Others
FCRA: വിദേശ സംഭാവന (നിയന്ത്രണ) നിയമം
प्रविष्टि तिथि:
22 JUL 2026 18:46 PM
സുതാര്യത, പരമാധികാരം, ജനാധിപത്യപരമായ ഉത്തരവാദിത്തം
പരസ്പരബന്ധിതമായ ഒരു ലോകത്തിലെ വിദേശ സംഭാവനകൾ
ആഗോളവൽക്കരണം ദേശീയാതിർത്തികൾക്കപ്പുറമുള്ള ജനങ്ങളുടെയും ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും സാമ്പത്തിക സ്രോതസ്സുകളുടെയും ചലനത്തെ മാറ്റിമറിച്ചു. അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തനങ്ങളും വികസന പങ്കാളിത്തങ്ങളും ഇന്ന് ലോകമെമ്പാടുമുള്ള വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ദുരന്തനിവാരണം, ശാസ്ത്രീയ ഗവേഷണം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ വികസനം എന്നിവയെ പിന്തുണയ്ക്കുന്നു. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് സംഭാവന നൽകുന്ന പ്രവർത്തനങ്ങൾക്കായി ആയിരക്കണക്കിന് സംഘടനകൾ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിലൂടെ ഇത്തരം സഹകരണങ്ങളിൽ നിന്ന് ഇന്ത്യയും പ്രയോജനം നേടിയിട്ടുണ്ട്.
ഈ അവസരങ്ങൾക്കൊപ്പം അതിർത്തി കടന്നുള്ള സാമ്പത്തിക ഒഴുക്ക് സുതാര്യവും ഉത്തരവാദിത്തമുള്ളതുമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ കൂടുതൽ ബോധവാന്മാരായിട്ടുണ്ട്. ആഗോള സാമ്പത്തിക ശൃംഖലകളുടെയും ഡിജിറ്റൽ ഇടപാടുകളുടെയും അതിർത്തികളില്ലാത്ത ഫണ്ടിംഗ് സംവിധാനങ്ങളുടെയും ദ്രുതഗതിയിലുള്ള വ്യാപനം, സാമ്പത്തിക സുതാര്യത, വിദേശ സ്വാധീനം, ജനാധിപത്യ സ്ഥാപനങ്ങളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പുതിയ ഭരണപരമായ വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ട്. തൽഫലമായി വിദേശ സാമ്പത്തിക ഒഴുക്കിന്റെ നിയന്ത്രണം പല ജനാധിപത്യ രാജ്യങ്ങളിലും ആധുനിക ഭരണനിർവഹണത്തിന്റെ അംഗീകരിക്കപ്പെട്ട ഒരു സവിശേഷതയായി ഉയർന്നുവന്നിട്ടുണ്ട്.
അതിനാൽ വിദേശ സംഭാവന (നിയന്ത്രണ) നിയമം (FCRA - ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട്) ഈ വിപുലമായ അന്താരാഷ്ട്ര പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. നിയമപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ തടയുന്നതിന് പകരം വിദേശ സംഭാവനകൾ ഇന്ത്യൻ നിയമത്തിന് അനുസൃതമായി സ്വീകരിക്കുകയും ഉപയോഗിക്കുകയും കണക്കുബോധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം യഥാർത്ഥ അന്താരാഷ്ട്ര സഹകരണത്തിന് വഴിയൊരുക്കുന്ന ഒരു നിയമനിർമ്മാണ ചട്ടക്കൂടാണ് ഈ നിയമം നൽകുന്നത്.
വിദേശ സംഭാവന (നിയന്ത്രണ) നിയമം (FCRA)
ഇന്ത്യക്ക് പുറത്തുനിന്നുള്ള ഒരു സ്രോതസ്സിൽ നിന്ന് ഇന്ത്യൻ വ്യക്തികൾക്കോ സംഘടനകൾക്കോ സന്നദ്ധസംഘടനകൾക്കോ (NGO) ട്രസ്റ്റുകൾക്കോ കമ്പനികൾക്കോ പണമോ സെക്യൂരിറ്റികളോ വസ്തുക്കളോ ഏതുരീതിയിൽ സ്വീകരിക്കാമെന്നും ഉപയോഗിക്കാമെന്നും നിയന്ത്രിക്കുന്ന നിയമമാണ് വിദേശ സംഭാവന (നിയന്ത്രണ) നിയമം (FCRA). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (MHA) കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
ലളിതമായി പറഞ്ഞാൽ FCRA പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ചെയ്യുന്നത്:
- ആർക്കെല്ലാം വിദേശ സംഭാവനകൾ സ്വീകരിക്കാമെന്നും ഏതെല്ലാം നിബന്ധനകളോടെയാണെന്നും ഇത് തിരിച്ചറിയുന്നു.
- ആ പണം ഏതുരീതിയിൽ സ്വീകരിക്കണം, കണക്കുകളിൽ രേഖപ്പെടുത്തണം, റിപ്പോർട്ട് ചെയ്യണമെന്ന് ഇത് വ്യക്തമാക്കുന്നു.
- ഇന്ത്യയുടെ പരമാധികാരത്തെയോ സുരക്ഷയെയോ ക്രമസമാധാനത്തെയോ ബാധിച്ചേക്കാവുന്ന പരിമിതമായ വിദേശ ധനസഹായമുള്ള ചില നിർദ്ദിഷ്ട പ്രവർത്തനങ്ങളെ ഇത് തടയുന്നു.
FCRA ഇന്ത്യക്കാരെ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിൽ നിന്ന് തടയുകയോ നിയമാനുസൃതമായി പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകൾ അടച്ചുപൂട്ടുകയോ ചെയ്യുന്നില്ല. ആരോഗ്യം, വിദ്യാഭ്യാസം, ദുരന്തനിവാരണം, ഗവേഷണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ആയിരക്കണക്കിന് സംഘടനകൾ ഇപ്പോഴും നിയമപരമായി രജിസ്റ്റർ ചെയ്ത് പതിവായി വിദേശ ഫണ്ട് സ്വീകരിക്കുന്നു. അമേരിക്ക, യു.കെ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ അവയുടെ സമാനമായ നിയമങ്ങളെ വിവരിക്കുന്ന രീതിയിൽ തന്നെയാണ് ഈ നിയമത്തെയും മനസ്സിലാക്കേണ്ടത് - അതായത് വിദേശ നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങൾക്കുള്ള ഒരു രജിസ്ട്രേഷൻ, വെളിപ്പെടുത്തൽ സംവിധാനം എന്ന നിലയ്ക്കാണ്; അല്ലാതെ സന്നദ്ധ സംഘടനകൾക്ക് നിലനിൽക്കാനുള്ള അനുമതി നൽകുന്ന സംവിധാനമായല്ല.
പ്രധാന ലക്ഷ്യങ്ങൾ
1976-ലെ ആദ്യ നിയമനിർമ്മാണം മുതൽ എല്ലാ ഭേദഗതികളിലും മാറ്റമില്ലാതെ തുടരുന്ന വ്യക്തവും സുസ്ഥിരവുമായ തത്വങ്ങളിലാണ് FCRA നിർമ്മിച്ചിരിക്കുന്നത്. ഈ തത്വങ്ങൾ ഉത്തരവാദിത്തമുള്ള ഏതൊരു ഗവൺമെന്റിനും അതിന്റെ പൗരന്മാരോടും സ്ഥാപനങ്ങളോടും ദേശീയ താൽപ്പര്യത്തോടുമുള്ള ഉത്തരവാദിത്തങ്ങളെ പ്രതിഫലിപ്പിക്കുന്നു.
|
സുതാര്യത
|
വിദേശ സംഭാവനകൾ സ്വീകരിക്കുന്ന ഓരോ സംഘടനയും ഗവൺമെന്റിൽ രജിസ്റ്റർ ചെയ്യുകയും നിർദ്ദിഷ്ടവും പരിശോധിച്ചുറപ്പിക്കാവുന്നതുമായ ബാങ്കിംഗ് ചാനലിലൂടെ ഫണ്ട് സ്വീകരിക്കുകയും ലഭിച്ച തുക, ദാതാക്കൾ, ഫണ്ട് ഉപയോഗിച്ച ലക്ഷ്യങ്ങൾ എന്നിവ വെളിപ്പെടുത്തുകയും വേണം.
|
|
ഉത്തരവാദിത്തം
|
ഫണ്ട് സ്വീകർത്താക്കൾ വാർഷിക ഓഡിറ്റ് ചെയ്ത കണക്കുകൾ സമർപ്പിക്കണം. ഈ കണക്കുകൾ ഓൺലൈനായി വേണം സമർപ്പിക്കാൻ. ദാതാക്കൾ, തുകകൾ, ഉപയോഗം എന്നിവയെല്ലാം രേഖപ്പെടുത്തുന്നതിലൂടെ, വിദേശ സ്രോതസ്സ് മുതൽ പ്രാദേശിക തലത്തിലെ പ്രവർത്തനങ്ങൾ വരെ പൂർണ്ണമായും കണ്ടെത്താനാകുന്ന ഒരു ശൃംഖല സൃഷ്ടിക്കപ്പെടുന്നു.
|
|
പരമാധികാരം
|
ഇന്ത്യയുടെ പരമാധികാരത്തെയോ ജനാധിപത്യ സ്ഥാപനങ്ങളെയോ തിരഞ്ഞെടുപ്പ് പ്രക്രിയകളെയോ ക്രമസമാധാനത്തെയോ ദേശീയ സുരക്ഷയെയോ ദോഷകരമായി ബാധിച്ചേക്കാവുന്ന വിദേശ സംഭാവനകൾ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഇത് നിയമപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണമല്ല. ഇത് പരമാധികാര ഭരണത്തിന്റെ വിനിയോഗമാണ്.
|
|
യഥാർത്ഥ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കൽ
|
യഥാർത്ഥ അന്താരാഷ്ട്ര സഹകരണത്തെ തടസ്സപ്പെടുത്താനല്ല, മറിച്ച് തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ദാരിദ്ര്യ നിർമ്മാർജ്ജനം, ദുരന്തനിവാരണം, സാംസ്കാരിക കൈമാറ്റം, ശാസ്ത്രീയ ഗവേഷണം, പരിസ്ഥിതി പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ ചട്ടക്കൂടിനുള്ളിൽ തടസ്സമില്ലാതെ തുടരുന്നു.
|
|
ജനവിശ്വാസം
|
സംഘടനകൾക്കുള്ള വിദേശ ധനസഹായം രജിസ്റ്റർ ചെയ്തതാണെന്നും വെളിപ്പെടുത്തിയതാണെന്നും ഓഡിറ്റ് ചെയ്തതാണെന്നും പൗരന്മാർ അറിയുമ്പോൾ അത് സന്നദ്ധ മേഖലയിലും ആ സംഘടനകളിലുമുള്ള വിശ്വാസം വളർത്തുന്നു. സുതാര്യത ഉപഭോക്താക്കളെയും ദാതാക്കളുടെ ലക്ഷ്യത്തെയും ഒരുപോലെ സംരക്ഷിക്കുന്നു.
|
നിയമത്തിന്റെ വികാസം: നിരോധനങ്ങൾ കൂട്ടിച്ചേർക്കലല്ല, സുതാര്യത കർശനമാക്കൽ
വിദേശ സംഭാവനകൾ നിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയുടെ നിയമനിർമ്മാണ ചട്ടക്കൂട് അഞ്ച് പതിറ്റാണ്ടുകളായി തുടർച്ചയായ സർക്കാരുകളാൽ നിരന്തരം പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഓരോ പരിഷ്കാരവും ഒരേ ദിശയിലേക്കാണ് നീങ്ങിയത് - കൂടുതൽ വെളിപ്പെടുത്തൽ, ശക്തമായ ഉത്തരവാദിത്തം, മെച്ചപ്പെട്ട ഭരണം.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നതിനായി 1976-ൽ ഇന്ത്യ ആദ്യത്തെ വിദേശ സംഭാവന (നിയന്ത്രണ) നിയമം രൂപീകരിച്ചു. അന്താരാഷ്ട്ര ഇടപെടലുകൾ വികസിക്കുകയും അതിർത്തി കടന്നുള്ള സാമ്പത്തിക ഒഴുക്ക് കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്തതോടെ, മുൻ നിയമത്തിന് പകരം ഒരു ആധുനിക നിയന്ത്രണ ചട്ടക്കൂട് കൊണ്ടുവന്നുകൊണ്ട് പാർലമെന്റ് 2010-ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമം പാസാക്കി. അന്നുമുതൽ, 2016, 2018, 2020 വർഷങ്ങളിലെ ഭേദഗതികളിലൂടെ ഈ ചട്ടക്കൂട് കൂടുതൽ ശക്തിപ്പെടുത്തപ്പെട്ടു; അതേസമയം 2026-ലെ നിർദ്ദിഷ്ട വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, വിജ്ഞാപനം ചെയ്ത 2026-ലെ FCRA (ഭേദഗതി) ചട്ടങ്ങൾ എന്നിവ സുതാര്യതയും ഭരണവും നിയന്ത്രണ വ്യക്തതയും കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
|
വർഷം
|
വികാസം
|
|
1976
|
ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിന്റെ മൂല്യങ്ങൾക്ക് അനുസൃതമായി വിദേശ സംഭാവനകളുടെയും ആതിഥേയത്വത്തിന്റെയും ഉപയോഗം നിയന്ത്രിക്കുന്നതിനായി FCRA പ്രാബല്യത്തിൽ.
|
|
1984
|
ഭേദഗതിയിലൂടെ വിദേശ ഫണ്ട് സ്വീകരിക്കുന്ന എല്ലാ സന്നദ്ധ സംഘടനകൾക്കും (NGO) ആഭ്യന്തര മന്ത്രാലയത്തിലെ രജിസ്ട്രേഷൻ നിർബന്ധമാക്കി, ന്യായാധിപന്മാരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു, "വിദേശ സംഭാവന", "രാഷ്ട്രീയ പാർട്ടി" എന്നിവയുടെ നിർവചനങ്ങൾ വിപുലീകരിച്ചു, ഓഡിറ്റ് അധികാരങ്ങൾ കൂട്ടിച്ചേർത്തു.
|
|
2010
|
കൂടുതൽ ശക്തമായ നിയമ വ്യവസ്ഥകളോടെ 1976-ലെ നിയമത്തിന് പകരം 2010-ലെ FCRA നിലവിൽ വരികയും ഏകീകരിക്കപ്പെടുകയും ചെയ്തു; 2010 സെപ്റ്റംബർ 26-ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രധാന മാറ്റങ്ങൾ: ഓരോ അഞ്ച് വർഷത്തിലും രജിസ്ട്രേഷൻ നിർബന്ധമായും പുതുക്കൽ, രജിസ്ട്രേഷനായി വിശദവും കർശനവുമായ നിബന്ധനകൾ, സസ്പെൻഷൻ, റദ്ദാക്കൽ, സ്വത്തുക്കൾ പിടിച്ചെടുക്കൽ, കുറ്റങ്ങൾ പിഴയടച്ച് ഒത്തുതീർപ്പാക്കൽ.
|
|
2011
|
രജിസ്ട്രേഷൻ, നിർദ്ദിഷ്ട അക്കൗണ്ടുകൾ, റിപ്പോർട്ടിംഗ് ഫോർമാറ്റുകൾ എന്നിവ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് വിദേശ സംഭാവന (നിയന്ത്രണ) ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു.
|
|
2020
|
പ്രധാന ഭേദഗതി നിയമം: ഭാരവാഹികൾക്ക് ആധാർ / പാസ്പോർട്ട് തിരിച്ചറിയൽ നിർബന്ധമാക്കി; വിദേശ സംഭാവനകൾ ന്യൂഡൽഹിയിലെ ഒരു നിർദ്ദിഷ്ട SBI അക്കൗണ്ടിലേക്ക് മാത്രമായി പരിമിതപ്പെടുത്തി; മറ്റ് സംഘടനകൾക്ക് സബ്-ഗ്രാന്റ് നൽകുന്നത് നിരോധിച്ചു; ഭരണപരമായ ചെലവ് പരിധി 50%-ൽ നിന്ന് 20% ആയി കുറച്ചു; പുതുക്കൽ ഗവൺമെന്റ് അന്വേഷണത്തിന് വിധേയമാക്കി.
|
|
2022
|
FCRA ചട്ടങ്ങൾ ഭേദഗതി ചെയ്തു: വിദേശത്തുള്ള ബന്ധുക്കളിൽ നിന്നുള്ള സംഭാവനകളുടെ പരിധി പ്രതിവർഷം 1 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തി, സാധാരണ കുടുംബങ്ങൾക്കുള്ള അനുസരണ പ്രക്രിയ ലളിതമാക്കി; ചില കുറ്റങ്ങൾ പിഴയടച്ച് ഒത്തുതീർപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ അവതരിപ്പിച്ചു.
|
|
2024–25
|
കൂടുതൽ ചട്ട ഭേദഗതികൾ: ചെലവഴിക്കാത്ത ഭരണപരമായ ചെലവ് വിഹിതം അടുത്ത ഘട്ടത്തിലേക്ക് മാറ്റാം; TDS റീഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വ്യക്തത വരുത്തി; അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിനായി അപേക്ഷാ ഘട്ടത്തിലെ രേഖകൾ സമർപ്പിക്കുന്നത് ശക്തമാക്കി.
|
|
2026 (നിർദ്ദിഷ്ടം)
|
2026-ലെ നിർദ്ദിഷ്ട FCRA ഭേദഗതി ബിൽ ഒരു രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്യുമ്പോൾ വിദേശ ഫണ്ട് ഉപയോഗിച്ചുള്ള സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി ഒരു നിർദ്ദിഷ്ട അതോറിറ്റിയെ നിർദ്ദേശിക്കുന്നു. വിജ്ഞാപനം ചെയ്ത FCRA ഭേദഗതി ചട്ടങ്ങൾ രജിസ്ട്രേഷനെ നിർദ്ദിഷ്ട ലക്ഷ്യങ്ങളുമായും അംഗീകൃത സംസ്ഥാനങ്ങളുമായും/കേന്ദ്രഭരണ പ്രദേശങ്ങളുമായും ബന്ധിപ്പിക്കുകയും അനുമതിയുള്ള മതപരമായ പ്രവർത്തനങ്ങളിൽ നിന്ന് മതപരിവർത്തനത്തെ ഒഴിവാക്കുകയും ചെയ്യുന്നു.
|
ഓരോ ഭേദഗതിയും ഒരേ ദിശയിലേക്കാണ് നീങ്ങിയത്: നിയമപരമായ പ്രവർത്തനങ്ങൾക്ക് പുതിയ വിലക്കുകൾ ഏർപ്പെടുത്തലല്ല, മറിച്ച് കൂടുതൽ വ്യക്തമായ വെളിപ്പെടുത്തലും കണക്കുബോധിപ്പിക്കലുമാണ്. നിയന്ത്രിക്കപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങളുടെ വിഭാഗങ്ങൾ (പരമാധികാരം, സുരക്ഷ, ക്രമസമാധാനം, അല്ലെങ്കിൽ വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം എന്നിവയെ ബാധിക്കുന്നവ) 1976 മുതൽ അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടരുന്നു.
ഇന്ത്യയുടെ നിലപാടിന്റെ അഞ്ച് പ്രധാന സ്തംഭങ്ങൾ
|
1. വിദേശ സാമ്പത്തിക ഒഴുക്ക് നിയന്ത്രിക്കാനുള്ള പരമാധികാര അവകാശം. സ്വന്തം അതിർത്തികൾക്ക് പുറത്തുനിന്നുള്ള പണം ഏത് രീതിയിലാണ് രാജ്യത്തിനകത്തുള്ള സ്ഥാപനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് അറിയാനും ആവശ്യമുള്ളിടത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള അംഗീകൃത അവകാശം ഓരോ പരമാധികാര രാഷ്ട്രത്തിനുമുണ്ട്. ഇന്ത്യ വിനിയോഗിക്കുന്നത് പരമാധികാരത്തിന്റെ സാധാരണയായ ഒരു അവകാശമാണ്, അല്ലാതെ അസാധാരണമായ ഒന്നല്ല.
2. വിലക്കുകളല്ല, സുതാര്യതയും വെളിപ്പെടുത്തലും ഉറപ്പാക്കുന്ന ഒരു ചട്ടക്കൂട്. ഇന്ത്യക്കാർ വിദേശ ജീവകാരുണ്യ സഹായങ്ങളോ ഗവേഷണ ഗ്രാന്റുകളോ മാനുഷിക സഹായങ്ങളോ സ്വീകരിക്കുന്നത് FCRA തടയുന്നില്ല. കമ്പനി നിയമങ്ങളിലും ബാങ്കിംഗ് നിയന്ത്രണങ്ങളിലും രാഷ്ട്രീയ പാർട്ടി ഫണ്ടിംഗിലും ഉപയോഗിക്കുന്ന അതേ അനുസരണ യുക്തി ഉപയോഗിച്ച് ഇത്തരം സഹായങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും ഒരു പ്രത്യേക അക്കൗണ്ടിലൂടെ മാത്രം സ്വീകരിക്കണമെന്നും റിപ്പോർട്ട് ചെയ്യണമെന്നും മാത്രമാണ് ഇത് ആവശ്യപ്പെടുന്നത്.
3. ജനാധിപത്യപരമായ ഉത്തരവാദിത്തത്തിന് വിദേശ ഫണ്ടിംഗിൽ സുതാര്യത ആവശ്യമാണ്. നയരൂപീകരണം, തിരഞ്ഞെടുപ്പുകൾ, അല്ലെങ്കിൽ പൊതുജന അഭിപ്രായം എന്നിവയെ വിദേശ ഫണ്ട് ഉപയോഗിച്ച് സ്വാധീനിക്കുന്നത് അദൃശ്യമായി തുടരുകയാണെങ്കിൽ പൗരന്മാർക്കോ മാധ്യമങ്ങൾക്കോ പാർലമെന്റിനോ അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ ഉത്തരവാദികളാക്കാൻ കഴിയില്ല.
സുതാര്യമായ വെളിപ്പെടുത്തൽ എന്നത് ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുള്ള മുൻവ്യവസ്ഥയാണ്, അല്ലാതെ അതിനൊരു ഭീഷണിയല്ല.
4. വിദേശ സ്വാധീന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ദേശീയ സുരക്ഷാ ആശങ്കകൾ ലോകമെമ്പാടുമുള്ള ഒരു വിഷയമാണ്. തിരഞ്ഞെടുപ്പ് ഇടപെടലുകൾ മുതൽ വ്യാജപ്രചാരണങ്ങൾ വരെ, വിദേശ രാജ്യങ്ങൾ നൽകുന്ന രഹസ്യ ധനസഹായത്തോടെയുള്ള പ്രചാരണങ്ങളോ ലോബിയിംഗോ രാഷ്ട്രീയ പ്രവർത്തനങ്ങളോ ജനാധിപത്യ ലോകത്തുടനീളം ഇപ്പോൾ ഒരു പ്രധാന ദേശീയ സുരക്ഷാ വിഷയമായിട്ടാണ് കാണുന്നത്.
5. ഇന്ത്യയുടെ സമീപനം ആഗോള പ്രവണതകൾക്ക് അനുയോജ്യമാണ്, അല്ലാതെ വേറിട്ടുനിൽക്കുന്ന ഒന്നല്ല. വിഭാഗം 6 കാണിക്കുന്നത് പോലെ, FCRA ശക്തമാക്കപ്പെട്ട അതേ കാലയളവിൽ തന്നെ ലോകത്തിലെ പ്രധാന ജനാധിപത്യ രാജ്യങ്ങളെല്ലാം വിദേശ സ്വാധീന സുതാര്യത നിയമത്തിലേക്ക് അടുക്കുകയാണ് ചെയ്തത്, അല്ലാതെ അതിൽ നിന്ന് അകന്നുപോവുകയല്ല.
|
പ്രായോഗികതലത്തിൽ FCRA എങ്ങനെ പ്രവർത്തിക്കുന്നു
ഇന്ത്യയിൽ വിദേശ സംഭാവനകൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഓരോ സംഘടനയ്ക്കും വ്യക്തവും നിയമധിഷ്ഠിതവുമായ ഒരു പ്രക്രിയയാണ് FCRA സ്ഥാപിക്കുന്നത്. ഈ പ്രക്രിയ സുതാര്യവും, പൂർണ്ണമായും ഓൺലൈൻ വഴിയുള്ളതും ഒരുപോലെ ബാധകമാക്കുന്നതുമാണ്.
- രജിസ്ട്രേഷനും മുൻകൂർ അനുമതിയും: വിദേശ സംഭാവനകൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഒരു സംഘടന, കുറഞ്ഞത് മൂന്ന് വർഷമെങ്കിലും പ്രവർത്തന പരിചയമുള്ള സംഘടനകൾക്ക് ലഭ്യമാകുന്ന FCRA രജിസ്ട്രേഷൻ നേടുകയോ, അല്ലെങ്കിൽ ഒരു നിർദ്ദിഷ്ട പദ്ധതിക്കായി പ്രത്യേക മുൻകൂർ അനുമതിക്ക് അപേക്ഷിക്കുകയോ ചെയ്യണം. രണ്ട് രീതികൾക്കും തിരിച്ചറിയൽ രേഖകൾ സമർപ്പിക്കൽ, നിർദ്ദിഷ്ട പ്രവർത്തനങ്ങളുടെ വിവരണങ്ങൾ, ഭാരവാഹികളുടെ വിവരങ്ങൾ വെളിപ്പെടുത്തൽ എന്നിവ ആവശ്യമാണ്.
- മുൻകൂർ അനുമതിയോടെയുള്ള വിദേശ സംഭാവന ഗഡുക്കളായി നൽകൽ: വൻതുകയുടെ വിദേശ സംഭാവനകൾ ഗഡുക്കളായി വേണം അനുവദിക്കാൻ; അടുത്ത ഗഡു അനുവദിക്കുന്നതിന് മുൻപ് ഓരോ ഗഡുവിന്റെയും 75% തുക ഉപയോഗിച്ചതായി പരിശോധിച്ച് ഉറപ്പുവരുത്തണം.
- ഒറ്റയായതും പരിശോധിച്ചുറപ്പിക്കാവുന്നതുമായ എൻട്രി പോയിന്റ്: എല്ലാ വിദേശ സംഭാവനകളും ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹി മെയിൻ ബ്രാഞ്ചിലുള്ള ഒരു നിർദ്ദിഷ്ട FCRA അക്കൗണ്ടിൽ തന്നെ വന്നെത്തണം. ഇത് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ വിദേശ പണത്തിനും ഓഡിറ്റ് ചെയ്യാൻ കഴിയുന്ന ഒരു ഒറ്റ എൻട്രി പോയിന്റ് സൃഷ്ടിക്കുന്നു. ഈ അക്കൗണ്ടിൽ നിന്ന് പദ്ധതികളുടെ നിയമപരമായ ആവശ്യങ്ങൾക്കായി പണം മറ്റ് പ്രവർത്തന അക്കൗണ്ടുകളിലേക്ക് മാറ്റാം. എന്നാൽ ഇതിന്റെ ഉറവിടം ആരംഭിക്കുന്നത് കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന ഈ ഒറ്റ പോയിന്റിൽ നിന്നാണ്.
- പ്രഖ്യാപിച്ച ലക്ഷ്യവും വെളിപ്പെടുത്തിയ ഉപയോഗവും: വിദേശ സംഭാവനകൾ ഏത് ലക്ഷ്യങ്ങൾക്കായാണോ സ്വീകരിക്കുന്നത് ആ ലക്ഷ്യങ്ങൾ സംഘടനകൾ വെളിപ്പെടുത്തേണ്ടതുണ്ട്. അവർ ആ പണം ആ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് തന്നെ ചെലവഴിക്കുകയും വേണം. പ്രതിവർഷം ലഭിക്കുന്ന വിദേശ സംഭാവനയുടെ 20 ശതമാനത്തിൽ കൂടുതൽ തുക ഭരണപരമായ ചെലവുകൾക്കായി ഉപയോഗിക്കാൻ പാടില്ല. ബാക്കി 80 ശതമാനവും ഫണ്ട് ഏത് പ്രവർത്തനങ്ങൾക്കായാണോ ലഭിച്ചത് അതിനായി തന്നെ വിനിയോഗിക്കേണ്ടതാണ്.
- വാർഷിക ഓഡിറ്റ് ചെയ്ത വെളിപ്പെടുത്തൽ: രജിസ്റ്റർ ചെയ്ത ഓരോ സംഘടനയും ഫോം എഫ്.സി-4-ൽ (Form FC-4) ഒരു വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നു; ഇതിൽ ലഭിച്ച തുകകളുടെ പൂർണ്ണമായ ഓഡിറ്റ് ചെയ്ത വിവരങ്ങൾ, ദാതാക്കളുടെ വിവരങ്ങൾ, ഓരോരുത്തരിൽ നിന്നും ലഭിച്ച തുക, പണം എങ്ങനെ ചെലവഴിച്ചു എന്നതിന്റെ വിശദമായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ റിട്ടേണുകൾ fcraonline.nic.in എന്ന ഗവൺമെന്റിന്റെ ഓൺലൈൻ എഫ്.സി.ആർ.എ പോർട്ടലിലാണ് ഫയൽ ചെയ്യേണ്ടത്. അതിനാൽ ഇന്ത്യയുടെ FCRA ഇന്ത്യൻ സംഘടനകൾക്ക് ലഭിക്കുന്ന വിദേശ സംഭാവനകളുടെ പ്രതിവർഷം പുതുക്കപ്പെടുന്ന ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നു.
- പുതുക്കൽ പരിശോധനയോടെയുള്ള അഞ്ച് വർഷത്തെ രജിസ്ട്രേഷൻ: FCRA രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്ക് അഞ്ച് വർഷത്തെ കാലാവധിയുണ്ട്, അവ പുതുക്കേണ്ടതുമുണ്ട്. പുതുക്കുന്നതിന് മുമ്പ് റിപ്പോർട്ടിംഗ് ആവശ്യകതകൾ പാലിച്ചിട്ടുണ്ടോ എന്ന് ഗവൺമെന്റ് പരിശോധിക്കുകയും സംഘടന സജീവമാണെന്നും പ്രഖ്യാപിച്ചതുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുകയും ചെയ്യുന്നു. രജിസ്ട്രേഷൻ ചട്ടക്കൂട് പ്രാദേശിക തലത്തിലെ യഥാർത്ഥ സാഹചര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു സാധാരണ പരിശോധനയാണിത്. കാലാവധി പൂർത്തിയാകുന്ന തീയതിക്ക് മുമ്പ് പുതുക്കിയില്ലെങ്കിൽ രജിസ്ട്രേഷന്റെ സാധുത സ്വയം റദ്ദാകും.
- അയോഗ്യരായ വിഭാഗങ്ങളുടെ വ്യക്തവും പരിമിതവുമായ പട്ടിക: വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഒരു ചെറിയ നിശ്ചിത പട്ടികയ്ക്ക് ഒരു കാരണവശാലും വിദേശ സംഭാവനകൾ സ്വീകരിക്കാൻ കഴിയില്ല. ഈ പട്ടിക 1976 മുതൽ അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടരുന്നു; തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ, നിയമസഭാംഗങ്ങൾ, ന്യായാധിപന്മാർ, ഗവൺമെന്റ് ജീവനക്കാർ, വാർത്താ റിപ്പോർട്ടിംഗിൽ ഏർപ്പെട്ടിരിക്കുന്ന പത്ര എഡിറ്റർമാരും പ്രസാധകരും രാഷ്ട്രീയ പാർട്ടികൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ യുക്തി വ്യക്തമാണ്: ഈ വിഭാഗങ്ങൾ ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങളോട് പ്രത്യേക ഉത്തരവാദിത്തങ്ങൾ പുലർത്തുന്നവരാണ്. അത് വിദേശ ഫണ്ട് സ്വീകരിക്കുന്നത് ഒരു പ്രത്യേക സംവേദനക്ഷമതയുള്ള വിഷയമാക്കുന്നു.
- FC സ്വത്തുക്കൾ ഏറ്റെടുക്കൽ: ഇന്നും രജിസ്ട്രേഷൻ റദ്ദാക്കുമ്പോഴോ/ നാമമാത്രമായി ഉപേക്ഷിക്കുമ്പോഴോ/ അവസാനിക്കുമ്പോഴോ വിദേശ സംഭാവനകളും അതിൽ നിന്ന് ഉണ്ടാക്കിയ സ്വത്തുക്കളും എഫ്.സി.ആർ.എയുടെ സെക്ഷൻ 15 പ്രകാരം നിർദ്ദിഷ്ട സംസ്ഥാന ഗവൺമെന്റ് അതോറിറ്റിയിൽ നിക്ഷിപ്തമാകുന്നു — 2010 മുതൽ പ്രാബല്യത്തിലുള്ള ഒരു വ്യവസ്ഥയാണിത്. കഴിഞ്ഞ പതിറ്റാണ്ടിൽ ഏകദേശം 20,000 രജിസ്ട്രേഷനുകൾ റദ്ദാക്കപ്പെടുകയും 15,000 ഓളം രജിസ്ട്രേഷനുകൾ അവസാനിച്ചതായി കണക്കാക്കപ്പെടുകയും ചെയ്തതോടെ, ആയിരക്കണക്കിന് കോടി രൂപയുടെ വിദേശ സംഭാവനകളും സ്വത്തുക്കളും അനിശ്ചിതാവസ്ഥയിലായി; വെറും സെക്ഷൻ 15 പ്രകാരം ഇവ കൈവശം വെക്കാനോ പരിപാലിക്കാനോ കൈകാര്യം ചെയ്യാനോ കഴിയില്ലെന്ന് സംസ്ഥാനങ്ങൾ വ്യക്തമാക്കി.
വിദേശ സംഭാവനകൾ ഏതെല്ലാം കാര്യങ്ങൾക്ക് ഉപയോഗിക്കാം
ഇന്ത്യൻ സമൂഹത്തിലെ ഓരോ മേഖലയിലുമുള്ള നിരവധി പ്രവർത്തനങ്ങൾക്ക് FCRA പ്രകാരം വിദേശ ധനസഹായത്തിന് അർഹതയുണ്ട്. രജിസ്റ്റർ ചെയ്ത സംഘടനകൾക്ക് വിദേശ സംഭാവനകൾ സ്വീകരിക്കാനും വിനിയോഗിക്കാനും കഴിയുന്ന വിഭാഗങ്ങളിൽ ചുവടെ പറയുന്നവയും ഉൾപ്പെടുന്നു:
|
മേഖല
|
അനുമതിയുള്ള പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങൾ
|
|
വിദ്യാഭ്യാസം
|
സ്കൂളുകൾ, കോളേജുകൾ, വൊക്കേഷണൽ പരിശീലനം, സ്കോളർഷിപ്പ് സഹായം, വിദ്യാഭ്യാസ ഗവേഷണം, ലൈബ്രറികൾ, മുതിർന്നവർക്കുള്ള സാക്ഷരതാ പരിപാടികൾ
|
|
ആരോഗ്യപരിപാലനം
|
ആശുപത്രികൾ, ക്ലിനിക്കുകൾ, മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ, മാതൃ-ശിശു സംരക്ഷണം, കമ്മ്യൂണിറ്റി ആരോഗ്യ വിദ്യാഭ്യാസം, ഭിന്നശേഷി സഹായം
|
|
ഗ്രാമീണ വികസനം
|
വാട്ടർഷെഡ് വികസനം, ഉപജീവന മാർഗ്ഗങ്ങൾക്കുള്ള സഹായം, കാർഷിക വിപുലീകരണം, ശുചിത്വം, കുടിവെള്ള ലഭ്യത, ഭവന നിർമ്മാണം
|
|
സാമൂഹിക ക്ഷേമം
|
ഭിന്നശേഷിയുള്ളവർക്കുള്ള സഹായം, വയോജന സംരക്ഷണം, ശിശുക്ഷേമം, വനിതാ ശാക്തീകരണം, പുനരധിവാസ പരിപാടികൾ
|
|
പരിസ്ഥിതി
|
പരിസ്ഥിതി സംരക്ഷണ സംരംഭങ്ങൾ, വനവൽക്കരണം, ഹരിത ഊർജ്ജം, മലിനീകരണ നിയന്ത്രണം, വന്യജീവി സംരക്ഷണം, പരിസ്ഥിതി ഗവേഷണം
|
|
സംസ്കാരവും പൈതൃകവും
|
സാംസ്കാരിക പൈതൃക സംരക്ഷണം, നാടൻ കലകൾ, പരമ്പരാഗത അറിവുകൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, മ്യൂസിയങ്ങളും ആർക്കൈവുകളും
|
|
ആശ്വാസവും പുനരധിവാസവും
|
ദുരന്ത നിവാരണം, അടിയന്തിര രക്ഷാപ്രവർത്തനം, ദുരന്താനന്തര പുനരധിവാസം, പുനരധിവാസ സഹായം
|
|
മതാധിഷ്ഠിത ക്ഷേമം
|
ആരാധനാലയങ്ങളുടെ പരിപാലനം, മതബോധനം, ധാർമ്മിക ഉപദേശം, ധ്യാന പരിപാടികൾ, വിശ്വാസ പാരമ്പര്യങ്ങളുടെ സംരക്ഷണം
|
|
ശാസ്ത്രീയ ഗവേഷണം
|
ഗവേഷണ സ്ഥാപനങ്ങൾ, ലബോറട്ടറികൾ, അക്കാദമിക് സഹകരണങ്ങൾ, പ്രസിദ്ധീകരണവും അറിവ് പ്രചരിപ്പിക്കലും
|
2026-ലെ ഭേദഗതി: എന്തൊക്കെയാണ് കൂട്ടിച്ചേർത്തത്
വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ 2026 മാർച്ച് 25-ന് ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടു. നിലവിൽ അത് പാർലമെന്റിന്റെ പരിഗണനയിലാണ്. അതേസമയം പുതുക്കിയ FCRA ചട്ടങ്ങൾ 2026 ജൂൺ 22-ന് വിജ്ഞാപനം ചെയ്യപ്പെടുകയും പ്രാബല്യത്തിൽ വരികയും ചെയ്തു. വർഷങ്ങളായി ഈ നിയമത്തിന്റെ നടത്തിപ്പിൽ ഉയർന്നുവന്ന നിർദ്ദിഷ്ട പ്രവർത്തനപരമായ വിടവുകൾ ഇവ രണ്ടും ചേർന്നുകൊണ്ട് പരിഹരിക്കുന്നു. 2010 മുതൽ നിലവിലുള്ള അതേ ചട്ടക്കൂടിൽ ഉറച്ചുനിന്നുകൊണ്ട് ഈ മാറ്റങ്ങൾ ഭരണപരവും ഭരണനിർവ്വഹണപരവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ്.
2026-ലെ ഭേദഗതി ബിൽ — പാർലമെന്റിന്റെ പരിഗണനയിൽ
|
നിർദ്ദിഷ്ട അതോറിറ്റി
|
വളരെക്കാലമായുള്ള ഒരു പോരായ്മ: FC സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനുള്ള വ്യവസ്ഥ 2010 മുതൽ സെക്ഷൻ 15 പ്രകാരം നിലവിലുണ്ടായിരുന്നുവെങ്കിലും ഇത്തരം സ്വത്തുക്കളുടെ കസ്റ്റഡി എടുക്കുന്നതിനോ പരിപാലിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഉള്ള വിശദമായ ഒരു ചട്ടക്കൂട് നിയമം നൽകിയിരുന്നില്ല. 2026-ലെ ബിൽ ആ നടപടിക്രമം വാഗ്ദാനം ചെയ്യുന്നു.
|
|
താത്കാലികമായുള്ള ഏറ്റെടുക്കൽ
|
രജിസ്ട്രേഷൻ അവസാനിക്കുമ്പോൾ സ്വത്തുക്കൾ താത്കാലികമായി നിർദ്ദിഷ്ട അതോറിറ്റിയിൽ നിക്ഷിപ്തമാകുന്നു. സംഘടന അതിന്റെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുകയാണെങ്കിൽ എല്ലാ സ്വത്തുക്കളും ഉപയോഗിക്കാത്ത ഫണ്ടും പൂർണ്ണമായി തിരികെ നൽകും. (സമാനമായ ഒരു വ്യവസ്ഥ 2010 മുതൽ പ്രാബല്യത്തിലുണ്ട്; നിലവിൽ പ്രായോഗികമായി, FC സ്വത്തുക്കൾ പൂർണ്ണമായി ഏറ്റെടുക്കുന്നത് താത്കാലികം മാത്രമാണ്.)
|
|
സ്ഥിരമായുള്ള ഏറ്റെടുക്കൽ
|
നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ സംഘടന അതിന്റെ രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ മാത്രമേ സ്വത്തുക്കൾ സ്ഥിരമായി ഏറ്റെടുക്കുകയുള്ളൂ. അപ്പോൾ പോലും വിൽപനയിൽ നിന്നുള്ള വരുമാനം ഇന്ത്യയുടെ സഞ്ചിത നിധിയിലേക്ക് നിക്ഷേപിച്ചുകൊണ്ട് അവ പൊതു ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നു. ഒരു ഉദ്യോഗസ്ഥനും ഇതിന്റെ വ്യക്തിപരമായ ആനുകൂല്യം ലഭിക്കില്ല. (താത്കാലികമായി ഏറ്റെടുക്കൽ അനിശ്ചിതകാലത്തേക്ക് തുടരുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇത് കൊണ്ടുവരേണ്ടി വന്നത്.)
|
|
ആരാധനാലയങ്ങളുടെ സംരക്ഷണം
|
ഏതൊരു ആരാധനാലയത്തിന്റെയും മതപരമായ സ്വഭാവം സംരക്ഷിക്കാൻ നിർദ്ദിഷ്ട അതോറിറ്റിക്ക് നിയമപരമായി വ്യവസ്ഥയുണ്ട്. അതൊരു മതസ്ഥാപനത്തെ മാറ്റാനോ പുനർനിർണ്ണയം ചെയ്യാനോ മതേതരമാക്കാനോ പാടില്ല.
|
|
പുനഃപരിശോധനയും കോടതി അപ്പീലും
|
നിർദ്ദിഷ്ട അതോറിറ്റിയുടെ ഉത്തരവിൽ വിഷമമുള്ള ഏതൊരു സംഘടനയ്ക്കും 90 ദിവസത്തിനുള്ളിൽ പുനഃപരിശോധന അപേക്ഷ നൽകാം. കൂടാതെ ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ കോടതിയെ സമീപിക്കാനുള്ള അപ്പീൽ അവകാശവുമുണ്ട്. നീതിന്യായ മേൽനോട്ടം ഇതിൽ കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
|
|
സ്വമേധയാ ഉള്ള അവസാനിക്കൽ (നിർദ്ദിഷ്ട സെക്ഷൻ 14B)
|
കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പുതുക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വയം അവസാനിക്കും എന്നതി വ്യക്തത നൽകുന്നു. ഒരു സർട്ടിഫിക്കറ്റ് കാലാവധി കഴിയുമ്പോൾ സംഘടനകളുടെ നിയമപരമായ പദവിയെക്കുറിച്ചുള്ള മുൻകാല ഭരണപരമായ അસ્પഷ്ടതകൾ ഇത് നീക്കം ചെയ്യുന്നു. (ഈ ഭേദഗതിക്ക് മുൻപും വസ്തുതാപരമായ നിലപാട് ഇത് തന്നെയായിരുന്നു, കൂടാതെ കൂടുതൽ വ്യക്തത നൽകുന്നതിന് വേണ്ടി മാത്രമുള്ളതാണ് ഈ ഭേദഗതി.)
|
|
യുക്തിസഹമായ ശിക്ഷ
|
FCRA ലംഘനങ്ങൾക്കുള്ള പരമാവധി തടവുശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ചു. ഇത് ആനുപാതികവും സന്തുലിതവുമായ ഒരു നിയമ നിർവ്വഹണ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നു.
|
|
ഏകീകൃത അന്വേഷണങ്ങൾ
|
FCRA പ്രകാരം അന്വേഷണങ്ങൾ ആരംഭിക്കുന്നതിന് മുൻപ് സംസ്ഥാന ഗവൺമെന്റുകളും ഏജൻസികളും കേന്ദ്ര ഗവൺമെന്റിന്റെ അനുമതി നേടിയിരിക്കണം; ഇത് ഒരു കേന്ദ്ര നിയമത്തിന് കീഴിലുള്ള സമാന്തരമോ വൈരുദ്ധ്യമുള്ളതോ ആയ നടപടികൾ തടയുന്നു.
|
2026-ലെ ഭേദഗതി ചട്ടങ്ങൾ - വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലുള്ളതും
|
പ്രവർത്തനത്തിനും സംസ്ഥാനത്തിനും മാത്രമായുള്ള രജിസ്ട്രേഷൻ
|
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഇനി മുതൽ വിപുലമായ വിഭാഗങ്ങൾക്ക് പകരം, നിർദ്ദിഷ്ട പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത കൃത്യമായ ലക്ഷ്യവും (ലക്ഷ്യങ്ങളും) പ്രവർത്തന സംസ്ഥാനവും/കേന്ദ്രഭരണ പ്രദേശവും വ്യക്തമായി രേഖപ്പെടുത്തണം. നിലവിലുള്ള സംഘടനകൾക്ക് അവർ നിലനിർത്താൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ/സംസ്ഥാനങ്ങൾ ഏതെല്ലാമെന്ന് അറിയിക്കാൻ ഒരു വർഷത്തെ സമയമുണ്ട്. ഇത് വിശാലമായ അനുമതികൾക്ക് പകരം കൃത്യവും നിരീക്ഷിക്കാൻ കഴിയുന്നതുമായ അംഗീകാരങ്ങൾ നൽകുന്നു.
|
|
വിശ്വാസാധിഷ്ഠിത പ്രവർത്തനങ്ങൾ
|
അനുവദനീയമായ മതപരമായ ലക്ഷ്യങ്ങൾ ഇപ്പോൾ ചട്ടങ്ങളിൽ കൃത്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്; ഇത് വിദേശ ധനസഹായത്തിന് അർഹതയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാ സമുദായങ്ങളിലുമുള്ള വിശ്വാസാധിഷ്ഠിത സംഘടനകൾക്ക് വ്യക്തത നൽകുന്നു.
|
|
പുതുക്കുന്നതിനുള്ള മിനിമം വിനിയോഗം
|
FCRA രജിസ്ട്രേഷൻ പുതുക്കുന്ന സന്നദ്ധ സംഘടനകൾ (NGO) മുൻപത്തെ രണ്ട് വർഷത്തെ കാലയളവിൽ വിദേശ സംഭാവനയായി കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിനിയോഗിച്ചിട്ടുണ്ടെന്ന് തെളിയിക്കണം. സജീവമായി പ്രവർത്തിക്കുന്ന സംഘടനകൾ തന്നെയാണ് നിലവിലുള്ള രജിസ്ട്രേഷൻ കൈവശം വച്ചിരിക്കുന്നത് എന്ന് ഇത് ഉറപ്പാക്കുന്നു.
|
|
മെച്ചപ്പെടുത്തിയ റിപ്പോർട്ടിംഗ്
|
വാർഷിക റിട്ടേണുകളിൽ ഇനി പ്രോജക്ട് അധിഷ്ഠിതവും പ്രവർത്തന അധിഷ്ഠിതവുമായ വിനിയോഗ വിവരങ്ങൾ, സംഘടനയുടെ വെബ്സൈറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വെളിപ്പെടുത്തൽ, കൂടാതെ ഇടനില ചാനലുകളിലൂടെയാണ് ഫണ്ട് എത്തുന്നതെങ്കിൽ പോലും യഥാർത്ഥ വിദേശ ദാതാവിന്റെ പൂർണ്ണ വിവരങ്ങൾ എന്നിവ ഉൾപ്പെടും.
|
ഇന്ത്യയും ലോകവും: പൊതുവായ ആഗോള രീതി
വിദേശ സംഭാവനകളും വിദേശ സ്വാധീനങ്ങളും നിയന്ത്രിക്കുക എന്നത് ഇന്ത്യയുടെ മാത്രം പ്രത്യേകമായ ഒരു സമീപനമല്ല. കഴിഞ്ഞ പതിറ്റാണ്ടിൽ ലോകത്തിലെ പ്രമുഖ ജനാധിപത്യ രാജ്യങ്ങളിലുടനീളമുള്ള ഗവൺമെന്റുകൾ വിദേശ ധനസഹായം, വിദേശ ലോബിയിംഗ്, വിദേശ സ്വാധീന പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന ചട്ടക്കൂടുകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണമില്ലാതെ വരുമ്പോൾ വിദേശ പണത്തിന് ജനാധിപത്യ സ്ഥാപനങ്ങളെയും തിരഞ്ഞെടുപ്പ് പ്രക്രിയകളെയും പൊതുജന ചർച്ചകളെയും ബാധിക്കാൻ കഴിയും എന്ന ആശങ്ക ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. കൂടാതെ ഗവൺമെന്റുകൾ നിയമനിർമ്മാണങ്ങളിലൂടെ ഇതിനോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
താരതമ്യപ്പെടുത്താവുന്ന ജനാധിപത്യ രാജ്യങ്ങൾ വിദേശ സ്വാധീനത്തെയും വിദേശ ധനസഹായത്തെയും എങ്ങനെ നിയന്ത്രിക്കുന്നു എന്നതിന്റെ ഒരു താരതമ്യ അവലോകനം ചുവടെ നൽകുന്നു:
|
രാജ്യം / കൂട്ടായ്മ
|
നിയമവും വർഷവും
|
എന്താണ് ആവശ്യപ്പെടുന്നത്
|
നിയമ നിർവ്വഹണം
|
|
അമേരിക്ക
|
ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട് (FARA), 1938
|
രാഷ്ട്രീയ പ്രവർത്തനം, ലോബിയിംഗ്, പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ ഫണ്ട് വിതരണം എന്നിവയിൽ ഒരു "വിദേശ പ്രിൻസിപ്പലിന്റെ" നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഏതൊരാളും നീതിന്യായ വകുപ്പിൽ രജിസ്റ്റർ ചെയ്യുകയും വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യണം; കൃത്യമായ ഇടവേളകളിൽ പൊതു ഫയലിംഗുകൾ നടത്തണം.
|
ക്രിമിനൽ, സിവിൽ പിഴകൾ; രേഖകളുടെ പരിശോധന; അടുത്തിടെ കുറഞ്ഞ രീതിയിലല്ല, മറിച്ച് കൂടുതൽ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
|
|
ഓസ്ട്രേലിയ
|
ഫോറിൻ ഇൻഫ്ലുവൻസ് ട്രാൻസ്പേരൻസി സ്കീം ആക്ട്, 2018
|
രാഷ്ട്രീയമോ ഭരണപരമോ ആയ സ്വാധീനത്തിനായി ഒരു വിദേശ പ്രിൻസിപ്പലിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളുടെയോ ക്രമീകരണങ്ങളുടെയോ രജിസ്ട്രേഷൻ; മുൻ മുതിർന്ന മന്ത്രിമാർക്ക് ആജീവനാന്ത രജിസ്ട്രേഷൻ ചുമതല.
|
രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടൽ, തെറ്റായ വിവരങ്ങൾ നൽകൽ, അല്ലെങ്കിൽ രേഖകൾ നശിപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ കുറ്റങ്ങൾ.
|
|
യുണൈറ്റഡ് കിംഗ്ഡം
|
ഫോറിൻ ഇൻഫ്ലുവൻസ് രജിസ്ട്രേഷൻ സ്കീം, നാഷണൽ സെക്യൂരിറ്റി ആക്ട് 2023 (2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ)
|
രണ്ട് തലത്തിലുള്ള രജിസ്ട്രേഷൻ: ഒരു വിദേശ ശക്തിയുമായുള്ള ഏതൊരു "രാഷ്ട്രീയ സ്വാധീന" ക്രമീകരണവും കൂടാതെ നിർദ്ദിഷ്ട രാജ്യങ്ങൾക്കായി (നിലവിൽ റഷ്യ, ഇറാൻ) കൂടുതൽ "കർശന നിയന്ത്രണ തലം"
|
2 വർഷം വരെ തടവ് (രാഷ്ട്രീയ സ്വാധീന തലം) അല്ലെങ്കിൽ 5 വർഷം വരെ തടവ് (കർശന നിയന്ത്രണ തലം).
|
|
കാനഡ
|
ഫോറിൻ ഇൻഫ്ലുവൻസ് ട്രാൻസ്പേരൻസി ആൻഡ് അക്കൗണ്ടബിലിറ്റി ആക്ട്, 2024
|
ആശയവിനിമയം, പണം വിതരണം ചെയ്യൽ അല്ലെങ്കിൽ പ്രചാരണം എന്നിവയിലൂടെ കനേഡിയൻ രാഷ്ട്രീയ അല്ലെങ്കിൽ ഭരണ പ്രക്രിയകളെ സ്വാധീനിക്കുന്നതിന് ഒരു "വിദേശ പ്രിൻസിപ്പലുമായി" ഉണ്ടാക്കുന്ന ക്രമീകരണങ്ങളുടെ പൊതു രജിസ്ട്രി.
|
1 ദശലക്ഷം കനേഡിയൻ ഡോളർ വരെ ഭരണപരമായ പിഴകൾ; ഗുരുതരമായ ലംഘനങ്ങൾക്കുള്ള ക്രിമിനൽ ശിക്ഷകൾ.
|
|
യൂറോപ്യൻ യൂണിയൻ
|
മൂന്നാം രാജ്യങ്ങൾക്ക് വേണ്ടിയുള്ള താല്പര്യ പ്രകടനങ്ങളുടെ സുതാര്യത സംബന്ധിച്ച നിർദ്ദിഷ്ട നിർദ്ദേശം (ഡിഫൻസ് ഓഫ് ഡെമോക്രസി പാക്കേജ്, 2023–)
|
ഇ.യു ഇതര ഗവൺമെന്റുകൾക്ക് വേണ്ടി നടത്തുന്ന ലോബിയിംഗിനോ പ്രചാരണങ്ങൾക്കോ വേണ്ടി 27 അംഗരാജ്യങ്ങളിലും ദേശീയ സുതാര്യത രജിസ്ട്രികൾ.
|
ചർച്ചകൾ നടന്നുവരുന്നു
|
|
ഇന്ത്യ
|
വിദേശ സംഭാവന (നിയന്ത്രണ) നിയമം, 2010 (1976-ലെ നിയമത്തിൽ അധിഷ്ഠിതം)
|
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ അല്ലെങ്കിൽ മുൻകൂർ അനുമതി; ഒരു നിർദ്ദിഷ്ട ബാങ്ക് അക്കൗണ്ട്; വാർഷിക വെളിപ്പെടുത്തൽ; സ്വീകർത്താക്കളുടെയും പ്രവർത്തനങ്ങളുടെയും നിർദ്ദിഷ്ട പട്ടികയിലെ നിയന്ത്രണങ്ങൾ.
|
സസ്പെൻഷൻ അല്ലെങ്കിൽ റദ്ദാക്കൽ, കൂടാതെ ഉചിതമായ കേസുകളിൽ ക്രിമിനൽ നടപടികൾ.
|
ഈ പട്ടികയിലുടനീളം ശ്രദ്ധേയമായിരിക്കുന്നത് പൊതുവായ രൂപകൽപ്പനയാണ്. ആഭ്യന്തര കാര്യങ്ങളെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ള വിദേശ ധനസഹായം ഒരു സ്ഥാപനം സ്വീകരിക്കുമ്പോഴുള്ള രജിസ്ട്രേഷന്റെയോ വെളിപ്പെടുത്തലിന്റെയോ ആവശ്യകത. ഓരോന്നും ഒരു പൊതുരേഖ സൂക്ഷിക്കുന്നു. ഓരോന്നും നിയമം പാലിക്കാത്തതിന് പിഴ ചുമത്തുന്നു. പുതിയ ഭരണപരമായ വെല്ലുവിളികൾക്ക് മറുപടിയായി ഓരോന്നും അതിന്റെ നിയമനിർമ്മാണ ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
വിദേശ പണമോ നിർദ്ദേശങ്ങളോ സ്ഥാപനപരമായ ബന്ധങ്ങളോ ആഭ്യന്തര പൊതു പ്രക്രിയകളെ ബാധിച്ചേക്കാവുന്നിടത്ത് ജനാധിപത്യ രാജ്യങ്ങൾ വർധിച്ച തോതിൽ സുതാര്യത ആവശ്യപ്പെടുന്നു. കൂടാതെ വിവരങ്ങൾ മറച്ചുവെക്കുന്നതിനോ അനുസരിക്കാത്തതിനോ ഉള്ള ശിക്ഷകളും അവ വ്യവസ്ഥ ചെയ്യുന്നു.
ഇന്ത്യയുടെ FCRA ഈ ആഗോള നിയമ ചട്ടക്കൂടുകൾക്കിടയിൽ സൗകര്യപ്രദമായി പൊരുത്തപ്പെടുന്നു. ഈ വിദേശ സ്വാധീന നിയമങ്ങളിൽ പലതും അടുത്തകാലത്താണ് നിലവിൽ വരികയോ കാര്യമായി ശക്തിപ്പെടുത്തപ്പെടുകയോ ചെയ്തത്. കുറഞ്ഞ സുതാര്യതയ്ക്ക് പകരമായി കൂടുതൽ സുതാര്യതയിലേക്കുള്ള ഈ പ്രയാണ ദിശ ഒരു വിപുലമായ ജനാധിപത്യ പൊതുസമ്മതിയെ പ്രതിഫലിപ്പിക്കുന്നു.
|
ഒരു ആഗോള പൊതുസമ്മതി
2024-ൽ പാസാക്കിയ കാനഡയുടെ ഫോറിൻ ഇൻഫ്ലുവൻസ് ട്രാൻസ്പേരൻസി ആൻഡ് അക്കൗണ്ടബിലിറ്റി ആക്ട് അതിന്റെ ആമുഖത്തിൽ രേഖപ്പെടുത്തുന്നത്, 'ഭരണകൂടത്തിന്റെ കാര്യങ്ങളിലെ വിദേശ ഇടപെടലുകൾ കുറയ്ക്കുന്നതിന് വിദേശ സ്വാധീന രജിസ്ട്രികൾ ഒരു അനിവാര്യമായ ഉപകരണമാണെന്ന കാര്യം കാനഡയിലും അതിന്റെ സഖ്യകക്ഷികൾക്കിടയിലും വളർന്നുവരുന്ന ഒരു പൊതുസമ്മതിയാണ്' എന്നാണ്. ഇന്ത്യ 1976 മുതൽ സമാനമായ ഒരു ചട്ടക്കൂട് നിലനിർത്തിപ്പോരുന്നു.
|
ആഗോള പ്രവണത കുറയുന്നില്ല, ത്വരിതപ്പെടുന്നു
FCRA വിമർശനങ്ങൾ നേരിട്ട അതേ വർഷങ്ങളിൽ തന്നെ, ആഗോള പ്രവണത വിദേശ സ്വാധീന നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിലേക്കല്ല, മറിച്ച് കൂടുതൽ ശക്തമാക്കുന്നതിലേക്കാണ് നീങ്ങിയത്:
- യു.കെയുടെ പദ്ധതി തികച്ചും പുതിയതാണ്; അത് 2025 ജൂലൈയിലാണ് പ്രാബല്യത്തിൽ വന്നത്.
- കാനഡയുടെ രജിസ്ട്രി 2024-ൽ നിയമമാക്കപ്പെടുകയും ഇപ്പോഴും നടപ്പിലാക്കിവരികയുമാണ്.
- രഹസ്യ വിദേശ ഇടപെടലുകൾ ഗുരുതരമായ ഒരു പ്രശ്നമാണെന്ന് 81% യൂറോപ്യന്മാരും അഭിപ്രായപ്പെട്ട യൂറോബാരോമീറ്റർ സർവേയെ തുടർന്നാണ് യൂറോപ്യൻ യൂണിയന്റെ (EU) നിർദ്ദേശം വന്നത്.
- കാനഡയുടെ സ്വന്തം നിയമത്തിന്റെ ആമുഖത്തിൽ രേഖപ്പെടുത്തുന്നത്, "പരമാധികാര രാഷ്ട്രങ്ങളുടെ കാര്യങ്ങളിലുള്ള വിദേശ ഇടപെടലുകൾ കുറയ്ക്കുന്നതിന് വിദേശ സ്വാധീന രജിസ്ട്രികൾ അനിവാര്യമായ ഒരു ഉപകരണമാണെന്ന കാര്യത്തിൽ കാനഡയിലും അതിന്റെ സഖ്യകക്ഷികൾക്കിടയിലും വളർന്നുവരുന്ന ഒരു പൊതുസമ്മതിയുണ്ട്" എന്നാണ്.
- ഈ മാതൃകയുടെ യഥാർത്ഥ ശില്പികളായ യു.എസ് 2025-ൽ ഫെഡറൽ ഏജൻസികളോട് അവരുടെ 87 വർഷം പഴക്കമുള്ള FARA നിയമം കുറഞ്ഞ രീതിയിലല്ല, മറിച്ച് കൂടുതൽ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് FCRA ചർച്ച ചെയ്യപ്പെടേണ്ടത്. ഒറ്റപ്പെട്ട ഒരു ഇന്ത്യൻ അപവാദം എന്ന നിലയിലല്ല, മറിച്ച് സ്വന്തം പൊതുജീവിതത്തിന്മേലുള്ള സ്വാധീനങ്ങൾക്ക് ആരാണ് ധനസഹായം നൽകുന്നത് എന്ന് ജനാധിപത്യ രാജ്യങ്ങൾ അറിഞ്ഞിരിക്കണം എന്ന വേഗത്തിൽ വളരുന്ന ആഗോള പൊതുസമ്മതിക്കുള്ളിലെ ഒരു കണ്ണിയായിട്ടാണ്. "എന്തുകൊണ്ടാണ് ഇന്ത്യ വിദേശ ധനസഹായം നിയന്ത്രിക്കുന്നത്?" എന്നതല്ല, മറിച്ച് "എന്തുകൊണ്ടാണ് ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങൾ വർധിച്ച തോതിൽ അങ്ങനെ ചെയ്യുന്നത്, എന്തുകൊണ്ട്, ഇന്ത്യയുടെ ചട്ടക്കൂട് എങ്ങനെ താരതമ്യം ചെയ്യുന്നു?" എന്നതാണ് കൂടുതൽ ഉപകാരപ്രദമായ ചോദ്യം.
മിത്തും വസ്തുതയും
FCRA-യെക്കുറിച്ചുള്ള ചില മിഥ്യാധാരണകൾ അപൂർണ്ണമായ വിവരങ്ങളിൽ നിന്നോ, അല്ലെങ്കിൽ പൂർണ്ണമായ പശ്ചാത്തലത്തിൽ എപ്പോഴും വിശദീകരിക്കപ്പെടാത്ത നിയമത്തിന്റെ ചില നിർദ്ദിഷ്ട വശങ്ങളിൽ നിന്നോ ആണ് ഉണ്ടാകുന്നത്. താഴെ പറയുന്നവ, ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന മിഥ്യാധാരണകളെയും അവയുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളെയും, നിയമം യഥാർത്ഥത്തിൽ എന്താണ് പറയുന്നത് എന്ന് കൃത്യമായി ചൂണ്ടിക്കാണിച്ചുകൊണ്ട് അഭിസംബോധന ചെയ്യുന്നു.
|
മിത്ത്
|
വസ്തുത
|
|
FCRA സന്നദ്ധ സംഘടനകളെ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കുന്നു
|
ഇത് സംഭാവനകൾ സ്വീകരിക്കുന്നത് രജിസ്ട്രേഷനും വെളിപ്പെടുത്തലിനും വിധേയമാക്കുന്നു, FARA, FITS, FIRS, FITAA എന്നിവ ഉപയോഗിക്കുന്ന അതേ രൂപകൽപ്പന തന്നെയാണിത്, ഇവയൊന്നും അന്താരാഷ്ട്രതലത്തിൽ വിലക്കുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നില്ല. 2024-25ൽ ഏകദേശം 16,200 സംഘടനകൾ സജീവമായി രജിസ്റ്റർ ചെയ്യപ്പെടുകയും വിദേശ സംഭാവനയായി 22,963 കോടി രൂപ സ്വീകരിക്കുകയും ചെയ്തു, ഇത് ഒരു വിലക്കിന്റെ ലക്ഷണമേയല്ല.
|
|
വിദേശ ധനസഹായമുള്ള സന്നദ്ധ സംഘടനകളെ നിയന്ത്രിക്കുന്നതിൽ ഇന്ത്യ ഒരു അപവാദമാണ്
|
യു.എസ് (1938), ഓസ്ട്രേലിയ (2018), യുകെ (2025), കാനഡ (2024) എന്നിവയെല്ലാം സമാനമായ നിയമങ്ങൾ നടപ്പിലാക്കുന്നു; യൂറോപ്യൻ യൂണിയൻ (EU) ഇപ്പോൾ ഒരെണ്ണം നിയമമാക്കിക്കൊണ്ടിരിക്കുന്നു.
|
|
FCRA സന്നദ്ധ സംഘടനകളെയും മത സംഘടനകളെയും മാത്രമാണ് ലക്ഷ്യമിടുന്നത്
|
സമാനമായ ആഗോള നിയമങ്ങൾ ലോബിയിസ്റ്റുകൾ, പി.ആർ സ്ഥാപനങ്ങൾ, തിങ്ക് ടാങ്കുകൾ, സർവ്വകലാശാലകൾ, കമ്പനികൾ എന്നിവയെയും, മേഖല ഏതുമാകട്ടെ, ഒരു വിദേശ പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഏതൊരാളെയും ഉൾക്കൊള്ളുന്നു.
|
|
FCRA പ്രത്യേകമായി ഒരു നിശ്ചിത മതത്തെയോ സമൂഹത്തെയോ ലക്ഷ്യമിടുന്നു
|
മതമോ സമുദായമോ പ്രത്യയശാസ്ത്രമോ നോക്കാതെ എല്ലാ സംഘടനകൾക്കും ഈ നിയമം ഒരുപോലെ ബാധകമാണ്. മതബോധനം, ആരാധനാലയങ്ങളുടെ പരിപാലനം, എല്ലാ മതങ്ങളിലുമുള്ള സംഘടനകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിശ്വാസാധിഷ്ഠിത ക്ഷേമപ്രവർത്തനങ്ങൾക്ക് വിദേശ ധനസഹായത്തിന് അർഹത തുടരുന്നു.
|
|
FCRA പ്രകാരം രജിസ്റ്റർ ചെയ്യുന്നത് ഒരു സംഘടനയ്ക്ക് ചെയ്യാൻ അനുവാദമുള്ള കാര്യങ്ങളിൽ മാറ്റം വരുത്തുന്നു
|
യുകെ ഗവൺമെന്റ് തങ്ങളുടെ സമാന പദ്ധതിയെക്കുറിച്ച് പ്രസ്താവിക്കുന്നത് പോലെ, രജിസ്ട്രേഷന് പ്രവർത്തനങ്ങളുടെ മുൻകൂർ അനുമതി ആവശ്യമില്ല — അവ പരസ്യമായി നടക്കണമെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. ഈ തത്വം തന്നെയാണ് ഇന്ത്യയുടെ ചട്ടക്കൂടിന്റെയും അടിസ്ഥാനം.
|
|
2026-ലെ ഭേദഗതികൾ പ്രകാരം ഗവൺമെന്റിന് ഒരു സന്നദ്ധ സംഘടനയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ കഴിയും
|
ഒരു സംഘടനയുടെ രജിസ്ട്രേഷൻ നിയമപരമായി അവസാനിച്ചാൽ മാത്രമാണ് വിദേശ സംഭാവനകളിൽ നിന്ന് ഉണ്ടാക്കിയ സ്വത്തുക്കൾ നിർദ്ദിഷ്ട അതോറിറ്റി പരിപാലിക്കുന്നത്. ഏറ്റെടുക്കൽ ആദ്യഘട്ടത്തിൽ താത്കാലികമാണ്, രജിസ്ട്രേഷൻ പുതുക്കുകയാണെങ്കിൽ പൂർണ്ണമായി തിരികെ നൽകും. കൂടാതെ ആരാധനാലയങ്ങൾ എല്ലാ കേസുകളിലും നിയമപരമായി അവയുടെ മതപരമായ സ്വഭാവം നിലനിർത്തുന്നു. അതോറിറ്റിയുടെ ഉത്തരവുകൾ പുനഃപരിശോധനയ്ക്കും ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ കോടതിയിലുള്ള അപ്പീലിനും വിധേയമാണ്.
|
|
FCRA രജിസ്റ്റർ ചെയ്ത സംഘടനകളിലെ പ്രധാന ചുമതലകളിൽ നിന്ന് വിദേശ പൗരന്മാരെ നിയന്ത്രിക്കുന്നത് അമിതമാണ്
|
ഇന്ത്യയിൽ വിദേശ സംഭാവനകൾ സ്വീകരിക്കുന്ന സംഘടനകളെ ഭരിക്കുന്നത് ഇന്ത്യയുമായി ബന്ധം തെളിയിക്കപ്പെട്ട വ്യക്തികളാണെന്ന് ഈ വ്യവസ്ഥ ഉറപ്പാക്കുന്നു — ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായ വിദേശ സ്വാധീനം തടയുക എന്ന നിയമത്തിന്റെ പ്രധാന ലക്ഷ്യത്തിന് അനുസൃതമാണിത്.
|
|
FCRA രജിസ്ട്രേഷൻ റദ്ദാക്കുന്നത് എപ്പോഴും സംഘടന തെറ്റായ എന്തെങ്കിലും ചെയ്തുവെന്നാണ് അർത്ഥമാക്കുന്നത്
|
അങ്ങനെയാകണമെന്നില്ല. വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യാതിരിക്കൽ, കാലാവധി തീരുന്നതിന് മുമ്പ് പുതുക്കാതിരിക്കൽ, അല്ലെങ്കിൽ നിർദ്ദിഷ്ട അക്കൗണ്ടുകൾ നിലനിർത്തുന്നതിൽ പരാജയപ്പെടൽ എന്നിവയിൽ നിന്ന് ഉയർന്നുവരുന്ന ഭരണപരമായ കാരണങ്ങളാൽ നിരവധി റദ്ദാക്കലുകളും പുതുക്കാതിരിക്കലുകളും ഉണ്ടാകുന്നുണ്ട്. ഏതൊരു റദ്ദാക്കലും പുനഃപരിശോധിക്കാൻ കോടതികൾക്ക് പൂർണ്ണ അധികാരമുണ്ട്.
|
|
സംസ്ഥാന തലത്തിലുള്ള FCRA അന്വേഷണങ്ങൾക്ക് മുമ്പ് കേന്ദ്ര ഗവൺമെന്റിന്റെ അനുമതി വേണമെന്ന് ആവശ്യപ്പെടുന്നത് സംസ്ഥാന സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാണ്
|
വിദേശ ബന്ധങ്ങളെയും ദേശീയ സുരക്ഷയെയും കൈകാര്യം ചെയ്യുന്ന ഒരു കേന്ദ്ര നിയമമാണ് FCRA. ഇവ പാർലമെന്റിന്റെ സവിശേഷ നിയമനിർമ്മാണ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളാണ്. ഏകീകൃത അംഗീകാരം ഒരൊറ്റ കേന്ദ്ര ചട്ടക്കൂടിന് കീഴിലുള്ള സമാന്തരമോ പരസ്പരവിരുദ്ധമോ ആയ അന്വേഷണങ്ങൾ തടയുകയും മറ്റ് കേന്ദ്ര നിയമങ്ങളിലെ സമാന വ്യവസ്ഥകൾക്ക് അനുസൃതമായി നിൽക്കുകയും ചെയ്യുന്നു.
|
|
FCRAയിൽ രജിസ്റ്റർ ചെയ്ത സംഘടനകളാണ് ഇന്ത്യയിലെ സന്നദ്ധ മേഖലയുടെ ഭൂരിഭാഗത്തെയും പ്രതിനിധീകരിക്കുന്നത്
|
മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പ്രവർത്തിക്കുന്ന മുഴുവൻ സന്നദ്ധ സംഘടനകളിൽ ചെറിയൊരു ശതമാനം മാത്രമാണ് FCRA-യിൽ രജിസ്റ്റർ ചെയ്ത സംഘടനകൾ (ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകൾക്കെതിരെ സജീവമായ FCRA ഡാറ്റാബേസ് ഏകദേശം 14,500 ആണ്). നിയമം ലക്ഷ്യമിടുന്നത് വിദേശ ഫണ്ട് ലഭിക്കുന്ന പ്രത്യേക ചാനലിനെയാണ്, അല്ലാതെ പൊതുസമൂഹത്തെയാകെ അല്ല.
|
|
രജിസ്ട്രേഷൻ നിലനിർത്തുന്നതിനുള്ള ഏറ്റവും കുറഞ്ഞ ഉപയോഗ ആവശ്യകത യഥാർത്ഥ ഉദ്ദേശ്യത്തിന് അനുയോജ്യമല്ല
|
10 ലക്ഷം രൂപയുടെ കുറഞ്ഞ ഉപയോഗ ആവശ്യകത നിലവിലുള്ള FCRA രജിസ്ട്രേഷനുകൾ സജീവമായി പ്രവർത്തിക്കുന്ന സംഘടനകൾക്കാണെന്ന് ഉറപ്പാക്കുന്നു. പ്രഖ്യാപിത പ്രവർത്തനങ്ങളൊന്നും നടത്താതെ നിർജ്ജീവമായിരിക്കുന്ന സ്ഥാപനങ്ങൾ രജിസ്ട്രേഷൻ കൈവശം വെക്കുന്നതും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള നിയമപരമായ ശേഷി നിലനിർത്തുന്നതും ഇത് തടയുന്നു.
|
സുതാര്യമായ ആഗോള പങ്കാളിത്തങ്ങൾക്ക് ഒരു ചട്ടക്കൂട്
വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഗ്രാമീണ ക്ഷേമം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം ഉൾപ്പെടെ പല മേഖലകളിലും ഇന്ത്യയുടെ വികസനത്തെ പിന്തുണയ്ക്കുന്നതിൽ വിദേശ സംഭാവനകൾ അർത്ഥവത്തായ പങ്ക് വഹിക്കുന്നു. ഇന്ത്യ യഥാർത്ഥ അന്താരാഷ്ട്ര പങ്കാളിത്തങ്ങളെ സ്വാഗതം ചെയ്യുകയും ഇത്തരം സംഭാവനകൾ സ്വീകരിക്കാനും വിനിയോഗിക്കാനും കഴിയുന്ന ഒരു നിയമപരമായ ചട്ടക്കൂട് എപ്പോഴും നൽകുകയും ചെയ്തിട്ടുണ്ട്.
വിദേശ സംഭാവന (നിയന്ത്രണ) നിയമമാണ് ആ ചട്ടക്കൂട്. ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന വിദേശ പണം രജിസ്റ്റർ ചെയ്തതും ഉത്തരവാദിത്തമുള്ളതും വെളിപ്പെടുത്തിയതുമായ ഒരു ചാനലിലൂടെയാണ് വരുന്നതെന്ന് ഇത് ഉറപ്പാക്കുന്നു. സംഘടനകൾ തങ്ങൾക്ക് ലഭിക്കുന്നത് എന്താണെന്നും അത് എങ്ങനെ ചെലവഴിക്കുന്നുവെന്നും കണക്കുബോധിപ്പിക്കേണ്ടതുണ്ട്. ഇത് ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രണമില്ലാത്ത വിദേശ സാമ്പത്തിക സ്വാധീനത്തിന്റെ അപകടസാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നു. രാജ്യത്തിന്റെ ഓരോ കോണിലും നിയമാനുസൃതവും സ്വാധീനമുള്ളതുമായ പ്രവർത്തനങ്ങൾ നടത്താൻ ആയിരക്കണക്കിന് സംഘടനകളെ പ്രാപ്തരാക്കിക്കൊണ്ട് തന്നെയാണ് ഇതെല്ലാം ചെയ്യുന്നത്.
2026-ലെ ഭേദഗതികൾ ഈ ചട്ടക്കൂടിനെ കൂടുതൽ പരിഷ്കരിക്കാനും ശക്തമാക്കാനും പ്രവർത്തനപരമായ വിടവുകൾ പരിഹരിക്കാനും വ്യക്തത മെച്ചപ്പെടുത്താനും നീതിന്യായ പുനഃപരിശോധനയ്ക്കും അപ്പീലിനും വ്യവസ്ഥ ചെയ്യാനും ശിക്ഷകൾ യുക്തിസഹമാക്കാനും ലക്ഷ്യമിടുന്നു. 2026-ലെ ചട്ടങ്ങൾ പ്രാബല്യത്തിലുണ്ട്. കൂടാതെ 2026-ലെ ഭേദഗതി ബിൽ പാർലമെന്റിന്റെ പരിഗണനയിലാണ്. അഞ്ച് പതിറ്റാണ്ടുകൾ പഴക്കമുള്ള ഉത്തരവാദിത്ത ഭരണത്തിന്റെ നിയമനിർമ്മാണ പാരമ്പര്യം ഇവ ഒന്നിച്ചുചേർന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. അമേരിക്ക, യു.കെ, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയും സമാനമായ നിയന്ത്രണ ചട്ടക്കൂടുകൾ അംഗീകരിച്ചിട്ടുണ്ട്. വിദേശ ധനസഹായത്തിലെ സുതാര്യത എന്നത് സന്നദ്ധ മേഖലയ്ക്കുള്ള ഒരു നിയന്ത്രണമല്ല. ഉത്തരവാദിത്തമുള്ളതും മറുപടി പറയാൻ ബാധ്യതയുള്ളതും ജനാധിപത്യപരമായി ആത്മവിശ്വാസമുള്ളതുമായ ഒരു ഭരണനിർവ്വഹണം എങ്ങനെയെന്നതിന്റെ രൂപമാണത്.
|
വിദേശ ധനസഹായത്തിലെ സുതാര്യത നല്ല കാര്യങ്ങൾ ചെയ്യുന്നതിനുള്ള ഒരു തടസ്സമല്ല. ആ പ്രവർത്തനങ്ങളിലുള്ള വിശ്വാസം കെട്ടിപ്പടുക്കുന്നതിന്റെ അടിത്തറയാണത്.
|
അവലംബം
Please See PDF
***
SK
(तथ्य सामग्री आईडी: 150795)
आगंतुक पटल : 9
Provide suggestions / comments