ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ന്യൂഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയുടെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 27 NOV 2026 2:01PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിലെ ഓഖ്‌ലയിലുള്ള ഹോളി ഫാമിലി ആശുപത്രിയുടെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. 'ഹോളി ഫാമിലി ഹോസ്പിറ്റൽ സുവനീർ 2026' പ്രകാശനം ചെയ്ത അദ്ദേഹം, പുതിയ ബ്ലോക്കിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തികളെ ആദരിക്കുകയും ചെയ്തു.

ആശുപത്രിയുടെ ചരിത്രപരമായ പാരമ്പര്യം അനുസ്മരിച്ച ഉപരാഷ്ട്രപതി, 1953-ൽ ഇന്ത്യയുടെ അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണനാണ് ആശുപത്രിയുടെ തറക്കല്ലിട്ടതെന്ന് ചൂണ്ടിക്കാട്ടി. ഉദാത്തമായ ലക്ഷ്യങ്ങളോടെ സ്ഥാപിക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് തലമുറകളോളം  സമൂഹത്തെ സേവിക്കാൻ കഴിയുമെന്നതിന് ഈ ആശുപത്രിയുടെ തുടർച്ചയായ പ്രവർത്തനം ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

ജാതി, മതം, വിശ്വാസം, സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിക്കാതെ ആരോഗ്യ പരിചരണം വാഗ്ദാനം ചെയ്യുന്ന ആശുപത്രിയുടെ പ്രതിബദ്ധതയെ അഭിനന്ദിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, പരസ്പര ബഹുമാനത്തിലും ഓരോ വ്യക്തിക്കും അവരവരുടെ വിശ്വാസം ആചരിക്കാനുള്ള സ്വാതന്ത്ര്യത്തിലുമാണ് ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൻ്റെ അടിസ്ഥാന ദർശനം നിലകൊള്ളുന്നതെന്ന് വ്യക്തമാക്കി. നല്ല സംരംഭങ്ങളെയും നിസ്വാർത്ഥ സേവനങ്ങളെയും എപ്പോഴും പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അർബുദത്തിനെതിരായ പോരാട്ടത്തിൽ കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, ഗവേഷണം, അറിവ്, മികച്ച ചികിത്സാരീതികൾ എന്നിവ പരസ്പരം പങ്കുവെക്കുന്നതിനായി രാജ്യത്തെ അർബുദ ചികിത്സാ സ്ഥാപനങ്ങളെ ഒരുമിപ്പിക്കുന്ന പൊതുവേദി രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്തു. വൈദ്യശാസ്ത്ര ഗവേഷണങ്ങളുടെയും നൂതനാശയങ്ങളുടെയും പ്രയോജനങ്ങൾ മനുഷ്യരാശിയുടെ  എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാകണമെന്നും അവ ഏതാനും രാജ്യങ്ങളിലോ സമൂഹത്തിലെ പ്രത്യേക വിഭാഗങ്ങളിലോ മാത്രം ഒതുങ്ങരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരം സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾക്ക് മുൻകൈയെടുക്കാൻ താൻ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു.

പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് വിദഗ്ധ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അത്യാധുനിക വൈദ്യചികിത്സ താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കുന്നതിനൊപ്പം കരുതലും അനുകമ്പയും മാനുഷിക പരിഗണനയും ഉറപ്പാക്കാൻ കഴിയുമ്പോഴാണ് ഇത്തരം ചികിത്സാ സൗകര്യങ്ങൾ യഥാർത്ഥത്തിൽ വിജയകരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗവണ്മെൻ്റ്  നടത്തുന്ന പ്രവർത്തനങ്ങൾ പരാമർശിച്ച ഉപരാഷ്ട്രപതി, ഇന്ത്യയിലെ ആരോഗ്യപരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം എടുത്തുപറഞ്ഞു. ആയുഷ്മാൻ ഭാരത്, പി. എം. ജൻ ആരോഗ്യ യോജന തുടങ്ങിയ പദ്ധതികൾ  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ ആശുപത്രി ചികിത്സയുമായി ബന്ധപ്പെട്ട  സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു ദശകത്തിനിടെ എയിംസ് (AIIMS) സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജുകൾ, എം.ബി.ബി.എസ്., ബിരുദാനന്തര ബിരുദ മെഡിക്കൽ സീറ്റുകൾ എന്നിവയുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായതായും ഇത്  രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് വിദഗ്ധ ചികിത്സയും വൈദ്യശാസ്ത്ര വിദ്യാഭ്യാസവും കൂടുതൽ പ്രാപ്യമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

വികസിത ഇന്ത്യ @ 2047 എന്ന കാഴ്ചപ്പാടിലൂടെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കഴിയുന്നവർ ഉൾപ്പെടെ ഓരോ പൗരനും വികസനത്തിൻ്റെ പ്രയോജനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇന്ത്യയുടെ ആരോഗ്യപരിരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ ജീവകാരുണ്യ ആശുപത്രികൾക്കും സന്നദ്ധ സംഘടനകൾക്കും നിർണായക പങ്കുണ്ടെന്ന് പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക ഉപകരണങ്ങളും കൊണ്ട് മാത്രം ഒരു ആശുപത്രിയുടെ കരുത്ത് നിർണയിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ശ്രീ സി. പി. രാധാകൃഷ്ണൻ, ആരോഗ്യപ്രവർത്തകരുടെ അർപ്പണബോധത്തിലും വൈദഗ്ധ്യത്തിലും മാനുഷിക സ്പർശത്തിലുമാണ് ആശുപത്രിയുടെ യഥാർത്ഥ കരുത്ത് കുടികൊള്ളുന്നതെന്ന് പറഞ്ഞു. വികസിത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ആരോഗ്യമുള്ള സമൂഹം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിനായി കൂട്ടായ പരിശ്രമങ്ങൾ നടത്താനും ആഹ്വാനം ചെയ്തു.

ഇന്ത്യയിലെ അപ്പസ്തോലിക് നൺഷ്യേച്ചറിലെ ചാർജ് ഡി അഫയേഴ്സ് റവ. ആൻഡ്രിയ ഫ്രാൻസിയ, ന്യൂഡൽഹി ഹോളി ഫാമിലി ഹോസ്പിറ്റൽ സൊസൈറ്റി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് റവ. അനിൽ ജെ. ടി. കൗട്ടോ, ഡൽഹി അതിരൂപത സഹായമെത്രാൻ റവ. ദീപക് വലേറിയൻ ടോറോ, ഹോളി ഫാമിലി ആശുപത്രി ഡയറക്ടർ ഫാ. ജോർജ്ജ് പി. എ. എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

****


( റിലീസ് ഐ.ഡി: 2342622) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Gujarati