57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ‘ദി ഗോൾഡൻ ഏജ്’ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള രജതമയൂരത്തിന് ബെറെഞ്ചർ തുയിൻ അർഹനായി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ എന്നിവരുടെ സാന്നിധ്യത്തിൽ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് പുരസ്കാരം സമ്മാനിച്ചു.
ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ സംവിധായകനു വേണ്ടി അദ്ദേഹത്തിന്റെ സഹോദരനും ചിത്രത്തിന്റെ സംഗീത സംവിധായകനുമായ സെലസ്റ്റെ തുയിൻ (Céleste Thouin) പുരസ്കാരം ഏറ്റുവാങ്ങി.
നവാഗത സംവിധായകന്റെ ലക്ഷ്യബോധവും സിനിമാറ്റിക് വൈദഗ്ധ്യവും അംഗീകരിച്ച ജൂറി, നിരവധി വർഷങ്ങളിലൂടെ കടന്നുപോകുന്ന ഒരു പീരിയഡ് സിനിമ ഒരുക്കുന്നതിലെ വെല്ലുവിളികളെ വിജയകരമായി മറികടന്നതിന് തുയിനെ പ്രശംസിച്ചു. ആർക്കൈവൽ ദൃശ്യങ്ങളെ യഥാർത്ഥ ദൃശ്യങ്ങളുമായി സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം സ്വീകരിച്ച നൂതനമായ സമീപനത്തെ ജൂറി പ്രത്യേകം അഭിനന്ദിച്ചു.
“വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു പീരിയഡ് സിനിമയുടെ എല്ലാ വെല്ലുവിളികളെയും ആദ്യ ചിത്രത്തിൽ തന്നെ നേരിടുന്നത് അസാധാരണമാണ്. എന്നാൽ ആർക്കൈവ് ദൃശ്യങ്ങളും യഥാർത്ഥ ദൃശ്യങ്ങളും സമർത്ഥമായി സംയോജിപ്പിച്ചുകൊണ്ട് ഈ ചിത്രം അതിന്റെ എല്ലാ പ്രതിസന്ധികളെയും നേരിടുകയും മറികടക്കുകയും ചെയ്തു,” ജൂറി നിരീക്ഷിച്ചു.
ഈ അംഗീകാരത്തോടെ ബെറഞ്ചർ തുയിന്റെ ആദ്യ ഫീച്ചർ ചിത്രം അതിന്റെ ബൃഹത്തായ കഥപറച്ചിൽ രീതി കൊണ്ടും ചലച്ചിത്ര മാധ്യമത്തിന്റെ നൂതനമായ ഉപയോഗം കൊണ്ടും വേറിട്ടുനിൽക്കുന്നു.
ലോക സിനിമയിലെ പുതിയ സംവിധാന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് മികച്ച നവാഗത സംവിധായകനുള്ള മത്സരവിഭാഗത്തിന്റെ ലക്ഷ്യം. ഈ വർഷം അഞ്ച് അന്താരാഷ്ട്ര സിനിമകളും രണ്ട് ഇന്ത്യൻ സിനിമകളും ഉൾപ്പെടെ ഏഴ് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. സംവിധായകന് നൽകുന്ന ഈ പുരസ്കാരത്തിൽ രജതമയൂര ശിൽപം, പ്രശസ്തിപത്രം, 15 ലക്ഷം രൂപ എന്നിവ ഉൾപ്പെടുന്നു.
‘ദി ഗോൾഡൻ ഏജ്’ - സംഗ്രഹം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു കശാപ്പുകാരന്റെ കുടുംബത്തിൽ ജനിച്ച ഷോൺ ലാവോർ (Jeanne Lavaur) ഒരു പ്രഭ്വി (കൗണ്ടസ്) ആകാൻ സ്വപ്നം കാണുന്നു. നിർഭയയായ സെലസ്റ്റെയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും ഗില്ലൂം ഡി ബാരാന്റയോടുള്ള അവളുടെ സ്നേഹത്താൽ പ്രചോദിതയായും 1920-കളിലെ പാരീസിലൂടെയും രണ്ട് ലോകമഹായുദ്ധങ്ങളുടെ പ്രക്ഷുബ്ധമായ വർഷങ്ങളിലൂടെയും ഷോൺ ഒരു യാത്ര ആരംഭിക്കുന്നു. ആഴത്തിലുള്ള മാറ്റങ്ങൾ അടയാളപ്പെടുത്തിയ ഒരു നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, സ്വന്തം വിധി സ്വയം നിർണ്ണയിക്കാൻ ദൃഢനിശ്ചയമുള്ള ഒരു സ്വതന്ത്ര സ്ത്രീയായി അവൾ ഉയർന്നുവരുന്നു.
#IFFI2026 #57IFFI @IFFIGoa @MIB_India
— PIB India (@PIB_India) November 28, 2026
*****
SK