• Skip to Content
  • Sitemap
  • Advance Search
Technology

ഇന്ത്യയുടെ AI നിമിഷം

ഇന്ത്യയുടെ AI കുതിപ്പിൻ്റെ  ഭാവിയ്ക്ക് 20,000 അധിക GPU-കൾ ശക്തി പകരുന്നു

Posted On: 17 FEB 2026 10:22PM


നിർമ്മിതബുദ്ധിയിൽ നിർണായകവും ആത്മവിശ്വാസ പൂർണ്ണവുമായ ഒരു കുതിച്ചുചാട്ടത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി 2026 ൽ, നിലവിലുള്ള 38,000 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾക്കുപരിയായി (GPU-കൾ) സ്വന്തം കമ്പ്യൂട്ട് ശേഷി ഇന്ത്യവികസിപ്പിക്കുമെന്നും വരും ആഴ്ചകളിൽ 20,000 GPU-കൾ കൂട്ടിച്ചേർക്കുമെന്നും കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് 2026 ഫെബ്രുവരി 17 ന് പ്രഖ്യാപിച്ചു. പ്രഖ്യാപനം കേവലം സാങ്കേതികമായിരുന്നില്ല. തന്ത്രപരം കൂടിയായിരുന്നു അത്. ഇന്ത്യ ലക്ഷ്യവേധിയായ  വളർച്ച കൈവരിക്കുകയും ലോകത്തിലെ മുൻനിര AI ശക്തികളിലൊന്നായി സ്ഥാനമുറപ്പിക്കുകയും ചെയ്യുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.

 

Description: C:\Users\skali\Downloads\ai-summit-logo.png

 

“സർവജന ഹിതായ, സർവജന സുഖായ” — അഥവാ “എല്ലാവർക്കും ക്ഷേമം, എല്ലാർക്കും സന്തോഷം” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനം സമ്മേളനത്തിൻ്റെ  രണ്ടാം ദിവസമാണ് ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ എഐ സംഗമമായി ഇതിനോടകം പ്രസ്തുത ഉച്ചകോടി വിശേഷിപ്പിക്കപ്പെടുന്നു. ഭാരത് മണ്ഡപത്തിലെ വേദിയിൽ ആവേശവും ആത്മവിശ്വാസവും  അനുഭവവേദ്യമാണ്. ധീരവും ഭാവിസജ്ജവും പ്രവർത്തനാധിഷ്ഠിതവുമായും ആയിരുന്നു ചർച്ചകൾ. കമ്പ്യൂട്ട് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇന്ത്യയുടെ എഐ തന്ത്രത്തിൻ്റെ  ഭാവി ഘട്ടത്തെ സൂചിപ്പിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ഇത് കൂടുതൽ സങ്കീർണ്ണമായ ശേഷിയും ഉത്തരവാദിത്ത വിന്യാസവും സമന്വയിപ്പിക്കുന്നു. പ്രമേയം പ്രതീകാത്മകമായിരുന്നില്ല. 2026 ലെ ഇംപാക്റ്റ് ഉച്ചകോടിയുടെ ഗതിയെത്തന്നെ ഇത് നിർവചിച്ചു.  


ഇന്ത്യയുടെ സമീപനം ആഗോള തലത്തിൽ വേറിട്ടുനിൽക്കുന്നു. പല രാജ്യങ്ങളിലും, നൂതന AI അടിസ്ഥാന സൗകര്യങ്ങൾ ഏതാനും വൻകിടകോർപ്പറേഷനുകളുടെ കരങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു, ആരാണ് നൂതനാശയങ്ങളുടെ വിധാതാക്കളും ഗുണഭോക്താക്കളും എന്നതിൽ അവർക്ക് നിർണായക സ്വാധീനം ഉണ്ട്. എന്നാൽ ഇന്ത്യ ഒരു വ്യത്യസ്ത മാതൃകയാണ് സൃഷ്ടിക്കുന്നത്. 10,300ലേറെ കോടി രൂപയുടെ IndiaAI Mission-നെ ആധാരമാക്കിയുള്ള ഈ മാതൃക, പ്രവേശനാവകാശം വിപുലീകരിക്കുകയും പൊതുതാൽപര്യത്തിനായി ഉത്തരവാദിത്വമുള്ള എഐ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ദൗത്യത്തിന് കീഴിൽ, നിലവിലുള്ള 38,000ലേറെ ഹൈ-എൻഡ് ജിപിയുകൾ മണിക്കൂറിൽ 65 രൂപ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്, ഇതിലൂടെ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പൊതുസ്ഥാപനങ്ങൾക്കും കംപ്യൂട്ട് സൗകര്യങ്ങളിലേക്കുള്ള പ്രവേശന തടസ്സങ്ങൾ ഗണ്യമായി കുറയുന്നു. സാങ്കേതികവിദ്യ ജനാധിപത്യവത്ക്കരിക്കപ്പെടണമെന്ന ശക്തമായ വിശ്വാസത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.  

അഞ്ചാമത്തെ വ്യാവസായിക വിപ്ലവമായി വിശേഷിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തെ മുന്നോട്ടു നയിക്കുന്നത് നിർമ്മിത ബുദ്ധിയാണെന്ന് മന്ത്രി നിരീക്ഷിച്ചു. കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഉത്പാദനം, ഭരണനിർവ്വഹണം, കാലാവസ്ഥാ പ്രവർത്തനം എന്നിവയുൾപ്പെടെ എല്ലാ സുപ്രധാന മേഖലകളിലും ഇതിൻ്റെ സ്വാധീനം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യ ഈ വിപ്ലവത്തെ പുറത്ത് നിന്ന് നിന്ന് നിരീക്ഷിക്കുകയല്ല; മറിച്ച്, അതിൻ്റെ  ദിശയും ഗതിയും രൂപപ്പെടുത്തുന്നതിൽ സജീവ പങ്ക് വഹിക്കുകയാണ്. ജിപിയു ശേഷിയുടെ വ്യാപനവും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ ശാക്തീകരണവും, മഹത്തായ അഭിലാഷങ്ങളെ ദൃഢമായ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധിപ്പിക്കുകയും സങ്കല്പത്തെ കാര്യക്ഷമമായ നിർവ്വഹണവുമായി ബന്ധിപ്പിക്കുകയും ചെയ്യാനുള്ള രാജ്യത്തിൻ്റെ  ഉറച്ച പ്രതിബദ്ധത ദൃശ്യമാണ്.  


2026 ഫെബ്രുവരി 16-ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ എഐ ഇംപാക്റ്റ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തതോടെയാണ് ഉച്ചകോടിക്ക് ഔപചാരിക തുടക്കമായത്. ആ മുഹൂർത്തത്തിൽ പ്രതീകാത്മകത അതീവ ശക്തമായിരുന്നു. ഇന്ത്യയുടെ നേതൃത്വത്തിൽ, ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ സഹകരണത്തോടെ ഒരു നിർണായക ആഗോള സാങ്കേതിക സംവാദം രൂപംകൊള്ളുകയായിരുന്നു. ഇത് കേവലം ഒരു പരിപാടിയുടെ ഉദ്ഘാടനം മാത്രമല്ലായിരുന്നില്ല; ആഗോള സാങ്കേതിക ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പുതിയ ശക്തികേന്ദ്രങ്ങളുടെ ഉദയത്തിൻ്റെ  പ്രഖ്യാപനവുമായിരുന്നു. സന്ദേശം സൂക്ഷ്മമായിരുന്നുവെങ്കിലും അതിൻ്റെ  ശക്തി നിർവിവാദമായിരുന്നു — എഐയിലെ നേതൃത്വം ഇനി പരമ്പരാഗത അധികാര കേന്ദ്രങ്ങളിൽ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നില്ല. പുതിയ ശബ്ദങ്ങളും പുതിയ രാഷ്ട്രങ്ങളും ആഗോള അജണ്ട രൂപപ്പെടുത്തുന്ന ഘട്ടത്തിലേക്ക് ലോകം കടന്നിരിക്കുകയാണ്.


20-ലധികം രാഷ്ട്രത്തലവന്മാരും 60-ത്തിലധികം മന്ത്രിമാരും 500-ലധികം ആഗോള AI നേതാക്കളും പങ്കെടുത്ത ഈ ഉച്ചകോടി, അഭൂതപൂർവമായ ആഗോള പങ്കാളിത്തത്തിൻ്റെ  സാക്ഷ്യമായി മാറിയിരിക്കുന്നു. ഇത് കേവലമൊരു  സമ്മേളനം മാത്രമല്ല; ആശയങ്ങളുടെയും അനുഭവങ്ങളുടെയും ദർശനങ്ങളുടെയും സംഗമവേദിയാണ്.നയരൂപകർത്താക്കൾ സാങ്കേതിക വിദഗ്ധരുമായി സജീവമായി ഇടപഴകുന്നു. അക്കാദമിക് സമൂഹവും വ്യവസായ നേതാക്കളും നവസംരംഭകരുമായി ചേർന്ന് ഭാവി ദിശയെക്കുറിച്ച് ചർച്ചകൾ നടത്തുന്നു. ഇപ്രകാരം, ആശയങ്ങൾ, പങ്കാളിത്തങ്ങൾ, ദൃഢപ്രതിബദ്ധതകൾ എന്നിവ ഒരുമിക്കുന്ന ഒരു പ്രബല കേന്ദ്രമായി ഉച്ചകോടി മാറിയിരിക്കുന്നു. ഇന്ത്യയുടെ AI പ്രയാണത്തെ കേവലം നിരീക്ഷക പ്രധാന്യത്തോടെയുള്ള മുന്നേറ്റമായി ലോകം  കാണുന്നില്ല; മറിച്ച്, അതിൻ്റെ സഹയാത്രികരായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.


ഔപചാരിക സെഷനുകളുടെ പരിധികൾ കടന്നും ഉച്ചകോടിയുടെ ആവേശം വ്യാപിച്ചു. ആദ്യ ദിവസം മാത്രം, ഇന്ത്യയിലുടനീളമുള്ള 2.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഉത്തരവാദിത്തപൂർണ്ണമായ നൂതനാശയങ്ങൾക്കായി AI ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഈ വിപുലമായ സംരംഭം ഗിന്നസ് വേൾഡ് റെക്കോർഡിൻ്റെ  അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു. കൂട്ടായ പ്രതിജ്ഞയിൽ പങ്കെടുത്ത ആയിരക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ദൃശ്യം, ഉത്തരവാദിത്തബോധത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും AIയെ സ്വീകരിക്കുന്ന ഒരു രാജ്യത്തിൻ്റെ  ആത്മാവിനെ  പ്രതിഫലിപ്പിച്ചു. ഇത് ഒരു റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമമല്ല; ഭാവിയെ രൂപപ്പെടുത്താൻ സന്നദ്ധമായ ഒരു പുതിയ തലമുറയുടെ ഉദയത്തിൻ്റെ പ്രഖ്യാപനമാണ്. നയിക്കാൻ സുസജ്ജമായി, മൂല്യങ്ങളും ദർശനവും കൈമുതലാക്കി ഒരു പുതിയ തലമുറ മുന്നോട്ട് വരുന്നു.


 നിക്ഷേപക താത്പര്യം ദൃശ്യവും ശക്തവുമായിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 200 ബില്യൺ യുഎസ് ഡോളറിലധികം നിക്ഷേപം ഇന്ത്യയുടെ AI ആവാസവ്യവസ്ഥയിലേക്ക് എത്തുമെന്ന് ബഹുമാനപ്പെട്ട മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്  ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു. AI സ്റ്റാക്കിൻ്റെ  അഞ്ചു ലെയറുകളിലെയും ഡീപ് ടെക് സ്റ്റാർട്ടപ്പുകൾക്ക് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ സജീവമായി ഫണ്ട് നൽകുന്നു. ബൃഹത്തും സമഗ്രവുമായ പരിഹാരങ്ങളും പ്രധാന ആപ്ലിക്കേഷനുകളും കൂടുതൽ പിന്തുണയും ശ്രദ്ധയും നേടുന്നു. താൽപ്പര്യത്തിൻ്റെ  തോത് ഇന്ത്യയുടെ AI പ്രയാണത്തിൽ ആഗോള സമൂഹത്തിനുള്ള ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നു.

 


മികവുറ്റ അടിസ്ഥാന സാങ്കേതിക ശേഷിയ്ക്ക് അനുപൂരകമാണ് നിക്ഷേപ ആത്മവിശ്വാസം. ഇന്ത്യയുടെ പരമാധികാര AI മോഡലുകൾ ഉച്ചകോടിയുടെ ഒരു ശ്രദ്ധേയ കേന്ദ്രമായി ഉയർന്നു വന്നു. പല മോഡലുകളും ആഗോള മാനദണ്ഡങ്ങളുടെ കർശനമായ പരിശോധനകൾക്ക് വിധേയമായി, അന്താരാഷ്ട്ര നിലവാരങ്ങളിലെ മുൻനിര സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, പല ഇന്ത്യൻ മോഡലുകളും ഒന്നിലധികം മാനദണ്ഡങ്ങളിൽ മികച്ച റേറ്റിംഗ് നേടി. ഇത് വെറും പുരോഗതിയല്ല; ഇത് മത്സര മികവാണ്. യഥാർത്ഥ ശേഷി പ്രകടിപ്പിക്കുന്ന ഗൗരവമേറിയ ആഗോള AI പങ്കാളി നിലയിലേക്കുള്ള ഇന്ത്യയുടെ ഉയർച്ചയെ ഇത് സൂചിപ്പിക്കുന്നു. രാജ്യത്തിൻ്റെ  സാങ്കേതിക സാധ്യതകൾ ആഗോള തലത്തിൽ തിരിച്ചറിയപ്പെടുന്നതിൻ്റെ  തെളിവായും മാറുന്നു.


ഇന്ത്യയ്ക്ക് കൂടുതൽ പ്രാധാന്യം കല്പിക്കുന്ന ആഗോള അംഗീകാരം ഉത്തരവാദിത്തവും നൽകുന്നു. ലോകത്തിലെ മികച്ച മൂന്ന് AI രാജ്യങ്ങളിൽ സ്റ്റാൻഫോർഡ് ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിഭ, നയം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ശക്തമായ കേന്ദ്രമായി ആ സർവേ ഇന്ത്യയെ അടയാളപ്പെടുത്തിയിട്ടുണ്ട്. 38,000 GPU-കളിൽ നിന്ന് 58,000 ലധികം GPUകളിലേക്ക് ഉള്ള വികസനം ഈ അടിത്തറയെ  ശക്തിപ്പെടുത്തുന്നു, രാജ്യത്തിൻ്റെ  കൃത്യതയാർന്ന ദർശനവും ശേഷിയും ലോകത്തിനു മുന്നിൽ വ്യക്തമായി പ്രകടിപ്പിക്കുന്നു. ഇന്ത്യ ഇനിമേൽ അനുഗമിക്കുന്ന ഒരു രാജ്യമല്ല; ആഗോള AI മേഖലയ്ക്ക് മുന്നണിയിൽ നിന്ന് നേതൃത്വം നൽകുകയാണ് നാം.


ജനാധിപത്യവത്ക്കരണമാണ് ഈ നേതൃത്വത്തിൻ്റെ  മുഖ്യ സവിശേഷത. AI യുടെ ജനാധിപത്യവത്ക്കരണം വെറും ആപ്ലിക്കേഷനുകളിലേക്കുള്ള പ്രവേശനത്തിൽ പരിമിതപ്പെടുന്നതല്ലല്ല; ഇത് കമ്പ്യൂട്ട് പവർ, ഡാറ്റാസെറ്റുകൾ, മോഡൽ എക്കോസിസ്റ്റങ്ങൾ എന്നിവയിലേക്കുള്ള സമത്വപൂർണ്ണവും സുലഭവുമായ പ്രവശനമാണ്.  എല്ലാവർക്കും താങ്ങാവുന്ന വിലയിൽ  അത്തരത്തിലുള്ള അടിസ്ഥാന വിഭവങ്ങൾ വൻതോതിൽ ലഭ്യമാകുമ്പോൾ, നൂതനാശയങ്ങൾക്ക് ശക്തമായ വളർച്ചയുടെ  മാർഗ്ഗം തുറക്കുന്നു. സ്റ്റാർട്ടപ്പുകൾ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനും, ഗവേഷകർ അഭിലാഷാശയങ്ങൾ സജീവമായി പരീക്ഷിക്കാനും, പൊതു സ്ഥാപനങ്ങൾ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന AI പരിഹാരങ്ങൾ വിന്യസിക്കാനും തയ്യാറാകുന്നു. അങ്ങനെ, അടിസ്ഥാന സൗകര്യങ്ങൾ വെറും പിന്തുണയല്ല; ശാക്തീകരണത്തിൻ്റെ  ഉപകരണമായി മാറുന്നു, രാജ്യത്തെ സാങ്കേതിക നവീകരണത്തിനും ജനകീയ പ്രവേശനത്തിനും ഉറച്ച അടിസ്ഥാനം സൃഷ്ടിക്കുന്നു.


ഉച്ചകോടിയുടെ ബൗദ്ധിക ചട്ടക്കൂട് മൂന്ന് അടിസ്ഥാന സൂത്രങ്ങളിലാണ് ഉറച്ചിരിക്കുന്നത്. ഒന്നാമത്തേത് — ‘ജനങ്ങൾ’: AI അന്തസ്സും സർവ്വശേഷിത്വവും നിലനിർത്തിക്കൊണ്ട് അതിൻ്റെ  സമ്പൂർണ്ണ വൈവിധ്യത്തിലൂന്നി  മാനവരാശിയെ സേവിക്കുന്നുവെന്ന് ഉറപ്പാക്കണം. രണ്ടാമത്തേത് — ‘ഗ്രഹം’: സാങ്കേതിക നൂതനാശയങ്ങൾ പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും പരിപാലിക്കുന്നതിനായി രൂപകൽപ്പന ചെയ്യപ്പെട്ടതായിരിക്കണം.

മൂന്നാമത്തേത് — ‘പുരോഗതി’: AI യുടെ നേട്ടങ്ങൾ സമൂഹങ്ങളിലുടനീളം തുല്യമായി എത്തിച്ചേരുകയും, എല്ലാവർക്കും ആഗോള പുരോഗതിയുടെ ഭാഗമാകാൻ അവസരം നൽകുകയും വേണം.
ഇവ ഒത്തുചേരുമ്പോൾ, സുസ്ഥിരതയോടെയും ശക്തിയോടെയും അഭിലാഷവും ഉത്തരവാദിത്തവും സമന്വയിക്കുന്ന ഒരു ദർശനം രൂപപ്പെടുന്നു.

ഈ മൂലസൂത്രങ്ങളെ  അടിസ്ഥാനമാക്കി, സങ്കൽപ്പത്തെ കർമ്മപഥത്തിലേക്ക് വിവർത്തനം ചെയ്യുന്ന ഏഴ് ചക്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്. മാനവമൂലധന ചക്രം സമത്വപൂർണ്ണമായ AI പുനർനിർമ്മാണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും AI സമ്പദ്‌വ്യവസ്ഥയ്ക്കായി തൊഴിൽ ശക്തിയെ സജ്ജമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാമൂഹിക ശാക്തീകരണത്തിനായുള്ള  ചക്രം അവസാന വ്യക്തിയിലേക്കും സേവന വിതരണം എത്തിക്കുന്നതിനുള്ള  AI പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. ഈ ചർച്ചകൾ കേവലം സൈദ്ധാന്തികമല്ല; പ്രായോഗികമായ പ്രവർത്തനങ്ങൾക്കും ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകൾക്കും ഉള്ള വഴികാട്ടിയാണ്.
 
സുരക്ഷിതവും വിശ്വസനീയവുമായ AI ചക്രം ആഗോള തത്ത്വങ്ങളെ പ്രവർത്തനക്ഷമമായ ഭരണ ചട്ടക്കൂടുകളിലേക്ക് വിവർത്തനം ചെയ്യുന്നതിലും, നൂതനാശയങ്ങൾ സ്വീകരിക്കുന്നതിനൊപ്പം  ആഭ്യന്തര മേൽനോട്ടം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. AI ഉയർത്തുന്ന വൻതോതിലുള്ള പാരിസ്ഥിതിക, വിഭവ വെല്ലുവിളികളെ പ്രതിരോധശേഷി, നൂതനാശയങ്ങൾ, കാര്യക്ഷമത എന്നിവ മുഖേന അഭിസംബോധന ചെയ്യുകയെന്നത് ഈ ചക്രത്തിൻ്റെ  പ്രധാന ലക്ഷ്യമാണ്. ഇത് ഉപരിപ്ലവമായ  ആശങ്കകളല്ല; ദീർഘകാലാടിസ്ഥാനത്തിൽ നയപരവും സുസ്ഥിരവുമായ നേതൃത്വം ഉറപ്പാക്കുന്നതിലെ കേന്ദ്രബിന്ദുവായി   നിലകൊള്ളുന്നു.


ശാസ്ത്ര ചക്രം ആരോഗ്യസംരക്ഷണം, കൃഷി, കാലാവസ്ഥാ നടപടികൾ എന്നിവയിലെ കണ്ടെത്തലുകൾ വേഗത്തിൽ പ്രയോജനപ്പെടുത്തുന്നതിനും, ഗവേഷണ ശേഷിയിലേക്കുള്ള പ്രവേശനത്തിലെ അസമത്വങ്ങൾ പരിഹരിക്കുന്നതിനും AI ഉപയോഗപ്പെടുത്തുന്നു. AI വിഭവങ്ങളെ ജനാധിപത്യവത്ക്കരിക്കുന്നതിനുള്ള ചക്രം ആഗോള AI മൂല്യ ശൃംഖലകളിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്നു. സാമ്പത്തിക വളർച്ചയും സാമൂഹിക നന്മയും ലക്ഷ്യമിട്ടുള്ള AI, സമ്പദ്‌വ്യവസ്ഥകളെയും സമൂഹങ്ങളെയും പരിവർത്തനം ചെയ്യാൻ ശേഷിയുള്ള  ഉപയോഗങ്ങൾ തിരിച്ചറിയുന്നു. പരിമാണാത്മക ഫലങ്ങളുമായി AI യെ ബന്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ഓരോ ചക്രവും പ്രതിഫലിപ്പിക്കുന്നു.

ഉച്ചകോടിയിലെ ഒരു പ്രധാന പ്രഖ്യാപനം ഗുണഫലങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ വ്യക്തമായി പ്രതിഫലിപ്പിച്ചു. ആരോഗ്യസംരക്ഷണം, ഊർജ്ജം, ലിംഗ സമത്വം, വിദ്യാഭ്യാസം, കൃഷി, പ്രവേശനക്ഷമത തുടങ്ങിയ മുൻഗണനാ മേഖലകളിൽ വിന്യസിച്ചിട്ടുള്ള 170-ലധികം AI നൂതനാശയങ്ങൾ 6 മേഖലാ AI ഇംപാക്റ്റ് കേസ്‌ബുക്കുകളായി ഭാരത സർക്കാർ ഒരുമിച്ചു പുറത്തിറക്കി. ഈ കേസ്‌ബുക്കുകൾ പ്രോട്ടോടൈപ്പുകളോ പരീക്ഷണ ആശയങ്ങളോ അല്ല; ഫലങ്ങൾ സൃഷ്ടിച്ച പരിഹാരങ്ങളെ രേഖപ്പെടുത്തുന്നു. ആവർത്തിക്കാനും വിപുലീകരിക്കാനും കഴിയുന്ന വിജയിച്ച മാതൃകകകളുടെ സമഗ്ര ശേഖരമായ ഇവ, AI യിൽ പ്രായോഗിക ഫലങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് തെളിവായി നിലകൊള്ളുന്നു.

അതിൻ്റെ  പ്രവേഗം ഡോക്യുമെൻ്റേ ഷനിൽ മാത്രം ഒതുങ്ങി നിന്നില്ല. നിർവ്വഹണത്തിൻ്റെ  ചൈതന്യം ഉച്ചകോടിയുടെ ഉന്നത സ്വാധീനമുള്ള പാനൽ ചർച്ചകളിലേക്ക് കടന്നുവന്നു, അവിടെ തത്വങ്ങളും തെളിയിക്കപ്പെട്ട മാതൃകകളും ചോദ്യം ചെയ്യപ്പെടുകയും, പരിഷ്കരിക്കപ്പെടുകയും, മേഖലാ നിർദ്ദിഷ്ട യാഥാർത്ഥ്യങ്ങളുമായി സമന്വയിപ്പിക്കപ്പെടുകയും ചെയ്തു. ഭാരതത്തിനകത്തും പുറത്തും പ്രായോഗികമാക്കാൻ കഴിയുന്ന സമഗ്ര ആരോഗ്യ സംരക്ഷണത്തിനായുള്ള സഹകരണ മാതൃകകളിലും, പ്രാപ്യവും സാർവത്രികവുമായ ആരോഗ്യ സേവന വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, നിർമ്മിതബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള പൊതുജനാരോഗ്യ സെഷനുകൾ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ചു . ഈ സെഷനുകളിൽ, വിദഗ്ധർ പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും, വൈവിധ്യമാർന്ന പ്രദേശങ്ങളിലുടനീളം, എങ്ങനെ  AI യെ  ഫലപ്രദമായി വിന്യസിക്കാനാകുമെന്നും വിശദമായി പരിശോധിച്ചു.


ഉച്ചകോടിയുടെ രണ്ടാം ദിനം നടന്ന “AI ഭരണനിർവ്വഹണത്തിൽ: സർക്കാരിൻ്റെ  കാര്യക്ഷമതയിൽ വിപ്ലവാത്മക പരിവർത്തനം” (AI in Governance: Revolutionising Government Efficiency) എന്ന സെഷൻ, നിർമ്മിത ബുദ്ധിയിലൂടെ വിപുലമായ തോതിൽ പൊതുസേവന വിതരണം എങ്ങനെ ശക്തിപ്പെടുത്താനാകുമെന്ന് പരിശോധിക്കാൻ ആഗോള ഗവേഷകരെയും നയരൂപീകരണ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതികളെയും സൈദ്ധാന്തിക വാദങ്ങളെയും കടന്ന് ചർച്ചകൾ മുന്നേറി. വിപുലമായ സ്വാധീനം, കർശനമായ മൂല്യനിർണയം, ഉത്തരവാദിത്തപൂർണ്ണമായ വിന്യാസം എന്നിവയുടെ പ്രാധാന്യം പ്രഭാഷകർ ഊന്നിപ്പറഞ്ഞു. സർക്കാരിൻ്റെ  വിവിധ തലങ്ങളിലുമുള്ള സംവിധാനപരമായ തയ്യാറെടുപ്പിലായിരുന്നു പ്രധാന ശ്രദ്ധ — AI സംയോജനം ചിന്തനീയവും വ്യാപിപ്പിക്കാവുന്നതും ഉത്തരവാദിത്തബോധത്തോടെ  നടപ്പാക്കപ്പെടാവുന്നതും എന്ന ആശയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.


സംവിധാനങ്ങളിലോ സേവന വിതരണത്തിലോ മാത്രം സംവാദങ്ങൾ ഒതുങ്ങി നിന്നില്ല; അവ ജനങ്ങളിലേക്കും തൊഴിലെൻ്റെ  ഭാവിയിലേക്കും വ്യാപിച്ചു. AI യുഗത്തിലെ തൊഴിൽക്ഷമതയുടെ ഭാവിയെ ആസ്പദമാക്കി നടന്ന ഉന്നതതല സെഷൻ നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, അധ്യാപകർ, നൂതനാശയക്കാർ  എന്നിവരെ ഒരു വേദിയിൽ ഒരുമിപ്പിച്ചു. പരിമിതമായ സാങ്കേതിക ശേഷികളിൽ നിന്ന് മാറി, സൃഷ്ടിപരത, വിമർശനാത്മക ചിന്ത, സഹകരണം, നൈതിക ബോധം അടക്കമുള്ള മനുഷ്യ കേന്ദ്രീകൃത കഴിവുകളിലേക്കുള്ള നിർണായക മാറ്റം ചർച്ചകളിൽ ദൃശ്യമായി. AI യുഗത്തിൽ ഇന്ത്യയുടെ ജനസംഖ്യാപരമായ ശക്തി ഒരു നിർണായക നേട്ടമായി ആവർത്തിച്ച് പരാമർശിക്കപ്പെട്ടു.


കമ്പ്യൂട്ടിംഗ് ശേഷി, മോഡലുകൾ, ഡാറ്റ എന്നിവയെ കേവലം സാങ്കേതിക ഘടകങ്ങളായി ചുരുക്കാതെ, ഉത്പാദനക്ഷമത ഉയർത്താനും, ഭരണം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനും, പൗരന്മാർക്ക് വ്യക്തവും ദൃശ്യവുമായ നേട്ടങ്ങൾ നൽകുന്ന പ്രായോഗിക ആപ്ലിക്കേഷനുകളായി അവയെ രൂപാന്തരപ്പെടുത്തേണ്ടതുണ്ടെന്ന് ‘അൽഗോരിതങ്ങളിൽ നിന്ന് ഫലങ്ങളിലേക്ക്’ എന്ന സെഷനിൽ,  പ്രഭാഷകർ നിർദ്ദേശിച്ചു. അതോടൊപ്പം, ഇന്ത്യയുടെ പരമാധികാര AI ശേഷിയും സ്വതന്ത്ര ഡാറ്റ സമ്പത്തും അടിസ്ഥാനമാക്കി സ്വാധീനം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച, AI-യുടെ ഒരു ഉപഭോക്താവെന്ന നിലയിൽ നിന്നു മാറി, ആഗോള തലത്തിൽ അനുവർത്തിക്കാവുന്ന സംവിധാനങ്ങളും മാനദണ്ഡങ്ങളും സൃഷ്ടിക്കുന്ന ശക്തിയായി ഇന്ത്യ എങ്ങനെ ഉയർന്നുവരാമെന്ന കാര്യം ആഴത്തിൽ വിശകലനം ചെയ്തു.  സാങ്കേതിക നൂതനാശയങ്ങളെ സാമൂഹ്യ പരിവർത്തനവുമായി ബന്ധിപ്പിച്ച്, ആഗോള AI രംഗത്ത് നിർണായക പങ്ക് വഹിക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾ ഈ ചർച്ചകളിലൂടെ വ്യക്തമായി.

എല്ലാ ചർച്ചകളിൽ നിന്നും ഒരു അടിസ്ഥാന തത്വം വ്യക്തമായി ഉരുത്തിരിഞ്ഞു വന്നു. ഇത്തരത്തിലുള്ള അഭിലാഷപൂർണ്ണമായ ആശയങ്ങൾ സാക്ഷാത്കരിക്കാൻ, വൻതോതിലുള്ള അടിസ്ഥാന സൗകര്യം അനിവാര്യമാണ്.

ഉച്ചകോടി പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ, 20,000 GPUകളുടെ കൂട്ടിച്ചേർക്കൽ ഒരു നിർണായക നാഴികക്കല്ലായി ഉയർന്നു നിൽക്കുന്നു. അത് കേവലം സാങ്കേതിക വ്യാപ്തിയെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്; പ്രവേശനക്ഷമതയുടെ വാഗ്ദാനവും അതിൽ ഉൾക്കൊള്ളുന്നു. എല്ലാറ്റിനുമുപരി, അത് വിശ്വാസ്യതയുടെയും ദീർഘകാല പ്രതിബദ്ധതയുടെയും പ്രതീകം കൂടിയാണ്.  വർദ്ധിച്ചുവരുന്ന നേട്ടങ്ങളിൽ ഇന്ത്യ തൃപ്തിയടയുന്നില്ല; മറിച്ച്, കൂടുതൽ വേഗത്തിൽ, ലക്ഷ്യത്തിലെ  വ്യക്തതയോടെ രാജ്യം സ്വന്തം ശേഷി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ ശക്തമായ വികസനം, ആഗോള സഹകരണത്തിൻ്റെ  വിപുലീകരണം, ഉറച്ച ധാർമ്മിക ചട്ടക്കൂടിൻ്റെ  രൂപീകരണം എന്നിവ സമന്വയിപ്പിച്ച്, നൂതനാശയങ്ങൾ എല്ലാവർക്കും ക്ഷേമവും സമൃദ്ധിയും പുരോഗതിയും ഉറപ്പാക്കുന്ന ഒരു ഭാവി സൃഷ്ടിക്കാൻ ഇന്ത്യ ദൃഢനിശ്ചയത്തോടെ മുന്നേറുന്നു. ഇങ്ങനെ, ഉത്തരവാദിത്വബോധത്തോടെയും ദാർശനികമനോഭാവത്തോടെയും പ്രവർത്തിക്കുന്ന ഒരു മുൻനിര ആഗോള AI ശക്തിയായി ഇന്ത്യ സ്വയം അവരോധിക്കുന്നു.


സൂചനകൾ:

 

Click here for pdf file

 

****

 

(Features ID: 157484) आगंतुक पटल : 8
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Kannada
Link mygov.in
National Portal Of India
STQC Certificate