• Sitemap
  • Advance Search
Rural Prosperity

ആതുരശുശ്രൂഷകയിൽ നിന്ന് മാറ്റത്തിന്റെ വക്താവിലേക്ക്

ജൻ ഔഷധിയിലൂടെ ലക്ഷ്യം കണ്ടെത്തിയ വനിതാ സംരംഭകത്വം

Posted On: 07 MAR 2026 9:45AM

കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായുള്ള സമർപ്പണം, അയൽക്കാരെ സേവിക്കാനുള്ള വലിയൊരു ദൗത്യമായി പരിണമിച്ച ഒരു സ്ത്രീയുടെ ചിത്രമാണിത്. ബിരുദധാരിയായ നീത ന്യൂഡൽഹിയിലെ സെക്ടർ 20-ലുള്ള ഒരു ജൻ ഔഷധി കേന്ദ്രത്തിന്റെ ഉടമയാണ്. ഈ കേന്ദ്രം ഇപ്പോൾ രണ്ട് വർഷമായി പ്രവർത്തിച്ചുവരുന്നു. ഒരു വീട്ടമ്മയിൽ നിന്ന് ആത്മവിശ്വാസമുള്ളവളും വിശ്വസ്തയുമായ ഒരു 'ജൻ ഔഷധി മിത്ര'ത്തിലേക്കുള്ള ശ്രദ്ധേയമായ മാറ്റമാണ് അവളുടെ യാത്ര പ്രതിഫലിപ്പിക്കുന്നത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് നീതയുടെ ഭർതൃമാതാവ് ഗുരുതരമായി രോഗബാധിതയായപ്പോൾ ഡോക്ടറുടെ കുറിപ്പടിയിലുണ്ടായിരുന്ന മരുന്നുകളുടെ വില താങ്ങാവുന്നതിലും അധികമായിരുന്നു. ഇത് മാനസികവും സാമ്പത്തികവുമായ സമ്മർദ്ദം വർദ്ധിപ്പിച്ചു. ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് 50% മുതൽ 80% വരെ കുറഞ്ഞ നിരക്കിൽ അതേ ഗുണനിലവാരമുള്ള മരുന്നുകൾ ഒരു ജൻ ഔഷധി കേന്ദ്രത്തിൽ ലഭ്യമാണെന്ന് അവൾ തിരിച്ചറിഞ്ഞത് അപ്പോഴാണ്. സാമ്പത്തിക സമ്മർദ്ദം കുറഞ്ഞതിനാൽ ആ നിമിഷം തനിക്ക് വലിയ ആശ്വാസം തോന്നിയെന്ന് നീത പറയുന്നു. എങ്കിലും ആ പ്രതിസന്ധി ഘട്ടം കടന്നുപോയതിനുശേഷം, മറ്റുള്ളവർക്കും അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോജനം ലഭിക്കുന്നതിനായി തന്റെ അയൽപക്കത്ത് ഒരു ജൻ ഔഷധി കേന്ദ്രം തുടങ്ങുന്നതിനെക്കുറിച്ച് അവൾ ചിന്തിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ ജൻ ഔഷധി കേന്ദ്രം കാരണം അവൾ ആ പ്രദേശത്തെ വിശ്വസ്തയായ ഒരു ആരോഗ്യ മിത്രമായി മാറി. യോഗ്യതയുള്ള ഒരു ഫാർമസിസ്റ്റ് കേന്ദ്രത്തിൽ സുഗമവും പ്രൊഫഷണലുമായ പ്രവർത്തനം ഉറപ്പാക്കുന്നു. കേന്ദ്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ അദ്ദേഹം നീതയെ സഹായിക്കുന്നു. തന്റെ യാത്രയെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട് നീത പറയുന്നു, “ഓരോ ദിവസവും 30 മുതൽ 40 വരെ ആളുകൾ ഈ വാതിലിലൂടെ കടന്നുവരുന്നത് ഞാൻ കാണുന്നു. രോഗത്തിന്റെ സമ്മർദ്ദവും ഉയർന്ന മെഡിക്കൽ ബില്ലുകളെക്കുറിച്ചുള്ള ഭയവും കാരണം പലപ്പോഴും വാടിയ മുഖവുമായാണ് അവർ വരുന്നത്. എന്നാൽ തങ്ങൾ 50% മുതൽ 80% വരെ ലാഭിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്ന നിമിഷം, അവരുടെ ഭാവം പെട്ടെന്ന് മാറുന്നു. ആശ്വാസത്തോടെ കുടുംബങ്ങൾ പുറത്തേക്ക് പോകുന്നത് കാണുന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇത് മരുന്ന് വിൽക്കുന്നതിനെക്കുറിച്ച് മാത്രമല്ലെന്ന് ഞാൻ മനസ്സിലാക്കി. അത്യാവശ്യ ഘട്ടങ്ങളിൽ എന്റെ ആളുകൾക്ക് പിന്തുണയും പ്രതീക്ഷയും അന്തസ്സും നൽകുന്നതിനെക്കുറിച്ചാണ്അവൾ കൂട്ടിച്ചേർക്കുന്നു.

പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയ്ക്ക് (PMBJP) കീഴിലുള്ള സംരംഭകത്വ മാതൃക ഉപജീവനമാർഗ്ഗം പ്രാപ്തമാക്കുക മാത്രമല്ല, താഴെത്തട്ടിലുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നത് എങ്ങനെയെന്ന് അവളുടെ വിജയം കാണിക്കുന്നു. തന്റെ കുടുംബത്തിലെ ഒരു പരിചരണകർത്താവിൽ നിന്ന് അയൽപക്കത്തെ താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷയുടെ തൂണായി മാറിയ നീതയുടെ യാത്ര, ലഭ്യതയും അവബോധവും അവസരവും എങ്ങനെ മാറ്റത്തിന് കാരണമാകുമെന്ന് തെളിയിക്കുന്നു. രാജ്യത്തുടനീളമുള്ള 18,000-ത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങളിൽ 44 ശതമാനത്തോളം, അതായത് ഏകദേശം 8,000-ത്തിലധികം കേന്ദ്രങ്ങൾ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്. PMBJP താങ്ങാനാവുന്നതും ഉയർന്ന ഗുണമേന്മയുള്ളതുമായ മരുന്നുകൾ നൽകുക മാത്രമല്ല, സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യുന്നു.

 

References

Ministry of Chemicals and Fertilizers

Click here to see PDF

***

SK

(Features ID: 157739) आगंतुक पटल : 25
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Kannada
National Portal Of India
STQC Certificate