പോസ്റ്റഡ് ഓണ്:
28 NOV 2026 3:46PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ഉത്തർപ്രദേശിലെ വാരണാസിയിൽ കാശി തമിഴ് സംഗമത്തിന്റെ (KTS 5.0) അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്തു. 10 വിദേശ ഭാഷകൾ ഉൾപ്പെടെ 50 ഭാഷകളിലേക്ക് വിവർത്തനം ചെയ്ത തിരുക്കുറളിന്റെ പതിപ്പുകൾ അദ്ദേഹം ചടങ്ങിൽ പ്രകാശനം ചെയ്തു.
കാശിയും തമിഴ്നാടും ആയിരക്കണക്കിന് വർഷങ്ങൾ പുരാതനമായ ആഴമേറിയ നാഗരിക, സാംസ്കാരിക, ആത്മീയ ബന്ധം പങ്കിടുന്നതായി ചടങ്ങിനെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി പറഞ്ഞു. കാശിയെ ലോകത്തിന്റെ ആത്മീയ തലസ്ഥാനമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, തമിഴ് ജനതയുടെ ഹൃദയങ്ങളിൽ ഈ നഗരത്തിന് പ്രത്യേക സ്ഥാനമുണ്ടെന്നും കാശി സന്ദർശിച്ച് ബാബ വിശ്വനാഥന്റെ ദർശനം നേടുക എന്നത് അവർ ഏറെ ആഗ്രഹിക്കുന്ന ആത്മീയ അഭിലാഷമാണെന്നും പറഞ്ഞു.
ഇന്ത്യയുടെ വിപുലമായ ഭാഷ, പ്രാദേശിക, സാംസ്കാരിക വൈവിധ്യങ്ങൾക്കിടയിലും നാഗരികവും ആത്മീയവുമായ പൊതുപൈതൃകം എല്ലായ്പ്പോഴും രാജ്യത്തെ ഒന്നിപ്പിച്ചിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ പൊതുബന്ധമാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ കാശി -തമിഴ് സംഗമത്തിന് തുടക്കമിടാൻ പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭം ഒരു സാംസ്കാരിക പരിപാടി എന്നതിലുപരി തമിഴ്നാടും കാശിയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ആശയം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സുപ്രധാന ദേശീയ പ്രസ്ഥാനമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ പതിപ്പ് “തിരുക്കുറൾ പഠിക്കാം " എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ളതാണ്. വിദ്യാർത്ഥികളിലേക്കും പ്രത്യേകിച്ച് യുവാക്കളിലേക്കും തിരുക്കുറളിന്റെ കാലാതീതമായ ജ്ഞാനവും ധാർമ്മിക മൂല്യങ്ങളും എത്തിക്കുകയാണ് ലക്ഷ്യം. സമത്വം, മാനവികത, നീതി എന്നിവയുടെ സന്ദേശം ഭാഷ, പ്രദേശം, രാഷ്ട്രം എന്നിവയുടെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്ന തിരുക്കുറൾ ജീവിതത്തിന്റെ മാർഗദർശിയാണെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. അതിലെ ആശയങ്ങൾ പഠിക്കുകയും ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വിദേശ ഭാഷകൾ ഉൾപ്പെടെ 50 ഭാഷകളിലേക്ക് തിരുക്കുറൾ വിവർത്തനം ചെയ്തത് തമിഴ് ഭാഷയ്ക്കും സാഹിത്യത്തിനും വലിയ നേട്ടമാണെന്നും തിരുവള്ളുവരുടെ അധ്യയനങ്ങളുടെ സാർവത്രിക പ്രസക്തിക്കുള്ള ആദരവാണെന്നും അദ്ദേഹം പറഞ്ഞു. കാശി തമിഴ് സംഗമത്തിന്റെ ആദ്യ പതിപ്പിൽ തിരുക്കുറൾ 13 ഭാഷകളിൽ പ്രസിദ്ധീകരിച്ചതും രണ്ടാം പതിപ്പിൽ 16 ഭാഷകളിലേക്ക് അധികമായി വിവർത്തനം ചെയ്തതും അദ്ദേഹം അനുസ്മരിച്ചു. അഞ്ചാം പതിപ്പിൽ 50 ഭാഷകളിൽ തിരുക്കുറൾ ലഭ്യമാകുന്നത് തമിഴ് സാഹിത്യ പൈതൃകം കൂടുതൽ ഗണ്യമായ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാപരമായ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, ഏവരും സ്വന്തം മാതൃഭാഷയിൽ അഭിമാനം കൊള്ളുന്നതിനൊപ്പം മറ്റുള്ളവരുടെ ഭാഷകളെ ബഹുമാനിക്കണമെന്നും പറഞ്ഞു. “സ്വന്തം ഭാഷയോടുള്ള സ്നേഹം ഒരിക്കലും മറ്റൊരു ഭാഷയോടുള്ള ശത്രുതയായി മാറരുത്” എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശക്തി അതിന്റെ അനേകം ഭാഷകളിലും പൊതുവായ ആദർശങ്ങളിലുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംഘകാല കവിയായ കണിയൻ പൂങ്കുൻട്രനാറുടെ പ്രസിദ്ധമായ “യാതും ഊരേ, യാവരും കേളിർ” എന്ന വരികൾ പരാമർശിച്ച് തമിഴിന്റെ സാർവത്രിക സാഹോദര്യ സങ്കൽപ്പം ആഗോള വേദിയിലെത്തിച്ചതും അദ്ദേഹം അനുസ്മരിച്ചു.
പെരുന്തലൈവർ കെ. കാമരാജ്, പസുമ്പൊൻ മുത്തുരാമലിംഗ തേവർ തുടങ്ങിയ നേതാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദേശീയ ഐക്യത്തിന്റെ ചൈതന്യം ഉയർത്തിപ്പിടിക്കാൻ ഉപരാഷ്ട്രപതി യുവാക്കളോട് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിലും രാജ്യത്തെ ഒന്നിപ്പിക്കുന്ന ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും യുവതലമുറയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശ് കൈവരിച്ച വികസനത്തെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, സാമ്പത്തിക വികസനം, പൊതുസുരക്ഷ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിലെ സംസ്ഥാനത്തിന്റെ പരിവർത്തനത്തെയും പുരോഗതിയെയും അഭിനന്ദിച്ചു. 1998-ൽ പാർലമെന്റിൽ ഒരുമിച്ച് പ്രവർത്തിച്ച കാലം മുതൽ മുഖ്യമന്ത്രിയുമായുള്ള തന്റെ ദീർഘകാല ബന്ധവും സൗഹൃദവും അദ്ദേഹം അനുസ്മരിച്ചു.
2047-ലെ ഇന്ത്യയുടെ അഭിലാഷങ്ങളെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, വികസിത ഭാരതം എന്ന ലക്ഷ്യം സാമ്പത്തിക വളർച്ചയിൽ മാത്രം ഒതുങ്ങരുതെന്ന് പറഞ്ഞു. നാഗരിക പൈതൃകം, സാംസ്കാരിക മൂല്യങ്ങൾ, മാനവികത എന്നിവയുടെ ആഗോള മാതൃകയായി ഇന്ത്യ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷങ്ങളും അനിശ്ചിതത്വങ്ങളും വിഭജനങ്ങളും നേരിടുന്ന ലോകത്ത് ഇന്ത്യയുടെ പരമ്പരാഗത തത്ത്വചിന്തയായ “വസുധൈവ കുടുംബകം”, “സർവേ ഭവന്തു സുഖിനഃ” എന്നിവയുടെ പ്രസക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ നദികളെ ബന്ധിപ്പിക്കുക എന്ന ദർശനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, ഗംഗയുടെ ജലം കാവേരിയിലെത്തുന്ന ഒരു ദിവസം വരുമെന്ന് പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ, കർഷകർ, കരകൗശല തൊഴിലാളികൾ, വനിതകൾ, വ്യവസായ പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 1,400 പേർ കാശി തമിഴ് സംഗമത്തിന്റെ ഈ പതിപ്പിൽ പങ്കെടുക്കുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ മന്ത്രാലയം; ഐഐടി മദ്രാസ്; ബനാറസ് ഹിന്ദു സർവകലാശാല; ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ്; ഉത്തർപ്രദേശ് ഗവൺമെന്റ്; കേന്ദ്ര ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും എന്നിവയുടെ ഏകോപിത ശ്രമങ്ങളിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി; ഉത്തർപ്രദേശ് മന്ത്രിമാരായ ശ്രീ അനിൽ രാജ്ഭർ, ശ്രീ രവീന്ദ്ര ജയ്സ്വാൾ, ശ്രീ ദയാശങ്കർ മിശ്ര, ശ്രീ ഹൻസ് രാജ് വിശ്വ കർമ; ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീമതി ദീപ്തി ഉമാശങ്കർ; ഭാരതീയ ഭാഷാ സമിതി ചെയർമാൻ ശ്രീ ചാമു കൃഷ്ണ ശാസ്ത്രി; ഐഐടി മദ്രാസ് ഡയറക്ടർ ശ്രീ വി. കാമകോടി; ബനാറസ് ഹിന്ദു സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. അജിത് കുമാർ ചതുർവേദി; ആത്മീയ നേതാക്കൾ, പണ്ഡിതർ, തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നേരത്തെ, ഉത്തർപ്രദേശ് മുഖ്യമന്ത്രിയോടൊപ്പം ഉപരാഷ്ട്രപതി വാരണാസിയിലെ ശ്രീ കാശി വിശ്വനാഥ ക്ഷേത്രവും ശ്രീ കാൽഭൈരവ ക്ഷേത്രവും സന്ദർശിച്ച് പ്രാർഥനകൾ നടത്തി.
******