• Skip to Content
  • Sitemap
  • Advance Search
Technology

മാനവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനുഷ്യകേന്ദ്രീകൃത എഐ പര്യടനം

Posted On: 19 FEB 2026 5:24PM


 

നിര്‍മിതബുദ്ധിയുടെ (എഐ) ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാന്‍ 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026'-ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സാങ്കേതിക വിദഗ്ധരെയും നയരൂപകർത്താക്കളെയും ഒരുമിച്ചുകൊണ്ടുവരികയാണ് ഇന്ത്യ. ഭാരത് മണ്ഡപത്തിലെ ചർച്ചകൾ മാനവികതയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച് എഐ രൂപപ്പെടുത്തുകയെന്ന പങ്കാളിത്ത സമീപനമാണ് പ്രതിഫലിപ്പിക്കുന്നത്. 2026 ഫെബ്രുവരി 16 മുതൽ 20 വരെയാണ് ന്യൂഡൽഹിയില്‍  ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി നടക്കുന്നത്.  

ആഗോള ജനസംഖ്യയുടെ ആറിലൊന്നും ലോകത്തെ യുവജനങ്ങളുടെ ഭൂരിഭാഗവും വസിക്കുന്ന ഇന്ത്യ  സാങ്കേതിക പ്രതിഭകളാല്‍ സമ്പന്നമാണ്.  നൂതന സാങ്കേതികവിദ്യകളുടെ സ്രഷ്ടാവായും അവ അതിവേഗം സ്വീകരിക്കുന്ന രാജ്യമായും ഇന്ത്യ നിലകൊള്ളുന്നു. ഈ സവിശേഷ സ്ഥാനം വലിയ സ്വാധീനം ചെലുത്തുന്നതിനൊപ്പം ആഗോള എഐ സംവാദങ്ങളെ രൂപപ്പെടുത്തുന്നതില്‍ രാജ്യത്തിന്  വലിയ ഉത്തരവാദിത്തം നല്‍കുകയും ചെയ്യുന്നു.  

ഫെബ്രുവരി 19-ന് ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലെ ഉദ്ഘാടന പ്രസംഗത്തിൽ  സൂക്ഷ്മമായ എഐ സമീപനം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.  ഡാറ്റയും അൽഗോരിതങ്ങളും മാത്രം നയിക്കുന്ന സ്വയംഭരണാധികാര ശക്തിയെന്നതിന് പകരം  മനുഷ്യന്റെ ആഗ്രഹങ്ങളുടെയും ധാർമികതയുടെയും ആത്മാഭിമാനത്തിന്റെയും വിപുലീകരണമായാണ്  പ്രധാനമന്ത്രി എഐ അവതരിപ്പിച്ചത്. മാനവ് (MANAV) എന്ന ചുരുക്കപ്പേരില്‍  സാമൂഹ്യ മൂല്യങ്ങളുമായി സാങ്കേതിക പുരോഗതി യോജിച്ച് മുന്നേറുന്ന  കർമരേഖയിലൂടെയാണ് ഈ മനുഷ്യകേന്ദ്രീകൃത കാഴ്ചപ്പാടിനെ  അദ്ദേഹം അവതരിപ്പിച്ചത്: ധാർമികവും നീതിയുക്തവുമായ സംവിധാനങ്ങൾ, ഉത്തരവാദിത്തപൂര്‍ണ  ഭരണനിര്‍വഹണം,  ദേശീയ പരമാധികാരം, എല്ലാവർക്കും ലഭ്യമായതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ എഐ, സാധുതാപരവും നിയമപരവുമായ സംവിധാനങ്ങൾ എന്നിവയുടെ ചുരുക്കെഴുത്തായാണ് മാനവ് എന്ന വാക്കിനെ അവതരിപ്പിച്ചത്.  

ഇന്ത്യയുടെ ‘മാനവ്’ കാഴ്ചപ്പാട് പ്രധാനമന്ത്രിയുടെ കേവലം ആശയപരമായ ചട്ടക്കൂട് മാത്രമല്ല, മറിച്ച് ഏകോപിത പരിപാടികളിലൂടെയും നയപരമായ സംരംഭങ്ങളിലൂടെയും ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്ന നിരന്തര ദേശീയ പ്രതിബദ്ധതയെയും ഇത് പ്രതിഫലിപ്പിക്കുന്നു. ഈ നടപടികൾ മാർഗനിർദേശക തത്വങ്ങളെ വിദ്യാഭ്യാസത്തിലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലും ഭരണനിര്‍വഹണത്തിലും നൂതന സാങ്കേതിക ആവാസവ്യവസ്ഥകളിലുമെല്ലാം പ്രായോഗിക ഫലങ്ങളാക്കി മാറ്റുന്നു. ഉൾച്ചേർക്കൽ, സുരക്ഷ, പൊതുനന്മ എന്നിവയിലധിഷ്ഠിതമായ  ഈ നടപടികൾ ഇന്ത്യയുടെ എഐ തന്ത്രം ഭാവി കാഴ്ചപ്പാടില്‍ അധിഷ്ഠിതവും സാമൂഹ്യ ഉത്തരവാദിത്തപൂര്‍ണവുമാണെന്ന് ഉറപ്പാക്കുന്നു. ഈ കാഴ്ചപ്പാടിന് പിന്നിൽ വ്യക്തമായ പ്രവർത്തനവും സുസ്ഥിരവും സ്ഥാപനപരവുമായ പ്രതിബദ്ധതയും ഉണ്ടെന്ന്  ഇതിലൂടെ അടിവരയിടുന്നു.

എഐ  ശക്തമായ ധാർമിക - നീതിയുക്ത സംവിധാനങ്ങളില്‍ അധിഷ്ഠിതമായിരിക്കണമെന്ന് ‘മാനവ്’ കാഴ്ചപ്പാടിന്റെ ഒന്നാമത്തെ സ്തംഭം   അടിവരയിടുന്നു. എഐ രൂപകല്പനയിലും വിന്യാസത്തിലും നിഷ്പക്ഷതയും സുതാര്യതയും മനുഷ്യ മേൽനോട്ടവും  വിട്ടുവീഴ്ചയില്ലാത്ത തത്വങ്ങളായിരിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.  ക്ലാസ് മുറികൾ മുതൽ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിച്ച്  ഈ മൂല്യങ്ങളെ ഇന്ത്യ തുടക്കം മുതലേ സന്നിവേശിപ്പിക്കുന്നു.

2020 ലെ ദേശീയ വിദ്യാഭ്യാസ നയം ഡിജിറ്റൽ-എഐ സാക്ഷരതയ്ക്ക് മുൻഗണന നൽകി വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും കംപ്യൂട്ടേഷണൽ ചിന്താഗതിയും എഐ ആശയങ്ങളും സംയോജിപ്പിക്കുന്നു.  ഇത് ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കല്‍ സംബന്ധിച്ചും ധാർമിക എഐ തത്വങ്ങളെക്കുറിച്ചും നേരത്തെ തന്നെ അവബോധം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഒപ്പം അതിവേഗം വികസിക്കുന്ന സാങ്കേതിക സാഹചര്യങ്ങളിലേക്ക് ഭാവി പൗരന്മാരെ സജ്ജരാക്കി  നൂതനാശയ സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുന്നു.

ഉച്ചകോടിയിൽ ധാർമികതയ്ക്കും ശക്തമായ  പൊതുവികാരമാണ് ലഭിച്ചത്.  എഐ ഉത്തരവാദിത്ത ക്യാമ്പയിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം പേര്‍  പ്രതിജ്ഞയെടുത്ത് ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കി ഉത്തരവാദിത്ത എഐ ഇടപെടലിൽ രാജ്യം ആഗോള മാതൃക സൃഷ്ടിച്ചു. അസാമാന്യമായ 2,50,946 പ്രതിജ്ഞകൾ ധാർമിക എഐ എന്നതിനെ  നയപരമായ തത്വത്തിൽ നിന്ന് കൂട്ടായ ദേശീയ പ്രതിജ്ഞാബദ്ധതയാക്കി മാറ്റി.

മാനവ് കാഴ്ചപ്പാടിന്റെ രണ്ടാം സ്തംഭമായ ഉത്തരവാദിത്തപൂര്‍ണ ഭരണം, നിര്‍മിതബുദ്ധിയിലെ വിശ്വാസ്യത സുതാര്യതയിലും ശക്തമായ മേൽനോട്ടത്തിലും സ്ഥാപനപരമായ ഉത്തരവാദിത്തത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു.

10,300 കോടി രൂപയിലധികം വകയിരുത്തിയ ഇന്ത്യ എഐ ദൗത്യമാണ് ഈ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദു.   കംപ്യൂട്ട്,  ഡാറ്റ, നൈപുണ്യ വികസനം, നൂതനാശയ ശേഷി എന്നിവ  ശക്തിപ്പെടുത്തുന്നതിനൊപ്പം തുടക്കം മുതൽ തന്നെ ഭരണനിർവഹണ സംവിധാനങ്ങളെ  എഐ ആവാസവ്യവസ്ഥയിൽ സന്നിവേശിപ്പിക്കുന്നു.  ഉത്തരവാദിത്തപൂര്‍ണ വികസനം, വിന്യാസം, എഐ സംവിധാനങ്ങളുടെ നിരീക്ഷണം എന്നിവയ്ക്ക് മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിലൂടെ പൊതുമേഖലാ അപ്ലിക്കേഷനുകളിലും നവീന  സാങ്കേതികവിദ്യകളിലും വ്യവസ്ഥാപിത മേൽനോട്ടം ഈ ദൗത്യം ഉറപ്പാക്കുന്നു.

വിശ്വാസം, തുല്യത, ഉത്തരവാദിത്തം, നിഷ്പക്ഷത എന്നിവയിൽ വേരൂന്നിയ  ജനകേന്ദ്രീകൃത ചട്ടക്കൂട് സ്ഥാപിക്കുന്ന ഇന്ത്യയുടെ എഐ ഭരണനിര്‍വഹണ മാർഗനിർദേശങ്ങൾ  ഇതിന് പൂരകമായി നിലകൊള്ളുന്നു. ഈ നടപടികൾ ഒരുമിച്ച് ഇന്ത്യയിലെ എഐ സംവിധാനങ്ങൾ വിശദീകരിക്കാവുന്നതും  നിയമപരവും ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാ തത്വങ്ങളോടും പൊരുത്തപ്പെടുന്നതുമാണെന്ന് ഉറപ്പാക്കുന്ന  സുതാര്യ നിയന്ത്രണ സംവിധാനം സൃഷ്ടിക്കുന്നു.

ദേശീയ പരമാധികാരമാണ് മാനവ് കാഴ്ചപ്പാടിന്റെ മൂന്നാം സ്തംഭം.  എഐ നയിക്കുന്ന ലോകത്ത് പരമാധികാരം  കേവലം ഭൂപ്രദേശത്തിന്റെ അതിരുകൾക്കപ്പുറം ഡാറ്റ, അൽഗരിതങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കൂടി ഉൾക്കൊള്ളുന്നതാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായക വിവരശേഖരങ്ങൾ സുരക്ഷിതമാക്കുക, ആഭ്യന്തര കംപ്യൂട്ട് ശേഷി ശക്തിപ്പെടുത്തുക, തദ്ദേശീയ എഐ മോഡൽ വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.  ഇന്ത്യ അര്‍ധചാലക ദൗത്യം,  വിശ്വസനീയ വിവരാധിഷ്ഠിത ഭരണനിര്‍വഹണ ചട്ടക്കൂടുകൾ, സുരക്ഷിത ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം എന്നിവ ഡിജിറ്റൽ ഒറ്റപ്പെടലില്ലാതെ  സാങ്കേതിക സ്വയംപര്യാപ്തത കൈവരിക്കാന്‍ രാജ്യം പുലര്‍ത്തുന്ന പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.

ചിപ്പുകൾ, ക്ലൗഡ്, മറ്റ് നൂതന സാങ്കേതികവിദ്യകൾ എന്നിവയിൽ കരുത്തുറ്റ ആഭ്യന്തര ശേഷി കെട്ടിപ്പടുക്കുന്നതിലൂടെ രാജ്യത്തിന്റെ എഐ ആവാസവ്യവസ്ഥ ആഗോളതലത്തിൽ സഹകരണാത്മകവും ഒപ്പം  തന്ത്രപരമായ സ്വയംഭരണം നിലനിർത്തുന്നതുമാണെന്ന്  ഇന്ത്യ ഉറപ്പാക്കുന്നു.  ഇന്റലിജന്റ് സംവിധാനങ്ങളുടെ കാലഘട്ടത്തിൽ സാമ്പത്തിക സുരക്ഷയെയും ജനാധിപത്യ സ്ഥാപനങ്ങളെയും ഇത് സംരക്ഷിക്കുന്നു.

എല്ലാവർക്കും ലഭ്യമായതും ഉൾച്ചേർക്കപ്പെട്ടതുമായ എഐ എന്നതാണ് മാനവ് കാഴ്ചപ്പാടിന്റെ  നാലാമത്തെ സ്തംഭം. നിര്‍മിതബുദ്ധി സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്ന നിലയില്‍  പ്രവർത്തിക്കണമെന്നും  ചുരുക്കം ചിലരുടെ കുത്തകയാകാൻ പാടില്ലെന്നും ഇത് ഉറപ്പാക്കുന്നു.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി, ഭരണനിര്‍വഹണം എന്നീ മേഖലകളിലുടനീളം എഐ പരിഹാരങ്ങൾ വേഗത്തിലും മിതമായ നിരക്കിലും വ്യാപിപ്പിക്കാൻ ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ വഴിയൊരുക്കുന്നു.  മേഘ്‌രാജ് ജിഐ ക്ലൗഡ്, ഇന്ത്യ എഐ കംപ്യൂട്ട് പോർട്ടൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകളും (ജിപിയു) ടെൻസർ പ്രോസസിങ് യൂണിറ്റുകളും (ടിപിയു) ഉൾപ്പെടെ പങ്കിട്ട കംപ്യൂട്ടിങ് വിഭവങ്ങൾ ലഭ്യമാക്കി സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും സ്ഥാപനങ്ങൾക്കും ഈ മേഖലയിലേക്ക് പ്രവേശനം സുഗമമാക്കുന്നു.  

ഇന്ത്യ എഐ കോഷ് വിവിധ മേഖലകളിലെ വിവരശേഖരങ്ങളും എഐ മോഡലുകളും നൽകുന്നു. അതേസമയം എഐ ഡാറ്റാ ലാബ്സ് നെറ്റ്‌വർക്കും  ദേശീയ സൂപ്പർ കംപ്യൂട്ടിങ്  ദൗത്യവും  രാജ്യവ്യാപകമായി അടിസ്ഥാന നൈപുണ്യങ്ങളും  ഉയര്‍ന്ന കംപ്യൂട്ടിങ് ശേഷിയും ശക്തിപ്പെടുത്തുന്നു. ഈ സംരംഭങ്ങൾ ഒരുമിച്ച് രാജ്യത്തെ എഐ നൂതനാശയങ്ങള്‍ വിപുലവും താങ്ങാവുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണെന്ന് ഉറപ്പാക്കുന്നു.

മാനവ് കാഴ്ചപ്പാടിന്റെ അഞ്ചാം സ്തംഭം എഐ വിന്യാസത്തിന്റെ കേന്ദ്രസ്ഥാനത്ത് വിശ്വാസത്തെയും സുരക്ഷയെയും നിയമസാധുതയെയും പ്രതിഷ്ഠിക്കുന്നു. ഡീപ്ഫേക്കുകളും സിന്തറ്റിക് മീഡിയയും ജനാധിപത്യ സംവാദങ്ങൾക്കും സാമൂഹ്യ വിശ്വാസത്തിനും ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ എഐ സംവിധാനങ്ങൾ പരിശോധിക്കാവുന്നതും നിയമപരവും സുതാര്യവുമായിരിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.  

2026-ലെ വിവരസാങ്കേതിക (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മാധ്യമ ധാര്‍മികത കോഡും) ഭേദഗതി നിയമം സിന്തറ്റിക് രീതിയിൽ നിർമിക്കപ്പെട്ട ഉള്ളടക്കങ്ങളെ ഔദ്യോഗികമായി നിർവചിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ഡിജിറ്റൽ ആവാസവ്യവസ്ഥയിലെ ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നു.

സുരക്ഷിതവും വിശ്വസനീയവുമായ എഐ  എന്ന ഇന്ത്യ എഐ ദൗത്യത്തിന്റെ അടിസ്ഥാനതത്വം പക്ഷപാതിത്വം കുറയ്ക്കുന്നതിലും സ്വകാര്യത സംരക്ഷിക്കുന്ന സംവിധാനങ്ങളുടെ രൂപകല്പനയിലും അൽഗോരിതമിക് ഓഡിറ്റിംഗ് സംവിധാനങ്ങളിലും അപകടസാധ്യത വിലയിരുത്തുന്ന ചട്ടക്കൂടുകളിലും  ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുന്നു. ഈ സുരക്ഷാ മാനദണ്ഡങ്ങൾ ധാർമിക ലക്ഷ്യങ്ങളെ നടപ്പാക്കാനാവുന്ന  മാനദണ്ഡങ്ങളാക്കി മാറ്റി  എഐ നൂതനാശയങ്ങളെ വിശ്വസനീയവും ഉത്തരവാദിത്തപൂര്‍ണവും സാമൂഹ്യതലത്തില്‍ പ്രയോജനപ്രദവുമാണെന്ന് ഉറപ്പാക്കുന്നു.  

മാനവ് എന്ന ആശയത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേവലം ഒരു  കാഴ്ചപ്പാടല്ല, മറിച്ച് നിര്‍മിതബുദ്ധിയെക്കുറിച്ച്  ഒരു നാഗരിക വീക്ഷണമാണ്  ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.  നൂതനാശയങ്ങളെ ധാർമികതയോടും ഭരണനിര്‍വഹണത്തെ ഉത്തരവാദിത്തത്തോടും പരമാധികാരത്തെ തുറന്ന സമീപനത്തോടും ഉൾച്ചേർക്കലിനെ വിപുലീകരണത്തോടും നിയമസാധുതയെ വിശ്വാസ്യതയോടും സംയോജിപ്പിച്ച്  കേവലം സാങ്കേതികവിദ്യയിലുപരി മാനവികതയെ മുന്നോട്ടുനയിക്കുന്ന  എഐ ഭാവിയാണ് ഇന്ത്യ രൂപപ്പെടുത്തുന്നത്.

അവലംബം:

 

Prime Minister’s Office:

Ministry of Electronics and Information Technology

PIB Headquarters:

Click here to see pdf 

****

(Features ID: 157497) आगंतुक पटल : 6
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , English , Bengali , Kannada
Link mygov.in
National Portal Of India
STQC Certificate