• Sitemap
  • Advance Search
Technology

ഇലക്ട്രോണിക്സ് ഘടക നി‍ർമ്മാണ പദ്ധതി

प्रविष्टि तिथि: 17 SEP 2026 12:51 AM

ഇന്ത്യയുടെ ഇലക്ട്രോണിക്സ് അടിത്തറ കെട്ടിപ്പടുക്കുന്നു

 

ഇലക്ട്രോണിക്സ് വിതരണ ശൃംഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ ECMS

ആധുനിക സമ്പദ്‌വ്യവസ്ഥയുടെയും ദൈനംദിന ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായി ഇലക്ട്രോണിക്സ് മാറിയിരിക്കുന്നു. വാർത്താവിനിമയം, ആരോഗ്യം, ഗതാഗതം, ധനകാര്യം, ഉത്പാദനം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് അവ കരുത്ത് പകരുന്നു. സ്മാർട്ട്‌ഫോണുകളും മോട്ടോർ വാഹനങ്ങളും മുതൽ ടെലികോം നെറ്റ്‌വർക്കുകളും വ്യവസായ സംവിധാനങ്ങളും വരെ സാങ്കേതിക മുന്നേറ്റത്തിനും സാമ്പത്തിക മത്സരശേഷിക്കും ചുക്കാൻ പിടിക്കുന്നത് ഇലക്ട്രോണിക്സാണ്. അതിനാൽ ശക്തമായ ഒരു ആഭ്യന്തര ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥ സാങ്കേതിക പ്രതിരോധശേഷിക്കും സാമ്പത്തിക ഭദ്രതയ്ക്കും ദേശീയ സ്വയംപര്യാപ്തതയ്ക്കും അത്യന്താപേക്ഷിതമാണ്.  

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉത്പാദന മേഖല ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഇലക്ട്രോണിക്സ് ഉത്പാദനം 2014-15-ലെ ₹1.9 ലക്ഷം കോടിയിൽ നിന്ന് 2025-26-ൽ ₹13.11 ലക്ഷം കോടിയായി ഉയർന്നു. ഇതേ കാലയളവിൽ ഇലക്ട്രോണിക്സ് കയറ്റുമതി ₹38,000+ കോടിയിൽ നിന്ന് ₹4.24 ലക്ഷം കോടിയായി വർധിച്ചു. ഈ സുസ്ഥിര വളർച്ച ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉത്പാദന ലക്ഷ്യങ്ങൾക്ക് ശക്തമായ അടിത്തറയിട്ടു. ആഭ്യന്തര ഘടകഭാഗ നിർമ്മാണം, ഉയർന്ന മൂല്യവർധനവ്, ശക്തമായ സപ്ലൈ-ചെയിൻ പ്രതിരോധശേഷി എന്നിവയിലൂടെ ഈ ആവാസവ്യവസ്ഥയെ കൂടുതൽ വിപുലീകരിക്കുക എന്നതാണ് അടുത്ത മുൻഗണന.  

ഈ മാറ്റത്തിന് ചുക്കാൻ പിടിക്കാൻ വേണ്ടിയാണ് ഇലക്ട്രോണിക്സ് ഘടക നി‍ർമ്മാണ പദ്ധതി (ECMS) രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനപ്പെട്ട പല ഘടകഭാഗങ്ങളും വസ്തുക്കളും ഇപ്പോഴും ഇറക്കുമതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ, ക്യാമറ-ഡിസ്‌പ്ലേ മോഡ്യൂളുകൾ, കണക്ടറുകൾ, കപ്പാസിറ്ററുകൾ, ലിഥിയം-അയോൺ സെല്ലുകൾ, അപൂർവ്വ ഭൗമ കാന്തങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഘടകഭാഗങ്ങൾ, സബ്-അസംബ്ലികൾ, സപ്ലൈ-ചെയിൻ ഉത്പന്നങ്ങൾ, അനുബന്ധ മൂലധന സാമഗ്രികൾ എന്നിവയിലുടനീളം ആഭ്യന്തര ഉത്പാദനത്തിന് ECMS പിന്തുണ നൽകുന്നു. ആഭ്യന്തര മൂല്യവർധനവ് വർധിപ്പിക്കാനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ഇത് ലക്ഷ്യമിടുന്നു. ഇന്ത്യയുടെ ഇലക്ട്രോണിക്സ് സപ്ലൈ ചെയിനിലുടനീളം പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇലക്ട്രോണിക്സ് മൂല്യശൃംഖലയ്ക്കുള്ളിൽ കൂടുതൽ ശേഷി വർധിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ നിർമ്മാണ മുന്നേറ്റത്തെ സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ ഒരു ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥയാക്കി മാറ്റാൻ ECMS ലക്ഷ്യമിടുന്നു.

സെമികോൺ 2026: ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു

ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുടെ കേന്ദ്രഭാഗമാണ് സെമികണ്ടക്ടറുകൾ. സാങ്കേതിക പ്രതിരോധശേഷിക്കും സാമ്പത്തിക ഭദ്രതയ്ക്കും ദേശീയ സ്വയംപര്യാപ്തതയ്ക്കും ശക്തമായ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നത് അത്യന്താപേക്ഷിതമാണ്. ഈ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് നയപിന്തുണ, അടിസ്ഥാന സൗകര്യങ്ങൾ, ആഗോള പങ്കാളിത്തങ്ങൾ എന്നിവയിലൂടെ കേന്ദ്ര ഗവൺമെന്റ് സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി 2026 സെപ്റ്റംബർ 17-ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ വെച്ച് "സിലിക്കൺ ടു സിസ്റ്റംസ്: ബിൽഡിംഗ് ദി ഇക്കോസിസ്റ്റം" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെമികോൺ ഇന്ത്യ 2026 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2026 സെപ്റ്റംബർ 17 മുതൽ 19 വരെ നടക്കുന്ന സെമികോൺ 2026 ആഗോള വ്യവസായ പ്രമുഖരെയും നയരൂപീകരണ വിദഗ്ധരെയും നിക്ഷേപകരെയും അക്കാദമിക രംഗത്തുള്ളവരെയും സ്റ്റാർട്ടപ്പുകളെയും ഒരുമിച്ച് കൊണ്ടുവരുന്നു. ഇന്ത്യയുടെ സെമികണ്ടക്ടർ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും മുഴുവൻ മൂല്യശൃംഖലയിലുടനീളമുള്ള ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഇത് ഒരു വേദി നൽകുന്നു. അജണ്ടയെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ECMS ഇതുവരെയുള്ള പുരോഗതി: നയത്തിൽ നിന്ന് ഉത്പാദനത്തിലേക്ക്

ഇലക്ട്രോണിക്സ് ഘടക നി‍ർമ്മാണ പദ്ധതി കേവലം കൂട്ടിച്ചേർക്കലുകൾക്കപ്പുറം പ്രധാന ഘടകഭാഗങ്ങളുടെയും അവശ്യ അസംസ്കൃത വസ്തുക്കളുടെയും ആഭ്യന്തര നിർമ്മാണത്തിലേക്ക് മാറിക്കൊണ്ട് ശക്തവും ആഴത്തിൽ വേരൂന്നിയതുമായ ഒരു സ്വദേശി ഇലക്ട്രോണിക്സ് മൂല്യശൃംഖലയുടെ വികസനം വേഗത്തിലാക്കുന്നു.

  • 2025 ഏപ്രിൽ 8-ന് ECMS വിജ്ഞാപനം ചെയ്തു. ₹22,919 കോടി പ്രാരംഭ വിഹിതത്തോടെയാണ് ഇത് ആരംഭിച്ചത്.
  • ഈ പദ്ധതിക്ക് ഒരു വർഷത്തെ ഓപ്ഷണൽ നിർമ്മാണ പ്രാരംഭ കാലയളവോടെ ആറുവർഷത്തെ കാലാവധിയുണ്ട്.
  • ക്യാപെക്സ് ഇൻസെന്റീവ് അഞ്ചുവർഷത്തേക്ക് ലഭ്യമാണ്.
  • 2026-27-ലെ കേന്ദ്ര ബജറ്റ് ECMS വിഹിതം ₹40,000 കോടിയായി ഉയർത്തി. വർധിപ്പിച്ച ഈ തുക ആഭ്യന്തര ഇലക്ട്രോണിക്സ് ഘടകഭാഗ നിർമ്മാണത്തെ കൂടുതൽ വിപുലീകരിക്കും.
  • 2026 ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് 15 സംസ്ഥാനങ്ങളിലായി 106 പദ്ധതികൾക്ക് അംഗീകാരം നൽകി.
  • ഈ പദ്ധതികൾ 30 ഇലക്ട്രോണിക് ഉത്പന്ന മേഖലകളെ ഉൾക്കൊള്ളുന്നു. കൂടാതെ ₹69,548 കോടിയുടെ അംഗീകൃത നിക്ഷേപവും ഇതിലുണ്ട്.

  • അംഗീകൃത 38 പ്ലാന്റുകളിൽ ഉത്പാദനം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. മറ്റ് 16 പദ്ധതികൾ നിർമ്മാണത്തിന്റെയോ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന്റെയോ അവസാന ഘട്ടങ്ങളിലാണ്.
  • അംഗീകൃത പദ്ധതികളിലൂടെ ₹5.34 ലക്ഷം കോടിയുടെ ഉത്പാദനം ഉണ്ടാകുമെന്ന് കണക്കാക്കുന്നു.
  • 74,628 നേരിട്ടുള്ള തൊഴിലവസരങ്ങളും 2.5 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ഇവ ലക്ഷ്യമിടുന്നു.
  • പ്രധാന ഇലക്ട്രോണിക്സ് ഘടകഭാഗങ്ങളിലും വസ്തുക്കളിലും ആഭ്യന്തര ശേഷി ECMS ശക്തിപ്പെടുത്തുന്നു. നിരവധി ഉത്പന്ന വിഭാഗങ്ങളിൽ ഉത്പാദന ശേഷി ഇപ്പോൾ ആഭ്യന്തര ആവശ്യത്തിന് ഒപ്പമെത്തുകയോ അതിനേക്കാൾ കൂടുകയോ ചെയ്യുന്നുണ്ട്.

ഇലക്ട്രോണിക്സ് ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ തന്ത്രപ്രധാന സംരംഭങ്ങൾ

  • നാഷണൽ പോളിസി ഓൺ ഇലക്ട്രോണിക്സ് 2019 (NPE 2019): ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗിന്റെ (ESDM) ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്ന പ്രധാന ലക്ഷ്യം നിശ്ചയിച്ചു. പ്രധാന ഘടകഭാഗങ്ങൾ വികസിപ്പിക്കുന്നതും ആഗോളതലത്തിൽ മത്സരശേഷിയുള്ള നിർമ്മാണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
  • വൻകിട ഇലക്ട്രോണിക്സ് നിർമ്മാണത്തിനായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി: നിശ്ചിത വിഭാഗങ്ങളിൽ അധികമായി നടത്തുന്ന വിൽപ്പനയ്ക്ക് 4%6% പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങൾ അവതരിപ്പിച്ചു. ആഭ്യന്തര ഇലക്ട്രോണിക്സ്, മൊബൈൽ നിർമ്മാണം എന്നിവ വിപുലീകരിക്കുന്നതിനാണ് ഇതിൽ മുൻഗണന നൽകുന്നത്.
  • സ്കീം ഫോർ പ്രൊമോഷൻ ഓഫ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രോണിക് കമ്പോണന്റ്സ് ആൻഡ് സെമികണ്ടക്ടേഴ്സ് (SPECS), മോഡിഫൈഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റേഴ്സ് (EMC 2.0): ഇലക്ട്രോണിക് ഘടകങ്ങൾ, സെമികണ്ടക്ടർ/ഡിസ്‌പ്ലേ ഫാബ്രിക്കേഷൻ, ATMP (അസംബ്ലി, ടെസ്റ്റിംഗ്, മാർക്കിംഗ്, പാക്കേജിംഗ്) യൂണിറ്റുകൾ, പ്രത്യേക സബ്-അസംബ്ലികൾ, മൂലധന സാമഗ്രികൾ എന്നിവയ്ക്ക് SPECS 25% മൂലധനച്ചെലവ് ആനുകൂല്യം നൽകി. ലോകോത്തര നിർമ്മാണ അടിസ്ഥാന സൗകര്യങ്ങൾ, പൊതു സൗകര്യങ്ങൾ, പ്ലഗ്-ആൻഡ്-പ്ലേ ശേഷി എന്നിവയ്ക്ക് EMC 2.0 പിന്തുണ നൽകി.
  • ഐടി ഹാർഡ്‌വെയറിനായുള്ള PLI: ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുമായി ഉത്പാദനാധിഷ്ഠിത ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഉത്പാദന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും വിശ്വസനീയമായ ഒരു ആഗോള സപ്ലൈ-ചെയിൻ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുമായി PLI 2.0 ഇതിന്റെ അടിത്തറയിൽ കൂടുതൽ വികസിക്കുന്നു.
  • സെമികോൺ ഇന്ത്യ പ്രോഗ്രാം: ₹76,000 കോടിയുടെ സെമികോൺ 1.0 പ്രോഗ്രാം കൂടുതൽ വിപുലമായ ഒരു സെമികണ്ടക്ടർ, ഡിസ്‌പ്ലേ നിർമ്മാണ ആവാസവ്യവസ്ഥ സൃഷ്ടിച്ചു. ഫാബുകൾ, പാക്കേജിംഗ്, ടെസ്റ്റിംഗ്, ഡിസൈൻ, അനുബന്ധ ശേഷികൾ എന്നിവയ്ക്കുള്ള പിന്തുണയോടെ ഇത് ഇലക്ട്രോണിക്സ് നിർമ്മാണത്തിന് അനുപൂരകമായി പ്രവർത്തിക്കുന്നു. ₹1,27,500 കോടി വിഹിതത്തോടെ 2026 ജൂലൈയിൽ സെമികോൺ 2.0 ന് അംഗീകാരം ലഭിച്ചു. ഇന്ത്യയെ ഒരു ആഗോള സെമികണ്ടക്ടർ കേന്ദ്രമാക്കി ഉയർത്തുകയാണ് ഇത് ലക്ഷ്യമിടുന്നത്.
  • ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റേഴ്സ് (EMC) പദ്ധതി: ഗ്രീൻഫീൽഡ് പദ്ധതികൾക്കായി ഓരോ 100 ഏക്കർ ഭൂമിക്കും പരമാവധി ₹50 കോടിക്ക് വിധേയമായി പദ്ധതിച്ചെലവിന്റെ 50% വരെ സാമ്പത്തിക സഹായം ഇത് വാഗ്ദാനം ചെയ്യുന്നു.
  • ഫേസ്ഡ് മാനുഫാക്ചറിംഗ് പ്രോഗ്രാം (PMP): സെല്ലുലാർ മൊബൈൽ ഫോണുകളിലും അവയുടെ പ്രധാന സബ്-അസംബ്ലികളിലും ആഭ്യന്തര മൂല്യവർധനവ് വർധിപ്പിക്കുന്നതിനായി ഘടനാപരമായതും താരിഫ് അധിഷ്ഠിതവുമായ ഒരു സമീപനം സ്ഥാപിക്കുന്നു.
  • ഇലക്ട്രോണിക്സ് ഡെവലപ്‌മെന്റ് ഫണ്ട് (EDF): ESDM, IT മേഖലകളിൽ റിസ്ക് ക്യാപിറ്റൽ (സാധ്യതാ നിക്ഷേപങ്ങൾ) ലഭ്യമാക്കുന്നതിനും വിപണി അധിഷ്ഠിത നവീനാശയം, ഉത്പന്ന രൂപകൽപ്പന, സ്റ്റാർട്ടപ്പ് വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി വെഞ്ചർ ഫണ്ടുകളിൽ (ഡോട്ടർ ഫണ്ടുകൾ) നിക്ഷേപം നടത്തുന്ന ഒരു 'ഫണ്ട് ഓഫ് ഫണ്ട്സ്' ആയി പ്രവർത്തിക്കുന്നു.

ഒരു ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രത്തിലേക്ക്

ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ ലക്ഷ്യങ്ങളെ നിക്ഷേപം, ഉത്പാദനം, തൊഴിലവസരം എന്നിവയാക്കി മാറ്റാൻ ഇലക്ട്രോണിക്സ് ഘടക നി‍ർമ്മാണ പദ്ധതി സഹായിക്കുന്നു. പദ്ധതികൾ അംഗീകാരങ്ങളിൽ നിന്ന് നിർമ്മാണത്തിലേക്കും വാണിജ്യ ഉത്പാദനത്തിലേക്കും കടക്കുമ്പോൾ ECMS രാജ്യത്തിന്റെ നിർമ്മാണ അടിത്തറ വിപുലീകരിക്കുകയും ആഭ്യന്തര മൂല്യവർധനവ് വർധിപ്പിക്കുകയും ആഗോള മൂല്യശൃംഖലകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇലക്ട്രോണിക്സ് കയറ്റുമതി ഇതിനകം ഒരു പ്രധാന കയറ്റുമതി വിഭാഗമായി ഉയർന്നുവന്ന സാഹചര്യത്തിൽ 2030-ഓടെ $500 ബില്യൺ (₹47.75 ലക്ഷം കോടി) ആഭ്യന്തര ഇലക്ട്രോണിക്സ് നിർമ്മാണ ആവാസവ്യവസ്ഥയും $150 ബില്യൺ (₹14.33 ലക്ഷം കോടി) ഇലക്ട്രോണിക്സ് കയറ്റുമതിയും ഇന്ത്യ ലക്ഷ്യമിടുന്നു. ഇത് ആഗോളതലത്തിൽ മത്സരശേഷിയുള്ള ഒരു ഇലക്ട്രോണിക്സ് നിർമ്മാണ-കയറ്റുമതി കേന്ദ്രമാകാനുള്ള ഇന്ത്യയുടെ അഭിലാഷത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

അവലംബം

 

Ministry of Electronics and Information Technology:

 

PIB Backgrounders

 

Cabinet

 

Ministry of Commerce & Industry

Electronics Components Manufacturing Scheme

***

SK

 

(तथ्य सामग्री आईडी: 151023) आगंतुक पटल : 2


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Bengali , Assamese