Energy & Environment

പുള്ളിയുള്ള വേഗരാജാവിൻ്റെ മടങ്ങിവരവ്

ഇന്ത്യയിലെ ചീറ്റപ്പുലികളുടെ എണ്ണം വർദ്ധിക്കുന്നു
Posted On: 26 NOV 2026 11:19AM

പൊന്തക്കാടുകളിലെ ഒരു പ്രഭാതം

കുനോ ദേശീയോദ്യാനത്തിലെ ശൈത്യകാല പ്രഭാതങ്ങൾ ശാന്തതയുടെ മൂടുപടമണിഞ്ഞാണ് ഉണരുന്നത്. വിശാലമായ പുൽമേടുകളിലേക്കും ഇടതൂർന്ന കുറ്റിക്കാടുകളിലേക്കും സൂര്യപ്രകാശം പരക്കുന്നതോടെ  പ്രകൃതിയും മെല്ലെ ഉണരുകയായി. ഏഴ് പതിറ്റാണ്ടുകൾക്കുമുമ്പ് ഇന്ത്യയുടെ വന്യജീവി സമ്പത്തിൽനിന്ന് അപ്രത്യക്ഷമായ ഒരു ജീവിവർഗം, ഈ ഭൂപ്രകൃതിയിൽ തങ്ങളുടെ ഇടം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. മധ്യപ്രദേശ് വനംവകുപ്പിലെയും വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘം റേഡിയോ കോളറുകളിൽനിന്നുള്ള സിഗ്നലുകൾ, പ്രകൃതി നൽകുന്ന സൂചനകൾ, ചീറ്റകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. ഈ നിരീക്ഷണങ്ങൾക്കിടെ, ഈ വർഷം ഒക്ടോബറിലും നവംബറിലുമായി രണ്ട് സന്തോഷവാർത്തകൾ കൂടി കുനോയിൽ നിന്നെത്തി. രണ്ട് പുതിയ ചീറ്റപ്പുലിക്കുഞ്ഞുങ്ങൾ കൂടി ഇവിടെ പിറന്നു.  



 

ഓരോ പുതിയ ജനനവും വർഷങ്ങളായുള്ള ആസൂത്രണത്തിൻ്റെയും ശാസ്ത്രീയമായ പരിപാലനത്തിൻ്റെയും വിദഗ്ധ മൃഗപരിചരണത്തിൻ്റെയും പ്രോജക്ട് ചീറ്റയുടെ ഭാഗമായി നടക്കുന്ന സമർപ്പിത ഫീൽഡ് പ്രവർത്തനങ്ങളുടെയും പരിണിതഫലമാണ്. അതിലുപരി, ഉയർന്ന സമ്മർദ്ദങ്ങളോട് അതീവ സംവേദനക്ഷമതയുള്ള ഈ മൃഗങ്ങൾ തങ്ങളുടെ പുതിയ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടുകയും അവിടെ സ്വന്തം കാലിൽ നിലയുറപ്പിക്കുകയും വന്യജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്യുന്നുവെന്നതിൻ്റെ   പ്രതീക്ഷാനിർഭരമായ സൂചന കൂടിയാണ് ഓരോ ജനനവും. ചീറ്റകളുടെ അതിജീവനശേഷിയുടെയും  കുനോയുടെ ആവാസവ്യവസ്ഥ ഇവയ്ക്ക് കൂടുതൽ അനുയോജ്യമായിത്തീരുന്നതിൻ്റെയും തെളിവെന്നതിലുപരി, ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതി പുരോഗതിയുടെ പാതയിലാണെന്നും ഈ ജനനങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ചീറ്റകളുടെ ഒരു സുസ്ഥിരസംഖ്യ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിലെ സുപ്രധാന ഘട്ടമാണിത്. ഇന്ത്യൻ മണ്ണിൽ ജനിച്ച് വളരുന്ന പുതിയൊരു ചീറ്റത്തലമുറയുടെ ഉദയത്തിനും ഇവ സാക്ഷ്യം വഹിക്കുന്നു. ആഗോളതലത്തിൽ ചീറ്റകളുടെ നിലനിൽപ്പിനും ജനിതക വൈവിധ്യം സംരക്ഷിക്കുന്നതിനുമായി നടക്കുന്ന മെറ്റാപോപ്പുലേഷൻ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതു കൂടിയാണ് ഈ പുതിയ ജനനങ്ങൾ.

ഇതും വായിക്കൂ: ഗംഭീര തിരിച്ചുവരവ് –  ചീറ്റപ്പുലികളുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ്!

കുനോയിലെ പുതുതലമുറ

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ, വിന്ധ്യാചൽ പർവതനിരകളുടെ വടക്കൻ ചരിവുകളിലായി സ്ഥിതിചെയ്യുന്ന കുനോ നാഷണൽ പാർക്ക്, ഇന്ത്യയുടെ ചീറ്റപ്പുലി പുനരധിവാസ പദ്ധതിയുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. അടുത്തിടെ പാർക്കിൽ തുടർച്ചയായി രണ്ട് പ്രസവങ്ങൾ നടക്കുകയും ഒമ്പത് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറക്കുകയും ചെയ്തു.  

2026 ഒക്ടോബർ 5-നായിരുന്നു ആദ്യപ്രസവം. ഇന്ത്യയിൽ ജനിച്ച 32 മാസം പ്രായമുള്ള KJP21 എന്ന പെൺ ചീറ്റ അഞ്ച് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മുഖിക്കും KGP12-നും ശേഷം, ഇന്ത്യയിൽ ജനിച്ച് ഇവിടെത്തന്നെ പ്രജനനം നടത്തിയ മൂന്നാമത്തെ പെൺ ചീറ്റ എന്ന നേട്ടവും ഇതോടെ KJP21 സ്വന്തമാക്കി. ബോട്സ്വാനയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ഒരു ആൺ ചീറ്റയാണ് കുഞ്ഞുങ്ങളുടെ പിതാവ്. ഇതോടെ, ബോട്സ്വാനയിൽ നിന്നുള്ള ജനിതക പാരമ്പര്യം ഇന്ത്യയിൽ ജനിച്ച ചീറ്റകളുടെ പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.  

ഇന്ത്യയിൽ ചീറ്റകളെ പുനരവതരിപ്പിക്കുന്നതിനുള്ള ദേശീയ കർമ്മപദ്ധതിയുടെ  പശ്ചാത്തലത്തിൽ ഈ നേട്ടത്തിന് ഏറെ പ്രാധാന്യമുണ്ട്. ചീറ്റകളെ പുനരവതരിപ്പിച്ച ആവാസവ്യവസ്ഥകളിൽ അവയുടെ സ്ഥിരമായ സാന്നിധ്യവും സ്വാഭാവിക നിലനിൽപ്പും ഉറപ്പാക്കുന്നതിന്, ഇന്ത്യയിൽ ജനിച്ച ആദ്യ തലമുറയിലെ (F1 തലമുറ) ചീറ്റകൾ വിജയകരമായി പ്രജനനം നടത്തുക എന്നത് നിർണായകമായ നാഴികക്കല്ലാണെന്ന് കർമ്മപദ്ധതി വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ, KJP21- ൻ്റെ   പ്രജനനം പദ്ധതിയുടെ ലക്ഷ്യസാക്ഷാത്കാരത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്.  

2026 നവംബർ 20-ന് കുനോ നാഷണൽ പാർക്കിൽ രണ്ടാമത്തെ പ്രസവവും നടന്നു. ബോട്സ്വാനയിൽ നിന്ന് ഇന്ത്യയിലെത്തിച്ച 30 മാസം പ്രായമുള്ള 'KOMG 3' എന്ന പെൺ ചീറ്റ നാല് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ബോട്സ്വാനയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന പെൺ ചീറ്റകളിൽ, രാജ്യത്ത് വെച്ച് ആദ്യമായി കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന ചീറ്റ എന്ന പ്രത്യേകതയും KOMG 3-നുണ്ട്. വനത്തിൽ നാല് മാസത്തിലേറെ സ്വതന്ത്രമായി കഴിഞ്ഞ ശേഷമാണ് അവൾ സ്വാഭാവിക സാഹചര്യത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 2022-ൽ ഇന്ത്യയുടെ ചീറ്റപ്പുലി പുനരവതരണ പദ്ധതി ആരംഭിച്ചതിനുശേഷം, വനത്തിൽ സ്വാഭാവികമായി ഒരു പ്രസവം നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. അതായത്, ചീറ്റകളെ തുറന്നുവിടുന്ന പ്രത്യേക സംരക്ഷിത മേഖലകൾക്കും വേലികെട്ടിയ ചുറ്റുപാടുകൾക്കും പുറത്തുവെച്ച് നടക്കുന്ന രണ്ടാമത്തെ പ്രസവം. വനത്തിൽ ചീറ്റകൾ വിജയകരമായി പ്രജനനം നടത്തുന്നത്, പദ്ധതിയുടെ ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനായി ദേശീയ കർമ്മപദ്ധതിയിൽ  നിർണയിച്ചിട്ടുള്ള സുപ്രധാന മാനദണ്ഡങ്ങളിലൊന്നാണ്. ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന ചീറ്റകളുടെ ജനിതക വൈവിധ്യവും നിലനിൽപ്പും ഉറപ്പാക്കുന്നതിനായി രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തോടെ നടപ്പാക്കുന്ന ആഗോള 'മെറ്റാപോപ്പുലേഷൻ' (Metapopulation) സംരംഭങ്ങൾക്കും ഈ സംഭവം ഏറെ പ്രാധാന്യമർഹിക്കുന്നു.

നവംബറിൽ ജനിച്ച ഒമ്പത് കുഞ്ഞുങ്ങളോടെ ഇന്ത്യയിലെ ചീറ്റകളുടെ ആകെ എണ്ണം 62 ആയി ഉയർന്നു. ഇതിൽ 43 ചീറ്റകളും ഇന്ത്യയിൽ ജനിച്ചവയാണ്. രാജ്യത്തുള്ള ആകെ ചീറ്റകളിൽ ഏകദേശം 70 ശതമാനവും ഇന്ത്യയിൽ പിറന്നവയാണെന്നത് ശ്രദ്ധേയമാണ്. ചീറ്റകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ രാജ്യത്തിനകത്ത് നടക്കുന്ന സ്വാഭാവിക പ്രജനനത്തിൻ്റെ   പങ്ക് ക്രമേണ വർധിച്ചുവരുന്നുവെന്നതിൻ്റെ   വ്യക്തമായ സൂചനയാണിത്. അടുത്തിടെ നടന്ന രണ്ട് പ്രസവങ്ങളിലായി ഒമ്പത് കുഞ്ഞുങ്ങൾ കൂടി ഇന്ത്യൻ ചീറ്റക്കൂട്ടത്തിൻ്റെ   ഭാഗമായി. എന്നാൽ, ഈ കുഞ്ഞുങ്ങളുടെ അതിജീവനം ഉറപ്പാക്കുന്നതും ഭാവിയിൽ അവ വിജയകരമായി പ്രജനനം നടത്തുന്നതും പദ്ധതിയുടെ ദീർഘകാല വിജയവും സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയും വിലയിരുത്തുന്നതിൽ നിർണായകമായിരിക്കും.

പുനരവതരണത്തിൽ നിന്ന് സ്വാഭാവിക പ്രജനനത്തിലേക്ക്

നമ്മുടെ ചീറ്റകൾ എവിടെപ്പോയി?


1952-ലാണ് ഇന്ത്യയിൽ ചീറ്റകൾ വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാജ്യത്തെ വനങ്ങളിൽ ചീറ്റകളെ അവസാനമായി കണ്ടതായി സ്ഥിരീകരിച്ചിരിക്കുന്നത് 1947-ലാണ്. ഇന്നത്തെ ഛത്തീസ്ഗഡിലെ കോറിയ ജില്ലയിലുള്ള 'സാൽ' (Sal) വനങ്ങളിലായിരുന്നു അത്. 1947 ഡിസംബറിൽ ഈ വനമേഖലയിൽ വെച്ച് ഇന്ത്യയിലെ അവസാനത്തെ മൂന്ന് ഏഷ്യൻ ചീറ്റകളെയും വെടിവെച്ചു കൊന്നു. ഇതോടെ, വടക്ക് പഞ്ചാബ് മുതൽ തെക്ക് തിരുനെൽവേലി വരെ വ്യാപിച്ചുകിടന്നിരുന്ന ചീറ്റകളുടെ സാന്നിധ്യം ഇന്ത്യയിൽ പൂർണമായും ഇല്ലാതായി. അമിതമായ വേട്ടയാടൽ, നിയമവിരുദ്ധമായ വേട്ട, മറ്റ് വന്യമൃഗങ്ങളെ വേട്ടയാടുന്നതിനായി ചീറ്റകളെ ഉപയോഗിച്ചിരുന്ന രീതി എന്നിവയാണ് ഇന്ത്യയിലെ തനത് ഏഷ്യൻ ചീറ്റകളുടെ വംശനാശത്തിന് പ്രധാനമായും കാരണമായത്. ഇതിന് പുറമേ, കൃഷിക്കായി വനഭൂമികൾ വ്യാപകമായി പരിവർത്തനം ചെയ്തതോടെ ആവാസവ്യവസ്ഥയുടെ നാശവും ഇരകളുടെ ലഭ്യതക്കുറവും രൂക്ഷമായി. കാലാവസ്ഥാ വ്യതിയാനം, കുറഞ്ഞ പ്രത്യുത്പാദന നിരക്ക്, പരിമിതമായ ജനിതക വൈവിധ്യം എന്നിവയും ചീറ്റകളുടെ നിലനിൽപ്പിന് വെല്ലുവിളിയായി. ഈ ഘടകങ്ങളെല്ലാം ചേർന്നാണ് ഇന്ത്യയിൽ ചീറ്റകളുടെ വംശനാശത്തിന് ആക്കം കൂട്ടിയത്. ഈ ചരിത്രപരമായ നഷ്ടം നികത്തുന്നതിനും രാജ്യത്ത് ചീറ്റകളുടെ സാന്നിധ്യം പുനഃസ്ഥാപിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് 'പ്രോജക്റ്റ് ചീറ്റ'. വംശനാശം സംഭവിച്ച ഒരു വലിയ മാംസഭോജിയായ ജീവിവർഗത്തെ മറ്റൊരു ഭൂഖണ്ഡത്തിൽ നിന്ന് കൊണ്ടുവന്ന് ചരിത്രപരമായ ആവാസവ്യവസ്ഥയിൽ പുനരവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യപദ്ധതിയെന്ന നിലയിൽ ഇതിന് സവിശേഷമായ പ്രാധാന്യമുണ്ട്.

2022 സെപ്റ്റംബർ 17-ന് കുനോ നാഷണൽ പാർക്കിൽ നടന്ന ചരിത്രപ്രധാനമായ ഒരു ചടങ്ങോടെയാണ് 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ഇന്ത്യയിൽ ചീറ്റകളുടെ തിരിച്ചുവരവിന് തുടക്കമായത്. അന്ന് നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റകളെ പ്രധാനമന്ത്രി കുനോ നാഷണൽ പാർക്കിലെ ക്വാറൻ്റൈൻ എൻക്ലോഷറുകളിലേക്ക് തുറന്നുവിട്ടു. തുടർന്ന്, 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെക്കൂടി എത്തിച്ചതോടെ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെത്തിച്ച ചീറ്റകളുടെ എണ്ണം 20 ആയി. ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് വംശനാശം സംഭവിച്ച ഒരു ജീവിവർഗത്തെ പുനരവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമെന്ന നിലയിൽ 'പ്രോജക്റ്റ് ചീറ്റ' സവിശേഷ പ്രാധാന്യം അർഹിക്കുന്നു. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റി (National Tiger Conservation Authority – NTCA) മുഖേനയാണ് പ്രോജക്റ്റ് ചീറ്റ നടപ്പാക്കുന്നത്. തുറന്ന വനങ്ങളിലെയും പുൽമേടുകളിലെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഒരു ജീവിവർഗമായി ചീറ്റയെ അതിൻ്റെ   സ്വാഭാവിക ആവാസവ്യവസ്ഥയിൽ പുനഃസ്ഥാപിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2026 ഫെബ്രുവരി 28-ന് ബോട്സ്വാനയിൽ നിന്ന് ഒമ്പത് ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചതോടെ 'പ്രോജക്റ്റ് ചീറ്റ' വിപുലീകരിക്കപ്പെട്ടു. ആറ് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളും ഉൾപ്പെടുന്ന ഈ സംഘത്തെ കുനോ നാഷണൽ പാർക്കിലെ ക്വാറൻ്റൈൻ എൻക്ലോഷറുകളിലേക്ക് മാറ്റി. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിൽ ചീറ്റകളുടെ സുസ്ഥിരമായ ഒരു സംഖ്യ രൂപപ്പെടുത്തുന്നതിന്, ഓരോ പുതിയ ഉറവിട രാജ്യത്തുനിന്നും ചീറ്റകളെ എത്തിക്കുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. ഓരോ പുതിയ ഉറവിട രാജ്യത്തുനിന്നും എത്തിക്കുന്ന ചീറ്റകൾ ജനിതക വൈവിധ്യം വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.

സ്വാഭാവിക പ്രജനനത്തിലൂടെ വളരുന്ന ചീറ്റപ്പുലികളുടെ സംഖ്യ

മറ്റൊരു പ്രദേശത്തുനിന്ന് കൊണ്ടുവരുന്ന ജീവികൾ പുതിയ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടുകയും അവിടെ സ്വാഭാവികമായി പ്രജനനം നടത്തി തങ്ങളുടെ വംശം നിലനിർത്തുകയും ചെയ്യുമ്പോഴാണ് പുനരവതരണ ശ്രമം യഥാർഥത്തിൽ വിജയിക്കുന്നതെന്ന് പറയാനാകുക. ഈ വീക്ഷണത്തിൽ, ഇന്ത്യയിലെ ചീറ്റപ്പുലികളുടെ എണ്ണം വർധിച്ചുവരുന്നത് രാജ്യത്തിനകത്ത് നടക്കുന്ന സ്വാഭാവിക പ്രജനനത്തിലൂടെയാണെന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

ഇന്ത്യയിൽ ജനിച്ച ചീറ്റപ്പുലികളുടെ തുടർപ്രജനനം ഈ വളർച്ചയുടെ നിർണായക ഘടകമായി മാറിയിരിക്കുകയാണ്. 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റയായ 'മുഖി' 2025 നവംബറിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതോടെയാണ് ഈ നേട്ടത്തിന് തുടക്കമായത്. പിന്നാലെ, ഇന്ത്യയിൽ ജനിച്ച മറ്റ് രണ്ട് പെൺ ചീറ്റകളായ KGP12, KJP21 എന്നിവയും കുനോ നാഷണൽ പാർക്കിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇന്ത്യയിൽ ജനിച്ച ചീറ്റകൾക്ക് ഇവിടെത്തന്നെ വളർന്നുവലുതാകാനും പ്രായപൂർത്തിയാകുമ്പോൾ ഇണചേർന്ന് പ്രജനനം നടത്താനും അതുവഴി ഒരു സമ്പൂർണ പ്രത്യുത്പാദന ചക്രം പൂർത്തിയാക്കാനും കഴിയുന്നുവെന്നതിൻ്റെ   തെളിവാണ് ഈ സംഭവങ്ങൾ. ചീറ്റകളുടെ വ്യക്തിഗത അതിജീവനം ഉറപ്പാക്കുക എന്നതിലുപരി, ഇന്ത്യയിൽ സ്വാഭാവികമായി പ്രജനനം നടത്തി സ്വയം നിലനിൽക്കാൻ ശേഷിയുള്ള ഒരു ചീറ്റപ്പുലി സഞ്ചയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക പുരോഗതിയെയും ഇത് അടയാളപ്പെടുത്തുന്നു.

കൂടാതെ, ഓരോ പുതിയ പ്രജനന പരമ്പരയും ഏറെ പ്രാധാന്യമർഹിക്കുന്നു. കാരണം, വലിയ മാംസഭോജികളുടെ പുനരവതരണത്തിനായി തുടക്കത്തിൽ സജ്ജമാക്കുന്ന അടിസ്ഥാന സംഖ്യയിൽ (Founder population) പലപ്പോഴും ജനിതക വൈവിധ്യം പരിമിതമായിരിക്കും. നമീബിയ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ചീറ്റകളെ എത്തിക്കുന്നത്, ആസൂത്രിതമായി ഈ ജനിതക അടിത്തറ വിപുലീകരിക്കാൻ സഹായിക്കുന്നു. വിശാലമായ ജനിതക ശേഖരം (Gene pool) രൂപപ്പെടുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും വിജയകരമായ പ്രജനനം ഉറപ്പാക്കുന്നതിനും ഭാവിതലമുറകളുടെ ദീർഘകാല അതിജീവന സാധ്യത മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.  

മടങ്ങിവരവിന് പിന്നിലെ ശാസ്ത്രം

ആവാസവ്യവസ്ഥയുടെ അനുയോജ്യത, ഇരകളുടെ ലഭ്യത, മാനുഷിക ഇടപെടലുകളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് ചീറ്റപ്പുലികളുടെ പുനരവതരണത്തിനായി കുനോ നാഷണൽ പാർക്ക് തിരഞ്ഞെടുത്തത്. ഇതിനായി, 24 ഗ്രാമങ്ങളിലായി താമസിച്ചിരുന്ന 1,545 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയും വന്യജീവി സംരക്ഷണത്തിനായി ഏകദേശം 6,258 ഹെക്ടർ ഭൂമി ലഭ്യമാക്കുകയും ചെയ്തു. ഈ നടപടികൾ മാനുഷിക ഇടപെടലുകൾ മൂലമുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുന്നതിനും ചീറ്റപ്പുലികൾക്ക് സുരക്ഷിതവും അനുയോജ്യവുമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിനും സഹായകമായി. ഇതിനുപുറമേ, പുൽമേടുകളുടെ പുനഃസ്ഥാപനം, ഇരജീവികളുടെ എണ്ണം വർധിപ്പിക്കൽ, ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും തുടങ്ങിയ പരിസ്ഥിതി പരിപാലന പ്രവർത്തനങ്ങളും പദ്ധതിയുടെ വിജയസാധ്യത വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.



 

പ്രോജക്ട് ചീറ്റയുടെ പ്രവർത്തനങ്ങൾ ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) നിർദേശിച്ചിട്ടുള്ള സംരക്ഷണ ട്രാൻസ്‌ലോക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് നടപ്പിലാക്കുന്നത്. ഇന്ത്യയിൽ ചീറ്റകളെ പുനരവതരിപ്പിക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII), നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA), മധ്യപ്രദേശ് വനംവകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് തയ്യാറാക്കിയത്. സാറ്റലൈറ്റ് കോളറുകൾ, ക്യാമറ ട്രാപ്പുകൾ, ഫീൽഡ് നിരീക്ഷണങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് മോണിറ്ററിംഗ് നടത്തുന്നത്. കൂടാതെ, നിശ്ചിത ട്രാൻസ്‌സെക്റ്റുകളിലൂടെയുള്ള ദൂര സാമ്പിളിംഗ് മുഖേന ഇരജീവികളുടെ സമൃദ്ധി കണക്കാക്കുകയും ആവാസവ്യവസ്ഥയുടെ ഗുണനിലവാരം വിലയിരുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം, വെറ്ററിനറി വിദഗ്ധരുടെ നേതൃത്വത്തിൽ ചീറ്റകളുടെ ആരോഗ്യം, ശാരീരികാവസ്ഥ, പരിക്കുകൾ, പ്രത്യുത്പാദന നില എന്നിവയും കൃത്യമായി നിരീക്ഷിക്കുന്നു.  

ചീറ്റപ്പുലികളെ തുറസ്സും വിശാലവുമായ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുന്നതിന് മുൻപ്, നിയന്ത്രിതമായ പ്രകൃതിദത്ത മേഖലകളിൽ (Closed Natural Areas) പാർപ്പിക്കുന്ന രീതിയാണ് പ്രോജക്ട് ചീറ്റയിൽ പിന്തുടരുന്നത്. ഘട്ടംഘട്ടമായുള്ള ഈ രീതി (Soft-release Method), ഓരോ ചീറ്റപ്പുലിക്കും അവിടുത്തെ ഭൂപ്രകൃതി, ഇരജീവികളുടെ ലഭ്യത, കാലാവസ്ഥ എന്നിവയുമായി ക്രമേണ പൊരുത്തപ്പെടാൻ അവസരമൊരുക്കുന്നു. കുനോയിലെ സാഹചര്യങ്ങളിൽ ചീറ്റപ്പുലികൾ വിജയകരമായി പ്രജനനം നടത്തുന്നത്, പുതിയ ആവാസവ്യവസ്ഥയുമായി അവയ്ക്ക് പൊരുത്തപ്പെടാൻ കഴിയുന്നുവെന്നതിൻ്റെ   സുപ്രധാന സൂചനയാണ്. എന്നാൽ, പ്രജനനം നടക്കുന്നു എന്നതുകൊണ്ടുമാത്രം ഒരു വന്യജീവി സമൂഹത്തിന് സ്വയം നിലനിൽക്കാൻ കഴിയുമെന്ന് ഉറപ്പിക്കാനാവില്ല. സ്വാഭാവികമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ അതിജീവനമാണ് പദ്ധതിയുടെ വിജയവും പുരോഗതിയും വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്. ദേശീയ കർമ്മപദ്ധതിയിൽ ഒരു വയസ്സ് പിന്നിടുന്ന കുഞ്ഞുങ്ങളുടെ അതിജീവനത്തെ നിർണായകമായ നാഴികക്കല്ലായാണ് കണക്കാക്കുന്നത്. അതിനാൽ, ഈ ഘട്ടത്തിൽ ചീറ്റക്കുഞ്ഞുങ്ങളുടെ അതിജീവനനിരക്ക്, ആരോഗ്യസ്ഥിതി, വളർച്ച എന്നിവ തുടർച്ചയായി നിരീക്ഷിക്കുന്നത് അവയുടെ നിലനിൽപ്പും പദ്ധതിയുടെ ദീർഘകാല വിജയസാധ്യതയും വിലയിരുത്തുന്നതിൽ നിർണായകമാണ്.

പുൽമേടുകൾ, ഇരകൾ, പ്രാദേശിക സമൂഹങ്ങൾ

'പ്രോജക്ട് ചീറ്റ' പദ്ധതിയിൽ, വിശാലമായ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഒരു 'ഫ്ലാഗ്ഷിപ്പ്' ഇനമായും മറ്റ് ജീവിവർഗങ്ങളുടെ സംരക്ഷണത്തിന് പരോക്ഷമായി സഹായിക്കുന്ന 'അംബ്രല്ല' ഇനമായുമാണ് ചീറ്റയെ പരിഗണിക്കുന്നത്. ചീറ്റകളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പാക്കുന്നതിന് തുറസ്സായ വനങ്ങൾ, പുൽമേടുകൾ, വരണ്ട പ്രദേശങ്ങൾ എന്നിവയുടെ പുനഃസ്ഥാപനവും പരിപാലനവും അനിവാര്യമാണ്. ഇത്തരം ആവാസവ്യവസ്ഥകൾ പുള്ളിമാൻ, മ്ലാവ്, നീലക്കാള, ചിങ്കാരമാൻ, ഉല്ലമാൻ, കൃഷ്ണമൃഗം തുടങ്ങിയ കുളമ്പുള്ള വന്യമൃഗങ്ങൾക്കും അനുയോജ്യമായ ജീവിതസാഹചര്യങ്ങൾ ഒരുക്കുന്നു. ഇവയിൽ  പുള്ളിമാനുകളാണ് കുനോയിലെ ചീറ്റകളുടെ പ്രധാന ഇര. ചീറ്റകൾ വേട്ടയാടുന്ന മൃഗങ്ങളിൽ ഏകദേശം മുക്കാൽ ഭാഗവും പുള്ളിമാനുകളാണെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, പുൽമേടുകളുടെ പുനഃസ്ഥാപനം ചീറ്റകൾക്ക് ആവശ്യമായ ഇരകളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ജൈവവൈവിധ്യ സംരക്ഷണത്തിനും സഹായിക്കുന്നു. കൂടാതെ, ഇത്തരം പ്രവർത്തനങ്ങൾ മണ്ണൊലിപ്പ് തടയുക, മണ്ണിൻ്റെ   സ്ഥിരത വർധിപ്പിക്കുക, ജലസംഭരണശേഷി മെച്ചപ്പെടുത്തുക, കാർബൺ സംഭരണം വർധിപ്പിക്കുക തുടങ്ങിയ പാരിസ്ഥിതിക നേട്ടങ്ങൾക്കും വഴിയൊരുക്കുന്നു.

കുനോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ഈ സംരക്ഷണ പ്രവർത്തനങ്ങളിൽ കേവലം കാഴ്ചക്കാരല്ല, മറിച്ച് പങ്കാളികളാണ്. പാർക്കിന് സമീപമുള്ള 80 ഗ്രാമങ്ങളിലായി 450-ലധികം 'ചീറ്റ മിത്രങ്ങൾ'  പ്രാദേശിക പ്രതിനിധികളായി പ്രവർത്തിക്കുന്നു. നിരീക്ഷകർ, പട്രോളിംഗ് ജീവനക്കാർ, പരിശീലനം ലഭിച്ച ഗൈഡുകൾ എന്നിവരുൾപ്പെടെ ഏകദേശം 380 പേർക്ക് ഈ പദ്ധതിയിലൂടെ നേരിട്ട് തൊഴിലവസരങ്ങൾ ലഭിച്ചു. കുനോയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾക്ക് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിൽ നിന്നുള്ള വരുമാനത്തിൻ്റെ   അഞ്ച് ശതമാനം വിഹിതവും ലഭിക്കുന്നു. നൂറിലധികം ഗ്രാമങ്ങളിൽ റോഡുകൾ, ചെക്ക് ഡാമുകൾ, ശുചിത്വ സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. പ്രാദേശിക സമൂഹങ്ങൾ തങ്ങളുടെ പങ്കാളിത്തത്തിലൂടെ ഉണ്ടാകുന്ന നേട്ടങ്ങളുടെ ഗുണഭോക്താക്കളാകുമ്പോൾ സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലം കൂടുതൽ സുസ്ഥിരമായിത്തീരുന്നു.

മുന്നോട്ടുള്ള പ്രയാണം

2032-ഓടെ, സ്വയം നിലനിൽക്കാൻ ശേഷിയുള്ള 60 മുതൽ 70 വരെ ചീറ്റപ്പുലികളടങ്ങുന്ന ഒരു മെറ്റാപോപ്പുലേഷൻ രൂപപ്പെടുത്തുക എന്നതാണ് ദീർഘകാല ലക്ഷ്യം. കുനോ, ഗാന്ധി സാഗർ മേഖലകളിലായി ഏകദേശം 17,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഈ ചീറ്റപ്പുലികളെ വിന്യസിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതം ഈ പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ കേന്ദ്രമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 'പ്രഭാഷ്', 'പാവക്' എന്ന് പേരുള്ള ആദ്യത്തെ രണ്ട് ചീറ്റപ്പുലികളെ 2025 ഏപ്രിലിൽ കുനോ നാഷണൽ പാർക്കിൽ നിന്ന് ഇവിടേക്ക് മാറ്റി. തുടർന്ന്, രണ്ട് പെൺ ചീറ്റപ്പുലികളെയും ഈ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുവന്നു.

ഗാന്ധി സാഗറിൽ ഇരകളുടെ ലഭ്യത ഉറപ്പാക്കൽ, ആവാസവ്യവസ്ഥ ഒരുക്കൽ, ഘട്ടം ഘട്ടമായി മൃഗങ്ങളെ തുറന്നുവിടൽ എന്നിവയ്ക്കായി പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ ജീവിവർഗ്ഗം ഒരൊറ്റ സംരക്ഷിത മേഖലയിൽ മാത്രമായി ഒതുങ്ങിപ്പോകാതിരിക്കാൻ, മറ്റ് അനുയോജ്യമായ ആവാസവ്യവസ്ഥകളും പരിശോധിച്ചുവരുന്നു.

ചീറ്റകളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്, മധ്യപ്രദേശിലെ കൂടുതൽ വിശാലമായ പ്രദേശങ്ങളിലേക്ക് അവയെ എത്തിക്കാനുള്ള നടപടികളും ഈ പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്നു. 2026 ഒക്ടോബറിൽ, സാഗർ ജില്ലയിലുള്ള വീരാംഗന ദുർഗാവതി ടൈഗർ റിസർവ് സംസ്ഥാനത്തെ മൂന്നാമത്തെ ചീറ്റാ ആവാസവ്യവസ്ഥയായി മാറി. കുനോ നാഷണൽ പാർക്കിൽ നിന്നുള്ള രണ്ട് ചീറ്റകളെ മധ്യപ്രദേശ് മുഖ്യമന്ത്രി ഇവിടെ തുറന്നുവിട്ടു.

നിലവിലുള്ള 62 ചീറ്റകൾ എന്നത്, പദ്ധതി ലക്ഷ്യമിട്ട സംഖ്യയുടെ ഏറ്റവും കുറഞ്ഞ പരിധിയിലാണ് എത്തിനിൽക്കുന്നത്. ഇതിൽ വളരെ ചെറിയ കുഞ്ഞുങ്ങളും ഉൾപ്പെടുന്നു; അവയുടെ അതിജീവനം ഉറപ്പിച്ചു പറയാനാവില്ല. അതിനാൽ, അടുത്തിടെ ജനിച്ച ഒമ്പത് കുഞ്ഞുങ്ങൾ ഒരു അന്തിമ വിജയസൂചനയമല്ല, മറിച്ച് പ്രതീക്ഷ നൽകുന്ന ഒരു നാഴികക്കല്ല് മാത്രമാണ്. അവയുടെ അതിജീവനവും, കാലക്രമേണ അവയുടെ പ്രജനനശേഷിയും ആയിരിക്കും വിജയത്തിൻ്റെ   യഥാർത്ഥ അളവുകോലുകൾ. ഓരോ പുതിയ തലമുറയും, വനത്തിൽ സ്വയം നിലനിൽക്കാൻ ശേഷിയുള്ള ഒരു ചീറ്റാ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലേക്ക് ഇന്ത്യയെ കൂടുതൽ അടുപ്പിക്കുന്നു.

സൂചനകൾ 

 

Ministry of Environment, Forest and Climate Change

MyGov

National Tiger Conservation Authority

District Administration, Sheopur

PrasarBharati News Services 

 

Click to see pdf

***

 

(Features ID: 160917) आगंतुक पटल : 35
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali