പോസ്റ്റഡ് ഓണ്‍:
25 NOV 2026 4:30PM by PIB Thiruvananthpuram
ഒഡീഷയിലെ ഭുവനേശ്വറില്‍ ഇന്ന് (2026 നവംബര്‍ 25) നടന്ന ദേശീയ ഹോമിയോപ്പതി ശാസ്ത്രീയ സമ്മേളനത്തില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങില്‍ സംസാരിക്കവെ, ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ആരോഗ്യപരിപാലന മേഖലയുടെ പ്രധാന ഭാഗമാണ് ഹോമിയോപ്പതിയെന്ന് രാഷ്ട്രപതി പറഞ്ഞു. കാലക്രമേണ, ഇന്ത്യയില്‍ ഇതിന്റെ ഔദ്യോഗിക സംവിധാനങ്ങളുടെ സാന്നിധ്യം വികസിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍, പൊതുജനാരോഗ്യ ശൃംഖലകള്‍ എന്നിവയിലൂടെ ഇത് ജനങ്ങള്‍ക്ക് പ്രാപ്യമായി മാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഹോമിയോപ്പതിയുടെ ഭാവി വിശ്വാസ്യതയും അക്കാദമിക നിലവാരവും അത് നടത്തുന്ന ഗവേഷണങ്ങളുടെ ശാസ്ത്രീയ സമഗ്രതയെയും അത് പുറത്തുകൊണ്ടുവരുന്ന ക്ലിനിക്കല്‍ തെളിവുകളുടെ ഗുണനിലവാരത്തെയും ആശ്രയിച്ചാണിരിക്കുന്നതെന്ന് രാഷ്ട്രപതി അടിവരയിട്ടു. ശക്തമായ ഒരു ഗവേഷണ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവേഷണ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, സര്‍വകലാശാലകള്‍, പ്രൊഫഷണല്‍ സംഘടനകള്‍ എന്നിവയോട് അവര്‍ ആഹ്വാനം ചെയ്തു.

അര്‍ത്ഥവത്തായ അക്കാദമിക ഇടപെടലുകള്‍ക്കും, സ്ഥാപനപരമായ പങ്കാളിത്തങ്ങള്‍ക്കും, ഭാവിക്കായുള്ള പൊതുവായ കാഴ്ചപ്പാടിനും ദേശീയ ശാസ്ത്രീയ ഹോമിയോപ്പതി സമ്മേളനം മികച്ചൊരു വേദി പ്രദാനം ചെയ്യുന്നുവെന്ന് അവര്‍ വ്യക്തമാക്കി. പങ്കെടുക്കുന്നവര്‍, പ്രത്യേകിച്ച് യുവ ഗവേഷകരും പ്രൊഫഷണലുകളും, ഈ അവസരം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.
ശാസ്ത്രീയ അന്വേഷണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത, അക്കാദമിക മികവ്, തൊഴില്‍പരമായ ഉത്തരവാദിത്തം എന്നിവയോടെയായിരിക്കണം ഹോമിയോപ്പതിയുടെ വികസനമെന്ന് രാഷ്ട്രപതി പറഞ്ഞു. മികച്ച രീതിശാസ്ത്രം, കൃത്യമായി രൂപകല്പന ചെയ്ത ക്ലിനിക്കല്‍ പഠനങ്ങള്‍, വ്യവസ്ഥാപിതമായ രേഖപ്പെടുത്തലുകള്‍, സുതാര്യമായ റിപ്പോര്‍ട്ടിംഗ് എന്നിവയാലായിരിക്കണം ഗവേഷണം നയിക്കപ്പെടേണ്ടത്. ബഹുകേന്ദ്ര പഠനങ്ങള്‍, വ്യവസ്ഥാപിത അവലോകനങ്ങള്‍, തെളിവുകളുടെ ഏകോപനം, ഔഷധശാസ്ത്രപരവും അടിസ്ഥാനപരവുമായ ഗവേഷണങ്ങള്‍, വിശ്വസനീയമായ ക്ലിനിക്കല്‍ ഡാറ്റാബേസുകളുടെ വികസനം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത അവര്‍ എടുത്തുപറഞ്ഞു. ഗവേഷണങ്ങളിലെ പരിമിതികള്‍ അംഗീകരിക്കാനും, പ്രതികൂലമായ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും, ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്താനുമുള്ള ബൗദ്ധിക സത്യസന്ധതയും ഒരുപോലെ പ്രധാനമാണെന്ന് അവര്‍ വ്യക്തമാക്കി.

വൈദ്യശാസ്ത്ര രംഗത്തിന് കേവലം അക്കാദമിക യോഗ്യതകളേക്കാള്‍ ഏറെ കാര്യങ്ങള്‍ ആവശ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ബൗദ്ധിക അച്ചടക്കം, ശാസ്ത്രീയ മനോഭാവം, സത്യസന്ധത, സഹാനുഭൂതി, ആജീവനാന്ത പഠനത്തോടുള്ള പ്രതിബദ്ധത എന്നിവ ഇതിന് അനിവാര്യമാണ്. ചോദ്യം ചെയ്യാനുള്ള ശീലം വളര്‍ത്തിയെടുക്കാനും ഒരിക്കലും പഠനം അവസാനിപ്പിക്കാതിരിക്കാനും അവര്‍ ഹോമിയോപ്പതിയിലെ യുവ പ്രാക്ടീഷണര്‍മാരോട് ആഹ്വാനം ചെയ്തു. അന്വേഷിക്കാനുള്ള ധൈര്യവും, തെളിവുകള്‍ തേടാനുള്ള ക്ഷമയും, പുതിയ അറിവുകള്‍ സ്വീകരിക്കാനുള്ള വിനയവും അവര്‍ക്കുണ്ടായിരിക്കണം. ഓരോ രോഗിയുടെയും പിന്നില്‍ പ്രതീക്ഷയും ഭയവും അന്തസ്സുമുള്ള ഒരു മനുഷ്യനുണ്ടെന്ന കാര്യം അവര്‍ ഒരിക്കലും മറക്കരുത്.
വികസിത ഭാരതം 2047 എന്ന ദേശീയ ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോള്‍, ആരോഗ്യപരിപാലനവും വിദ്യാഭ്യാസവും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തൂണുകളായി തുടരുമെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രാപ്യവും നീതിയുക്തവും ശാസ്ത്രീയമായി ഉത്തരവാദിത്തമുള്ളതും പ്രതികരണശേഷിയുള്ളതുമായ ഒരു ആരോഗ്യപരിപാലന സംവിധാനം കെട്ടിപ്പടുക്കുന്നതിന് നമ്മുടെ സ്ഥാപനങ്ങളും ഗവേഷകരും അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും സംഭാവന നല്‍കണം. ഈ ദേശീയ സമ്മേളനം ശാസ്ത്രീയ സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സ്ഥാപനപരമായ പങ്കാളിത്തങ്ങള്‍ വളര്‍ത്തുകയും, പ്രാപ്തരും ധാര്മികതയുള്ളവരും സാമൂഹികമായി ഉത്തരവാദിത്തമുള്ളവരുമായ ആരോഗ്യപ്രവര്‍ത്തകരുടെ പുതിയൊരു തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
****