• Sitemap
  • Advance Search
Rural Prosperity

കുറഞ്ഞ ചെലവിൽ നിന്ന് ശാക്തീകരണത്തിലേക്ക് ആർത്തവ ശുചിത്വത്തെ പുനർനിർവചിച്ച് ജന്‍ ഔഷധി കേന്ദ്രങ്ങൾ

ഒരു രൂപാ പാഡ് ആത്മവിശ്വാസത്തിന്റെയും മാറ്റത്തിന്റെയും പ്രതീകമായി മാറുമ്പോൾ

Posted On: 03 MAR 2026 4:32PM

സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ ലഭ്യമാകുക എന്നത് വെറുമൊരു ആരോഗ്യപ്രശ്നമല്ല, മറിച്ച് അന്തസ്സിന്റെ പ്രശ്നം കൂടിയാണ്. ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാന പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയ്ക്ക് (PMBJP) കീഴിൽ, രാജ്യത്തുടനീളമുള്ള പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ വെറും 1 രൂപ നിരക്കിൽ (ഒരു പാക്കിന് 10–12 രൂപ) സാനിറ്ററി പാഡുകൾ ലഭ്യമാണ്. അനേകം സ്ത്രീകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും 'ചെറിയ പിങ്ക് പാക്കറ്റ്' സങ്കോചത്തിൽ നിന്നും സാമ്പത്തിക ഭാരത്തിൽ നിന്നും സുരക്ഷിതമല്ലാത്തതും പ്രയാസകരവുമായ ബദലുകളിൽ നിന്നുമുള്ള മോചനത്തെ പ്രതിനിധീകരിക്കുന്നു. ഒരുകാലത്ത് ഓരോ മാസവും വേണ്ടിവന്നിരുന്ന വിട്ടുവീഴ്ചകൾ ഇപ്പോൾ ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഒരു തിരഞ്ഞെടുപ്പായി മാറിയിരിക്കുന്നു.

ഒരു ചെറിയ പിങ്ക് പാക്കറ്റ്, വലിയ മാറ്റം

ഒറ്റനോട്ടത്തിൽ, ജന്‍ ഔഷധി കേന്ദ്രങ്ങളിലെ ഷെൽഫുകളിൽ ഇരിക്കുന്ന വെറും ലളിതമായ പിങ്ക് പാക്കറ്റുകളാണിവ. എന്നാൽ അനേകം സ്ത്രീകൾക്ക് ഇത് കുറഞ്ഞ ചിലവിനെയും അന്തസ്സിനെയും ആശ്വാസത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. 60–70 രൂപ വിലയുള്ള ഒരു പാക്ക് വാങ്ങുന്നതിന് മുമ്പ് രണ്ടുതവണ ആലോചിക്കേണ്ടി വന്നിരുന്ന സ്ത്രീകൾക്ക്, 10–12 രൂപയ്ക്ക് ഒന്ന് ലഭിക്കുക എന്നത് ഏതാണ്ട് അവിശ്വസനീയമായാണ് അനുഭവപ്പെടുന്നത്.

സ്കൂളിൽ നിന്ന് ഇനി ആർത്തവ ഇടവേളകൾ വേണ്ട

താനും തന്റെ ക്ലാസ്സിലെ മറ്റ് നിരവധി പെൺകുട്ടികളും പതിവായി ഈ പാഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പതിനാലുകാരിയായ ചാന്ദ്‌നി പങ്കുവെക്കുന്നു. "ഇവ വളരെ വില കുറഞ്ഞതും സൗകര്യപ്രദവുമാണ്," അവൾ ആത്മവിശ്വാസത്തോടെ പറയുന്നു. ചാന്ദ്‌നിയെപ്പോലെ സ്‌കൂളിൽ പോകുന്ന പെൺകുട്ടികൾക്ക്, കുറഞ്ഞ നിരക്കിൽ സാനിറ്ററി പാഡുകൾ ലഭ്യമാകുന്നത് ആർത്തവസമയത്തെ ആശങ്കകൾ കുറയ്ക്കാനും സ്‌കൂളിലെ ഹാജർ കുറയാതിരിക്കാനും ക്ലാസ് മുറികളിൽ കൂടുതൽ ആത്മവിശ്വാസം നൽകാനും സഹായിക്കുന്നു. ഒരുകാലത്ത് സംസാരിക്കാൻ മടിയുണ്ടായിരുന്ന ഈ വിഷയം ഇപ്പോൾ അവളുടെ കൂട്ടുകാരികൾക്കിടയിൽ ഒരു തുറന്ന ചർച്ചയാണ്.

ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ മേമി, മരുന്നുകൾ വാങ്ങാനാണ് ആദ്യമായി ജന്‍ ഔഷധി കേന്ദ്രം സന്ദർശിച്ചത്. ഒരു ദിവസം, കൗണ്ടറിൽ പ്രദർശിപ്പിച്ചിരുന്ന ഒരു പിങ്ക് പാക്കറ്റിൽ അവളുടെ കണ്ണുടക്കി. ഇതിന് വെറും 12 രൂപയേ ഉള്ളൂവെന്ന് കടയുടമ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി,’ അവൾ ഓർക്കുന്നു. അത് പരീക്ഷിക്കാൻ അവൾ തീരുമാനിച്ചു - അന്നുമുതൽ അവൾ അത് ഉപയോഗിക്കുന്നത് തുടരുന്നു. നേരത്തെ, ഒരു പാക്കറ്റിന് 40-50 രൂപ വരെ അവൾ ചെലവാക്കുമായിരുന്നു. ഇപ്പോൾ, അവൾ തനിക്ക് വേണ്ടി വാങ്ങുക മാത്രമല്ല, തന്റെ അയൽപക്കത്തെയും സ്കൂളിലെയും സ്ത്രീകളെ അവരുടെ ആർത്തവ ശീലങ്ങൾ മാറ്റാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവബോധം എങ്ങനെ വ്യക്തികളെ അവരുടെ സമൂഹത്തിനുള്ളിലെ മാറ്റത്തിന്റെ വക്താക്കളാക്കി മാറ്റുന്നു എന്നതിന്റെ ഉദാഹരണമാണിത്.

വിട്ടുവീഴ്ചകളുടെ ആവർത്തനത്തിനൊരു അന്ത്യം‘       

    

നേരത്തെ ഉയർന്ന വില കാരണം പല സ്ത്രീകളും സാനിറ്ററി പാഡുകൾ വാങ്ങാൻ മടിച്ചിരുന്നു അല്ലെങ്കിൽ തുണി ഉപയോഗിക്കുന്ന രീതിയിലേക്ക് മാറിയിരുന്നുവെന്ന് ജ്യോതി വിശദീകരിക്കുന്നു.

ഒരു പാഡിന് ഒരു രൂപ മാത്രമേ ആകുന്നുള്ളൂവെന്ന് അറിഞ്ഞപ്പോൾ എല്ലാം വളരെ എളുപ്പമായി,” അവർ പറയുന്നു. ഇപ്പോൾ വെറും 10 രൂപയ്ക്ക് ഞങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു മാർഗമുണ്ട്.

എണ്ണമറ്റ സ്ത്രീകൾക്ക് ഈ പദ്ധതി സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുകയും ആർത്തവ ശുചിത്വ ശീലങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. കുറഞ്ഞ നിരക്കിൽ സാനിറ്ററി പാഡുകൾ ലഭ്യമായത് മടിയെ ആത്മവിശ്വാസം കൊണ്ടും വിട്ടുവീഴ്ചകളെ ആശ്വാസം കൊണ്ടും പകരം വെക്കാൻ സഹായിച്ചു.

അന്തസ്സിലേക്കും ആരോഗ്യത്തിലേക്കും ഒരു ചുവടുവെപ്പ്

ഈ സംരംഭം വെറും കുറഞ്ഞ ചിലവിനെക്കുറിച്ച് മാത്രമല്ല, ഇത് ലഭ്യതയെയും അവബോധത്തെയും അന്തസ്സിനെയും കുറിച്ചുകൂടിയാണ്. ഗുണനിലവാരമുള്ള സാനിറ്ററി പാഡുകൾ ഒരു പാഡിന് വെറും 1 രൂപ നിരക്കിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിലൂടെ, പ്രത്യേകിച്ച് താഴ്ന്ന-ഇടത്തരം വരുമാനക്കാരായ സ്ത്രീകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനായി ഗവൺമെന്റ് അർത്ഥവത്തായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്.

ചാന്ദ്‌നിക്കും മേമിക്കും ജ്യോതിക്കും മറ്റ് അനേകം പേർക്കും ഇത് വെറുമൊരു പദ്ധതിയല്ല, ദൈനംദിന ജീവിതത്തിലെ ശാക്തീകരണമാണ്. സ്ത്രീകൾക്ക് കുറഞ്ഞ വിലയിൽ ആർത്തവ ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നത് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ (PMBJP) അനേകം നേട്ടങ്ങളിൽ ഒന്നാണ്. 30.11.2025 വരെ 100 കോടിയിലധികം ജന്‍ ഔഷധി സുവിധ സാനിറ്ററി പാഡുകൾ ഈ കേന്ദ്രങ്ങളിലൂടെ വിറ്റഴിച്ചു. ഇതിൽ 22.50 കോടിയിലധികം ജന്‍ ഔഷധി സുവിധ സാനിറ്ററി പാഡുകൾ 2025-26 സാമ്പത്തിക വർഷത്തിൽ 30.11.2025 വരെയാണ് വിറ്റഴിക്കപ്പെട്ടത്.

 

References

Ministry of Chemicals and Fertilizers

Click here to see pdf 

***

SK

(Features ID: 157749) आगंतुक पटल : 65
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Tamil , Kannada