പോസ്റ്റഡ് ഓണ്:
28 NOV 2026 1:49PM by PIB Thiruvananthpuram
ഇന്ത്യയിലെ കണ്ടെയ്നർ ഗതാഗതം: തുറമുഖ ശേഷിക്കായുള്ള ആവശ്യകത വർദ്ധിക്കുന്നു
ആഗോള വിപണികളിലേക്കുള്ള സുപ്രധാന കവാടമാണ് ഇന്ത്യയുടെ സമുദ്രഗതാഗത ശൃംഖല. അളവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ മൊത്തം വ്യാപാരത്തിന്റെ 95 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 70 ശതമാനവും കടൽമാർഗമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. വർദ്ധിച്ചുവരുന്ന വ്യാപാരം കണക്കിലെടുക്കുമ്പോൾ, കൂടുതൽ ചരക്കുകൾ കാര്യക്ഷമമായും വേഗത്തിലും കൈകാര്യം ചെയ്യുന്നതിനായി തുറമുഖ ശേഷി വികസിപ്പിക്കേണ്ടതുണ്ട്.

2019–20 മുതൽ 2025–26 വരെയുള്ള സാമ്പത്തിക വർഷങ്ങൾക്കിടയിൽ, ഇന്ത്യൻ തുറമുഖങ്ങളിലൂടെയുള്ള കണ്ടെയ്നർ ചരക്കുനീക്കം 6.9 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (CAGR) വർദ്ധിച്ച് 25.7 ദശലക്ഷം ട്വന്റി-ഫൂട്ട് ഇക്വിവാലന്റ് യൂണിറ്റുകളായി (TEU) ഉയർന്നു. 20 അടി നീളമുള്ള ഒരു കണ്ടെയ്നറിന് തുല്യമായ അളവിനെ സൂചിപ്പിക്കുന്ന TEU, കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി അളക്കുന്നതിനുള്ള ആഗോള മാനദണ്ഡമാണ്. 2030 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിലെ കണ്ടെയ്നർ ഗതാഗതം ഏകദേശം 40 ദശലക്ഷം TEU-ലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2014–15 മുതൽ 2025–26 വരെയുള്ള സാമ്പത്തിക വർഷങ്ങൾക്കിടയിൽ, ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളുടെ മൊത്തം ചരക്ക് കൈകാര്യം ചെയ്യൽ ശേഷി പ്രതിവർഷം 873 ദശലക്ഷം ടണ്ണിൽ നിന്ന് 1,728 ദശലക്ഷം ടണ്ണെന്ന നിലയിൽ ഗണ്യമായി വർദ്ധിച്ചു. തുറമുഖങ്ങളിലെ വർദ്ധിച്ചുവരുന്ന ചരക്കുനീക്കവും കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയുടെ ആവശ്യകതയും പരിഗണിച്ച്, തമിഴ്നാട്ടിലെ കാമരാജർ പോർട്ട് ലിമിറ്റഡിൽ രണ്ടാമത്തെ കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കുന്നതിന് 2026 നവംബർ 25-ന് കേന്ദ്ര സർക്കാർ അനുമതി നൽകി. പദ്ധതി യാഥാർഥ്യമാകുന്നതോടെ തുറമുഖത്തിന്റെ കണ്ടെയ്നർ കൈകാര്യം ചെയ്യൽ ശേഷി പ്രതിവർഷം 2 ദശലക്ഷം TEU കൂടി വർദ്ധിക്കും. ഇത് രാജ്യത്തിന്റെ കണ്ടെയ്നർ ഗതാഗത അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന വ്യാപാര ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായകമാകും.
കാമരാജർ തുറമുഖം: നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളെ വിപുലീകരിക്കുന്നു
ചെന്നൈയിൽ നിന്ന് ഏകദേശം 24 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന കാമരാജർ തുറമുഖം, തമിഴ്നാടിന്റെ വ്യാവസായിക മേഖലയിലേക്കുള്ള സുപ്രധാന സമുദ്ര കവാടമാണ്. മുൻപ് 'എണ്ണൂർ പോർട്ട് ലിമിറ്റഡ്' എന്നറിയപ്പെട്ടിരുന്ന 'കാമരാജർ പോർട്ട് ലിമിറ്റഡ്' (KPL), ഇന്ത്യയിലെ 12 പ്രധാന തുറമുഖങ്ങളിൽ ഒന്നാണ്. കൽക്കരി, പെട്രോളിയം ഉത്പന്നങ്ങൾ, എൽ.എൻ.ജി (LNG), എൽ.പി.ജി (LPG), കണ്ടെയ്നറുകൾ, വാഹനങ്ങൾ, മറ്റ് സാധാരണ ഉത്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ചരക്കുകൾ ഇവിടെ കൈകാര്യം ചെയ്യുന്നു.

കാമരാജർ തുറമുഖം, ചെന്നൈ
കാമരാജർ തുറമുഖത്തെ ആദ്യ കണ്ടെയ്നർ ടെർമിനൽ 2018 മാർച്ചിൽ വാണിജ്യപരമായ പ്രവർത്തനം ആരംഭിച്ചു. ഇതിന് പ്രതിവർഷം 0.8 ദശലക്ഷം TEU-കൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
2025–26 സാമ്പത്തിക വർഷത്തിൽ, ഏകദേശം 0.7 ദശലക്ഷം TEU-കൾ കൈകാര്യം ചെയ്തുകൊണ്ട്, ഈ ടെർമിനൽ അതിന്റെ ശേഷിയുടെ 88 ശതമാനത്തോളം വിനിയോഗിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, തുറമുഖത്തെ കണ്ടെയ്നർ ഗതാഗതം പ്രതിവർഷം ഏകദേശം 9.9 ശതമാനം എന്ന നിരക്കിൽ വളർച്ച രേഖപ്പെടുത്തി.
2025–26 സാമ്പത്തിക വർഷത്തിൽ കാമരാജർ പോർട്ട് ലിമിറ്റഡ് ഏകദേശം 1,280 കോടി രൂപയുടെ വരുമാനം കൈവരിക്കുകയും 924 കോടി രൂപയുടെ നികുതിക്ക് മുമ്പുള്ള ലാഭം രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തുറമുഖത്തിലെ ചരക്കുനീക്കം 13.64 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (CAGR) വർദ്ധിച്ചു. തുറമുഖത്തിന്റെ പ്രവർത്തനക്ഷമതയിലും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയിലും കൈവരിച്ച സുസ്ഥിരമായ പുരോഗതിയെയാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്.
എന്താണ് ഡ്രെഡ്ജിംഗ് ?
സമുദ്രത്തിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണൽ, ചെളി, മറ്റ് അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്ത് കപ്പൽ ഗതാഗതത്തിനാവശ്യമായ ചാനലുകളുടെ ആഴം വർദ്ധിപ്പിക്കുകയും നിലവിലുള്ള ആഴം നിലനിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ഡ്രെഡ്ജിംഗ്. ഇതിലൂടെ കൂടുതൽ ആഴം ആവശ്യമായ വലിയ കപ്പലുകൾക്കും സുരക്ഷിതമായി തുറമുഖങ്ങളിൽ പ്രവേശിക്കാനും ചരക്കുനീക്കം സുഗമമായി നടത്താനും സാധിക്കുന്നു.
ആഴം കൂട്ടുന്നതിലൂടെ തുറമുഖം തങ്ങളുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയിരിക്കുന്നു. 2026 ജൂലൈയോടെ 'ക്യാപിറ്റൽ ഡ്രെഡ്ജിംഗ്' പദ്ധതിയുടെ ആറാം ഘട്ടം പൂർത്തിയാക്കിയതോടെ, കാമരാജർ തുറമുഖത്തിന് 18 മീറ്റർ പ്രവർത്തന ആഴം കൈവരിക്കാനായി. കപ്പലുകൾ അവയുടെ പരമാവധി അനുവദനീയമായ ലോഡോടെ സുരക്ഷിതമായി സഞ്ചരിക്കുന്നതിന് ആവശ്യമായ ആഴമാണിത്. ഇതോടെ, 1,70,000 ഡെഡ്വെയ്റ്റ് ടണ്ണേജ് (DWT) വരെ ചരക്കുശേഷിയുള്ള, പൂർണമായും ചരക്കുനിറച്ച കേപ്സൈസ് (Capesize) കപ്പലുകളെ സ്വീകരിക്കാൻ തുറമുഖത്തിന് സാധിക്കും. വിശാഖപട്ടണം തുറമുഖത്തിന് ശേഷം, ഇത്രയും വലിയ ശേഷിയുള്ള കേപ്സൈസ് കപ്പലുകളെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന തുറമുഖമെന്ന നേട്ടവും ഇതിലൂടെ കാമരാജർ തുറമുഖം സ്വന്തമാക്കി.
രണ്ടാമത്തെ കണ്ടെയ്നർ ടെർമിനൽ: കാമരാജർ തുറമുഖത്തെ ശേഷി വിപുലീകരിക്കുന്നു
നിർദിഷ്ട കണ്ടെയ്നർ ടെർമിനൽ പ്രതിവർഷം 2 ദശലക്ഷം TEU അധികമായി കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി സൃഷ്ടിക്കും. ഇതിലൂടെ കാമരാജർ തുറമുഖത്തിന്റെ മൊത്തത്തിലുള്ള കണ്ടെയ്നർ കൈകാര്യം ചെയ്യൽ ശേഷി ഗണ്യമായി വർദ്ധിക്കും. 111 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ 900 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ബെർത്ത് ഉൾപ്പെടും. ടെർമിനലിന് 18 മീറ്റർ ഡിസൈൻ ഡ്രാഫ്റ്റും ബെർത്ത് ഭാഗത്ത് 20 മീറ്റർ ആഴവും ഉണ്ടായിരിക്കും. 400 മീറ്റർ വരെ നീളവും 24,346 TEU വരെ ചരക്ക് ശേഷിയുമുള്ള വൻകിട കണ്ടെയ്നർ കപ്പലുകളെ ഉൾക്കൊള്ളാൻ ഈ ടെർമിനലിന് സാധിക്കും. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വ്യവസായ മേഖലകൾക്ക് ഈ വികസനം വലിയ പ്രയോജനം ചെയ്യും. ചെന്നൈ–ശ്രീപെരുംപുത്തൂർ–ഒറഗടം, ഹൊസൂർ, ബെംഗളൂരു, ശ്രീ സിറ്റി, തിരുപ്പതി തുടങ്ങിയ പ്രധാന വ്യവസായ കേന്ദ്രങ്ങളിലെ ചരക്കുനീക്കം കാര്യക്ഷമമാക്കുന്നതിന് പുതിയ ടെർമിനൽ സഹായകമാകും.

- നിക്ഷേപവും ഘട്ടം ഘട്ടമായുള്ള വികസനവും: 'പൊതു-സ്വകാര്യ പങ്കാളിത്ത' (PPP) മാതൃകയിൽ, 'ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ' (DBFOT) അടിസ്ഥാനത്തിലാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്. GST ഉൾപ്പെടെ, PPP പദ്ധതിയുടെ ചെലവ് ഏകദേശം 4,288.26 കോടി രൂപയായി കണക്കാക്കപ്പെടുന്നു. ഡ്രഡ്ജിംഗിനായി (കടൽത്തീരത്തെ മണ്ണ് നീക്കം ചെയ്യൽ) ഏകദേശം 450 കോടി രൂപ കാമരാജർ പോർട്ട് ലിമിറ്റഡ് പ്രത്യേകം വഹിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക.
- നടപ്പിലാക്കുന്നതിനുള്ള സമയക്രമം: 40 വർഷത്തെ കൺസെഷൻ (അനുമതി) കാലയളവുള്ള ഈ പദ്ധതിയുടെ നിർമ്മാണം 48 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. കൺസെഷൻ കരാർ ഒപ്പിട്ട് രണ്ട് വർഷത്തിനുള്ളിൽ ഒന്നാം ഘട്ടം പൂർത്തിയാകുമെന്നും, 25-ാം മാസം മുതൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. നാലാം വർഷാവസാനത്തോടെ രണ്ടാം ഘട്ടം പൂർത്തിയാകുകയും, 49-ാം മാസത്തിൽ ടെർമിനൽ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാവുകയും ചെയ്യും.
- തൊഴിലവസരങ്ങൾ: നിർമ്മാണ ഘട്ടത്തിൽ പ്രത്യക്ഷവും പരോക്ഷവുമായ ഏകദേശം 750 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി പ്രവർത്തനസജ്ജമാകുന്ന ഘട്ടത്തിൽ ഏകദേശം 800 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കരുതുന്നു.
ഉപസംഹാരം
ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന കണ്ടെയ്നർ വ്യാപാരത്തിൽ കാമരാജർ തുറമുഖത്തിന്റെ പങ്കും ശേഷിയും കൂടുതൽ വിപുലീകരിക്കാൻ പുതിയ ടെർമിനൽ സഹായകമാകും. പ്രാദേശിക വ്യവസായങ്ങൾക്ക് കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിലൂടെ, ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കാനും വ്യാപാരബന്ധങ്ങൾ വിപുലീകരിക്കാനും ഈ പദ്ധതി വഴിയൊരുക്കും.
തുറമുഖ ശേഷി, ആധുനിക ചരക്ക് കൈകാര്യ സാങ്കേതികവിദ്യകൾ, വിവിധ ഗതാഗത മാർഗങ്ങളെ സംയോജിപ്പിക്കുന്ന കണക്റ്റിവിറ്റി എന്നിവയ്ക്ക് മുൻഗണന നൽകുന്ന 'മാരിടൈം ഇന്ത്യ വിഷൻ 2030'-ന് അനുപൂരകമാണ് ഈ പദ്ധതി. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതി, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിന് ഊന്നൽ നൽകുന്ന 'മാരിടൈം ഇന്ത്യ വിഷൻ 2030'-ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
Kamarajar Port Expansion: Strengthening India’s Container Infrastructure
******