പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി 55-ാമത് പ്രഗതി യോഗത്തിൽ അധ്യക്ഷത വഹിച്ചു


റോഡ്, ഊർജ്ജം, കൽക്കരി, റെയിൽവേ മേഖലകളിലായി 78,000 കോടിയിലധികം രൂപയുടെ അഞ്ച് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനൊപ്പം ഉയർന്ന നിർമ്മാണ ഗുണനിലവാരം പുലർത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു

പിഎം-സേതു പദ്ധതിയുടെ നടത്തിപ്പ് ഉൾപ്പെടെ, ഐടിഐ സംവിധാനത്തെക്കുറിച്ചും പ്രധാനമന്ത്രി അവലോകനം നടത്തി

പൊതുമേഖലാ സ്ഥാപനങ്ങളും ഐടിഐകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും, വ്യവസായ ക്ലസ്റ്ററുകൾക്കും അതത് മേഖലകളുടെ ആവശ്യങ്ങൾക്കും അനുസൃതമായി നൈപുണ്യ പരിശീലനം നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു

പരിശീലനത്തെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിനായി ക്ലാസ്‌റൂം - കമ്പനി - കരിയർ എന്ന 3C സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ഐടിഐകളും പ്രാദേശിക തൊഴിലുടമകളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നത്, വീടിനടുത്ത് തന്നെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

പോസ്റ്റഡ് ഓണ്‍: 25 NOV 2026 9:07PM by PIB Thiruvananthpuram

സജീവ ഭരണനിർവ്വഹണവും സമയബന്ധിതമായ നടത്തിപ്പും ലക്ഷ്യമിട്ടുള്ള ഐ.സി.ടി (ICT) അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്‌ഫോമായ 'പ്രഗതി'യുടെ (PRAGATI) 55-ാമത്  യോഗത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സേവാ തീർത്ഥിൽ അധ്യക്ഷത വഹിച്ചു. പദ്ധതി നടത്തിപ്പിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനും, വിവിധ പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും നിർവ്വഹണം മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റുകളെ ഒന്നിപ്പിക്കുന്ന ഒരു വേദിയാണിത്.

യോഗത്തിൽ, റോഡ്, ഊർജ്ജം, കൽക്കരി, റെയിൽവേ മേഖലകളിലായി 78,000 കോടിയിലധികം രൂപ ചെലവ് വരുന്ന അഞ്ച് സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. കൂടാതെ, 'പ്രധാൻ മന്ത്രി സ്‌കില്ലിംഗ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്‌ഫോർമേഷൻ ത്രൂ അപ്‌ഗ്രേഡഡ് ഐടിഐഎസ്' (PM-SETU) പദ്ധതിയുടെ നടത്തിപ്പ് ഉൾപ്പെടെ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ITI) സംവിധാനത്തെക്കുറിച്ചും അദ്ദേഹം വിലയിരുത്തി.

അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലുണ്ടാകുന്ന കാലതാമസം ചെലവ് വർദ്ധിപ്പിക്കുക മാത്രമല്ല, പൗരന്മാർക്കും ബിസിനസുകൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ലഭിക്കേണ്ട നേട്ടങ്ങൾ വൈകിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നിലനിൽക്കുന്ന പ്രശ്നങ്ങൾ കൃത്യമായ ഉത്തരവാദിത്തത്തോടെയും പ്രായോഗികമായ സമയപരിധിക്കുള്ളിലും പരിഹരിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും സംസ്ഥാന ​ഗവൺമെന്റുകളോടും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനൊപ്പം ഉയർന്ന നിർമ്മാണ ഗുണനിലവാരം ഉറപ്പാക്കേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

റോഡ് പദ്ധതി അവലോകനം ചെയ്തപ്പോൾ, അത് വേഗത്തിൽ നടപ്പിലാക്കാൻ നിർദ്ദേശിച്ച പ്രധാനമന്ത്രി, ചെലവഴിക്കുന്ന തുകയേക്കാൾ ലഭിക്കുന്ന ഫലങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് ഓർമ്മിപ്പിച്ചു. കൽക്കരി പദ്ധതി അവലോകനം ചെയ്യവേ, പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിനൊപ്പം, പുനരധിവാസവും പുന:സ്ഥാപനവും കൃത്യസമയത്തും മാന്യമായ രീതിയിലും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഊർജ്ജ പദ്ധതി അവലോകനം ചെയ്തപ്പോൾ, വികേന്ദ്രീകൃതമായ സൗരോർജ്ജ, കാറ്റാടി ഊർജ്ജ പദ്ധതികൾക്കായി നൂതന മാതൃകകൾ ആരായണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. പ്രാദേശിക വിഭവങ്ങളുടെ ലഭ്യതയും ആവശ്യകതയും കണക്കിലെടുത്ത്, ഉപഭോഗ കേന്ദ്രങ്ങളോട് ചേർന്ന് ഇത്തരം പദ്ധതികൾ വികസിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിശ്വസനീയവും താങ്ങാനാവുന്നതുമായ വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനും, വൈദ്യുതി പ്രസരണ അടിസ്ഥാന സൗകര്യങ്ങളിലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനുമായിരിക്കണം ഇത്തരം ശ്രമങ്ങൾ ലക്ഷ്യമിടേണ്ടത്.

ഐ.ടി.ഐ  ആവാസവ്യവസ്ഥയെയും 'പി.എം-സേതു' (PM-SETU) പദ്ധതിയുടെ നടത്തിപ്പിനെയും അവലോകനം ചെയ്തുകൊണ്ട്, ഐ.ടി.ഐകളെ ശക്തിപ്പെടുത്തുന്നതിനും പി.എം-സേതുവിന് കീഴിൽ വ്യവസായ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും നേതൃത്വം നൽകാൻ മുഖ്യമന്ത്രിമാരോടും ചീഫ് സെക്രട്ടറിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വ്യവസായ സ്ഥാപനങ്ങൾക്ക് ഐ.ടി.ഐകളുമായി സഹകരിക്കാനും, അവയുടെ നവീകരണത്തിന് സംഭാവന നൽകാനും, നിലവിലുള്ളതും ഭാവിയിലുള്ളതുമായ തൊഴിൽ ആവശ്യകതകൾക്കനുസൃതമായി പരിശീലനം ക്രമീകരിക്കാൻ സഹായിക്കാനും ഇതൊരു അനുയോജ്യമായ സമയമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ പങ്കാളിത്തങ്ങളെ യുവാക്കൾക്ക് മെച്ചപ്പെട്ട പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്ന ഒന്നാക്കി മാറ്റുന്നതിന് സംസ്ഥാനങ്ങളും ഐ.ടി.ഐകളും വ്യവസായ മേഖലയും തമ്മിൽ അടുത്ത സഹകരണം ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ ഭാവിയിലെ തൊഴിൽ ആവശ്യകതകൾ വിലയിരുത്തണമെന്നും, പരിശീലനത്തിനും നിയമനത്തിനുമായി ഐ.ടി.ഐകളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. പ്രായോഗിക പരിശീലനത്തെയും അപ്രന്റിസ്‌ഷിപ്പുകളെയും പിന്തുണയ്ക്കാനും, പരിശീലനം ലഭിച്ച ഐ.ടി.ഐ ബിരുദധാരികളെ നിയമിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം പൊതുമേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇത്തരത്തിലുള്ള സഹകരണം വിദ്യാർത്ഥികൾക്ക് വ്യവസായ മേഖലയിലെ പ്രായോഗിക പരിചയം നൽകുന്നതിനൊപ്പം, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവരുടെ പ്രവർത്തന ആവശ്യങ്ങൾക്ക് അനുയോജ്യരായ വിദഗ്ധ തൊഴിലാളികളെ എളുപ്പത്തിൽ കണ്ടെത്താനും സഹായിക്കും.

വ്യവസായ ക്ലസ്റ്ററുകളെയും ഓരോ മേഖലയുടെയും പ്രത്യേക ആവശ്യകതകളെയും അടിസ്ഥാനമാക്കിയായിരിക്കണം നൈപുണ്യ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഓരോ പ്രദേശത്തുമുള്ള നിലവിലുള്ള വ്യവസായങ്ങൾക്കും വരാനിരിക്കുന്ന നിക്ഷേപങ്ങൾക്കും അനുസൃതമായി ഐ.ടി.ഐകളിലെ ട്രേഡുകൾ, പാഠ്യപദ്ധതികൾ, പരിശീലന ശേഷി എന്നിവ ക്രമീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങളുടെ വീടുകൾക്ക് സമീപം തന്നെ തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രാദേശികമായി പ്രസക്തമായ നൈപുണ്യ പരിശീലനത്തിനുള്ള സാധ്യതകളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഐ.ടി.ഐകളും പ്രാദേശിക തൊഴിലുടമകളും തമ്മിലുള്ള ശക്തമായ ബന്ധം, വീടിനടുത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, നിർബന്ധിത കുടിയേറ്റം കുറയ്ക്കാനും സഹായിക്കും. ഒപ്പം, യുവാക്കൾക്ക് അവരുടെ സ്വന്തം പ്രദേശങ്ങളുടെ സാമ്പത്തിക വികസനത്തിൽ സംഭാവന നൽകാൻ അവസരമൊരുക്കുകയും ചെയ്യും.

ഐ.ടി.ഐ വിദ്യാഭ്യാസത്തിനായി 'ക്ലാസ്‌റൂം–കമ്പനി–കരിയർ' (3C) എന്ന സമീപനം പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. ക്ലാസ് മുറികളിലെ പഠനത്തെ വ്യവസായ മേഖലയിലെ പ്രായോഗിക അനുഭവവുമായി ബന്ധിപ്പിക്കുകയും, തുടർന്ന് തൊഴിലിലേക്കും തൊഴിൽ വളർച്ചയിലേക്കും നയിക്കുകയും ചെയ്യുന്ന രീതിയാണിത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ സാങ്കേതിക അറിവും, യഥാർത്ഥ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ധാരണയും നൽകുന്നതിനും, പരിശീലനത്തിൽ നിന്ന് തൊഴിലിലേക്കുള്ള വ്യക്തമായ പാതയൊരുക്കുന്നതിനും ഐ.ടി.ഐകളും വ്യവസായ മേഖലയും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

***

SK


( റിലീസ് ഐ.ഡി: 2342383) സന്ദര്‍ശക കൗണ്ടര്‍ : 11