ഗോവ, നവംബർ 26, 2026
ഗോവയിൽ നടക്കുന്ന 57-ാം ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ, സിനിമ ഓഫ് ദ വേൾഡ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ദ്വിഭാഷാ ചിത്രമായ എ ഫ്യൂ ഡേയ്സ് ഇൻ ദ സൺ (A Few Days in the Sun) എന്ന സിനിമയുടെ സംവിധായകൻ മൗറോ മ്യൂല്ലർ, തിരക്കഥാകൃത്ത് ജോസ് ഡേവിഡ് ഫിഗുറോവ ഗാർസിയ, നിർമ്മാതാവ് ലെസ്ലി ഹോളറൻ എന്നിവർ പങ്കെടുത്തു. സിനിമയുടെ നിർമ്മാണത്തെക്കുറിച്ചും സർഗാത്മകമായ കാഴ്ചപ്പാടുകളെക്കുറിച്ചും അവർ വിശദീകരിച്ചു.
മെക്സിക്കോയിലെ റിവിയേര മായയിൽ, വികസന പദ്ധതിക്കായി നീക്കിവച്ച ഭൂമിയിൽനിന്ന് ഒരു പ്രാദേശിക സമൂഹത്തെ ഒഴിപ്പിക്കാൻ സമ്പന്നരായ യൂറോപ്യൻ ദമ്പതികൾ നിയമവിരുദ്ധ മാർഗങ്ങൾ സ്വീകരിക്കുന്നു. അതേസമയം, ഒരു കൗമാരക്കാരനെ ജയിലിൽ പോകാതെ രക്ഷിക്കാൻ അഴിമതിക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി അപകടസാധ്യതയുള്ള ഒരു കരാറിൽ ഏർപ്പെടുകയാണ് തൊഴിലാളിവർഗത്തിൽപ്പെട്ട ഒരു മെക്സിക്കൻ കുടുംബം. ഇരുകൂട്ടരുടെയും വഴികൾ പരസ്പരം കൂട്ടിമുട്ടുന്നതോടെ, നിയന്ത്രണം വിട്ട് അതിവേഗം അക്രമാസക്തമാകുന്ന ഒരു തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ രണ്ട് ദമ്പതികളും ഉൾപ്പെടുന്നു. പ്രതികൂലമായ സാഹചര്യങ്ങളിൽ കുടുങ്ങിപ്പോകുന്ന അവർക്ക് സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുന്നു. ഒപ്പം, സമ്പന്നർക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും അതിജീവനത്തിനായുള്ള പോരാട്ടവും എങ്ങനെ പ്രതീക്ഷിച്ചതിലും കൂടുതൽ വ്യക്തികളെ പരസ്പരം അടുപ്പിക്കുന്നുവെന്നും തിരിച്ചറിയേണ്ടിവരുന്നു.

മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ജർമനി, അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നീ അഞ്ച് രാജ്യങ്ങളുടെ അന്താരാഷ്ട്ര സഹനിർമ്മാണമാണ് ഈ ചിത്രം. ഇംഗ്ലീഷ്, സ്പാനിഷ് എന്നീ രണ്ട് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലളിതമായ ഒരു ആശയമാണ് ചിത്രത്തിന്റെ കാതൽ: ഒരാൾക്ക് അവധിക്കാലം ചെലവഴിക്കാനുള്ള ഇടം മറ്റൊരാൾക്ക് വീടും ദൈനംദിന ജീവിതവുമാണ്. ഈ രണ്ട് ലോകങ്ങൾ കൂട്ടിമുട്ടുമ്പോൾ എന്ത് സംഭവിക്കും?
സ്വന്തം ജീവിതാനുഭവങ്ങൾ ചിത്രത്തിന്റെ കഥയെയും കാഴ്ചപ്പാടിനെയും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് സംവിധായകൻ മ്യൂല്ലർ വിശദീകരിച്ചു. സ്വിറ്റ്സർലൻഡിൽ വളർന്ന അദ്ദേഹം മെക്സിക്കോയിലും അമേരിക്കയിലും താമസിച്ചിട്ടുണ്ട്. സഹാനുഭൂതി വളർത്തുന്നതിനും ജീവിതത്തിന് ഒരേയൊരു രീതിയല്ല ഉള്ളതെന്നും ഒരു ജീവിതരീതിയും മറ്റൊന്നിനേക്കാൾ മികച്ചതോ മോശമോ അല്ലെന്നും മനസ്സിലാക്കുന്നതിനും വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്യുകയും ജീവിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വിവിധ ഭാഷകൾ അറിയുന്നതും യാത്ര ചെയ്യുന്നതും ജനങ്ങൾ വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുന്നതിന്റെ കാരണങ്ങൾ മനസ്സിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ, ഓരോരുത്തരും എടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലങ്ങളെ അവർക്ക് ചുറ്റുമുള്ള സംവിധാനങ്ങളും സ്ഥാപനങ്ങളും എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് തിരിച്ചറിയാനും ഇത് സഹായിക്കുന്നു.
IFFI-യിൽ മ്യൂല്ലർ ഇതാദ്യമായല്ല എത്തുന്നത്. അദ്ദേഹത്തിന്റെ മുൻചിത്രമായ ദി ജനിറ്റർ (എൽ കോൺസെർജെ) 2025 നവംബറിൽ ഗോവയിൽ നടന്ന 56-ാം IFFI-യിൽ ലോകത്തിലെ ആദ്യ പ്രദർശനം നടത്തിയിരുന്നു.
സംസ്കാരങ്ങളും സാമൂഹ്യവർഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനാണ് തിരക്കഥാകൃത്ത് ഗാർസിയ പ്രാധാന്യം നൽകിയത്. ചിത്രം ഈ വൈരുധ്യം വ്യക്തമായി അവതരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാനമായ തീരുമാനങ്ങൾ എടുക്കുമ്പോഴും സമ്പന്നരായ യൂറോപ്യൻ കഥാപാത്രങ്ങൾക്ക് തൊഴിലാളിവർഗത്തിൽപ്പെട്ട ദമ്പതികൾ നേരിടുന്നതുപോലെയുള്ള പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്നില്ല. എന്നാൽ, ആ ദമ്പതികളുടെ ജീവിതം പൂർണമായും മാറിമറിയുകയാണ്. ദരിദ്രനായ ഒരാൾക്ക് ഏറ്റവും ചെറിയൊരു പിഴവുപോലും എല്ലാം തകിടംമറിക്കാൻ ഇടയാക്കുമെന്ന് നിർമ്മാതാവ് ഹോളറനും ഇതേ അഭിപ്രായം പങ്കുവച്ചു പറഞ്ഞു. ചിത്രത്തിൽ ബന്ദികളാക്കിയവരും ബന്ദികളാക്കപ്പെട്ടവരും ഒരർത്ഥത്തിൽ സാഹചര്യങ്ങളുടെ തടവുകാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിമതി സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എങ്ങനെ വ്യാപിച്ചിരിക്കുന്നു എന്ന കാര്യവും ഗാർസിയ വിശദീകരിച്ചു. താഴേത്തട്ടിൽ കൈക്കൂലി പോലുള്ള നേരിട്ടുള്ള രൂപത്തിലാണ് അഴിമതി പ്രകടമാകുന്നത്. അതേസമയം, ഒരു പ്രദേശത്തെ ജനങ്ങളെ അവരുടെ ഭൂമിയിൽനിന്ന് നിയമവിരുദ്ധമായി ഒഴിപ്പിക്കാനുള്ള സമ്പന്നരായ ദമ്പതികളുടെ ശ്രമം അധികാരവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഉയർന്ന തലത്തിലുള്ള അഴിമതിയാണ്. ഇത്തരം അഴിമതികൾ പൊതുവെ സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നവയുമാണ്. അഴിമതിയുടെ ഈ രണ്ട് രൂപങ്ങളെയും ഒരേ തലത്തിൽ അവതരിപ്പിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് വർധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ചും സാമൂഹ്യ-സാമ്പത്തിക നിലയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ തരംതിരിക്കുന്ന രീതികളെക്കുറിച്ചും മ്യൂല്ലറും ഗാർസിയയും സംസാരിച്ചു.
ജനങ്ങൾ ധാർമികമായി ശരിയും തെറ്റും വേർതിരിച്ചറിയാൻ പ്രയാസമുള്ള തീരുമാനങ്ങൾ എടുക്കുന്നതിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാനും അവരോട് സഹാനുഭൂതി വളർത്താനുമാണ് ചിത്രം ലക്ഷ്യമിടുന്നതെന്ന് മ്യൂല്ലർ പറഞ്ഞു. ഒരു സാധാരണ നാടകീയ ചിത്രത്തിന് ലഭിക്കുന്നതിനേക്കാൾ പുതിയതും വിശാലവുമായ പ്രേക്ഷകരിലേക്ക് എത്തുന്നതിനാണ് ത്രില്ലർ വിഭാഗം തിരഞ്ഞെടുത്തത്. കലാമൂല്യമുള്ള സിനിമയുടെയും വാണിജ്യ സിനിമയുടെയും അതിർത്തിയിൽ നിൽക്കുന്ന, കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ത്രില്ലറാണ് ഇതിലൂടെ രൂപപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു തരത്തിൽ സ്ത്രീകേന്ദ്രീകൃത ചിത്രമാണിതെന്ന് ഹോളറൻ വിശേഷിപ്പിച്ചു. രണ്ട് കുടുംബങ്ങളിലെയും സ്ത്രീകൾ എടുക്കുന്ന തീരുമാനങ്ങളും അവ എടുക്കുന്ന രീതിയും പരസ്പരം ബന്ധപ്പെടുന്ന രീതിയുമാണ് കഥയുടെ വലിയൊരു ഭാഗത്തെ മുന്നോട്ടുനയിക്കുന്നത്. വ്യത്യസ്ത സാമൂഹ്യവർഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ കഥകൾ എല്ലാവർക്കും ബന്ധപ്പെടുത്താൻ കഴിയുന്നതാണെന്ന് ഗാർസിയ കൂട്ടിച്ചേർത്തു. കാരണം, ഓരോരുത്തരും സമൂഹത്തിലെ ഏതെങ്കിലും ഒരു വർഗത്തിന്റെ ഭാഗമായാണ് സ്വയം കാണുന്നത്. സമാനമായ പ്രതിസന്ധികളെ ഇരുവിഭാഗങ്ങളും നേരിടുന്നതായി അവതരിപ്പിക്കുന്നതിലൂടെ, പ്രത്യേക ആനുകൂല്യങ്ങളിലുള്ള വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും മറ്റ് സാമൂഹ്യവർഗങ്ങളിൽപ്പെട്ടവരെ ഒറ്റപ്പെടുത്തുന്നതിന് പകരം അവരെ മനസ്സിലാക്കാൻ ചിത്രം പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.

വൈകാരികമായി തനിക്ക് പരിചിതമായി തോന്നുന്നെങ്കിലും താൻ ഭാഗമല്ലാത്തതും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങളിലാണ് തനിക്ക് പ്രചോദനം ലഭിക്കുന്നതെന്ന് ഹോളറൻ പറഞ്ഞു. പുറത്തുനിന്നുള്ളവർ ഒരു സമൂഹത്തിലേക്ക് കടന്നുവരുന്നതിനെക്കുറിച്ചുള്ള ചിത്രത്തിന്റെ പ്രമേയം ഇതിൽ നിന്നാണ് രൂപപ്പെട്ടത്. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സിനിമയുടെ നിർമ്മാണപ്രക്രിയ ഏകോപിപ്പിച്ചതിനെക്കുറിച്ചും അവർ സംസാരിച്ചു. പരിചയമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തുന്നതും തിരക്കഥാകൃത്തുക്കളുമായും സംവിധായകരുമായും സഹകരിക്കുന്നതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളെ കണ്ടുമുട്ടുന്നതുമാണ് സിനിമാനിർമ്മാണത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളെന്ന് അവർ പറഞ്ഞു. മുംബൈയുമായി താൻ പ്രണയത്തിലായെന്നും വൈവിധ്യത്തിലും ഊർജസ്വലതയിലും മുംബൈയ്ക്ക് തന്റെ സ്വന്തം നഗരമായ ന്യൂയോർക്കിനോട് സാമ്യമുണ്ടെന്നും ഹോളറൻ കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള ജനങ്ങൾ സമത്വത്തിനും അംഗീകാരത്തിനും പ്രാതിനിധ്യത്തിനും വേണ്ടി ആഗ്രഹിക്കുന്നവരാണെന്ന് ഹോളറൻ നിരീക്ഷിച്ചു. നീതിയുടെയും ന്യായത്തിന്റെയും പാതയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിനിടെ വൈവിധ്യത്തെ ഉൾക്കൊള്ളാനും അതുമായി പൊരുത്തപ്പെടാനും ഏവരും ശ്രമിക്കുകയാണ്. പരിചിതമായ ചുറ്റുപാടുകൾക്കപ്പുറത്തേക്ക് യാത്ര ചെയ്ത് പുതിയ ഭാഷകൾ കേൾക്കുകയും പുതിയ സംസ്കാരങ്ങളുടെ രുചിയും ഗന്ധവും അനുഭവിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി. ഏവർക്കും കൂടുതൽ യാത്ര ചെയ്യാൻ കഴിഞ്ഞാൽ ലോകം കൂടുതൽ മികച്ച ഇടമായി മാറുമെന്നും ഹോളറൻ പറഞ്ഞു.
ശ്രീ ലാഭ് ജെയിൻ ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ.
IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
* * *