• Sitemap
  • Advance Search
Economy

ഇന്ത്യയിലെ ഖനിത്തൊഴിലാളികളെ ശാക്തീകരിക്കാൻ പുതിയ തൊഴിൽ കോഡുകൾ

प्रविष्टि तिथि: 06 DEC 2025 10:43 AM

പ്രധാന വസ്തുതകൾ

  • പുതിയ തൊഴിൽ കോഡുകൾ ഏകീകൃത മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയും ഖനന മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണം ശക്തിപ്പെടുത്തുകയും അനുസരണം  ലളിതമാക്കുകയും ചെയ്യുന്നു.
  • സൗകര്യപ്രദമായ സമയക്രമം, നിയന്ത്രിത തൊഴിൽ സമയം, ഉറപ്പായ വിശ്രമ ഇടവേളകൾ, ന്യായമായ നഷ്ടപരിഹാരം എന്നിവ വഴി തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുന്നു.
  • വാർഷിക ആരോഗ്യ പരിശോധനകൾ, ഔദ്യോഗികമായി അംഗീകരിച്ച തൊഴിൽജന്യ രോഗങ്ങൾ, മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവ വഴി ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയ്ക്കുള്ള വ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നു.
  • വിശാലമായ കവറേജ്, പോർട്ടബിൾ ആനുകൂല്യങ്ങൾ, തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ശക്തമായ ദീർഘകാല സംരക്ഷണം എന്നിവയിലൂടെ സാമൂഹിക സുരക്ഷ വിപുലീകരിക്കുന്നു.
  • ഏകീകൃത രജിസ്ട്രേഷൻ, കാര്യക്ഷമമായ പരിശോധനകൾ, ഡിജിറ്റൽ പ്രക്രിയകൾ എന്നിവ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നു.

 

ആമുഖം

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ ഇന്ത്യയുടെ ഖനന മേഖലയ്ക്ക് സുപ്രധാന പങ്കുണ്ട്. ഇത് പ്രധാനപ്പെട്ട അസംസ്കൃത വസ്തുക്കൾ, തൊഴിലവസരങ്ങൾ, കയറ്റുമതി പ്രോത്സാഹനം, ​ഗവൺമെന്റിന് വരുമാനം എന്നിവ നൽകുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ തുടർച്ചയായ വളർച്ചയോടെ, ധാതുക്കളുടെയും ഖനന വിഭവങ്ങളുടെയും ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഖനിത്തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കാൻ ഇന്ത്യ ദീർഘകാലമായി ശക്തമായ സുരക്ഷാ സംവിധാനങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. അടുത്തിടെ വരെ, തൊഴിലാളികളുടെ സംരക്ഷണത്തിനായുള്ള അടിസ്ഥാനപരമായ ചട്ടക്കൂട് നൽകിക്കൊണ്ട് 1952-ലെ മൈൻസ് ആക്ട് ബന്ധപ്പെട്ട ചട്ടങ്ങളുമാണ് ഖനന തൊഴിൽ സാഹചര്യങ്ങളെ നിയന്ത്രിച്ചിരുന്നത്. ഇപ്പോൾ അത് ആധുനികവൽക്കരിക്കപ്പെടുകയാണ്. 2020-ലെ തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യ (OSH&WC) കോഡ്, 2020-ലെ സാമൂഹിക സുരക്ഷാ (SS) കോഡ് എന്നിവയുൾപ്പെടെയുള്ള പുതിയ തൊഴിൽ കോഡുകൾ പഴയ മൈൻസ് ആക്ട് ഉൾപ്പെടെ നിരവധി നിയമങ്ങളെ സംയോജിപ്പിച്ചിരിക്കുന്നു.

ഈ പുതിയ കോഡുകൾ ഖനിത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിനും അതോടൊപ്പം ഖനന വ്യവസായത്തിൽ ബിസിനസ് ചെയ്യാനുള്ള എളുപ്പം പ്രോത്സാഹിപ്പിക്കുന്നതിനും പരിവർത്തനാത്മകമായ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നു. ഖനിത്തൊഴിലാളികളുടെ തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയ്ക്കായി നിയമപരമായ മാനദണ്ഡങ്ങളിൽ ഇവ ഏകീകരണം കൊണ്ടുവരുന്നു. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിലൂടെ, ഈ കോഡുകൾ തൊഴിലാളികൾക്ക് മെച്ചപ്പെട്ട അവകാശങ്ങളും സുരക്ഷയും നൽകുന്നു, അതോടൊപ്പം തൊഴിലുടമകൾക്കുള്ള റെഗുലേറ്ററി ഭാരം ലഘൂകരിക്കുകയും ചെയ്യുന്നു.

തൊഴിലാളി സംരക്ഷണത്തിന്റെ പരിണാമം

പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കുന്നതിന് മുമ്പ്, ഖനന മേഖലയെ പ്രധാനമായും 1952-ലെ മൈൻസ് ആക്ടും മറ്റ് പഴയ നിയമങ്ങളുമാണ് നിയന്ത്രിച്ചിരുന്നത്. ഈ ഭരണത്തിൻ കീഴിൽ:

  • സുരക്ഷ, ആരോഗ്യം, തൊഴിൽ സമയം, ക്ഷേമം എന്നിവ നിയന്ത്രിക്കപ്പെടുകയും ഭൂമിക്കടിയിലെയും തുറന്നതുമായ എല്ലാ ഖനികൾക്കും ബാധകമായിരുന്നു.
  • ആരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ വെന്റിലേഷൻ, പൊടി, സ്ഫോടക വസ്തുക്കൾ, യന്ത്രങ്ങൾ എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തി.
  • "ഭൂമിക്ക് മുകളിലുള്ള" തൊഴിൽ സമയം പ്രതിദിനം 9 മണിക്കൂറും "ഭൂഗർഭ തൊഴിലാളികൾക്ക്" 8 മണിക്കൂറും ആയി നിശ്ചയിച്ചിരുന്നു, പരമാവധി പ്രതിവാര തൊഴിൽ സമയം 48 മണിക്കൂറിൽ പരിമിതപ്പെടുത്തി.
  • "ഭൂമിക്ക് മുകളിൽ" 240 ദിവസത്തെ ജോലിക്ക് ശേഷവും "ഭൂമിക്കടിയിൽ" 190 ദിവസത്തെ ജോലിക്ക് ശേഷവും മാത്രമേ വാർഷിക അവധി അനുവദിച്ചിരുന്നുള്ളൂ.
  • 250-ൽ അധികം തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് കാന്റീനുകൾ, പ്രഥമശുശ്രൂഷാ മുറികൾ, ആംബുലൻസ് മുറികൾ, ക്രെഷെകൾ തുടങ്ങിയ ക്ഷേമ സൗകര്യങ്ങൾ ഒരുക്കി.\
  • ഭൂഗർഭ ഖനികളിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കിയിരുന്നു, "ഭൂമിക്ക് മുകളിലുള്ള" ജോലികളിൽ അവർക്ക് പരിമിതികളുണ്ടായിരുന്നു.
  • പ്രവേശന സമയത്ത് മാത്രമേ മെഡിക്കൽ പരിശോധനകൾ ആവശ്യമുള്ളൂ, കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തിയിരുന്നു.
  • പരിശീലനം ആവശ്യമായിരുന്നുവെങ്കിലും നടപ്പാക്കൽ  ദുർബലമായിരുന്നു.
  • PF, ESI, ഗ്രാറ്റുവിറ്റി, പ്രസവാവധി തുടങ്ങിയ ആനുകൂല്യങ്ങൾ ശിഥിലവും പരിധികളെ ആശ്രയിച്ചുള്ളതുമായിരുന്നു. അത്തരം സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ തൊഴിലുടമയുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നതിനാൽ പോർട്ടബിൾ ആയിരുന്നില്ല.
  • മൈൻസ് ഇൻസ്പെക്ടറേറ്റ് സംവിധാനത്തിന് കീഴിലാണ് പരിശോധന നടത്തിയത്.

ഈ വ്യവസ്ഥകൾ പ്രാഥമിക അടിത്തറ നൽകിയെങ്കിലും, അവ ശിഥിലവും കാലഹരണപ്പെട്ടതുമായിരുന്നു. തൊഴിലാളി സുരക്ഷ, സാമൂഹിക സുരക്ഷ, ആഗോളതലത്തിൽ സംയോജിപ്പിച്ച ഒരു സമ്പദ്‌വ്യവസ്ഥയിൽ ബിസിനസ് ചെയ്യാനുള്ള എളുപ്പം എന്നിവയുടെ ആധുനിക മാനദണ്ഡങ്ങളുമായി അവ യോജിച്ചിരുന്നില്ല.

സുരക്ഷിതവും നീതിയുക്തവുമായ തൊഴിലിടങ്ങൾക്കായുള്ള സമഗ്ര പരിഷ്കാരങ്ങൾ

2020-ലെ OSH&WC കോഡ്, 2020-ലെ SS കോഡ് എന്നിവ മുൻ വ്യവസ്ഥകളെ ഏകീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അവ ഇന്ത്യയിലുടനീളം ഏകീകൃത മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു, അനുസരണം ലളിതമാക്കുന്നു, സാമൂഹിക സുരക്ഷാ കവറേജ് വിപുലീകരിക്കുന്നു, തൊഴിലാളി സംരക്ഷണം വർദ്ധിപ്പിക്കുന്നു, കൂടാതെ തൊഴിൽ സാഹചര്യങ്ങളിൽ കൂടുതൽ വഴക്കം നൽകുന്നു.

വഴക്കമുള്ളതും ന്യായയുക്തവുമായ തൊഴിൽ സാഹചര്യങ്ങൾ

  • തൊഴിൽ സമയക്രമത്തിന്റെ വഴക്കം: തൊഴിലാളികളെ ആഴ്ചയിൽ 5 അല്ലെങ്കിൽ 6 ദിവസത്തേക്ക് ജോലിക്ക് നിയമിക്കാം, അതിനനുസരിച്ച് ഒന്നോ രണ്ടോ പ്രതിവാര അവധികൾ അനുവദിക്കും.
  • വിശ്രമ ഇടവേള ഉൾപ്പെടെ പ്രതിദിനം പരമാവധി പത്തര മണിക്കൂർ വരെ തൊഴിൽ സമയം നീട്ടാൻ സാധിക്കും.
  • കുറഞ്ഞത് 30 മിനിറ്റ് വിശ്രമ ഇടവേളയില്ലാതെ ഒരു തൊഴിലാളിയെയും തുടർച്ചയായി അഞ്ച് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിക്കരുത്.
  • "ഭൂഗർഭ, ഭൂമിക്ക് മുകളിലുള്ള" തൊഴിലാളികൾക്ക് പ്രതിദിനം 8 മണിക്കൂർ എന്ന് തൊഴിൽ സമയം ഏകീകരിച്ചു, പരമാവധി പ്രതിവാര മണിക്കൂർ 48 ആയി നിജപ്പെടുത്തി. ഓവർടൈം സാധാരണ വേതനത്തിന്റെ ഇരട്ടി നിരക്കിൽ നൽകും.
  • ഈ വ്യവസ്ഥകൾ തൊഴിലാളികൾക്ക് അനുയോജ്യമായ പ്രതിവാര ഷെഡ്യൂളുകളിലൂടെയും ഉറപ്പുള്ള വിശ്രമ ഇടവേളകളിലൂടെയും മികച്ച സന്തുലിതാവസ്ഥ നൽകുന്നു. ക്ഷീണം തടയുന്നതിലൂടെയും നിയന്ത്രിത തൊഴിൽ സമയം ഉറപ്പാക്കുന്നതിലൂടെയും ന്യായമായ നഷ്ടപരിഹാരം ഉറപ്പുനൽകുന്നതിലൂടെയും അവ ക്ഷേമം മെച്ചപ്പെടുത്തുന്നു.

ആരോഗ്യ, തൊഴിൽ സുരക്ഷാ വ്യവസ്ഥകൾ

  • വാർഷിക ആരോഗ്യ പരിശോധന: ജീവനക്കാർക്ക് ഇപ്പോൾ ഒരു യോഗ്യതയുള്ള മെഡിക്കൽ പ്രാക്ടീഷണർ വഴി സൗജന്യ വാർഷിക ആരോഗ്യ പരിശോധനയ്ക്ക് അർഹതയുണ്ട്; മുമ്പ് ഇത് അഞ്ചോ മൂന്നോ വർഷത്തിലൊരിക്കലായിരുന്നു.
  • തൊഴിൽജന്യ രോഗങ്ങൾ: പുതിയ വ്യവസ്ഥകൾക്ക് കീഴിൽ ആകെ 29 തൊഴിൽജന്യ രോഗങ്ങൾ ‌ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ഇത് തൊഴിലാളികൾക്ക് സൗജന്യ ചികിത്സാ സൗകര്യങ്ങളും നഷ്ടപരിഹാരവും ഉറപ്പാക്കുന്നു.
  • മറ്റ് വ്യവസ്ഥകൾ: ജോലിക്ക് മുമ്പുള്ളതും ഇടയ്ക്കിടെയുള്ളതും രോഗം പിടിപെട്ടതിന് ശേഷമുള്ളതുമായ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കി.

ഈ വ്യവസ്ഥകൾ രോഗങ്ങൾ നേരത്തെ കണ്ടെത്താൻ സഹായിക്കുകയും ചികിത്സാ ചെലവുകൾ കുറയ്ക്കുകയും ആരോഗ്യകരവും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളതുമായ ഒരു തൊഴിൽ ശക്തിയുടെ വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ പ്രതിരോധ ആരോഗ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുകയും ദീർഘകാല തൊഴിൽപരമായ അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

മെച്ചപ്പെട്ട സൗകര്യങ്ങളും അവധിക്കുള്ള അവകാശങ്ങളും

  • ക്ഷേമ സൗകര്യങ്ങൾ: കാന്റീനുകൾ, വിശ്രമ ഷെൽട്ടറുകൾ, ആംബുലൻസ് സൗകര്യങ്ങൾ, ക്രഷെകൾ എന്നിവ സ്ഥാപനങ്ങളിൽ (തൊഴിലാളികളുടെ എണ്ണം 250-ൽ നിന്ന് 100-ഓ അതിലധികമോ ആയി കുറച്ചു, കരാർ തൊഴിലാളികൾ ഉൾപ്പെടെ) നൽകണമെന്ന പ്രധാന ക്ഷേമ ആവശ്യകതകൾ OSH&WC കോഡ് നിലനിർത്തുന്നു.
  • ശമ്പളത്തോടുകൂടിയ അവധിക്കുള്ള അവകാശം: ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു കലണ്ടർ വർഷത്തിൽ 180 ദിവസമോ അതിൽ കൂടുതലോ ജോലി ചെയ്താൽ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട് (മുമ്പ് ഇത് 240 ദിവസമായിരുന്നു).

ഈ നടപടികൾ കൂടുതൽ പിന്തുണ നൽകുന്നതും സൗകര്യപ്രദവുമായ തൊഴിലിടം സൃഷ്ടിക്കുന്നതിലൂടെയും അത്യാവശ്യ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം ശക്തിപ്പെടുത്തുന്നതിലൂടെയും തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നു. മതിയായ വിശ്രമവും വീണ്ടെടുക്കലും അനുവദിച്ചുകൊണ്ട്, ശമ്പളത്തോടുകൂടിയ അവധിക്ക് യോഗ്യത നേടുന്നതിന് ഇത് തൊഴിലാളികൾക്ക് എളുപ്പമാക്കുന്നു.

ശക്തിപ്പെടുത്തിയ സുരക്ഷാ ചട്ടക്കൂട്

  • പരിശീലനവും സർട്ടിഫിക്കേഷനും: യന്ത്രങ്ങൾ, സ്ഫോടകവസ്തുക്കൾ, രാസവസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് നിർബന്ധിത സുരക്ഷാ പരിശീലനവും സർട്ടിഫിക്കേഷനും OSH&WC കോഡ് നിർബന്ധമാക്കുന്നു. സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിലുള്ള സുരക്ഷാ ഡ്രില്ലുകളും നിർബന്ധമാണ്.
  • സുരക്ഷാ സൗകര്യങ്ങളും മാനദണ്ഡങ്ങളും: പൊടി, വാതക നിയന്ത്രണ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തി, സംരക്ഷണ ഉപകരണങ്ങൾ നിർബന്ധമാക്കി. വെന്റിലേഷൻ, പൊടി നിയന്ത്രണം, സ്ഫോടകവസ്തുക്കൾ, യന്ത്രങ്ങൾ എന്നിവയുടെ മാനദണ്ഡങ്ങൾ നവീകരിച്ചു. കൂടാതെ, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുള്ള റെസ്ക്യൂ കേന്ദ്രങ്ങൾ എല്ലാ സ്ഥാപനങ്ങളിലും ഇനി ആവശ്യമാണ്.
  • സുരക്ഷാ കമ്മിറ്റികളുടെ രൂപീകരണം: ഖനികളിൽ (സാധാരണയായി 100 അല്ലെങ്കിൽ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്നിടത്ത്) തൊഴിലുടമയുടെയും തൊഴിലാളികളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന സുരക്ഷാ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തി.

ഈ വ്യവസ്ഥകൾ ഖനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. ഇന്ത്യയിലുടനീളം ഏകീകൃത മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതിലൂടെ, ഇത് തൊഴിലുടമകൾക്കുള്ള അനുസരണാ ആവശ്യകതകൾ കുറയ്ക്കുകയും ബിസിനസ് ചെയ്യാനുള്ള എളുപ്പം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, രാജ്യമെമ്പാടുമുള്ള തൊഴിലാളികൾക്ക് സ്ഥിരവും വിശ്വസനീയവുമായ സുരക്ഷയും ക്ഷേമ സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

സാമൂഹിക സുരക്ഷാ പരിഷ്കാരങ്ങൾ: ക്ഷേമവും അന്തസ്സും വർദ്ധിപ്പിക്കുന്നു 

പുതിയ തൊഴിൽ കോഡുകൾ വ്യക്തമായ അവകാശങ്ങൾ, വിപുലീകരിച്ച കവറേജ്, പോർട്ടബിൾ ആനുകൂല്യങ്ങൾ എന്നിവയിലൂടെ ഖനിത്തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവുമായ സംരക്ഷണം ശക്തിപ്പെടുത്തുന്നു. ഈ മേഖലയിലുടനീളം സുതാര്യതയും ഏകീകൃത ക്ഷേമ മാനദണ്ഡങ്ങളും അവ പ്രോത്സാഹിപ്പിക്കുന്നു.

ശക്തമായ സാമൂഹിക സംരക്ഷണം

  • നിർബന്ധിത നിയമന കത്ത്: ഓരോ ജീവനക്കാരനും ഖനികളിലെ നിയമനത്തിൽ ഇപ്പോൾ ഒരു നിയമന കത്ത് ലഭിച്ചിരിക്കണം; മുമ്പ് അത്തരം വ്യവസ്ഥ ഉണ്ടായിരുന്നില്ല.
  • എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കവറേജ് (ESIC): ഖനിത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇപ്പോൾ രാജ്യവ്യാപകമായി ESIC മെഡിക്കൽ സൗകര്യങ്ങൾ ഉപയോഗിക്കാം; മുമ്പ് ഖനി മാനേജ്മെന്റ് മാത്രമാണ് വൈദ്യസഹായം നൽകിയിരുന്നത്.
  • പ്രൊവിഡന്റ് ഫണ്ട് (PF): 20 അല്ലെങ്കിൽ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന എല്ലാ വ്യവസായങ്ങൾക്കും PF കവറേജ് ബാധകമാണ്.
  • പോർട്ടബിലിറ്റി: ആധാർ-ലിങ്ക്ഡ് രജിസ്ട്രേഷൻ PF, ESI ആനുകൂല്യങ്ങൾ രാജ്യവ്യാപകമായി പോർട്ടബിലിറ്റി  ഉറപ്പാക്കുന്നു.
  • ഗ്രാറ്റുവിറ്റി: അഞ്ച് വർഷത്തെ സേവനത്തിന് ശേഷം ഗ്രാറ്റുവിറ്റി നൽകപ്പെടും, നിശ്ചിതകാല ജീവനക്കാർക്ക് ഒരു വർഷത്തിന് ശേഷവും ഇത് ബാധകമാണ്.
  • സാമൂഹിക സുരക്ഷാ ഫണ്ട്: അസംഘടിത തൊഴിലാളികൾക്കായി ഒരു പ്രത്യേക സാമൂഹിക സുരക്ഷാ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്, ഇത് മുമ്പത്തെ മൈൻസ് ആക്ട് പ്രകാരം നിലവിലുണ്ടായിരുന്നില്ല.
  • കുടുംബത്തിന്റെ പരിഷ്കരിച്ച നിർവ്വചനം: കുടുംബത്തിന്റെ നിർവ്വചനത്തിൽ ഇപ്പോൾ തൊഴിലാളിയുടെ ആശ്രിതരായ മുത്തശ്ശനടക്കമുള്ളവർ ഉൾപ്പെടുന്നു. സാമൂഹിക സുരക്ഷയ്ക്കും ക്ഷേമ ആനുകൂല്യങ്ങൾക്കും അർഹരായ കുടുംബാംഗങ്ങളായി ഔപചാരികമായി അംഗീകരിക്കപ്പെടുന്നു.
  • അധിക ആനുകൂല്യങ്ങൾ: തൊഴിലാളികൾക്ക് പെൻഷൻ, വാർദ്ധക്യ സംരക്ഷണം, തൊഴിൽപരമായ പരിക്ക് നഷ്ടപരിഹാരം എന്നിവ ലഭിക്കുന്നു.

ഈ വ്യവസ്ഥകൾ തൊഴിൽ, വേതനം, നിയമനം, സാമൂഹിക സുരക്ഷ എന്നിവയിൽ സുതാര്യത ഉറപ്പാക്കുന്നതിലൂടെ ജീവനക്കാർക്ക് പ്രയോജനകരമാണ്, ഇത് വേതനത്തെയും തൊഴിൽ സമയത്തെയും കുറിച്ചുള്ള തർക്കങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാൻ സഹായിക്കുന്നു. രാജ്യത്തുടനീളം സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കിക്കൊണ്ട്, ഖനിത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും മെഡിക്കൽ പ്രവേശനം, സാമ്പത്തിക സുരക്ഷിതത്വം, ദീർഘകാല സംരക്ഷണം എന്നിവ മൊത്തത്തിൽ മെച്ചപ്പെടുത്തുന്നു.

സ്ത്രീസുരക്ഷയും യുവജന ക്ഷേമവും

  • സ്ത്രീകളുടെ തൊഴിൽ സമയം: "ഭൂഗർഭ ഖനികൾ" ഉൾപ്പെടെ എല്ലാത്തരം ജോലികളിലും സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഇപ്പോൾ അനുവാദമുണ്ട്. അവരുടെ സമ്മതത്തിന് വിധേയമായും സുരക്ഷ, അവധികൾ, തൊഴിൽ സമയം എന്നിവ സംബന്ധിച്ച വ്യവസ്ഥകൾക്ക് വിധേയമായും അവർക്ക് രാവിലെ 6 മണിക്ക് മുമ്പും വൈകുന്നേരം 7 മണിക്ക് ശേഷവും ജോലി ചെയ്യാം.
  • പ്രസവാനുകൂല്യം: 26 ആഴ്ചത്തെ പ്രസവാവധി ആനുകൂല്യം നൽകുന്നു.
  • ബാലവേല നിരോധനം: 18 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിയമിക്കുന്നത് നിരോധിച്ചിരിക്കുന്നു.

ഇത് സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിലവസരങ്ങൾ വിപുലപ്പെടുത്താനും വിപുലീകരിച്ച പ്രസവാവധി ആനുകൂല്യങ്ങളിലൂടെ അമ്മയുടെ ആരോഗ്യം പിന്തുണയ്ക്കാനും യുവജനങ്ങൾക്ക് സംരക്ഷണം ശക്തിപ്പെടുത്താനും സഹായിക്കുന്നു.

കാര്യക്ഷമമായ അനുസരണവും ബിസിനസ് ചെയ്യാനുള്ള എളുപ്പവും

പുതിയ കോഡുകൾ അനുസരണ പ്രക്രിയകൾ ലളിതമാക്കുകയും ഭരണപരവും നിയമപരവുമായ ഭാരം കുറയ്ക്കുകയും റെഗുലേറ്ററി ആവശ്യകതകൾ കൂടുതൽ സുതാര്യമാക്കുകയും ചെയ്യുന്നു. അവ സുഗമമായ പരിശോധനകൾ, പ്രശ്നങ്ങളുടെ വേഗത്തിലുള്ള പരിഹാരം, ഒരു ഡിജിറ്റൽ അനുസരണ അന്തരീക്ഷം എന്നിവയെ പിന്തുണയ്ക്കുന്നു, ഇത് തൊഴിലുടമകൾക്കും ഖനി മാനേജ്മെന്റിനുമുള്ള പ്രക്രിയകൾ മെച്ചപ്പെടുത്തുന്നു.

  • ഏകീകൃത ഒറ്റ രജിസ്ട്രേഷനും ഒറ്റ വാർഷിക റിട്ടേണും: ഡിജിറ്റൽ രജിസ്ട്രേഷൻ സാധ്യമാക്കുന്നതിലൂടെ ഈ വ്യവസ്ഥകൾ തൊഴിലുടമകളുടെ ഭാരം കുറയ്ക്കുന്നു. കൂടാതെ, ഒരു നിശ്ചിത കാലയളവിന് ശേഷം ഡീംഡ് രജിസ്ട്രേഷൻ അനുവദിക്കുന്നു, മുമ്പ് നിലവിലില്ലാത്ത ഒരു ഓപ്ഷനാണിത്.
  • അനുസരണം കൂടുതൽ എളുപ്പമാക്കുന്നതിന് പൊതു ലൈസൻസുകൾക്കുള്ള പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ചു.
  • എല്ലാ സ്ഥാപനങ്ങൾക്കും ഏകീകൃത വാർഷിക റിട്ടേൺ സമർപ്പിക്കൽ അവതരിപ്പിച്ചു.
  • അനുസരണത്തിനായുള്ള പരിശോധനാ പരിഷ്കാരങ്ങൾ: ഇൻസ്പെക്ടിംഗ് ഓഫീസർമാരുടെ പങ്ക് ഇൻസ്പെക്ടർ-കം-ഫെസിലിറ്റേറ്റർമാർ ആയി പുനർനിർവചിക്കപ്പെട്ടു, അവരുടെ പ്രധാന പ്രവർത്തനത്തിന്റെ ഭാഗമായി സജീവമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി. ഇത് ഇ-പാലനത്തെയും ശക്തമായ നിരീക്ഷണത്തെയും പിന്തുണയ്ക്കുന്നു.
  • കൂടാതെ, ശ്രാം സുവിധ പോർട്ടൽ വഴിയുള്ള വെബ് അധിഷ്ഠിത പരിശോധനാ സംവിധാനം അവതരിപ്പിച്ചു. പരിശോധനകൾക്ക് മുമ്പ് തൊഴിലുടമയ്ക്ക് മുൻകൂട്ടി അറിയിപ്പ് നൽകും.
  • മൂന്നാം കക്ഷി ഓഡിറ്റും സർട്ടിഫിക്കേഷനും ബിസിനസ് ചെയ്യാനുള്ള എളുപ്പത്തിനായി വിദഗ്ധർ/ഓഡിറ്റർ വഴി സർട്ടിഫിക്കേഷൻ നേടാൻ തൊഴിലുടമയ്ക്ക് അവസരം നൽകുന്നു.
  • കുറ്റകൃത്യമല്ലാതാക്കൽ: ചില ചെറിയതും മനഃപൂർവമല്ലാത്തതുമായ കുറ്റകൃത്യങ്ങളെ സാമ്പത്തിക പിഴകളോടെ ഒത്തുതീർപ്പാക്കി കോഡ് കുറ്റകൃത്യമല്ലാതാക്കി. ഇത് ക്രിമിനൽ ബാധ്യതയിൽ നിന്ന് വിശ്വാസം അടിസ്ഥാനമാക്കിയുള്ള സമീപനത്തിലേക്ക് മാറുന്നു. മുമ്പ് അത്തരമൊരു സംവിധാനം നിലവിലില്ലാത്തതിനാൽ ഈ പുതിയ വ്യവസ്ഥ പാലിക്കൽ പ്രോത്സാഹിപ്പിക്കുകയും ബിസിനസ് ചെയ്യാനുള്ള എളുപ്പം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  • അംഗീകൃത ഉദ്യോഗസ്ഥർ വഴിയുള്ള കുറ്റകൃത്യങ്ങളുടെ ഒത്തുതീർപ്പ് നിയമപരമായ ഭാരം കുറയ്ക്കുകയും പരിഹാരം വേഗത്തിലാക്കുകയും ചെയ്യുന്നു.
  • നിർദ്ദേശിച്ച പിഴ അടച്ചും അനുസരണം ഉറപ്പാക്കിയും തൊഴിലുടമകൾക്ക് നീണ്ട വ്യവഹാരങ്ങൾ ഒഴിവാക്കാം.

ഉപസംഹാരം

സമഗ്രമായ ആനുകൂല്യങ്ങളുടെയും ഏകീകൃത സുരക്ഷാ മാനദണ്ഡങ്ങളുടെയും ഒരു ഭരണക്രമത്തിൽ കെട്ടിപ്പടുത്തുകൊണ്ട്, ഖനന മേഖലയുടെ സുസ്ഥിര വികസനത്തിന് ഇന്ത്യ അടിത്തറയിടുകയാണ്. പുതിയ തൊഴിൽ കോഡുകൾ മെച്ചപ്പെട്ട തൊഴിൽ സമയം, ആരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങൾ, സാമൂഹിക സുരക്ഷ, ലിംഗഭേദം ഉൾക്കൊള്ളുന്ന സമ്പ്രദായങ്ങൾ എന്നിവയിലൂടെ ഖനിത്തൊഴിലാളികളെ ശാക്തീകരിക്കുന്ന ഒരു സമഗ്രമായ ചട്ടക്കൂട് സൃഷ്ടിച്ചു. അതോടൊപ്പം, ഈ മാനദണ്ഡങ്ങൾ നിലനിർത്താൻ തൊഴിലുടമകൾക്ക് ആവശ്യമായ വഴക്കവും വ്യക്തതയും നൽകുന്നു.

തൊഴിലാളികളുടെ ശാക്തീകരണവും ബിസിനസ് ചെയ്യാനുള്ള എളുപ്പവും എങ്ങനെ കൈകോർത്ത് പോകുമെന്നും ആത്യന്തികമായി രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് എങ്ങനെ സംഭാവന നൽകുമെന്നും ഈ പരിഷ്കാരങ്ങൾ ഉദാഹരണമായി കാണിക്കുന്നു.

 

 

See in PDF

***

SK

(तथ्य सामग्री आईडी: 150609) आगंतुक पटल : 50


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Urdu , Bengali , Kannada , Assamese