• Skip to Content
  • Sitemap
  • Advance Search
Technology

ഇന്ത്യയുടെ AI ദൃഢനിശ്ചയത്തെ അടയാളപ്പെടുത്തി ഗിന്നസ് റെക്കോർഡ്

Posted On: 18 FEB 2026 8:05PM

 

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൻ്റെ മൂന്നാം ദിവസം, ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഒരു നേട്ടത്തിൻ്റെ സംതൃപ്തി നിറഞ്ഞുനിൽക്കുന്നു. ലളിതമെങ്കിലും അങ്ങേയറ്റം പ്രാധാന്യമുള്ളതായിരുന്നു ആ പ്രഖ്യാപനം. 24 മണിക്കൂറിനുള്ളിൽ ഒരു എഐ ഉത്തരവാദിത്ത പ്രചാരണത്തിനായി ഏറ്റവും കൂടുതൽ പ്രതിജ്ഞകൾ സ്വീകരിച്ചതിലൂടെ ഇന്ത്യ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നു. ഫെബ്രുവരി 16-നും 17-നും ഇടയിലായി ആകെ 2,50,946 സാധുവായ പ്രതിജ്ഞകളാണ് രേഖപ്പെടുത്തിയത്. തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്ന 5,000 എന്ന കണക്കിനെ ഇത് അനായാസം മറികടന്നു. ഇത് കേവലമൊരു റെക്കോർഡ് മാത്രമല്ല, നിർമ്മിതബുദ്ധിയെ വിവേകപൂർവ്വം രൂപപ്പെടുത്താൻ തിരഞ്ഞെടുക്കുന്ന ഒരു യുവരാഷ്ട്രത്തിൻ്റെ  ലക്ഷ്യപ്രഖ്യാപനം കൂടിയാണിത്.

ഫെബ്രുവരി 16 മുതൽ 20 വരെ നടക്കുന്ന ഉച്ചകോടി രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികളേയും, അധ്യാപകരേയും, നൂതനാശയങ്ങൾ പങ്കുവെയ്ക്കുന്നവരേയും, നയരൂപകർത്താക്കളേയും ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. ഇൻ്റൽ ഇന്ത്യയുമായി സഹകരിച്ച്  ഇന്ത്യ എഐ ദൗത്യത്തിന് കീഴിൽ ആരംഭിച്ച എഐ ഉത്തരവാദിത്ത പ്രതിജ്ഞാ പ്രചാരണം, ധാർമ്മികവും എല്ലാവരേയും ഉൾക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതുമായ എഐ ഉപയോഗത്തിനായി പ്രതിജ്ഞാബദ്ധരാകാൻ പൗരന്മാരെ ക്ഷണിക്കുന്നു. പ്രതിജ്ഞ പൂർത്തിയാക്കുന്ന പങ്കാളികൾക്ക് ഡിജിറ്റൽ ബാഡ്ജും ക്യൂറേറ്റ് ചെയ്ത എഐ പഠന പാതകളിലേക്കുള്ള പ്രവേശനവും ലഭിക്കും. പ്രതീകാത്മകമെന്നതിലുപരി പ്രായോഗികമായ ഈ നടപടിയിലൂടെ ലക്ഷ്യത്തെ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നു.

 

 

മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇതിനെ രാജ്യത്തിൻ്റെ അഭിമാന നിമിഷമെന്ന് വിശേഷിപ്പിച്ചു. ഉത്തരവാദിത്തമുള്ള എഐ ഉപയോഗത്തിൽ യുവ ഇന്ത്യക്കാരെ പങ്കാളികളാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെകുറിച്ച് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. രാജ്യത്തുടനീളമുള്ള കോളേജുകളെ ഇതിനായി അണിനിരത്തുന്നു, വിജ്ഞാനപ്രദമായ ചർച്ചകൾക്ക് നേതൃത്വം നല്കാൻ അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ എഐ ഒരു കുറുക്കുവഴിയായല്ല, മറിച്ച് സാമൂഹിക നന്മയ്ക്കുള്ള ഒരു ഉപകരണമായി കാണാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. പ്രതിജ്ഞയെടുത്ത 2.5 ലക്ഷത്തിലധികം പങ്കാളികളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു: ഉത്തരവാദിത്തം കേന്ദ്രബിന്ദുവാക്കിക്കൊണ്ട് വേണം എഐ സ്വീകരിക്കാൻ.

 



വേദിയിലെ ആവേശം ആ വ്യക്തതയെ പ്രതിഫലിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ യുവജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ 65 ശതമാനത്തിലധികം ആളുകളും 35 വയസ്സിൽ താഴെയുള്ളവരാണ്. ഉച്ചകോടി ഈ ജനസംഖ്യാപരമായ കരുത്തിനെ കൃത്യമായ ശ്രദ്ധയോടെ പ്രയോജനപ്പെടുത്തുന്നു. ഇവിടുത്തെ ചർച്ചകൾ അൽഗോരിതങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. സാക്ഷരത, ധാർമ്മികത, ദീർഘകാല ശേഷി എന്നിവയെ ചുറ്റിപ്പറ്റിയാണ് അവ നടക്കുന്നത്. എഐ ഇനി ഒരു വിദൂര സാങ്കേതികവിദ്യയല്ല, മറിച്ച് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജീവിത നൈപുണ്യമാണെന്ന ബോധം ഇവിടെയുണ്ട്.

യുവ എഐ ഗ്ലോബൽ യൂത്ത് ചലഞ്ച് വിജയികളുടെ പ്രഖ്യാപനത്തിൽ ഈ ആവേശം ദൃശ്യമാണ്. ഇന്ത്യ എഐ ദൗത്യത്തിന് കീഴിൽ വിഭാവനം ചെയ്ത ഈ ചലഞ്ചിൽ 38 രാജ്യങ്ങളിൽ നിന്നായി 2,500-ലധികം അപേക്ഷകൾ ലഭിച്ചു. 13-നും 21-നും ഇടയിൽ പ്രായമുള്ള യുവ നവീനാശയക്കാർ  ജനം, ഭൂമി, പുരോഗതി എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കി എഐ പരിഹാരങ്ങൾ നിർമ്മിക്കുന്നു. പൊതുജനാരോഗ്യം, കൃഷി, കാലാവസ്ഥാ പ്രതിരോധം,  പ്രവേശനക്ഷമത, സ്മാർട്ട് മൊബിലിറ്റി, ഡിജിറ്റൽ വിശ്വാസം എന്നിങ്ങനെ വിവിധ മേഖലകളിൽ ഇവരുടെ ആശയങ്ങൾ വ്യാപിച്ചുകിടക്കുന്നു. മികച്ച 70 ടീമുകൾ ഇപ്പോൾ ഉച്ചകോടിയിൽ തങ്ങളുടെ പ്രവർത്തന മാതൃകകൾ പ്രദർശിപ്പിക്കുന്നു. അവർ നയരൂപകർത്താക്കളുമായും നിക്ഷേപകരുമായും സംസാരിക്കുന്നു. അവർ വെറും പങ്കാളികളല്ല, മറിച്ച് പ്രശ്നപരിഹാരകർ കൂടിയാണ്.

ഈ ആഗോള പങ്കാളിത്തം വലിയൊരു കാര്യത്തെ സൂചിപ്പിക്കുന്നു. ഇന്ത്യ ആഭ്യന്തര പ്രതിഭകളെ പരിപോഷിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ഉത്തരവാദിത്തമുള്ള എഐ മേഖലയിൽ എല്ലാവരേയും ഒന്നിപ്പിക്കുന്ന ഒരു ശക്തിയായി ഇന്ത്യ സ്വയം നിലയുറപ്പിക്കുകയാണ്. ഐടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ 2022 നവംബറിൽ ആരംഭിച്ച യുവ എഐ (YUVAi) പരിപാടി, 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ എഐ, സാമൂഹിക നൈപുണ്യങ്ങൾ എന്നിവയിൽ സജ്ജരാക്കുന്നു. ദൈനംദിന ജീവിതത്തിൽ പ്രാധാന്യമുള്ള എട്ട് പ്രമേയാധിഷ്ഠിത മേഖലകളിൽ എഐ പ്രയോഗിക്കാൻ ഇത് അവരെ പ്രോത്സാഹിപ്പിക്കുന്നു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, നീതി എന്നിവ ഇവിടെ വെറും സങ്കൽപ്പങ്ങളല്ല. കോഡിംഗിലൂടെയും സർഗ്ഗാത്മകതയിലൂടെയും യുവമനസ്സുകൾ അഭിസംബോധന ചെയ്യാൻ പഠിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളാണവ.

 

ഇതോടൊപ്പം പതിനൊന്ന് ഇന്ത്യൻ ഭാഷകളിൽ ലഭ്യമായ 'യുവ എഐ ഫോർ ഓൾ' എന്ന സൗജന്യ ദേശീയ എഐ സാക്ഷരതാ കോഴ്സും നടത്തുന്നുണ്ട്. ദിക്ഷ, iGOTകർമ്മയോഗി, ഫ്യൂച്ചർ സ്കിൽസ് പ്രൈം  എന്നിവയിലൂടെ ലഭ്യമാകുന്ന ഈ പദ്ധതി ഒരു കോടി പൗരന്മാർക്കിടയിൽ അടിസ്ഥാന എഐ പ്രാവീണ്യം വളർത്താൻ ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം തികച്ചും ധീരമാണ്. അറിവിനെ ജനാധിപത്യവൽക്കരിക്കാനും നഗര-ഗ്രാമ വിടവ് ഇല്ലാതാക്കാനും ഇത് ശ്രമിക്കുന്നു. ഇതിലൂടെ, ഡിജിറ്റൽ സാക്ഷരത ഒരിക്കൽ എത്രത്തോളം അത്യാവശ്യമായിരുന്നോ അത്രതന്നെ പ്രധാനപ്പെട്ട ഒന്നായി എഐ സാക്ഷരതയേയും ഇത് പരിഗണിക്കുന്നു. ഗിന്നസ് റെക്കോർഡ് ഇപ്പോൾ ഈ ജനകീയ മുന്നേറ്റത്തിൻ്റെ സ്വാഭാവികമായ വിപുലീകരണമായി അനുഭവപ്പെടുന്നു.

ഉച്ചകോടിയുടെ മറ്റൊരു കോണിൽ, നീതി ആയോഗിന് കീഴിലുള്ള അടൽ ഇന്നൊവേഷൻ മിഷൻ  എങ്ങനെയാണ് തദ്ദേശീയമായ നൂതനാശയങ്ങൾ ദേശീയ മുൻഗണനകളിലേക്ക് എത്തിക്കുന്നതെന്ന്  കാണിച്ചുതരുന്നു. ഇന്ത്യയിലുടനീളമുള്ള അടൽ ടിങ്കറിംഗ് ലാബുകളിൽ നിന്നുള്ള 50 വിദ്യാർത്ഥി ടീമുകളെ എഐ ടിങ്കർപ്രണർ ഷോക്കേസ് ഒരുമിച്ച് കൊണ്ടുവരുന്നു. ആരോഗ്യ പരിപാലന മേഖലയിലെ വിടവുകൾ, വിള പരിപാലനം, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കൽ, പ്രാപ്യമായ വിദ്യാഭ്യാസം എന്നിവയെ ഇവരുടെ പ്രോജക്റ്റുകൾ അഭിസംബോധന ചെയ്യുന്നു. ഈ വർഷത്തെ പതിപ്പിൽ 12,000-ലധികം ടീമുകളാണ് പങ്കെടുത്തത്. കർശനമായ മൂല്യനിർണ്ണയത്തിന് ശേഷം തിരഞ്ഞെടുത്ത മികച്ച 50 ടീമുകളാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. നിരന്തരം പരീക്ഷിച്ചു പഠിക്കുന്ന ഒരു സംസ്കാരം എങ്ങനെ ക്രമേണ നവീകരണത്തിൻ്റെ സംസ്കാരമായി മാറുന്നു എന്ന് അവർ പ്രതിഫലിപ്പിക്കുന്നു.

പ്രദർശന വേദിക്കപ്പുറം, വിശാലമായ ഒരു ആവാസവ്യവസ്ഥ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ തലങ്ങളിൽ എഐ വിദ്യാഭ്യാസത്തേയും നൈപുണ്യ വികസനത്തേയും പിന്തുണയ്ക്കുന്നതിനായി സർക്കാർ നിരന്തരം ചട്ടക്കൂടുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. 2026-27 ലെ കേന്ദ്ര ബജറ്റ് ഉയർന്നുവരുന്ന  സാങ്കേതികവിദ്യകൾക്കായി ഫണ്ട് വകയിരുത്തിക്കൊണ്ട് ഈ ദിശയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിനുള്ള പിന്തുണ 15,000 സ്കൂളുകളിലും 500 കോളേജുകളിലും എഐ അധിഷ്ഠിത കണ്ടൻ്റ്  ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കാൻ സഹായിക്കും. ഈ സംരംഭം അനിമേഷൻ, ഗെയിമിംഗ്, ഡിജിറ്റൽ ഉള്ളടക്കം എന്നിവയുൾപ്പെടെയുള്ള ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട മേഖലകളിൽ ഏകദേശം 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

കംപ്യൂട്ട് ശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകളും ഉച്ചകോടി പങ്കുവെയ്ക്കുന്നുണ്ട്. വരും ആഴ്ചകളിൽ ഇന്ത്യ നിലവിലുള്ള 38,000 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾക്കൊപ്പം (GPUs) 20,000 എണ്ണം കൂടി കൂട്ടിച്ചേർക്കും. അടിസ്ഥാന സൗകര്യങ്ങളും ധാർമ്മികതയും ഒരേപോലെ പുരോഗമിക്കുകയാണ്. ഇതിലെ സന്ദേശം വ്യക്തമാണ്: വികസനത്തിനൊപ്പം തന്നെ ഉത്തരവാദിത്തവും ഉണ്ടാകണം. ഈ സന്തുലിതാവസ്ഥ നിലനിർത്താൻ നൈപുണ്യമുള്ള ഒരു തൊഴിൽശക്തി അത്യന്താപേക്ഷിതമാണ്.

സ്കൂൾ ക്ലാസ് മുറികൾ മുതൽ അത്യാധുനിക ഗവേഷണ ലാബുകൾ വരെ ഇതിനായി പാതകൾ ഒരുക്കിക്കഴിഞ്ഞു. ആരോഗ്യ പരിപാലനം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നിവയ്ക്കായുള്ള മികവിൻ്റെ  കേന്ദ്രങ്ങൾ ഇതിനകം പ്രവർത്തനക്ഷമമാണ്. വിദ്യാഭ്യാസത്തിനായുള്ള നാലാമത്തെ മികവിൻ്റെ കേന്ദ്രവും പ്രഖ്യാപിച്ചു കഴിഞ്ഞു. നൈപുണ്യ വികസനത്തിനായുള്ള അഞ്ച് ദേശീയ മികവിൻ്റെ  കേന്ദ്രങ്ങൾ വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ എഐ നൈപുണ്യത്തോടെ യുവാക്കളെ സജ്ജരാക്കുന്നു. 2025 ജൂലൈയിൽ ആരംഭിച്ച സ്കില്ലിംഗ് ഫോർ എഐ റെഡിനസ് (SOAR) പദ്ധതി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൃത്യമായ പഠന മൊഡ്യൂളുകൾ വാഗ്ദാനം ചെയ്യുന്നു. തൊഴിലധിഷ്ഠിത തലത്തിൽ, കരകൗശല വിദഗ്ധരുടെ പരിശീലന പദ്ധതി, നിർമ്മിതബുദ്ധി, വ്യാവസായിക റോബോട്ടിക്സ് എന്നിവയുൾപ്പെടെ 31 പുതിയ കാലഘട്ടത്തിലെ കോഴ്സുകൾ അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളിലൂടെയും ദേശീയ നൈപുണ്യ പരിശീലന സ്ഥാപനങ്ങളിലൂടെയുമാണ് ഇവ ലഭ്യമാക്കുന്നത്.

സർക്കാർ സംവിധാനങ്ങൾക്കുള്ളിലും ശേഷി വികസനം നടക്കുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള എഐ കോംപിറ്റൻസി ചട്ടക്കൂട് ഇതിനായി പ്രവർത്തിക്കുന്നു. പൊതു ഉദ്യോഗസ്ഥരെ അത്യാവശ്യമായ എഐ നൈപുണ്യങ്ങൾ ആർജ്ജിക്കാനും അവ നയരൂപീകരണത്തിലും ഭരണത്തിലും പ്രയോഗിക്കാനും സഹായിക്കുന്നതിന് ഈ ചട്ടക്കൂട് ഘടനാപരമായ പരിശീലനം നല്കുന്നു. എഐ-യെക്കുറിച്ചുള്ള അറിവ് ക്ലാസ് മുറികളിലോ സ്വകാര്യ മേഖലയിലോ മാത്രമായി ഒതുങ്ങുന്നില്ലെന്നും അത് പൊതു സംവിധാനങ്ങളിലേക്ക് കൂടി വ്യാപിക്കുന്നുണ്ടെന്നും ഇത് ഉറപ്പാക്കുന്നു.

ഇന്ത്യാ എഐ ദൗത്യത്തിന് കീഴിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും നേരിട്ടുള്ള പിന്തുണ നല്കുന്നു. 500 പിഎച്ച്ഡി സ്കോളർമാർക്കും 5,000 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും 8,000 ബിരുദ വിദ്യാർത്ഥികൾക്കുമായി ഫെലോഷിപ്പുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കുന്നു. 2025 ജൂലൈ ആയപ്പോഴേക്കും 200-ലധികം ഫെലോഷിപ്പുകൾ നല്കിക്കഴിഞ്ഞു, കൂടാതെ 73 സ്ഥാപനങ്ങൾ ഡോക്ടറൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുകയും ചെയ്തു. ടയർ 2, ടയർ 3 നഗരങ്ങളിൽ ഡാറ്റാ - എഐ ലാബുകൾ സ്ഥാപിച്ചുവരികയാണ്. NIELIT-ഉം  വ്യവസായ പങ്കാളികളുമായി സഹകരിച്ച് 31 ലാബുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.  അതേസമയം, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൂടുതൽ ലാബുകൾക്കായി 174 വ്യാവസായിക പരിശീലന സ്ഥാപനങ്ങളേയും (ITI) പോളിടെക്നിക്കുകളേയും നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാകുന്നത് ഇനിമുതൽ ഏതാനും മെട്രോ നഗരങ്ങളിൽ  മാത്രമായി പരിമിതപ്പെടില്ല.

ഉച്ചകോടി പുരോഗമിക്കുമ്പോൾ, ആത്മവിശ്വാസവും അതോടൊപ്പം ഗൗരവമേറിയതുമായ ഒരു അന്തരീക്ഷമാണ് അവിടെയുള്ളത്. ചർച്ചകൾ ഭാവിയെ മുന്നിൽ കണ്ടുകൊണ്ടുള്ളതും എന്നാൽ കൃത്യമായ നടപ്പിലാക്കലിൽ അധിഷ്ഠിതവുമാണ്. കൗമാരക്കാർ തങ്ങളുടെ പ്രവർത്തന മാതൃകകൾ  വിശദീകരിക്കുന്നത് നയരൂപകർത്താക്കൾ ശ്രദ്ധയോടെ കേൾക്കുന്നു. ഒരേസമയം വിപുലീകരിക്കാൻ കഴിയുന്നതും എന്നാൽ ധാർമ്മികവുമായ ആശയങ്ങൾ വ്യവസായ പ്രമുഖർ തിരയുന്നു. ഈ ആശയവിനിമയങ്ങൾ വെറുമൊരു ചടങ്ങായിട്ടല്ല, മറിച്ച് വലിയ ഫലങ്ങൾ ഉണ്ടാക്കുന്ന ഒന്നായിട്ടാണ് അനുഭവപ്പെടുന്നത്.

ഗിന്നസ് അംഗീകാരം ഒരു നിർണ്ണായക നിമിഷത്തെ അടയാളപ്പെടുത്തുന്നു. എന്നാൽ അതിന് പിന്നിലെ ദൃഢനിശ്ചയം ആഴത്തിലുള്ളതാണ്. ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തുന്നു, ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നു, നൈപുണ്യ വികസനത്തിനായുള്ള പാതകൾ ശക്തിപ്പെടുത്തുന്നു, കൂടാതെ വളർന്നുവരുന്ന സാങ്കേതികവിദ്യയുടെ ധാർമ്മികത നിർവ്വചിക്കാൻ യുവാക്കളെ ക്ഷണിക്കുകയും ചെയ്യുന്നു. റെക്കോർഡ് ഒരുപക്ഷേ 24 മണിക്കൂറിനുള്ളിൽ സ്ഥാപിക്കപ്പെട്ടതാകാം, പക്ഷേ അത് പ്രതിനിധീകരിക്കുന്ന പ്രതിബദ്ധത തലമുറകളോളം നിലനിൽക്കുന്നതാണ്.


സൂചനകൾ:

 

Click here to see pdf 

 

***

(Features ID: 157467) आगंतुक पटल : 5
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali
Link mygov.in
National Portal Of India
STQC Certificate