57th International Film Festival of India 2026
20 – 28 Nov 2026

സത്യഭാമയിലൂടെ ശ്രീകൃഷ്ണന്റെ ജീവിതം അനാവരണം ചെയ്യുന്ന 'കൃഷ്ണാവതാരം' വെള്ളിത്തിരയിലേക്ക്

മൂന്ന് ഭാഗങ്ങളുള്ള സിനിമാ പരമ്പരയിലെ ആദ്യ ചിത്രം; പ്രണയവും ഭക്തിയും ശ്രീകൃഷ്ണന്റെ ജീവിതത്തിലെ അധികമറിയപ്പെടാത്ത അധ്യായങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നു

പോസ്റ്റഡ് ഓണ്‍: 25 NOV 2026 8:00PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2341693Views: 4


ഗോവയില്‍ നടക്കുന്ന 2026ലെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'കൃഷ്ണാവതാരം പാര്‍ട്ട് 1: ദ ഹാര്‍ട്ട്' എന്ന ഹിന്ദി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ കണ്ടു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ ഹാര്‍ദിക് ഗജ്ജാറും നിര്‍മാതാവ് സാജന്‍ രാജ് കുറുപ്പും പങ്കെടുത്തു. ശ്രീകൃഷ്ണന്റെ ജീവിതത്തിന് ദൃശ്യസമ്പന്നവും ആധുനികവുമായ ഒരു ചലച്ചിത്ര ഭാഷ്യം നല്‍കി ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ചു.

ഇന്ത്യയില്‍ ശ്രീകൃഷ്ണനെ വെറുമൊരു പുരാണകഥാപാത്രമായി മാത്രം ചുരുക്കിക്കാണാനാവില്ലെന്ന് നിര്‍മാതാവ് സാജന്‍ രാജ് കുറുപ്പ് പറഞ്ഞു. 'ഇന്ത്യയില്‍ കൃഷ്ണന്‍ എന്നത് പുരാണങ്ങള്‍ക്കും അപ്പുറമാണ്. അതൊരു വിശ്വാസവും വികാരവും നമ്മുടെ ചരിത്രത്തിന്റെ ജീവിക്കുന്ന ഭാഗവുമാണ്,' അദ്ദേഹം അഭിപ്രായപ്പെട്ടു. ആദികേശവ സങ്കല്പത്തിലൂന്നിയ സാംസ്‌കാരിക പാരമ്പര്യത്തില്‍ വളര്‍ന്ന തനിക്ക് 'എല്ലാം കൃഷ്ണനില്‍ നിന്നാണ് ഉണ്ടാകുന്നത്' എന്ന വിശ്വാസമാണുള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തികഞ്ഞ ആത്മാര്‍ത്ഥതയോടും അങ്ങേയറ്റത്തെ ബഹുമാനത്തോടും കൂടിയാണ് ശ്രീകൃഷ്ണന്റെ ജീവിതം വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കാന്‍ തങ്ങള്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



ഹൃദയം, മനസ്സ്, ആത്മാവ് എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള മൂന്ന് ഭാഗങ്ങളുള്ള ചലച്ചിത്ര പരമ്പരയിലെ ആദ്യ അധ്യായമാണ് 'കൃഷ്ണാവതാരം' എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. റാം മോറിയുടെ 'സത്യഭാമ' എന്ന നോവലിനെ ആസ്പദമാക്കി പ്രകാശ് കപാഡിയ, റാം മോറി, ഹാര്‍ദിക് ഗജ്ജാര്‍ എന്നിവര്‍ തിരക്കഥയൊരുക്കിയ ചിത്രം ശ്രീമദ് ഭാഗവതത്തെയും ഹരിവംശത്തെയും അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വൃന്ദാവനത്തില്‍നിന്നും മഥുരയില്‍നിന്നും ദ്വാരകയിലെ ഭരണത്തിലേക്കുള്ള ശ്രീകൃഷ്ണന്റെ യാത്രയാണ് സത്യഭാമയിലൂടെ ആദ്യ ഭാഗത്ത് അനാവരണം ചെയ്യുന്നത്.

പ്രണയം, ത്യാഗം, വിരഹം, ഭക്തി എന്നിവയ്ക്ക് ആദ്യ ഭാഗം പ്രാധാന്യം നല്‍കുമ്പോള്‍, അടുത്ത രണ്ട് ഭാഗങ്ങള്‍ കൃഷ്ണന്റെ രാജതന്ത്രവും തന്ത്രങ്ങളും, ഭഗവദ്ഗീതയുടെ ഉപദേശങ്ങളും വിശദീകരിക്കും. കൃഷ്ണന്റെ ജീവിതത്തിലെ അധികമാര്‍ക്കും അറിയാത്ത സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഗുപ്ത, സംസ്‌കൃതി ജയന, സുസ്മിത ഭട്ട്, നിവാഷിനി കൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 


പരമ്പരാഗത കഥകളെ ആധുനിക പ്രേക്ഷകരുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച സംവിധായകന്‍ ഹാര്‍ദിക് ഗജ്ജാര്‍, യുവതലമുറയ്ക്ക് തങ്ങളുടെ ചരിത്രം ആകര്‍ഷകമായ സിനിമാ ഭാഷയിലൂടെ മനസ്സിലാക്കാനും ചേര്‍ത്തുനിര്‍ത്താനുമാണ് ചിത്രം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കി. 'കഥപറച്ചില്‍ രീതികള്‍ മാറിക്കൊണ്ടേയിരിക്കും; ദൃശ്യസമ്പന്നമായ അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണ്,' അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഹാര്‍ദിക് ഗജ്ജാറിന്റെ വിഷ്വല്‍ ഇഫക്ട്‌സ് പശ്ചാത്തലവും, മികച്ച വിഎഫ്എക്‌സ് പ്രതിഭകളുടെ കരവിരുതും, ഏഴര ഏക്കര്‍ വിസ്തൃതിയുള്ള കൂറ്റന്‍ സെറ്റും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലോകമെമ്പാടുമുള്ള യുവജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

പ്രേക്ഷകരുമായി വൈകാരികമായ അടുപ്പം സൃഷ്ടിക്കുന്നതില്‍ സംഗീതത്തിനുള്ള നിര്‍ണ്ണായക പങ്കിനെക്കുറിച്ച് സംസാരിച്ച ഹാര്‍ദിക് ഗജ്ജാര്‍, സംഗീത സംവിധായകന്‍ പ്രസാദ് എസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രശസ്ത സംഗീതജ്ഞന്‍ ഡോ. ഭരത് ബല്‍വല്ലിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, പരമാവധി ശാസ്ത്രീയ സംഗീതം ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്. പരമ്പരാഗത സംഗീതത്തിന്റെ പരിശുദ്ധിയും ആധുനിക ശൈലിയും സമന്വയിപ്പിച്ചുകൊണ്ട് ഇന്നത്തെ തലമുറയുമായി സംവദിക്കുന്ന രീതിയിലാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ശ്രീ. സന്ദീപ് പ്രസാദ് മോഡറേറ്റര്‍ ആയി.


പത്രസമ്മേളനത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ കാണാം:

ഇഫിലോയ്ഡ് (IFFILOID) ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2341693
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026