Farmer's Welfare
പ്രധാനമന്ത്രി വിശ്വകർമ ഹാത്ത് 2026
Posted On:
24 JAN 2026 10:25AM
ഡൽഹിയിലെ തണുത്ത ശൈത്യകാല പ്രഭാതത്തിൽ, ഐഎൻഎയിലെ ഡൽഹി ഹാത്തിൻ്റെ കവാടങ്ങൾ തുറക്കുമ്പോൾ തന്നെ സന്ദർശകർ എത്തിത്തുടങ്ങുന്നു. അവിടെ ഇതിനകം തന്നെ ജോലി തുടങ്ങിയ ശ്രീ. പുഞ്ചോക്ക് പാൽദാൻ ഊഷ്മളമായ പുഞ്ചിരിയോടെ സന്ദർശകരെ സ്വാഗതം ചെയ്യുന്നുണ്ടാവും. ലഡാക്കിലെ ലേയിൽ നിന്നുള്ള ഒരു വിദഗ്ധ മരപ്പണിക്കാരനായ അദ്ദേഹം, തൻ്റെ കരകൗശല- തടി ഉൽപ്പന്നങ്ങൾ അനായാസമായി നിർമ്മിക്കുന്നു. അപരിചിതരെ ഹാർദ്ദവമായി, ഒരു പരിചിതരെപ്പോലെ സ്വാഗതം ചെയ്യുന്നു. പിഎം വിശ്വകർമ ഹാത്തിൽ ഇത് അദ്ദേഹത്തിൻ്റെ രണ്ടാം വർഷമാണ്. കഴിഞ്ഞ വർഷം പങ്കെടുത്തപ്പോൾ ഏകദേശം 2 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയ അദ്ദേഹം, ഇത്തവണ തിരിച്ചെത്തിയത് കൂടുതൽ ആത്മവിശ്വാസത്തോടെയാണ്. തൻ്റെ കരകൗശലവസ്തുക്കളുടെ മാത്രമല്ല, ഈ വേദിയിലൂടെ വളർത്തിയെടുത്ത ബന്ധങ്ങളും കൈമോശം വരാതെ അദ്ദേഹം വഹിക്കുന്നു.

അദ്ദേഹത്തിന് ചുറ്റും, ഹാത്ത് ക്രമേണ ജീവസുറ്റതാകുന്നു. തടിയിൽ ചേരുന്ന ഉളികളുടെ താളാത്മകമായ ശബ്ദം, കൈകൊണ്ട് നെയ്യുന്ന തുണിത്തരങ്ങളുടെ മൃദുമർമ്മരവുമായി ലയിക്കുന്നു. ശ്രദ്ധാപൂർവ്വം ക്രമീകരിച്ച പ്രദർശനങ്ങളിൽ നിന്ന് ടെറാക്കോട്ട ഉൽപ്പന്നങ്ങളുടെ മണ്ണിൻ്റെ ഗന്ധം പരക്കുന്നു. പിഎം വിശ്വകർമ ഹാത്ത് 2026 ഒരു പ്രദർശനത്തേക്കാൾ ഉപരിയാണ്; ഇന്ത്യയുടെ പരമ്പരാഗത കരകൗശല വസ്തുക്കൾ സംഗമിക്കുകയും പുതിയ പ്രേക്ഷകരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന ഒരു ഊർജ്ജസ്വലവും സജീവവുമായ വിപണിയാണിത്.
2026 ജനുവരി 18 മുതൽ 31 വരെ ഐഎൻഎയിലെ ഡൽഹി ഹാത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം (എംഎസ്എംഇ) സംഘടിപ്പിക്കുന്ന ഹാത്ത്, വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 117-ലധികം കരകൗശല വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്നു. ദിവസവും രാവിലെ 10:30 മുതൽ രാത്രി 10:00 വരെ തുറക്കുന്ന ഇത്, "വിശ്വകർമ കാ അഭിയാൻ, വികസിത് ഭാരത് കാ നിർമാൺ" എന്നതിൻ്റെ അന്തസത്ത പ്രതിഫലിപ്പിക്കുന്നു. ഇവിടം സന്ദർശിക്കുന്നവർക്ക് കരകൗശല മികവിനാൽ സമ്പന്നമായ, ഇന്ത്യയുടെയാകെ ഒരു ക്യാൻവാസ് വാഗ്ദാനം ചെയ്യുന്നു. കരകൗശല ഉൽപ്പന്നങ്ങൾക്കൊപ്പം, മൺപാത്രങ്ങൾ, വള നിർമ്മാണം, പാവ നിർമ്മാണം എന്നിവയുൾപ്പെടെയുള്ള തത്സമയ കരകൗശല പ്രദർശനങ്ങളും സാംസ്കാരിക പ്രകടനങ്ങളും ഹാത്തിൽ ഉൾപ്പെടുന്നു. ഇത് ഒരു പരമ്പരാഗത വിപണിക്ക് ഉപരിയായി ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്നു.

2023 സെപ്റ്റംബറിൽ ആരംഭിച്ച പിഎം വിശ്വകർമ പദ്ധതി, ഗ്രാമങ്ങളിൽ നിന്നുള്ള പരമ്പരാഗത കരകൗശല, കൈത്തറി വിദഗ്ധരെ ഔപചാരിക വിപണി സംവിധാനങ്ങളിലേക്ക് സംയോജിപ്പിച്ച് ശാക്തീകരിക്കുന്നതിനുള്ള സമഗ്രമായ ഒരു സംരംഭമായി മാറിയിട്ടുണ്ട്. പിഎം വിശ്വകർമ തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും, പ്രതിദിനം ₹500 സ്റ്റൈപ്പൻ്റോട് കൂടിയ നൈപുണ്യ പരിശീലനം, ₹15,000 വിലയുള്ള സൗജന്യ ടൂൾകിറ്റ്, ഈട് രഹിത വായ്പ, ഡിജിറ്റൽ ഇടപാടുകൾ സ്വീകരിക്കുന്നതിനുള്ള പ്രോത്സാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പിന്തുണയും ഈ പദ്ധതി നൽകുന്നു. സാമ്പത്തിക, നൈപുണ്യ വികസന പിന്തുണയ്ക്ക് പുറമേ, പിഎം വിശ്വകർമ ഹാത്ത് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വിപണി ബന്ധത്തിന് പദ്ധതി ശക്തമായ ഊന്നൽ നൽകുന്നു. ഇത് കരകൗശല വിദഗ്ധരെ അവരുടെ ഉൽപ്പന്നങ്ങൾ വിശാലമായ ദേശീയ, അന്തർദേശീയ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കാനും ബ്രാൻഡ് ചെയ്യാനും വിപണനം ചെയ്യാനും പ്രാപ്തമാക്കുന്നു. ഈ സംരംഭത്തിൻ്റെ സാരാംശം "പൈതൃകത്തിൽ നിന്നും വികസനത്തിലേക്ക്" എന്ന പ്രമേയത്തിൽ ഉചിതമായി പ്രതിഫലിപ്പിക്കുന്നു. 2026 ജനുവരി 22 വരെ, പദ്ധതിയിലേക്ക് തിരഞ്ഞെടുപ്പിനായി 2.72 കോടി അപേക്ഷകൾ ലഭിച്ചു. ഏകദേശം 30,000 കരകൗശല വിദഗ്ധർ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹാത്തിൻ്റെ ഒരു കോണിൽ, ഉത്തരാഖണ്ഡിൽ നിന്നുള്ള രണ്ട് കരകൗശല വിദഗ്ധർ അടുത്തടുത്തായി നിൽപ്പുണ്ട്. അവരുടെ കര കൗശല യാത്രകൾ വ്യത്യസ്തമാണെങ്കിലും പാരമ്പര്യത്താൽ ഏകീകൃതമാണ്. ചമോലി ജില്ലയിലെ ശ്രീ. ദർശൻ ലാൽ മൂന്ന് പതിറ്റാണ്ടിലേറെയായി തടിയിൽ കൊത്തുപണികൾ ചെയ്യുന്നു. ബദരീനാഥ് ക്ഷേത്രത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കരകൗശല വിദഗ്ധരുടെ പാരമ്പര്യത്തെ അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുകയാണ്. ജില്ലാതല അവാർഡും പിന്നീട് കരകൗശല വിദഗ്ധർക്കുള്ള സിൽവർ രത്ന അവാർഡും നേടിയ അദ്ദേഹം 2008–09 ൽ തൻ്റെ സംരംഭത്തെ ഒരു എംഎസ്എംഇ ആയി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. തൻ്റെ അനുഭവത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, "ഞങ്ങൾക്ക് എങ്ങനെ ഉൽപ്പന്നങ്ങൾ നിർമ്മിക്കണമെന്ന് അറിയാമായിരുന്നു" എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വിപുലീകരണത്തിനും വിപണി പ്രവേശനത്തിനുമുള്ള അവസരങ്ങൾ പരിമിതമായിരുന്നു. പിഎം വിശ്വകർമ പദ്ധതി പ്രകാരം, അദ്ദേഹത്തിന് നൈപുണ്യ പരിശീലനം, ഒരു ടൂൾകിറ്റ്, താങ്ങാനാവുന്ന ചെലവിൽ വായ്പ എന്നിവ ലഭിച്ചു. അതിലുപരി, അദ്ദേഹത്തിൻ്റെ കരകൗശല ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ തുല്യമായ നിരക്കിൽ അവസരം ലഭിച്ച ഒരു വേദിയാണിത്. പിഎം വിശ്വകർമ ഹാത്ത് 2026, ഡൽഹിയിലെ അദ്ദേഹത്തിൻ്റെ ആദ്യ പ്രദർശന പങ്കാളിത്തമാണ്. തൻ്റെ അനുഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞ അറിവിൽ നിന്നും ഇപ്പോൾ സഹ കരകൗശല വിദഗ്ധരെ പദ്ധതിയിൽ ചേരാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. ഇത് ഒരു നടപടിക്രമപരമായ ആവശ്യകതയായിട്ടല്ല, മറിച്ച് വളർച്ചയിലേക്കുള്ള ഒരു പാതയായി കാണുന്നു.

സമീപത്ത്, ഉത്തരകാശി ജില്ലയിൽ നിന്നുള്ള ശ്രീ. വിനോദ് കുമാർ മുള, ചെറുമുള, പൈൻ എന്നിവയിൽ നിന്ന് നിർമ്മിച്ച കരകൗശല വസ്തുക്കളുടെ ഒരു ശേഖരം പ്രദർശിപ്പിക്കുന്നു. പൈൻ കരകൗശലവസ്തുക്കൾ അദ്ദേഹത്തിൻ്റെ പൂർവ്വിക തൊഴിലിനെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, പാരമ്പര്യവും പ്രയോഗികതയും തമ്മിലുള്ള സന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ മുളയിലും തൻ്റെ ഉൽപ്പന്നങ്ങൾ അദ്ദേഹം ക്രമേണ വൈവിധ്യവൽക്കരിച്ചു. 2008 ൽ അദ്ദേഹം സംരംഭം ആരംഭിക്കുകയും 2022 ൽ ഇത് ഒരു എംഎസ്എംഇ ആയി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്ന്, ഉത്തരാഖണ്ഡിലെ 13 ജില്ലകളിലായി കരകൗശല തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനായി ശ്രീ.വിനോദ് നേരിട്ട് പരിശീലകരെ നിയമിക്കുന്നു. ഇതുപോലുള്ള പ്രദർശനങ്ങളിലെ വിൽപ്പന സാധാരണയായി ₹40,000 മുതൽ ₹50,000 വരെയാണ്; എന്നാൽ, ഇത് ഉടനടി വരുമാനത്തിനപ്പുറം വിശാലമായ സ്വാധീനം സൃഷ്ടിക്കുന്നു. അദ്ദേഹത്തിൻ്റെ ഈ സംരംഭം വ്യക്തിഗത വിജയമായും മറ്റ് പലർക്കും നൈപുണ്യ വികസനവും ഉപജീവന അവസരങ്ങളും വളർത്തുന്ന ഒരു ഉത്തേജകമായും വർത്തിക്കുന്നു. പരിശീലനവും ഉപകരണങ്ങളും ഉൾപ്പെടെയുള്ള പിഎം വിശ്വകർമ പദ്ധതിയുടെ പിന്തുണയോടെ, സംരംഭക വളർച്ച സമൂഹ ശാക്തീകരണത്തിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് അദ്ദേഹത്തിൻ്റെ ഈ സംരംഭം തെളിയിക്കുന്നു.

അസമിലെ ധുബ്രിയിൽ നിന്നുള്ള ശ്രീമതി. ജ്യോത്സ്ന പോളിനെ സംബന്ധിച്ചിടത്തോളം, ടെറാക്കോട്ട നിർമാണം, പാരമ്പര്യത്തെയും സൃഷ്ടിപരമായ നൂതനാശയങ്ങളെയും പ്രതിനിധീകരിക്കുന്നു. കുടുംബ സംരംഭത്തിൽ ചേർന്നതിനുശേഷം, 2020 ൽ അവർ ഒരു എംഎസ്എംഇ ആയി രജിസ്റ്റർ ചെയ്തു. അതിനുശേഷം, ഗവണ്മെൻ്റ് പിന്തുണയുള്ള പ്ലാറ്റുഫോമുകൾ, അസം, വാരണാസി, നോയിഡ, ഡൽഹി എന്നിവിടങ്ങളിലെ മേളകൾ ഉൾപ്പെടെ, ജന്മനാടിനപ്പുറത്തേക്ക് വിപണികളിൽ എത്താൻ അവരെ പ്രാപ്തരാക്കി. സംസ്ഥാന NRLM മിഷനുകൾ, ടെക്സ്റ്റൈൽസ് മന്ത്രാലയം, എംഎസ്എംഇ മന്ത്രാലയം, കയറ്റുമതി പ്രോത്സാഹന കൗൺസിലുകൾ എന്നിവയിലൂടെയുള്ള ക്ഷണങ്ങൾ, യാത്ര, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് ഉൾക്കൊള്ളുന്നു. ഇത് നഷ്ട സാധ്യത ഗണ്യമായി കുറയ്ക്കുകയും വിശാലമായ അവസരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അത്തരം പ്രദർശനങ്ങളിലെ വിൽപ്പന സാധാരണയായി ₹20,000 നും ₹30,000 നും ഇടയിലാണ്. കൂടാതെ പിഎം വിശ്വകർമ ഹാത്ത് 2026 ൽ മാത്രം, അവർ ഇതിനകം ₹15,000–₹20,000 രൂപയുടെ വിൽപ്പന നടത്തി. ഉടനടി വരുമാനത്തേക്കാൾ, ഹാത്ത് അവരുടെ തുടർച്ചയായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ കരകൗശല ഉൽപ്പന്നങ്ങൾ പരിഷ്കരിക്കാനും, അവരുടെ വിപണി സാന്നിധ്യം സ്ഥിരമായി വികസിപ്പിക്കാനുമുള്ള ഒരു വേദിയായും ഇത് പ്രവർത്തിക്കുന്നു.

കേരളത്തിൽ നിന്നുള്ള ശ്രീ. സുധീഷ് വി ഡി സങ്കീർണ്ണമായ കൊത്തുപണികളുള്ള തടി ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു. ശക്തമായ ഡിജിറ്റൽ പിന്തുണയും ഇതിനുണ്ട്. സ്റ്റാളിനൊപ്പം, പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തെ ഓൺലൈൻ വില്പനയുമായി ഫലപ്രദമായി ബന്ധിപ്പിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പേജും അദ്ദേഹം സജീവമായി കൈകാര്യം ചെയ്യുന്നു. 2024 ൽ തൻ്റെ സംരംഭത്തെ ഒരു എംഎസ്എംഇ ആയി രജിസ്റ്റർ ചെയ്ത അദ്ദേഹം, പരമ്പരാഗത ബാങ്ക് വായ്പാ നിരക്കുകളേക്കാൾ വളരെ കുറഞ്ഞ 5 ശതമാനം പലിശ നിരക്കിൽ ₹3 ലക്ഷം വരെ ഈട് രഹിത വായ്പ നേടി. ₹15,000 വിലമതിക്കുന്ന ഒരു സൗജന്യ ടൂൾകിറ്റ് അദ്ദേഹത്തിന് ലഭിച്ചു. ഇതുപോലുള്ള പ്രദർശനങ്ങളിൽ, അദ്ദേഹത്തിൻ്റെ വിൽപ്പന അപൂർവ്വമായി മാത്രമേ ₹20,000 ൽ താഴെയാകുന്നുള്ളു. അദ്ദേഹത്തെപ്പോലുള്ള കരകൗശല വിദഗ്ധർക്ക്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ പേയ്‌മെൻ്റുകൾ, സ്ഥിരം ഉപഭോക്താക്കൾ എന്നിവ വിപുലമായ അവസരം നൽകുന്നു. അവരുടെ കരകൗശല വസ്തുക്കളുടെ പ്രചാരണം ഭൂമിശാസ്ത്രപരമായി പരിമിതപ്പെടുത്തപ്പെടുന്നില്ല.

ദില്ലി ഹാത്തിലെ സന്ദർശകരുടെ എണ്ണം സ്ഥിരമായി ഉയരുന്നത് ഇതിനെ ഇത്തരത്തിലുള്ള ഒരു പ്രദർശനത്തിന് തന്ത്രപരമായി വേദിയാക്കുന്നു. കാശ്മീരി കുർത്തികൾ മുതൽ 6.5 അടിയിൽ കൂടുതൽ ഉയരമുള്ള സങ്കീർണ്ണമായ കൊത്തുപണികളുള്ള ശിലാ പ്രതിമകൾ വരെയുള്ള ഉൽപ്പന്നങ്ങളുടെ വൈവിധ്യം വളരെ വലുതാണ്. മന്ത്രാലയത്തിൻ്റെ ബ്രാൻഡഡ് ഷോപ്പിംഗ് ബാഗുകൾ, വ്യത്യസ്ത വലുപ്പങ്ങളിൽ ലഭ്യമാണ്. കരകൗശല തൊഴിലാളികൾക്കുള്ള പാക്കേജിംഗ് ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കുകയും ഹാത്തിനുള്ള പ്രോത്സാഹനമായി ഇത് വർത്തിക്കുകയും ചെയ്യുന്നു.

ഓരോ സ്റ്റാളിലും എംഎസ്എംഇ മന്ത്രാലയം നൽകുന്ന ഒരു പ്ലക്കാർഡും സജ്ജീകരിച്ചിരിക്കുന്നു, ഇത് സന്ദർശകർക്ക് കരകൗശല വിദഗ്ധരെക്കുറിച്ചുള്ള സുതാര്യവും വിശ്വസനീയവുമായ വിവരങ്ങൾ നൽകുന്നു. അവരുടെ പേര്, താമസസ്ഥലം, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, സംരംഭത്തിൻ്റെ സ്വഭാവം, പ്രതിമാസ ഉൽപാദന ശേഷി, ഗണ്യമായ അല്ലെങ്കിൽ ഇഷ്ടാനുസൃത ഓർഡറുകൾ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ലളിതമായ സവിശേഷത ഒരു താൽക്കാലിക സ്റ്റാളിനെ ഒരു പ്രൊഫഷണൽ സൂക്ഷ്മ സംരംഭക സംവിധാനമായി ഫലപ്രദമായി മാറ്റുന്നു. ഇത് വിശ്വാസം ശക്തിപ്പെടുത്തുകയും ആവർത്തിച്ചുള്ള ഇടപാടുകളും സുസ്ഥിരമായ വിപണി ബന്ധങ്ങളും സുഗമമാക്കുകയും ചെയ്യുന്നു.

കരകൗശല തൊഴിലാളികൾക്കിടയിലെ അവബോധത്തിൻ്റെ നിലവാരവും ഒരുപോലെ ശ്രദ്ധേയമാണ്. പരമ്പരാഗത ബാങ്ക് വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രധാനമന്ത്രി വിശ്വകർമ പദ്ധതിയ്ക്ക് കീഴിലുള്ള താങ്ങാനാവുന്ന നിരക്കിലുള്ള വായ്പ, അനുബന്ധ സംരംഭങ്ങൾ എന്നിവയെ കുറിച്ച് അവർ മനസ്സിലാക്കുന്നു. കൂടാതെ, പലിശ ഇളവ് നിരക്കുകൾ, പരിശീലനം, ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ഗവണ്മെൻ്റ് പദ്ധതികളെയും അനുബന്ധ ആനുകൂല്യങ്ങളെയും കുറിച്ചുള്ള വ്യക്തമായ ധാരണ അവർ നേടിയെടുക്കുന്നു. പണമിടപാടിൻ്റെ പ്രിയപ്പെട്ട രീതിയായി യുപിഐ വ്യാപകമായി സ്വീകരിക്കുന്നത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ സാക്ഷരതയെയും ഗ്രാമപ്രദേശങ്ങളിൽ ഔപചാരിക ബാങ്കിംഗ് സേവനങ്ങളുടെ വ്യാപനത്തെയും കൂടുതൽ പ്രതിഫലിപ്പിക്കുന്നു.

കരകൗശല വിദഗ്ധർ ഇവിടേക്ക് തിരിച്ചുവരാൻ വീണ്ടും തയ്യാറാവുന്നതാണ് ഈ മേളകൾ വിജയിക്കുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന്. മേളയിലെ പങ്കാളിത്തത്തെ ഒറ്റത്തവണ അവസരമായിട്ടല്ല, മറിച്ച് കരകൗശല വിദഗ്ധർ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ആവാസവ്യവസ്ഥയുടെ ഭാഗമായാണ് കാണുന്നത്. ഇവിടെ, ഭരണം ദൃശ്യമാക്കുന്നത് നടപടിക്രമങ്ങളിലൂടെയോ കടലാസുകളിലൂടെയോ അല്ല, മറിച്ച് ഉപജീവനമാർഗ്ഗങ്ങളെ നേരിട്ട് പിന്തുണയ്ക്കുന്ന വ്യക്തമായ ഫലങ്ങളിലൂടെയാണ്. മൊത്തത്തിൽ, ഗവൺമെൻ്റിൻ്റെ 'ഏവർക്കും ഒപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം" എന്ന വിശാലമായ വികസന ഇത് ദർശനത്തെ പിന്തുണയ്ക്കുന്നു. ഈ ഫലങ്ങൾ താഴെത്തട്ടിൽ വിശ്വാസം വളർത്തിയെടുക്കുന്നതിലൂടെയും, ആത്മനിർഭർ ഭാരതിന് കീഴിൽ ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും, എല്ലാവരെയും ഉൾക്കൊള്ളുന്ന, വിപണി- ബന്ധിത വളർച്ചയിലൂടെ വികസിത ഭാരതം @2047 എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നു. വൈകുന്നേരമായി വെളിച്ചം മങ്ങാൻ തുടങ്ങുമ്പോഴും, സന്ദർശകർ തുടരുന്നു. കൗണ്ടറുകളിലുടനീളം സംഭാഷണങ്ങൾ വ്യാപിക്കുന്നു. സന്ദർശക കരങ്ങൾ തുണി, തടി, കളിമണ്ണ്, കല്ല് എന്നിവയിലൂടെ നീങ്ങുകയും അവയുടെ, ഘടന, വിശ്വാസ്യത എന്നിവ വിലയിരുത്തുകയും ചെയ്യുന്നു. പിഎം വിശ്വകർമ ഹാത്ത് 2026 ഒരു തൽക്ഷണ പരിവർത്തനം വാഗ്ദാനം ചെയ്യുന്നില്ല. പകരം, അത് കൂടുതൽ ഈടുനിൽക്കുന്ന പ്രവേശനം, ദൃശ്യത, അന്തസ്സ് എന്നിവ വാഗ്ദാനം ചെയ്യുന്നു: ഈ ഹാത്തിൽ, ചരിത്രവും സംസ്കാരവും ഗ്ലാസ് ചുവരുകൾക്കുള്ളിൽ ബന്ധിക്കപ്പെടുന്നില്ല; അവ സജീവമായി നിലകൊള്ളുന്നു. വൈദഗ്ധ്യമുള്ള കൈകളാൽ രൂപപ്പെടുത്തിയ, നയപരമായ പിന്തുണയാൽ ശക്തിപ്പെടുത്തിയ ഈ സംവിധാനം നിരീക്ഷിക്കാനും ഇടപഴകാനും തയ്യാറുള്ളവരുമായി തുറന്ന വേദി പങ്കിടുന്നു.
അവലംബം:
Ministry of Micro, Small and Medium Enterprises
https://pmvishwakarma.gov.in/
https://www.pib.gov.in/PressReleasePage.aspx?PRID=2215839®=3&lang=2
PM Vishwakarma Haat 2026
****
(Features ID: 157088)
आगंतुक पटल : 7
Provide suggestions / comments