ഭൂഗർഭത്തിൽ മറഞ്ഞും, പുരാതന ഗ്രന്ഥങ്ങളുടെ താളുകളിലൂടെ ഒഴുകിയും, ഇന്ത്യൻ സാംസ്കാരിക സ്മരണകളിൽ പതിഞ്ഞും നിലകൊള്ളുന്ന സരസ്വതി നദി രാജ്യത്തെ ഇന്നും സജീവമായ നിഗൂഢതകളിലൊന്നാണ്. പുരാതന പാരമ്പര്യങ്ങളും ആധുനിക ശാസ്ത്രീയ അന്വേഷണങ്ങളും തമ്മിലുള്ള വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ, 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള ഐഎഫ്എഫ്‌ഐ 2026-ൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഹിന്ദി ഡോക്യുമെന്ററി ‘ദ അൺസീൻ ഹോളി റിവർ – സരസ്വതി’ ഇന്ന് പ്രദർശിപ്പിച്ചു.

നദിയുടെ അസ്തിത്വവുമായി ബന്ധപ്പെട്ട ഡോ. സുഭാഷ് സി. സിംഗ് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളും നദിയുടെ ആകർഷകമായ ചരിത്രവുമാണ് ഡോക്യുമെന്ററി പരിശോധിക്കുന്നത്. ഭൂമിശാസ്ത്രപരമായ പുരാതന പരാമർശങ്ങൾ, ഭൂഗർഭ നിരീക്ഷണങ്ങൾ, ശാസ്ത്രീയ അന്വേഷണങ്ങൾ എന്നിവ സമന്വയിപ്പിച്ച് ഇന്ത്യയുടെ പാരിസ്ഥിതിക - സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള കൗതുകകരമായ അന്വേഷണമാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഇന്ന് പിഐബി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംവിധായകൻ ഭാസ്‌കർ വിശ്വനാഥൻ തന്റെ ആദ്യ ഡോക്യുമെന്ററി നിർമിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ചു. സരസ്വതി നദിയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത തനിക്കും ഏറെ കൗതുകകരമായിരുന്നുവെന്നും ഈ വിഷയത്തിൽ നടത്തിയ ഗവേഷണമാണ് ചിത്രത്തിന് പ്രധാന പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. സരസ്വതി നദിയുടെ ചരിത്രപരവും സാംസ്കാരികപരവുമായ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സാരസ്വത് നാഗരികതയുമായും പുരാതന വൈദിക പാരമ്പര്യവുമായും നദിക്ക് പ്രത്യേക ബന്ധമുണ്ടെന്നും, വേദങ്ങൾ ഈ നദിയുടെ തീരങ്ങളിൽവച്ചാണ് രചിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

വിപുലമായ ഗവേഷണത്തെ ലളിതവും ആകർഷകവും വിനോദപരവുമായ രീതിയിൽ അവതരിപ്പിക്കുക എന്നത് പ്രധാന വെല്ലുവിളിയായിരുന്നുവെന്ന് വിശ്വനാഥൻ വ്യക്തമാക്കി. ഗവേഷണാധിഷ്ഠിത അടിസ്ഥാനസ്വഭാവം നിലനിർത്തി, ഡോക്യുമെന്ററി കൂടുതൽ പ്രേക്ഷകർക്ക് ആസ്വാദ്യകരമാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ നദികളോടും അവയുടെ ചരിത്രപരമായ പ്രാധാന്യത്തോടുമുള്ള കൗതുകമാണ് ചിത്രം നിർമിക്കാൻ പ്രചോദനമായതെന്ന് നിർമാതാവ് അഭിനവ് എം. ജെയിൻ പറഞ്ഞു. പ്രയാഗ്‌രാജിലെ കുംഭമേള സന്ദർശിച്ച അനുഭവം അനുസ്മരിച്ച അദ്ദേഹം, ത്രിവേണി സംഗമത്തിൽ ഗംഗയെയും യമുനയെയും മാത്രമാണ് കണ്ടതെന്നും, വേദങ്ങളിലും മറ്റ് ഹിന്ദു ഗ്രന്ഥങ്ങളിലും ആവർത്തിച്ച് പരാമർശിക്കപ്പെടുന്ന മൂന്നാമത്തെ നദിയായ സരസ്വതിയെക്കുറിച്ച് അന്വേഷിക്കാൻ അത് തന്നെ പ്രേരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണത്തിന്റെ ശാസ്ത്രീയ വശം ചൂണ്ടിക്കാട്ടിയ ശ്രീ ജെയിൻ, റൂർക്കിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി നടത്തിയ ഐസോടോപ്പിക് പഠനങ്ങളെക്കുറിച്ചും പരാമർശിച്ചു. ജലസാമ്പിളുകളുടെ പരിശോധന വഴി നടത്തിയ ഈ പഠനങ്ങൾ ഭൂഗർഭ ജലശൃംഖലയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് സഹായകമായതായും അദ്ദേഹം പറഞ്ഞു.
ഭൗമശാസ്ത്ര ഗവേഷണം, പുരാതന പാരമ്പര്യങ്ങൾ, സമകാലിക ചലച്ചിത്രനിർമാണം എന്നിവയെ കൂട്ടിയിണക്കി, ‘ദ അൺസീൻ ഹോളി റിവർ – സരസ്വതി’ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിലെ സുപ്രധാനമായ ഭാഗത്തെ ശാസ്ത്രീയ കാഴ്ചപ്പാടിലൂടെ പുനഃപരിശോധിക്കാൻ പ്രേക്ഷകർക്ക് അവസരം ഒരുക്കുന്നു.
ശ്രീ സ്വാധിൻ ശക്തി പ്രസാദാണ് പത്രസമ്മേളനത്തിന് നേതൃത്വം നൽകിയത്.
പത്രസമ്മേളനത്തിന്റെ പൂർണരൂപം കാണാം:
IFFILOID ഇവിടെ വായിക്കാം : https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***
SK