57th International Film Festival of India 2026
20 – 28 Nov 2026

ഓരോ ഫ്രെയിമിലും കൃത്യത: 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI 2026) 'വിസിറ്റേഷൻ' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം സ്വന്തമാക്കി ഫോൾക്കർ ഷ്ലോൻഡോർഫ്

അഭിനയം, ചിത്രസംയോജനം, സംഗീതം എന്നിവ സമർത്ഥമായി സമന്വയിപ്പിച്ച സംവിധായക മികവിനെ ജൂറി പ്രശംസിച്ചു

പോസ്റ്റഡ് ഓണ്‍: 28 NOV 2026 8:54PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2343299Views: 4
ഗോവ, 2026 നവംബർ 28
 
57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (IFFI) പ്രധാന അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 'വിസിറ്റേഷൻ' എന്ന ചിത്രത്തിലൂടെ ജർമ്മൻ ചലച്ചിത്രകാരൻ ഫോൾക്കർ ഷ്ലോൻഡോർഫ് മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരത്തിന് അർഹനായി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ എന്നിവരുടെ സാന്നിധ്യത്തിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പുരസ്കാരം സമ്മാനിച്ചു.
 
സമാപന ചടങ്ങിൽ ഷ്ലോൻഡോർഫിനെ പ്രതിനിധീകരിച്ച് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ ആക്സൽ ഷ്നെപ്പാട്ടും ഛായാഗ്രഹണസംഘത്തിലെ കോൺറാഡ് വാൾഡ്മാനും ചേർന്ന് രജതമയൂരം പുരസ്കാരം ഏറ്റുവാങ്ങി.
തലമുറകളിലൂടെ നീളുന്ന ഒരു കഥ വെള്ളിത്തിരയിലെത്തിക്കുന്നതിൽ ചലച്ചിത്രമാധ്യമത്തിന്മേലുള്ള അസാധാരണമായ കൈയടക്കമാണ് ഷ്ലോൻഡോർഫ് പ്രകടിപ്പിച്ചതെന്ന് ജൂറി വിലയിരുത്തി. കൃത്യതയും മിതത്വവും കൈമുതലാക്കി, ചലച്ചിത്രനിർമ്മാണത്തിലെ കലാപരവും സാങ്കേതികവുമായ ഘടകങ്ങളെ സമന്വയിപ്പിച്ച് സമഗ്രമായൊരു സിനിമാനുഭവം സൃഷ്ടിക്കാൻ സംവിധായകന് സാധിച്ചതായും ജൂറി അഭിപ്രായപ്പെട്ടു.
 
"അഭിനേതാക്കളുടെ പ്രകടനത്തിലായാലും, കുറ്റമറ്റ ചിത്രസംയോജനത്തിലായാലും, ശക്തവും എന്നാൽ മിതത്വം പുലർത്തുന്നതുമായ പശ്ചാത്തല സംഗീതത്തിലായാലും ഓരോ വിശദാംശത്തിലും പുലർത്തിയ കൃത്യത ഈ ചിത്രത്തെ ഏറെ മികവുറ്റതാക്കുന്നു," ജൂറി വ്യക്തമാക്കി.
 
ജർമ്മൻ സിനിമയിലെ മുതിർന്ന ചലച്ചിത്രകാരനായ ഫോൾക്കർ ഷ്ലോൻഡോർഫ് പതിറ്റാണ്ടുകളുടെ ചലച്ചിത്രനിർമ്മാണ പരിചയവുമായാണ് 'വിസിറ്റേഷൻ' ഒരുക്കിയിരിക്കുന്നത്. സാമ്പത്തികശാസ്ത്രവും രാഷ്ട്രമീമാംസയും പഠിച്ച അദ്ദേഹം പാരീസിൽ വെച്ച് പ്രശസ്ത ചലച്ചിത്രകാരന്മാരായ ലൂയി മാൽ, ജീൻ-പിയറി മെൽവിൽ, അലെയ്ൻ റെനെ എന്നിവരുടെ കീഴിൽ ചലച്ചിത്രകലയിൽ പരിശീലനം നേടി. 1973-ൽ ബയോസ്കോപ്പ് എന്ന നിർമ്മാണ കമ്പനിയുടെ സഹസ്ഥാപകനായ അദ്ദേഹം ഫ്രാങ്ക്ഫർട്ട്, ബെർലിൻ, പാരീസ് എന്നിവിടങ്ങളിൽ ഓപ്പറകളും സംവിധാനം ചെയ്തിട്ടുണ്ട്.
 
പ്രധാന അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ, അസാധാരണമായ സംവിധാന കാഴ്ചപ്പാടും ഒരു ചലച്ചിത്ര സൃഷ്ടിക്ക് ജീവൻ നൽകുന്നതിൽ ചലച്ചിത്രകാരൻ നൽകുന്ന സംഭാവനയും പരിഗണിച്ചാണ് മികച്ച സംവിധായകനുള്ള രജതമയൂരം സമ്മാനിക്കുന്നത്. രജതമയൂര ശിൽപ്പവും പ്രശസ്തിപത്രവും 20 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
 
 
'വിസിറ്റേഷൻ' (Heimsuchung) എന്ന ചിത്രത്തിൻ്റെ കഥാസാരം:
 
ബെർലിന് സമീപമുള്ള തടാകക്കരയിലെ ഒരു വീടിൻ്റെ പശ്ചാത്തലത്തിൽ, അവിടെ മാറിമാറി താമസിച്ചവരുടെ ജീവിതങ്ങളിലൂടെ ഒരു നൂറ്റാണ്ടുകാലത്തെ ജർമ്മൻ ചരിത്രമാണ് 'വിസിറ്റേഷൻ' ആവിഷ്കരിക്കുന്നത്. നാസിസത്തിൻ്റെ ഉദയവും രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കെടുതികളും സോവിയറ്റ് ഭരണവും ജർമ്മൻ ഏകീകരണവും ഉൾപ്പെടെയുള്ള ചരിത്രപരമായ മാറ്റങ്ങൾക്ക് ആ വീട് നിശ്ശബ്ദ സാക്ഷിയാകുന്നു. ഒരു ജൂതകുടുംബം, ഒരു വാസ്തുശിൽപ്പിയും ഭാര്യയും, ഒരു എഴുത്തുകാരിയും അവരുടെ ചെറുമകളും തുടങ്ങി വ്യത്യസ്ത തലമുറകളിൽപ്പെട്ടവർ ആ വീട്ടിൽ താമസിക്കുകയും അതത് കാലഘട്ടങ്ങളിലെ അനിശ്ചിതത്വങ്ങളെ നേരിടുകയും ചെയ്യുന്നു. ജെന്നി എർപെൻബെക്കിൻ്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം, മാറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിൻ്റെ പശ്ചാത്തലത്തിൽ വീട്, സ്വന്തമെന്ന ബോധം, കുടിയിറക്കപ്പെടൽ, ഓർമ്മകൾ എന്നീ പ്രമേയങ്ങൾ ആവിഷ്കരിക്കുന്നു.

IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

***
 
 

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2343299
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026