതിർന്ന കലാകാരന്മാരുടെ കീഴിൽ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും ലഭിച്ചു. ഇത് പൈതൃകത്തെ അടുത്ത തലമുറയിലെ കലാകാരന്മാരുമായി ബന്ധിപ്പിക്കാൻ സഹായിച്ചു.
 
  

 
TAF 2026-ൻ്റെ ഒരു പ്രത്യേക ആകർഷണമായി 'പ്രോജക്റ്റ് ഖും – സർഗ്ഗാത്മകതയിൽ വേരൂന്നിയത്' അവതരിപ്പിച്ചു. ത്രിപുരയിലെ കൊക്ബൊറോക്ക് ഭാഷയിൽ "ഖും" എന്നാൽ പൂവ് എന്നാണ് അർത്ഥം. ഇത് പൂവിടലിനേയും, ചൈതന്യത്തേയും, പൂർണ്ണ സർഗ്ഗാത്മക ആവിഷ്കാരത്തേയും പ്രതിഫലിപ്പിക്കുന്നു. പങ്കാളിത്തപരമായ ഒരു ഇൻസ്റ്റാളേഷൻ എന്ന നിലയിൽ രൂപകൽപ്പന ചെയ്ത ഈ കലാരൂപത്തിൽ  
ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള  വനിതകൾ ഒത്തുചേർന്ന് വർണ്ണങ്ങളിലൂടെയും തനതായ ശൈലികളിലൂടെയും ഒരു പൊതു ദൃശ്യചട്ടക്കൂടിനെ മനോഹരമായ ഒരു കലാസൃഷ്ടിയാക്കി മാറ്റി. അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഈ ഇൻസ്റ്റാളേഷൻ, സ്ത്രീകളുടെ സർഗ്ഗാത്മകതയേയും നേതൃത്വത്തേയും സാംസ്കാരിക സ്മൃതികളേയും മുൻനിരയിൽ എത്തിച്ചു. സ്ത്രീകൾ സൃഷ്ടിക്കുമ്പോൾ സംസ്കാരം വിരിയുന്നു എന്ന് ഇത് സാക്ഷ്യപ്പെടുത്തി.
 
  

 
പൈതൃകത്തെ ഭാവിയിലേക്ക് കൊണ്ടുപോകുന്നു

ട്രൈബ്സ് ആർട്ട് ഫെസ്റ്റിൽ പങ്കെടുത്ത കലാകാരികളെ സംബന്ധിച്ചിടത്തോളം, ചിത്രരചന എന്നത് ഒരു തൊഴിലിനേക്കാൾ ഉപരി തങ്ങളുടെ സമൂഹത്തിൻ്റെ കഥകൾ സംരക്ഷിക്കാനുള്ള ഒരു മാർഗ്ഗമാണ്. ഈ കലാകാരികൾ അവരുടെ വ്യക്തിപരമായ ഓർമ്മകളേയും സാംസ്കാരിക പാരമ്പര്യങ്ങളേയും ദൃശ്യരൂപങ്ങളാക്കി മാറ്റി, അത് ഗ്രാമങ്ങൾക്കുമപ്പുറം വലിയ സ്വാധീനം ചെലുത്തുന്നു.

ട്രാവൻകൂർ പാലസിൻ്റെ ഹാളുകൾ നിറങ്ങളും സർഗ്ഗാത്മകതയും കൊണ്ട് നിറഞ്ഞപ്പോൾ, ഇന്ത്യയുടെ തദ്ദേശീയ ദൃശ്യ പാരമ്പര്യങ്ങളുടെ സജീവമായ ഒരു ഗാലറിയായി ട്രൈബ്സ് ആർട്ട് ഫെസ്റ്റ് മാറി. ഗോത്രസമൂഹങ്ങളുടെ സമഗ്ര വളർച്ച, സാംസ്കാരിക സംരക്ഷണം, സുസ്ഥിര സാമ്പത്തിക ശാക്തീകരണം എന്നിവയോടുള്ള ഭാരത സർക്കാരിൻ്റെ പ്രതിബദ്ധത ഇത് ശക്തിപ്പെടുത്തി.

ഇതിലൂടെ, സാമ്പത്തിക പുരോഗതിക്കൊപ്പം തന്നെ ജീവിക്കുന്ന പൈതൃകത്തിലും കെട്ടിപ്പടുക്കുന്ന ഒരു ഭാവിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വികസിത ഭാരതം @ 2047 എന്ന കാഴ്ചപ്പാടിനോട് ഇത് ചേർന്നുനിൽക്കുന്നു. ഈ മേളയിൽ പങ്കെടുത്ത കലാകാരികൾ ഓരോ തുലികാസ്പർശത്തിലൂടെയും തങ്ങളുടെ പാരമ്പര്യം മുന്നോട്ട് നയിച്ചുകൊണ്ട് ആ വാഗ്ദാനത്തിൻ്റെ  തെളിവായി നിലകൊള്ളുന്നു

സൂചനകൾ

https://www.pib.gov.in/PressReleasePage.aspx?PRID=2234758&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2233932&reg=3&lang=2

See in PDF

 

***

(Features ID: 157875) आगंतुक पटल : 12
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Kannada
National Portal Of India
STQC Certificate