57th International Film Festival of India 2026
20 – 28 Nov 2026

‘ജൂറി അംഗമായിട്ടാണ് ഞാൻ വന്നത്, എന്നാൽ ഒരു സിനിമാ വിദ്യാർത്ഥിയായി മാറി’: 57-ാമത് IFFI-യിലെ സുവർണ്ണ മയൂരം ജൂറി അനുഭവത്തെക്കുറിച്ച് ആനന്ദ് എൽ റായ്


ഏത് ഭാഷയിൽ ജോലി ചെയ്താലും സിനിമാറ്റിക് വ്യാകരണത്തിലുണ്ടാകുന്ന മാറ്റങ്ങളോട് പ്രതികരിക്കുന്നവരായിരിക്കണം ചലച്ചിത്രകാരന്മാർ: 57-ാമത് IFFI-യിലെ അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി അധ്യക്ഷൻ ആനന്ദ് എൽ റായ്

പുരസ്കാര നിർണ്ണയ ചർച്ചകൾ സ്വാഭാവികമായിരുന്നു, തീരുമാനങ്ങൾ ഏകകണ്ഠവും: IFFI അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി

പോസ്റ്റഡ് ഓണ്‍: 27 NOV 2026 7:26PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2342866Views: 11

57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഇന്ന് ഗോവയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തെ അന്താരാഷ്ട്ര ജൂറി അധ്യക്ഷനും ഇന്ത്യൻ ചലച്ചിത്രകാരനുമായ ആനന്ദ് എൽ റായ് സഹ ജൂറി അംഗങ്ങൾക്കൊപ്പം അഭിസംബോധന ചെയ്തു. സുവർണ്ണ മയൂരം പുരസ്കാരത്തിനായി മത്സരിക്കുന്ന 15 ഫീച്ചർ സിനിമകൾ വിലയിരുത്തിയതിന്റെ അനുഭവം പങ്കുവെച്ച ജൂറി അംഗങ്ങൾ സിനിമാറ്റിക് ശബ്ദങ്ങളുടെ വൈവിധ്യം, സാംസ്കാരിക കാഴ്ചപ്പാടുകളുടെ വിനിമയം, സിനിമയുടെ മാറിക്കൊണ്ടിരിക്കുന്ന ഭാഷ എന്നിവയെക്കുറിച്ച് സംസാരിച്ചു.

പഠിക്കാനുള്ള ഒരു അവസരമായി ഈ അനുഭവത്തെ വിശേഷിപ്പിച്ച റായ്, വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള സിനിമകൾ കാണുന്നതും തുടർന്ന് ജൂറി അംഗങ്ങൾക്കിടയിൽ നടക്കുന്ന ചർച്ചകളും ഓരോ സൃഷ്ടിക്കും പിന്നിലുള്ള സർഗ്ഗാത്മക തിരഞ്ഞെടുപ്പുകളെയും സാംസ്കാരിക പശ്ചാത്തലങ്ങളെയും കുറിച്ച് ഉൾക്കാഴ്ച നൽകിയെന്ന് പറഞ്ഞു. “ഞാൻ വന്നത് ഒരു ജൂറി അംഗമായാണ്, എന്നാൽ സിനിമകൾ കണ്ടുകൊണ്ടിരിക്കെ ഞാനൊരു സിനിമാ വിദ്യാർത്ഥിയായി മാറി,” അദ്ദേഹം പറഞ്ഞു.

മുൻവിധികളോ സിനിമകൾ ഏത് രാജ്യത്തുനിന്നുള്ളതാണെന്ന പരിഗണനയോ ഇല്ലാതെ, തുറന്നതും സത്യസന്ധവുമായ ചർച്ചകളാണ് തിരഞ്ഞെടുപ്പ് പ്രക്രിയയെ രൂപപ്പെടുത്തിയതെന്ന് ജൂറിയുടെ ചർച്ചകൾ വിശദീകരിക്കവേ റായ് പറഞ്ഞു. അംഗങ്ങളുടെ പ്രതികരണങ്ങളും കാഴ്ചപ്പാടുകളും സ്വതന്ത്രമായി പങ്കുവെച്ചുകൊണ്ട് ഈ പ്രക്രിയ വളരെ സ്വാഭാവികമായാണ് നടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. “യഥാർത്ഥത്തിൽ ഇതെനിക്ക് വളരെ സ്വാഭാവികമായാണ് അനുഭവപ്പെട്ടത്. അതെങ്ങനെ വാക്കുകളിൽ ഒതുക്കണമെന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങൾ ഞങ്ങളുടെ മനസ്സിലുള്ളത് തുറന്നുപറഞ്ഞു, അത്രമാത്രം,” അദ്ദേഹം പറഞ്ഞു. ഒരേ സിനിമാറ്റിക് മുഹൂർത്തങ്ങളിലേക്ക് വ്യത്യസ്ത കാഴ്ചപ്പാടുകൾ കൊണ്ടുവരുമ്പോഴും അംഗങ്ങൾ പലപ്പോഴും പൊതു ധാരണകളിൽ എത്തിച്ചേർന്നിരുന്നതിനാൽ ചർച്ചകൾ ആരോഗ്യകരവും സമ്പന്നവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കലാരൂപമാണെന്ന് അടിവരയിട്ട റായ്, ഏത് ഭാഷയിലാണ് പ്രവർത്തിക്കുന്നത് എന്നത് പരിഗണിക്കാതെ സിനിമാറ്റിക് വ്യാകരണത്തിലുണ്ടാകുന്ന മാറ്റങ്ങളോട് പ്രതികരിക്കുന്നവരായിരിക്കണം ചലച്ചിത്രകാരന്മാരെന്ന് പറഞ്ഞു. “ഒരു സിനിമ എന്നത് ഒരു അനുഭവമാണ്, ഒരു വികാരത്തിന്റെയോ അതിന്റെ ആവിഷ്കാരത്തിന്റെയോ അനുഭവം. ഓരോ സിനിമയും നിങ്ങളിൽ എന്തെങ്കിലും ചെയ്യണം. അത് കണ്ടതിനുശേഷം നിങ്ങൾ പഴയതുപോലെയായിരിക്കരുത്; അത് നിങ്ങളുടെയുള്ളിൽ എന്തെങ്കിലും മാറ്റമുണ്ടാക്കണം,” അദ്ദേഹം പറഞ്ഞു. സിനിമാറ്റിക് വ്യാകരണത്തെ ആത്യന്തികമായി രൂപപ്പെടുത്തുന്നത് ഭാഷകളല്ല, മറിച്ച് ചലച്ചിത്രകാരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂറി അംഗങ്ങളുടെ വൈവിധ്യമാർന്ന പശ്ചാത്തലങ്ങൾ തങ്ങളുടെ ചർച്ചകളെ എങ്ങനെ സമ്പന്നമാക്കിയെന്ന് കഴിഞ്ഞ പതിപ്പിൽ തന്റെ സിനിമ സമാപന ചിത്രമായി പ്രദർശിപ്പിച്ചതിന് ശേഷം IFFI-യിലേക്ക് തിരിച്ചെത്തിയ തായ് ചലച്ചിത്രകാരൻ റച്ചപൂം ബൂൺബുഞ്ചചോക്ക് പറഞ്ഞു. സാങ്കേതിക മികവിനേക്കാളുപരിയായി ഒരു സിനിമയുടെ വൈകാരിക സ്വാധീനത്തിനാണ് കൂടുതൽ പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു. “പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കാൻ ചലച്ചിത്രകാരൻ എങ്ങനെയാണ് സാങ്കേതികവിദ്യ ഉപയോഗിച്ചത് എന്നതാണ് പ്രധാനം,” അദ്ദേഹം നിരീക്ഷിച്ചു.

പോസ്റ്റ്-പ്രൊഡക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രൊഫഷണലിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഈ അനുഭവം അർത്ഥവത്തായിരുന്നുവെന്ന് കൊളംബിയൻ സൗണ്ട് ഡിസൈനർ മരിയ അലജാൻഡ്ര റോജാസ് വിശേഷിപ്പിച്ചു. ചർച്ചകൾ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നതായിരുന്നുവെന്നും പ്രദർശനങ്ങൾക്ക് ശേഷമുള്ള നിശബ്ദതയുടെ നിമിഷങ്ങൾ പോലും ചർച്ചകൾക്ക് ആഴം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.

മേളയുടെ തിരഞ്ഞെടുപ്പിൽ പ്രതിനിധീകരിക്കപ്പെട്ട ശബ്ദങ്ങളുടെ ബഹുസ്വരതയെ അർജന്റീനിയൻ ചലച്ചിത്രകാരിയും തിരക്കഥാകൃത്തുമായ സോൾ ബെറൂസോ പിച്ചോൺ-റിവിയേർ അഭിനന്ദിച്ചു. പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികളിൽ ഒരുപക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന സൃഷ്ടികൾ ഉൾപ്പെടെ, വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും വ്യത്യസ്ത നിർമ്മാണ നിലവാരങ്ങളിൽ നിന്നുമുള്ള സിനിമകൾക്ക് IFFI  ഒരു വേദിയൊരുക്കിയെന്ന് അവർ ചൂണ്ടിക്കാട്ടി.

സിനിമകളുടെ തിരഞ്ഞെടുപ്പ് അസാധാരണമാംവിധം മികച്ചതായിരുന്നുവെന്ന് വിശേഷിപ്പിച്ച റൊമാനിയൻ എഴുത്തുകാരനും സംവിധായകനും നിർമ്മാതാവുമായ ബോഗ്‍ദാൻ മുറേസാനു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജൂറി അംഗങ്ങൾക്കിടയിലെ അഭിരുചികളുടെ ശ്രദ്ധേയമായ ഒത്തുചേരലിനെ എടുത്തുപറഞ്ഞു. “ഓരോ സിനിമയ്ക്ക് ശേഷവും ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ഉടൻ തന്നെ സംസാരിക്കുമായിരുന്നു. ഞങ്ങൾ അപ്പോഴും ആ കഥകളിൽ മുഴുകിയിരിക്കുകയായിരുന്നു, മറ്റൊരു യാത്രയിലേക്ക് കടക്കുന്നതുവരെ കുറച്ചുകൂടി നേരം അവിടെയിരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷം തോന്നി,” പ്രദർശനങ്ങൾക്ക് ശേഷമുള്ള തങ്ങളുടെ ചർച്ചകൾ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സഹ ജൂറി അംഗങ്ങളെ പരി​ഗണിക്കുന്നതിന്റെയും സിനിമകളെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകൾ കണ്ടെത്തുന്നതിന്റെയും മൂല്യവും അദ്ദേഹം എടുത്തുപറഞ്ഞു.

വൈവിധ്യമാർന്ന സിനിമാറ്റിക് പാരമ്പര്യങ്ങളെ ചർച്ചാവേദിയിലേക്ക് കൊണ്ടുവരുന്നതിലും പങ്കിട്ട പഠനത്തിനും ആസ്വാദനത്തിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾ വഹിക്കുന്ന പങ്ക് ജൂറി അംഗങ്ങളുടെ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.

ശ്രീ രജിത് ചന്ദ്രൻ വാർത്താസമ്മേളനത്തിന്റെ മോഡറേറ്ററായി.

https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48 ****

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2342866
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026