Security
സ്വയംപര്യാപ്തതയിലൂടെ ദേശീയ സുരക്ഷയ്ക്ക് കരുത്തേകുന്ന ഇന്ത്യയുടെ പ്രതിരോധ ശേഷി
प्रविष्टि तिथि:
14 AUG 2026 16:49 PM
ഇന്ത്യൻ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നു
കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയുടെ പ്രതിരോധ മേഖല അവിശ്വസനീയമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇത് കൂടുതൽ ശക്തവും സ്വയംപര്യാപ്തവും ആഗോളതലത്തിൽ വിശ്വസനീയവുമായ ഒരു ശക്തിയായി ഉയർന്നുവന്നിട്ടുണ്ട്. ആത്മനിർഭർ ഭാരതിന്റെ പാത പിന്തുടർന്ന് നടപ്പിലാക്കിയ നിരന്തര പരിഷ്കാരങ്ങളും നിക്ഷേപങ്ങളും തദ്ദേശീയ നവീനാശയങ്ങളും രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തി. തദ്ദേശീയ പ്രതിരോധ വ്യവസായ അടിത്തറയും ഗണ്യമായി വികസിച്ചു. 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സ്വന്തം പരമാധികാരം സംരക്ഷിക്കാനും ആഗോള സുരക്ഷയ്ക്ക് സംഭാവന നൽകാനുമുള്ള ഇന്ത്യയുടെ വളരുന്ന ആത്മവിശ്വാസത്തെയാണ് ഈ മാറ്റം പ്രതിഫലിപ്പിക്കുന്നത്.
സൈനിക ശേഷി ശക്തിപ്പെടുത്തുന്ന പ്രതിരോധ നിക്ഷേപം
- പ്രതിരോധ ബജറ്റിലെ 3.1 മടങ്ങ് വളർച്ച: പ്രതിരോധ ബജറ്റ് 2013–14-ലെ ₹2.53 ലക്ഷം കോടിയിൽ നിന്ന് 2026–27-ൽ ₹7.85 ലക്ഷം കോടിയായി ഉയർന്നു.
- മൂലധന ചെലവിലെ 2.3 മടങ്ങ് വളർച്ച: തുടർച്ചയായ ആധുനികവൽക്കരണം സാധ്യമാക്കിക്കൊണ്ട് മൂലധന ചെലവ് 2014–15-ലെ ₹94,587.95 കോടിയിൽ നിന്ന് 2026–27-ൽ ₹2.19 ലക്ഷം കോടിയായി വർധിച്ചു.

തദ്ദേശീയ പ്രതിരോധ ഉൽപ്പാദനത്തെ മുന്നോട്ട് നയിക്കുന്ന നിക്ഷേപം
- 2025–26-ൽ പ്രതിരോധ ഉൽപ്പാദനം എക്കാലത്തെയും ഉയർന്ന റെക്കോർഡായ ₹1.78 ലക്ഷം കോടിയിലെത്തി.
- ആകെ ഉൽപ്പാദനത്തിന്റെ 76% പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും 24% സ്വകാര്യ മേഖലയിൽ നിന്നുമാണ്.

കയറ്റുമതി വിപുലീകരിക്കുന്ന തദ്ദേശീയ വ്യാവസായിക അടിത്തറ
- പ്രതിരോധ കയറ്റുമതിയിൽ 56 മടങ്ങ് വളർച്ച: കയറ്റുമതി 2013–14 സാമ്പത്തിക വർഷത്തിലെ ₹686 കോടിയിൽ നിന്ന് 2025–26 സാമ്പത്തിക വർഷത്തിൽ ₹38,424 കോടിയായി ഉയർന്നു.
- കയറ്റുമതി 80-ലധികം രാജ്യങ്ങളിലേക്ക് എത്തുകയും 12 വർഷത്തിനിടെ 5,500 ശതമാനത്തിലധികം വർധിക്കുകയും ചെയ്തു.
- 2025–26 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതിയുടെ 45.16% അഥവാ ₹17,353 കോടി സംഭാവന ചെയ്തത് സ്വകാര്യ മേഖലയാണ്, അതേസമയം പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങൾ (DPSUs) ₹21,071 കോടി അഥവാ 54.84% സംഭാവന ചെയ്തു.
- 2029-ഓടെ പ്രതിവർഷം 3 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപ്പാദനവും 50,000 കോടി രൂപയുടെ കയറ്റുമതിയുമാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്.

നവീനാശയം സാങ്കേതിക അടിത്തറയെ ശക്തിപ്പെടുത്തുന്നു
- പ്രതിരോധ ഗവേഷണ-വികസന (R&D) വിഹിതം 2014-15 ലെ ₹13,716.14 കോടിയിൽ നിന്ന് 2026-27 ൽ ₹29,100.25 കോടിയായി ഉയർന്നു, ഇത് 112% ത്തിലധികം വർധനവാണ്.
- 2022–23 മുതൽ പ്രതിരോധ ഗവേഷണ-വികസന ബജറ്റിന്റെ 25% വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും അക്കാദമിക് രംഗത്തിനും തുറന്നുകൊടുത്തു.
- 24 DRDO ലബോറട്ടറികളിലുടനീളമുള്ള പരിശോധനാ സൗകര്യങ്ങൾ പ്രതിരോധ മന്ത്രാലയം നിയന്ത്രിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഡിഫൻസ് ടെസ്റ്റിംഗ് പോർട്ടൽ (DTP) വഴി ലഭ്യമാണ്. തദ്ദേശീയ പ്രതിരോധ ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക ഗവണ്മെന്റ് പരിശോധനാ അടിസ്ഥാന സൗകര്യങ്ങളിലേക്ക് പണം നൽകിയുള്ള പ്രവേശനം അഭ്യർത്ഥിക്കാൻ ഈ പോർട്ടൽ തദ്ദേശീയ നിർമ്മാതാക്കളെയും സ്റ്റാർട്ടപ്പുകളെയും വ്യവസായങ്ങളെയും അനുവദിക്കുന്നു.
ഇന്ത്യയുടെ പ്രതിരോധ വ്യാവസായിക അടിത്തറയെ ശക്തിപ്പെടുത്തുന്ന പ്രധാന സംരംഭങ്ങൾ
തദ്ദേശീയ നിർമ്മാണം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, വർധിച്ച സ്വകാര്യ മേഖലയുടെ പങ്കാളിത്തം എന്നിവയിലൂടെ ഇന്ത്യ അതിന്റെ പ്രതിരോധ വ്യാവസായിക ശേഷി വിപുലീകരിക്കുകയാണ്. വളർന്നുവരുന്ന ഈ മേഖല തദ്ദേശീയ ശേഷികളെ ശക്തിപ്പെടുത്തുകയും നവീകരണത്തെ പിന്തുണയ്ക്കുകയും പ്രതിരോധശേഷിയുള്ള പ്രതിരോധ വിതരണ ശൃംഖല കെട്ടിപ്പടുക്കുകയും ചെയ്യുന്നു.
പ്രതിരോധ സംഭരണ പരിഷ്കാരങ്ങൾ
- ഇന്ത്യയുടെ പരമോന്നത പ്രതിരോധ സംഭരണ സമിതിയായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) തദ്ദേശീയമായ സംഭരണങ്ങളിലൂടെ ആത്മനിർഭർ ഭാരതിന് വേഗത കൂട്ടുന്നു. ഡിആർഡിഒ രൂപകല്പന ചെയ്ത് ഇന്ത്യൻ വ്യവസായ മേഖല നിർമ്മിച്ച 6 ലക്ഷം കോടിയിലധികം രൂപയുടെ സംവിധാനങ്ങൾക്ക് സമിതി 'അക്‌സെപ്റ്റൻസ് ഓഫ് നെസസിറ്റി' (AoN) നൽകി.
- പ്രധാന തദ്ദേശീയ സംഭരണങ്ങൾ പോരാട്ട ശേഷിയെ ശക്തിപ്പെടുത്തുന്നു: ₹62,000 കോടി ചെലവിൽ 97 തേജസ് ൃ Mk-1A യുദ്ധവിമാനങ്ങളും ₹62,700 കോടി ചെലവിൽ 156 LCH പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിനുള്ള അംഗീകാരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ സംഭരണങ്ങൾ ഇന്ത്യയുടെ തദ്ദേശീയ വ്യോമയാന, പ്രതിരോധ നിർമ്മാണ ശേഷികളെ വിപുലീകരിക്കുന്നു.
- ഡിഫൻസ് അക്വിസിഷൻ നടപടിക്രമം (DAP) 2020 തദ്ദേശീയ സംഭരണവും തദ്ദേശീയ നിർമ്മാണവും ശക്തിപ്പെടുത്തി. പ്രതിരോധ രൂപകൽപ്പന, വികസനം, ഉൽപ്പാദനം എന്നിവയിൽ ഇന്ത്യൻ കമ്പനികൾക്കുള്ള അവസരങ്ങളും ഇത് വിപുലീകരിച്ചു.
- ഡിഫൻസ് പ്രൊക്യുർമെന്റ് നടപടിക്രമം (DPP) 2016 'മെയ്ക്ക് ഇൻ ഇന്ത്യ' മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം പ്രതിരോധ സംഭരണങ്ങൾ ലളിതമാക്കുകയും ചെയ്തു. പ്രതിരോധ സംഭരണത്തിലെ തുടർന്നുള്ള പരിഷ്കാരങ്ങൾക്ക് ഇത് അടിത്തറയിട്ടു.
- ഡിഫൻസ് പ്രൊക്യുർമെന്റ് മാനുവൽ (DPM) 2025 ഏകദേശം 1 ലക്ഷം കോടി രൂപയുടെ റവന്യൂ സംഭരണം ലളിതമാക്കി. ഇത് വേഗത്തിലുള്ള അംഗീകാരങ്ങൾ സാധ്യമാക്കുകയും തദ്ദേശീയ പദ്ധതികൾക്കുള്ള പിഴവുകളിൽ ഇളവ് നൽകുകയും ദീർഘകാല ഓർഡറുകൾ ഉറപ്പാക്കുകയും ചെയ്തു.
|
കരട് ഡിഫൻസ് അക്വിസിഷൻ നടപടിക്രമം (DAP) 2026
DAP 2026 ലളിതമായ സംഭരണ വിഭാഗങ്ങളും തദ്ദേശീയ രൂപകൽപ്പനയ്ക്കും വികസനത്തിനും ശക്തമായ പിന്തുണയും നിർദ്ദേശിക്കുന്നു. തദ്ദേശീയ ഉള്ളടക്ക ആവശ്യകതകൾ 60% വരെ ഉയർത്താനും ഇത് നിർദ്ദേശിക്കുന്നു.
|
നവീനാശയത്തിന് പ്രോത്സാഹനം — iDEX, ADITI & TDF
- ₹498.78 കോടി വകയിരുത്തിയ ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ് (iDEX) പദ്ധതി 676 സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, നവീനാശയകർത്താക്കൾ എന്നിവരെ പങ്കാളികളാക്കുകയും 2026 മാർച്ച് വരെ 551 ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് കരാറുകൾക്ക് വഴിതുറക്കുകയും ചെയ്തു.
- ADITI പദ്ധതി: ₹750 കോടി ചെലവിൽ (2023–24 മുതൽ 2025–26 വരെ) അംഗീകരിച്ച അദിതി പദ്ധതി നൂതന പ്രതിരോധ സാങ്കേതികവിദ്യകൾ വേഗത്തിലാക്കുന്നതിനായി ഡിഫൻസ് ഇന്നൊവേഷൻ ഓർഗനൈസേഷൻ (DIO) വഴി സാമ്പത്തിക സഹായം നൽകുന്നു.
- ടെക്നോളജി ഡവലപ്മെന്റ് ഫണ്ട്: നിർണായകമായ പ്രതിരോധ സാങ്കേതികവിദ്യകളുടെ വികസനത്തിനായി ഈ പദ്ധതി ₹50 കോടി വരെ ഗ്രാന്റ് നൽകുന്നു. 2026 ജൂൺ വരെ ₹334 കോടി മൂല്യമുള്ള 80 പദ്ധതികൾ നടപ്പിലാക്കിവരുന്നു, കൂടാതെ ഡീപ് ടെക്നോളജി, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയ്ക്കായി ₹500 കോടിയുടെ അധിക ഫണ്ട് അനുവദിക്കുകയും ചെയ്തു.
സാങ്കേതികവിദ്യ കൈമാറ്റവും വ്യാവസായിക പങ്കാളിത്തവും
- DRDO-യുടെ ഡെവലപ്‌മെന്റ് കം പ്രൊഡക്ഷൻ പാർട്ണർ ചട്ടക്കൂട് 134 പങ്കാളി കമ്പനികൾക്ക് സാങ്കേതികവിദ്യകൾ കൈമാറി.
- 2,180 സാങ്കേതികവിദ്യ കൈമാറ്റ കരാറുകൾ ഒപ്പുവെച്ചു.
- 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് വ്യവസായ ആവശ്യങ്ങൾക്കായി 2,780-ലധികം IPR-കൾ തുറന്നുകൊടുത്തു.
തദ്ദേശീയവൽക്കരണവും തദ്ദേശീയ നിർമ്മാണവും
- 2026 മേയ് വരെ DMA-യുടെയും DDP-യുടെയും അഞ്ച് വീതം ഉൾപ്പെടെ 5,521 ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളുന്ന 10 പോസിറ്റീവ് തദ്ദേശീയവൽക്കരണ പട്ടികകൾ വിജ്ഞാപനം ചെയ്തു. ഇത് പ്രതിരോധ ഉൽപ്പാദനത്തിൽ ആത്മനിർഭരത വർധിക്കുന്നതിന് ഇടയാക്കി.
- ശ്രീജൻ ഡിഫൻസ് എക്യുപ്‌മെന്റ് എംപവർമെന്റ് പ്ലാറ്റ്‌ഫോം (DEEP) എന്നത് തദ്ദേശീയ പ്രതിരോധ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഡിജിറ്റൽ ശേഖരമാണ്. 2026 മേയ് വരെയുള്ള കണക്കനുസരിച്ച് ഇത് 41,000-ത്തിലധികം വെണ്ടർമാരെയും 2.7 ലക്ഷം ഉൽപ്പന്നങ്ങളെയും ഉൾപ്പെടുത്തി, തദ്ദേശീയ വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തി.
- 2026 ഏപ്രിലോടെ ഉത്തർപ്രദേശ് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോർ ₹42,057 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ആകർഷിച്ചു. ഇതിൽ ₹4,409 കോടി യാഥാർത്ഥ്യമാക്കപ്പെട്ടു.
- തമിഴ്‌നാട് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോർ ₹32,699 കോടി ആകർഷിക്കുകയും ₹6,446 കോടി ലഭ്യമാക്കുകയും ചെയ്തു. ഇത് ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ അടിത്തറയെ ശക്തിപ്പെടുത്തി.
- ലഖ്‌നൗവിലുള്ള ബ്രഹ്മോസ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് ഫെസിലിറ്റി മിസൈലുകളുടെ നിർമ്മാണം ആരംഭിച്ചു.
തൊഴിൽ സൗകര്യം വർധിപ്പിക്കലും പ്രതിരോധ വ്യാപാരവും
- വ്യാവസായിക ലൈസൻസിന്റെ സാധുത 7 (+3) വർഷത്തിൽ നിന്ന് 15 (+3, 18 വർഷം വരെ) ആയി ഉയർത്തി. കൂടാതെ ആംസ് ആക്ടിന് കീഴിൽ ലൈഫ് ടൈം സാധുതയും നൽകിയിട്ടുണ്ട്.
- നവീകരിച്ച ഡിഫൻസ് എക്സിം പോർട്ടൽ അപേക്ഷകളുടെ സമഗ്രമായ പ്രോസസ്സിംഗ്, ഓട്ടോമേറ്റഡ് കമ്പനി പരിശോധന, ലളിതമാക്കിയ രജിസ്ട്രേഷൻ, തത്സമയ ട്രാക്കിംഗ്, സുരക്ഷിതമായ പണമടയ്ക്കൽ സംവിധാനം എന്നിവ സാധ്യമാക്കുന്നു. ഇത് പ്രതിരോധ വ്യാപാരത്തെ കൂടുതൽ വ്യക്തവും കാര്യക്ഷമവുമാക്കുന്നു.
- പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) പരിധി ഓട്ടോമാറ്റിക് റൂട്ട് വഴി 74% ആയും ഗവണ്മെന്റ് റൂട്ട് വഴി 100% വരെയായും ഉയർത്തി. ഇത് 2026 മാർച്ച് വരെ ₹6,670.59 കോടിയുടെ നിക്ഷേപം ആകർഷിച്ചു.
- ഈ പരിഷ്കാരങ്ങൾ പ്രതിരോധ നിർമ്മാണത്തിന് കൂടുതൽ സഹായകരമായ അന്തരീക്ഷം സൃഷ്ടിച്ചു. ഒപ്പം ശക്തമായ ഭരണകൂട പിന്തുണയും നവീനാശയത്തിൽ നിന്ന് പ്രയോഗികതലത്തിലേക്കുള്ള വ്യക്തമായ വഴികളും ഒരുക്കി.
ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയുടെ മുന്നേറ്റം: 2025–26 സാമ്പത്തിക വർഷം
ഇന്ത്യയുടെ പ്രതിരോധ രംഗം കൂടുതൽ തദ്ദേശീയ ശേഷി, സാങ്കേതിക മികവ്, പ്രവർത്തനക്ഷമത എന്നിവയിലേക്ക് കാര്യമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്. ശക്തമായ ഗവണ്മെന്റ്-വ്യാവസായിക സഹകരണത്തിന്റെ പിന്തുണയോടെ തദ്ദേശീയ വികസനം ഇപ്പോൾ വെടിയുണ്ടകൾ, മിസൈലുകൾ, പ്രൊപ്പൽഷൻ, വ്യോമ പ്രതിരോധം, നാവിക പ്ലാറ്റ്‌ഫോമുകൾ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്നു.
തദ്ദേശീയവൽക്കരണം പ്രവർത്തനപരമായ സ്വയംപര്യാപ്തതയെ ശക്തിപ്പെടുത്തുന്നു
- ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ള 175 വെടിയുണ്ട ഇനങ്ങളിൽ 159 എണ്ണം തദ്ദേശീയമായി നിർമ്മിച്ചുകൊണ്ട് ഏകദേശം 91% സ്വയംപര്യാപ്തത കൈവരിച്ചു.
- അഗ്നി-4 ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലും അഗ്നി-5 ലോംഗ് റേഞ്ച് സർഫസ്-ടു-സർഫസ് ബാലിസ്റ്റിക് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. അവയുടെ പ്രവർത്തനപരവും സാങ്കേതികവുമായ മാനദണ്ഡങ്ങൾ സാക്ഷ്യപ്പെടുത്തി.
- താര (TARA) ഗ്ലൈഡ് ആയുധവും രുദ്രം-II (RudraM-II) എയർ-ടു-സർഫസ് മിസൈലും ഭൗമ ലക്ഷ്യങ്ങൾക്കെതിരെയുള്ള തദ്ദേശീയ കൃത്യതയാർന്ന ആക്രമണ ശേഷി തെളിയിച്ചു.
- കുശ (Kusha) ലോംഗ് റേഞ്ച് എയർ ഡിഫൻസ് മിസൈലും വെരി ഷോർട്ട്-റേഞ്ച് എയർ ഡിഫൻസ് സിസ്റ്റവും (VSHORADS) ഉൾപ്പെടെ നിരവധിയായ തദ്ദേശീയ സംവിധാനങ്ങൾ DRDO മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. മിസൈൽ ഇന്റർസെപ്റ്ററുകൾ, ഹ്രസ്വദൂര ആയുധങ്ങൾ, ലേസർ സാങ്കേതികവിദ്യകൾ എന്നിവ സമന്വയിപ്പിക്കുന്ന സംയോജിത വ്യോമ-പ്രതിരോധ സംവിധാനവും വിജയകരമായി പരീക്ഷിച്ചു.
- ഹൈപ്പർസോണിക് മിസൈൽ വികസനത്തെ പിന്തുണച്ചുകൊണ്ട്, ആക്റ്റീവ് കോൺ ക്രോസിംഗ് സൗകര്യമുള്ള സ്ക്രാംജെറ്റ് കംബസ്റ്ററിന്റെ 12 മിനിറ്റ് നീണ്ട ഗ്രൗണ്ട് ടെസ്റ്റ് DRDO വിജയകരമായി പൂർത്തിയാക്കി.
സമുദ്ര പ്രതിരോധവും ആക്രമണ ശേഷിയും മുന്നോട്ട് കൊണ്ടുപോകുന്നു
- ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് വാഗ്ഷീർ എന്നിവയുൾപ്പെടെ 12 യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്തു.
- 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളുള്ള ഐഎൻഎസ് മഹേന്ദ്രഗിരി എന്ന സ്റ്റെൽത്ത് ഫ്രിഗേറ്റും സേവനത്തിന്റെ ഭാഗമായി.
- 11 നെക്സ്റ്റ് ജനറേഷൻ ഓഫ്‌ഷോർ പട്രോൾ വെസലുകളിൽ ആദ്യത്തേതായ ഷാച്ചി (SHACHI) പുറത്തിറക്കി. ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രേയ് എന്നിവയും കമ്മീഷൻ ചെയ്യപ്പെട്ടു. ഇത് തദ്ദേശീയ സാന്ധ്യക്-ക്ലാസ് സർവേ ഫ്ലീറ്റ് പൂർത്തിയാക്കുകയും സമുദ്ര നിരീക്ഷണവും സർവേ ശേഷികളും വിപുലീകരിക്കുകയും ചെയ്തു.
- ഡിആർഡിഒ നാവിക ആന്റി-ഷിപ്പ് മിസൈൽ-മീഡിയം റേഞ്ച് വിജയകരമായി പരീക്ഷിക്കുകയും ബഹുതല ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ശേഷി പ്രകടിപ്പിക്കുകയും ചെയ്തു. ഇത് വിവിധ തരത്തിലുള്ള വ്യോമ, സമുദ്ര ഭീഷണികളെ ചെറുക്കാനുള്ള ഇന്ത്യയുടെ ശേഷിയെ ശക്തിപ്പെടുത്തുന്നു.
- ഇന്ത്യയുടെ പ്രതിരോധ പരിവർത്തനം സൈനിക തയ്യാറെടുപ്പ്, നിർമ്മാണം, ആഭ്യന്തര സുരക്ഷ എന്നിവയിലുടനീളം കൂടുതൽ കരുത്ത് പകർന്നു.
2047-ലേക്കുള്ള ഇന്ത്യയുടെ പ്രതിരോധ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നു
ഇന്ത്യയുടെ പ്രതിരോധ പരിവർത്തനം കൂടുതൽ സ്വയംപര്യാപ്തത, സാങ്കേതിക ശേഷി, ആഗോള ആത്മവിശ്വാസം എന്നിവയിലേക്കുള്ള വ്യക്തമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. കൂടുതൽ കരുത്തുറ്റ തദ്ദേശീയ ഉൽപ്പാദനം, ഗവേഷണവും വികസനവും, നവീനാശയം, വ്യവസായ പങ്കാളിത്തം എന്നിവ കര, വ്യോമ, സമുദ്ര മേഖലകളിലുടനീളം പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. വളരുന്ന കയറ്റുമതിയും തന്ത്രപ്രധാന പങ്കാളിത്തവും ഒരു വിശ്വസനീയ ആഗോള പ്രതിരോധ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നു. വികസിത സാങ്കേതികവിദ്യകളിലും തദ്ദേശീയ നിർമ്മാണത്തിലും തുടർച്ചയായ നിക്ഷേപം നടത്തുന്നതിലൂടെ ഭാവിയിലെ സുരക്ഷാ ആവശ്യകതകൾ നിറവേറ്റുന്നതിനും 2047-ഓടെ സാങ്കേതികമായി പുരോഗമിച്ച ഒരു പ്രതിരോധ ശക്തിയായി സ്വന്തം സ്ഥാനം ഉറപ്പിക്കുന്നതിനുമാവശ്യമായ കഴിവുകൾ ഇന്ത്യ കെട്ടിപ്പടുക്കുന്നു.
അവലംബം
Ministry of Defence
Ministry of Information and Broadcasting
Press Information Bureau
Click here for the pdf file
***
SK
(तथ्य सामग्री आईडी: 150949)
आगंतुक पटल : 11
Provide suggestions / comments